ഇതിനിടയിൽ നന്ദൻമാഷിനേയും കൊണ്ട് സുമേഷ് സിന്ദൂരത്തിലെത്തി. ശാന്തി ഒക്കത്ത് കൊച്ചുമോനെയും വച്ച് ഓടിവന്നു. അവൾ ഒരു കൈ കൊണ്ട് ഗേറ്റിന്‍റെ ഓടാമ്പലെടുത്ത് തുറന്നു കൊടുത്തു.

“താര ഓഫീസിൽ പോയോ?” കാറിൽ നിന്നിറങ്ങുമ്പോൾ സുമേഷ് ചോദിച്ചു.

“ഓ... ചേച്ചീ ഓഫീസിലേക്ക് ഇപ്പം സ്കൂട്ടറോടിച്ച് പോയതേ ഉള്ളൂ. ഞാൻ കിച്ചുമോന് പലഹാരം വായില് വച്ച് കൊടുക്കുകയായിരുന്നു.” സുമേഷ് ശാന്തിയുടെ ഒക്കത്തിരിക്കുന്ന മോന്‍റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

“എന്താ കുട്ടാ... നീ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളോ? എഴുന്നേറ്റിട്ട് നീ ചീച്ചീ ഒഴിച്ചോ? പല്ലുതേച്ചോ?”

“എല്ലാം ചെയ്യിച്ചു സാർ. അവൻ കാലത്തെ കക്കുസിലും പോയ ശേഷമാണ് ഞാൻ കുളിപ്പിച്ചത്.”

“ഓ... അപ്പോൾ നീ മിടുക്കനായിപ്പോയല്ലോടാ കുട്ടാ... എന്നാ ശാന്തി ചെല്ല് അവന് ബ്രേക്ക്ഫാസ്റ്റ് മുഴുവൻ കൊടുക്ക്.”

“ശരി സാർ...” ശാന്തി അവനേയും കൊണ്ട് തിരിഞ്ഞു നടന്നു. അപ്പോഴാണ് സുമേഷ് അച്ഛന്‍റെ കാര്യം ഓർത്തത്. ഈ അച്ഛനെന്താ വീടെത്തിയിട്ടും കാറിൽ നിന്നും ഇറങ്ങാത്തത്? അച്ഛൻ അതും മറന്നു പോയോ? സുമേഷ് ആകാംക്ഷയോടെ കാറിനടുത്തെത്തി. ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു “അച്ഛനെന്താ... വീടെത്തിയ കാര്യം അറിഞ്ഞില്ലെ?”

“ഓ... വീടെത്തിയല്ലെ?... ഞാനത് ശ്രദ്ധിച്ചില്ല. എന്തോ ഓർത്തിരുന്നു പോയി.”

“ഈയിടെയായി അച്ഛന് സർവ്വത്ര മറവിയാണല്ലോ. അമ്മയെ മാത്രം ഓർമ്മയുണ്ട്.”

“ഇപ്പോഴാണ് ഞാനോർത്തത്. നീ സൗദാമിനി ഇവിടുണ്ടെന്നു പറഞ്ഞിട്ട് എവിടെ? ഞാൻ കാണുന്നില്ലല്ലോ?”

“അമ്മ അകത്തുണ്ടാവും അച്ഛാ... അച്ഛനിറങ്ങിയാട്ടെ...” നന്ദൻമാഷ് പതുക്കെ സുമേഷ് തുറന്നു പിടിച്ചിരുന്ന ഡോറിലൂടെ കാറിനു വെളിയിലിറങ്ങി. അയാൾ നടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ അവിടവിടെ പിടിച്ചാണ് അയാൾ നടന്നത്. സുമേഷപ്പോൾ അച്ഛനോട് അമ്മയെക്കാണാത്തതിനെപ്പറ്റി എന്ത് കള്ളം പറയുമെന്ന് ആലോചിച്ചു കൊണ്ടിരുന്നു. സിറ്റൗട്ടിന്‍റെ സ്റ്റെപ്പുകൾ കയറാൻ തുടങ്ങിയ നന്ദൻമാഷ് അതിന്‍റെ കൈവരികളിൽ പ്പിടിച്ച് മെല്ലെ ക്കയറുന്നതിനിടയിൽ വീഴാൻ പോയി. അതു കണ്ട് സുമേഷ് അടുത്തു ചെന്നു പിടിച്ചിട്ടു പറഞ്ഞു.

“അച്ഛൻ ഇങ്ങനെ അനങ്ങാതെ വീട്ടിലിരിക്കുന്നതുകൊണ്ടാണ് നടക്കാനൊന്നും വയ്യാതാകുന്നത്. ഇടയ്ക്കെല്ലാം പണ്ടത്തെപ്പോലെ മുറ്റത്തിറങ്ങി നടക്കണം. അല്ലെങ്കിൽ ഈ പ്രായത്തിൽ കൈകാലുകളുടെ പ്രവർത്തനത്തെഅതു ബാധിക്കും. നടക്കാൻ വയ്യാതെ വീണ് എല്ലൊടിയാനും അതുമതി.”

സുമേഷ് അച്ഛന്‍റെ മുന്നിൽ തന്‍റെ വിജ്ഞാനം വിളമ്പി. അതു കേട്ട് നന്ദൻമാഷ് വിഷാദമഗ്നമായി പുഞ്ചിരിച്ചു... സത്യത്തിൽ ശാരീരികമായി തനിക്കനുഭവപ്പെടുന്ന ക്ഷീണവും മറ്റു പരിമിതികളും എങ്ങനെ മറികടക്കണമെന്ന് നന്ദൻമാഷിനും അറിയില്ലായിരുന്നു. ഇതിനിടയിൽ സുമേഷ് തന്‍റെ മുറിയിൽച്ചെന്ന് വേഷം മാറി വന്നിട്ട് ശാന്തിയെ വിളിച്ചു.

“ശാന്തി... എനിക്ക് പോകാൻ സമയമായി. നീ വേഗം എനിക്കുള്ള കാപ്പിയും പലഹാരങ്ങളും എടുത്തു വയ്ക്ക്.”

“ശരി സാറെ. കൊച്ച് എന്‍റെ കൈയ്യിലിരിക്കുന്നതുകൊണ്ടാ... അല്ലെങ്കിൽ നേരത്തേ എടുത്തുവച്ചേനെ.” അവൾ കിച്ചുമോനെ ഒക്കത്തു നിന്ന് താഴെ ഇറക്കിക്കൊണ്ടു പറഞ്ഞു.

നന്ദൻമാഷ് മുറിക്കകത്തു കടന്നു കസേരയിലിരുന്ന ഉടനെ സുമേഷിന്‍റെ രണ്ടു വയസ്സുള്ള മകൻ കിച്ചു പിച്ചവച്ചു നടന്നു വന്നു. നന്ദൻമാഷിന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൻ “അപൂപ്പാ” എന്നു വിളിച്ചു. അവന്‍റെ കൊഞ്ചൽനാദം നന്ദൻമാഷിന്‍റെ വിഷാദങ്ങളെ അകറ്റി. അദ്ദേഹം കിച്ചുവിനെ തന്നോടു ചേർത്തുപിടിച്ച് അവന് ഉമ്മ നൽകിക്കൊണ്ടു ചോദിച്ചു, “അപ്പൂപ്പന്‍റെ കൊച്ചുമോൻ എന്തു ചെയ്യുകയായിരുന്നു. മോൻ പാപ്പം കഴിച്ചോ? പാലു കുടിച്ചോ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...