തിരക്കുകളിൽ നിന്നകന്ന് പ്രശാന്ത സുന്ദരമായ കടൽ തീരങ്ങളും പച്ചപ്പിന്‍റെ മായാജാലം തീർക്കുന്ന കാടുകളും ഒപ്പം വാസ്തുകലയുടെ ഉദാത്തമായ പ്രതീക ങ്ങളും കൊണ്ട് സമ്പന്നമായ ഒരിടമാണ് നിങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ തീർച്ചയായും അതിന് യോജിച്ച സ്‌ഥലമാണ് ഒഡീഷ. പ്രാചീന കലകളും സമ്പന്നമായ പൈകൃകങ്ങളുമുള്ള ഒഡീഷയിലെ ആളുകളാകട്ടെ അടുത്ത് ഇടപഴകുന്നവരുമാണ്.
ഒഡീഷയിലെ 3 പ്രധാന സ്‌ഥലങ്ങളായ ഭുവനേശ്വർ, പുനെ, കൊണാർക്ക് എന്നീ വിനോദ കേന്ദ്രങ്ങൾ ജീവിതത്തിലൊരിക്കല്ലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളാണ്. ഒഡീഷയുടെ തലസ്ഥാനം എന്ന സവിശേഷത മാത്രമല്ല ഭുവനേശ്വറിനുള്ളത്. മറിച്ച് അത് വാസ്തുകലയുടെ കേദാര ഭൂമി കൂടിയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കോട്ടിലിംഗ് എന്ന് പേരിൽ അറിയപ്പെട്ടിരുന്ന ഈ നഗരം ക്ഷേത്രങ്ങളുടെയും കുളങ്ങളുടെയും തടാകങ്ങളുടെയും നഗരമെന്ന ഖ്യാതിയും ഇതിനുണ്ട്.
ഭുവനേശ്വർ നഗരത്തെ 2 ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. ഒന്നാമത്തേത് ആധുനിക ഭുവനേശ്വർ രണ്ടാമത്തേത് പുരാതന ഭുവനേശ്വർ. തലസ്ഥാന നഗരിയുടെ സർവ്വവിധ തലയെടുപ്പോടെ ആധുനികതയുടെ പ്രതിരൂപമായി നിലകൊള്ളുന്നു ആധുനിക ഭുവനേശ്വർ. എന്നാൽ ആധുനിക ഭുവനേശ്വറിൽ നിന്നും അൽപം വേറിട്ട മുഖമാണ് പുരാതന ഭുവനേശ്വറിന് ഉള്ളത്. ഒഡീഷയുടെ സാംസ്ക്കാരിക മുഖമുദ്ര സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നത് ഈ പുരാതന ഭുവനേശ്വറിൽ ആണ്. ആധുനിക ഭുവനേശ്വർ മറ്റേത് സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരിയെപോലെയും.
ലിംഗരാജ് ക്ഷേത്രം ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണ്. ഭുവനേശ്വർ മന്ദിർ എന്ന പേരിലും ഇതറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ വലിയ ശിവലിംഗമുണ്ടെന്നതാണ് ഇതിന് കാരണം. ക്ഷേത്രാംഗണത്തിൽ ഒരു ദേവീ ക്ഷേത്രവുമുണ്ട്. ഗ്രാനൈറ്റ് സ്റ്റോണു കൊണ്ടാണ് ബൃഹത്തായ ഈ ശിവലിംഗം പണികഴിപ്പിച്ചിരുന്നത്. ശില്പ ചാതുര്യത്തിൽ ഈ ക്ഷേത്രം അദ്വിതീയമായ ഒരു മാതൃകയാണ്.
നന്ദൻ കാനൻ പാർക്ക്
ഭുവനേശ്വറിലുള്ള നന്ദൻ കാനൻ പാർക്ക് കാഴ്ചകളുടെ അദ്ഭുത ചെപ്പാണ്. 400 ഹെക്റ്റർ ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന പച്ചപ്പ് നിറഞ്ഞ പാർക്കിൽ ചെറിയ തടാകവും പക്ഷി സങ്കേത കേന്ദ്രവും മൃഗശാലയും ഉണ്ട്.
ഒഡീഷ മ്യൂസിയം പുരാതന ഭുവനേശ്വറിന്‍റെ മധ്യഭാഗത്തായാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തിന്‍റെ ശേഷിപ്പുകളായ അപൂർവ്വങ്ങളായ താമ്രപത്രങ്ങളും കലാരൂപങ്ങളും ശിലാലിഖിതങ്ങളും മറ്റും മ്യൂസിയത്തിൽ കാണാൻ കഴിയും.
ഭുവനേശ്വറിലെ ധൗലി പഹാഡി അശോക ചക്രവർത്തിക്ക് മാനസാന്തരം ഉണ്ടായ ചരിത്രത്തെ രേഖപ്പെടുത്തുന്നു. ഇവിടെ ഉണ്ടായ കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്ക് മാനസാന്തരമുണ്ടാവുകയും ബുദ്ധമതം സ്വീകരിക്കുകയുമായിരുന്നു. ഇവിടെയുള്ള പർവ്വതത്തിന് മുകളിൽ ഒരു ശാന്തിസ്തൂപം പണി കഴിപ്പിച്ചിട്ടുണ്ട്. സ്തൂപത്തിന് ചുറ്റിലുമായി ബുദ്ധന്‍റെ 4 ഭീമൻ പ്രതിമകളും പ്രതിഷ്ഠിച്ചിട്ടുണ്ട്. പർവ്വതത്തിലേക്കുള്ള ഇടവഴിക്ക് ഇരുവശത്തുമായി പറങ്കിമാവുകൾ നിരന്നു നില്ക്കുന്ന കാഴ്ച ആകർഷകമാണ്. പർവ്വതത്തിന് താഴെയുള്ള ഭാഗത്ത് കണ്ണെത്താ ദൂരത്തോളം വ്യാപിച്ച് കിടക്കുന്ന തെങ്ങിൻ തോട്ടം കാഴ്ച അതിമനോഹരമാണ്.
ചരിത്രം
ഒഡീഷയുടെ പഴയ തലസ്ഥാനമാണ് ശിശുപാൽഗഡ്. ഇതൊരു ഐതിഹാസിക സ്‌ഥലമാണ്. പുരാതന കാലത്തെ ചരിത്രശേഷിപ്പുകൾ ഇവിടെ കാണാൻ കഴിയും.