പിറ്റേന്ന് നന്ദൻമാഷ് അമ്മാവനോടൊപ്പം പെണ്ണുകാണാനിറങ്ങുമ്പോൾ ഭാരതീയമ്മ കൈകൂപ്പി പ്രാർത്ഥിച്ചു. “എന്‍റെ മുല്ലക്കൽഭഗവതീ… ഇത്തവണയെങ്കിലും ഇവനാ പെണ്ണിനെ പിടിക്കണേ… ഈ കല്യാണം നടന്നാൽ ഞാൻ അമ്പലത്തിൽ ചുറ്റുവിളക്കും, നിറമാലയും, പായസവും കഴിച്ചോളാമേ…”

“എന്താണമ്മേ ഇത്… ഭഗവതിയാണോ ഞാനാണോ പെണ്ണിനെ ഇഷ്ടപ്പെടേണ്ടത്.” നന്ദൻമാഷ് കളിയാക്കി

“നീ തന്നെ. പക്ഷെ അതിന് ഭഗവതി തുണയ്ക്കണമല്ലോ.”

“ങാ… വേഗമാകട്ടെ. പന്ത്രണ്ടു മണിക്ക് രാഹുകാലം തുടങ്ങുന്നതിനു മുൻപ് അവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്.” മുകുന്ദൻ മേനോൻ ധൃതികൂട്ടി. നന്ദൻമാഷ് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് കാറിൽ ചെന്നു കയറി.

കാറിലിരിക്കുമ്പോൾ നന്ദൻമാഷിന്‍റെ മനസ്സു ശൂന്യമായിരുന്നു. പക്ഷെ മനസ്സിന്‍റെ ഏതോ കോണിൽ നനുത്ത ഒരാഹ്ലാദം തുടികൊട്ടിയിരുന്നു. ഈ കാണാൻ പോകുന്ന പെണ്ണ് തന്‍റെ ജീവിത സഖിയാകുമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ.

കാർ കൈതാരത്തു തറവാടിന്‍റെ പടി കടക്കുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മുറ്റത്ത് മാധവമേനോൻ ഭാര്യയോടൊത്ത് നിന്നിരുന്നു.

“അല്ലാ… നിങ്ങൾ വിചാരിച്ചതിലും നേരത്തേ എത്തിയല്ലോ…” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു.

“ശുഭസ്യ ശീഘ്രം എന്നല്ലേ?” മുകുന്ദൻ മേനോൻ പുഞ്ചിരിയോടെ ചോദിച്ചു.

“വരൂ… വരൂ നമുക്ക് അകത്തേക്കിരിക്കാം.” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു. പൂമുഖത്ത് നിരത്തിയിട്ടിരുന്ന സെറ്റിയിൽ അവർ ഇരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം മുകുന്ദൻമേനോൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. നന്ദൻമാഷിന്‍റെ ഹൃദയവും അപ്പോൾ എന്തിനെന്നറിയാതെ തുടിക്കുകയായിരുന്നു…

അല്പം കഴിഞ്ഞ് നമ്രമുഖിയായി അവൾ എത്തി കർട്ടനു പിറകിൽ മറഞ്ഞു നിന്ന അവളോട് മുകുന്ദൻ മേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അവിടെ നിന്നാലെങ്ങനെയാ ഞങ്ങൾക്ക് പെൺകുട്ടിയെ കാണണ്ടേ…”

അതുകേട്ട് മാധവമേനോൻ പറഞ്ഞു, “മോൾ ഇങ്ങോട്ട് നീങ്ങിനിന്നോളു. എല്ലാവരും കാണട്ടെ.” അല്പം ലജ്ജയോടെ അവൾ കർട്ടനുപിറകിൽ നിന്നും മുന്നിലേക്കു നീങ്ങിനിന്നു. നീണ്ടു മെലിഞ്ഞ് മഞ്ഞൾക്കൊടി പോലെയുള്ള അവൾ ചായക്കപ്പുകൾ നിറഞ്ഞ കൈയ്യിലെ ട്രേ ഓരോരുത്തരുടെ മുന്നിലേക്ക് നീട്ടി. നന്ദൻമാഷിന്‍റെ മുന്നിലെത്തിയപ്പോൾ ആ കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഇടഞ്ഞു. ഏതോ വിദ്യുത്പ്രവാഹം ശരീരത്തിലൂടെ പാഞ്ഞു പോകുന്നതായി നന്ദൻമാഷിനു തോന്നി.

“മോൾ ഇവരെയൊന്നും അറിയില്ലായിരിക്കും. ഇത് തേവയ്ക്കലെ മുകുന്ദൻമേനോൻ. ഇത് അദ്ദേഹത്തിന്‍റെ അനന്തരവൻ നന്ദൻമാഷ്.” മാധവമേനോൻ മകളെ പരിചയപ്പെടുത്തി.

ആ കണ്ണുകൾ നന്ദൻമാഷിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു. ശാലീനത തുടിക്കുന്ന ആ മുഖത്തെ നീണ്ടിടം പെട്ട കണ്ണുകളുടെ സൗന്ദര്യവും സൗമ്യതയും നന്ദൻമാഷിന്‍റെ ഹൃദയത്തിലുടക്കി. മുകുന്ദൻ മേനോൻ പേരു ചോദിച്ചപ്പോൾ അവൾ പറഞ്ഞു, “സൗദാമിനി.”

“മിനി എന്ന് ഞങ്ങൾ വിളിക്കും” മാധവ മേനോൻ പറഞ്ഞു. മണികിലുങ്ങുന്നതു പോലെയുള്ള ആ സ്വരം ഒരു തേൻ തുള്ളിയായി നന്ദൻമാഷിന്‍റെ ഹൃദയത്തിൽ വീണു. നീണ്ടിട്ടതൂർന്ന കേശഭാരം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു.

അന്ന് അവിടെ നിന്നു തിരിച്ചു പോരുമ്പോൾ “ഇത് തന്നെ എന്‍റെ പെണ്ണ്.” ആ ഹൃദയം മന്ത്രിച്ചു. പോരുമ്പോൾ അവർ പെണ്ണിന്‍റെ ജാതകവും കൂടി കൈയ്യിൽ കരുതിയിരുന്നു. വീട്ടിലെത്തിയയുടനെ അമ്മയുടെ അന്വേഷണത്തിന് നന്ദൻമാഷ് പറഞ്ഞു.

“എനിക്ക് പെണ്ണിനെ വളരെ ഇഷ്ടപ്പെട്ടു. എനിക്കിനി വേറെ പെണ്ണ് അന്വേഷിക്കണ്ട അമ്മേ.”

പിന്നീട് ഭാരതിയമ്മ കിട്ടുക്കണിയാരെക്കൊണ്ട് ജാതകം നോക്കിച്ചപ്പോൾ അതിൽ ദോഷങ്ങൾ കണ്ടു. ഈ വിവാഹം വേണോ എന്ന അമ്മയുടെ ആശങ്കയ്ക്കുമുന്നിൽ നന്ദൻമാഷ് തനിക്കീ പെണ്ണിനെത്തന്നെ മതി എന്ന് ഉറച്ചു നിന്നു. “എന്‍റെ പെണ്ണ് ഇതു തന്നെ അമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അതിവളെ മാത്രം.” ജാതകത്തിൽ ദോഷങ്ങളുണ്ടായിട്ടും നന്ദൻമാഷിന്‍റെ പിടിവാശി മൂലം ആ വിവാഹം തീരുമാനിക്കപ്പെട്ടു.

പിറ്റേന്ന് സ്ക്കൂളിലെത്തിയ നന്ദൻമാഷ് ആ വാർത്ത കേട്ടു ഞെട്ടി.

ഹേമാംബിക ടീച്ചർ കുഴഞ്ഞു വീണു എന്ന വാർത്തയാണ് നന്ദൻമാഷ് സ്ക്കൂളിലെത്തിയ ഉടനെ കേട്ടത്. അതിന്‍റെ കാരണമറിയാതെ നന്ദൻമാഷുൾപ്പെടെ ഹേമാംബികയുടെ സുഹൃത്തുക്കൾ എല്ലാം വിഷമിച്ചു. അദ്ധ്യാപകർക്കിടയിൽ ആ വാർത്ത പെട്ടെന്നു പരന്നു. അതോടെ കഥകൾ പലതും കാട്ടുതീ പോലെ പരന്നു. അവയിൽ പലതും കെട്ടുകഥകളായിരുന്നു. ഹേമാംബിക ടീച്ചറിന് എന്തോ കഠിനരോഗമുണ്ടെന്നാണ് അവരിൽ ചിലർ പറഞ്ഞു പരത്തിയത്.

എന്നാൽ അന്ന് രാവിലെ ഏറെ സന്തോഷവതിയായാണ് ഹേമാംബിക സ്ക്കൂളിലെത്തിയത്. ഇന്നെങ്കിലും എല്ലാം നന്ദൻമാഷിനോട് പറയണമെന്ന് അവൾ തീരുമാനിച്ചുറച്ചിരുന്നു. അതനുസരിച്ച് അന്ന് ഉച്ചയ്ക്ക് ഇന്‍റർവെൽസമയത്ത് അവൾ രാജേശ്വരി ടീച്ചറിനെ സ്റ്റാഫ് റൂമിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു.

“ടീച്ചർ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താണ് ടീച്ചർ… എന്താണെങ്കിലും നമുക്ക് പുറത്തുനിന്നു സംസാരിക്കാം.” അവർ ഇരുവരും കൂടി പുറത്തേക്കിറങ്ങി. പുറത്തെ മാവിൻ ചുവട് കുട്ടികളുടെ കലപില ശബ്ദത്താൽ മുഖരിതമായിരുന്നു. ഒഴിഞ്ഞ ഒരിടം തേടി അവർ നടന്നു. ഒടുവിൽ സ്ക്കൂൾ മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലെ ബാഡ്മിന്‍റൺ കോർട്ടിൽ അവർ ചെന്നിരുന്നു. മൈതാനത്തിനു പുറത്ത് കാട്ടുകൊന്നയും വാകയും പൂത്തു നിന്നിരുന്നു. അതിൽ നിന്നും പൂക്കൾ കൊഴിഞ്ഞ് കോർട്ടിൽ വീണു കിടന്നു. അതിൽ നിന്നും ഒരു പൂവെടുത്ത് മണപ്പിച്ചു കൊണ്ട് ഹേമാംബിക പറഞ്ഞു തുടങ്ങി.

“നിനക്കറിയുമോ രാജി, ഇന്നലെ എന്‍റെ വിവാഹക്കാര്യത്തെപ്പറ്റി അമ്മ നിർബ്ബന്ധിച്ചപ്പോൾ അമ്മയോട് ഞാൻ നന്ദൻമാഷിനെപ്പറ്റി സംസാരിച്ചു. മാഷിന്‍റെ കുടുംബപ്പേരും അമ്മയുടെ പേരും പറഞ്ഞപ്പോൾ അമ്മയ്ക്ക് അറിയാമെന്നു പറഞ്ഞു. അവർ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബക്കാരാണെന്നും നമ്മളെക്കാൾ ഉയർന്ന ജാതിക്കാരാണെന്നും അമ്മ തടസ്സം പറഞ്ഞു.” ഹേമാംബിക അത്രയും പറഞ്ഞപ്പോൾ രാജി ടീച്ചർ പറഞ്ഞു.

“നാട്ടിലെ പേരു കേട്ട കുടുംബമാണ് നന്ദൻമാഷിന്‍റേതെന്ന് എല്ലാവർക്കും അറിവുള്ളതല്ലേ. നല്ല സാമ്പത്തികശേഷിയുള്ള നായർ കുടുംബത്തിലെ ഏക സന്തതിയാണെന്നും. നീയെന്താ ഹേമേ ഇതെല്ലാം പുതിയ കാര്യം പോലെ പറഞ്ഞു തുടങ്ങുന്നത്?”

“അതല്ല… ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്. ഞാൻ ഇതെല്ലാം എന്‍റെ അമ്മയ്ക്കും അറിയാവുന്ന കാര്യങ്ങളാണെന്നാ പറഞ്ഞത്. നന്ദൻമാഷിനെ എനിക്കിഷ്ടമാണെന്നു പറഞ്ഞപ്പോൾ അമ്മ ഇക്കാരണങ്ങൾ കൊണ്ട് ആദ്യമെതിർത്തു. പിന്നെ എനിക്ക് ഒരു ഭർത്താവുണ്ടാകുന്നെങ്കിൽ അത് നന്ദൻമാഷ് മാത്രമായിരിക്കുമെന്ന് പറഞ്ഞതോടെ അമ്മ വഴങ്ങി… മരിക്കും മുമ്പ് എന്‍റെ വിവാഹം നടന്നു കാണണമെന്നതാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം നടന്നു കാണാൻ വേണ്ടി അമ്മ എന്‍റെ ആഗ്രഹത്തിന് കൂട്ടുനില്ക്കാമെന്ന് പറഞ്ഞു. അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാമെന്നും സമ്മതിച്ചു. പിന്നെ ഇന്നു തന്നെ ഞാൻ എല്ലാം നന്ദൻമാഷിനോട് തുറന്നു പറഞ്ഞ് ആ മനസ്സറിയണമെന്നും അമ്മ പറഞ്ഞു. ആ സന്തോഷത്തിലാണ് ഞാൻ ഇന്ന് സ്ക്കൂളിലേക്കു വന്നിരിക്കുന്നത്.”

“ഞാൻ ഇന്നുതന്നെ നന്ദൻമാഷിനോട് എല്ലാംതുറന്നു പറയുവാൻ പോവുകയാണ് രാജി. ഇനിയും കാത്തിരുന്നാൽ എനിക്കദ്ദേഹത്തെ നഷ്ടമാകുമെന്ന് തോന്നുന്നു.”

പെട്ടെന്ന് രാജലക്ഷ്മിയുടെ മുഖo വിവർണ്ണമായി. അവൾ വിക്കി വിക്കിപ്പറഞ്ഞു. “ഹേമേ… നിന്നോടിതെങ്ങനെ പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. ഞാൻ ഇന്നു രാവിലെയാണ് ആ വാർത്തകേട്ടത്.”

“വാർത്തയോ… എന്തു വാർത്ത?”

“അത്… അത്… നന്ദൻമാഷ്… മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത… നീ വിഷമിക്കരുത്… നിനക്കദ്ദേഹത്തെ വിധിച്ചിട്ടില്ലെന്നോർത്ത് സമാധാനിക്ക്…” അവൾ അത്രയും പറഞ്ഞത് ഹേമയുടെ മുഖത്തു നോക്കാതെയാണ്.

രാജലക്ഷ്മി തിരിഞ്ഞു നോക്കുമ്പോൾ ഹേമ ബോധശൂന്യയായി പുറകോട്ടു മറിയുന്നതാണ് കണ്ടത്. അവൾക്ക് എന്തു ചെയ്യണമെന്ന് അറിയാതെയായി. അവൾ ഓടിച്ചെന്ന് അല്പം അകലെ ഫുട്ബോൾ കോർട്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന കുട്ടികളോടു പറഞ്ഞു. അവരിൽ ചിലർ വെള്ളവുമായി ഓടി വന്നു. മുഖത്തു വെള്ളം തളിച്ചപ്പോൾ ഹേമാംബിക കണ്ണുതുറന്നു.

“ടീച്ചർ… ടീച്ചർ… എന്തുപറ്റി? ഹോസ്പിറ്റലിൽ പോണോ?” കുട്ടികൾ പരിഭ്രാന്തരായി ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് പരിസരബോധം വന്ന ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ നിസ്സഹായതയോടെ രാജലക്ഷ്മിയെ നോക്കി. അതു കണ്ട് കുട്ടികൾ പലരും അമ്പരപ്പോടെ നിന്നു.

“സാരമില്ല… ഹേമാംബിക ടീച്ചറിനൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളൂ…” രാജലക്ഷ്മി കുട്ടികളെ തിരിച്ചയയ്ക്കുവാൻ ശ്രമിച്ചു. എന്നാൽ ഹേമാംബികയോട് ഇഷ്ടമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലരും മടങ്ങിപ്പോകാതെ നിന്നു. “ടീച്ചറിനെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാം വരൂ… ടീച്ചർ…” എന്നു പറഞ്ഞ് നിർബ്ബന്ധപൂർവ്വം എത്തി. അപ്പോഴേക്കും കുറെപ്പേർ സ്ക്കൂളിന് പുറത്തുപോയി ഒരു ടാക്സിയുമായി മടങ്ങിവന്നു.

“വേണ്ട എനിക്കൊന്നുമില്ല… നിങ്ങൾ ക്ലാസ്സിൽ പൊക്കോളു.” എന്ന് ഹേമാംബിക ജാള്യതയോടെ പറഞ്ഞിട്ടും കുട്ടികൾ മടങ്ങിപ്പോയില്ല. അവരുടെ പിടിവാശിക്കു മുന്നിൽ പിന്നെ മറ്റു പോം വഴിയില്ലാതെ ഹേമാംബികയെയും കൊണ്ട് രാജലക്ഷ്മി കാറിൽ കയറി.

ഹോസ്പിറ്റലിൽ ഡോക്ടർ പരിശോധിച്ച് ഹേമാംബികക്ക് ചില വൈറ്റമിൻ ഗുളികകൾ എഴുതിക്കൊടുത്തു. അദ്ധ്വാനഭാരം കൂടിയിട്ടാകാം ഹേമാംബികക്ക് തലക്കറക്കം വന്നത് എന്നാണ് ഡോക്ടർ ആദ്യരോഗ നിർണ്ണയം നടത്തിയത്. കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം എഴുതിക്കൊടുക്കുകയും ചെയ്തു.

അന്ന് മുഴുവൻ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ കിടത്തി. എന്നാൽ തനിക്ക് രോഗമൊന്നുമില്ലെന്ന് അറിയാവുന്ന ഹേമാംബിക അന്ന് വൈകുന്നേരംതന്നെ ഡിസ്ചാർജ് വാങ്ങിപ്പോന്നു. രാജലക്ഷ്മി അവളെ വൈകുന്നേരം വീട്ടിൽ കൊണ്ടുപോയാക്കി.

വീട്ടിൽ മറ്റാരേയും ഇതറിയിക്കേണ്ടന്ന് രാജലക്ഷ്മിയെ ഹേമാംബിക ചട്ടം കെട്ടി. ഹോസ്പിറ്റലിൽ വച്ചും പിന്നീട്ട് വീട്ടിലെത്തിയിട്ടും ഹേമാംബിക കരഞ്ഞു കൊണ്ടിരുന്നു. രാജലക്ഷ്മി ടീച്ചറിന്‍റെ സാന്ത്വനവചനങ്ങൾ ഒന്നും ഹേമാംബികയുടെ ദുഃഖം ശമിപ്പിച്ചില്ല.

പിറ്റേന്ന് ലീവെടുത്ത് അവൾ വീട്ടിൽ കുത്തിയിരുന്നു. കാരണമന്വേഷിച്ച വീട്ടുകാരോട് നല്ല സുഖമില്ല എന്നു മാത്രം പറഞ്ഞു. നീലാംബിക ഹേമയെ തൊട്ടു നോക്കിയിട്ട് “ചേച്ചിക്ക് നല്ല പനി” ഉണ്ടെന്നു പറഞ്ഞു. സത്യത്തിൽ അവൾക്ക് നല്ല പനി ഉണ്ടായിരുന്നു. പക്ഷെ ആ പനി അഗാധമായഹൃദയ വേദനയുടെ തീച്ചൂടിൽ നിന്നുണ്ടായതാണെന്ന് രാജലക്ഷ്മിയല്ലാതെ മറ്റാരും അറിഞ്ഞില്ല.

പിന്നീട് മൂന്നുമാസത്തോളം അവൾ ചിക്കൻ പോക്സ് വന്ന് കിടപ്പിലായി. മറ്റാരും നോക്കാനില്ലാത്തതിനാൽ രാജലക്ഷ്മി സ്ക്കൂളിൽ നിന്നും ലീവെടുത്ത് പകലെല്ലാം അവളെ ശുശ്രൂഷിച്ചു. വൈകുന്നേരം നീലാംബരിയും കിങ്ങിണി മോളും ആ കൃത്യം ഏറ്റെടുത്തു. ഹേമാംബികക്കു വേണ്ടി നന്ദൻമാഷിനോട് സംസാരിക്കാമെന്ന് രാജലക്ഷ്മി പറഞ്ഞിട്ടും ഹേമാംബിക സമ്മതിച്ചില്ല. “നന്ദൻമാഷിനെ തനിക്കു വിധിച്ചിട്ടില്ല” എന്നു മാത്രം പറഞ്ഞു അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പിന്നീട് അവൾ സ്ക്കൂളിലെത്തിയപ്പോഴെക്കും നന്ദൻമാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു.

നന്ദൻമാഷിനെക്കാണുമ്പോഴെല്ലാം ഹൃദയ വേദനയാൽ കുനിഞ്ഞ ശിരസ്സോടെ അവൾ ഒഴിഞ്ഞുമാറി. ഇതിനിടയിൽ കാലങ്ങൾ അവർക്കിടയിലൂടെ അതിവേഗതയിൽ കുതിച്ചുപാഞ്ഞു കൊണ്ടിരുന്നു… നന്ദൻമാഷ് രണ്ടു കുട്ടികളുടെ അച്ഛനായി.

ഹേമാംബികയ്ക്കാവട്ടെ സഹോദരങ്ങളിൽ നീലാംബരിയും കിങ്ങിണി മോളും പഠിച്ച് മിടുക്കരായി. നീലാംബരി കോളേജിൽ ലക്ചററാവുകയും, കാദംബരി എന്നു പേരുള്ള കിങ്ങിണി മോൾ എൻജീയറിങ് പാസ്സാകുകയും ചെയ്തു. മണിക്കുട്ടൻ ഹേമാംബിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ കഞ്ചാവടിയെല്ലാം ഉപേക്ഷിച്ച് പോളിടെക്നിക് പാസ്സാകുകയും ഗവൺമെന്‍റ് സർവ്വീസിൽ ഒരു ജോലി നേടുകയും ചെയ്തു.

സഹോദരങ്ങളെല്ലാം ഒരു നിലയിൽ എത്തുകയും നീലാംബരിയുടേയും കിങ്ങിണി മോളുടേയും വിവാഹം കഴിയുകയും ചെയ്തതോടെ ഹേമാംബികയും വിവാഹത്തിന് നിർബ്ബന്ധിക്കപ്പെട്ടു. സർക്കാർ ജോലിയുള്ള ബാലഗംഗാധരന്‍റെ ആലോചന വന്നപ്പോൾ അമ്മ അവളെ നിർബ്ബന്ധിച്ചു, “നീ ഇനി ഇങ്ങനെയിരുന്നാൽ ശരിയാവുകയില്ല ഹേമേ, നിന്‍റെയും കൂടി വിവാഹം കണ്ടിട്ടു വേണം എനിക്കു മരിക്കാൻ.”

അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോൾ ഹേമാംബിക വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ അവൾ ഏജീസ് ഓഫീസിൽ സീനിയർ എക്കൗണ്ടന്‍റായ ബാലഗംഗാധരന്‍റെ ഭാര്യയായി. കഴിഞ്ഞ കാലങ്ങൾ ഒരു തിരശ്ശീല മറയ്ക്കുള്ളിൽ നിന്നെന്ന പോലെ നൊടിയിടയിൽ ഹേമാംബികയുടെ മനസ്സിലൂടെ കടന്നുപോയി.

മനസ്സിന്‍റെ ജാലകത്തിനരികിൽ ഒരു കാഴ്ചക്കാരിയെപ്പോലെ ആ കാലങ്ങൾ കണ്ടു നില്ക്കുമ്പോൾ ഹേമാംബികയുടെ മനസ്സു മന്ത്രിച്ചു “അതെ അന്ന് താൻ അഗാധമായി നന്ദൻമാഷിനെ പ്രണയിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും അതദ്ദേഹത്തിനോട് തുറന്നു പറയാൻ തനിക്കായില്ല. ഒടുവിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി മറ്റൊരാളുടെ മുന്നിൽ വരണമാല്യത്തിനായി തല കുനിച്ചു കൊടുക്കുമ്പോൾ മന:പൂർവ്വമെങ്കിലും, നന്ദൻമാഷിനെ മറക്കാതിരിക്കാൻ തനിക്കായില്ല.

തങ്ങൾക്കുണ്ടായ ഏക മകനും, ഭർത്താവും ഒരു സ്കൂട്ടർ ആക്സിഡന്‍റിൽപ്പെട്ട് മരണമടഞ്ഞതോടെ ഏകയായ തന്‍റെ മുന്നിലേക്കാണ് അദ്ദേഹം വീണ്ടും എത്തിയത്. അദ്ദേഹത്തെ കണ്ടതോടെ  യൗവ്വനത്തിലെന്നതു പോലെ മനസ്സിലൊരു മയിൽപീലി വിടർത്തിയാടുന്നുണ്ടായിരുന്നു. എന്നാലിപ്പോൾ വീണ്ടും ശൂന്യത പടർന്നിരിക്കുന്നു. അവർ നനഞ്ഞ കണ്ണുകൾ തുടച്ച് അകത്തേക്ക് നടന്നു.

और कहानियां पढ़ने के लिए क्लिक करें...