23 വയസ്സിൽ പ്രതിവർഷം 1 കോടിയുടെ പാക്കേജ് ഓരോ യുവാക്കളുടെയും സ്വപ്നമാണ്. എന്നാൽ അത്തരം പാക്കേജുകളേക്കാൾ വളരെ വലുതാണ് മറ്റു ചിലർ കാണുന്ന സ്വപ്നം. ഡൽഹിയിൽ ജനിച്ച വിനീത സിംഗ് സ്വന്തമായി വ്യക്‌തിമുദ്ര പതിപ്പിക്കാൻ തീരുമാനിച്ച യുവ വ്യവസായിയാണ്. തന്‍റെ ആദ്യ സ്റ്റാർട്ടപ്പുകളിൽ വിജയിച്ചില്ലെങ്കിലും വിനീതയുടെ ആത്മവിശ്വാസം നഷ്ടമായില്ല. അങ്ങനെയാണ് ഷുഗർ കോസ്മെറ്റിക്സ് ജനിച്ചത്.
ജീവിത യാത്ര
1991 ൽ ഡൽഹിയിലാണ് വിനീത ജനിച്ചത്. പിതാവ് തേജ് സിംഗ് എയിംസിലെ ശാസ്ത്രജ്ഞനായിരുന്നു. ഡൽഹി പബ്ലിക് സ്കൂളിൽ പഠിച്ച വിനീത ബിരുദ പഠനത്തിനായി മദ്രാസിലെ ഐഐടിയിൽ പോയി. അതിനുശേഷം ഐഐഎം അഹമ്മദാബാദ് നിന്ന് എംബിഎ ബിരുദം നേടി. കൗശിക് മുഖർജിയാണ് വിനീതയുടെ ഭർത്താവ്. എംബിഎ പഠനത്തിനിടെ കണ്ടുമുട്ടിയ ഇരുവരും 2011 ൽ വിവാഹിതരായി.
സ്റ്റാർട്ടപ്പിന്‍റെ പ്രാരംഭ നാളുകൾ അനുസ്മരിച്ചു കൊണ്ട് വിനീത പറയുന്നു. “ഒരിക്കൽ ഒരു നിക്ഷേപകൻ എന്നെ കാണാൻ പോലും വിസമ്മതിച്ചു. കാരണം അയാൾക്ക് ഒരു പുരുഷനെ മാത്രമേ വ്യവസായി ആയി കാണാൻ ആഗ്രഹമുള്ളൂ. എന്നാൽ ഞാൻ വിഷമിച്ചില്ല. ഇനി ഞാനല്ല, എന്‍റെ വർക്ക് എനിക്ക് വേണ്ടി സംസാരിക്കും എന്ന് അന്ന് ഞാൻ തീരുമാനിച്ചു.”
വിനീത ഒരു മികച്ച ബിസിനസ്സുകാരിയും മികച്ച കായികതാരവുമാണ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയർന്ന രണ്ട് അൾട്രാ മാരത്തണുകൾ പൂർത്തിയാക്കിയതിന് മെഡലുകൾ ലഭിച്ചിട്ടുണ്ട്.
“നിങ്ങൾ എവിടെ നിന്ന് ആരംഭിച്ചാലും അത് നിങ്ങളുടെ തുടക്കമായി കണക്കാക്കുക, പിന്നെ നിങ്ങൾക്ക് പിന്നോട്ട് നടക്കാൻ കഴിയില്ല” വിനീത വിശ്വസിക്കുന്നു.
ഷുഗർ തുടക്കം
രണ്ടുതവണ പരാജയം നേരിട്ടതിന് ശേഷം പുതുതായി തുടങ്ങുക എളുപ്പമല്ല, പക്ഷേ വിനീത ഈ പോയിന്‍റ് തെറ്റാണെന്ന് തെളിയിച്ചു. ലാക്മേ, നൈക, മാക് എന്നിവ പോലുള്ള വൻകിട കമ്പനികൾ മാർക്കറ്റിൽ ഉണ്ടായിരുന്ന സമയത്താണ് ഷുഗർ കോസ്മെറ്റിക്സ് ജനിക്കുന്നത്.
ഇപ്പോൾ ഷുഗർ, രാജ്യത്തുടനീളം 2500 ലധികം ഔട്ട്ലെറ്റുകളുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന കോസ്മെറ്റിക് ബ്രാൻഡാണ്. പ്രാരംഭ ഘട്ടത്തിൽ വിനീത ഷുഗറിനായി ഫണ്ട് സ്വരൂപിക്കുമ്പോൾ, ബോളിവുഡ് നടൻ രൺവീർ സിംഗും അതിൽ നിക്ഷേപം നടത്തി ബ്രാൻഡിനെ പിന്തുണച്ചു.
ഷുഗർ ആരംഭിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് വിനീത പറയുന്നു. “എന്‍റെ പ്രധാന ലക്ഷ്യം സ്ത്രീകൾ ഉൾപ്പെടുന്ന ജോലികൾ ചെയ്യുക എന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്‍റെ ആദ്യ സ്റ്റാർട്ടപ്പ് വിജയിക്കാതെ വന്നപ്പോൾ, ഞാനും ഭർത്താവ് കൗശിക്കും ചേർന്ന് 2012 ൽ സബ്സ്ക്രിപ്ഷൻ അടിസ്‌ഥാനമാക്കിയുള്ള ഒരു ബ്യൂട്ടി കമ്പനി തുടങ്ങാൻ പദ്ധതിയിട്ടു. ക്രമേണ, ഏകദേശം 2 ലക്ഷം സ്ത്രീകൾ അവരുടെ സൗന്ദര്യ മുൻഗണനകൾ ഞങ്ങൾക്ക് അയച്ചു. തുടർന്ന് 2015 ൽ കസ്റ്റമർ ബേസ്ഡ് ബ്യൂട്ടി കമ്പനിയായ ഷുഗർ കോസ്മെറ്റിക്സ് ആരംഭിച്ചു.
സ്ത്രീകൾക്ക് തൊഴിൽ
സ്ത്രീകൾക്കായി സ്ത്രീകൾ ചെയ്യുന്ന ഒരു ജോലി ചെയ്യാൻ വിനീത ആഗ്രഹിച്ചിരുന്നതിനാൽ, ഏകദേശം 75 ശതമാനം സ്ത്രീകളാണ് അവരുടെ കമ്പനിയിൽ ജോലി ചെയ്യുന്നത്. 5 ട്രില്യൺ ഡോളറിന്‍റെ ബിസിനസാണ് ലക്ഷ്യമിടുന്നതെങ്കിൽ, സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ അത് ബുദ്ധിമുട്ടായിരിക്കും. ഞങ്ങളുടെ ഉപഭോക്താക്കളും സ്ത്രീകളാണ്. അതിനാൽ എന്നോടൊപ്പം പ്രവർത്തിക്കാൻ ഞാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.