പോർച്ചുഗീസ് കഫേയിൽ അധികം ആൾത്തിരക്കില്ല. നേർത്ത പാശ്ചാത്യ സംഗീതം പിന്നാമ്പുറങ്ങളിൽ നിന്നെങ്ങോ അലയടിക്കുന്നു. ബിഫാന സാൻവിച്ച് ഓർഡർ ചെയ്ത് ഒരു മസാല ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഞാൻ പരിസരമാകെ വീക്ഷിച്ചു കൊണ്ടിരുന്നു. ടേബിളിൽ പലതരം ഫാഷൻ മാഗസീനുകളും പേപ്പറുകളും ചിതറി കിടന്നിരുന്നു.

അലസമായി അവ പരിശോധിക്കുമ്പോൾ അതിൽ അന്നത്തെ സായാഹ്ന പത്രവും കണ്ടു. അതിൽ മുൻ പേജിൽത്തന്നെ വാർത്ത വന്നിട്ടുണ്ട്. പലയാവർത്തി വായിച്ചു.  എല്ലാം എനിക്കറിയാവുന്ന വിവരങ്ങൾ തന്നെ. ആ വാർത്തയിൽ നിന്നും പുതുതായി ഒന്നും തന്നെ മനസ്സിലാക്കാനില്ല. വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പ്രതികൾ ഉടനെത്തന്നെ പിടിയിലാകുമെന്നും എഴുതിച്ചേർത്തിരിക്കുന്നു.

കൊലപാതകമെന്ന് സംശയിച്ചേക്കാവുന്ന ദുരൂഹമരണങ്ങൾ വർത്തയാകുമ്പോൾ പ്രതികൾ ഉടൻ പിടിയിലാകുമെന്നതരത്തിലുള്ള റിപോർട്ടുകൾ പതിവാണ്. എന്നാൽ ആ വാർത്തയിൽ അവസാനം എഴുതിച്ചേർത്ത ഒരു വാചകം എന്‍റെ ശ്രദ്ധയാകർഷിച്ചു. അതിന്‍റെ നിജസ്ഥിതി നേരിട്ടറിയാൻ പത്രമാപ്പീസു വരെ ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു.

നഗരഹൃദയത്തിൽ നിന്നും ഏറെ മാറി ജനം പെരുകിത്തടിച്ച വഴിയോരങ്ങൾ. വഴിയുടെ ഇരുവശത്തും പലതരം കച്ചവടങ്ങൾ അരങ്ങു തകർക്കുന്നു, മുഷിഞ്ഞ ചുവരുകൾ പേറുന്ന പഴയകെട്ടിടങ്ങൾ. ഓടകളിൽ നിന്നെത്തി നോക്കി എവിടേക്കോ പാഞ്ഞുപോകുന്ന തടിച്ച എലികൾ. അസുഖകരമായ ഗന്ധം ഈച്ചക്കൂട്ടത്തെപ്പോലെ ഇരമ്പിയാർത്തു. ലോറികളിൽ നിന്നും അരിച്ചാക്കുകൾ ഇറക്കുന്ന യൂണിയൻകാരുടെ ദൈന്യ മുഖങ്ങൾ. അവരോട് ഇറക്കുകൂലിയുടെ പേരിൽ തർക്കിക്കുന്ന കടയുടമകൾ. ആ തിരക്കു പിടിച്ച വഴി അവസാനിക്കുന്നിടത്താണ് പത്രമാപ്പീസ്.

തുരുമ്പുപിടിച്ച ഒരു ഇരുമ്പു ബോർഡ് തുരങ്കത്തിലേക്കുള്ള ചൂണ്ടുപലക പോലെ പത്രമാപ്പീസിന്‍റെ മുന്നിൽ ദ്രവിച്ചു കിടന്നു. ഇടുങ്ങിയ ഇടനാഴി താണ്ടി ചെന്നെത്തിയത് സാമാന്യം ഭേദപ്പെട്ട ഒരു ഹാളിൽ. ഹാൾ പല മുറികളായി തിരിച്ചിട്ടുണ്ട്. എന്നെക്കണ്ട് ഒരു മെലിഞ്ഞ മധ്യവയസ്ക്കൻ എവിടെ നിന്നൊ ഓടി വന്ന് ചോദിച്ചു.

“പരസ്യം കൊടുക്കാനാണോ?”

“ആ… ഒരു പരസ്യം വേണം.” അയാളുടെ ഉത്കണ്ഠയാർന്ന മുഖം തെളിഞ്ഞു.

“വരൂ.“  എന്നെ ആനയിച്ചു കൊണ്ട് ഒരു മുറിക്കകത്തേക്കു കൂട്ടിക്കൊണ്ടുപോയി. പുരാതനമായ പത്രക്കെട്ടുകൾ ഫയൽ ചെയ്തു വച്ച ആ മുറിയിൽ രണ്ടു മരകസേരകൾ അതിഥികളെ കാത്ത് കിടന്നിരുന്നു. ആ മുറിയിൽ ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി നിന്നിരുന്നു. പൊടി തട്ടി എനിക്കിരിക്കാൻ കസേര നല്കി അയാൾ ഉപചാരപൂർവ്വം ചോദിച്ചു.

“കുടിക്കാൻ ചായയോ…”

എന്‍റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു. എന്‍റെ മനസ്സിന്‍റെ ആഗ്രഹം മുഖത്തു നോക്കി ഊഹിച്ചെടുത്ത അയാൾ സമീപത്തിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചായ ഗ്ലാസ്സിലേക്കു പകർന്നു. ഏറെ നേരം ഫ്ലാസ്കിലിരുന്നതിന്‍റെ ഗന്ധം വമിക്കുന്ന ചായ ഒരിറക്കു കുടിച്ചപ്പോൾ അയാൾ പരിചയപ്പെടുത്തി. പേര് ജോസ് മാനേജരാണ്. തുടർന്ന് അയാൾ ഒരു ഡയറിയെടുത്തു. അതു കണ്ട് ഞാൻ പറഞ്ഞു.

“ഞാൻ ഒരു ചെറിയ സ്ഥാപനം നടത്തുന്നുണ്ട്. അതിലേക്ക് ഒരു പരസ്യം വേണം. സായാഹ്ന പത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ളത് നിങ്ങളുടെ പത്രത്തിനാണല്ലോ?”

“എന്താ സംശയം… ഏറ്റവും കൂടുതൽ സർക്കുലേഷൻ ഞങ്ങൾക്കു തന്നെയാണ് പരസ്യച്ചെലവ് ഏറ്റവും കുറവും ഞങ്ങൾക്കാണ്.”

“പരസ്യത്തിന്‍റെ ജോലിയാണോ നിങ്ങൾക്ക്? നല്ല ലേഖനങ്ങളും വാർത്തകളും കാണാറുണ്ടല്ലോ അതിലും നിങ്ങൾക്ക് റോളുണ്ടോ?“

“ഞാനിവടുത്തെ ആൾറൗണ്ടർ ആണ്. കഥയെഴുതും, ലേഖനമെഴുതും, പരസ്യം, വാർത്തകൾ അങ്ങിനെ ഒരുപാടു ഉത്തരവാദിത്തങ്ങൾ ഇതിനൊക്കെ പുറമെ.  എന്തിനേറെ എനിക്ക് പത്രത്തിന്‍റെ ഏജൻസിയുമുണ്ട്.” ജോസ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

മാനേജർ ജോസിന്‍റെ പ്രകൃതം അല്പസ്വല്പം പിടികിട്ടിയ ഞാൻ കാര്യത്തിലേക്കു കടന്നു. “ഞാൻ എല്ലാം വായിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വാർത്ത ഒന്നാന്തരമായിരുന്നു. ഒരു ക്രൈം സ്റ്റോറി വായിക്കുന്ന പ്രതീതി. നല്ല നിലവാരമുള്ള എഴുത്ത്. ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ അതെല്ലാം വായിച്ചുതീർത്തത്! “

“ഓ അതോ പുഴയിൽ കെട്ടിത്താഴ്ത്തിയ ചാക്കുകെട്ട്. അതിലെ തലയില്ലാത്ത മൃതദേഹം, സുഹൃത്തേ ആ വാർത്ത കൊണ്ടുവന്നത് ഞാനല്ല. എന്നാൽ ആ വാർത്തയുടെ പ്രൂഫിൽ ഞാൻ കുറെ തിരുത്തുകൾ വരുത്തിയിരുന്നു.  പല കോണുകളിൽ നിന്നും ആളുകൾ വിളിച്ചിരുന്നു. പൊതുവെ ഗംഭീരമായി എന്നാണ് അഭിപ്രായം.”

തുടർന്ന് അയാൾ പത്രപ്പരസ്യങ്ങളുടെ നിരക്ക് രേഖപ്പെടുത്തിയ ലാമിനേറ്റു ചെയ്ത ഒരു ഷീറ്റെടുത്ത് എന്‍റെ നേരെ നീട്ടി. തുടർന്നതിനെക്കുറിച്ച് വിശദീകരിക്കാനൊരുങ്ങി.

ഞാനതു കേട്ട് ഇടക്കു കയറിപ്പറഞ്ഞു. “അതെ ഗംഭീരം തന്നെ ആയിരുന്നു. ഒരു സംശയവുമില്ല ആരാ പിന്നെ ആ വാർത്ത കൊണ്ടുവന്നു തന്നത്?”

“അത് ലോനപ്പേട്ടൻ ഇവിടുത്തെ സ്ഥിരം ജോലിക്കാരനല്ല. എഴുതുന്ന കോളത്തിനനുസരിച്ച് പ്രതിഫലം കൊടുക്കും. പക്ഷേ പുള്ളി കണ്ടുപിടിച്ച് കൊണ്ടുവരുന്നത് മിക്കതും പത്രത്തിൽ കൊടുക്കാൻ പറ്റാത്തവയാണ്. അങ്ങനെ കുറെ ആളുകൾ നമുക്കുണ്ട്. നാള്‌ഫലം എഴുതാനും രാമായണമാസകാലത്തു രാമകഥ എഴുതാനും സിനിമകഥകൾ എഴുതാനും ആളുണ്ട്. പരസ്യം നമുക്ക് കളറ് കൊടുത്താലോ? പെട്ടന്ന് എല്ലാരുടേയും കണ്ണിൽ പെടും.”

“ശരി കളറുമതി. അധികം സ്പേസിൽ വേണ്ട.  ഏതായാലും നല്ല ചില സാമ്പിളുകൾ തരൂ. ഞാൻ നോക്കി തെരഞ്ഞെടുത്ത് ഉടനെത്തന്നെ അറിയിക്കാം.”

അയാൾ പലതരം പരസ്യസാമ്പിളുകൾ അടുക്കി വച്ച ഫയലെടുത്ത് എനിക്കു നേരെ നീട്ടി. അതു വാങ്ങുന്നതിനിടയിൽ ഞാൻ നിരുന്മേഷത്തോടെ ചോദിച്ചു, “ഈ ലോനപ്പേട്ടൻ ഇപ്പോൾ എവിടെ കാണും?”

”ആ ഇപ്പോ ആരാധനേൽ കാണും. കൊറച്ചു മുന്നേ ഇവിടെ വന്നു കാശ് മേടിച്ച് പോയതല്ലേ?”

ഏതായാലും ഇവിടെ വന്നതിന്‍റെ ഉദ്ദേശം വേറെ ആണെങ്കിലും ഈ പത്രത്തിൽ ചെറിയ ഒരു പരസ്യം കൊടുത്തു നോക്കാം. പരസ്യം മൂലം ഏതെങ്കിലും പദ്ധതികൾ ഒത്തു വന്നെങ്കിലോ? ജോസ് നീട്ടിയ ഫയലിൽ നിന്നും ഒരു സാമ്പിൾ തിരഞ്ഞെടുത്ത് ഫയൽ തിരിച്ചു കൊടുത്തു. എന്‍റെ സ്ഥാപന വിവരങ്ങൾ ഡയറിയിൽ എഴുതിച്ചേർക്കുന്നതിനിടെ അയാൾ പലവട്ടം എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജോസിനോട് യാത്ര പറഞ്ഞ് ഒരു ചെറിയ തുക അഡ്വാൻസ് നല്കി പുറത്തിറങ്ങി.

എത്രയും വേഗം ലോനപ്പേട്ടനെ കണ്ടു പിടിക്കണം. ആരാധനയിലുണ്ടാകുമെന്നാണ് ജോസ് പറഞ്ഞത്. അല്ല ഈ ആരാധന എന്ന് പറയുന്നത് എന്ത് സേവനം നൽകുന്ന സ്ഥാപനമാണാവോ? ജോസിന്‍റെ സംസാരത്തിൽ നിന്നും എല്ലാവർക്കും പരിചിതമായ ഒരു പ്രശസ്തസ്ഥാപനം ആണ് ആരാധന. ഏതായാലൂം ഞാനിതുവരെ ആരാധനയെക്കുറിച്ചു കേട്ടിട്ടില്ല.

വഴിത്താരയിലെ തിരക്കുകൾ ശമനമില്ലാതെ തുടർന്നു. ദീനമായ പരിക്ഷീണമായ മനുഷ്യമുഖങ്ങൾ ഞൊടിയിടയിൽ കൺമുമ്പിലൂടെ വന്നു പോയ്കൊണ്ടിരുന്നു. അല്പദൂരം നടന്നശേഷം ഒരോട്ടോയിൽ കയറ്റി ആരാധനയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓട്ടോക്കാരന്‍റെ മുഖത്തിന്‍റെ കോണിൽ ഒരു ചിരി വിടർന്നു. മദ്യപൻമാരെ കാണുമ്പോൾ വിരിയുന്ന പരിഹാസച്ചിരി. ആരാധനയിലെ സേവനമെന്തെന് എനിക്ക് വ്യക്തമായി. ആരാധനയിലെത്താൻ അധികം സമയമെടുത്തില്ല.

ഒരിടത്തരം ബാർ കം റസ്റ്റോറന്‍റ്.  ബാറിൽ കയറി ഞാൻ പരിസരം വീക്ഷിച്ചു കൊണ്ടിരുന്നു. സ്ഥിരം ഉപഭോക്താക്കളെ ബാർ മാൻമാർക്ക് നിശ്ചയമായും അറിയുമായിരിക്കും. ഒരു ഗ്ലാസ്സ് ബിയർ എനിക്കായി പകരുന്നതിനിടെ ലോനപ്പേട്ടനെക്കുറിച്ച് ഞാൻ ആരാഞ്ഞു. ചിരപരിചിതനായ ഒരാളുടെ പേരുകേട്ട മുഖഭാവത്തോടെ ബാർമേൻ പറഞ്ഞു.

“ലോനപ്പേട്ടൻ ഇവടെ വന്നിരുന്നു. പെട്ടെന്നെന്തോ കാര്യത്തിന് പുറത്തു പോയി.  പുള്ളി വരും ക്വോട്ട തികച്ചില്ല. ക്വോട്ട തികക്കുന്നതു വരെ ഇവിടെത്തന്നെ ഉണ്ടാകും.“

ബിയർ നിറച്ച സ്ഥടികവുമായി ഞാൻ ഒരൊഴിഞ്ഞ മൂലയിൽ ചെന്നിരുന്നു. ചെറു കുമിളകൾ വലിയ രൂപം പ്രാപിച്ച് ഗ്ലാസ്സിനു മുകളിൽ പാറിക്കിടന്നു. ഒരിറക്ക് ബിയർ കുടിച്ചശേഷം ഗ്ലാസിന് മുകളിൽ മേലാപ്പ് പോലെ പതയുന്ന ബിയറു നോക്കി ഞാൻ അൽപനേരം ഇരുന്നു, പതുക്കെ പത ശമിക്കുകയാണ്, മേലാപ്പ് അപ്രത്യക്ഷമാകുകയാണ്‌. ഒരെത്തും പിടിയും കിട്ടാത്ത ആധുനിക ചിത്രം പോലെ പ്രശ്നം കെട്ടുപിണഞ്ഞ് കിടക്കുന്നു.

ഫ്രാൻസിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊക്കാർഡ് പറഞ്ഞിട്ടുള്ളത്‌, ഒരു കുറ്റവാളി സംഭവസ്ഥലത്തേക്ക് എന്തെങ്കിലും കൊണ്ടുവരും എന്തെങ്കിലും അവശേഷിപ്പിക്കുകയും ചെയ്യും എന്ന വസ്തുതയാണ്. ഒപ്പം ഏതെങ്കിലും രണ്ട് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ, ഓരോ വസ്തുവിനും ഇടയിൽ പദാർത്ഥത്തിന്‍റെ കൈമാറ്റം എപ്പോഴും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു വക്കുന്നു. സത്യത്തിൽ അതാണല്ലോ ഫോറൻസിക് സയൻസിന്‍റെ അടിസ്ഥാന ശില.

ഇവിടെ കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്താണ്? അവശേഷിപ്പിച്ചതെന്താണ്? അതു തന്നെയാണ് കുറ്റവാളിയിലേക്കുള്ള ദിശാ സൂചകം. സംഭവസ്ഥലത്തേക്ക് കൊണ്ടു വന്നത് ചൂടിക്കയർ കൊണ്ട് വരിഞ്ഞു കെട്ടിയ ചാക്കുകെട്ട്. ചാക്കുകെട്ടിൽ ഒരു പുരുഷന്‍റെ ശരീരാവശിഷ്ടങ്ങൾ. തീർത്തും തിരിച്ചറിയാനാകാത്ത വിധം വികലമാക്കിയ ശരീരാവശിഷ്ടങ്ങൾ. ഇവിടെ കൊണ്ടുവന്നതും അവശേഷിച്ചതും ചാക്കുകെട്ടു തന്നെ. ആ ചാക്കു തന്നെ ദിശാ സൂചകം. ആ ചാക്കുകെട്ടിനെ പിൻതുടർന്നാൽ കുറ്റവാളിയിലേക്കെത്തും എന്ന് മനസ്സു പറയുന്നു.

ചാക്കുകെട്ടു ഞാൻ കണ്ടതാണ്. പുറമെ വിശേഷ വിധിയായി ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടുമില്ല. പിന്നീടുള്ളത് പദാർത്ഥങ്ങളുടെ കൈമാറ്റം. കുറ്റവാളിക്കും ചാക്കുകെട്ടിനുമിടയിൽ പദാർത്ഥത്തിന്‍റെ വിനിമയം നടന്നിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ മേൽത്തരം ശാസ്ത്രസാങ്കേതികവിദ്യ അനിവാര്യമാണ്. ചാക്കുകെട്ടിന്‍റെ വിദഗ്ധപരിശോധനയിലൂടെയേ അത് വ്യക്തമാകു. അത്തരം പരിശോധന എന്‍റെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല.

കയ്പ് പടർന്നു തുടങ്ങിയ തണുത്ത ബിയർ അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ ബാർ മാൻ വന്ന് പറഞ്ഞു. “ദാ അതാണ് നിങ്ങൾ അന്വേഷിച്ച കക്ഷി. ലോനേട്ടൻ.”

ഞാൻ ആകാംക്ഷാപൂർവ്വം ബാർ മാൻ കണ്ണുകൊണ്ടാംഗ്യം കാണിച്ചിടത്തേക്ക് നോക്കി. വെളുത്ത ജുബ ധരിച്ച് ഒരാൾ തൊട്ടടുത്ത ടേബിളിലിരുന്ന് വിശാലമായ മദ്യപാനത്തിന് വട്ടം കൂട്ടുന്നു. സമയം നഷ്ടപ്പെടുത്താതെ ഉടൻ തന്നെ ലോനപ്പേട്ടനോട് മൗനാനുവാദം വാങ്ങി അയാൾക്കു എതിർവശത്തെ കസേരയിൽ ചെന്നിരുന്നു. അപരിചിതത്വത്തിന്‍റെ മിഴിമുന അയാളിൽ നിന്നും എന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്കനുഭവപ്പെട്ടു.

ഞാനുടനെ പരിചയപ്പെടലിന്‍റെ ഘട്ടത്തിലേക്ക് നീങ്ങി. സായാഹ്ന പത്രത്തിൽ പരസ്യം നല്കുന്നതിനായി പോയ കാര്യവും ജോസേട്ടനെ പരിചയപ്പെട്ട കാര്യവുമെല്ലാം പറഞ്ഞിട്ടും ഒരടുപ്പം അയാൾ കാണിക്കുന്നില്ല. ജോസേട്ടനെപ്പറ്റി പറഞ്ഞപ്പോൾ അയാളുടെ മുഖം ചുവന്നു ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബാർമേന്‍റെ അടുക്കൽ ചെന്ന് ഒരു ബോട്ടിൽ സിഗ്നേച്ചർ പറഞ്ഞു ഇരിപ്പിടത്തിലേക്ക് നീങ്ങി.

ബോട്ടിൽ കൊണ്ടു വച്ചതും ലോനപ്പേട്ടന്‍റെ ചടച്ച മുഖം തിളങ്ങി. നിമിഷങ്ങൾക്കുള്ളിൽ അയാൽ പരിചിതനായി. വാചാലനായി. കഥകൾ പ്രവഹിച്ചു തുടങ്ങി. പഴയ കാല നക്സൽ അനുഭാവിയാണ് ലോനപ്പേട്ടൻ എന്ന് എനിക്ക് തോന്നി. ഒരു പെഗ് മദ്യം ഒറ്റവലിക്ക് വലിച്ചു കുടിച്ചശേഷം നടപ്പുവ്യവസ്ഥിതിയിൽ സാമൂഹികമാറ്റം സായുധ വിപ്ലവത്തിലൂടെ മാത്രമേ കൈവരുകയുള്ളു എന്നയാൾ ഉറപ്പിച്ചുപറഞ്ഞു.

രക്തം ചിന്താതെ സമൂഹത്തിലെ സാമ്പത്തികസന്തുലനം ഒരു മരീചികയായിത്തന്നെ തുടരുമെന്ന് അയാൾ ഉദാഹരണങ്ങളിലൂടെ സമർത്ഥിച്ചു. അയാൾ പറയുന്നതിനോടൊക്കെ യോജിച്ചു കൊണ്ടും തലകുലുക്കി സമ്മതിച്ചും ഞാൻ മദ്യം പകർന്നു കൊടുത്തുകൊണ്ടിരുന്നു.

വസന്തത്തിന്‍റെ ഇടിമുഴക്കം വന്നു ഭവിക്കാത്തതും സായുധ വിപ്ളവങ്ങൾ അപ്രായോഗികമായതിന്‍റെ ഇച്ഛാഭംഗവും അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു. പരിമിതികളേറെയുണ്ടെങ്കിലും ഇന്നും ചൂഷക വ്യവസ്ഥിതികളോടുള്ള പോരാട്ടം എഴുത്തുകളിലൂടെയും പ്രവൃത്തികളിലൂടെയും ലോനപ്പേട്ടൻ തുടരുന്നു.

ചില മനുഷ്യർ അങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ചു തുടങ്ങാനാണ് പ്രയാസം. സംസാരം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പെട്ടന്നൊന്നും അവസാനിപ്പിക്കുകയില്ല. ജോസേട്ടൻ എന്ന ബുർഷ്വാ മാനേജരെപ്പറ്റി കടുത്തവാക്കുകൾ പറയുവാൻ തുടങ്ങി തൊഴിലാളികളുടെ ചോരകുടിച്ചു ജീവിക്കുന്ന ഒരട്ടയാണ്‌ ജോസ് എന്നും ലോനപ്പേട്ടൻ പറഞ്ഞു വച്ചു.

ലോനപ്പേട്ടന്‍റെ വീരഗാഥകൾ കാടുകയറിത്തുടങ്ങി. അതു കൊണ്ട് എനിക്ക് വിശേഷിച്ചൊരു ഗുണമില്ലെന്ന് ബോധ്യം വന്നതിനാൽ ഞാൻ സാവകാശം അയാൾ സായാഹ്നപ്പത്രത്തിൽ നല്കിയ വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മികവുറ്റ സിഗ്നേച്ചർ മദ്യം സ്ഫടിക ഗ്ലാസ്റ്റിലേക്ക് ചിതറി വീണു. അതിന്‍റെ ലഹരിയുൾക്കൊണ്ട് ലോനപ്പേട്ടൻ കളം നിറഞ്ഞു. ഏറെ നിർബന്ധിച്ചപ്പോൾ ആ വാർത്തയും വിശദാംശങ്ങളും കൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ലോനപ്പേട്ടൻ പറഞ്ഞു തുടങ്ങി.

റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ബൈക്കുകൾ തുടർച്ചയായി മോഷണം പോകുന്നതു സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു ലോനപ്പേട്ടൻ. അവിടെ പരിചയമുള്ള പോലീസുകാരുണ്ട്. സായാഹ്ന പത്രത്തിൽ കൊടുക്കാൻ പറ്റിയ വാർത്തകൾ അവിടെ നിന്നും പലപ്പോഴും ലഭിക്കാറുണ്ട്. അത്തരം വാർത്തകൾ അല്പം പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.

അന്നൊരു ദിവസം കാര്യമായ വാർത്തകൾ ഒന്നും തടയാതെ പോലീസ് സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരഞ്ഞു നടക്കുമ്പോഴാണ് കായൽ പരിസരത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ട മനുഷ്യ ശരീരഭാഗങ്ങൾ ചാക്കുകെട്ടിൽ നിന്നും ലഭിച്ചതായുള്ള വാർത്ത പരന്നത്. സമയം കളയാതെ ഉദ്യോഗജനകമായ ഒരു വാർത്ത തടഞ്ഞ ജിജ്ഞാസയിൽ സംഭവ സ്ഥലത്തെത്തി.

സംഭവം അടുത്തു നിന്നും കാണാൻ പറ്റി. അർത്ഥശങ്കക്കിടയില്ലാത്ത ഭീകരമായ ഒരു കൊലപാതകം. കൊലപാതകിക്ക് ഇരയോടുള്ള തികഞ്ഞ പകയും പ്രതികാരവും ഒറ്റ നോട്ടത്തിൽ പകൽ പോലെ വ്യക്തം. കൊലപാതക വാർത്തകൾ റിപ്പോർട്ടു ചെയ്തുള്ള അനുഭവസമ്പത്തും അല്പസ്വല്പം ഭാവനാ ചാതുര്യവും സമാസമം ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി. വായനക്കാർ അത് സ്വീകരിച്ചു. അതു കൊണ്ടാണല്ലോ ആ വാർത്ത വന്ന ദിവസം രണ്ടായിരം കോപ്പിയിലേറെ പത്രം വിറ്റുപോയത്.

ലോനപ്പേട്ടന്‍റെ ശുഷ്ക്കിച്ച മുഖത്ത് നേരിയ ചിരി പടർന്നു. സിഗ്‌നേച്ചർ ബോട്ടിലിലെ നിരപ്പ് താണു. ലോനപ്പേട്ടൻ തീർത്തും ഉല്ലാസവാനായി. ബെയററെ വിളിച്ച് മസാലക്കപ്പലണ്ടി ഓർഡർ ചെയ്തു വരുത്തി. ലോനപ്പേട്ടൻ വിഷയം വിട്ട് വീണ്ടും കാടുകയറാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.

“വാർത്തയുടെ അവസാനം ബേക്കറിയുമായി ബന്ധപ്പെടുത്തി ഏതാനും വരികൾ കണ്ടിരുന്നല്ലോ? അതെനിക്ക് വ്യക്തമായില്ല! ഒരിറക്ക് മദ്യം കഴിച്ച് ലോനപ്പേട്ടൻ പൊട്ടിച്ചിരിച്ചു.

“അതെന്താ സംഭവമെന്ന് അവിടം പരിശോധിച്ച പോലീസുകാർക്കും മനസ്സിലായിട്ടില്ല. ഇപ്പോൾ അവർ മനസ്സിലാക്കിയിട്ടുണ്ടാവും. അത്തരം കാര്യങ്ങളൊക്കെ തിരിച്ചറിയാൻ നിരീക്ഷണബുദ്ധി വേണം അതിനുപരിയായി ജീവിതാനുഭവങ്ങൾ വേണം. ”

ഏറെ മദ്യം അകത്തു ചെന്നിട്ടും ലോനപ്പേട്ടന്‍റെ നാവു കുഴയുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. വ്യക്തമായി സ്ഫുടതയോടെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. “നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലേ ഇന്നുവരെയുള്ള ജീവിതത്തിൽ ചെയ്തിട്ടുള്ളൂ?” ഞാൻ തലകുലുക്കി സമ്മതിച്ചു.

“ഞാൻ പത്താം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ആളാണ്. കൂലിപ്പണി, സോഡാ കമ്പനി, ഹോട്ടൽ, ബേക്കറി ആ പട്ടിക ഏറെയുണ്ട്. ആ അനുഭവപരിചയം കൊണ്ടാണ് ഞാൻ അങ്ങനെയൊരു നിഗമനത്തിലെത്തി വാർത്ത കൊടുത്തത്. മഹാരാഷ്ട്രയിൽ നിന്നൊക്കെ ഇറക്കുമതി ഉണ്ടെങ്കിലും കേരളത്തിലേക്ക് പഞ്ചസാര പ്രധാനമായും എത്തുന്നത് കർണാടകയിൽ നിന്നാണ്. അത്തരം ചാക്കുകൾ ഞാൻ ഏറെ ചുമന്നിട്ടുണ്ട്. വല്ലാത്ത ഭാരമാണ് അവയ്ക്ക്.  അത്തരം ചാക്കുകൾ തിരിച്ചറിയാൻ എനിക്കേറെ സമയം വേണ്ട. ആ മനുഷ്യ ഭാഗങ്ങൾ പഞ്ചസാരച്ചാക്കിലാക്കിയാണ് പുഴയിൽ തള്ളിയതെന്നതിന് സംശയം വേണ്ട. പിന്നെ ചാക്കു കണക്കിന് പഞ്ചസാര ഉപയോഗിക്കാറുള്ളത് വൻകിട ബേക്കറികളിലാണ്. അതു കൊണ്ടാണ് സംശയ നിഴൽ ബേക്കറി ഉടമയിലേക്ക്‌ എന്നൊരു കാച്ചു കാച്ചിയത്.”

“പോലീസ് ലോനപ്പേട്ടനോട് ഇക്കാര്യം ആരാഞ്ഞിരുന്നോ?“

“ഇല്ല. ഇതവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പിന്നെ എന്‍റെ വാർത്തകൾ അവർ കാര്യമായിട്ടെടുക്കാറുമില്ല. ചില മുന്നനുഭവങ്ങൾ ഉണ്ടെന്ന് വച്ചോ. അവരു കണ്ടു പിടിക്കട്ടെന്നെ ടെക്നോളജിയും മാൻ പവ്വറും ഉണ്ടല്ലോ.“

ഞാൻ അത് ശരിവച്ചു. ടെക്നോളജി നൽകുന്ന പിൻബലത്തിനു പകരം വക്കാൻ മറ്റൊന്നില്ല. സിഗ്‌നേച്ചർ നിരപ്പ് താഴെ തൊട്ടു, അതുകണ്ടിട്ടാവണം അല്പം തിരക്കുഭാവിച്ചു അയാൾ എഴുന്നേൽക്കാനാഞ്ഞു, ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ തന്നു. മദ്യത്തിന്‍റെ പണം താൻ തന്നെ കൊടുക്കാമെന്ന ഭംഗിവാക്ക് പറഞ്ഞ് ലോനപ്പേട്ടൻ എഴുന്നേറ്റ് പോകാനൊരുങ്ങി. യാത്ര ചോദിച്ചു.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു മദ്യം കഴിച്ചവന്‍റെ യാതൊരു ശരീരഭാഷയും ദൃശ്യമാക്കാതെ തോളത്തു ഒരു തുണിസഞ്ചിയും തൂക്കി ലോനപ്പേട്ടൻ നടന്നുപോകുന്നത് ഞാൻ നോക്കി നിന്നു.

और कहानियां पढ़ने के लिए क्लिक करें...