നിനച്ചിരിക്കാതെ പെയ്ത മഴയുടെ ശീതളിമയിൽ കുളിരു കോരിയ പ്രകൃതി. പെയ്തു തോർന്ന ആ മഴയത്രയും ഉൾക്കൊണ്ടു ആലസ്യം പൂണ്ടു കൊഴുത്ത മൺതാരകൾ. ഇരുളിമ പേറിയിരുന്ന സാന്ദ്രതയേറിയ മേഘങ്ങൾ തിടം ചോർന്നു ഇരുളകന്ന് ശുഭ്രവസ്ത്രം ധരിച്ച നവോഢയെപ്പോലെ തെളിഞ്ഞു നിൽക്കുന്നു. ചൂട് കൈമോശം വന്ന ചുകന്ന വെയിൽ. ആ വെയിലിൽ പറന്നലയുന്ന തുമ്പികൾ.

ബസ് സ്റ്റോപ്പിൽ എത്തി ബസ്സിൽ കയറിയിരുന്നപ്പോഴും കുളിരിനു തെല്ലു പോലും ശമനമുള്ളതായി തോന്നിയില്ല. ബസ്സു പുറപ്പെട്ടു കഴിഞ്ഞു. ഏറെ ആളുകൾ ഉള്ളതായി കണ്ടില്ല. തെല്ലിട നേരം കഴിഞ്ഞു ജനാലയുടെ ഷട്ടർ തുറന്ന് തലയൊന്നു പുറത്തേക്കിട്ടു നോക്കി. നനഞ്ഞു കുതിർന്നു തിടം വച്ച കാറ്റ് പൊടുന്നനെ മുഖത്തേക്കു ഇരമ്പിയാർത്തു. ഇത്ര പരിമിതമായ സ്ഥാലരാശിയിൽ അന്തരീക്ഷത്തിനു കൈവന്ന ഭാവമാറ്റം വിസ്മയത്തോടെയേ കാണാനാകൂ. യാത്ര തുടങ്ങിയിട്ട് ഏറെ നേരം ആയിട്ടും ചൂളം കുത്തുന്ന കാറ്റിന് യാതൊരു കുറവുമില്ല.

സ്ഥലഭേദമില്ലാതെ കാറ്റു പടർന്നു കയറി. കൈപ്പടം തിരുമ്പി ചൂടുപിടിപ്പിക്കുന്നതിനിടയിൽ വലിയൊരു മലയടിവാരത്തേക്കാണ് ബസ്സിന്‍റെ പ്രയാണമെന്ന് മനസ്സിലായി. ഒരു മലയെ ചുറ്റിയുള്ള വലിയൊരു വളവിൽ ബസ്സു നിർത്തി അവിടുള്ള ചെറിയ ഒരു ഹോട്ടലിൽ ഡ്രൈവറും കിളിയും കണ്ടക്ടറും ചായ കുടിക്കാനിറങ്ങി. ആ ഇടവേള നോക്കി ഞാൻ പുറത്തിറങ്ങി.

പൊട്ടിപ്പൊളിഞ്ഞ റോഡിനു വലതുവശം ഇരുണ്ടു കനത്ത അഗാധത. തഴച്ച പച്ചമരങ്ങളുടെ തലപ്പുകൾ എഴുന്നു നില്ക്കുന്നു. അങ്ങകലെ മലയടിവാരത്തിൽ പഞ്ഞിക്കെട്ടു പോലെ ഒഴുകി നീങ്ങുന്ന കോടമഞ്ഞ്. ഒരു ചൂടു ചായ കുടിച്ചെങ്കിലും ആ സമയത്ത് മാത്രം അകലം പാലിച്ച തണവ് ബസ്സിൽ കയറിയതും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നു.

ഒരു വിധം മാപ്പു നോക്കി ടൗൺ കണ്ടു പിടിച്ചു. ടൗണെന്നു പറയാനാവില്ല ഒരു ഗ്രാമീണ നാൽക്കവല. കിതച്ചു കൊണ്ട് വന്നു നിന്നു. അവിടെ ബസ്സ് റൂട്ടിന്‍റെ അവസാനമാണെന്നു തോന്നുന്നു. ഞാനടക്കം മൂന്നു പേരെ അവിടെ ഇറങ്ങുവാനുള്ളതായി കണ്ടുള്ളൂ. ഒരു പേരാലിൻ ചുവടെ ബസ്സ് നീക്കിയിട്ട് ബസ്സ് ജീവനക്കാർ കാര്യമായി എന്തെങ്കിലും കഴിക്കാനായി ആ പ്രദേശത്ത് ആകെ കാണപ്പെട്ട ഒരു ഹോട്ടലിലേക്ക് കയറി. ആകെ രണ്ടു വണ്ടികളേ ഈ പ്രദേശത്തിലോട്ടുള്ളൂ. അവയുടെ തിരിച്ചു പോക്കിന്‍റെ സമയം മനസ്സിലാക്കി ഒരോട്ടോ വിളിച്ചു.

ഒരമ്പതു വർഷം പുറകോട്ടു പോയ പ്രതീതി. ഗ്രാമീണതയുടെ മേലാപ്പ് എടുത്തണിഞ്ഞ പ്രകൃതിയും മനുഷ്യരും. ഈയൊരു കുഗ്രാമത്തിൽ നിന്നുമാണ് സന മാത്യു സിനിമയുടെ മായികലോകത്തേക്ക് നടന്നടുത്തത്. അതു തന്നെ അത്ഭുതമായി തോന്നുന്നു. ഇടിത്തീ പോലെ ദൗർഭാഗ്യം വന്നിരുന്നില്ലെങ്കിൽ ജ്വലിക്കുന്ന അപാരസൗന്ദര്യവും അഭിനയശേഷിയും കൊണ്ട് മലയാളത്തിലെ എണ്ണപ്പെട്ട ഒന്നാംനിര നായികയായി തീരേണ്ടവളായിരുന്നു.

വിധിയും സാഹചര്യവും അവൾക്കായി കാത്തു വച്ചതോ, മരണത്തിന്‍റെ കരാളഗ്രസ്തവും. ഒരു കുടുംബത്തിന്‍റെ മുന്നോട്ടുള്ള യാത്രയിലെ ചാലകശക്തിയാണ് നാമാവശേഷമായത്. ഈ യാത്രയിൽ എനിക്ക് അശേഷം പ്രതീക്ഷയില്ല. ഒരേ ഒരു മകളുടെ ദുരൂഹമരണം ആ അമ്മയെ തകർത്തിരിക്കും. അവർ ജീവിച്ചിരിപ്പുണ്ടോ എന്നു തന്നെ സംശയമാണ്. അഥവാ ഉണ്ടെങ്കിൽ മാനസികമായി തകർന്നിരിക്കണം.

അവരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ദത്തൻ സാറിന്‍റെ കനത്ത മൗനത്തിന്‍റെ അർത്ഥമെന്താണ്? ഒടുവിൽ മനസ്സില്ലാ മനസ്സോടെയാണ് സമ്മതം മൂളിയത്. ഈയൊരു ആവശ്യം ഉന്നയിച്ചതിൽ അയാൾക്ക് അതൃപ്തിയുണ്ട്. എന്നാൽ അയാളെ അലട്ടുന്ന പ്രശ്നത്തിന് ഒരുത്തരവും അയാൾക്ക് വേണം. ഇത്തരമൊരു പരസ്പര വിരുദ്ധതയിൽ നിന്നും പലതും വായിച്ചെടുക്കേണ്ടി വരും.

വിശാലതയിലേക്കു പടർന്നപച്ച തഴച്ച പാടം പിന്നിട്ട് ഓടിട്ട ചെറിയ വീടുകളെ പിന്തള്ളി ഒരു വെട്ടുവഴിയിലേക്കിറങ്ങി ഓട്ടോ വന്നു നിന്നു. അപ്പോൾ ഇതാണ് സ്ഥലം.

“ഇവടെ ആരോടെങ്കിലും ചോദിച്ചാൽ വീടു പറഞ്ഞു തരും.” ഓട്ടോ ഡ്രൈവർ അറിയിച്ചു

മര്യാദക്കാരനായ ഓട്ടോക്കാരന് പണം കൊടുത്ത് നമ്പർ വാങ്ങി. ഇനി തിരിച്ചു പോകാൻ സമയത്തിന് വാഹന സൗകര്യം ഉണ്ടായില്ലെങ്കിലോ? തെല്ലിട നേരം ആ വെട്ടുവഴിയിൽ കാത്തിരുന്നു. ആൾസഞ്ചാരം പോലും അപൂർവ്വമായ വഴി. വഴിക്കിരുവശവും നാട്ടുകുറ്റിച്ചെടികൾ വളർന്നു നിന്നു. ആ വഴി വന്ന പയ്യനോട് വീടു ചോദിച്ചെങ്കിലും അവനറിയില്ലായിരുന്നു.

തലയിൽ ചുവന്ന തോർത്തുമുണ്ട് കെട്ടി വന്ന ഒരു വൃദ്ധനോട് ചോദിച്ചപ്പോൾ കൃത്യമായി വീടു പറഞ്ഞു തന്നു. വെട്ടുവഴി കടന്ന് ഇടവഴി. വലതു വശത്ത് ഏതാനും വീടുകളുണ്ട്. ഇടവഴി തുടങ്ങുന്നിടത്തു നിന്നും നാലാമത്തെ വീട്. ഗ്രാമത്തിലെ ഇടവഴിയോരത്തെ ചെടിയുടേയും പൂക്കളുടേയും ഗന്ധം നുകർന്ന് ആ വീടു കണ്ടെത്തി.

അതു കണ്ടതും ഭീതിയുടെ ഒരു തണുത്ത തരിപ്പ് പെരുവിരലിൽ നിന്നും മുകളിലേക്ക് അരിച്ചു കയറി. പ്രേതബാധയുള്ള വീടെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നാവുന്ന പരുവം. ഭയത്തെ മുളയിലേ നുള്ളിക്കളഞ്ഞ് മുൾവേലി തുറന്ന് ഉള്ളിൽ കടന്നു. കാടുപിടിച്ച ചെറിയ മുറ്റം. പഴയ മട്ടിലുള്ള ഓടിട്ട വീട്. മേൽക്കൂരയിലെ ഓട് മിക്കവാറും തകർന്നു പോയിരിക്കുന്നു. മരപ്പലകകൾ അങ്ങിങ്ങ് പൊട്ടിയടർന്നും ചിലവ എങ്കോണിച്ചും എഴുന്നു നിൽക്കുന്നു.

വീടിനു വലതു വശത്തുള്ള കിണർ മുൾച്ചെടിപ്പടർപ്പു കയറി വാവട്ടം ഭാഗികമായി മൂടിപ്പോയിരിക്കുന്നു. വല്ലാത്തൊരു അന്തരീക്ഷം. ശ്മശാനത്തിൽ തളം കെട്ടുന്ന തരം മൂകത. ഒരർത്ഥത്തിൽ ഇത് ശ്മശാനഭൂമി തന്നെയാണ്. ഒരു പാവപെട്ട കുടുംബത്തിന്‍റെ ആഗ്രഹത്തിന്‍റെയും സ്വപ്നത്തിന്‍റെയും പ്രതീക്ഷകളുടെയും ശവപ്പറമ്പ്. എല്ലാം മണ്ണിട്ടുമൂടിയ ചാവുനിലം.

ഉച്ചതിരിഞ്ഞിരിക്കുന്നു. പടരുന്ന ഉച്ചചൂടിൽ അലിഞ്ഞ്, ആലസ്യത്തോടെ, എല്ലാം മയങ്ങിക്കിടപ്പാണ്. ഇതിന്‍റെ നടപ്പു സ്ഥിതി അറിയണമെങ്കിൽ അയൽപക്കത്ത് അന്വേഷിക്കണ്ടി വരും. അല്പനേരം വീടും ചുറ്റുപാടും നോക്കി നിന്നശേഷം തിരിഞ്ഞു നടന്നു. മുൾവേലി അടച്ച് ഇടവഴിയിലേക്കിറങ്ങുമ്പോഴാണ് ഒരു പെൺകുട്ടിയുടെ അടക്കിപ്പിടിച്ച തേങ്ങൽ ആ വീടിനുള്ളിൽ നിന്നും വന്നലച്ചത്. ഒരു ആർത്തനാദം പോലെ. ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ആരുമില്ല. ഒരു ഇലയനക്കം പോലും ദൃശ്യമല്ല.

ശവക്കല്ലറയിൽ നാട്ടിയ മരക്കുരിശു പോലെ വീടിനു മുകളിൽ മരപ്പലകകൾ പൊന്തി നിൽക്കുന്നു. പൊളിഞ്ഞു കിടക്കുന്ന വീടിനകത്ത് ആരുമില്ലെന്ന് ഉറപ്പാണ്. പിന്നെയാരാണ്? മനസ്സിൽ ഉറച്ചു പോയ ചില വിശ്വാസങ്ങളോട് സമരസപ്പെട്ട് മനസ്സിൽ നിന്നും യാഥാർത്ഥ്യമല്ലാത്ത പ്രതികരണങ്ങൾ ഉണ്ടാകുന്നത് പുതിയ അനുഭവമല്ല. ഓഫീസ് മുറിയിൽ അനുഭവപ്പെടുന്ന കേക്കിന്‍റെ ഗന്ധവും അബോധ മനസ്സിൽ രൂഢമൂലമായ വിശ്വാസങ്ങളോടുള്ള ഐക്യപ്പെടലിന്‍റെ പെട്ടന്നുള്ള പ്രതികരണമാണ് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. അതല്ലാതെ ഇത്തരം പ്രതിഭാസങ്ങൾക്കു പിന്നിൽ അമാനുഷികമായ ചോദന ഉണ്ടെന്നു കരുതുന്നില്ല.

ഇല്ല. ഇതുമനസ്സിന്‍റെ ഭ്രമമല്ല. അന്തരീക്ഷത്തിൽ തരംഗമായി പടരുന്ന തേങ്ങലിന്‍റെ ശബ്ദം നേർത്തുനേർത്തില്ലാതാകുന്നതിന്‍റെ അനുരണനം കാതുകളിൽ വന്നലക്കുന്നുണ്ട്. ഇടവഴിയിലൂടെ തെല്ലിട നടന്ന് അയൽപക്കത്തെ വീടിന്‍റെ ഗേറ്റു തുറക്കുന്നതു വരെ ആ ശബ്ദത്തിന്‍റെ കമ്പനതരംഗങ്ങൾ വ്യക്തമായിത്തന്നെ കർണ്ണ പുടങ്ങളിൽ വന്നലച്ചുകൊണ്ടിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്നും കുറച്ചു വിവരങ്ങൾ തേടിവന്നതാണെന്നും പറഞ്ഞപ്പോൾ അയൽപക്കക്കാരൻ സൗഹാർദ്ദപരമായി പുഞ്ചിരിച്ചു കൊണ്ട് സ്വീകരിച്ചു. സംസാരപ്രിയരായ അവർ അനിഷ്ടമൊന്നും പ്രകടിപ്പിച്ചുമില്ല. അരി മില്ലിൽ ജോലിക്കു പോകുന്ന ജോസേട്ടൻ, ഭാര്യ ഏല്യാമ്മ ഇരുവർക്കും അറുപതു വയസ്സിനു മേൽ പ്രായം കാണും. ഏല്യാമ്മ ഒരര ഗ്ലാസ്സ് കട്ടൻ ചായ കൊണ്ടു വച്ചു. വിവരങ്ങൾ ആരാഞ്ഞപ്പോൾ ജോസേട്ടന്‍റെ മൗനാനുവാദത്തോടെ അവർ പറഞ്ഞു തുടങ്ങി.

“പത്തിരുപത് വർഷായിട്ട് ഞങ്ങക്ക് പരിചയോണ്ട്. ഞങ്ങടെ അയലോക്കമല്ലയോ പാവം പിടിച്ച കൂട്ടരാ. അപ്പനായിട്ട് വലിയ ദ്രോഹമായിരുന്നു. മാത്യു എന്നാ പേര്. കള്ളുമത്തായിന്ന എല്ലാരും വിളിക്യാ കുടിച്ച് കുടിച്ച് ലിവറ് വീർത്താ ചത്തത്. പോരാത്തതിന് വലിയ ബാധ്യതകളും ഒണ്ടാക്കി വച്ചാ മൂപ്പര് പോയേ.” അതും പറഞ്ഞ് ഏല്യമാ നെടുവീർപ്പിട്ടു.

തുടർന്ന് പറഞ്ഞത് ജോസേട്ടനാണ്.

“ഞാനിടപെട്ട് പാർട്ടിക്കാരും മറ്റും ചേർന്ന് പറ്റാവുന്നത് പോലെ സഹായിച്ചു. ന്നാലതുകൊണ്ടൊന്നും തീരാവുന്ന ബാധ്യതയായിരുന്നില്ല. ഒരു തുക സംഘടിപ്പിച്ചു കൊടുത്തു. ബാങ്കിൽ നിന്നും രണ്ടു മൂന്നു പ്രാവശ്യം തിരിച്ചടവ് കാലാവധി നീട്ടിച്ചു. നമ്മളാൽ കഴീണത്…” ജോസേട്ടൻ അർദ്ധോക്തിയിൽ നിർത്തി. ആ പഴുത് നോക്കി സംസാരിക്കാൻ വെമ്പി നിന്നിരുന്ന ഏലിയാമ്മ പറഞ്ഞു…

“ആ കുട്ടി മിടുക്കിക്കുട്ടിയായിരുന്നു. അതെ. സന, അതാ കുട്ടീടെ പേര്. സനയുടെ അമ്മ ത്രേസ്യ എന്തെങ്കിലും ആവശ്യത്തിനു വരും. സംസാരിക്കും. അതല്ലാതെ വലിയ അടുപ്പമൊന്നും കാട്ടാറില്ലായിരുന്നു. അനുഭവിച്ച കഷ്ടപ്പാടുകൾ ആ മനസ്സിനെ അങ്ങിനെ ആക്കിത്തീർത്തതാവാനേ തരമുള്ളൂ. ഇവർക്കാകെ ഒരു ബന്ധൂന്ന് പറയാൻ ഒണ്ടായിരുന്നത് ലോട്ടറി തോമ എന്നു നാട്ടാര് വിളിക്കുന്ന തോമസ്സായിരുന്നു.

കവലയിൽ ലോട്ടറിക്കച്ചവടമാണ് മൂപ്പരുടെ തൊഴിൽ. കുടുംബമൊന്നുമില്ലാത്ത തോമ ഇവരുടെ ഒപ്പമായിരുന്നു താമസം. കാലിന് സുഖമില്ലാത്ത ആളായിരുന്നു. നല്ല ദൈവഭയമുള്ള മനുഷ്യനായിരുന്നു. അങ്ങേർക്ക് പറ്റാവുന്ന പോലെ കുടുമ്മം നോക്കീരുന്നു. അങ്ങനെയിരിക്കെയാണ് ആ കുട്ടിക്ക് സിനിമേല് ചാൻസ് കിട്ടീത്. ആ കുട്ടീടെ ഡാൻസ് സിനിമേത്തെ ആരോ കണ്ടിട്ട് കിട്ടീതായിരുന്നു ചാൻസ്. ത്രേസേടത്തിക്ക് അത്ര ഇഷ്ടംണ്ടായില്ല. കുട്ടീടെ നിർബന്ധം കൊണ്ട് സമ്മതിച്ചുന്ന് മാത്രം. അങ്ങനെ രണ്ടു മൂന്ന് സിനിമേല് അഭിനയിച്ചു.

കുട്ടി എവിടെ പോണേലും അമ്മേം ഒപ്പം പൂവും. എപ്പോഴും കൂടെ കാണും. അതായിരുന്നു പതിവ്. ആ കുട്ടി അവസാനം സിനിമ അഭിനയിക്കുന്ന സമയത്ത് ലോട്ടറി തോമയെ ഒരു ലോറിയിടിച്ചു. തൽക്ഷണം തോമ മരിച്ചു. ലോറിയെപ്പറ്റിയോ ഡ്രൈവറെപ്പറ്റിയോ ആർക്കും ഒരു വിവരവുമില്ല. സംഭാവമറിഞ്ഞു ഏടത്തി ഓടിവന്നു. പിന്നെയാ അറിയുന്നത് ആ പെങ്കൊച്ച്….

ദുരന്തങ്ങളിങ്ങനെ ഘോഷയാത്ര പോലെ വരല്ലേ? ചെറിയ കുട്ടിയല്ലേ? അതിനു താങ്ങാൻ പറ്റിണ്ടാവില്ല. ഇനീപ്പോ എന്താ ഒരു തടസ്സം ബാങ്കുകാർക്ക്? എപ്പ വേണേലും ജപ്തി ചെയ്ത് കൊണ്ടോവാലോ. ആര് ചോദിക്കാൻ? ആര് പറയാൻ?

“ലോട്ടറി തോമ മരിച്ചതിനെപ്പറ്റി അന്വേഷിച്ചില്ലേ?” പ്രയാസത്തോടെ ഞാൻ ചോദിച്ചു

“അപകട മരണം… ലോറി ഏതാന്നു പോലും നിശ്ചയമില്ല. നമ്പർ ആരോ കണ്ടത് ഓർത്തു പറഞ്ഞു. അത് നോക്കിയപ്പോൾ അങ്ങനെയൊരു നമ്പറേ ഇല്ലെന്നായിരുന്നു വിവരം കിട്ടീത്.”

“അതെക്കുറിച്ച് എന്തെങ്കിലും അന്വേഷണം? “

“കുടുംബത്തിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിലല്ലേ അതിനൊക്കെ ശ്രമമുണ്ടാകൂ. ആർക്കും യാതൊരു പരാതിയുമില്ല. ഞങ്ങക്കു വെഷമുണ്ട് . ഇതിന്‍റെ ഒക്കെ പിന്നാലെ പോയാലേ ഞങ്ങടെ കാര്യം വെള്ളത്തിലാവും. അതോണ്ട് പിന്നെ എടപെടാൻ പോയില്ല.”

“ശരി. ത്രേസ്യാമ്മ എവിടുണ്ട്?”

“സ്വതവേ വെഷമിച്ചോണ്ട് നടക്കുന്ന ഏടത്തി. അവർക്കു ഇതു കൂടെ ആയപ്പോഴോ? അവരുടെ മനസ്സിനു നല്ല സുഖമില്ല. ഇവടത്തെ ഇടവകക്കാര് ഏറ്റെടുത്തു. അവര്ടെ അഗതി മന്ദിരത്തിലാണ്. ചികിത്സേം ഉണ്ട്.”

“പോയാൽ ഒന്നു കാണാൻ പറ്റുമോ?”

“പറ്റുമായിരിക്കും. ഡൊമനിക്കച്ചന്‍റെ അനുവാദം മേടിക്കണംന്ന് മാത്രം”

ഗ്ലാസിൽ അവശേഷിച്ച കട്ടൻ ചായയിൽ ഒരീച്ച ചത്തു പൊന്തിക്കിടക്കുന്നതു കണ്ടു. ഗ്ലാസ്സെടുത്തു കഴുകി വയ്ക്കാനാഞ്ഞപ്പോൾ ഏല്യാമ്മ തടഞ്ഞു. രണ്ടു പേരോടുമായി നന്ദി പറഞ്ഞ് പുറപ്പെടാനൊരുങ്ങവെ ഏല്യാമ്മ ശബ്ദം താഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞങ്ങൾക്കും ഈ സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോയാ മതീന്നായി സാറേ. സാറു പറഞ്ഞാൽ ചെലപ്പോ വിശ്വസിക്കൂല. അസമയത്ത് ആ വീട്ടീന്ന് കരച്ചിലും പൊള്ളേ പിടിച്ച് അമർത്തണ പോലെ ശബ്ദോം ഒക്കേ കേൾക്കണണ്ട്. ഒരു രാത്രി ഞാൻ പൊറത്തിറിങ്ങിയപ്പോ ആ വീട്ടീന്ന് കരയുന്ന പോലെ ശബ്‍ദം കേട്ടു. ഒരു മെലിഞ്ഞു വിളറിയ പെൺകുട്ടി ആ വീടിന്‍റെ മേൽക്കൂരെ മേൽ പൊത്തിപ്പിടിച്ച് കേറണതു കണ്ടു. ആ മരിച്ച കുട്ടീടെ അതെ പ്രായം അതെ ഉയരം അതെ ശരീരപ്രകൃതം. മുഖം നേരെ കാണാൻ ഒത്തില്ല . ഈ കൊന്ത ഇപ്പോഴും കയ്യിലുണ്ടാവുന്നതോണ്ട് അപകടമൊന്നും പറ്റിയില്ല ഇങ്ങനെ പേടിച്ച് എത്രനാളെന്നു വച്ചാ കഴിയാ.”

“അതൊക്കെ ഓരോ തോന്നലാണെ ഞാൻ ഇതുവരെ കരച്ചിലും കേട്ടില്ല ഈ പറയുന്ന പോലൊന്നും കണ്ടിട്ടുമില്ല. നീയെന്തിനാ ഈ വരുന്നവരോടൊക്കെ ഈ കഥ പറയുന്നേ.” ജോസേട്ടൻ ഏല്യാമ്മയുടെ വചനങ്ങളെ പ്രതിരോധിച്ചു.

ആ പറഞ്ഞതിനെ പിന്താങ്ങിക്കൊണ്ടു അതൊക്കെ തോന്നലാണെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് യാത്ര പറഞ്ഞ് ആ വീടു വിട്ടിറങ്ങി. ഗേറ്റ് അടച്ച് ഇടവഴിയിലേക്കിറങ്ങും നേരം തകർന്നു കിടക്കുന്ന വീട്ടിലേക്ക് ഒന്നുപാളി നോക്കി. പൊട്ടിയടർന്ന ഓടും, സിമന്‍റും കല്ലും അടർന്നു വീണ ചുമരുകളൂം, മരപ്പലകകളും. പെൺകുട്ടി തേങ്ങുന്ന വല്ലാത്തൊരു ശബ്‌ദം കേൾക്കുന്നുണ്ടോ? ഇല്ല. അതെല്ലാം വെറും തോന്നലുകളാണ്.

എന്‍റെ തോന്നൽ എന്‍റെ മനസിന്‍റെ ഭ്രമമാകാം. ഒരു പെൺകുട്ടിയുടെ ആർത്തനാദം ഞാനും വ്യക്തമായി കേട്ടതാണല്ലോ? അങ്ങനെയെങ്കിൽ ത്രേസ്യോമ്മക്കും ഒരേ പോലെ ഭ്രമം ആകുമോ? ആ ചോദ്യത്തിന് എനിക്കുത്തരമില്ല. ഇതിന്‍റെയെല്ലാം ഉത്തരം ആരിൽ നിന്നും തേടേണ്ടി വരും?

മെലിഞ്ഞു വെളുത്തു നീണ്ട ഫാദർ ഡൊമനിക്ക്. ആവശ്യം പറഞ്ഞപ്പോൾ അയാൾ മധുരമായി പുഞ്ചിരിച്ചു. തുടർന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അവരെ കാണാൻ ആരെങ്കിലും വരുന്നത് എനിക്ക് വലിയ സന്തോഷം നല്കുന്നു. അവർക്കത് സന്തോഷം നല്കുമോ എന്നെനിക്കറിയില്ല. ഏതായാലും നിങ്ങൾ പോയി കാണൂ.”

ഞാൻ കൊണ്ടു വന്ന അല്പം വസ്ത്രങ്ങളും മധുര നാരങ്ങയും ഫാദറിനു മുൻപിൽ വച്ചു. അവിടെ നിന്നിരുന്ന പ്രായമായ സ്ത്രീയോട് അതെടുക്കാൻ ആവശ്യപ്പെട്ട് ഡൊമനിക്കച്ചൻ ബെല്ലടിച്ചു. അല്പനേരം കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ ഫാദറിന്‍റെ റൂമിലേക്ക് വന്നു. അവരോടൊപ്പം പോകാൻ എന്നോട് ആവശ്യപ്പെട്ടു.

വൃത്തിയും വെടുപ്പുമുള്ള ചെറിയ ഒരു മുറി. മുറി ചെറുതെങ്കിലും വേണ്ടത്ര സൗകര്യങ്ങളുണ്ട്. വെളുത്ത കിടക്ക വിരി വിരിച്ചിട്ടുണ്ട്. ജനാലയിൽ ഞൊറിയുള്ള ഇളംമഞ്ഞ കർട്ടനുകൾ. അവിടെ ഇട്ടിരുന്ന ഒരു കസേര ചൂണ്ടിക്കാട്ടി പ്രായമായ സ്ത്രീ പോയി. പത്തു മിനിറ്റിനകം തിരികെ വന്ന അവരുടെ കൂടെ ഞാൻ കാണാനാഗ്രഹിച്ച സ്ത്രീ ഉണ്ടായിരുന്നു. ത്രേസ്യാമ്മ.

മെലിഞ്ഞു ശുഷ്ക്കിച്ച ശരീരം. ഇന്നോളമുള്ള ജീവിതയാത്രയിൽ നേരിട്ട കടുത്ത അനുഭവങ്ങളുടെ കാളിമ ആ മുഖത്തു പ്രകടം. അപരിചിതനായ എന്നെ അവർ കണ്ടിട്ടും മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. അവർ മെത്തമേൽ വന്നിരുന്ന് ഇരുന്ന് വിദൂരതയിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ ഒരിളം പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.

ആ സമയത്ത് ആ മനസ്സിൽ മകളെക്കുറിച്ച് നല്ല ഓർമ്മകളാണ് തിരതല്ലുന്നതെന്ന് എനിക്കു തോന്നി. അവരെന്തൊക്കെയോ അസ്പഷ്ടമായി പിറുപിറുത്തു കൊണ്ടിരുന്നു. ഞാൻ ഏറെ നേരം അത് ശ്രദ്ധിച്ചു. ഒപ്പം ഇടക്ക് അവരോടു സംസാരിച്ചു. അവർ ചിലതിനെല്ലാം മറുപടി നൽകി. യാഥാർഥ്യവും ഭാവനകളും ഇഴകലർത്തി അവർ നൽകിയ ആ പിറുപിറുക്കലുകളിൽ മനോവിഭ്രമത്തിന്‍റെ ശിഥിലമായ അക്ഷരകൂട്ടിനൊപ്പം യാഥാർഥ്യത്തിന്‍റെ അക്ഷരവെളിച്ചമുണ്ടെന്നു എനിക്കു തീർത്തും നിശ്ചയമുണ്ടായിരുന്നു. അവ നെല്ലും പതിരും കണക്കു വേർതിരിച്ചു മനസിലാക്കുവാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

और कहानियां पढ़ने के लिए क्लिक करें...