തലേ ദിവസം കണ്ട സ്വപ്നത്തിന്‍റെ ചീളുകൾ വിടർത്തി പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ. സ്വപ്നം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും അതിലെ സാരാംശത്തെക്കുറിച്ച് ഒരു വിചിന്തനവും അയാൾ നടത്താറില്ല. ഉണരുന്നതോടെ ഒരു പാഴ്വസ്തു കണ്ട ലാഘവത്തോടെ മറന്നു കളയുകയാണ് പതിവ്. എന്നാൽ ഇന്നലെ കണ്ട സ്വപ്നം അയാളുടെ മനസ്സിൽ ചില നെരിപ്പോടുകൾ വീഴ്ത്തിയിരുന്നു.
സ്വപ്നത്തിന്‍റെ ശകലങ്ങളിൽ മനസ്സ് ഉടക്കി കിടക്കുമ്പോഴാണ് ശബ്ദത്തോടെ ഗേയിറ്റ് തള്ളിത്തുറന്ന് അഞ്ജനയും കൂട്ടുകാരിയും കടന്നു വന്നത്. അവർ കോളേജിൽ നിന്നും വരുന്ന വഴിയാണെന്ന് കാഴ്ചയിൽ തന്നെ അയാൾക്ക് മനസ്സിലായി. വേഷവിധാനത്തിലും പുറത്ത് ശരീരത്തിൽ ഒട്ടി കിടന്നിരുന്ന ബാഗും അയാളുടെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നതായിരുന്നു.
അനുജന്‍റെ മകളാണ് അഞ്ജന. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി. കൂടെയുള്ളത് അവളുടെ അടുത്ത കൂട്ടുകാരി. ഗേയിറ്റ് ഒന്നു പതുക്കെ തുറന്നു കൂടെ നിനക്ക്… അവർ വരാന്തക്കു സമീപം എത്തിയപ്പോൾ അയാൾ അഞ്ജനയുടെ മുഖത്ത് നോക്കി കൊണ്ടു ചോദിച്ചു. ആ വാക്കുകളിൽ അല്പസ്വല്പം ഗൗരവം നിഴലിച്ചിരുന്നു. അയാൾ അറിയാതെ തന്നെ.
വല്യച്ഛന് വല്ലപ്പോഴും ഗേയിറ്റിന് സ്വല്പം ഓയിൽ കൊടുത്തു കൂടെ. അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ അതിങ്ങനെ കരയില്ലായിരുന്നു.
അഞ്ജനയുടെ മറുപടി പെട്ടെന്നായിരുന്നു. വല്യച്ഛനോടുള്ള മറുപടി കേട്ട് കൂട്ടുകാരി വിളറി വെളുത്തു. കൂട്ടുകാരി ഹരിപ്രിയയ്ക്ക് അറിയാം അഞ്ജന കോളേജിൽ പുലിയാണെന്ന്. എന്നാൽ വീട്ടിലും അവളുടെ ജാഡയ്ക്ക് കുറവില്ലെന്ന് അവൾ മനസ്സിൽ കുറിച്ചു.
അഞ്ജന കൂട്ടുകാരിയെയും കൂടി അകത്ത് കടന്നു. വല്യമ്മയെ വിളിച്ചു കൊണ്ടാണ് മുറിക്കുള്ളിൽ പ്രവേശിച്ചത്. വല്യമ്മയോടൊപ്പം ബഡ്റൂമിൽ കടന്ന് അവർ വാതിൽ ചാരി. വാതിൽ ചാരുന്നതിനായി അഞ്ജനയാണ് അവസാനമായി റൂമിൽ കടന്നത്.
അയാൾ അപ്പോൾ ഭാര്യയെക്കുറിച്ചോർത്തു. മകൾ വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം അയൽ സംസ്ഥാനത്തും മകനും ഭാര്യയും മക്കളും വിദേശത്തും ആയതിനാൽ വീട്ടിൽ അയാൾക്ക് ഭാര്യയും അവൾക്ക് അയാളും മാത്രമുള്ള ലോകം.
ആ ഒറ്റപെടലിന്‍റെ മോചനമായിരുന്നു അഞ്ജനയോടൊത്തുള്ള കൂടി ചേരൽ. കോളേജ് കഴിഞ്ഞുള്ള സമയങ്ങളും അവധി ദിനങ്ങളും ശ്യാമയുടെ വിരസതയെ അഞ്ജന ആഘോഷഭരിതമാക്കാറുണ്ട്.
ക്ലാസ്സ് റൂമിലെ കോമഡികളും കാമ്പസ്സിലെ സമര സന്നാഹങ്ങളും കൂട്ടുകാരുടെ പ്രണയവും പ്രണയ നൈരാശ്യവും നിറപകിട്ടോടെ വല്യയമ്മയുടെ കാതിൽ ഒഴിച്ചു കൊടുക്കാറുണ്ട്. കോളേജ് കാണാത്ത ശ്യാമയുടെ മനസ്സിനെ ഇളക്കുന്നതായിരുന്നു ഇത്തരം വാർത്തകൾ. ന്യൂ എയ്ജിന്‍റെ പ്രവർത്തനങ്ങൾ ശ്യാമയുടെ മനസ്സിൽ വിഹ്വലത പടർത്തി കൊണ്ടിരുന്നു. എന്നും എപ്പോഴും.
തന്‍റെ ഭയാശങ്കകൾ പലപ്പോഴും ഭാര്യ അയാളുമായി പങ്കുവയ്ക്കാറുണ്ട്. നമ്മുടെ മക്കളുടെ പഠനം നേരത്തെ കഴിഞ്ഞത് നന്നായി. എന്താണിപ്പോൾ ഓരോ കോളേജുകളിലും നടക്കുന്നത്. അഴിഞ്ഞാട്ടമല്ലേ? അവൾ ഭയാശങ്കയോടെ പറയും.
അപ്പോഴെല്ലാം അയാൾ അതു നിസ്സാരവൽക്കരിക്കുകയാണ് പതിവ്. കാര്യമാക്കേണ്ട… കുട്ടികളല്ലേ, പക്വത വരുമ്പോൾ തെറ്റുകൾ മനസ്സിലാക്കി കൊള്ളും. ശരിയായ പാതയിലേക്ക് നടന്നു കയറും.
ഭർത്താവിന്‍റെ അനുനയ സ്വരത്തെ മുഴുവനും ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ ശ്യാമ വികാരാവേശത്തോടെ മൊഴിയും.
ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പ്രമാണം. അയാൾക്കും ന്യൂ ജെനറേഷന്‍റെ ചെയ്തികളെ മുഴുവൻ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും ഭാര്യയുടെ മനസ്സിലെ നെരിപ്പോടുകൾ ആളി പടരാതിരിക്കാൻ തണുപ്പിക്കുന്നതാണ്.
അടഞ്ഞു കിടന്നിരുന്ന ബെഡ്റൂമിന്‍റെ വാതിൽ പഴുതിലൂടെ വ്യക്തമല്ലാത്ത സംഭാഷണ ശകലങ്ങളും ഇരുത്തം വന്ന മൂളലുകളും അയാളെ തേടി പുറത്തേക്ക് ഒഴുകി വന്നിരുന്നു. വാക്കുകളെ കോർത്തിണക്കാൻ അയാൾ ശ്രമിച്ചു നോക്കിയെങ്കിലും വ്യക്തതയില്ലായിരുന്നു.
മൂളലുകൾ തന്‍റെ ഭാര്യ ശ്യാമയുടെതാണെന്ന് അയാൾ ഉറപ്പിച്ചു. കഴിഞ്ഞ മുപ്പുത്തിയഞ്ചുവർഷം തന്നോടൊപ്പം ഊണിലും ഉറക്കത്തിലും ഒരു മെയ്യായി കഴിഞ്ഞ ശ്യാമയുടെ ബോഡി ലാഗ്വേജ് തനിക്ക് മാത്രമല്ലേ അറിയാൻ കഴിയൂ.
ഏതാനും മണിക്കൂറികൾക്കു ശേഷം മൂവരും പുറത്തു വന്നപ്പോൾ അയാൾ ഭാര്യയെ വിളിച്ചു. “ശ്യാമേ… ചായക്കുള്ള സമയമായില്ലേ?”
അയാളുടെ ചോദ്യത്തിനു മറുപടി തന്നത് അഞ്ജനയായിരുന്നു. നേരം വെളുത്തു സന്ധ്യയാകുന്നവരെ കസേരയിലിങ്ങനെ ഇരുന്നാൽ കാലിലൂടെ ചിതലരിച്ചു കേറും. വല്ലപ്പോഴും ഒരു ചായയുണ്ടാക്കി വല്ല്യമ്മയ്ക്ക് കൊടുത്താൽ അഭിമാനമൊന്നും പോകില്ലാ…ട്ടോ!
തന്‍റെ നേർക്കുള്ള ഒരേറാണെന്ന് അയാൾക്കും ഭാര്യക്കും മനസ്സിലായി. ശ്യാമ എല്ലാം ഒരു ചിരി ഉള്ളിലൊതുക്കി അടുക്കളയിലേക്ക് നടന്നു.
അഞ്ജനയ്ക്കുള്ള അയാളുടെ മറുപടി മൗനത്തിലുള്ള ചിരിയായിരുന്നു. ഹരിപ്രിയയും ചിരി ഉള്ളിലൊതുക്കി.
മുറ്റവും തൊടിയും വേർതിരിക്കുന്ന അര മതിലിൽ അലങ്കരിച്ചു വച്ചിരുന്ന പൂച്ചട്ടിയിലെ ഇരുനിറത്തിലുള്ള ചൈനീസ് ബോൾസനിൽ നിന്നും പൂ പറിക്കാനായി ഹരിപ്രിയയുടെ കൈകൾ നീണ്ടപ്പോൾ ഹുങ്കാരത്തോടെ അയാൾ അമർത്തി മൂളി.
“ഉം… പൂക്കൾ കണ്ട് ആസ്വദിക്കാനുള്ളതാണ്. പിച്ചി ചിന്താനുള്ളതല്ല.” അയാളുടെ വാക്കുകളിലെ അമർഷം ഹരിപ്രിയയിൽ ഭീതി പടർത്തി. പൊടുന്നനേ കൈകൾ പിൻവലിച്ചു.
“ഈ നാക്കാണ് വലിയച്ഛന്‍റെ ബലം” കൂട്ടുകാരിയുടെ വാടിയ മുഖം കണ്ട് അഞ്ജന പ്രതികരിച്ചു.
ശ്യാമ സ്വന്തം മക്കളെ പോലെയാണ് ചെടികളെ പരിപാലിക്കുന്നത്. എവിടെ പോയാലും അവിടെ നിന്നും വരുന്ന വഴി നഴ്സറിയിൽ നിന്നും ചെടികൾ വാങ്ങിയേ വീട്ടിൽ എത്താറുള്ളൂ. സ്വന്തം പേരക്കുട്ടികളെ പോലും പൂപറിക്കാൻ അനുവദിക്കാറില്ല. അത്തപൂക്കളത്തിൽ തമിഴ്നാട്ടിലെ പൂക്കളെ ഉപയോഗപ്പെടുത്താറുള്ളൂ. ഹോം മേയ്ഡ് പൂക്കൾക്ക് ലാളന മാത്രം.
വീട്ടിനകത്തെ ജോലിയേക്കാൾ അധിക നേരം ചെടികളെ പരിപാലിക്കുന്നവളാണ് ശ്യാമ. രാവിലെ വാതിൽ തുറന്നാൽ പൂക്കളെ കണ്ട് മിഴി തുറക്കണം എന്നതാണ് ശ്യാമയുടെ വേദ വാക്യം. അതിനുമാത്രം അവൾ പൂക്കളെ സ്നേഹിക്കുന്നു. അവയ്ക്കുള്ള ആഹാരം യഥാസമയം തയ്യാറാക്കുന്നു.
അടുത്ത ദിവസവും ഹരിപ്രിയ വീട്ടിൽ വന്നു. ഇത്തവണ അവൾ തനിച്ചാണ് എത്തിയത്. ഗേയ്റ്റിനു മുന്നിൽ സ്കൂട്ടർ സൈഡ് സ്റ്റാൻഡിൽ നിർത്തി വാതിൽ പതുക്കെ തള്ളി തുറന്നാണ് അകത്ത് കടന്നത്. ഒരു ക്യാരി ബാഗും കൈയ്യിൽ തൂക്കിയിരുന്നു.
പതിവുപോലെ അന്നും അയാൾ ഉമ്മറത്ത് ചാരുകസേരയിൽ ഉപവിഷ്ടനായിരുന്നു. അവിടെ ഇരുന്ന് ഹരിപ്രിയയുടെ വരവിനെ വീക്ഷിച്ചിരുന്നു.
വീട്ടിൽ വരുന്നവരെ അതിഥികളായി കണ്ട് സംസാരിച്ചു തുടങ്ങണ്ടേ എന്നു കരുതി അലസമായി അയാൾ ചോദിച്ചു. “മോൾക്ക് ഇന്ന് ക്ലാസ്സില്ലേ?
സ്പോർട്സ് മീറ്റിംഗിന് പോകാനുള്ളതു കൊണ്ട് ഇന്ന് കോളേജിൽ പോയില്ല. അതുകഴിഞ്ഞ് പ്രാക്ടീസും ഉണ്ട്.
ഇവളൊരു സ്പോർട്സ് താരമാണെന്ന് പറഞ്ഞാണ് അഞ്ജന കൂട്ടുകാരിയെ പരിചയപ്പെടുത്തി തന്നിട്ടുള്ളതെന്ന കാര്യം അയാൾ അപ്പോൾ ഓർത്തു. ആ ലേബലിലാണ് കോളേജിൽ പിൻവാതിലിലൂടെ കടന്നു കൂടിയത്. അല്ലാതെ പഠിച്ചട്ടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണ് ഇവരുടെ ഹോബി.
കൂട്ടുകാരിയെ ചൂടു പിടിപ്പിക്കാനാണ് അഞ്ജന തൊടുത്തു വിടുന്നത്. ഇരുവരും ആത്മമിത്രങ്ങളാണെന്ന് ഏവർക്കും അറിയാം. കൂട്ടുകാരിക്ക് അപ്പപ്പോൾ തന്നെ ഹരിപ്രിയ ചുട്ട മറുപടിയും കൊടുക്കാറുണ്ട്.
നമ്മുടെ കോളേജിന്‍റെ പേര് ഉയർത്തി കാട്ടുന്നതിൽ ഞങ്ങൾക്കുള്ള പങ്ക് ഇവരിൽ അസൂയ ഉണ്ടാക്കുകയാണ്.
മുറ്റത്തു നിന്നു തന്നെ കോളിംഗ് ബെല്ലിൽ വിരലമർത്തുന്നതോടൊപ്പം തന്നെ തുറന്നു കിടന്നിരുന്ന വാതിലൂടെ നീട്ടിയുള്ള വിളിയും എറിഞ്ഞു. “വല്യമ്മേ…”
ഇലട്രിക്ക് മൊഴിയും വായ്മൊഴിയും ഒരുമിച്ചു കേട്ടതോടെ അടുക്കളയിലെ തിരക്കിൽ നിന്നും സാരിത്തുമ്പിൽ കൈകൾ തുടച്ചു കൊണ്ട് ശ്യാമ പുറത്തേക്ക് കുതിച്ചു.
ഉമ്മറപ്പടിയിൽ കയറി നിൽക്കുന്ന ഹരിപ്രിയയെ കണ്ട് മനസ്സിലെ ആധി വാക്കുകളായി പുറത്തു ചാടി. “മോളെന്താ ഈ നേരത്ത്? ഇന്ന് കോളേജിൽ പോയില്ലേ?
“ഇന്ന് പ്രാക്ടീസ് ഉണ്ട്. ഞാൻ അതിന് പോവുകയാണ്. പോകുന്ന വഴി ഇവിടെയില്ലാത്ത ചെടികൾ തരാമെന്ന് കരുതി ഇറങ്ങിയതാണ്.”
കൈയ്യിൽ തൂക്കിയിരുന്ന ക്യാരി ബാഗിൽ നിന്നും പ്ലാസ്റ്റിക്ക് കവറിൽ പിടിപ്പിച്ച് രണ്ട് ഡാലിയ തൈകൾ എടുത്ത് ശ്യാമയുടെ കൈയ്യിൽ വച്ചു കൊടുത്തു. ശാപ മോക്ഷത്തിനു വേണ്ടിയായിരിക്കും ഈ തിരുമുൽ കാഴ്ചയെന്ന് അയാൾ സ്വയം മനസ്സിൽ കരുതി.
“ഈ കവർ പൊളിച്ചു കളഞ്ഞ് നല്ലൊരു കുഴിയെടുത്ത് അല്പം ചാണകം ചേർത്തു ഇപ്പോൾ തന്നെ കുഴിച്ചിട്ടോളൂ.”
“ഈ വെയിലത്തോ?” തിളക്കാൻ കൊതിച്ചു നിൽക്കുന്ന വെയിലിനെ നോക്കിയാണ് ശ്യാമ പറഞ്ഞത്.
“ഈ വെയിൽ ദിവസേന അല്പം കൊണ്ടാൽ വിറ്റാമിൻ ഡി വെറുതെ ശരീരത്തിന് ലഭിക്കും. പൈസ കൊടുക്കാതെ. മരുന്നു കഴിക്കാതെ.”
അവളുടെ മെയിൻ ബയോളജിയാണെന്ന് ശ്യാമയ്ക്ക് അറിയാം. അധിക സമയം അവിടെ തങ്ങാതെ സ്കൂട്ടർ എടുത്ത് കൂട്ടുകാരി വേഗത്തിൽ ഓടിച്ചു പോയി.
തുടർ ദിനങ്ങളിലും അവൾ മുറതെറ്റാതെ വല്ല്യമ്മയുടെ സൗഹൃദം പങ്കിടാനായി എത്തുമായിരുന്നു. അതിനൊന്നും സ്‌ഥലകാല പരിമിതി ഉണ്ടായിരുന്നില്ല. എവിടെ വച്ചാണോ കണ്ടുമുട്ടുന്നത് അവിടെ വച്ച് പൂന്തോട്ടത്തിലും മുറ്റത്തും അടുക്കളയിലുമായി അവരുടെ മനസ്സുകൾ കൈമാറി. ശ്യാമയുടെ മനസ്സിനെ തന്നിലേക്ക് അടുപ്പിക്കുന്നതിനായി ഉപ്പും മുളകും മറ്റ് ഇൻഗ്രീഡിയൻസും ചേർത്തുള്ള വാർത്തകളും അവൾ സ്വയം നെയ്തെടുത്തിരുന്നു.
ഏതാനും ആഴ്ചകൾക്കു ശേഷമാണ് പിന്നീട് ഹരിപ്രിയ വന്നത്. ആ വരവും വെറും കൈയ്യോടെയായിരുന്നില്ല. ശ്യാമയും ഭർത്താവും ചെടികളുടെ സംരക്ഷണതയിലായിരുന്നു. ചെടികൾ കാറ്റിലും മഴയിലും ഒടിയാതിരിക്കാൻ കുറ്റിയടിച്ച് കെട്ടി ബലവത്താക്കുകയായിരുന്നു.
അവരുടെ മുന്നിലേക്ക് മധുരപലഹാരങ്ങളുടെ ബോക്സ് തുറന്നു പിടിച്ചു കൊണ്ടാണ് ഹരിപ്രിയ എത്തിയത്.
“എന്താ മോളെ ഇത്… ഇന്ന് നിന്‍റെ ബർത്ത് ഡേ ആണോ… അഞ്ജന ഒന്നും പറഞ്ഞില്ലല്ലോ?” ശ്യാമയാണ് തുടങ്ങിയത്.
“പിറന്നാൾ മധുരമല്ല. യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ സ്പോർട്സ് മത്സരത്തിൽ ഹൈ ജംപിലും ലോങ് ജംപിലും ഞാനാണ് ഫസ്റ്റ്. നാളെ പത്രത്തിൽ വാർത്തയും ഫോട്ടോയും ഉണ്ടാകും.
ആ വാക്കുകളിൽ സന്തോഷത്തിന്‍റെ ആധിക്യം ഇരമ്പി നിന്നു. ശ്യാമ അവളെ കെട്ടിപിടിച്ച് ഇരുകവിളിലും ചുംബിച്ച് കൺഗ്രാജുലേഷൻ പറഞ്ഞു. ഒപ്പം അയാളും അഭിനന്ദനം അറിയിച്ചു. അവൾ കൊണ്ടു വന്ന ബോക്സിൽ നിന്നും ലഡു എടുത്തു കൂട്ടുകാരിയുടെ വായിൽ അഭിനന്ദനത്തോടൊപ്പം വച്ചു കൊടുത്തു. ഹരിപ്രിയ തിരിച്ചും വല്യമ്മയേയും വല്യച്ഛനേയും മധുരം നുണയിപ്പിച്ചു. അവൾ കൊടുത്ത മധുരത്തെക്കാൾ മധുരമായിരുന്നു നിന്‍റെ വാക്കുകൾ എന്ന് ശ്യാമ ഓർമ്മപ്പെടുത്തി.
അഭിനന്ദനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയാണ് കൂട്ടുകാരി തിരിച്ചു പോയത്.
അഞ്ജനയും ഹരിപ്രിയയും പിന്നീട് ഒരുമിച്ച് വന്നത് മാർച്ച് എട്ടിനാണ്. വനിതാ ദിനത്തിൽ ക്ലാസ്സ് എടുക്കാൻ മഹിളാ സംഘങ്ങളിൽ പോകുന്നുണ്ടെന്ന് അഞ്ജന ശ്യാമയോട് പറഞ്ഞിരുന്നു. പുതിയ നൂറ്റാണ്ടുകളിലൂടെ വനിതകൾ എങ്ങനെ സഞ്ചരിക്കണം, അടുപ്പും കലവും കിടപ്പുമുറിയും മാത്രമാകരുത് സ്ത്രീയുടെ ലോകം. നമുക്കു മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലുകൾ ചവിട്ടി തുറക്കണം.
പുരുഷമേധാവിത്വത്തിനെതിരെയുള്ള പടയൊരുക്കമാണ് ക്ലാസ്സിലെ മുഖ്യവിഷയമെന്ന് ശ്യാമ അറിഞ്ഞിരുന്നു. അന്നേ ദിവസം ഉച്ചത്തിരിഞ്ഞാണ് അവർ വന്നത്. ഇരുവരും വരുമ്പോൾ അയാൾ വീട്ടിലില്ലായിരുന്നു. പുറത്ത് നിന്ന് അയാൾ വരുമ്പോൾ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ ശ്യാമ തനിച്ചാകുമ്പോൾ മുൻവാതിലും പിൻവാതിലും അടച്ചിടുകയാണ് പതിവ്. താൻ വീട്ടിലുണ്ടെങ്കിൽ മാത്രമേ വാതിലുകൾ തുറന്നിടാറുള്ളൂ.
പടി കടന്നു വന്ന അയാൾ ശ്രവിച്ചത് ഭാര്യയുടെ കനത്ത ശബ്ദമായിരുന്നു. ഇത്രയും ഉച്ചത്തിലും ദൃഢതയിലും ഉള്ള വാക്കുകൾ ഭാര്യയിൽ നിന്നും അയാൾ ഒരിക്കലും കേട്ടിട്ടില്ല. എല്ലാം പോസിറ്റീവ് ആയി കാണുന്ന ശ്യാമയുടെ സ്വരം അകത്തളങ്ങളിൽ മാത്രമേ ജീവിക്കാറുള്ളൂ. ഭാര്യയുടെ ഹൈപിച്ചിലുള്ള സ്വരം അയാളെ അസ്വസ്ഥനാക്കാതിരുന്നില്ല.
മുറ്റത്ത് കിടന്ന ചെരുപ്പുകളിലൂടെ അയാൾ തെളിവെടുപ്പ് നടത്തി. അകത്ത് അഞ്ജനയും ഹരിപ്രിയയുമാണെന്ന് ഉറപ്പിക്കാൻ മറ്റൊരു തെളിവുകളും വേണ്ടി വന്നില്ല. ഭാര്യയുടെ നിശ്ചയദാർഢ്യസ്വരത്തിൽ ശ്രദ്ധയൂന്നി അയാൾ വീടിന്‍റെ ഓരത്തേക്ക് മുരടനക്കാതെ മാറി നിന്നു. അപ്പോഴും ശ്യാമയുടെ ശബ്ദം അലകളായി പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു.
“നിങ്ങൾക്ക് ആരിൽ നിന്നാണ് സ്വാതന്ത്യ്രം വേണ്ടത്. അച്ഛനിൽ നിന്നോ അതോ സഹോദരങ്ങളിൽ നിന്നോ അതോ നാളെകളിൽ ജീവിതപങ്കാളിയിൽ നിന്നോ? അവരുടെ ബലമുള്ള കൈത്തണ്ടകൾ നമുക്കു ചുറ്റും വിരിയുന്നത് അസ്വാതന്ത്യ്രത്തിന്‍റെതല്ല. സ്വാതന്ത്യ്രത്തിന്‍റെതാണ്. സംരക്ഷണയുടെതാണ്. നമ്മൾ നനയാതെ നടക്കാനുള്ള ഒരു കുട മാത്രമാണ് അത്. അതിന് ബന്ധനമെന്ന് മുദ്ര കുത്തണോ?
സ്വാതന്ത്യ്രം എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് പക്ഷികളെയും മൃഗങ്ങളെയും പോലെ മനസ്സിനൊപ്പമുള്ള സഞ്ചാരമാണോ, നമ്മുടെ ശരീര ശാസ്ത്രം നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയിരിക്കുന്നത് നന്ന്. ബലിഷ്ഠമായ കരങ്ങൾ നമുക്കു ചുറ്റും ഉണ്ടെന്ന് കാണുമ്പോൾ മനസ്സിന് കുളിർമ്മയല്ലേ വേണ്ടത്?”
ശ്യാമയുടെ വാക്കുകൾക്ക് കോപത്തിന്‍റെ ചൂടുണ്ടായിരുന്നു. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ പരുന്തുകൾ ചേക്കേറുമ്പോൾ പൂവൻ കോഴിയുടെ ശീൽക്കാരശബ്ദവും തള്ള കോഴിയുടെ ചിറകുകളും രക്ഷാകവചങ്ങളാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്.
ആത്മഗതം പോലെ ഒന്ന് നിർത്തി. മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ശ്യാമ. യോഗയിലൂടെ മനസ്സിനെ പരുവപ്പെടുത്താൻ ശ്യാമ അഭ്യസിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഏതാനും നിമിഷം കണ്ണടച്ചു നിശബ്ദമായി.
അഞ്ജനയും ഹരിപ്രിയയും ചൂണ്ടുവിരൽ മൂക്കിൽ അമർത്തി മുഖത്തോട് മുഖം നോക്കിയിരുന്നു.
ശ്യാമയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു. അയാളുടെ മനസ്സിൽ അടുത്ത വേലിയേറ്റ തിരകളിലായിരുന്നു പ്രതീക്ഷ.
മക്കളെ, നിങ്ങൾക്കറിയാമോ യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾക്കാണ് മുൻഗണന. പ്രായപൂർത്തിയായ മക്കളെ രക്ഷിതാക്കൾ സംരക്ഷിക്കാറില്ല. അവർ അവരുടെ ഇണയോടൊപ്പം കഴിയണം. അതിനു മുമ്പായി അവർ ഇണയെ കണ്ടിപിടിച്ചിരിക്കും.
ഇണയെ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. ഏതാനും ദിവസമോ, മാസമോ, വർഷത്തേക്കോ ആയിരിക്കും. അതിനിടെ പുതുമ നഷ്ടപ്പെട്ടു എന്ന് തോന്നിയാൽ പുതിയ പങ്കാളിയെ കണ്ടുപിടിക്കാം. അതിനാൽ അവരുടെ കുടുംബജീവിതത്തിന് ഭദ്രതയില്ല.
നമ്മുടെ സംസ്കാരം അതല്ല. സിന്ധു നദി തടസംസ്കാരം. ഏഷ്യൻ സംസ്കാരം. അച്‌ഛൻ, അമ്മ, മക്കൾ കൈകോർത്ത് ചങ്ങല കണ്ണികൾ പോലെ പോകുന്നു. അതാണ് കുടുംബം, മാനവികത.
യൂറോപ്യൻ സംസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വല്യച്ഛൻ പറഞ്ഞു തരും. അവരോടൊപ്പം കുറെക്കാലം കഴിഞ്ഞ ആളാണ്.
ശ്യാമ കൂടുതൽ ശുദ്ധവായു കോരി കുടിച്ചു. മനസ്സിനും നിശ്വാസങ്ങൾക്കും കുളിരേകി.
ആചാരങ്ങളും മൂല്യങ്ങളും എക്കാലവും കാത്തുസൂക്ഷിക്കണമെന്ന് ഞാൻ പറയുന്നില്ല. ഒറ്റ ദിവസം കൊണ്ട് തൂത്തെറിയണോ? ഇന്നലത്തെ പത്രത്തിലെ വാർത്ത ഞാൻ വായിച്ചു. ചെറുകഥകളുടെ കുലപതി ടി. പദ്മനാഭന്‍റേതായിരുന്നു ആ കുറിപ്പ്.
ജീവിതം അടിച്ചു പൊളിക്കലാണെന്ന് വിശ്വസിക്കുന്നില്ല. വിശ്വാസങ്ങളും മൂല്യങ്ങളും കാലത്തിനൊത്ത് മാറിയിട്ടില്ലെന്നും ഇനിയും അവയെ മുറുകെപിടിക്കണമെന്നുമാണ് പറയുന്നത്. സ്ത്രീകളെ എന്നെ പോലെ ആരും ബഹുമാനിച്ചിട്ടില്ലെന്നും, സത്യം, ധർമ്മം, ദയ എന്നിവയിലാണ് ഞാൻ വിശ്വാസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുവതലമുറയെ ഉദ്ദേശിച്ചാണ് ഇത്രയും പറഞ്ഞത്.
മനസ്സിലെ കാർമേഘങ്ങൾ പെയ്തു തീർന്നപ്പോൾ, പൊള്ളയായ മനസ്സുമായി ശ്യാമ അടുക്കളയിലേക്ക് എഴുന്നേറ്റ് നടന്നു. അല്പ സമയത്തിനുള്ളിൽ മൂന്നു ഗ്ലാസ്സ് ലൈം ജൂസുമായാണ് കടന്നു വന്നത്.
ശീതികരിച്ച മധുരപാനീയത്തിൽ നിന്നും കിട്ടിയ ഓജസ്സും കുളിർമയിലും തിരിച്ചു പോകാനായി എഴുന്നേറ്റ ഇരുവരെയും ചേർത്തു പിടിച്ച് ഇഷ്ടസിനിമ കണ്ടിറങ്ങുന്ന ലാഘനത്തോടെ ശ്യാമ പുറത്തേക്കാനയിച്ചു.
അഞ്ജനയുടെയും ഹരിപ്രിയയുടെയും മനസ്സിൽ മറ്റൊരു ചോദ്യ ചിഹ്നം തിളങ്ങുന്നുണ്ടായിരുന്നു. വല്ല്യമ്മയ്ക്ക് ക്ലാസ്സ് എടുക്കാൻ വന്നതാണോ അതോ വല്ല്യമ്മയുടെ ക്ലാസ്സ് അറ്റന്‍റ് ചെയ്യാൻ ആയിരുന്നുവോ?
വീടിന്‍റെ ഒരു വശത്ത് മറഞ്ഞു നിന്നിരുന്ന അയാൾ മറുവശത്തുകൂടി അവരുടെ മുന്നിലേയ്‌ക്ക് കടന്നുവന്നതും ഇരുവർക്കും ഗുഡ് ഈവനിംഗ് പറഞ്ഞതും ഒരുമിച്ചായിരുന്നു.
ഇരുവരും തിരിച്ചും വിഷിംഗ് ചെയ്യുന്നതോടൊപ്പം മുഖത്ത് സന്തോഷത്തിന്‍റെ ചിരി തേച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
അയാളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നത് പണ്ട് താൻ കണ്ടു മറന്ന സ്വപ്നമായിരുന്നു. പിടക്കോഴികൾ കൂകുന്ന നാളെകളെ…
തിരിച്ചുള്ള യാത്രയിൽ അടുത്ത വനിതാദിനത്തിൽ പ്രസംഗത്തിനുള്ള വരികൾ തേടുകയായിരുന്നു അഞ്ജനയും ഹരിപ്രിയയും.