പിറ്റേന്ന് നന്ദൻമാഷ് അമ്മാവനോടൊപ്പം പെണ്ണുകാണാനിറങ്ങുമ്പോൾ ഭാരതീയമ്മ കൈകൂപ്പി പ്രാർത്ഥിച്ചു. “എന്‍റെ മുല്ലക്കൽഭഗവതീ... ഇത്തവണയെങ്കിലും ഇവനാ പെണ്ണിനെ പിടിക്കണേ... ഈ കല്യാണം നടന്നാൽ ഞാൻ അമ്പലത്തിൽ ചുറ്റുവിളക്കും, നിറമാലയും, പായസവും കഴിച്ചോളാമേ...”

“എന്താണമ്മേ ഇത്... ഭഗവതിയാണോ ഞാനാണോ പെണ്ണിനെ ഇഷ്ടപ്പെടേണ്ടത്.” നന്ദൻമാഷ് കളിയാക്കി

“നീ തന്നെ. പക്ഷെ അതിന് ഭഗവതി തുണയ്ക്കണമല്ലോ.”

“ങാ... വേഗമാകട്ടെ. പന്ത്രണ്ടു മണിക്ക് രാഹുകാലം തുടങ്ങുന്നതിനു മുൻപ് അവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്.” മുകുന്ദൻ മേനോൻ ധൃതികൂട്ടി. നന്ദൻമാഷ് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് കാറിൽ ചെന്നു കയറി.

കാറിലിരിക്കുമ്പോൾ നന്ദൻമാഷിന്‍റെ മനസ്സു ശൂന്യമായിരുന്നു. പക്ഷെ മനസ്സിന്‍റെ ഏതോ കോണിൽ നനുത്ത ഒരാഹ്ലാദം തുടികൊട്ടിയിരുന്നു. ഈ കാണാൻ പോകുന്ന പെണ്ണ് തന്‍റെ ജീവിത സഖിയാകുമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ.

കാർ കൈതാരത്തു തറവാടിന്‍റെ പടി കടക്കുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മുറ്റത്ത് മാധവമേനോൻ ഭാര്യയോടൊത്ത് നിന്നിരുന്നു.

“അല്ലാ... നിങ്ങൾ വിചാരിച്ചതിലും നേരത്തേ എത്തിയല്ലോ...” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു.

“ശുഭസ്യ ശീഘ്രം എന്നല്ലേ?” മുകുന്ദൻ മേനോൻ പുഞ്ചിരിയോടെ ചോദിച്ചു.

“വരൂ... വരൂ നമുക്ക് അകത്തേക്കിരിക്കാം.” മാധവമേനോൻ അവരെ സ്വാഗതം ചെയ്തു. പൂമുഖത്ത് നിരത്തിയിട്ടിരുന്ന സെറ്റിയിൽ അവർ ഇരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം മുകുന്ദൻമേനോൻ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. നന്ദൻമാഷിന്‍റെ ഹൃദയവും അപ്പോൾ എന്തിനെന്നറിയാതെ തുടിക്കുകയായിരുന്നു...

അല്പം കഴിഞ്ഞ് നമ്രമുഖിയായി അവൾ എത്തി കർട്ടനു പിറകിൽ മറഞ്ഞു നിന്ന അവളോട് മുകുന്ദൻ മേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അവിടെ നിന്നാലെങ്ങനെയാ ഞങ്ങൾക്ക് പെൺകുട്ടിയെ കാണണ്ടേ...”

അതുകേട്ട് മാധവമേനോൻ പറഞ്ഞു, “മോൾ ഇങ്ങോട്ട് നീങ്ങിനിന്നോളു. എല്ലാവരും കാണട്ടെ.” അല്പം ലജ്ജയോടെ അവൾ കർട്ടനുപിറകിൽ നിന്നും മുന്നിലേക്കു നീങ്ങിനിന്നു. നീണ്ടു മെലിഞ്ഞ് മഞ്ഞൾക്കൊടി പോലെയുള്ള അവൾ ചായക്കപ്പുകൾ നിറഞ്ഞ കൈയ്യിലെ ട്രേ ഓരോരുത്തരുടെ മുന്നിലേക്ക് നീട്ടി. നന്ദൻമാഷിന്‍റെ മുന്നിലെത്തിയപ്പോൾ ആ കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഇടഞ്ഞു. ഏതോ വിദ്യുത്പ്രവാഹം ശരീരത്തിലൂടെ പാഞ്ഞു പോകുന്നതായി നന്ദൻമാഷിനു തോന്നി.

“മോൾ ഇവരെയൊന്നും അറിയില്ലായിരിക്കും. ഇത് തേവയ്ക്കലെ മുകുന്ദൻമേനോൻ. ഇത് അദ്ദേഹത്തിന്‍റെ അനന്തരവൻ നന്ദൻമാഷ്.” മാധവമേനോൻ മകളെ പരിചയപ്പെടുത്തി.

ആ കണ്ണുകൾ നന്ദൻമാഷിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു. ശാലീനത തുടിക്കുന്ന ആ മുഖത്തെ നീണ്ടിടം പെട്ട കണ്ണുകളുടെ സൗന്ദര്യവും സൗമ്യതയും നന്ദൻമാഷിന്‍റെ ഹൃദയത്തിലുടക്കി. മുകുന്ദൻ മേനോൻ പേരു ചോദിച്ചപ്പോൾ അവൾ പറഞ്ഞു, “സൗദാമിനി.”

“മിനി എന്ന് ഞങ്ങൾ വിളിക്കും” മാധവ മേനോൻ പറഞ്ഞു. മണികിലുങ്ങുന്നതു പോലെയുള്ള ആ സ്വരം ഒരു തേൻ തുള്ളിയായി നന്ദൻമാഷിന്‍റെ ഹൃദയത്തിൽ വീണു. നീണ്ടിട്ടതൂർന്ന കേശഭാരം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു.

അന്ന് അവിടെ നിന്നു തിരിച്ചു പോരുമ്പോൾ “ഇത് തന്നെ എന്‍റെ പെണ്ണ്.” ആ ഹൃദയം മന്ത്രിച്ചു. പോരുമ്പോൾ അവർ പെണ്ണിന്‍റെ ജാതകവും കൂടി കൈയ്യിൽ കരുതിയിരുന്നു. വീട്ടിലെത്തിയയുടനെ അമ്മയുടെ അന്വേഷണത്തിന് നന്ദൻമാഷ് പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...