വർഷം 2016 റിയോ ഒളിമ്പിക്സ്, ഇന്ത്യയുടെ വിനേഷ് ഫോഗട്ടും ചൈനയുടെ സൺയാനും ഗുസ്തിയിൽ മുഖാമുഖം നേരിടുന്നു. മത്സരം ക്വാർട്ടർ ഫൈനലായിരുന്നു. എതിരാളിയുടെ പിടിയിൽ നിന്ന് കരകയറാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തിതാരത്തിന് പോരാട്ടത്തിൽ വലതു കാൽമുട്ടിന് പരിക്കേറ്റു. വിനേഷ് ഫോഗട്ടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. കാരണം ഇതിന് ശേഷം റിയോ ഒളിമ്പിക്സിൽ അവൾക്ക് മുന്നേറാൻ കഴിഞ്ഞില്ല. വിനേഷ് ഫോഗട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, “എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല, എഴുന്നേറ്റു മത്സരിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ എന്‍റെ കാലുകൾ അനങ്ങുന്നില്ലായിരുന്നു. വീണ്ടും മത്സരിക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ പെട്ടെന്നൊന്നും തോറ്റു ഉപേക്ഷിക്കുന്ന ആളല്ല, പക്ഷേ അന്ന് ഞാൻ നിസ്സഹായയായി അവിടെ കിടന്നു.”
വിനേഷ് ഫോഗട്ടിന്‍റെ കണ്ണീരണിഞ്ഞ ആ മുഖം ഒരു ഗുസ്തി പ്രേമിക്കും മറക്കാൻ കഴിയില്ല. ഈ വർഷം ജനുവരിയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ തന്‍റെ സഹ ഗുസ്തിക്കാരോടൊപ്പം വിനേഷ് ഫോഗട്ടും പോരാടിയപ്പോൾ പോലും ആ കണ്ണീർ മുഖം മറക്കാൻ കഴിഞ്ഞില്ല. തന്നെ പോലെ ഉള്ള ഗുസ്തിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള ആത്മധൈര്യവും ആഗ്രഹവും അവരുടെ മുഖത്ത് ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.
കരുത്തിന്‍റെ താരം
ആമിർഖാന്‍റെദംഗൽ സിനിമ പരാമർശിക്കുന്ന വനിത ഗുസ്തിക്കാരായ ബബിതയുടെയും ഗീത ഫോഗട്ടിന്‍റെയും ബന്ധുവാണ് വിനേഷ് ഫോഗട്ട്. സഹോദരിമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമ്മാവൻ മഹാവീർ ഫോഗട്ടിൽ നിന്ന് പരിശീലനം നേടിയ ശേഷമാണ് വിനേഷ് ഫോഗട്ട് ഗുസ്തി തുടങ്ങിയത്. എന്നാൽ ഒന്നും എളുപ്പമായിരുന്നില്ല. കടുത്ത പരിശീലനം വഴി തന്‍റെ മുന്നിൽ എത്തുന്ന ഏതു ഗുസ്തിക്കാരനെയും സ്തംഭിപ്പിക്കുമായിരുന്നു.
വിനേഷ് ഫോഗട്ടിന്‍റെ ആദ്യ പ്രണയം ഗുസ്തിയിലായിരുന്നില്ല. ലോൺ ടെന്നീസിലായിരുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. “കുട്ടിക്കാലം മുതലേ ഈ കളിയോട് എനിക്ക് അടുപ്പമുണ്ടായിരുന്നു. ഞാൻ ടെന്നീസ് താരങ്ങളുടെ പോസ്റ്ററുകൾ ശേഖരിക്കുമായിരുന്നു. സാനിയ മിർസയുടെ വലിയ ആരാധികയാണ്. പത്രത്തിൽ അവരുടെ ഫോട്ടോ വരുമ്പോഴൊക്കെ ഞാൻ അത് മുറിച്ച് എന്‍റെ പുസ്തകത്തിൽ ഒട്ടിച്ചിരുന്നു. എനിക്ക് ടെന്നീസ് കളിക്കാൻ കഴിയുമായിരുന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ അതുകൊണ്ടായിരിക്കാം ഞാൻ പിന്നീട് ഗുസ്തിയിൽ ശ്രദ്ധിച്ചത്.”
പോരാട്ടത്തിന്‍റെ കഥ
ഹരിയാനയിലെ ചർഖി ദാക്രി ജില്ലയിലെ ബലാലി ഗ്രാമത്തിൽ താമസിക്കുന്ന വിനേഷ് ഫോഗട്ടിന്‍റെ അമ്മ പ്രേംലതയ്ക്ക് 2003 ൽ ഗർഭാശയ അർബുദം കണ്ടെത്തി. ഈ സാഹചര്യം കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇതിനിടയിൽ ഡ്രൈവറായിരുന്ന പിതാവ് രാജ്പാൽ ഫോഗട്ട് മരിച്ചു. കാൻസറും ഭർത്താവിന്‍റെ മരണവും അമ്മ പ്രേംലതയെ വല്ലാതെ ഉലച്ചു.
ആ നാളുകൾ അനുസ്മരിച്ചു കൊണ്ട് വിനേഷ് ഫോഗട്ട് പറഞ്ഞു, “എന്‍റെ അമ്മ ധൈര്യശാലിയായ ഒരു സ്ത്രീയാണ്, അവർ തളരാതെ തന്‍റെ മൂന്ന് കുട്ടികളെ വളർത്താൻ കാൻസറിനെതിരെ പോരാടാൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഗർഭപാത്രം നീക്കം ചെയ്‌തു. അക്കാലത്ത് എന്‍റെ സഹോദരൻ ഹർവീന്ദ്ര പത്താം ക്ലാസിലും മൂത്ത സഹോദരി പ്രിയങ്ക ഏഴാം ക്ലാസിലും ഞാൻ നാലാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.”
“ഡോക്ടർമാരുടെ ഉപദേശപ്രകാരം അമ്മ ഭക്ഷണക്രമം മാറ്റി, ദിവസവും വീട്ടു ജോലികൾ ചെയ്തു കൊണ്ട് ആരോഗ്യം നിലനിർത്തി. എന്‍റെ അമ്മ ഒരിക്കലും മക്കളെ നിരാശരാക്കാൻ അനുവദിച്ചില്ല. ഇതാണ് എന്‍റെ ഏറ്റവും വലിയ ശക്തി.”
സമൂഹത്തിന് നൽകുന്ന സന്ദേശം
സമൂഹത്തിന് പുതിയ എന്തെങ്കിലും നൽകാൻ ആഗ്രഹിച്ച വിനേഷ് ഫോഗട്ട്. 2018 ഡിസംബർ 13 ന് നടന്ന വിവാഹത്തിൽ 7 ന് പകരം 8 പ്രാവശ്യം വലം വച്ചു. ഈ എട്ടാം റൗണ്ട് “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, ബേട്ടി ഖിലാവോ” എന്ന സന്ദേശത്തിന് സമർപ്പിച്ചു കൊണ്ടാണ് അങ്ങനെ ചെയ്‌തത്. ഭർത്താവ് സോംവീർ രതി ഒരു ഗുസ്തിക്കാരനാണ്. ഗുസ്തിയിൽ 2020 ലെ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡും 2016 ൽ അർജുന അവാർഡും നേടിയ വിനേഷ് ഫോഗട്ട്, ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്.