സൗഹൃദങ്ങൾ വിളക്കി ചേർക്കുന്നതിലും നിലനിർത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ തിരക്കേറിയ ജീവിതശൈലി, ഉപരിപ്ലവമായ ആശയവിനിമയം, വ്യാജമായ അടുപ്പം എന്നിവ യഥാർത്ഥ സൗഹൃദങ്ങൾ വളർത്തിയെടുക്കാനും നിലനിർത്താനും തടസ്സം സൃഷ്ടിക്കും.
ജീവിതത്തെ സമ്പന്നമാക്കുകയും പോസിറ്റീവ് എനർജി പകരുകയും ആവശ്യമുള്ള സാഹചര്യങ്ങളിൽ സഹായഹസ്തങ്ങളായി മാറുകയും ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആ സൗഹൃദങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.
സമയം കണ്ടെത്താം
നല്ല സൗഹൃദങ്ങൾ ജീവിതത്തിൽ ലഭിക്കുന്ന അമൂല്യ സമ്പത്താണ്. അവയെ ചേർത്തു പിടിക്കുകയെന്നത് ഏറ്റവും ആവശ്യം തന്നെ. ദൃഢമായ ഒരു അടിത്തറയാണ് സൗഹൃദത്തിന് വേണ്ടത്. അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും പരിഹരിക്കുക. സൗഹൃദത്തിന് വില കല്പിക്കുക. ഇത്തരം കാര്യങ്ങളാണ് സുസ്ഥിരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നത്. ഓൺലൈനിൽ മാത്രമല്ല, ഓഫ്ലൈനിലും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തേണ്ടത് ആവശ്യമാണ്.
ജോലി സ്ഥലത്തെ സമയപരിധികൾ കൈകാര്യം ചെയ്യുക, കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുക, സ്ഥലങ്ങൾ ചുറ്റി സഞ്ചരിക്കുക അല്ലെങ്കിൽ ഹോബികൾ പിന്തുടരുക എന്നിങ്ങനെയുള്ള തിരക്കുകൾക്കിടയിൽ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ സുഹൃത്തുക്കളെ നിലനിർത്തണമെങ്കിൽ അവർക്കായി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ബന്ധം നിലനിർത്തുന്നതിൽ മൊബൈൽ കോളുകൾ, ഇമെയിലുകൾ, ഓൺലൈൻ ചാറ്റിംഗ് എന്നിവ ഉൾപ്പെടും. ബന്ധം ആഴമുള്ളതാകുന്നതിനും നിലനിർത്തുന്നതിനും പരസ്പരം കൂടിക്കാഴ്ച നടത്തുന്നതിന് സമയം കണ്ടെത്താം.
പാർട്ടികളിലേക്കും സന്തോഷകരമായ ആഘോഷാവസരങ്ങളിലേക്കും അവരെ ക്ഷണിക്കുന്നത് ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമാണെങ്കിലും ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ആസ്വദിക്കാൻ കൂട്ടുകാർ മാത്രമുള്ള ഒത്തുചേരലുകൾ അല്ലെങ്കിൽ ചെറിയ ഗ്രൂപ്പ് മീറ്റിംഗുകൾ ഉൾപ്പെടുത്തുന്നത് സൗഹൃദത്തെ ഊഷ്മളമാക്കും. അടുത്തുള്ള മനോഹരമായ റെസ്റ്റോറന്റിലെ സാറ്റർഡേ ലഞ്ച്, ജോലിക്ക് മുമ്പുള്ള ഒരു കോഫി ചാറ്റ് അല്ലെങ്കിൽ വെള്ളിയാഴ്ച വൈകുന്നേരമുള്ള ബാഡ്മിന്റൺ ഗെയിം എന്നിവയായാലും ഒത്തുചേരാൻ ഒരു തീയതി നിശ്ചയിക്കുക.
അതിരുകൾ നിശ്ചയിക്കാം
സുഹൃത്ത് പ്രയാസകരമായ സമയത്തിലൂടെ കടന്നു പോകുമ്പോഴോ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴോ പിന്തുണയ്ക്കായി നിങ്ങളെ എങ്ങനെ, എപ്പോൾ ബന്ധപ്പെടണമെന്ന് അവളെ/ അവനെ അറിയിക്കുക. നിശ്ചിത സമയങ്ങളിൽ മാത്രം ടെലിഫോൺ കോളുകൾക്ക് മറുപടി നൽകാൻ കഴിയുന്നുള്ളുവെങ്കിൽ ഉച്ചഭക്ഷണ ഇടവേളയിൽ അവരുടെ സന്ദേശങ്ങളോട് പ്രതികരിക്കുകയോ അല്ലെങ്കിൽ സൗകര്യപ്രദമായ സമയം അറിയിക്കുകയോ ചെയ്യാം. അതുപോലെ, നിങ്ങളുടെ സുഹൃത്തിനെ അനവസരങ്ങളിൽ വിളിക്കുന്നത് ഒഴിവാക്കാം. (അവളിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ സമ്മതം ഇല്ലെങ്കിൽ) എത്ര അടുപ്പമുള്ള സൗഹൃദമായാലും നിരന്തരമായ പരാതിയും വാശിയും സൗഹൃദത്തിന്റെ ദീർഘകാല നിലനിൽപ്പിനെ ദുർബലമാക്കും. നല്ല സുഹൃത്തുക്കളോട് സ്വന്തം സങ്കടങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് പങ്കുവയ്ക്കുന്നത് സ്വാഭാവികവും ആരോഗ്യകരവുമാണ്. എന്നാൽ അതിന്റെ പേരിൽ അവരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക തന്നെ വേണം. യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ നിലനിർത്തുന്നതിന് ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കുന്നതും ബഹുമാനിക്കുന്നതും പ്രധാനമാണ്.
പ്രതികരണം തുറന്ന മനസ്സോടെ
ഏറ്റവും പുതിയ പ്രോജക്ടിനെ കുറിച്ചോ നിങ്ങൾ എടുക്കേണ്ട ഒരു തീരുമാനത്തെ കുറിച്ചോ സുഹൃത്തിന്റെ അഭിപ്രായങ്ങൾ ചോദിക്കുന്നത് അവരിൽ അഭിമാനമുളവാക്കും. സ്വയം അവബോധം വളർത്തിയെടുക്കാനും നല്ല മാറ്റങ്ങൾ വരുത്താനും ശ്രമിക്കുന്നതിന്റെ ഭാഗമായി അവരുടെ ഫീഡ്ബാക്ക് തേടുന്നത് അവരുടെ ഉൾക്കാഴ്ചയെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്നതിനെയാണ് ചൂണ്ടിക്കാട്ടുന്നത്. സമാനമോ വ്യത്യസ്തമോ ആയ പശ്ചാത്തലങ്ങളും വിശ്വാസങ്ങളും തത്ത്വചിന്തകളും ഉള്ളവരാണ് സുഹൃത്തുക്കളെങ്കിലും നല്ല സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിലേക്ക് സവിശേഷമായ വെളിച്ചം പകരുകയാണ് ചെയ്യുക.
ആത്മാർത്ഥമായ ആശയവിനിമയം
തീർച്ചയായും ആശയവിനിമയം എന്നത് ഇരുതല വാളുപോലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ട ഒന്നാണ്. സുഹൃത്തിനോട് ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കുകയും നിശബ്ദമായി ഇരിക്കുകയോ സുഹൃത്ത് പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുക എന്നത് വിരസത സൃഷ്ടിക്കും. പരസ്പരം തമാശ പറഞ്ഞു കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നത് കൂട്ടുകാർക്കിടയിൽ സാധാരണമാണ്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം ചെയ്തികൾ സൗഹൃദത്തിന്റെ ഇഴയടുപ്പത്തെ ഇല്ലാതാക്കാം.
അർത്ഥവത്തായ സംഭാഷണങ്ങൾ വരുമ്പോൾ, അനന്തമായ വ്യാഖ്യാനങ്ങളോ ആവശ്യപ്പെടാത്ത ഉപദേശങ്ങളോ നൽകാതെ, പറയുന്ന കാര്യങ്ങൾ ആഴത്തിൽ ഗ്രഹിക്കുകയാണ് വേണ്ടത്. പൂർണ്ണമായി കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക.
അവർക്ക് സ്പേസ് നൽകുക
കാര്യസാധ്യത്തിനോ ചൂഷണത്തിനോ ശ്രമിക്കുന്നവർ നല്ല സുഹൃത്തുക്കളെ അകറ്റും. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ തിരികെ വിളിക്കുകയോ തിരികെ ഇമെയിൽ അയക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ സന്ദേശത്തിന് നിങ്ങൾ ആഗ്രഹിക്കുന്നത്ര വേഗത്തിൽ മറുപടി നൽകുകയോ ചെയ്യാതിരുന്നാൽ, അത് അത്ര ഗൗരവമായി കാണരുത്.
സുഹൃത്തുക്കൾക്ക് അവരുടേതായ ജീവിതവും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും ഉണ്ട്. നിങ്ങളെ ചുറ്റിപറ്റി ഉള്ളതല്ല അവരുടെ ലോകമെന്ന് മനസിലാക്കുക. നിങ്ങളുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും കണ്ടെത്തുക. ശക്തമായ സൗഹൃദങ്ങളുടെ ശൃംഖല രൂപീകരിക്കുകയും ഏകാന്തത ആസ്വദിക്കുകയും ചെയ്യുക, അതുവഴി ഓരോ നല്ല സൗഹൃദത്തിനും സ്പേസ് നൽകാം.
വിശ്വാസം വളർത്തിയെടുക്കുക
സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ശക്തിയും ബലഹീനതകളും പരാജയങ്ങളും വിജയങ്ങളും പങ്കുവയ്ക്കുന്നത് സുഹൃത്തുമായി ആഴമേറിയ ബന്ധം ഊട്ടിയുറപ്പിക്കാൻ വഴിയൊരുക്കും. സുഹൃത്ത് വ്യക്തിപരമായ വിവരങ്ങൾ പങ്കിടുമ്പോൾ, അത് ഒരു ആധികാരിക സൗഹൃദം വളർത്തിയെടുക്കുന്നതിനുള്ള ഒരു പടി കൂടിയായി പരിഗണിക്കുക, അല്ലാതെ അത് ഗോസിപ്പിനുള്ള ഉള്ളടക്കം ആക്കാതിരിക്കുക.
സത്യസന്ധതയും സുതാര്യതയും പരിപാലിക്കുക, ആത്മവിശ്വാസം നിലനിർത്തുക, സുഹൃത്തിന്റെ ക്ഷേമത്തിൽ യഥാർത്ഥ താൽപ്പര്യം കാണിക്കുക എന്നിവ വിശ്വാസം സ്ഥാപിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. നീരസം വർധിക്കാൻ ഇടനൽകാതെ മനസ്സിലുള്ളത് പ്രകടിപ്പിക്കുന്നതിലൂടെ സംഘർഷങ്ങൾ ഒഴിവാക്കാം.
ഈ നിലപാട് വ്യക്തത സൃഷ്ടിക്കുന്നതിനും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും. സ്വന്തം തെറ്റുകളെ തുറന്ന് മനസോടെ അംഗീകരിക്കുക. ഇത്തരം നിലപാടുകൾ സൗഹൃദം ശക്തിപ്പെടുത്താൻ വഴിയൊരുക്കുകയുള്ളൂ.
പോസിറ്റീവ് ശക്തിയാക്കുക
നല്ല സുഹൃത്തുക്കൾക്ക് നിങ്ങളെ പ്രചോദിപ്പിക്കാൻ കഴിയും. നിങ്ങളുടെ സുഹൃത്തിന്റെ മികച്ച നേട്ടങ്ങൾക്കും ആഹ്ലാദകരമായ അനുഭവങ്ങൾക്കും സാക്ഷിയാകാം.