ഏതോ ജാലകക്കാഴ്ചകളിലെന്ന പോലെ പത്തു നാൽപ്പതുവർഷം മുമ്പുള്ള ആ ജീവിതചിത്രങ്ങൾ ഹേമാംബിക ഒരിക്കൽ കൂടി നോക്കിക്കണ്ടു.

അന്ന് നന്ദൻ മാഷ് ആ പ്രദേശത്തെ പേരുകേട്ട ഹൈസ്കൂളിലെ യുപി വിഭാഗത്തിന്‍റെ ഹെഡ് മാസ്റ്ററായിരുന്നു. ആയിടെ ടി.ടി.സി കഴിഞ്ഞെത്തിയ ഹേമാംബിക അവിടത്തന്നെ സാമൂഹിക ശാസ്ത്രം അദ്ധ്യാപികയും.

പഴയതെങ്കിലും വൃത്തിയും വെടിപ്പുമുള്ള സ്കൂൾ അങ്കണം. ആ മലയോര ഗ്രാമത്തിലെ ഏക സർക്കാർ സ്ക്കൂളാണത്. അവിടത്തെ മലയാളം അധ്യാപകൻ കൂടിയാണ് നന്ദൻ മാഷ്. സുമുഖനും, മിതഭാഷിയുമെങ്കിലും കുട്ടികളോട് ഏറെ വാത്സല്യമുള്ള ചെറുപ്പക്കാരനായ അദ്ധ്യാപകൻ. അദ്ദേഹത്തിന്‍റെ ക്ലാസ്സുകൾ കുട്ടികൾ ഏറെ അച്ചടക്കത്തോടെ കേട്ടിരുന്നു.

“മലരണിക്കാടുകൾ തിങ്ങിവിങ്ങി

മരതകക്കാന്തിയിൽ മുങ്ങിമുങ്ങി.

കരളും മിഴിയും കവർന്നു മിന്നി

കറയറ്റൊരാലസ്യം ഗ്രാമഭംഗി.”

നന്ദൻമാഷ് കവിത ചൊല്ലുമ്പോൾ കുട്ടികൾ എല്ലാം മറന്ന് ഏറ്റുചൊല്ലി. അതൊരു കോറസ്സായി ആ വിദ്യാലയ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ പല അദ്ധ്യാപകരും അടുത്ത ക്ലാസ്സുകളിൽ നിന്ന് എത്തി നോക്കി, അതു കേട്ടിരിക്കും. അക്കൂട്ടത്തിൽ ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്രം അദ്ധ്യാപികയായ ഹേമാംബിക താൻ ക്ലാസ്സെടുക്കുന്നത് മറന്ന് നന്ദൻ മാഷിനെത്തന്നെ മതിമറന്നു നോക്കിനില്ക്കും.

മാതൃകാ അദ്ധ്യാപകനെന്ന് പേരുകേട്ട നന്ദൻമാഷിനെ അവർ ഒളിഞ്ഞും തെളിഞ്ഞും ആരാധിച്ചിരുന്നു. ഹേമാംബിക ടീച്ചറിന്‍റെ യൗവനത്തിന്‍റെ മണി മുറ്റത്ത് പ്രേമം പീലിവിടർത്തിയാടി… ചിലപ്പോൾ ഒരു മയക്കത്തിലെന്നോണം ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കുന്ന അവരെ കുട്ടികൾ ചെന്ന് തിരികെ വിളിക്കും.

“ടീച്ചറെ, അക്ബറിന്‍റെ പാഠം ടീച്ചർ മുഴുവനുമെടുത്തില്ല.” അതു കേൾക്കുമ്പോൾ സ്വബോധം വീണ്ടുകിട്ടിയ അവർ ലജ്ജയോടെ തല കുനിച്ച് സ്വയം പറയും. “അയ്യോ… ഞാനതു മറന്നു പോയല്ലോ.” എന്നിട്ട് തിരിഞ്ഞ് കുട്ടികളോടായി പറയും. “സോറി, കുഞ്ഞുങ്ങളെ. ടീച്ചർ ഇതാ വന്നു. ഞാൻ ഓഫീസ് റൂമിൽ നിന്നും ഒരു അത്യാവശ്യ കാര്യം എടുക്കാൻ വേണ്ടി പോയതാണ്. ങാ… ഇനി അത് പിന്നെയാകട്ടെ.”

കുട്ടികളുടെ മുന്നിൽ സ്വന്തം ജാള്യം മറച്ചുവച്ച് തിരിഞ്ഞു നടക്കുന്ന അവരെ നോക്കി കുട്ടികൾ അർത്ഥഗർഭമായി ചിരിക്കും. കാരണം നന്ദൻ മാഷിന്‍റെ കവിത കേൾക്കുമ്പോഴാണ് ടീച്ചർക്ക് ഈ സ്വയം മറന്നുള്ള നടത്തം ഉണ്ടാകാറുള്ളതെന്ന് കുട്ടികൾക്കറിയാം.

ഹേമാംബിക ടീച്ചറുടെ കരളും മിഴിയും നന്ദൻ മാഷിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏറെ നാളായി. അവർ ഈ സ്ക്കൂളിൽ വന്ന കാലം തൊട്ട് അവർ നന്ദൻ മാഷിൽ അനുരക്തയാണ്. എന്നാൽ മാഷിനോട് അതു തുറന്നു പറയാനുള്ള ധൈര്യം അവർക്കില്ല താനും. ടീച്ചറുടെ ആത്മമിത്രമായ രാജേശ്വരി ടീച്ചർ, ഹേമാംബികടീച്ചറുടെ ഉള്ളിൽ വിടർന്നു നില്ക്കുന്ന ഈ പ്രേമപുഷ്പത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ പ്രദേശത്ത് അയൽക്കാരികളായ അവർ പരസ്പരം പറയാത്ത കാര്യങ്ങളില്ല. ചിലപ്പോഴൊക്കെ രാജേശ്വരി ടീച്ചർ ഹേമാംബികയോട് ചോദിക്കാറുണ്ട്.

“തനിക്ക് നന്ദൻ മാഷിനോട് ഇത്ര പ്രേമമാണെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞു കൂടെ” എന്ന്. എന്നാൽ ഹേമാംബിക ടീച്ചർ കുനിഞ്ഞ ശിരസ്സോടെ പറയും. “മാഷിനെ മോഹിക്കാനുള്ള അർഹത എനിക്കുണ്ടെന്നു തോന്നുന്നില്ല രാജി. കാരണം ഞങ്ങൾ രണ്ടു ജാതിയിൽപ്പെട്ടവരാണ്. സാമ്പത്തികസ്ഥിതിയും വ്യത്യസഥം. മാഷാണെങ്കിൽ നല്ല സാമ്പത്തികവും കുല മഹിമയുമുള്ള തറവാട്ടിൽ നിന്നും വരുന്ന ആളാണ്. ഒറ്റമോൻ. ഞാനാണെങ്കിൽ പാവപ്പെട്ട ഒരു പ്യൂണിന്‍റെ മകൾ. പറയത്തക്ക കുലമഹിമയോ ധനശേഷിയോ ഒന്നും എനിക്കില്ല രാജി. പിന്നെ എനിക്കു താഴെ വേറെയും മൂന്ന് പേരുണ്ട്. ഒരു അനുജനും രണ്ട് അനുജത്തിമാരും. അവരെല്ലാം പഠിക്കുന്നതേ ഉള്ളു. ഇന്നിപ്പോൾ എന്‍റെ ശമ്പളം കൊണ്ടു വേണം കുടുംബം പുലരാൻ. ഞാൻ അദ്ദേഹത്തെ പ്രേമിക്കാൻ ചെന്നാൽ അദ്ദേഹത്തിന്‍റെ വീട്ടുകാർ അതു സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“എന്നാൽപ്പിന്നെ നീയിങ്ങനെ സ്വപ്നം മാത്രം കണ്ടു കൊണ്ട് നടന്നോ. അങ്ങേര് വേറെ വല്ലേരേം കല്യാണം കഴിച്ച് ജീവിച്ചോളും.”

ഹേമാംബിക ടീച്ചർ ഒരു നെടുവീർപ്പിട്ടുകൊണ്ട് നടന്നകലും. അവരുടെ വീട് ആ സ്ക്കൂളിനടുത്തായിട്ടാണ്. വീട്ടിലെത്തുമ്പോൾ തളർവാതം വന്ന് വയ്യാതെ കിടക്കുന്ന അമ്മയായിരിക്കും അവരെ ആദ്യം എതിരേൽക്കുന്നത്. സഹോദരങ്ങളെല്ലാം പഠിക്കാനും, അച്ഛൻ പുറത്തേക്കും പോയതിനാൽ ആരും തിരിഞ്ഞു നോക്കാനില്ലാത്ത പോലെ പകലെല്ലാം ഏകാന്തതയിൽ കഴിയുന്ന അമ്മയുടെ ശുശ്രൂഷ ഏറ്റെടുക്കുന്ന അവൾക്ക് ഒരു പൊട്ടിക്കരച്ചിലായിരിക്കും നേരിടേണ്ടിവരിക.

“ആരുമില്ലാതെ ഇങ്ങനെ ഒറ്റയ്ക്കു കിടന്നെനിക്ക് മതിയായി. എന്നെ എങ്ങനെയെങ്കിലും ദൈവം അങ്ങ് തിരിച്ചു വിളിച്ചാൽ മതിയായിരുന്നു.” തേങ്ങലുകൾക്കിടയിൽ അമ്മ പറഞ്ഞൊപ്പിക്കും. അപ്പോൾ അമ്മയെ തഴുകിക്കൊണ്ട് ഹേമാംബിക ചോദിക്കും. “അതിന് അച്ഛൻ അടുത്തില്ലായിരുന്നോ അമ്മേ.”

“ഓ… അങ്ങേര് പുറത്തോട്ട് പോയാപ്പിന്നെ ഒരു നേരത്താ വരവ്. കവലയിൽപ്പോയി നിന്ന് പഴയ കൂട്ടുകാരെയൊക്കെ കണ്ട് ചീട്ടുകളിച്ചു നില്ക്കുന്നുണ്ടാവും. എന്‍റെ കാര്യങ്ങള് നോക്കാൻ അങ്ങേർക്കെവിടെയാ നേരം.”

ഹേമാംബിക അതുകേട്ട് പ്രതിവചിക്കും, “ഇനീപ്പോ ഞാനെത്തീല്ലേ അമ്മേ അമ്മയ്ക്ക് എന്താവശ്യമുണ്ടേലും എന്നോട് പറഞ്ഞോളു.”

“ഓ… ദാഹിച്ചു ദാഹിച്ച് തൊണ്ടേലെ വെള്ളം വറ്റാറായി. ഒരിത്തിരി കട്ടൻവെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു ഹേമേ.”

ഹേമാംബിക ഉടൻ തന്നെ ആറ് ഗ്ലാസ്സ് ചായയ്ക്ക് വെള്ളം എടുത്തു. അടുപ്പു കത്തിച്ച് പഞ്ചസാരയും തേയിലയും ഇട്ട് അടച്ചുവച്ചു. പഞ്ചാസാരയും തേയിലയും എല്ലാം തീരാറായിരിക്കുന്നു. ഇനി ഈ മാസം തന്‍റെ ശമ്പളം കിട്ടിയിട്ടു വേണം എല്ലാം വാങ്ങിക്കാൻ. ആറേഴംഗങ്ങളുള്ള വീട്ടിൽ ഓരോ മാസവും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന പാട് തനിക്കു മാത്രമല്ലെ അറിയൂ.

ഹേമാംബിക ചിന്തയിൽ മുഴുകി അടുപ്പിനു സമീപം നിന്നു. അപ്പോൾ പകലത്തെ സംഭവങ്ങൾ വീണ്ടും മനസ്സിലേക്കോടിയെത്തി. ഇന്ന് നന്ദൻ മാഷിൽ മയങ്ങി താൻ സ്വപ്നാടനം നടത്തിയതിനെക്കുറിച്ച് ഓർത്തു. നാളെ കുട്ടികൾ പരസ്പരം അത്പറഞ്ഞ് ചിരിച്ചുവെന്ന് വരാം. അവരിൽ കൂടി ടീച്ചേഴ്സും അത് അറിഞ്ഞുവെന്നു വരാം. അല്ലെങ്കിൽത്തന്നെ സുഹൃത്തുക്കൾ പലരുമിപ്പോൾ തന്നെ കളിയാക്കിത്തുടങ്ങിയിരിക്കുന്നു.

“ഈയിടെയായി ഹേമാംബിക, നന്ദൻ മാഷിനെക്കാണുന്നത് ഉത്തരാസ്വയംവരം കഥകളി കാണുന്നതു പോലെയാണല്ലോ ആകെ ഒരു ചെണ്ട കൊട്ടും മേളവും തന്‍റെ ഉള്ളിൽ നടക്കുന്നുണ്ട് അല്ലേ?” അജിത ടീച്ചർ പലപ്പോഴും കളിയാക്കുമ്പോൾ ആ വാക്കുകളെല്ലാം ഹൃദയത്തിൽത്തട്ടി പൂത്തിരി കത്തിക്കുമ്പോലെ പൊട്ടിച്ചിതറാറാണ് പതിവ്. നന്ദൻ മാഷെന്ന മധുരസ്വപ്നക്കനി തന്‍റെ ഉള്ളിൽ പഴുത്തുപാകമായിത്തുടങ്ങിയിട്ട് നാളുകളേറെ ആയിരിക്കുന്നു.

തനിച്ചിരുന്ന് അതിന്‍റെ മധുരരസം ആവോളം നുണഞ്ഞിറക്കുകയാണ് പതിവ്… പക്ഷെ ചില നേരങ്ങളിൽ ആ സ്വപ്നം ഒരു ദുസ്വപ്നമായി തീരുമോ എന്നും ശങ്കിക്കാറുണ്ട്. തന്‍റെ നടക്കാത്ത അനേകം സ്വപ്നങ്ങളിൽ ഒന്നു മാത്രമായി ഇതും. അതേ… അതിനാണ് സാധ്യത ഏറെ. കാരണം ഇത്രനാളുകളായിട്ടും തന്‍റെ ഉള്ളിലുള്ളത് നന്ദൻ മാഷിനോട് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തന്നെ കാണുമ്പോൾ നിസംഗതയോടെ നോക്കുന്ന ആ കണ്ണുകളും ആഡ്യത്വവും അദ്ദേഹത്തോട് അടുക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നു.

പൂന്തോട്ടത്തിൽ പ്രത്യേക പരിലാളനമേറ്റു വളരുന്ന ഓർക്കിഡ് പുഷ്പവും, പരിചരണ മേല്ക്കാത്ത കാട്ടു പൂവും തമ്മിലുള്ള വ്യത്യാസം തങ്ങൾക്കിടയിലുണ്ട് എന്ന ഓർമ്മ തന്നെ പിന്നോട്ടു വലിക്കുന്നു. അറിയാതെ കണ്ണുകൾ നനഞ്ഞു വന്നു.

പെട്ടെന്ന് അകമുറിയിൽ നിന്ന് അമ്മയുടെ വിമ്മിഷ്ടത്തോടെയുള്ള വിളി കേട്ടു, “ചായ ആയില്ലെ ഹേമേ. ഒരു തുള്ളിയെങ്കിലും വെള്ളം അകത്തു ചെന്നില്ലെങ്കിൽ ഞാനിപ്പം ഇവിടെക്കിടന്നു ചത്തുപോകും.”

“ഇപ്പം കൊണ്ടുവരാം അമ്മേ…” അമ്മക്കുള്ള കട്ടൻചായയുടെ കാര്യം താൻ മറന്നതോർത്ത് കുറ്റബോധത്തോടെ വിളിച്ചു പറഞ്ഞു. പെട്ടെന്ന് ചായ ഒരു പാത്രത്തിലൊഴിച്ച് ആറ്റിയെടുത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയെ താങ്ങി ഇരുത്തി ചായ കുറേശ്ശെയായി വായിലേക്ക് ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു “ഒരു സമയമായാ വായില് വെള്ളം മുഴവൻ വറ്റിയതുപോലെ തോന്നും. അപ്പത്തന്നെ വെളളം കുടിച്ചില്ലേല് ചാകാൻ പോണ വെപ്രാളാ…”

“സ്കൂളി പോകുമ്പോ അമ്മേടടുത്ത് അച്ഛനുണ്ടല്ലോ അടുത്ത് എന്നു വിചാരിച്ചാ ഞാൻ നടക്കണെ. അച്ഛൻ ഇങ്ങനെ അമ്മയെ ഇട്ടിട്ടു പൊക്കളയും എന്ന് ഞങ്ങളറിഞ്ഞോ. എനിക്കാണെങ്കി സ്ക്കുളില് ഇന്നും മീറ്റിംഗ് ഉണ്ടായിരുന്നതാ. ഞാൻ പങ്കെടുക്കാതെ ഇങ്ങു പോരുകായിരുന്നു.”

“നിങ്ങക്കൊക്കെ സ്വന്തം കാര്യം നോക്കാനൊള്ള പ്രാപ്തിയുണ്ട്. അതില്ലാത്തതിപ്പോ എനിക്ക് മാത്രമല്ലെ? നിങ്ങടച്ഛനാണെങ്കി പണ്ടേ ഒരു ചുമതലാബോധം ഇല്ലാത്ത മനുഷ്യനാ. ജോലിയൊണ്ടാരുന്നപ്പോ കുറച്ചൊക്കെ ഒണ്ടായിരുന്നു. ഇപ്പം പിന്നെ പെൻഷൻ പറ്റിയില്ല്യോ. എല്ലാം നിന്‍റെ തലേ വച്ചേച്ച് അങ്ങേര് ഫ്രീയായിട്ടു നടക്കുകാ. മാത്രമല്ല ആ കവലയിലെ ചായക്കടയിൽ ചെന്നിരുന്ന് ചീട്ടുകളിയാ ഇപ്പോ അച്ഛനു ജോലി.കൂടെ കുറെ അലവലാതി ചങ്ങാതിമാരുമുണ്ട്.”

“ഓ… അച്ഛൻ പിന്നേം തൊടങ്ങിയോ ചീട്ടുകളി? എല്ലാം നിർത്തിയെന്നാണല്ലോ ഞാൻ കരുതിയത്?

“ഓ അങ്ങേര് അതൊന്നും നിർത്താൻ പോണില്ല… ചെറുപ്പം മുതൽ തൊടങ്ങിയ ശീലമല്ലേ. അതത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ അങ്ങേർക്കാവില്ലല്ലോ.”

“ശരി… ശരി… അച്ഛനിങ്ങു വരട്ടെ. ഞാനിന്ന് ചോദിക്കുന്നുണ്ട്. അമ്മയെ ഒറ്റയ്ക്കു കിടത്തിയിട്ട് പോയതെന്തിനാണെന്ന്.”

“ങ്ങാ… അതിനിനി അച്ഛൻ വരുമ്പോൾ ഒരു നേരമാകില്ലേ മോളെ. അപ്പോഴേക്കും നീ എല്ലാം മറന്നു പോകും.”

“ഇല്ല അമ്മേ… അച്ഛന് കഞ്ഞിവിളമ്പിക്കൊടുക്കുമ്പോ ഞാൻ ചോദിച്ചോളാം. അമ്മ ഇപ്പോ ഇത് കുടിക്ക്…” അമ്മ കട്ടൻചായ മുഴുവൻ കുടിച്ചു കഴിഞ്ഞ് ഹേമാംബിക ഒരു ടൗവ്വലെടുത്ത് അവരുടെ ചുണ്ടും മുഖവും തുടച്ചു കൊടുത്തു.

“ഹാവൂ… ഇപ്പഴാ ആശ്വാസമായത്. ഇനി നീ അടുക്കളയിലേക്ക് ചെന്നോ മോളെ.” ഹേമാംബിക ഒഴിഞ്ഞ ചായപ്പാത്രമെടുത്ത് അടുക്കളയിലേക്ക് നടന്നു. അപ്പോൾ പാടവരമ്പത്തുകൂടെ നീലാംബരിയും കിങ്ങിണി മോളും നടന്നുവരുന്നത് ഹേമാംബിക അടുക്കള ജനാലയിലൂടെ കണ്ടു.

നീലാംബരി പോസ്റ്റു ഗ്രാജ്വേഷന് അവസാന വർഷം, കിങ്ങിണി മോൾ എന്ന് ഓമനപ്പേരുള്ള കാദംബരി പത്താംക്ലാസ്സിൽ അവൾ പഠിക്കുന്ന സ്കൂളിൽ നിന്നുമാണ് മടങ്ങി വരുന്നത്. കിങ്ങിണി മോൾ നിറയെ വർത്തമാനം പറഞ്ഞ് ആഹ്ളാദവതിയായിട്ടാണ് വരുന്നത്. അവളുടെ കാലിലെ കൊലുസിന്‍റെ ശബ്ദം അന്തരീക്ഷത്തിൽ മണിനാദമുതിർക്കുന്നുണ്ട്. ഗേറ്റ് കടന്നെത്തിയ അവരെക്കണ്ട് അമ്മ വിളിച്ചു പറഞ്ഞു.

“ങാ… പിള്ളേര് വരുന്നുണ്ട് കേട്ടോ ഹേമേ പെട്ടെന്ന് ചായേം പലഹാരങ്ങളും എടുത്ത് മേശപ്പുറത്ത് വച്ചോ.” ഹേമാംബികയപ്പോൾ ദോശയ്ക്കുളള മാവ് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അവൾ അമ്മയോട് വിളിച്ചു പറഞ്ഞു “ഉവ്വ് അമ്മേ… ഞാൻ ദോശ ചുടാൻ തുടങ്ങുകയായിരുന്നു. അവരോട് കാലും മുഖവും കഴുകി അകത്തോട്ട് കേറിവരാൻ പറ.”

പാടത്തു കൂടി നടന്ന് കാലിൽ മുഴുവൻ ചേറിൽ പുതഞ്ഞായിരിക്കും അവർ വരുന്നത് എന്ന് ഹേമാംബികയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ കാൽ കഴുകിയിട്ടുമാത്രം അകത്തോട്ടു കേറിവന്നാൽ മതിയെന്ന് അവൾ പറഞ്ഞത്. കിങ്ങിണിയും നീലാംബരിയും ചവിട്ടുപടിയിൽ കാലുകുത്തുന്നതിനു മുമ്പേ ഭാനുമതിയമ്മ വിളിച്ചു പറഞ്ഞു.

“രണ്ടുപേരും കിണറ്റുകരേ ചെന്ന് കാലുകഴുകിയിട്ടു മാത്രം അകത്തോട്ടു കേറിയാ മതിയെന്ന് ഹേമ പറഞ്ഞിട്ടുണ്ട്.”

“ശരി അമ്മേ… ഞങ്ങളിതാ കാലുകഴുകാനായി കിണറ്റുകരയിലേക്കു പോവുകയാണ്.” അങ്ങനെ പറഞ്ഞ് നീലാംബരി അനുജത്തിയേയും കൂട്ടി കിണറ്റുകരയിലേക്ക് നടന്നു. കാലുകഴുകിയെത്തിയയുടനെ കിങ്ങിണി അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു “അമ്മേ ഇന്ന് പ്രസംഗ മത്സരത്തിനും സ്പോട്സിലും സ്ക്കൂളിൽ എനിക്കാണ് ഫസ്റ്റ്… സ്ക്കൂൾ വാർഷികത്തിന് എനിക്ക് ട്രോഫി കിട്ടും.”

“നീ തുള്ളിച്ചാടി വരുന്നതു കണ്ടപ്പഴെ എനിക്കു തോന്നി നിനക്കു പറയാൻ എന്തെങ്കിലും, സന്തോഷവർത്തമാനമുണ്ടാവുമെന്ന്. ഏതായാലും അമ്മയ്ക്ക് സന്തോഷായി. നിങ്ങളു രണ്ടുപേരും ഹേമയെപ്പോലെ പഠിച്ചുമിടുക്കരാകുമെന്ന് അമ്മക്കറിയാം. പക്ഷെ മണിക്കുട്ടന്‍റെ കാര്യത്തിലാ എനിക്ക് വിഷമം. അവന് പഠിക്കണമെന്ന വിചാരം തീരെക്കുറവാ. അച്ഛനെപ്പോലെ കൂട്ടുകൂടി നടക്കാനാ ഇഷ്ടം.” അതു പറയുമ്പോൾ ഭാനുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഈയിടെയായി അവന്‍റെ പെരുമാറ്റത്തിൽ ചില പ്രത്യേകതകൾ കാണുന്നുണ്ടമ്മേ, എപ്പോഴും മുറിക്കകത്തു തന്നെ കുത്തിയിരിപ്പാ. ഒന്നും ചോദിച്ചാ മിണ്ടുകില്ല.” നീലാംബരിയാണത് പറഞ്ഞത്.

അവളുടെ വാക്കുകൾ കേട്ട് ഭാനുമതിയമ്മ മനസ്സിടർച്ചയോടെ പറഞ്ഞു “ങാ… ആകെയുള്ള ഒരാൺതരിയാ… അവനിങ്ങനെ നിങ്ങടച്ഛനെപ്പോലെ ചുമതലാബോധമില്ലാതായാ മറ്റുള്ളവരെന്തു ചെയ്യും… എന്‍റെ കൃഷ്ണാ… എന്‍റെ കുഞ്ഞുങ്ങൾക്ക് നേർവഴി കാട്ടിക്കൊടുക്കണേ ഭഗവാനെ…” ഭാനുമതിയമ്മ മുകളിലേക്കു നോക്കി മനമുരുകി പ്രാർത്ഥിച്ചു.

അപ്പോഴേക്കും നീലാബരിയും കിങ്ങിണി മോളും അടുക്കളയിലെത്തിയിരുന്നു.

“എന്താ ചേച്ചീ… വിശന്നിട്ടു കണ്ണു കാണാൻ വയ്യ… എന്തെങ്കിലും തിന്നാനൊണ്ടെങ്കി താ ചേച്ചീ…” നീലാബരി ഹേമയുടെ തോളിൽ തൊട്ടുകൊണ്ടു പറഞ്ഞു.

“അതെ ചേച്ചീ… വിശന്ന് അറം പറ്റി. ബസ്സില് നല്ല തിരക്കായിരുന്നു. ഒള്ള ആമ്പിള്ളേര് മുഴുവൻ ഇടിച്ചു കേറിയിട്ടുണ്ടായിരുന്നു.” കിങ്ങിണി മോൾ പറഞ്ഞു.

പട്ടണത്തിലെ പേരുകേട്ട കോളേജിലാണ് നീലാംബരി പഠിക്കുന്നത്. കോളേജിൽ എത്തിയതിൽപ്പിന്നെ ആമ്പിള്ളേരോടു മിണ്ടാനുള്ള തന്‍റെ മടിയൊക്കെ മാറിയെന്ന് അവൾ പറഞ്ഞു. അതുകേട്ട് കിങ്ങിണി മോളും ഹേമാംബികയും അമ്പരന്നു

“അപ്പ ചേച്ചീ, ആമ്പിള്ളേരുമായിട്ട് കൂടിക്കുഴയാനാണല്ലേ കോളേജിൽ പോകുന്നത്.” കിങ്ങിണി മോൾ നീലാംബരിയെ കളിയാക്കി.

“ഏയ്… ഞാനങ്ങനെയൊന്നും പോകത്തില്ലെടീ. ഈ നാട്ടുമ്പുറത്തു ജനിച്ചുവളർന്നതു കൊണ്ടായിരിക്കാം എനിക്കതിനൊക്കെ മടിയാ. പിന്നെ ഞാൻ എല്ലാരോടും മിണ്ടുകേം വർത്തമാനം പറയുകേം ഒക്കെ ചെയ്യും.” അനുജത്തിമാരുടെ വർത്തമാനം കേട്ടു നിന്ന ഹേമാംബികയുടെ മനസ്സിലപ്പോൾ നന്ദൻ മാഷായിരുന്നു. തന്‍റെ മനസ്സിൽ കൂലം കുത്തിയൊഴുകുന്ന അനുരാഗ നദിയെപ്പറ്റി നന്ദൻ മാഷിന് ഒരു സൂചന നൽകാൻ പോലും കഴിഞ്ഞിട്ടില്ലല്ലോ എന്നവളോർത്തു.

നന്ദൻമാഷിനെക്കാണുമ്പോൾ ആഹ്ളാദത്തോടൊപ്പം മനസ്സിൽ വന്നു നിറയുന്ന വിറയലാണതിനു കാരണം. ഓരോ ദിനവും താൻ ധൈര്യം സംഭരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും നന്ദൻ മാഷിന്‍റെ സാമിപ്യത്തിൽ അതെല്ലാം പാഴിലായിപ്പോകാറാണ് പതിവ്.

“എന്താ ചേച്ചീ സ്വപ്നം കണ്ടു നില്ക്കുന്നത്. വിശക്കുന്നു ചേച്ചീ…” കിങ്ങിണി മോൾ ഒച്ചയുയർത്തി നിലവിളി പോലെ പറഞ്ഞു.

“ഓ… ഞാനതു മറന്നുപോയി. നീലു, നീയാ പ്ലേറ്റുകളെടുത്ത് മേശപ്പുറത്ത് വക്ക്. ഈ പാത്രത്തിലുള്ള ദോശയും ചമ്മന്തിയും എടുത്തു കൊണ്ടു പൊയ്ക്കോ.എന്നിട്ട് കിങ്ങിണി മോൾക്കും കൊടുക്ക്.”

ചുട്ടു വച്ചിരുന്ന ദോശകൾ അതിരുന്ന പാത്രത്തോടെ എടുത്തു കൊണ്ട് നീലാംബരി ഊണുമുറിയിലേക്കു നടന്നു പിറകേ കിങ്ങിണി മോളും. അവർ ദോശ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഹേമാംബിക ബാക്കിയുളളവർക്കും കൂടി ദോശ ചുട്ട് ആകെയുള്ള ഒരു കാസ്സറോളിലാക്കി അടച്ചുവെച്ചു. മണിക്കുട്ടൻ അല്പം കഴിഞ്ഞാലെത്തും. അവന് ചൂടാറാതെ ദോശകൊടുത്തില്ലെങ്കിൽ അവൻ വഴക്കിട്ട് ഒന്നും കഴിക്കാതെ എണീറ്റു പൊയ്ക്കളയും. ഹേമാംബിക മനസ്സിൽ വിചാരിച്ചു. രാത്രിയിലത്തെ കഞ്ഞിയും കലത്തിൽ വച്ച് അടുപ്പുകത്തിച്ചു. പിന്നീട് രണ്ടു ദോശയുമെടുത്ത് അമ്മ കിടക്കുന്ന കട്ടിലിനടുത്തെത്തി.

और कहानियां पढ़ने के लिए क्लिक करें...