“ഡൊമനിക്ക് . . . ഡൊമനിക്ക് റൊസാരിയോ ബെനഡിക് റൊസാരിയോ ജാനറ്റ് ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരി ഏല്യ. പിന്നെയൊരു സഹോദരൻ. ആ സഹോദരന്‍റെ അകാലത്തിലുള്ള മരണം ഡൊമനിക്കിനെ വല്ലാതെ ഉലച്ചിരുന്നു. കാർക്കശ്യ സ്വഭാവക്കാരനായിരുന്നു ബെനഡിക്ട്. മക്കൾക്ക് പ്രായപൂർത്തിയായതിനു ശേഷവും നിസ്സാര കാര്യങ്ങൾക്ക് അയാൾ മക്കളെ ബെൽട്ടുകൊണ്ടൊക്കെ തല്ലിയിരുന്നു. ഇത്തരമൊരു സാഹചര്യം ഡൊമനിക്കിനെ തീർത്തും അന്തർമുഖനാക്കി. എങ്കിലും പഠനത്തിൽ അയാൾ മുൻപന്തിയിലായിരുന്നു.
ഏതിനൊടെങ്കിലും വല്ലാത്ത ഇഷ്ടം തോന്നിയാൽ അതു സ്വന്തമാക്കാൻ ഏതറ്റം വരെ പോകാനും മടിക്കാത്തതായിരുന്നു ആ മനസ്സിന്‍റെ പ്രത്യേകതയിൽ ഒന്ന്. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഭരണരംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ വാസസ്ഥലമായിരുന്ന റോസ് വില്ലയോടും ഡൊമനിക്കിന് ഇഷ്ടം തോന്നി.
കൊട്ടാരം പോലുള്ള ആ വീടിനു മുന്നിലൂടെ പോകുമ്പോൾ ഒരു നാൾ ആ വീട് താൻ വിലക്കുവാങ്ങുമെന്ന് ഡൊമനിക്ക് പറയാറുണ്ടായിരുന്നതായി ജീവിത സായാഹ്നത്തിലും ക്ലമന്‍റ് ഓർക്കുന്നു. ഡൊമനിക്കിന്‍റെ സതീർത്ഥ്യനായിരുന്ന ക്ലമന്‍റ് വീടിനെ പെട്ടെന്നു വന്നു ഗ്രസിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയിൽ, മറ്റൊരു മാർഗ്ഗവും തോന്നാതെ മെഡിക്കൽ പഠനം പൂർത്തിയാകാതെ അവസാനിപ്പിക്കുകയായിരുന്നു. നിന്‍റെ അപ്പനു വേണ്ടപ്പെട്ട ഒരു സുഹൃത്ത് കൂടിയായിരുന്നു ക്ലമന്‍റ്. പഴയ കാലത്ത് പലതവണ നമ്മുടെ ഓഫീസിൽ അതായത് പഴയ സ്നാക്സ്ഷോപ്പിൽ വന്നിട്ടുമുണ്ട്. ”
“ശരിയാണ് ഞാൻ ഓർക്കുന്നു ആ ഒരു പേര് വീട്ടിൽ പറഞ്ഞു കേട്ടിട്ടുണ്ട്.” ട്രീസ ആ പേര് ഓർത്തെടുത്തു.
പിന്നെ ക്ലമന്‍റ് ഒരു വസ്തുക്കച്ചവട സ്ഥാപനത്തിൽ ഗുമസ്തനായി. സ്വന്തം സ്ഥാപനം തുടങ്ങി. ഡൊമനിക്കിന്‍റെ സേവനകാലത്തിന്‍റെ തുടക്കത്തിൽ നല്ല ജനവാസമുള്ള പ്രദേശത്ത്ക് ക്ലിനിക്കു തുടങ്ങാൻ സ്ഥലവും കെട്ടിടവും നല്കി ആ പഴയ സതീർത്ഥ്യന് അകമഴിഞ്ഞ പിന്തുണയും നല്കി. അധ്വാനിയായ ഡൊമനിക്ക് ആ അവസരങ്ങളെല്ലാം മികച്ച രീതിയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ആ അധ്വാനത്തിന്‍റെ ഫലമായി തന്‍റെ ചിരകാല അഭിലാഷമായിരുന്ന റോസ് വില്ല സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് സ്വന്തമാക്കാൻ തോന്നിയ സ്ത്രീയാണ് സുന്ദരിയായ മാർഗരീറ്റ. ഒരു വിവാഹവേളയിൽ കണ്ടുമുട്ടിയ മാർഗരീറ്റ അദ്ദേഹത്തിന്‍റെ മനസ്സിൽ കൂടുകൂട്ടി. മാർഗരീറ്റയെ വിവാഹം കഴിക്കുന്നതിൽ നിന്നു ഡോക്ടറെ തടയാൻ പ്രതികൂല ഘടകങ്ങൾ ഒരുപാട് ഉണ്ടായിട്ടും എല്ലാത്തിനുമുപരി സ്വന്തം കുടുംബാംഗങ്ങളിൽ നിന്നുള്ള എതിർപ്പിനെ കൂടി അവഗണിച്ച് ഡൊമനിക് മാർഗരീറ്റയെ വിവാഹം കഴിച്ചു.
സാമ്പത്തിക ശേഷിയാലും കുടുംബ മഹിമയാലും ഡൊമനിക്കിന്‍റെ കുടുംബവുമായി ഒത്തു നോക്കുമ്പോൾ പിന്നോക്കാവസ്ഥയിലായിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയുമുള്ള സ്ത്രീയായിരുന്നു മാർഗരീറ്റ. ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഒഴിച്ചു നിർത്തിയാൽ ഡൊമനിക്കുമൊന്നിച്ചുള്ള അവരുടെ ദാമ്പത്യജീവിതം തീർത്തും സന്തോഷപ്രദമായിരുന്നു.
യാതൊരു അലോസരവും പ്രകടമാക്കാത്ത ആ ദീർഘകാല ദാമ്പത്യജീവിതത്തൊടൊപ്പം മികച്ച സാമ്പത്തികശേഷിയും സമൂഹത്തിൽ ഔന്നത്യവും അവർക്ക് കൈ വന്നു. കാറ്റും കോളുമില്ലാതെ ശാന്തമായി ഒഴുകിയിരുന്ന റോസ് വില്ലയിലെ ജീവിതങ്ങളിൽ കലക്കങ്ങൾ ദൃശ്യമാകാൻ തുടങ്ങിയത് ഒരു വ്യക്തിയുടെ രംഗപ്രവേശനത്തോടെയായിരുന്നു.
“ആരാണയാൾ?”
ട്രീസ ഉത്കണ്ഠയോടെ ചോദിച്ചു.
“ആൽഫി എന്നറിയപ്പെടുന്ന ആൽഫ്രഡ്. ഇലക്ട്രീഷ്യൻ ആൽഫി എന്നാണയാൾ അറിയപ്പെട്ടിരുന്നത്.”
”ഇത് പുതിയൊരു കഥാപാത്രമാണല്ലോ?”
“അതെ വില്ലയിലെ സംഭവപരമ്പരകളിൽ ഈ കഥാപാത്രത്തിന്‍റെ വേഷം മറ്റൊന്നായിരുന്നു. അടിക്കടി പവർ സപ്ലൈ പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരുന്ന ഡൊമനിക്കിന്‍റെ ക്ലിനിക്കിൽ ആ പ്രശ്നം സ്ഥിരമായി പരിഹരിക്കാനായിരുന്നു ആദ്യമായി ആൽഫി ക്ലിനിക്കിലെത്തുന്നത്. വിനയാന്വിതനും ഇലക്ട്രിക്കൽ ജോലികളിൽ പ്രഗത്ഭനുമായ ആൽഫി ഡോക്ടറുടെ സവിശേഷ ശ്രദ്ധ നേടിയെടുത്തു.
സ്വതവേ അന്തർമുഖനായ ഡോക്ടറുമായി ഒരടുപ്പം ആൽഫി എങ്ങനെ ഉണ്ടാക്കിയെടുത്തെന്ന് വ്യക്തമല്ല. ജോലിയിലുള്ള മിടുക്കും പെരുമാറ്റവും കൊണ്ടാകാനേ വഴിയുള്ളൂ. ക്രമേണ ആൽഫിയെക്കുറിച്ച് ഡോക്ടർ കൂടുതൽ മനസ്സിലാക്കിയതോടെ ആൽഫിയോടുള്ള അടുപ്പം അനുകമ്പയിലേക്കും വഴിമാറി.
ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ആൽഫിയും സഹോദരിയും ഒരനാഥാലയത്തിലാണ് വളർന്നത്. ഇരുവർക്കും പ്രായമൂർത്തിയായതോടെ അനാഥാലയത്തിലെ നിയമമനുസരിച്ച് അവിടം വിടേണ്ടിവന്നു. അവിടെ നിന്നും പഠിച്ച കൈത്തൊഴിലാണ് ഇലക്ട്രീഷ്യൻ പണി. സഹോദരി തുന്നൽ ജോലിയും.
ഒരു ചെറിയ വാടക വീട്ടിൽ താമസിക്കുകയാണ് രണ്ടുപേരും. രണ്ടുപേർക്കും ജോലി വല്ലപ്പോഴുമേ ഉളളൂ. വലിയ കഷ്ടതയിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. അവരുടെ പ്രയാസം നിറഞ്ഞ ജീവിതത്തിലെ ആദ്യലക്ഷ്യം മാതൃരാജ്യത്തിലേക്ക് തിരിച്ചു പോകുക എന്നുള്ളതാണ്. അതിന് ഭാരിച്ച ഒരു തുക തന്നെ വേണം. സ്വന്തം നാട്ടിൽ ജീവിതം പച്ചപിടിക്കുമെന്ന വിശ്വാസം ഉണ്ട്. പക്ഷേ ദൈനംദിന ജീവിതം തന്നെ കഷ്ടതയിലൂടെ മുന്നോട്ടു പോകുന്ന അവർക്ക് മാതൃരാജ്യത്തിലേക്കുള്ള തിരിച്ചുപോക്ക് വിദൂരസ്വപ്നമായിത്തന്നെ തുടരുന്നു.
അങ്ങനെ സഹോദരി സാറയ്ക്ക് ക്ലിനിക്കിൽ ഒരു ജോലി ഡോക്ടറോട് ആൽഫി ആവശ്യപ്പെട്ടു മാതൃരാജ്യത്തിലേക്ക് പോകാനുള്ള പണം സേവു ചെയ്യാൻ തക്ക നല്ല ശമ്പളം നല്കാമെന്ന് ഡോക്ടറും വാഗ്ദാനം ചെയ്തു. ആ സാറയാണ് മിയ ഏറ്റവും വെറുക്കുന്ന സ്ത്രീ.
“റിസ്വാന എന്നല്ലേ ആ പെൺകുട്ടിയുടെ പേരായി മിയ പറഞ്ഞത്?“ അത്ഭുതം കൂറിയ മിഴിയോടെ ട്രീസ ചോദിച്ചു.
സാറ തന്നെ റിസ്വാന. റിസ്വാന എന്ന പേരിൽ സാറാ അവതരിക്കപ്പെട്ടതിൽ വ്യക്തമായ ഒരു പദ്ധതിയുണ്ട്. അത് വഴിയേ മനസിലാകും.
അങ്ങനെ സാറ ക്ലിനിക്കിൽ ജോലിക്കു വന്നു തുടങ്ങി. അവളുടെ വശ്യതയാർന്ന പെരുമാറ്റം ഡോക്ടർക്ക് വളരെ ആകർഷണീയമായി അനുഭവപ്പെട്ടു. ഏറെത്താമസിയാതെ മാനുഷിക വികാരങ്ങളുടെ നിറവും മണവും മാറിത്തുടങ്ങി അനുകമ്പയും വാത്സല്യവുമൊക്കെ അസ്ഥിക്കു പിടിച്ച പ്രണയത്തിലേക്ക് വഴിമാറി. അതിന്‍റെ അലയൊലികൾ സാവകാശം റോസ് വില്ലയിലും ദൃശ്യമായി. അതെക്കുറിച്ചെല്ലാം മിയ പറഞ്ഞിരുന്നല്ലോ?
ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ ഏതറ്റവും വരെ പോകുന്ന പ്രകൃതമുള്ള ഡൊമനിക്കിന് തന്‍റെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരത്തിന് തടസ്സം തന്‍റെ കുടുംബം തന്നെയെന്ന് ഏറെ വൈകാതെ തന്നെ തിരിച്ചറിഞ്ഞു. അതിനായി അനുനയത്തിന്‍റെ ഭാഷയിൽ അയാൾ മാർഗരീറ്റയോട് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സമ്മതം ആവശ്യപ്പെട്ടു.
ഒരു കടുകിട പോലും മാർഗരീറ്റ ആ ആവശ്യത്തിന് വഴങ്ങാതായതോടെ, പ്രണയത്തിന്‍റേയും കാമത്തിന്‍റേയും ഉന്മാദഘട്ടത്തിൽ വച്ച് ഡൊമനിക്ക് ചിലന്തിവല നെയ്യുന്ന പോലെ ഒരു കെണി ഒരുക്കാൻ പദ്ധതി തുടങ്ങി. കണ്ണികൾ ബലപ്പെടുത്തി ഇര ഒരു കാരണവശാലും കുതറി രക്ഷപ്പെട്ടു പോകരുത് എന്നുറപ്പിച്ച ഒരു ചിലന്തിവല.
അതിന്‍റെ ആദ്യപടിയായി അയാൾ ചെയ്തത് ഭാര്യ മാർഗരീറ്റക്ക് ഒരു രഹസ്യ കാമുകനുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ആ രഹസ്യ കാമുകന്‍റെ പട്ടം ആൽഫിയിൽ അയാൾ നിർബന്ധപൂർവം അടിച്ചേൽപ്പിച്ചു. അതിനകം ഡോക്ടർ ഡൊമനിക്കിൽ നിന്നും ഗർഭിണിയായിക്കഴിഞ്ഞ സ്വസഹോദരിയുടെ നല്ല ഭാവിക്കുവേണ്ടി എന്തു കുത്സിത പ്രവർത്തിക്കും അയാൾ ഒരുക്കമായിരുന്നു.
ആൽഫി എഴുതി ഡൊമനിക്കിനു കൈമാറിയ പ്രണയ എഴുത്തുകൾ റോസ് വില്ലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ അതൊന്നും മാർഗരീറ്റയിൽ നിന്നും വിവാഹമോചനത്തിനുള്ള സമ്മതം ലഭിക്കാൻ മാത്രം പര്യാപ്തമായില്ല. തുടർന്നു ഡൊമനിക്ക് ഒരു വസ്തുത ഉറപ്പിച്ചു.
നേരായ മാർഗ്ഗത്തിലൂടെ വിവാഹമോചനം സാധ്യമാവില്ല. ഒരു ഒഴിയാബാധപോലെ മാർഗരീറ്റ എല്ലാ കാലവും തന്‍റെ കൂടെ കാണുമെന്നും എവിടെ പോയാലും പിന്തുടരുമെന്നും അയാൾക്കുറപ്പായി. കടിഞ്ഞാണില്ലാത്ത കുതിര വേഗത്തിൽ എങ്ങോട്ടെന്നില്ലാതെ പായുന്ന ആ സങ്കീർണ്ണ മനസ്സ് ഒടുവിൽ ആ പൈശാചിക കൃത്യം തന്നെ തിരഞ്ഞെടുത്തു. ആ പദ്ധതി ഇപ്രകാരമായിരുന്നു.
മാർഗരീറ്റക്ക് കാമുകനുണ്ടെന്ന വിവരം അടുത്ത സുഹൃത്തുക്കളേയും അറിയിക്കുക തുടർന്ന് മാർഗരീറ്റയെ ഏതു വിധേനയെങ്കിലും ഇല്ലായ്മ ചെയ്യുക. അവരുടെ തിരോധാനത്തിന്‍റെ കാരണം കാമുകനൊടൊപ്പം കടന്നു കളഞ്ഞതാണെന്ന് പറഞ്ഞു പരത്തുക. തുടർന്ന് റോസ് വില്ലയുടേയും മകളുടേയും സംരക്ഷണം സഹോദരി ഏല്യയെ ഏൽപ്പിക്കുക.
എല്ലാത്തിനും ഒടുവിൽ സാറയുടേയും ആൽഫിയുടേയും ഒപ്പം രാജ്യം വിടുക. അങ്ങനെ ഡൊമനിക്ക് വിപുലമായ ഒരു വല നെയ്ത് ആ വലയിൽ ഇരയെ കുടുക്കാനുള്ള അവസരത്തിനായി സന്നാഹങ്ങളോടെ തക്കം പാർത്തു. ഒടുവിൽ ദിവസം വന്നെത്തി. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വിരുന്നൊരുക്കുന്ന ആ ദിവസം.
ആ പാർട്ടിയിൽ ഡൊമനിക്കിന്‍റെ ഒരു പ്രത്യേക രഹസ്യ ക്ഷണിതാവായി, ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു പഠിച്ച് ആൽഫിയും വിരുന്നിനെത്തി. ആ പാർട്ടിയിൽ വച്ച് ഡൊമനിക്ക് മാർഗരീറ്റയുടെ കാമുകനാണെന്ന് പറഞ്ഞ് ഒരാളെ അക്രമിക്കാൻ പോയത് മിയ പറഞ്ഞിരുന്നല്ലോ. മുൻകൂട്ടിയുള്ള നിശ്ചയപ്രകാരം നടന്ന ആ സംഭവത്തിനു ശേഷം ആൽഫി അവിടെ നിന്നും സ്ഥലം വിട്ടു.
ഡൊമനിക്കിന്‍റെയും സാറയുടേയും കൂടെ രാജ്യം വിടുന്നതിനായുള്ള ചില മുന്നൊരുക്കങ്ങൾ അയാൾക്ക് മുൻഗണക്രമത്തിൽ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നു. ഡൊമനിക്കിന്‍റെ അപ്രതീക്ഷിത നീക്കത്തിൽ തകർന്നുപോയ മാർഗരീറ്റ ആ സംഭവം മകളിൽ നിന്നെങ്കിലും മറച്ചുവയ്ക്കാമെന്നു കരുതി ഉടനെത്തന്നെ മിയയെ മുറിക്കുള്ളിലാക്കി പുറമെ നിന്നു വാതിൽ പൂട്ടി. തുടർന്നു വിരുന്നുകാരെല്ലാം പോയ ശേഷം നടന്ന ഡൊമനിക്കുമായുള്ള വാക്കുതർക്കത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഡൊമനിക്കിന്‍റെ മർദ്ദനമേറ്റ് അവർ ബോധരഹിതയായി. തുടർന്ന് മരണപ്പെടുകയും ചെയ്തു.
തുടർന്ന് തെളിവുകൾ നശിപ്പിക്കാനായിരുന്നു ഡൊമനിക്കിന്‍റെ ശ്രമം. മൃതദേഹം നിലവറയിൽ കൊണ്ടുവന്നു. ഒരു ഡോക്ടറുടെ കൈവേഗത്തോടെ പലഭാഗങ്ങളാക്കി കുറെഭാഗം അവിടെ കുഴിച്ചിട്ടു. ബാക്കിഭാഗം പിന്നീട് മറ്റെവിടെയോ കൊണ്ടുപോയി നശിപ്പിച്ചു കളഞ്ഞു. പിറ്റേന്ന് പുലർച്ചെ ഡൊമനിക് ഏല്യാന്‍റിയോട് വിളിച്ചു പറഞ്ഞ കാര്യങ്ങൾ മിയ പറഞ്ഞിരുന്നല്ലോ?
ഏല്യാന്‍റി ആ ഫോൺകോളിന്‍റെ പ്രത്യേകത എന്നോട് പറഞ്ഞിരുന്നു. മുഴക്കമുള്ള ഒരു ശബ്ദമായിട്ടാണ് ഏല്യാന്‍റിക്ക് അനുഭവപ്പെട്ടത്. അതാ കൊട്ടിയടച്ച നിലവറയിൽ നിന്ന് സംസാരിച്ചതു മൂലമാണ് അങ്ങനെ തോന്നിയത്. പിറ്റേന്ന് ഏല്യാന്‍റി മകളെ കൂട്ടാൻ വരുമ്പോഴും ഡൊമനിക്ക് നിലവറയിലുണ്ട്. തുടർന്നയാൾ റോസ് വില്ലയിൽ നിന്നും പുറത്തിറങ്ങി. ആൽഫിയുമായും സാറായുമായും സംസാരിച്ചു.
ആൽഫി അപ്പോഴേക്കും ഡൽഹിയിലുള്ള എംബസ്സിയിൽ എത്തിച്ചേരാനുള്ള യാത്രയിലായിരുന്നു. ഡൊമനിക്കും സാറയുമൊന്നിച്ച് ഡൽഹിയിലേക്ക് യാത്രയായി. അവശ്യം വേണ്ടുന്ന രേഖകളും ഒരുപാട് പണവും മുൻകൂർ തന്നെ അയാൾ സാറയെ ഏൽപ്പിച്ചിരുന്നു. ആ യാത്രയിലാവണം തലയടക്കം നിലവറയിൽ മറവു ചെയ്തതിൽ നിന്നും അവശേഷിച്ച മൃതദേഹത്തിന്‍റെ ശരീരാവശിഷ്ടങ്ങൾ മുഴുവൻ ഒഴിവാക്കിക്കളഞ്ഞത്.
പത്രവാർത്തകളിൽ അതെക്കുറിച്ചൊന്നും വിവരിച്ചു കണ്ടില്ല. അത് കണ്ടെടുക്കാനായില്ലെന്നു തോന്നുന്നു അതിനയാൾ കുറ്റം നിഷേധിച്ചു കൊണ്ടേ ഇരുന്ന് പോലീസുകാർക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നല്ലോ?
അങ്ങനെ അവർ എംബസിയിലെത്തി ആൽഫിയെ കണ്ടു. അവിടെ അവർ ഉദ്ദേശിച്ച രീതിയിൽ വേഗതയിൽ കാര്യങ്ങൾ മുന്നോട്ടു പോയില്ല. ആർക്കും സംശയത്തിനിട കൊടുക്കാത്ത രീതിയിൽ ഡൽഹിയിൽ നിന്നും കുറെമാറി ഒരുൾനാടൻ പ്രദേശത്ത് ഡൊമനിക്കും സാറയും താല്കാലികമായി താമസമുറപ്പിച്ചു. സത്യത്തിൽ ഏലിയാന്‍റിയാണ് അവരെ കുടുക്കിയത്.
ഡൊമനിക്കിനെ കാണാനില്ലെന്ന് പോലീസിൽ പരാതി കൊടുത്തത് ഡൊമനിക്കിനു തന്നെ വിനയായി. മാർഗരീറ്റ മൂലം ഡൊമനിക്കിന് എന്തെങ്കിലും അപകടം സംഭവിച്ചേക്കുമോ എന്ന് ഭയന്നാകണം അവർ വേഗം പോലീസിൽ അറിയിച്ചത്. ആ പരാതി കൊടുക്കൽ കുറെക്കൂടി വൈകിയിരുന്നെങ്കിൽ അവരെ പിടികൂടുക ദുഷ്ക്കരമാകുമായിരുന്നു.
അപ്പോൾ ആ എഴുത്ത്?
“അതെ ആ എഴുത്താണ് എന്നെ സഹായിച്ച മുഖ്യ തെളിവ്. മാർഗരീറ്റ കാമുകനൊടൊപ്പം സ്ഥലം വിട്ടു എന്ന് രേഖാമൂലം സ്ഥിരീകരിക്കാൻ ഡൊമനിക്ക് തന്നെ മെനഞ്ഞെടുത്ത ഒരു കത്താണിത്. നിന്നോട് ഇതൊക്കെ പറയാം നീയെന്നെ ചോദ്യം ചെയ്യുകയില്ല. എന്നാൽ മിയയോട് പറയുമ്പോൾ വ്യക്തമായ തെളിവു നല്കേണ്ടി വരും.”
ഞാൻ എഴുന്നേറ്റു മിയ തന്ന എഴുത്തിന്‍റെ കോപ്പിയും റോസ് വില്ലയിലെ ടൈപ്പ്റൈറ്ററിൽ നിന്നും ഞാൻ ടൈപ്പു ചെയ്ത പേപ്പർ കഷണവും എടുത്തു. രണ്ടും ഒരുമിച്ചു ചേർത്തു വച്ചു.
“ട്രീസാ നോക്കൂ. റോസ് വില്ലയിലെ ഡോക്ടർ ഡൊമനിക്കിന്‍റെ പരിശോധന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ടൈപ്പ്റൈറ്ററിൽ ടൈപ്പ് ചെയ്തവയാണ് ഈ രണ്ടുപേപ്പറിലേയും എഴുത്തുകൾ. ഡബ്ലിയു എന്ന അക്ഷരം നോക്കുക. ആ അക്ഷരത്തിന്‍റെ കീ ഡിഫക്ടീവ് ആണ്. ഡബ്ലിയൂ എന്ന അക്ഷരത്തിന്‍റെ ഒരു വശത്തുള്ള മുകളിലേക്കുള്ള വര രണ്ട് പേപ്പറിലും പതിഞ്ഞിട്ടില്ല. ഇന്ന് റോസ് വില്ലയിൽ പോയപ്പോൾ ആ ടൈപ്പ്റൈറ്റിലെ കീ ഞാൻ സൂക്ഷ്മമായി പരിശോധിച്ചു. ഈ പേപ്പറിൽ നോക്കൂ. ഞാൻ ഒരുപാട് തവണ ഡബ്ലിയു എന്ന അക്ഷരം ടൈപ്പ് ചെയ്തിരിക്കുന്നു.
ഇവയിൽ ഒന്നിൽ പോലും മുകളിലേക്കുള്ള വര പതിഞ്ഞിട്ടില്ല. മാർഗരീറ്റ അയച്ചുവെന്ന് പറയപ്പെടുന്ന എഴുത്തിൽ മൂന്നിലേറെ സ്ഥലത്ത് ഡബ്ലിയൂ ആവർത്തിക്കുന്നുണ്ട്. അതിലൊന്നിലും മുകളിലേക്കുള്ള വര പതിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈയെഴുത്ത് ഡൊമനിക്ക് തയ്യാറാക്കിയതാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
കത്തു തയ്യാറാക്കി അതൊരാളെ ഏൽപ്പിച്ചു. എപ്പോൾ ആ തപാൽപെട്ടിയിൽ കൊണ്ടിടണമെന്ന് വ്യക്തമായി ചട്ടം കെട്ടി. വീട്ടിൽ വച്ച് രോഗികളെ പരിശോധിച്ചിരുന്ന കാലയളവിൽ ഡോക്ടറെ സഹായിച്ചിരുന്ന ആ പ്രായമായ സ്ത്രീയാകാനാണ് മിക്കവാറും സാധ്യത. പിന്നീട് പോലീസും മറ്റുമായപ്പോൾ തനിക്കു എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ഭയന്ന് അക്കാലയളവിൽ എഴുത്തവർ തപാൽപെട്ടിയിൽ ഇട്ടില്ല.
എന്നാൽ ആ എഴുത്ത് കയ്യിലിരുന്നാൽ അതും ഒരു തലവേദനയാകുമെന്ന് കരുതി ഏറെക്കാലം കഴിഞ്ഞ് ആ എഴുത്തവർ തപാൽപെട്ടിയിൽ കൊണ്ടു ചെന്നിട്ടു. അതവിടെ ഏറെക്കാലം കിടന്നു. ഒടുവിൽ റോസ് വില്ല പുതുക്കി പണിതു അവിടെ സ്ഥിരതാമസത്തിനു വന്ന മിയക്കത് ലഭിക്കുകയും ചെയ്തു.
അതുവായിച്ചപ്പോഴാണ് അവർക്ക് അപ്പന്‍റെ അപരാധിത്വത്തെക്കുറിച്ച് അവിശ്വാസം തോന്നിത്തുടങ്ങിയതും നമ്മെ സമീപിക്കുന്നതും. തെളിവുകൾ ഇനിയുമുണ്ടെങ്കിലും മറ്റൊരു സുപ്രധാന തെളിവ് സംഘടിപ്പിച്ചു തന്നത് നിന്‍റെ സഹോദരൻ ഗബ്രിയാണ്.
അതിനു പിന്നിൽ പിന്നെയും തുടർക്കഥകളുണ്ട്. പോലീസിന്‍റെ കൈയ്യിൽ അകപ്പെട്ട ഡൊമനിക്കും സാറയും പിന്നീട് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി. ആൽഫി എന്തുകൊണ്ടോ പിന്നീട് നിയമനടപടികളിലൊന്നും വിഷയമായതേ ഇല്ല. ചെറിയ കാലയളവിലെ വിചാരണക്കുശേഷം സാറയെ വെറുതെ വിടുകയും ഡൊമനിക്കിനെ ശിക്ഷിക്കുകയും ചെയ്തു.
തുടർന്ന് ആൽഫിയും സാറയും രാജ്യം വിടുകയും മാതൃരാജ്യത്ത് താമസമുറപ്പിക്കുകയും ചെയ്തു. ആൽഫി വിവാഹമെല്ലാം കഴിച്ച് കുടുംബനാഥനായി കഴിയുന്നു. സഹോദരി സാറയാകട്ടെ പിന്നീട് ഒരിക്കലും വിവാഹിതയായില്ല. ഡൊമനിക്കിന്‍റെ മകനെ വളർത്തി സഹോദരന്‍റെ സംരക്ഷണയിൽ കഴിയുന്നു.
ആൽഫിയുടെ ഒരു ഫോട്ടോ ലഭിക്കുമോ എന്ന് ഞാൻ പല വഴിയിൽ അന്വോഷിച്ചിരുന്നു. അതൊന്നും വേണ്ടത്ര ഫലവത്തായില്ല. അങ്ങനെയാണ് ഞാൻ ഗബ്രിയുടെ സഹായം തേടുന്നത്. പല കാര്യങ്ങളിലും ഇളവുകൾ നല്കി ലോകത്തിന്‍റെ പലഭാഗത്തുമുള്ള തദ്ദേശീയരെ മാതൃരാജ്യത്ത് വന്ന് താമസിക്കുവാനായി ഗവൺമെന്‍റ് സർക്കുലർ പുറത്തിറക്കിയിരുന്നു. ആ ഇളവുകൾ പ്രയോജനപ്പെടുത്തിയായിരിക്കണം ആൽഫിയും സാറയും രാജ്യം വിട്ടതെന്ന് എനിക്കു തോന്നി.
ആഡാറ്റബേസ് ലഭിക്കുമെങ്കിൽ ആൽഫിയെ കണ്ടെത്താൻ എളുപ്പമാണല്ലോ? അതു ലഭിക്കുക എളുപ്പമല്ല താനും. മിനിസ്ട്രിയിലെ ചില ബന്ധങ്ങൾ വഴി ഗബ്രി കാര്യം സാധിച്ചു. ആ ഡാറ്റബേസിൽ ഉൾപ്പെടുത്തിയ ആൽഫിയുടെ ഫോട്ടോ എനിക്ക് അല്പം മുന്നേ ലഭിച്ചു. പാർട്ടിയിൽ വച്ച് മിയയുടെ അപ്പൻ വഴക്കിനുപോയ ആൽഫിയെ അവർ ജീവിതത്തിൽ മറക്കാൻ തരമില്ല.
വർഷങ്ങൾ ഒരുപാട് പോയെങ്കിലും മിയക്ക് എന്‍റെ കൈവശമുള്ള ഫോട്ടോ നോക്കി ആൽഫിയെ തിരിച്ചറിയാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ.
“അപ്പനെക്കുറിച്ച് ഇതെല്ലാം കേട്ടാൽ മിയ?” ട്രീസയുടെ ശബ്‍ദം ഇടറിയിരുന്നു.
നമുക്ക് എന്തായാലും സത്യം സത്യമായി പറഞ്ഞല്ലേ പറ്റൂ.
വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെയല്ലേ ഈ വസ്തുത പറയാൻ പോകുന്നത് തന്‍റെ അപ്പൻ അമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ ഒരു കൊലയാളിയാണെന്നു സംശയമില്ലാതെ സ്ഥിരീകരണം ലഭിക്കുമ്പോൾ തീർച്ചയായും ആ മനസ്സിന് മുറിവേൽക്കും. ആ പാവം അമ്മയെക്കുറിച്ചോർത്ത് വേദനിക്കും. അമ്മയുടെ ധാർമ്മികതയെ സംശയിച്ചതിൽ പശ്ചാത്തപിക്കും. പിന്നെപിന്നെ എല്ലാം അവൾ മറക്കും.
ദൈനംദിന വിഷയങ്ങൾ നിരന്തരം വന്നുചേരുമ്പോൾ മനസ്സ് അവയിൽ ചുറ്റിത്തീരും. അനാദിയായ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ? ഈ വിഷയത്തിൽ പോലീസ് അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ച വച്ചു. പരാതി കിട്ടിയതു മുതൽ തികഞ്ഞ ലക്ഷ്യബോധത്തോടു കൂടിയുള്ള ഒന്നാന്തരം നീക്കങ്ങളാണ് ഉണ്ടായത്.
ഡൽഹിയിലെ ഏതോ ഉൾപ്രദേശത്തു നിന്നും കുറ്റവാളിയെ കുടുക്കാൻ വേഗത്തിൽ തന്നെ അവർക്കു കഴിഞ്ഞു. മാത്രമല്ല സമൂഹത്തിലെ ഉന്നതസ്ഥാനവും സ്വാധീനശക്തിയുള്ള ഒരു വ്യക്തിയായിരുന്നിട്ടും അർഹതപ്പെട്ട ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞു.
സമയം പാതിരയോടടുക്കുന്നു. ദീർഘ സംസാരം കൊണ്ട് തൊണ്ട വരളുന്ന പോലെ. ട്രീസ കൊണ്ടുവച്ച ഇളംചൂടുള്ള വെള്ളം രണ്ടുഗ്ലാസ്സ് കുടിച്ചപ്പോൾ ആശ്വാസം തോന്നി. ചിന്തയിലാണ്ടിരിക്കുന്ന ട്രീസ… അവളെ അങ്ങനെ ചിന്തിച്ചുകൂട്ടാൻ അനുവദിച്ചു കൂടാ, പ്രധാനമായും മിയയുടെ വിഷമതകളായിരിക്കും ട്രീസയുടെ ചിന്താവിഷയം.
“ട്രീസാ…“ ഞാൻ പതുക്കെ വിളിച്ചു. അവൾ ചിന്തയിൽ നിന്നുണർന്നു. ഞാൻ തുടർന്നു.
വൈകാരികത വിവേകത്തിനുമേൽ ആധിപത്യം നേടാൻ ഒരിക്കലും ഇടവരുത്തരുത് വിവേകത്തെ അടിച്ചമർത്താൻ മാത്രം ശക്തിമത്താണ് വൈകാരികത. വൈകാരികത പെട്ടന്ന് വിവേകത്തെ കീഴ്പെടുത്തുന്ന ഘട്ടങ്ങൾ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും കടന്നു വരാം.
അത്തരം ഘട്ടങ്ങളിൽ ആത്മസംയമനം പാലിച്ച് ആത്മനിയന്ത്രണം കൈവരിച്ച് വിവേകത്തോടെ തീരുമാനം കൈകൊള്ളണം. വൈകാരികതയുടെ പ്രചോദനത്താൽ എടുക്കുന്ന തീരുമാനങ്ങളുടെ വരും വരായ്കകൾ വേർതിരിച്ചു മനസ്സിലാക്കാനുള്ള അടിസ്ഥാനബോധവും ബുദ്ധിപരമായ സംവേദനക്ഷമതയും മനുഷ്യനു വേണം. എങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തുള്ള ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം മനഷ്യന് കരഗതമാകുകയുള്ളൂ.
വേദനയിലൂടെയും ത്യാഗത്തിലൂടെയും കെട്ടിപ്പൊക്കിയവ തകർന്നു വീഴാൻ വൈകാരികതയിൽ അധിഷ്ഠിതമായെടുത്ത ഒരൊറ്റ തീരുമാനം മതി. ജീവജലമുൾക്കൊള്ളുന്ന ജീവിതമെന്ന സ്ഥടിക പാത്രത്തിലേക്ക് കല്ലെറിയുന്ന പോലെയാണിത്. ലോകം ജയിച്ചവനാണ് പോരാളി. ഈ ലോകവും അവനുള്ളവനാണ്.
ഞാൻ പറഞ്ഞു നിർത്തി. ഒരു കവിൾ വെള്ളം കുടിച്ചു. ഞാൻ പറഞ്ഞതെല്ലാം തലകുലുക്കി സമ്മതിച്ചശേഷം ഉലഞ്ഞു കിടക്കുന്ന കിടക്കവിരി ശരിയാക്കി ട്രീസ ഉറങ്ങാൻ കിടന്നു. ഞാൻ ലൈറ്റണച്ചു. രാവേറെ ചെന്നിരിക്കുന്നു. നിശ്ശബ്ദതയെ കീറിമുറിച്ച് പന്ത്രണ്ടു മണിയടിച്ചു. ഉഷ്ണമുണ്ട്. അലസനായി ഭ്രമണം ചെയ്യുന്ന ഫാനിന് വേഗത കുറവെന്ന് തോന്നി. കൊട്ടിയടച്ചിട്ടിരിക്കുന്ന ജനലുകൾ തുറന്നാൽ അല്പം ഇളങ്കാറ്റ് കിട്ടും റോഡിനോട് അഭിമുഖമായി കിടക്കുന്ന വാതായനങ്ങൾ ഞാൻ തുറന്നിട്ടു.
റോഡിനപ്പുറം ആൾ സഞ്ചാരമില്ലാത്ത മുൾക്കാടും. അതിനുമപ്പുറം കായലുമാണ്. കായലിന്‍റെ മേൽവിതാനത്തു നിന്നും തണുപ്പ് വഹിച്ച കാറ്റ് മുറിക്കകത്തേക്കു കയറി. പകലിന്‍റെ തിരക്കുകൾ കഴിഞ്ഞ് ആലസ്യത്തിലാണ്ടു കിടക്കുന്ന വഴിത്താരകൾ എല്ലാം മയങ്ങിക്കിടപ്പാണ്. സ്ട്രീറ്റ്ലൈറ്റിന്‍റെ മങ്ങിയ വെളിച്ചം കണ്ടു ഭ്രമിച്ച ഈയാംപാറ്റക്കൂട്ടങ്ങൾ ലൈറ്റിനു ചുറ്റുംകറങ്ങി തിരിയുന്നതു കാണാം.
പൊടുന്നനെയാണ് മങ്ങിയ വെളിച്ചത്തെ കീറിമുറിച്ചു കൊണ്ട് ഒരു വാഹനത്തിന്‍റെ പ്രകാശം ശക്തിയായി പ്രസരിച്ചത്. തിരിഞ്ഞു നടക്കാനൊരുങ്ങിയ ഞാൻ ഒന്നു നിന്നു. സ്ട്രീറ്റ്ലൈറ്റിനു ഏതാനും കാതമകലെ ആ കറുത്തവാൻ വന്നുനിന്നു. ആ വാനിൽ നിന്നും ഒരു പുരുഷനും ഒരു തടിച്ച സ്ത്രീയും സംശയിച്ചു പുറത്തിറങ്ങി. ചുറ്റുപാടും, ഒന്നു നോക്കി തെല്ലിട നേരം അവർ പരിഭ്രമിച്ചു നിന്നു.
എന്തോ അസ്വാഭാവികത തോന്നിയ ഞാൻ ജനലഴികളിൽ നിന്നും കൈ പിൻവലിച്ച് പുറകോട്ടു നീങ്ങി. വാനിന്‍റെ നമ്പർ ഒരു മൂടൽമഞ്ഞിലെന്ന വണ്ണം ദൃശ്യമായിരുന്നു. ഞാനത് നഖംകൊണ്ട് ചുവരിൽ കോറിയിടവേ അവർ വാനിൽ നിന്നും ഒരു നീളമുള്ള ചാക്കുകെട്ട് ബദ്ധപ്പെട്ട് പുറത്തെടുത്തു. തുടർന്ന് രണ്ടുപേരും ചേർന്ന് കനമുള്ള ആ ചാക്കുകെട്ട് താങ്ങിയെടുത്ത് മുൾകാട്ടിലേക്ക് പോയി മറഞ്ഞു.
അരമണിക്കൂറിനകം ഇരുവരും തിരിച്ചു വന്ന് വാൻ റിവേഴ്‌സ് എടുത്തു സ്ഥലം വിട്ടു. അഭിശപ്ത ചിന്തകളാൽ വലഞ്ഞ് ഞാൻ തെല്ലിട നേരം കിടക്കയിൽ വന്നിരുന്നു. ആരാണവർ? ചാക്കുകെട്ടിൽ എന്തായിരിക്കും?
പെട്ടന്ന് ബെഡ്‌ലാംപ് അണഞ്ഞു. കറന്‍റ് പോയിക്കാണും. നെറ്റിയിൽ കൈപ്പടം ചേർത്ത് കണ്ണടച്ചു ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് വാതിലിൽ മുഴക്കത്തോടെ തുടർച്ചയായ മുട്ട് കേട്ടത്.