“എങ്ങും പോകല്ലേ സൗദാമിനി… ഞാൻ ഉറങ്ങിഉണരുമ്പോഴും നീയിവിടെ ത്തന്നെയുണ്ടാകണം… എനിക്ക് പേടിയാ സൗദാമിനി… ഇപ്പോൾ എല്ലാറ്റിനേം പേടിയാ… സുമേഷിനെ… അവന്‍റെ ഭാര്യയെ… അങ്ങനെ എല്ലാറ്റിനേം എനിക്കു പേടിയാ… ”

നന്ദൻ മാഷ് ഹേമാംബികയുടെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു. ഹേമാംബികയുടെ കൈകൾ അപ്പോൾ അയാളെ ചേർത്തു പിടിച്ചിരുന്നു. അറിയാതെ ഒരു മയക്കത്തിലേക്ക് വഴുതിവീണത് നന്ദൻ മാഷ് അറിഞ്ഞില്ല.

ഹേമാംബികയാവട്ടെ നന്ദൻ മാഷ് ഉറങ്ങിയിട്ടും അവിടന്ന് മാറാതിരുന്നു. ഒരു പക്ഷെ ഉണരുമ്പോൾ അദ്ദേഹം ഭാര്യയെന്ന് കരുതുന്ന തന്നെ കാണാതെ വിഷമിച്ചാലോ? ഇനിയും നന്ദൻ മാഷിനെ വിഭ്രാന്തിയിലേക്ക് തള്ളിവിടാൻ താനായിട്ട് ഇടയുണ്ടാക്കരുത്. ഹേമാംബിക കരുതി

ഇതിനിടയിൽ നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ എത്തിച്ച പാൽക്കാരൻ പയ്യൻ മുരുകൻ, സുമേഷിന്‍റെ വീട്ടിലും പാലും കൊണ്ടെത്തി. നന്ദൻ മാഷിനെക്കാണാതെ പലയിടത്തും അന്വേഷിച്ചുകൊണ്ടിരുന്ന അവരോട് അവൻ താൻ നന്ദൻ മാഷിനെ രാവിലെ കണ്ട വിവരം പറഞ്ഞു.

“അപ്പൂപ്പനെ ഞാൻ കണ്ടല്ലോ. അപ്പൂപ്പനെ ഞാനാ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കിയത്.” അവൻ സുമേഷിനോടു പറഞ്ഞു.

“വൃദ്ധമന്ദിരത്തിലൊ അതെന്തിനാ അച്ഛൻ അങ്ങോട്ടു പോയത്?”

“അവിടെ അമ്മൂമ്മ കാത്തു നില്ക്കും എന്നു പറഞ്ഞു.”

“ഈ അച്ഛനു തനി വട്ടായെന്നാ തോന്നുന്നേ. അമ്മ കാത്തു നില്ക്കും പോലും…”

സുമേഷിന്‍റെ ഭാര്യ താരയാണ് പല്ലിറുമ്മിക്കൊണ്ട് അതു പറഞ്ഞത്. അവൾ പുതിയ ചുരിദാർ ധരിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ ഒന്നര വയസ്സായ ഇളയ മകനെ ഒക്കത്തെടുത്ത് ജോലിക്കാരി ശാന്തിയും അടുത്തു നില്പുണ്ട്.

“അതു ശരിയാ. ഈയിടെയായി അച്ഛന് മാനസികമായി എന്തോ നല്ല കുഴപ്പമുണ്ട്. യഥാർത്ഥത്തിലുള്ളതൊന്നുമല്ല കാണുന്നതും പറയുന്നതും. എപ്പോഴും അമ്മയെപ്പറ്റിയുള്ള ചിന്തയാ. അമ്മ ജീവിച്ചിരുപ്പുണ്ടെന്നാ അച്ഛനിപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഇപ്പഴത്തെ കാര്യങ്ങൾ പലതും ഓർമ്മയില്ല താനും. അച്ഛൻ പലതും ചെയ്യുന്നതും പറയുന്നതും ഒരോർമ്മയും ഇല്ലാതെയാ…” താര ഈർഷ്യയോടെ സുമേഷിനെ ഓർമ്മപ്പെടുത്തി.

“എന്തായാലും ഞാനവിടം വരെ ഒന്നു പോയി നോക്കി വരട്ടെ. നീ അപ്പഴേക്കും എനിക്ക് ഓഫീസിൽ പോകാനുള്ളതൊക്കെ ഒരുക്കിവക്ക്.” അല്പം കഴിഞ്ഞ് കാർഷെഡിൽ നിന്ന് കാർ ഇറക്കിക്കൊണ്ട് അയാൾ പറഞ്ഞു.”

“കാലത്തെ ഓരോരോ മാരണങ്ങളെ… നീ ആ ഗേറ്റൊന്ന് തുറക്ക്… ങാ അല്ല ഗേറ്റ് പകുതി തുറന്നു കിടക്കുകയാണല്ലോ… അച്ഛൻ തുറന്നിട്ടതായിരിക്കും… നീ അതൊന്ന് മുഴുവനും തുറക്ക്…” സുമേഷ് പറഞ്ഞതു കേട്ട് താര ഗേറ്റിനടുത്തേക്ക് നടന്നു. ഗേറ്റ് തുറന്ന ശേഷം താര സുമേഷിനടുത്തെത്തി പറഞ്ഞു.

“അതേയ് നിങ്ങളുടെ അച്ഛന് അവിടത്തെന്നെ നില്ക്കുവാനാണ് ഇഷ്ടമെങ്കിൽ അവിടെത്തന്നെ നിർത്തിയിട്ടു പോര്. ഇനിയും ഇവിടെ നിർത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്തിനാ?”

“അങ്ങനെ കൈയ്യൊഴിയാനൊക്കുമോ? അതിന് ചില ക്രമങ്ങളൊക്കെ ഇല്ലേ? മാത്രമല്ല അതേക്കുറിച്ച് എനിക്കല്പം ആലോചിക്കാനുണ്ട്. അച്ഛന്‍റെ കൈയ്യിലുള്ളതെല്ലാം നേടിയിട്ടു വേണം അതേക്കുറിച്ചു ചിന്തിക്കാൻ. ഇല്ലെങ്കിൽ അച്ഛനെ കൈയ്യൊഴിഞ്ഞതിന്‍റെ പേരുദോഷം മാത്രം ബാക്കിയാകും.”

“അതും ശരിയാ. എങ്കിൽ ഞാൻ പറഞ്ഞതിനെക്കുറിച്ച് നിങ്ങളിപ്പം മറന്നേക്ക്.”

“ശരി. എന്നാൽ ഞാൻ പോയിട്ടു വരാം. നീ മോന് പാലു കൊടുത്ത് വേഗം ഓഫീസിൽ പോകാൻ നോക്ക്.”

“ശരി സുമേഷേട്ടാ… ഹോ എന്തെല്ലാം പണികൾ കാലത്തു തന്നെ തീർത്തിട്ടു വേണം ഓഫീസിൽ പോകാൻ. ചിന്നു മോളെ ഒരുക്കി സ്ക്കുളിലേക്കു വിട്ടതേയുള്ളു. അതിനിടക്കാ നിങ്ങളുടെ അച്ഛനെന്ന മാരണം. അങ്ങേരെ ഇവിടെ കൊണ്ടു വന്നു നിർത്തുമ്പോ വീട്ടിലൊരാളായല്ലോ എന്നാ കരുതിയത്… അങ്ങേരിപ്പോ ഒന്നും ഓർമ്മയില്ലാതെ ഏതു നേരവും ശാന്തിയെ വിളിച്ചോണ്ടിരിക്കുമത്രെ, അതു കണ്ടോ ഇതു കണ്ടോ എന്നു ചോദിച്ച് അവൾക്കാകെ മടുത്തു തുടങ്ങി. ഇനി എപ്പഴാ ഇവിടുത്തെ ജോലി മതിയാക്കി അവള് പോകുന്നതെന്നറിയില്ല.”

“ങാ… ശരി… ശരി… നീയിപ്പോളകത്തോട്ട് ചെല്ല്. ശാന്തിയെ പറഞ്ഞ് എല്ലാം ഏല്പിക്ക് അച്ഛന്‍റെ കാര്യങ്ങൾ നമുക്ക് പിന്നീടാലോചിക്കാം.” താര ഗേറ്റടച്ച് അകത്തേക്ക് പോയപ്പോൾ സുമേഷ് കാറോടിച്ച് പുറത്തേക്കുപോയി. സുമേഷ് നേരെ വൃദ്ധമന്ദിരത്തിലേക്ക് കാർ ഓടിച്ചു ചെന്നു. അവിടെ അപ്പോൾ ഏതാനും പേർ കൂടിനിന്ന് പുതിയ അതിഥിയെപ്പറ്റി സംസാരിക്കുകയായിരുന്നു.

നന്ദൻമാഷിനെ നേരിട്ടറിയാത്തപലരും അയാൾ അവിടെ താമസിക്കാൻ ചെന്നതാണെന്നു വിചാരിച്ചു. ഹേമാംബിക ടീച്ചർ നന്ദൻ മാഷിനെ കാര്യമായി ശുശ്രൂഷിക്കുന്നതു കണ്ടപ്പോൾ അവർ തമ്മിൽ നേരത്തെ പരിചിതരാണെന്ന് പലരും ഊഹിച്ചു. അവർ ചുറ്റും കൂടി നിന്ന് ഹേമാംബികടീച്ചറിനോട് നന്ദൻ മാഷിനെപ്പറ്റിപലതും ചോദിച്ചു തുടങ്ങി.

“ടീച്ചർക്കിയാളെ നേരത്തെ അറിയാവോ?” ആന്‍റണി എന്ന വൃദ്ധനാണ് അതു ചോദിച്ചത്. കോട്ടയംകാരനായ അയാൾ അവിടെ വന്നിട്ട് നാലു മാസമേ ആയിട്ടുള്ളു.

ഹേമാംബിക ടീച്ചർ ആന്‍റണിയുടെ ചോദ്യം കേട്ട് പുഞ്ചിരിയോടെ പറഞ്ഞു. “അറിയാമായിരുന്നു. ഞങ്ങൾ ഇരുവരും ഒരു സ്ക്കൂളിൽ ജോലി ചെയ്തിരുന്നവരാ…”

“ഓഹോ… അപ്പോൾ നല്ലവണ്ണം അറിയാമെന്നു പറ. ഇയാൾക്ക് മക്കളും ഭാര്യയുമൊന്നുമില്ലേ? തനിച്ചാണല്ലോ വരുന്നത് കണ്ടത്?” മൂവാറ്റുപുഴ സ്വദേശിയായ മുകുന്ദന്‍റെ ചോദ്യം കേട്ട് ദാസൻ എന്നു പേരുളളയാൾ പ്രതികരിച്ചു.

“ആരൊക്കെയുണ്ടായിട്ട് എന്താ കാര്യം? മുകുന്ദാ… ഇന്നത്തെക്കാലത്ത് ആർക്കും നമ്മളെപ്പോലുളളവരെ വേണ്ടാ. അത് മക്കളായാലും ഭാര്യയായാലും ശരി.”

“അതും ശരിയാ… അവർക്കൊക്കെ കാശു മതി. അതു കിട്ടിക്കഴിഞ്ഞാ നമ്മളൊക്കെ ഇന്നവർക്ക് അധികപ്പറ്റാ…” ആന്‍റണിയുടെ വാക്കുകളിൽ. ഇടർച്ചയുണ്ടായിരുന്നു.

“അതുകൊണ്ടാണല്ലോ നമ്മളെയൊക്കെ അവര് ഇവിടെക്കൊണ്ടുവന്നാക്കിയത്. ങാ… അവസാന കാലത്ത് ഒരു തുള്ളി വെള്ളം തരാൻ മക്കളോ ഭാര്യയോ അടുത്തില്ലാതെ മരിക്കാനാ നമ്മുടെ വിധി.” അതു പറയുമ്പോൾ മുകുന്ദന്‍റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.

“ങാ… അതൊക്കെ പോകട്ടെ… നമ്മള് വന്നത് ഇയാളെക്കുറിച്ചന്വേഷിക്കാനല്ലേ? എന്നിട്ട് നമ്മള് നമ്മുടെ കാര്യം പറഞ്ഞോണ്ടിരിക്കുവാണല്ലോ. പെങ്ങളെ, ഇയാളെക്കുറിച്ച് കൂടുതലറിയാനാ ഞങ്ങള് വന്നത്. ഇയാളാരാ? എവിടുന്നാന്നൊക്കെ പെങ്ങള് ഒന്നു പറഞ്ഞാട്ടെ. കണ്ടിട്ട് ബുദ്ധിക്ക് ലേശം കൊഴപ്പമൊള്ള വ്യക്തിയാണെന്ന് തോന്നുന്നു. വല്ല പ്രാന്താശുപത്രീന്നും ചാടിപ്പോന്നതാണോ?”

“ഏയ് അല്ല ആന്‍റണിച്ചേട്ടാ. നന്ദൻ മാഷ് ഇവിടെ അടുത്ത ഹൈസ്ക്കൂളിലെ സാർ ആയിരുന്നെന്നു പറഞ്ഞില്ലേ? ഇദ്ദേഹം പണികഴിപ്പിച്ച വീടാ ഇത്. ഇവിടെയാണ് ഇദ്ദേഹവും ഭാര്യയും രണ്ടുമക്കളോടൊത്ത് പത്തുനാല്പതുകൊല്ലക്കാലം താമസിച്ചത്. പിന്നീട് മക്കൾക്ക് പ്രായമായപ്പോ അവര് തങ്ങളുടെ കുടുംബവുമായി ഓരോരോ ഇടത്തേക്ക് മാറിത്താമസിച്ചു. ഒരാള് ഇവിടെ അടുത്തും, മറ്റൊരാള് ഏതോ വിദേശരാജ്യത്തും. മക്കള് അച്ഛനെയും അമ്മയെയും വേർപെടുത്തി തങ്ങള് താമസിക്കുന്നിടത്തേക്ക് കൊണ്ടുപോയി.”

ഹേമലത ടീച്ചർ പറയുന്നതിനിടക്ക് രാഘവൻ മാഷ് അവിടെയെത്തി. അദ്ദേഹം നല്ല സുഖം തോന്നാത്തതിനാൽ മുറിയ്ക്കകത്ത് അത്രയും നേരം കിടക്കുകയായിരുന്നു. കട്ടിലിലുറങ്ങുന്ന നന്ദൻ മാഷിനെ കണ്ട് രാഘവൻ മാഷ് അതിശയോക്തിയോടെ പറഞ്ഞു. “ഇത് നമ്മുടെ നന്ദൻ മാഷല്ലെ? ഇദ്ദേഹത്തിന് എന്തു പറ്റി?”

“ഒന്നും പറ്റിയില്ല മാഷേ. സ്വന്തം വീട്ടിൽ നിന്ന് ഇവിടം വരെ അദ്ദേഹം നടന്നാണ് വന്നത്. അതിന്‍റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്.” ആന്‍റണി വിവരിച്ചു.

“സ്ക്കൂളിൽ വച്ച് നന്ദൻ മാഷും ഞാനും നല്ല ചങ്ങാതികളായിരുന്നു. എത്രനല്ല മനുഷ്യനാണെന്നോ ഇദ്ദേഹം ങാ… ഹേമാംബിക ടീച്ചറിനറിയില്ലേ ഇദ്ദേഹത്തിനെ. നമ്മളെല്ലാം ഒരുമിച്ചാണല്ലോ അന്ന് സ്ക്കൂളിലുണ്ടായിരുന്നത്.”

“പിന്നെ എനിക്കറിയാം. ഞങ്ങൾ ഒരുമിച്ച് കുറെ വർഷങ്ങൾ ഉണ്ടായിരുന്നു. ങാ… ഞാൻ നന്ദൻ മാഷിന് കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവരാം. പാവം ഉണരുമ്പോൾ നല്ല ദാഹം കാണും. വെയിലത്തു നടന്നു തളർന്നല്ലെ ഇവിടം വരെയെത്തിയത്.”

“അപ്പോൾ മാഷിന് ഇതുവരെ കുടിക്കാൻ ഒന്നും കൊടുത്തില്ലെ? അതു കഷ്ടമായല്ലോ” രാഘവൻ മാഷിന്‍റെ ചോദ്യം കേട്ട് ഹേമാംബിക പറഞ്ഞു.

“ഇല്ല രാഘവേട്ടാ… ഇദ്ദേഹം ഭാര്യയാണെന്ന് വിചാരിച്ച് എന്നെ എങ്ങും വിടാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം ഉണരുന്നതു വരെ ഞാൻ എങ്ങും പോകരുതെന്നും പറഞ്ഞു.”

“പാവം, മനുഷ്യന്‍റെ ഓരോരോ അവസ്ഥയെ” അങ്ങനെ പറഞ്ഞ് രാഘവൻ മാഷ് നെടുവീർപ്പിട്ടു.

ഇതിനിടയിൽ ഹേമാംബിക “ഞാൻ നന്ദൻ മാഷിനു കുടിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ടുവരാം. നിങ്ങൾ എല്ലാവരും നന്ദൻ മാഷിനെ ശ്രദ്ധിച്ചോളു” എന്നു പറഞ്ഞ് അകത്തേക്കു പോയി. അവർ സംസാരിച്ചു കൊണ്ടിരിക്കെ മുറ്റത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ട് എല്ലാവരും എത്തിനോക്കി.

“ആരോ വന്നിട്ടുണ്ട്. പുതിയതായി ആരെ യെങ്കിലും ഇവിടെ കൊണ്ടു വന്ന് നടതള്ളാനായിരിക്കും.” ആന്‍റണി പറഞ്ഞതു കേട്ട് മറ്റുളളവരും ആകാംക്ഷാഭരിതരായി നോക്കി നിന്നു.

അപ്പോൾ സുമേഷ് കാറിൽ നിന്നിറങ്ങി ഓഫീസിനടുത്തേക്ക് നടന്നു. മാനേജർ രാജീവൻ സുമേഷിനെക്കണ്ട് എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.

“ഹലോ… സുമേഷ്സാറൊ? കണ്ടിട്ട് നാള് കുറെ ആയല്ലോ.”

“ങാ… കഴിഞ്ഞ മാസം വാടക വാങ്ങാൻ വന്നപ്പോൾ നമ്മൾ തമ്മിൽ കണ്ടതാണല്ലോ. ഇന്നിപ്പോൾ ഇവിടംവരെ വരേണ്ട ആവശ്യമുണ്ടായി.”

“ഓ… സാറിന്‍റെ അച്ഛൻ ഇവിടെ വന്ന കാര്യം അറിഞ്ഞു കാണുമല്ലേ? ഞാൻ സാറിനെ വിളിച്ചു പറയാനിരിക്കുകയായിരുന്നു. അദ്ദേഹം അത്രയും ദൂരം നടന്നു തളർന്ന് ഇവിടെ എത്തിയതല്ലെ? അല്പം വിശ്രമിച്ചിട്ട് വിളിച്ചു പറയാമെന്നു കരുതി.”

“ങാ… എന്നോട് പാൽക്കാരൻ പയ്യനാണ് വന്നു പറഞ്ഞത് അച്ഛൻ ഇവിടെ ഉണ്ടെന്നുള്ള കാര്യം. ഞങ്ങൾ ഇന്നു രാവിലെ മുതൽ അദ്ദേഹത്തെ കാണാഞ്ഞ് അന്വേഷിക്കുകയായിരുന്നു.”

“സാർ എത്തിയതു നന്നായി. അദ്ദേഹം ഭാര്യയെ അന്വേഷിച്ചാണ് ഇവിടം വരെയെത്തിയത്. അദ്ദേഹത്തിന് ചെറിയ ഓർമ്മത്തകരാർ ഉണ്ടല്ലേ?”

“ങാ… അച്ഛന് അമ്മ മരിച്ച കാര്യമൊന്നും ഇപ്പോൾ ഓർമ്മയില്ല. അച്ഛന്‍റെ ബുദ്ധിക്ക് കാര്യമായെന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങളെ വിഷമിപ്പിക്കുന്നതും അതാണ്. ഇടയ്ക്ക് ആരും കാണാതെ എങ്ങോട്ടേയ്ക്കെങ്കിലും ഇറങ്ങി പോകുവാനും തുടങ്ങിയിരിക്കുന്നു…”

“എനിക്കും തോന്നി അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന്. അദ്ദേഹത്തിന് നല്ല ട്രീറ്റ്മെന്‍റ് നൽകണം. നേരത്തേ ചികിത്സിച്ചാൽ ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ഓർമ്മ തിരിച്ചു കിട്ടിയേക്കും. എന്നാൽ സാർ വരൂ. നമുക്ക് അദ്ദേഹത്തിന്‍റെടുത്തേക്ക് പോകാം.” രാജീവ് സുമേഷിനെ നന്ദൻ മാഷിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

നന്ദൻ മാഷപ്പോൾ കണ്ണടച്ചു കിടക്കുകയായിരുന്നു. അടുത്തിരുന്ന ഹേമാംബികയാവട്ടെ നന്ദൻ മാഷിനെ ശ്രദ്ധിക്കുവാൻ അവിടെ കൂടിനിന്നവരോട് പറഞ്ഞിട്ട് എന്തോ അത്യാവശ്യത്തിന്. അകത്തേക്കു പോയി. ആ സമയത്താണ് സുമേഷ് രാജീവിനോടൊപ്പം അങ്ങോട്ടു വരുന്നത് കണ്ടത്… അയാളെക്കണ്ട് കൂടിനിന്നവർ ഒഴിഞ്ഞുനിന്നു. അപ്പോൾ രാജീവ് പറഞ്ഞു. “ഇതാണ് നന്ദൻ മാഷിന്‍റെ മകൻ. പേര് സുമേഷ്. ഇദ്ദേഹം നന്ദൻ മാഷിനെ അന്വേഷിച്ച് എത്തിയതാണ്.”

”നന്ദൻ മാഷിന് ഈ ബുദ്ധിഭ്രമം തുടങ്ങിയിട്ട് എത്രനാളായി? ഞാൻ അറിയുന്ന നന്ദൻ മാഷ് ഇങ്ങനെയായിരുന്നില്ലല്ലോ?” രാഘവൻ മാഷ് ചോദിച്ചു.

“ബുദ്ധി ഭ്രമമോ, മറവിരോഗമോ എന്ന് അറിയില്ല. അച്ഛൻ കുറെ നാളുകളായി ഇങ്ങനെയാണ്. അമ്മയുടെ മരണശേഷമാണ് കൂടുതലും. അമ്മയുടെ മരണം അച്ഛന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും അമ്മ അടുത്തുണ്ടെന്ന തോന്നലാണ് അച്ഛന്.”

“എന്നിട്ടിതേവരെ ഡോക്ടറെ കാണിച്ചില്ലേ?”

“ഒന്നുരണ്ടു പേരെ കാണിച്ചു. ചില മരുന്നുകളെല്ലാം നൽകുന്നുണ്ട്.” അതു പറയുമ്പോൾ അച്ഛനെ ചികിത്സിച്ച് പണച്ചെലവുണ്ടാക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന യാഥാർത്ഥ്യം അയാൾ ഒളിച്ചു വക്കുകയായിരുന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം രാഘവൻ മാഷ് പറഞ്ഞു

“ഏതായാലും വലിയ കഷ്ടം തോന്നുന്നു നന്ദൻ മാഷിനെ ഇപ്പോൾ കാണുമ്പോൾ. ഇദ്ദേഹം എത്ര നല്ല അദ്ധ്യാപകനായിരുന്നു. മറ്റുള്ള അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം ജീവനായിരുന്നു. ഒരു പ്രാവശ്യം മാതൃകാ അദ്ധ്യാപകനുള്ള അവാർഡും വാങ്ങിയിട്ടുണ്ട്.”

“ശരിയാണ്. നന്ദൻ മാഷ് എന്നെയും പഠിപ്പിച്ചിട്ടുണ്ട്. എനിക്കറിയാം അദ്ദേഹത്തിന്‍റെ ഗുണഗണങ്ങൾ. അദ്ദേഹത്തിന്‍റെ വാത്സല്യം ഞാനും കുറെ അറിഞ്ഞിട്ടുണ്ട്.” രാജീവ് പറഞ്ഞു.

അല്പനേരംകഴിഞ്ഞ് നന്ദൻ മാഷ് കണ്ണു തുറന്നു. ചുറ്റിനു കൂടി നില്ക്കുന്നവരെക്കണ്ട് അമ്പരന്ന് ചുറ്റും നോക്കി. അപ്പോഴേക്കും മുന്നിൽ വന്ന മകൻ സുമേഷിനെക്കണ്ട് ചോദിച്ചു.

“ഞാനെവിടെയാണ്? എന്നെ ആരാണ്. ഇവിടെ കൊണ്ടുവന്നത്?”

“ഹും… അച്ഛനെക്കൊണ്ട് തോറ്റിരിക്കുകയാണ്. ഓർമ്മയും ബുദ്ധിയും നശിച്ചു തുടങ്ങി എന്നതോ പോകട്ടെ. എത്ര പറഞ്ഞാലും കേൾക്കുകയില്ല. എന്തെങ്കിലുമൊരു തരം കിട്ടിയാൽ ഇങ്ങോട്ട് ഓടിപ്പോരും.”

അതു കേട്ട്മാനേജർ രാജീവൻപറഞ്ഞു. “അതു പിന്നെ ഈ വീട് മാഷിന്‍റേതായിരുന്നുവല്ലോ. പഴയ ഓർമ്മകൾ കൂട്ടിനെത്തുന്നുണ്ടാവും. ചില ഓർമ്മകൾ മരിച്ചാലും ചിലതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് മാഞ്ഞു പോവുകയില്ല. പിന്നെ ഈ വീട്ടിലിപ്പോൾ ധാരാളം വൃദ്ധജനങ്ങളുമുണ്ടല്ലോ. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഒരു തുക തന്ന് അദ്ദേഹത്തെ ഇവിടെ നിർത്തിക്കോളൂ. ഒരു കഷ്ടതയും വരാതെ ഞങ്ങൾ നോക്കിക്കോളാം.”

ആ വാക്കുകൾ മകന്‍റെ മനസ്സിനെ വളരെയധികം സന്തോഷിപ്പിച്ചു. കാരണം അച്ഛനെ നോക്കുന്നതിന്‍റെ പേരിലുള്ള ഭാര്യയുടെ കുത്തുവാക്കുകളും പരിഭവവും ഇനി കേൾക്കണ്ടല്ലോ എന്നയാൾ ചിന്തിച്ചു. എന്നാൽ അച്ഛന്‍റെ പേരിലുള്ള ബാങ്ക്. അക്കൗണ്ട്, കണ്ണായ സ്ഥലങ്ങൾ ഇവയെല്ലാം വിദേശവാസിയായ സഹോദരനു നൽകാതെ തനിക്കു മാത്രം സ്വന്തമാക്കുകയാണ് ലക്ഷ്യം. അതിനായി അച്ഛനെ കൊണ്ടുപോയി ആധാരം രജിസ്റ്റർ ആക്കാൻ ഇരിക്കുകയാണ്. ഈ വീടു നേരത്തെ തന്നെ അച്ഛനിൽ നിന്ന് സ്വന്തമാക്കാൻ കഴിഞ്ഞു. ഇനി ബാക്കി കൂടി… അതുവരെ സാമാന്യം സ്വത്തുകാരനായ അച്ഛനെ സംരക്ഷിക്കാൻ താൻ തയ്യാറാണ്. സുമേഷ് മനസ്സിൽ വിചാരിച്ചു.

മാനേജരുടെ വാക്കുകൾക്ക് മറുപടിയായി സുമേഷ് പറഞ്ഞു. “ഓ… അതു വേണ്ടാ. ചിലർ ചെയ്യുമ്പോലെ അച്ഛനെ അങ്ങിനെ നടതള്ളുവാൻ ഞങ്ങൾക്കുദ്ദേശമില്ല. അദ്ദേഹത്തിന്‍റെ മരണം വരെ അദ്ദേഹത്തെ ഞങ്ങൾ നോക്കും. അത് മക്കളായ ഞങ്ങളുടെ കടമയാണ്.” ആ വാക്കുകൾ കേട്ട് മാനേജർ ഹർഷപുളകിതനായി. ഇന്നത്തെ കാലത്ത് ഇങ്ങനെയും മക്കളുണ്ടായതിൽ അദ്ദേഹം സന്തോഷിച്ചു. “ഇങ്ങനത്തെ ഒരു മകനുണ്ടായ നന്ദൻ മാഷ് ഭാഗ്യവാനാണ്.”

നേജർ പുഞ്ചിരിയോടെ സുമേഷിനോട് പറഞ്ഞു. സുമേഷ് അതു കേട്ട് അഭിമാനപൂർവ്വം നന്ദൻമാഷിന്‍റെ കൈ പിടിച്ചു. “വരൂ അച്ഛാ… നമുക്കു പോകാം… അമ്മ വീട്ടിലുണ്ട്.അച്ഛനെ കാത്തിരിക്കുകയാണ്.”

നന്ദൻ മാഷ് മകന്‍റെ വാക്കുകൾ വിശ്വസിക്കാതെ ഉറക്കെ പറഞ്ഞു. “ആരു പറഞ്ഞു. അവളിപ്പോൾ എന്‍റെ അടുത്തുണ്ടായിരുന്നല്ലോ… സൗദാമിനി… മിനി… നീ എവിടെപ്പോയിക്കിടക്കുകയാണ്. വാ… നമുക്ക് സുമേഷിന്‍റെ വീട്ടിലേക്കു പോകാം…”

മറുപടി ഇല്ലാതായപ്പോൾ അടുത്തിരുന്ന സുമേഷ് പറഞ്ഞു “ഞാൻ പറഞ്ഞില്ലെ അമ്മ വീട്ടിലുണ്ടെന്ന്. അച്ഛൻ ഇവിടെക്കിടന്ന് ഉറങ്ങിയപ്പോൾ അമ്മ എന്‍റെ വീട്ടിലേക്കു പോയി. വരൂ… നമുക്കും അങ്ങോട്ടു പോകാം…”

ഭാര്യ മകന്‍റെ വീട്ടിലാണെന്നറിഞ്ഞ നന്ദൻ മാഷ് അനുസരണയോടെ സുമേഷിന്‍റെ കൂടെ നടന്നു, അയാളുടെ കാറിൽ കയറി ഇരുന്നു. അല്പം കഴിഞ്ഞ് അയാൾവണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

ഇതിനിടയിൽ ഹേമാംബികയാകട്ടെ വേപഥു പൂണ്ട് ഓടി വന്നു. നന്ദൻ മാഷ് മകന്‍റെ കൂടെ യാത്രയായി എന്നറിഞ്ഞ അവർ വേദനയോടെ അയാൾ പോയ വഴിയിലേക്ക് കണ്ണു നട്ടു നിന്നു.

വർഷങ്ങൾക്കു മുമ്പ് ഇതുപോലെ താനനുഭവിച്ച നെടുവീർപ്പും വേദനയും ഒരിക്കൽകൂടി അവരുടെ മനസ്സിലേക്കോടിയെത്തി.

और कहानियां पढ़ने के लिए क्लिक करें...