ട്രീസയേയും കൂട്ടി ഫ്ലാറ്റിലേക്കെത്തുമ്പോഴേക്കും സന്ധ്യയുടെ നിറം ചോർന്ന് ഇരുളിമ കൈവന്നു കഴിഞ്ഞിരുന്നു. വഴിയരികിലെ വൃക്ഷത്തലപ്പിൽ കാളിമപടരുന്നു. ഓഫീസ് നിബന്ധനകളെല്ലാം മിയ അംഗീകരിച്ചെന്നും അതിന്‍റെ സമ്മതപത്രം ഇമെയിലായി അയച്ചു കിട്ടിയെന്നും ട്രീസ അറിയിച്ചു. ഒപ്പം ബിനാലെയോടനുബന്ധിച്ച് അവർ നടത്തുന്ന ചിത്രപ്രദർശനം കാണുവാനുള്ള ക്ഷണവും. എന്‍റെ മനസ്സ് അപ്പോഴും ഏലിയാന്‍റിയിൽ ഒരു കാകനെപ്പോലെ വട്ടം കറങ്ങുകയായിരുന്നു.

ഒരു പൂമോഹിച്ചാണ് അവരുടെ അടുക്കൽ ചെന്നത്. എന്നാൽ ഒരു പൂക്കാലം തന്നെ അവർ തന്നു. എന്നാൽ ആ പൂക്കാലത്തിലെ പൂക്കൾ മിക്കതും നിലംപറ്റിയവ ആയിരുന്നു. അവരുടെ രക്തബന്ധങ്ങളോടുള്ള സ്നേഹവായ്പ് ആർക്കും മനസ്സിലാക്കാവുന്നതേഉള്ളൂ. എന്‍റെ വരവിന്‍റെ യഥാർത്ഥ ഉദ്ദേശം അവർ പൂർണമായും ഉൾക്കൊണ്ടിരുന്നുവെങ്കിൽ ഇത്ര ഏകപക്ഷീയമായ നിലപാട് എടുക്കില്ലായിരുന്നു എന്ന് തോന്നുന്നു നീണ്ടുനീണ്ടുപോയ അവരുടെ സംഭാഷണങ്ങളിലെ രത്നചുരുക്കം ഇതാണ്.

ഡൊമനിക്കിനു സംഭവിച്ച ദുരന്തങ്ങളുടെ കാരണം മാർഗരീറ്റയാണ്. അവരുടെ ദുഷ്ചെയ്തികൾക്ക് പുറത്തുനിന്നും നിർലോഭമായ പിന്തുണലഭിച്ചു. ആ പിന്തുണ നല്കിയവനൊടൊന്നിച്ച് മാർഗരീറ്റ സുഖമായി കാണാമറയത്ത് ജീവിക്കുന്നു.

ഡൊമനിക്കാകട്ടെ അവൾ കാരണം സാമൂഹികമായും വ്യക്തിപരമായും തകർച്ചയുടെ കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തി. ദയനീയമായി ആത്മഹത്യയും ചെയ്യേണ്ടി വന്നു. അമ്മയെ നേരിട്ട് കുറ്റപ്പെടുത്തിയില്ലെങ്കിലും ഡൊമനിക്കിനു സംഭവിച്ച ദുരന്തത്തിന്‍റെ യഥാർത്ഥകാരണങ്ങൾ അറിയാനുള്ള കടുത്ത നിശ്ചയദാർഢ്യം മിയക്കുണ്ട്.

അപ്പൻ തികച്ചും നിരപരാധിയെന്ന് അവൾ വിശ്വസിക്കുന്നു. അതുതന്നെ ഏലിയാന്‍റിയും ഉറച്ചു വിശ്വസിക്കുന്നു. തപാൽപെട്ടിയിൽ നിന്നും ലഭിച്ച സത്യത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ചൂണ്ടുപലകയായ കത്തിനെക്കുറിച്ച് ഏലിയാന്‍റി അറിഞ്ഞിരിക്കണമെന്നില്ലെങ്കിലും ഇരുവരുടേയും നിലപാടുകൾ ഒരേ സ്വരത്തിൽ വിരൽച്ചൂണ്ടുന്നത് ഏക ലക്ഷ്യത്തിലേക്കാണ്. അപ്പോഴാണ് നിയമവ്യവസ്ഥിതി ഒരു കനത്ത ചോദ്യചിഹ്നമായി ഉയർന്നുവരുന്നത്.

എല്ലാവിധ ശാസ്ത്രീയത്തെളിവുകളും സാഹചര്യത്തെളിവുകളും അതിനു പിൻബലമായുണ്ട്. ആ പിൻബലത്തിലാണ് ഡൊമനിക്കിനെ ശിക്ഷിച്ചതും. എന്നാൽ തപാൽപെട്ടിയിൽ നിന്നും ലഭിച്ച കത്ത് നീതിപീഠത്തിനു മുൻപിൽ എത്തിയിട്ടില്ലെന്നു വേണം കരുതാൻ. പോലീസ് വീടു പരിശോധിച്ച സമയത്ത് കത്ത് കണ്ടെടുത്തില്ല. അല്ലെങ്കിൽ പരിശോധന സമയത്ത് ആ കത്ത് അവിടില്ല.

കത്ത് ഒരു താക്കോലാണ്. ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കുള്ള താക്കോൽ. തപാൽ മുദ്രയോ തീയതിയോ ഒന്നുമില്ലാത്ത കത്ത്! ആ കത്ത് വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇനി അടുത്തപടി മിയയുടെ ഗൃഹസന്ദർശനമാണ്. അതിനുള്ള തീയതി ചോദിച്ചെങ്കിലും ബിനാലെയിലെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ചിത്രപ്രദർശനം കഴിഞ്ഞ് തീയതി അറിയിക്കാമെന്നുമായിരുന്നു മറുപടി. ചിത്രപ്രദർശനത്തിന് മൂന്നുനാൾ കൂടിയുണ്ട്. ആ കാലയളവിൽ റിസ്വാനയെക്കുറിച്ച് ഒരന്വോഷണം നടത്തിയാലോ എന്നാലോചിച്ചു.

ഡൊമനിക് റൊസാരിയോ നടത്തിയിരുന്ന ക്ലിനിക്കിന് സമീപത്താണ് വീട് അതും ഒരു വാടകവീട് എന്ന പരിമിതമായ അറിവേ അവരെക്കുറിച്ചുള്ളൂ. മാത്രമല്ല വർഷങ്ങളുടെ കാലയളവ്. എന്തെങ്കിലും വിവരം ലഭിക്കുന്നതിനെ ദുഷ്ക്കരമാകും. മിയ അവരെക്കുറിച്ചുള്ള അന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ചതിൽ അത്ഭുതമില്ല. അവർ താമസിച്ചിരുന്ന ഭാഗത്ത് അറിയുന്നവരും പരിചിതരുമായവർ ആരുമില്ല. എങ്കിലും അവിടം വരെ ഒന്നുപോയി നോക്കുന്നതിൽ തെറ്റില്ല.

ആ പ്രദേശത്തു നിന്നും നാടുവിട്ടുപോയവരുടെ ലിസ്റ്റ് സംഘടിപ്പിച്ചാലോ? ഇത്ര നീണ്ടകാലയളവിൽ ആരൊക്കെ ഏതൊക്കെ രാജ്യങ്ങളിലേക്ക് പോയിക്കാണും. എത്രയോ ആളുകൾ മണ്ണടിഞ്ഞും പോയിക്കാണും. കാര്യങ്ങൾ ഏതായാലും കരുതിയതിലും ദുഷ്ക്കരമാണ്.

വീണ്ടും യാത്ര… വഴിയോരങ്ങളിൽ പച്ചമങ്ങിയ പൊഴിഞ്ഞ ഇലകൾ ചിതറിക്കിടന്നിരുന്നു. ഉന്മേഷദായകമായ ചെറുചൂട് അന്തരീക്ഷത്തിൽ പടർന്നുനിന്നു. റൊസാരിയോ നടത്തിയിരുന്ന ക്ലിനിക്ക്. അവിടേക്ക് ഏറെ അകലമില്ല. ആ പ്രദേശത്തേക്ക് ഏറെക്കാലം മുൻപേ പോയതായി ഓർക്കുന്നു. ഒരുപാട് ഇടുങ്ങിയ വഴികളുള്ള ഒരു പ്രദേശം. ആ പ്രദേശത്തിന്‍റെ രണ്ടുവശങ്ങൾ അവസാനിക്കുന്നത് കായലിന്‍റെ മുമ്പിലേക്കാണ്. കലർപ്പില്ലാത്ത ഒന്നാന്തരം മത്സ്യം ലഭിക്കുന്ന സ്ഥലമെന്നാണ് പ്രസിദ്ധി.

ആളുകൾ തിരക്കിട്ട് വഴിയോരങ്ങളിലൂടെ പൊയ്ക്കൊണ്ടിരുന്നു. മനുഷ്യ മനസ്സെന്ന അതിവിചിത്രമായ മഹാസമസ്യ. ആ വിചിത്രമായ പ്രഹേളികയെക്കുറിച്ചായിരുന്നു ഞാൻ അപ്പോൾ ചിന്തിച്ചത്. പലപ്പോഴൊക്കെ ചിന്തിച്ചിട്ടുള്ള കാര്യമാണത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള അപാരമായ കഴിവുകളുള്ള ചില ആളുകൾ. അവരുടെ ജീവിതകഥ പരിശോധിച്ചാൽ കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെ നേരിട്ട് ത്യാഗങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയായിരിക്കും ആ സ്ഥാനത്ത് അവർ എത്തിച്ചേർന്നിരിക്കുക.

സമാനതകളില്ലാത്ത ജീവിതമായിരിക്കും അവർ നയിച്ചിരിക്കുക എന്നിട്ടായിരിക്കും ആ ഉയർച്ചയിൽ നിന്നും തീർത്തും അപക്വവും വിവേകവുമില്ലാത്ത വർത്തമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും അധ:പതനത്തിന്‍റെ കടലാഴങ്ങളിലേക്കു വീണുപോകുന്നത് ഒരു സാധാരണക്കാരന്‍റെ സാമാന്യബുദ്ധിയോ സാമാന്യ ചിന്താശേഷിയോ തെല്ലുപോലും പ്രകടിപ്പിക്കാത്ത പ്രവൃത്തികൾ സംഭാഷണങ്ങൾ. അതിന്‍റെ പേരിൽ ജയിലഴിക്കുള്ളിൽ അകപ്പെട്ടു ജീവിതം മുരടിച്ച വ്യക്തികൾ.

ഇവിടെ ഡൊമനിക്ക് റൊസാരിയോ… അറിഞ്ഞിടത്തോളം വിവരങ്ങൾ വച്ച് അദ്ദേഹത്തെ മുൻനിർത്തി ചിന്തിച്ചാൽ ഒരു കാലത്ത് മികച്ച സാമ്പത്തികശേഷിയും സമൂഹത്തിന്‍റെ അംഗീകാരവും വലിയ തോതിൽ അദ്ദേഹത്തിനു ലഭിച്ചു. ഏറെ വിലമതിക്കുന്ന ബംഗ്ലാവ് അയാൾ പണി കഴിപ്പിച്ചു. അതുലഭിക്കാൻ അദ്ദേഹം നടത്തിയ കഠിനാധ്വാന പരമ്പരകൾ.

ഒരു മെഡിക്കൽ ബിരുദം നേടിയെടുക്കാൻ അനുഭവിച്ച ത്യാഗങ്ങൾ. തുടർന്ന് മികച്ച ഡോക്ടറായി സമൂഹത്തിന്‍റെ അംഗീകാരം നേടി. ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാനായി. സമൂഹത്തിനു മുൻപിൽ അളവറ്റ ബഹുമാന്യത നേടി. അങ്ങനെയുള്ള തികഞ്ഞ ജീവിതവിജയത്തിന്‍റെ കൊടുമുടിയിൽ നിന്നും ദയനീയതയുടെ കടലാഴത്തിലേക്കുള്ള പടുയാത്രക്കുള്ള കാരണമെന്ത്?

ഇവിടെയാണ് മനുഷ്യമനസ്സിന്‍റെ വിചിത്ര സഞ്ചാരങ്ങൾ അടയാളപ്പെടുത്തേണ്ടത്. സ്വന്തം നിലമറന്ന ആ തകർച്ചയുടെ ആരംഭം അപക്വവും വിവേചനശൂന്യവുമായ മനസ്സിന്‍റെ ചിതറിയ അപഥസഞ്ചാരം മാത്രമായിരുന്നു. നിവൃത്തി കേടുകൊണ്ടു ക്ലിനിക്കിൽ ജോലിക്കു വന്ന മകളുടെ മാത്രം പ്രായമുള്ള പെൺകുട്ടിയോടുള്ള പ്രണയം. അതിന്‍റെ ഭവിഷ്യത്തും വരുംവരായ്കകളും ഒരു സാമാന്യബുദ്ധിയുള്ള ഒരാൾക്ക് പകൽപോലെ വ്യക്തമാണ്.

ഒരു പരിണിതപ്രജ്ഞനായ ഒരു കുടുംബനാഥനായ ഡോക്ടർക്ക് അതു മനസ്സിലാക്കുവാൻ കഴിയാതെ പോയി. ഇത്തരം അവിശുദ്ധബന്ധങ്ങൾ ആരും കണ്ടുപിടിക്കില്ലെന്നും നിലവിൽ കുടുംബമുണ്ടായിരിക്കെ ആ പെൺകുട്ടിയൊടൊപ്പം സമാധാനത്തോടെ ജീവിക്കാൻ കഴിയും എന്ന് അയാൾ വിശ്വസിച്ചിട്ടുണ്ടെങ്കിൽ പരമാബദ്ധം എന്നു മാത്രമേ പറയാനാകൂ.

മാർഗരീറ്റയുടെ പ്രവൃത്തികൾ ഇഴകീറി പരിശോധിച്ചാൽ അവരുടെ ചിന്തകളും അപഥവീഥിയിലൂടെന്ന് പറയേണ്ടി വരും. സാമൂഹികപരമായും വിദ്യഭ്യാസപരമായും ഉള്ള പിന്നോക്കാവസ്ഥയിൽ ഉള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഡോക്ടറുടെ ഭാര്യയായിരിക്കാനുള്ള തന്‍റേടവും കഴിവും അവർ കാണിച്ചു. അവർക്കു പിഴവുപറ്റിയത് നിർവ്വചിക്കാനാവാത്ത ഏതോ കാരണത്താൽ ഒരു കാമുകനെ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വന്നതാണ്.

സാമൂഹികമായ സുരക്ഷയും ചട്ടക്കൂടും പൊട്ടിച്ചെറിഞ്ഞ് ഒരു പുതുജീവിതത്തിൽ അടിയുറച്ച് വിശ്വസിച്ചത് അവിവേകം തന്നെയാണ്. മാർഗരീറ്റയും കാമുകനും സുഖമായി ജീവിക്കുന്നു എന്ന് വിശ്വസിക്കാനാവില്ല. കാരണം ഇത്തരം ബന്ധങ്ങൾ ദീർഘകാലം ഈടുള്ളതാകാൻ സാധ്യതയില്ല.

ചില ലക്ഷ്യങ്ങളാണ് ഇത്തരം ബന്ധങ്ങളെ സജീവമാക്കുന്നത്. ആ ലക്ഷ്യത്തിന്‍റെ പൂർത്തീകരണത്തോടെ ബന്ധങ്ങൾ ദുർബലമാകുന്നു. നിലവറയിൽ കണ്ട മൃതാവശിഷ്ടങ്ങൾ ചിലപ്പോൾ മാർഗരീറ്റയുടെതാവാനും മതി.

കാമുകന്‍റെ ലക്ഷ്യം പൂർത്തീകരണത്തിനു ശേഷമോ അല്ലെങ്കിൽ ലക്ഷ്യം പൂർത്തീകരണത്തിനു സ്വയം ഒരു വിഘാതമായി നിന്നതിനാലോ കാമുകനാൽത്തന്നെ കൊന്നു തള്ളപ്പെട്ടാതാകും. അതിന്‍റെ വരുംവരായ്കകൾ അനുഭവിക്കേണ്ടി വന്നത് പാവം പ്രണയാതുരനായ ഡൊമനിക്കിനും

വഴിയരികിൽ കണ്ട രണ്ടാളുകളോട് ക്ലിനിക്കിനെക്കുറിച്ച് അന്വോഷിച്ചെങ്കിലും ഇവിടെ രണ്ടുമൂന്ന് ക്ലിനിക്കുണ്ട് അതിലേതാണ് എന്നായിരുന്നു മറുചോദ്യം. ഒടുവിൽ മിയയോട് തന്നെ ചോദിക്കേണ്ടിവന്നു. അവരുടെ നിർദ്ദേശമനുസരിച്ച് ഒരു ക്ലിനിക്കിൽ ചെന്നെത്തി.

പഴയമട്ടിലുള്ള ഒരു നിർമ്മിതി. അധികം മുൻവശമില്ലാത്ത മുറ്റത്ത് നാലഞ്ചു കസേരകൾ ഇട്ടിരിക്കുന്നു. രണ്ടാളുകൾ ഇരിക്കുന്നു ഒരാൾ ഉലാത്തുന്നു. സമയം കളയാതെ അകത്തേക്കുകയറി ഡോക്ടറെ കാണാനുളള നടപടിക്രമമെന്തെന്ന് അവിടെക്കണ്ട ഡോക്ടറുടെ സഹായിയോട് ആരാഞ്ഞു. വരുന്നവർ അവിടെയിരിക്കുന്ന നോട്ടുപുസ്തകത്തിൽ പേരെഴുതണമെന്നും മുൻഗണനാക്രമത്തിൽ ഡോക്ടർ പേര് വിളിക്കുമെന്നും അയാൾ പറഞ്ഞുതന്നു

ഹോമിയോ ഡോക്ടർ ആണ്. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ അകത്തുനിന്നും എന്‍റെ പേരു വിളിച്ചു. കറുത്തു തടിച്ചു കട്ടികണ്ണട ധരിച്ച ഒരാൾ സൗഹാർദ്ദത്തിന്‍റേയോ സഹകരണത്തിന്‍റെയോ ലാജ്ഞന ലവലേശമില്ലാത്ത മുഖം. അത് ശ്രദ്ധിച്ചു ഞാൻ പൊടുന്നനെ വിഷയം മാറ്റി പറഞ്ഞു.

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കാരണവുമില്ലാതെ തുമ്മൽ വരുന്നു. ഈ പ്രശ്നം തുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. എന്തിന്‍റേയോ അലർജിയാകാമെന്ന ധാരണയിൽ പല മാർഗങ്ങളും പരീക്ഷിച്ചു . സ്ഥിരം കഴിക്കുന്ന ആഹാരസാധനങ്ങൾ ഓരോന്ന് ഒഴിവാക്കി പരീക്ഷിച്ചു നോക്കി. വ്യത്യാസമൊന്നും കണ്ടില്ല. പല ഡോക്ടറേയും കണ്ടു. ഒന്നും ഫലവത്തായില്ല.

ഡോക്ടറുടെ മുഖം പ്രസന്നമായി.

“അപ്പോൾ ആദ്യം തന്നെ ഹോമിയോ പരീക്ഷിക്കാമായിരുന്നു. അലർജിക്ക് ഹോമിയോ മെഡിസിനിൽ നല്ലചികിത്സയുണ്ട്.”

വിവരങ്ങൾ ആരാഞ്ഞു. പേരും വയസ്സുമൊക്കെ ആരാഞ്ഞ് ലെറ്റർപാഡിൽ എഴുതാൻ തുടങ്ങിയപ്പോൾ ആ പഴുതു നോക്കി ഞാൻ ചോദിച്ചു, ഞാൻ ഇവിടെ ആദ്യമായാ വരുന്നത്. ഇവിടെ ഡോക്ടർ അധികം കാലമായില്ലല്ലോ അല്ലെ?

ഡോക്ടർ എഴുത്തു നിർത്തി മിഴിച്ചു നോക്കി. “ഇവിടെ രണ്ടു വർഷമായി. മുമ്പ് മര്യാദമുക്ക് ജംഗ്ഷനിലായിരുന്നു.”

കുറെക്കാലം മുമ്പ് ഇവിടെ വന്നിരുന്നതായി ഓർക്കുന്നു. അന്ന് റോസാരിയോ എന്ന ഡോക്ടറായിരുന്നതെന്ന് ഓർമ്മയുണ്ട്.

“ഡോക്ടർ ഡൊമനിക് അല്ലേ. കേട്ടിട്ടുണ്ട്.” ആ ഡോക്ടറിൽ നിന്നും കൈമാറി വാങ്ങിയതാണോ ഈ ക്ലിനിക്ക്?”

“അല്ല. ക്ലമന്‍റ് എന്നൊരാളിൽ നിന്നാണ് വാങ്ങിയത്. ഈ നാട്ടുകാരൻ തന്നെയാണ്. ശരി, ഈ കുറിച്ചു തരുന്ന മരുന്നുകൾ ഒരു മാസത്തോളം കഴിച്ച് വിവരം പറയണം. ഈ സ്ലിപ്പ് ആ കൗണ്ടറിൽ കൊടുത്താൽ മരുന്ന് തരും. ”

ഡോക്ടർക്ക് നന്ദി പറഞ്ഞ് ഫീസ് കൊടുത്തുകൊണ്ട് എഴുന്നേറ്റു. ചെറിയ വെള്ള ഡപ്പികളിലും മടക്കിക്കെട്ടിയ പൊതികളിലുമായി മരുന്ന് വാങ്ങി പിങ്ക് ബോഗൻവില്ല പടർത്തിയ പിങ്ക് ഗേറ്റ് കടന്ന് പുറത്തിറങ്ങുമ്പോൾ ഡോക്ടർ പരാമർശിച്ച പേര്ക ക്ലമന്‍റ്, മനസ്സിൽ കുടുങ്ങിക്കിടന്നു. അപ്പോൾ റൊസാരിയോക്കു ശേഷം പലകുറി ക്ലിനിക്ക് കൈമാറ്റം നടന്നിട്ടുണ്ട്. ക്ലമന്‍റിൽ നിന്നും എന്തെങ്കിലും വിവരം? ആ വഴിക്കും ഒരന്വേഷണത്തിന് സാധ്യതയുണ്ട്. അതും വച്ചു താമസിപ്പിക്കണ്ട.

ചെമ്മണ്ണുപുരണ്ട വഴിത്താര താണ്ടി ഒരോട്ടോ പിടിക്കാൻ നിൽക്കുമ്പോൾ മനസ്സിന് ഒരാശ്വാസം തോന്നിയിരുന്നു. കാലങ്ങളായി എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന പുലർകാലത്തുള്ള തുമ്മലിന് ഒരു പരിഹാരമായി. ഡോക്ടറോട് നന്ദി പറയാനായി മനസ്സിൽ അദ്ദേഹത്തിന്‍റെ പേരോർമ്മിച്ചു നോക്കിയെങ്കിലും ഓർമ്മ വന്നില്ല

മിയയും അവരുടെ കുടുംബവും ബിനാലെയോടനുബന്ധിച്ചു നടത്തുന്ന ചിത്രപ്രദർശനം കാണാൻ ഇറങ്ങുമ്പോൾ വെയിൽ മൂത്തു തുടങ്ങിയിരുന്നു. ഉഷ്ണം പടർന്നുപിടിച്ച സ്ഥലരാശികൾ. ചുകന്ന വെയിലേറ്റ് വഴിത്താരകളിലെ മരങ്ങളിലെ ഇലച്ചാർത്തുകളിലെ ഹരിതകം മങ്ങി. ഒരു കുട കരുതേണ്ടതായിരുന്നെന്ന് ഉഷ്ണതാപത്താൽ വശം കെട്ട ട്രീസ അഭിപ്രായപ്പെട്ടു.

ഒരോട്ടയിൽ കയറി ബിനാലെ നടക്കുന്നിടത്തേക്ക് തിരിക്കുമ്പോൾ പഠിക്കുന്ന കാലത്ത് ജില്ലാതല ചിത്രംവര മത്സരത്തിൽ ട്രീസക്ക് ഒന്നാംസ്ഥാനം ആയിരുന്നെന്നും മിയ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതായും ഓർത്തെടുത്തു. അത് ശരിയായിരുന്നു. ഒരിക്കൽ ആ സർട്ടിഫിക്കറ്റ് എനിക്കു കാണിച്ചു തന്നതായി ഞാനോർത്തു.

ബിനാലെ സെന്‍ററിൽ ഓട്ടോയിറങ്ങി ചിത്രപ്രദർശനം നടക്കുന്ന ഹാൾ തേടിയിറങ്ങി. ആ വലിയ ഗ്രൗണ്ടിൽ പലവിധ സ്റ്റാളുകൾ ഉണ്ടായിരുന്നു. ചിത്രപ്രദർശനം നടക്കുന്നവ ഒന്നിലേറെയും, ഒരു സ്റ്റാളിൽ പലതരത്തിലുള്ള ദോശകൾ ചുട്ടു നല്കുന്നു. വലിയ ആൾത്തിരക്ക് ഇല്ലാത്തതിനാൽ അവിടെക്കേറി നേർത്തുമൊരിഞ്ഞ ദോശ കടല ചട്ണി കൂട്ടി കഴിച്ചു. ആ ചട്ണിയുടെ കൂട്ടു വിശേഷപ്പെട്ട ഒന്നാണെന്ന് ട്രീസ പറഞ്ഞു. അതിന്‍റെ നാവിനെ മയക്കുന്ന രുചി ഏറെ ഹൃദ്യമായിരുന്നു.

പെയിന്‍റിംഗ് പ്രദർശനം നടക്കുന്ന സ്ഥലം അവിടുത്തെ ക്യാഷെറിനോട് ചോദിച്ചപ്പോൾ കൃത്യമായിത്തന്നെ അതു കാണിച്ചുതന്നു. വളരെ കമനീയമായി അലങ്കരിച്ച ഹാൾ. വിദേശികളടക്കം സാമാന്യം തിരക്കുണ്ട്. ഗേറ്റിലെ സെക്യൂരിറ്റിക്ക് പാസ് നല്കി ഉള്ളിൽ കടന്നു.

ഹാളിന്‍റെ നാലുവശത്തും ഒന്നാന്തരം എണ്ണച്ചായചിത്രങ്ങൾ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഞങ്ങൾ ഓരോ ചിത്രങ്ങൾ കാണുവാൻ ആരംഭിച്ചു. മിയയെ അവിടെങ്ങും കണ്ടില്ലല്ലോ എന്നാലോചിച്ച് ആ പരിസരങ്ങളിൽ കാര്യമായി ഒന്നുവീക്ഷിച്ചപ്പോഴാണ് പൊടുന്നനെ മിയയെ കണ്ടത്. ഒരു വിദേശിക്ക് തന്‍റെ ഒരു ചിത്രത്തെക്കുറിച്ച് വിശദമായി വിവരിക്കുകയാണവൾ. ഞങ്ങളെക്കണ്ടതും തെല്ലിടനേരം കഴിഞ്ഞ് അവർ അരികിലേക്കു വന്നു.

കുശലാന്വേഷണത്തിനു ശേഷം ഓരോ ചിത്രങ്ങളെക്കുറിച്ചും വിവരണങ്ങൾ തരാൻ അവർ തയ്യാറായി. ആ ചിത്രപ്രദർശനത്തിലെ ചിത്രങ്ങൾക്കെല്ലാം അവരുടെ ജീവിതത്തിലെ വിവിധകാലഘട്ടങ്ങളിലെ മുഹൂർത്തങ്ങളായി അഭേദ്യമായ ബന്ധമുണ്ടെന്നു തോന്നി. ഒരു കുട്ടിയുടെ ജൻമദിനാഘോഷം, ഒരു ക്ലാസ്സ്റൂം അങ്ങിനെ മനോഹരമായ ചിത്രങ്ങൾ.

ജന്മദിനാഘോഷചിത്രം ചൂണ്ടി മിയ പറഞ്ഞു ആ പുറകിൽ നിൽക്കുന്നത് അപ്പൻ ഇപ്പുറത്ത് അമ്മ. തുടിക്കുന്നെന്നു തോന്നിക്കുന്ന മനോഹരമായ എണ്ണച്ചായ ചിത്രങ്ങൾ. അതിനു തൊട്ടടുത്ത ചിത്രത്തിൽ എന്‍റെ കണ്ണുകൾ ഏറെനേരം ഉടക്കിനിന്നു. ആ ചിത്രത്തിനു പിന്നിൽ സങ്കടകരമായ ഒരു കഥയുണ്ടാകാമെന്ന് എനിക്കു തോന്നി. ഒരു റോസാപുഷ്പം പിടിച്ചുനിൽക്കുന്ന ഒരു കൊച്ചുസുന്ദരി. പാശ്ചാത്യനാടുകളിൽ കുട്ടികൾ ധരിക്കാറുള്ള ഉടുപ്പ് ധരിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ പേര് ഹന്ന. ഞാൻ ഊഹിച്ച പോലെത്തന്നെ ആ ചിത്രത്തിനു പിന്നിലെ ദു:ഖകരമായ വസ്തുതകൾ മിയ വിവരിച്ചുതന്നു.

അവരുടെ വിദേശവാസത്തിന്‍റെ കാലയളവിൽ സ്ഥലത്തെ മേയറുടെ കുടുംബമായിരുന്നു അയൽപക്കം. ആ മേയറുടെ മകളായിരുന്നു ഹന്ന. അതിസുന്ദരിയും കുസൃതിയുമായിരുന്ന ഒരു ഏഴുവയസ്സുകാരി. സമീപത്തുള്ള കുടുംബങ്ങളുടേയും ഓമനയായിരുന്നു അവൾ.

ഒരുനാൾ വീടിന്‍റെ പടിക്കെട്ടു കയറുമ്പോൾ കാൽതെന്നി വീണ് ശിരസ്സ് പടിക്കല്ലിൽ ഇടിച്ചുവീണു തലയ്ക്കു മാരകമായി ക്ഷതമേറ്റു തൽക്ഷണം മരണം സംഭവിച്ചു. പ്രദേശവാസികളെയെല്ലാം അതീവദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. ഏറെ താമസിയാതെ അജ്ഞാതമായ ചില കാരണങ്ങളാൽ മേയറും കുടുംബവും ആ വീട് വിട്ടൊഴിഞ്ഞു പോകുകയും ചെയ്തു. മിയ പറഞ്ഞു നിർത്തി.

ഞാൻ ആ എണ്ണച്ചായാചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി അതിമനോഹരമായ ചിത്രം. അങ്ങനെ നോക്കിയിരിക്കെ പെട്ടെന്നാണ് ആ ചിത്രത്തിലെ പെൺകുട്ടിയുടെ മുഖത്ത് പലപല ഭാവങ്ങൾ മിന്നിമറയുന്നപോലെ അനുഭവപ്പെട്ടത്. ഞാനൊന്നു പകച്ചു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കി. ഇല്ല. കുറേനേരം സൂക്ഷിച്ചു നോക്കിയതു മൂലം സംഭവിച്ച മായക്കാഴ്ചയാവാം. ഞാൻ കണ്ണുകൾ പിൻവലിച്ചു. എന്നിട്ടും വല്ലാത്തൊരു അസ്വസ്ഥത മനസിനെ വന്നു മൂടിയപോലെ തോന്നി. ആ കുട്ടിയുടെ തീഷ്ണതയാർന്ന കണ്ണുകൾ മനസ്സിൽ നിന്നും മായുന്നില്ല. മനസിനെ ചുഴിഞ്ഞു കൊത്തിവലിക്കുന്നതു പോലെ.

ചിത്രങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒന്നാന്തരം കലാകാരിയാണ് മിയ എന്ന് ബോധ്യപ്പെട്ടു. മനുഷ്യ മുഖത്തിന്‍റെ മിഴിവാർന്ന ചിത്രീകരണമാണ് അവരുടെ സവിശേഷതയെന്ന് വ്യക്തം. ഒന്നുരണ്ടു ചിത്രങ്ങൾ മിയയുടെ അനുവാദത്തോടെ ക്യാമറയിൽ പകർത്തി. പോകാൻനേരം മിയയുടെ വീട് സന്ദർശനത്തിനായി തീയതിയും സമയവും അവർ നിശ്ചയിച്ചു.

ഹാർദ്ദമായ അഭിനന്ദനങ്ങൾ അവരെ അറിയിച്ചശേഷം തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് പെട്ടന്ന് ഹാളിന്‍റെ മുഖ്യപ്രവേശന കവാടത്തിനരികിൽ നിന്നും ഒരു ബഹളം കേട്ടത്. ഒരു വിദേശവനിത ഭയചകിതയായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് സെക്യൂരിറ്റിയോട് കയർക്കുകയാണ്.

കാര്യമറിഞ്ഞപ്പോൾ ബാലിശമായ ഒരാവശ്യമല്ല ആ വിദേശവനിത ഉന്നയിച്ചിരിക്കുന്നതെന്ന് തോന്നി. ഹന്ന ചിത്രം അവരെ ഏറെ അസ്വസ്ഥയാക്കുന്നത്ര! ആ ചിത്രത്തിലെ കുട്ടിക്ക് ജീവനുള്ള പോലെ തോന്നുന്നു. മനസ് കൈവിട്ടുപോകുന്നു ആ ചിത്രം ഉടനെ അവിടെനിന്നും മാറ്റണം ആ ആവശ്യവും പറഞ്ഞ് ആ സ്ത്രീ ബഹളം വയ്ക്കുകയാണ്.

और कहानियां पढ़ने के लिए क्लिक करें...