അയാൾ എഴുന്നേറ്റു. അതീവദു:ഖകരമായ ഒരു കാര്യം പറയേണ്ടി വരുന്നതിന്‍റെ പ്രയാസം അയാളുടെ മുഖം വിളിച്ചു പറഞ്ഞു. അയാൾ നടന്ന് വെളുത്ത വിരിയിട്ട ജനാലക്കരികിൽ പോയി നിന്നു. വെളുത്ത ഞൊറികൾ വകഞ്ഞു മാറ്റി ജനാല തുറന്നിട്ടു. ദൂരെ ഏതോ താഴ്‌വാരത്തിൽ ആറ്റിത്തണുപ്പിച്ച നനവൂറുന്ന തണുത്ത കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് തിരതല്ലി. രണ്ടു പേർക്കുമിടയിലുള്ള മൗനത്തിന്‍റെ കടലാഴം ഏറുന്നതു കണ്ട് ഞാൻ പറഞ്ഞു.

“സാർ… എനിക്കൂഹിക്കാം താങ്കൾക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് ഇനി പറയാനുള്ളതെന്ന്. എന്തു തന്നെയായാലും താങ്കൾ പറയണം. എനിക്ക് കഴിയും വിധം താങ്കളെ അലട്ടുന്ന വിഷമതയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കാം.”

“പക്ഷേ താങ്കൾക്ക് യാതൊരു വിധ ശാസ്ത്രീയ രേഖകളോ ഇതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ടോ എന്തിനേറെ സംഭവം നടന്ന സ്ഥലം കണ്ടിട്ടുപോലും യാതൊരു ഗുണവും ലഭിക്കാൻ പോകുന്നില്ല. പിന്നെ വെറും ഊഹങ്ങളുടെ മേൽ കെട്ടിപ്പടുത്ത കണ്ടെത്തലുകളേ താങ്കൾക്ക് നല്കാനാവൂ. അത്തരം നിഗമനങ്ങൾക്കു എന്‍റെ മനസിലെ തീ കെടുത്താൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.” അയാളുടെ ശബ്ദം പതറി.

തെല്ലിട കഴിഞ്ഞ് ഞാൻ പറഞ്ഞു.  “സാർ… തികഞ്ഞ മുൻവിധിയോടെ ഒരാളെയും വിലയിരുത്തരുത്. ഒരു കാര്യവും മുൻവിധിയോടെ കാണുകയുമരുത്. നമ്മുടെ മനസ്സിന്‍റെ ഒരു പ്രത്യേകതയാണിത്. ഒരു കാര്യം നടക്കുകയില്ല എന്നു മനസ്സിൽ വിശ്വസിച്ചുറപ്പിച്ച് അതിനായി എത്ര പരിശ്രമിച്ചാലും ആ കാര്യം നടക്കാൻ ബുദ്ധിമുട്ടാണ്.

ആ ഒരവസ്ഥയിൽ നമ്മുടെ മനസ്സ് ആ ഒരു നെഗറ്റീവ് റിസൽട്ടിനായി പാകപ്പെടുകയാണ്. ആ റിസൾട്ട് ആഗ്രഹിക്കുകയാണ്. പിന്നെ താങ്കൾ തന്നെ പറഞ്ഞല്ലോ ഭാര്യയെക്കൊണ്ട് സിനിമയുടെ ഫസ്റ്റ് ക്ലാപ്പടിച്ചാൽ മെഗാഹിറ്റാകുമെന്ന് അതു പോലെ പ്രശസ്തനായ ഒരു ക്രിക്കറ്റ് താരം ചുവന്നചരട് കൈയ്യിൽ കെട്ടി ബാറ്റിങ്ങിനിറങ്ങിയാൽ സെഞ്ചുറി നേടുമെന്ന് പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞിട്ടുണ്ട്.

ചരട് കെട്ടിയില്ലെങ്കിൽ ഡക്ക് അടിക്കുമെത്രെ! ഇതിനൊക്കെ എന്ത് സമീകരണമാണുള്ളത്? എങ്കിലും മിക്കവാറും ഇത്തരം സംഗതികൾ ഫലം തരുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ മനസ്സിനെ ഒരു പോസറ്റീവ് ഫലത്തിനായി പാകപ്പെടുത്തുന്നു. ഇത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ട അബോധമനസ്സിന്‍റെ നിർദേശങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു. അതിനനുസരിച്ച് ആഗ്രഹിച്ച ഫലവും ലഭിക്കുന്നു.

പിന്നെ ഞാൻ ഊഹങ്ങളുടെ പുറത്ത് തെറ്റായ ഉത്തരം നല്കാറില്ല. വെറും ഊഹങ്ങളുടെ പിൻബലത്തിൽ നല്കുന്ന ഉത്തരം തെറ്റായാലുണ്ടാകുന്ന അപകടത്തെക്കുറിച്ച്, അതിന്‍റെ വരും വരായ്കകളെക്കുറിച്ചും ഞാൻ തീർത്തും ബോധവാനാണ്. അതെന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും അറിയാം. അതുകൊണ്ടു തന്നെ പല വഴിക്കുള്ള അന്വേഷണം ഒരു ബിന്ദുവിൽ മാത്രം വന്നു ചേരുമെങ്കിലേ ഞാൻ റിസൽട്ട് നൽകാറുള്ളൂ.

പിന്നെ ഞാൻ മാന്ത്രികനൊന്നുമല്ല. എന്‍റെ പല മാർഗ്ഗങ്ങളിലൂടെയുള്ള അന്വേഷണം ഒരു ബിന്ദുവിൽ വന്നു ചേരാതെ പല വഴിക്കായി ചിതറിപ്പോകുന്നുവെങ്കിൽ ഞാൻ വന്ന് ആ വിവരം പറയും. എന്നെക്കൊണ്ട് കൃത്യമായ ഒരുത്തരം കണ്ടെത്താൻ കഴിയുന്നില്ലെന്ന്. അങ്ങനെയൊരു അവസ്ഥ വന്നാൽ താങ്കൾക്ക് എന്നെ അനായാസം ഒഴിവാക്കാം. അതു വേണ്ടി വരില്ല, ഞാൻ തന്നെ സ്വമേധയാ കേസു മടക്കും. എന്‍റെ ഒരു രീതി അതാണ്.”

ഞാൻ പറയുന്നത് മുഴുവൻ അയാൾ സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞ് എന്‍റെ മറുപടിയിൽ സംതൃപ്തനെന്ന പോലെ ജനലരികിൽ നിന്നും വന്ന് എനിക്കഭിമുഖമായി ചാഞ്ഞിരുന്നു.

“സാർ പറയൂ. തുടർന്ന് എന്താണ് സംഭവിച്ചത്?” ഞാൻ ഉത്കണ്ഠയോടെ ആരാഞ്ഞു.

ദത്തൻ സാറിന്‍റെ മുഖത്ത് വികാരങ്ങളുടെ വേലിയേറ്റം ദൃശ്യമാകാൻ തുടങ്ങി. വാച്ചിൽ സമയം നോക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അത് അക്ഷമയും താത്പര്യക്കുറവുമായി ദത്തൻ സാർ കരുതിയെങ്കിലോ എന്ന് വിചാരിച്ച് അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് തന്നെ സാകൂതം നോക്കിയിരുന്നു.

എന്‍റെ മനസ്സ് വായിച്ചെന്ന പോലെ ദത്തൻ സാർ പ്രതികരിച്ചു.

“സാം സമയം പ്രശ്നമാക്കണ്ട. എത്ര വൈകിയാലും താങ്കൾ താമസിക്കുന്നിടത്ത് എത്തിക്കാൻ ഡ്രൈവറും കാറും താഴെ തയ്യാറാണ്. അതല്ല ഇന്ന് വീട്ടിൽ പോകണമെന്നില്ല എങ്കിൽ താമസ സൗകര്യവും തയ്യാറാക്കാം. ”

“വേണ്ട സാർ എത്ര വൈകിയാലും വീട്ടിലെത്തണം എന്നാണ്.” അതും പറഞ്ഞ് അമ്മയോട് വിളിച്ച് വിവരം പറഞ്ഞു. പിന്നെ ദത്തൻ സാറിന്‍റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു.

“സാർ ഇനിയുള്ള സംഭവങ്ങൾ വിശദമായി പറയണം സാർ. എനിക്കെന്തെങ്കിലും ആശയക്കുഴപ്പം നേരിട്ടാൽ ഞാൻ ചോദിക്കും.”

“ശരി. തീർച്ചയായും താങ്കൾക്ക് ചോദിക്കാം.”

“ആ ദിവസം എന്‍റെ ജീവിതത്തിലെ കറുത്ത ദിവസമായിരുന്നു. ഡിസംബർ 22-ലെ എങ്ങും തണുപ്പു പടർന്ന ഒരു ദിവസം. ആ തണുപ്പിലും പുലർകാലെത്തന്നെ ഞങ്ങളുടെ ക്രൂ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അന്നും സനയുടെ സീനുകളാണ് പ്രധാനമായും ചിത്രീകരിച്ചിരുന്നത്. അന്നോടെ ആ കുട്ടി ഉൾപ്പെടേണ്ട എല്ലാ രംഗങ്ങളും തീർക്കാനായി അക്ഷീണം ശ്രമിക്കുകയാണ് ഞാൻ. അതിനൊരു കാരണവുമുണ്ടായിരുന്നു.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ഒരു മുൻനിര സംവിധായകന്‍റെ ചിത്രത്തിലേക്ക് അവൾക്കുടനെ ജോയിൻ ചെയ്യേണ്ടതുണ്ടായിരുന്നു. പുതിയ ഒരു അഭിനേത്രിയെക്കുറിച്ചുള്ള വാർത്തകൾ അപ്പോഴേക്കും മാധ്യമങ്ങൾ ആഘോഷമാക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആ പുതിയ അവസരം ആ കുട്ടിക്ക് കിട്ടിയത്.

ടേക്ക് എല്ലാം എടുത്തു ദ്രുതഗതിയിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് അവളുടെ അമ്മയ്ക്ക് ഒരു സന്ദേശം ലഭിക്കുന്നത്. അവരുടെ ഒരു സഹോദരൻ റോഡപകടത്തിൽ പെട്ട വാർത്തയായിരുന്നു അത്. അവരുടെ ഒരേഒരു ബന്ധുവായിരുന്നു അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് സനയും അമ്മയും നാട്ടിൽ പോകണമെന്ന അഭ്യർത്ഥനയുമായെത്തി. എന്നാൽ ആ കുട്ടിയെ പോകാൻ അനുവദിച്ചാൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്ന് നിർമ്മാതാവ് അക്കമിട്ട് കണക്കു നിരത്തിയപ്പോൾ അവരുടെ അഭ്യർത്ഥന ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു.

ഒടുവിൽ സനയുടെ അമ്മയെ വീട്ടിൽ കൊണ്ടുപോയി വിടാനുള്ള നിർദേശം ബന്ധപെട്ടവർക്ക് നൽകി ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ സന നീരസം അറിയിച്ചെങ്കിലും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയതോടെ ആ കുട്ടിയും ഞങ്ങളോട് സഹകരിക്കാൻ തയ്യാറായി. അങ്ങനെ ഉച്ചതിരിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.

വളരെ ബുദ്ധിമുട്ടേറിയ ചില രംഗങ്ങളായിരുന്നു അന്ന് ഷൂട്ടിന് നിശ്ചയിച്ചിരുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു രംഗം സന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ആത്മഹത്യ രംഗമായിരുന്നു. തൂങ്ങിമരണം ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. തന്നെക്കാളേറെ നായകൻ തന്‍റെ ചേച്ചിയെയാണ് സ്നേഹിക്കുന്നതെന്നറിഞ്ഞ് കടുത്ത പ്രണയ പരാജയദു:ഖത്താൽ കോളേജിലെ ക്ലാസ്സ് മുറിയിൽ വച്ച് അനുജത്തി ആത്മഹത്യ ചെയ്യുന്ന രംഗമായിരുന്നു എനിക്ക് ചിത്രീകരിക്കേണ്ടിയിരുന്നത്.”
“കുട്ടികളെല്ലാം പോയ ശേഷം ക്ലാസ്സ് റൂമുകൾ പൂട്ടുവാൻ വരുന്ന കാവൽക്കാരൻ കാണുന്ന ഭീതിജനകമായ കാഴ്ച. ചുരിദാർ ഷാളിൽ പിടയുന്ന പെൺകുട്ടി. പെൺകുട്ടി ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കുന്നു. അത് ക്ലോസ്സ് അപ്പ് ഷോട്ടും പിന്നീടുള്ള രംഗങ്ങൾ ഡമ്മിയെ വച്ചും ആണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്. സനയും ഷൂട്ടിംഗ് സെറ്റും പെട്ടെന്നു തന്നെ തയ്യാറായി. ഷാളിന്‍റെ ഒരറ്റം ഫാനിലും മറ്റേയറ്റം വട്ട കുടുക്കാക്കി സന തന്‍റെ കഴുത്തിലും ഇട്ടു. ക്യാമറമാനോട് നിർദേശം നൽകി ആക്ഷനിലേക്കു കടക്കുമ്പോളാണ് അത് സംഭവിച്ചത്. സനയുടെ കാലൊന്നു വഴുതി. അവിടെയുണ്ടായിരുന്നവർ ഒന്നടങ്കം അവിടേക്കു കുതിച്ചു. ആ വലിയ വിപത്തിൽ നിന്നും ആ പെൺകുട്ടിയെ ഒരു വിധം രക്ഷപ്പെടുത്തിയെടുത്തു എന്നു പറഞ്ഞാൽ മതിയല്ലോ!

ആ സംഭവം മുന്നിൽ കണ്ടാലെന്നവണ്ണം ദത്തൻ സർ കണ്ണിമ മുറുകി അടച്ചു.

“എന്നാൽ ആ കുട്ടിക്കൊരു കൂസലുമില്ലായിരുന്നു. അങ്ങനെ ആ കുട്ടിയുടെ തീർത്തും പ്രൊഫഷണലായ മനോഭാവം കൊണ്ടു മാത്രം രംഗങ്ങളെല്ലാം ഒന്നാന്തരമായി ചിത്രീകരിച്ചു. ആ കുട്ടിയുടെ സാന്നിദ്ധ്യം ആവശ്യമയി വരുന്ന എല്ലാ രംഗങ്ങളും ചിത്രീകരിച്ചു തീർത്തപ്പോൾ സമയം രാത്രി പത്തു മണി. രാവിലെ മുതൽ തുടർച്ചയായി നടന്ന ഷൂട്ടിംഗിൽ അവർ ഏറെ ക്ഷീണിച്ചതായി എനിക്കു തോന്നി. സ്വല്പം ആഹാരം കഴിച്ചെന്നു വരുത്തി, കാറിൽ കയറി കൈവീശി പുഞ്ചിരിച്ചു കൊണ്ട് അവർക്കു താമസം ഏർപ്പാടാക്കിയിരുന്ന ഹോട്ടലിലേക്ക് പോകുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണതെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.”

വികാരങ്ങളുടെ അനിയന്ത്രിതമായ തിരതള്ളലിൽ ദത്തൻ സാർ കിതച്ചു. മുഖം ചുവന്നു തുടുത്തു. ഒരു വേള അയാൾ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി. വെറും സോഡ വെള്ളം ഗ്ലാസ്സിലൊഴിച്ച് ഒറ്റ വീർപ്പിന് അയാൾ കുടിച്ചു.

ഒരു പാട് ചോദ്യങ്ങൾ എന്‍റെ മനസ്സിൽ ഞാൻ മുൻപേ എന്ന മട്ടിൽ തിക്കിത്തിരക്കി വന്നു. ദത്തൻ സാറിന് പറയാനുള്ളതു മുഴുവൻ കേട്ട ശേഷം മാത്രമേ എന്തെങ്കിലും വിശദാംശങ്ങൾ ആവശ്യമെങ്കിൽ ചോദിക്കൂ എന്ന് ആദ്യമേ മനസ്സിൽ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ദത്തൻ സാറിന്‍റെ വാക്കുകളുടെ തുടർച്ചക്കായി ഞാൻ കാത്തു.

അല്പനേരം കഴിഞ്ഞ് സംയമനം വീണ്ടെടുത്ത് ദത്തൻ സാർ പറഞ്ഞു തുടങ്ങി.

ആ കുട്ടി പോയ ശേഷവും ഞങ്ങൾ ഷൂട്ടിംഗ് തുടർന്നു. അല്പനേരത്തിനു ശേഷം ഞാൻ അവളെ വിളിച്ച് താമസസ്ഥലത്ത് എത്തിയതായി ഉറപ്പാക്കി. മികച്ച അഭിനയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഒരവാർഡിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു പറഞ്ഞ് ഞാൻ അവരെ പ്രശംസിച്ചു. ഒരു പെൺകുട്ടിയെ പാതിരാത്രി വരെ ജോലി ചെയ്യിപ്പിച്ചല്ലോ എന്നൊരു കുറ്റബോധവുംഎന്‍റെ ഉള്ളിലുണ്ടായിരുന്നു. ഓർമപ്പൂക്കാലത്തിലേതുപോലുള്ള മികച്ച അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നു അവൾ പറഞ്ഞു. തുടർന്ന് നന്ദി പറഞ്ഞ് ഫോൺ വച്ചു.

ഏകദേശം പന്ത്രണ്ട് മണിയോടെ പാക്കപ്പ് പറഞ്ഞ് റൂമിലെത്തി മൊബെൽ ഓഫ്‌ ചെയ്ത് കുളിച്ച് കിടന്നതേ ഓർമ്മയുള്ളൂ. അതിയായ ക്ഷീണവും തുടർച്ചയായ ഉറക്കമൊഴിയും മൂലം പെട്ടെന്നുറങ്ങിപ്പോയി. പിറ്റേന്ന് വാതിലിൽ മുട്ടുകേട്ട് എഴുന്നേൽക്കുമ്പോൾ സമയം പതിനൊന്നുമണി. പ്രൊഡക്ഷൻ കൺട്രോളർ ശശിധരനായിരുന്നു, വാതിലിൽ മുട്ടിക്കൊണ്ടിരുന്നത്. സന തൂങ്ങി മരിച്ച വിവരം പൊടിപ്പും തൊങ്ങലും വച്ച് അയാൾ വിവരിച്ചു. എനിക്ക് വിശ്വസിക്കാനായില്ല. റൂം ക്ലീനിങ്ങിനായി വന്ന ബോയി ആണ് സംഭവം ആദ്യം കണ്ടത്. അവനുടനെ ഹോട്ടൽ മാനേജരെ വിവരമറിയിക്കുകയും അയാൾ വിവരം പറഞ്ഞപ്പോഴാണ് ശശിധരനും കാര്യങ്ങൾ അറിയുന്നത്. മാനേജർ ഉടനെത്തന്നെ പോലീസിനേയും വിളിച്ചു വരുത്തിക്കഴിഞ്ഞു.

ഞാൻ മുഖം കഴുകി പെട്ടെന്ന് വസ്ത്രം മാറ്റി സ്ത്രീകൾക്കായി താമസം ഏർപ്പാടാക്കിയിരിക്കുന്ന ബ്ലോക്കിലെത്തി. ശശിധരൻ സനയ്ക്കായി ഏർപ്പാടാക്കിയിരുന്ന റൂമിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ പോലീസുണ്ട്. ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട കുറച്ച് ആളുകളുണ്ട്. പരിചിത മുഖങ്ങളിൽ ആദ്യം കണ്ടത് പരിഭ്രമിച്ച് വിളറി വെളുത്ത മുഖഭാവവുമായി നിൽക്കുന്ന ഞങ്ങളുടെ പടത്തിന്‍റെ നിർമ്മാതാവിനെയാണ്. തലേന്ന് ഏറെ വൈകി ഉറങ്ങിയതുകൊണ്ടാണോ അതോ പരിഭ്രമം കൊണ്ടാണോ എന്നറിയില്ല എനിക്കു തല ചുറ്റുന്ന പോലെ തോന്നി. എന്നിട്ടും ഞാൻ ഒരു വിധം ആ റൂമിലെത്തി.

അപ്പോഴേക്കും നിലത്തേക്കിറക്കിക്കിടത്തിയിരുന്ന മൃതദേഹം ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ. എന്‍റെ നെഞ്ച് പൊട്ടിത്തകരുന്ന പോലെ എനിക്കു തോന്നി. തെല്ലിട നേരം ഒന്നു ഞാൻ വ്യക്തമായിക്കണ്ടു. കഴുത്തിൽ മുറുകിക്കിടന്ന ആ ഷാൾ. അതേ! തൂങ്ങിമരണം ചിത്രീകരിക്കാനുപയോഗിച്ച ഇളം മഞ്ഞ നിറമുള്ള ആ ഷാൾ കഴുത്തിൽ മുറുകിക്കിടക്കുന്നു.”

ആ ഭീതിജനകമായ രംഗം കൺമുമ്പിൽ കണ്ട പോലെ ദത്തൻ സാർ വിറച്ചു. പിന്നെ കണ്ണുകളിൽ സമ്മിശ്ര വികാരങ്ങളുടെ തിരയിളക്കം ദൃശ്യമാകാൻ തുടങ്ങി.

“പിന്നെ എന്താണുണ്ടായതെന്നു കേൾക്കണോ?“

ഭയത്തിനു പകരം പുച്ഛരസത്തിലുള്ള വാക്കുകൾ ദത്തൻ സാറിൽ നിന്നും ഉതിർന്നു വീണു. ആ ഭാവമാറ്റം എന്നിൽ ഉൾഭയത്തിന്‍റെ വിത്തുകൾ വിതച്ചു

ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാ അന്വേഷണങ്ങളും നടപടിക്രമങ്ങളും പൂർത്തിയായി. ഒരു സംശയവും വേണ്ട, ആത്മഹത്യ തന്നെ! എന്തിനേറെ! എന്നിൽ നിന്നു പോലും യാതൊരു വിവരവും അവർ തേടിയില്ല. എന്നെ അവർ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.

അതും പറഞ്ഞ് ദത്തൻ സാർ വിലക്ഷണമായി പൊട്ടിച്ചിരിച്ചു. തുടർന്ന് അയാൾ തെല്ലിട നേരം നിശ്ശബ്ദനായി. പൊടുന്നനെ ഒരു ചോദ്യം ചാട്ടൂളി പോലെ എന്നിൽ പതിച്ചു.

“ഞാൻ ഇത്രനേരം സനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വച്ച് ഇതൊരു ആത്മഹത്യയാണെന്ന് മി. സാമിന് തോന്നുന്നുണ്ടോ? പിറ്റേന്നു മലയാള സിനിമയിലെ മുഖ്യധാരയിലെ ഒന്നാംതരം സംവിധായകന്‍റെ പടത്തിൽ അഭിനയിക്കാൻ തയാറായി ഇരിക്കുന്ന ഒരുവൾ ഇങ്ങനെ ഒരു വിവേകമില്ലാത്ത പ്രവർത്തി ചെയ്യുമോ?

ഞാനൊന്നു പതറി. ഇതിനൊക്കെ പെട്ടെന്നെങ്ങനെ മറുപടി പറയും? ഒരു മറുചോദ്യം കൊണ്ട് ആ ചോദ്യത്തെ പ്രതിരോധിക്കാൻ തീരുമാനിച്ചു.

“അല്ല, പോലീസ് എന്തെല്ലാം കാരണങ്ങളാണ് ഈയൊരു കണ്ടെത്തലിന്‍റെ അടിസ്ഥാനമായി പറയുന്നത്?

“അതോ, ഒന്നാന്തരം കാരണങ്ങൾ. കേട്ടോളൂ. ഒന്ന്. മരിക്കുന്നതിന് മുൻപ് ആ കുട്ടി അമ്മയ്ക്കും മേക്കപ്പ്മാനും വാട്സപ്പ് സന്ദേശം അയച്ചതിന്‍റെ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. അതിൽ പറയുന്നത് ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്കിനിയും ഇങ്ങനെ അർത്ഥമില്ലാതെ ജീവിക്കാൻ വയ്യ. ഞാൻ പോകുന്നു. എന്‍റെ മരണത്തിൽ ആർക്കും പങ്കില്ല. അമ്മ മാപ്പുതരണം എന്നൊക്കെയാണ്‌.

കാരണം രണ്ട്. ആ കുട്ടി വിഷാദരോഗത്തിന് ഒരു മനഃശാസ്ത്രചികിത്സ കേന്ദ്രത്തിൽ വച്ച് ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കാരണം മൂന്ന്. ആത്മഹത്യയെക്കുറിച്ചൊക്കെ ആ കുട്ടി സുഹൃത്തുക്കളോടൊക്കെ സംസാരിക്കുമായിരുന്നത്ര. ആത്മഹത്യ ചെയ്യാൻ പോകുന്നവൻ അങ്ങനെയൊക്കെ സംസാരിക്കുമെന്നാണ് പറയപ്പെടുന്നത്. സന ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നതായി സെറ്റിലുള്ള ഒന്ന് രണ്ടു പേര് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. പിന്നെ പോസ്റ്റുമാർട്ടം റിപ്പോർട്ടും ഒരാത്മഹത്യാ ലക്ഷണങ്ങളെ സാധൂകരിക്കുന്നതായിരുന്നു.

പോലീസ് പറയുന്നതിപ്രകാരമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് റൂമിലെത്തിയ സനയുടെ മനസ്സ് തീർത്തും സംഘർഷഭരിതമായിരുന്നു. ഒരേഒരു ബന്ധുവിന് സംഭവിച്ച അപകടം ആ ദുർബല മനസ്സിനെ ഒന്നുകൂടി മുറിവേൽപ്പിച്ചു. ഒപ്പം അമ്മ അടുത്തില്ലാതിരുന്നതും വലിയൊരു ശൂന്യത അവളിൽ സൃഷ്ടിച്ചു. അല്പം മുന്നെ ചിത്രീകരിച്ച ആത്മഹത്യാ രംഗങ്ങൾ അവളുടെ അപക്വ മനസ്സിൽ കൂടെ കൂടെ വന്നു കൊണ്ടിരുന്നു.

വിഷാദ രോഗത്തിന്‍റേതായ സ്വയം നശീകരണ ശേഷിയുള്ള ചിന്തകളുടെ കടലാഴം വർദ്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ ആ ഏകാന്തതയിലെ ഒരു ദുർബല നിമിഷത്തിൽ അവൾ മരിക്കാൻ തീരുമാനിച്ചു. എപ്പോഴും ഒപ്പമുണ്ടാകുമായിരുന്ന അമ്മ അടുത്തില്ലാത്തത് ഒരു സൗകര്യമായി കണക്കാക്കി , സിനിമാ ഷൂട്ടിംഗിന് ഉപയോഗിച്ച അതേ ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങി മരിച്ചു.

“താങ്കൾ നേരത്തെ പറഞ്ഞ പോലെ പല വഴികൾ ഒരു ബിന്ദുവിൽ സംഗമിച്ചു അല്ലേ? ആത്മഹത്യ എന്ന ഒരൊറ്റ ബിന്ദുവിൽ. വിഷാദം, ആത്മഹത്യാ സംസാരം, ആത്മഹത്യാക്കുറിപ്പ് അങ്ങനെയങ്ങനെ എന്തെല്ലാം വഴികൾ! പക്ഷേ മി. സാം ലോകം മുഴുവൻ ഇതാത്മഹത്യയെന്നു വിധിയെഴുതിയാലും ഞാൻ ഇത് ആത്മഹത്യയെന്ന് സമ്മതിക്കില്ല. കുറച്ചു ദിവസങ്ങൾ മാത്രമേ ഞങ്ങൾ ഇടപഴകിയിട്ടുള്ളൂ. എങ്കിലും ആ മനസ്സ് ഞാൻ അറിഞ്ഞിട്ടുണ്ട്. വിഷാദമല്ല, അതിന്‍റെ സ്ഥായീഭാവം. ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിച്ച് വന്ന് ഇനി ജീവിതത്തിൽ മുന്നേറണം, വിജയിക്കണം എന്നൊരൊറ്റ ആഗ്രഹം മനസ്സിലുറപ്പിച്ച ഒരു കുട്ടിയാണവൾ.

അവളൊടൊപ്പം ഇരുന്ന് ഒരഞ്ചു മിനിറ്റ് സംസാരിച്ചാൽ മതി എത്ര നെഗറ്റിവിറ്റി ഉള്ളവനും പോസിറ്റീവായി ചിന്തിക്കാൻ തുടങ്ങും. ഇടപഴകുന്നവർക്കൊക്കെ മാതൃകയും പ്രചോദനവുമായിരുന്നു അവൾ. ആ കുട്ടി അതു ചെയ്യില്ല.

ഒരു പാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം പിന്നെ ലോകമറിയുന്ന മികച്ച അഭിനേത്രിയാകണം ഇത്തരം ആഗ്രഹങ്ങളോട് ചേർന്നു നിൽക്കുന്ന ചിന്തകളും സംസാരങ്ങളുമാണ് ആ കുട്ടി പറയാറ്. ആത്മഹത്യയെക്കുറിച്ച് സംസാരിച്ചു പോലും. ആ പാവം കുട്ടിയെ തകർത്ത് ആർക്ക് എന്ത് നേടാനാണ്. ആ കുട്ടിയോട് ശത്രുത പുലർത്താൻ ആർക്കുമാവില്ല. എന്നിട്ടും…

എനിക്കറിയണം. എനിക്കതറിഞ്ഞാൽ മാത്രം മതി. അതിനു ശേഷം എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. വെറുതെ വിടില്ല ഞാൻ കൊലപാതകം ആത്മഹത്യയാക്കുന്ന വിദ്യ എനിക്കും ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ?

ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള കുട്ടിയായിരുന്നു. അതിന്‍റെ സാഫല്യത്തിനായി ഏതറ്റംവരെയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമവൾക്കുണ്ടായിരുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായിരുന്നു… അതാണ് മുളയിലേ എരിഞ്ഞടങ്ങിയത്.

ദത്തൻ സാർ പൊടുന്നനെ വിതുമ്പാൻ തുടങ്ങി. ആ വലിയ മനുഷ്യൻ വിതുമ്പുന്നതു കണ്ട് ഞാൻ വല്ലാതായി. വെറും വാക്കുകൾ കൊണ്ട് ആശ്വാസം ലഭിക്കുന്ന ഒരു വിഷയമല്ല അദ്ദേഹത്തിന്‍റേത്. മാത്രമല്ല സമയവും ഏറെ കടന്നു പോയിരിക്കുന്നു. ഏതായാലും സംഭവങ്ങളുടെ വിശദമായ ഒരു ചിത്രം ലഭിച്ചു കഴിഞ്ഞു.

നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം ചോദിക്കാനുണ്ട്. മാനസികമായി തീർത്തും പരിക്ഷീണനായ ഇദ്ദേഹത്തോട് ഇപ്പോൾ ചോദിക്കാനൊരുമ്പെടുന്നത് ഉചിതമായിരിക്കില്ല. മാത്രമല്ല വിലയേറിയ മദ്യം അതിന്‍റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായി സൂചന കിട്ടാൻ തുടങ്ങിയിരിക്കുന്നു പിന്നീട് വാട്സപ്പ് വഴി ആശയവിനിമയം നടത്തി സംശയ നിവാരണം വരുത്താം എന്ന് നിശ്ചയിച്ച് ഞാൻ എഴുന്നേറ്റു. എങ്കിലും ഒരു ചോദ്യം ചോദിച്ചേ തീരൂ എന്നു വന്നു. തുടർന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“സാർ. താങ്കൾ സമാധാനപ്പെടൂ. എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ താങ്കളുടെ ചോദ്യത്തിന് ഉത്തരം നേടാനായി പരിശ്രമിക്കും. അന്വേഷണത്തിന്‍റേയും ലഭ്യമായ വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിധിയെഴുത്ത് നടത്തിയ ഒരു വിഷയമാണിത്. അതിൽ ഏറെ പ്രധാനം കുട്ടിയുടെ മരണത്തിനു മുൻപ് അമ്മക്കയച്ച സന്ദേശമാണ്. തെളിവുകളായി ഉയർത്തിക്കാട്ടുന്ന മറ്റു കാര്യങ്ങളിൽ ബാഹ്യ ഇടപെടലിന് നേരിയ സാധ്യത ഉണ്ടാകാം. ഉണ്ട് എന്നല്ല. എന്നാൽ ആ സന്ദേശം. ആ സമയത്തുള്ള സന്ദേശം. പ്രത്യേകിച്ച് അമ്മ നാട്ടിലേക്കു പോയ സന്ദർഭത്തിൽ, അത് തീർത്തും കുറ്റമറ്റ ഒരു തെളിവായി തോന്നുന്നു.

ഏതായാലും താങ്കൾ നന്നായി വിശ്രമിക്കൂ. താങ്കളുടെ വാട്സപ്പ് നമ്പരും ഇ മെയിൽ അഡ്രസ്സും തോമാച്ചന്‍റെ കൈവശം ഉണ്ടെങ്കിൽ എനിക്കു ലഭ്യമാക്കണം. പിന്നെ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. സാർ ഈ വിഷയവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി താങ്കൾക്ക് തോന്നുന്നതെന്താണ്? ആരെക്കുറിച്ചെങ്കിലും സന പരാതിയെന്തെങ്കിലും പറഞ്ഞിരുന്നോ അതായതു ശല്യപെടുത്തുകയോ മറ്റോ?”

അല്പനേരം കഴിഞ്ഞ് ദത്തൻ സാർ മറുപടി പറഞ്ഞു.

അങ്ങനെ സംശയാസ്പദമായി സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പിന്നെ ഒരാളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അത് ഒരു ഹാസ്യ നടനെ കുറിച്ചാണ്. അയാൾ പതിവായി സനയുടെ അരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നുവെന്നും മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ഠി കാണിക്കുന്നുവെന്നായിരുന്നു പരാതി. ഞാൻ ശക്തമായി അയാളെ താക്കീത് ചെയ്തു. മേലും കീഴും നോക്കാതെ അയാളെ അങ്ങു പുറത്താക്കുകയാണ് ഉണ്ടായത്. പിന്നെ അത്തരം സംഭവങ്ങൾ എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.”

ആ ഹാസ്യ നടന്‍റെ പേര് പറഞ്ഞു തന്ന ശേഷം ദത്തൻ സാർ എഴുന്നേറ്റ് ടീപോയിൽ വച്ചിരുന്ന ഫോണെടുത്ത് എന്‍റെ നമ്പറിലേക്ക് മിസ്കോൾ ചെയ്തു. ഒപ്പം ഇമെയിൽ വിലാസവും സന്ദേശമായി ലഭിച്ചു. അപ്പോൾ തന്നെ ആരേയോ ഫോൺ ചെയ്തു. പിന്നെ അടുത്തേക്കു വന്നു കൈ പിടിച്ചു.

“മി. സാം താങ്കളെ ഞാൻ വിശ്വസിക്കുന്നു. താങ്കളുടെ യുക്തിക്കനുസരിച്ച് പരിശ്രമിക്കുക. വൈകാരികത ഒരിക്കലും അവിവേകത്തിന് വഴിപ്പെടാൻ പാടില്ലല്ലോ? ഞാൻ അവസാനം പറഞ്ഞ കാര്യങ്ങൾ, അതു സത്യം തന്നെ. എങ്കിലും അതു താങ്കൾ മറക്കുക. എന്‍റെ മനസ്സിന്‍റെ നീറ്റൽ ശമിക്കാനുള്ള ഔഷധം എനിക്ക് ഉത്തരമായി നല്കുക. താഴെ കാർ തയ്യാറാണ്. ഏറെക്കാലം എന്നൊടൊപ്പമുള്ള ജോഫിൻ താങ്കളെ പ്രതീക്ഷിച്ച് റിസപ്ഷനിൽ ഇരിപ്പുണ്ട്.

ഞാൻ ജോഫിനെ ഡ്രൈവർ എന്നു വിളിക്കാറില്ല. എന്‍റെ സന്തത സഹചാരി എന്നു വേണമെങ്കിൽ പറയാം. വിശ്വസിക്കാവുന്നവനാണ്. താങ്കളെ അയാൾ അധികം സമയമെടുക്കാതെ വീട്ടിലെത്തിച്ചു തരും. പിന്നെ ഞാൻ പറഞ്ഞതിൽ കൂടുതലായി എനിക്കറിയാവുന്ന വിവരങ്ങൾ എന്തെങ്കിലും അറിയണമെങ്കിൽ എന്നും വൈകീട്ട് ആറുമണിക്കു ശേഷം എന്നെ അറിയിക്കാം. പൂർണ്ണമനസോടെയുള്ള എന്‍റെ സഹകരണം ഉണ്ടാകും എങ്കിൽ ശരി. നമുക്കു കാണാം.”

ദത്തൻ സാറിനോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി. അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. കനത്ത ഇരുട്ടിനെ ഭേദിച്ച് പലയിടങ്ങളിൽ വിളക്കുകൾ പ്രഭ ചൊരിഞ്ഞു കൊണ്ടിരുന്നു. ഫോണിൽ സമയം നോക്കിയപ്പോൾ ഒരു മണി. ഹോട്ടൽ മുറിയിലെ വെള്ളി വെളിച്ചത്തിൽ സമയം കടന്നു പോയത് അറിഞ്ഞതേ ഇല്ല. റിസപ്ഷനിൽ ദത്തൻ സാർ പറഞ്ഞ ജോഫിനിരിപ്പുണ്ട്. സമീപത്ത് ഒരുറിസപ്ഷനിസ്റ്റ് ഇരുന്ന് ഉറക്കം തൂങ്ങുന്നു.

ജോഫിൻ വെളുത്ത മുറിക്കൈ ഷർട്ടും ഇറുകിയ നീല ജീൻസും വേഷം. ആരോഗ്യദൃഢഗാത്രനായ ജോഫിൻ. ഒരു ഹിന്ദി യുവ നടന്‍റെ ശരീരഭാഷയെ ഓർമിപ്പിച്ചു. ജിംനേഷ്യത്തിലൊക്കെ പോയി മെരുക്കിയെടുത്ത ശരീരം. സിനിമാ നടനാവാൻ മോഹിച്ച് സംവിധായകന്‍റെ ഡ്രൈവറായി ഒതുങ്ങിപ്പോയ ഒരുവനാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. ഏതൊ സിനിമയിൽ ഒന്നു രണ്ടു സീനിൽ ഇയാളെ കണ്ടിട്ടുള്ളതായി ഞാൻ ഓർമ്മിച്ചെടുത്തു. ഡ്രൈവറായി വന്നു ഭാരതത്തിലെ തന്നെ ഒന്നാംകിട നിർമാതാവായ ചിലരുടെ മുഖം മനസ്സിൽ വന്നു മിന്നിമറഞ്ഞു. ഡ്രൈവറായി വരുന്നവർക്കും സാധ്യതയുടെ അപാരവഴിത്താരകളാണ് സിനിമാലോകം തുറന്നുതരുന്നത്.

നട്ടപ്പാതിരക്ക് ഈയൊരു ജോലി ഏൽപ്പിച്ചാൽ ആർക്കായാലും അനിഷ്ടം തോന്നാം. അതൊന്നും പുറത്തു കാട്ടാതെ നിറഞ്ഞ സൗഹൃദത്തോടെ ജോഫിൻ എന്നെ കാറിനടുത്തേക്ക് നയിച്ചു. കാറിൽ കയറിയ ശേഷം പോകേണ്ട സ്ഥലം പറത്തു കൊടുത്തു. ഓഫീസ്. ഈ സമയത്ത് വീട്ടിൽ കയറിച്ചെന്നാൽ അമ്മയുടെ ഉറക്കം പോകും. അതു കൊണ്ട് ഓഫീസിലൊന്നു വിശ്രമിച്ച് രാവിലെ വീട്ടിൽ പോകാം എന്നു തീരുമാനിച്ചു.

ഒന്നാന്തരം കാർ. തട്ടും തടവുമില്ലാതെ കാർ വഴിത്താരയിലൂടെ മന്ദംമന്ദം സഞ്ചരിക്കുകയല്ല ഒഴുകുകയാണെന്നു തോന്നി. വിരസതയും ഉറക്കവും അകറ്റാൻ സരസനും സഹൃദയനുമായ ജോഫിൻ സംസാരത്തിന്‍റെ കെട്ടഴിച്ചു. രണ്ടു വർഷമായി അയാൾ ദത്തൻ സാറിന്‍റെ കൂടെയുണ്ട്. ബിരുദധാരിയാണ് ആത്യന്തിക ലക്ഷ്യം സിനിമ തന്നെ. മലയാളസിനിമാ മേഖലയെപ്പറ്റി വ്യക്തമായ വിലയിരുത്തലുകൾ ജോഫിനുണ്ട്.

സ്ഥിരം കണ്ടു മടുത്ത താരങ്ങളാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്നതാണ് ജോഫിന്‍റെ പക്ഷം. ഒരു പാട് കഴിവുള്ള ആളുകൾ ഒരവസരം ലഭിക്കാതെ പുറത്തുണ്ട്. അവർക്കൊക്കെ അവസരം ലഭിക്കുകയാണെങ്കിൽ മലയാള സിനിമയിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് അയാളുടെ അഭിപ്രായം. അതുപോലെത്തന്നെ സിനിമാക്കഥകളും. ഒരേ കഥ തന്നെ തിരിച്ചും മറിച്ചും സിനിമയാക്കി വിദേശസിനിമയിൽ നിന്നും ആശയം കടം കൊണ്ട് പ്രേക്ഷകരെ മടുപ്പിക്കുകയാണ് സിനിമാ സംവിധായകർ. നടപ്പു മലയാളസിനിമയിൽ മലയാളിത്തമുള്ള കഥയില്ല കഥാപരിസരമില്ല മണ്ണിന്‍റെ മണമുള്ള കഥാപാത്രങ്ങളില്ല ഒരു സിനിമയിൽ ക്ലാപ്പടിച്ചു നിൽക്കുന്നവനെ പിന്നെ കാണുന്നത് സംവിധായകനായിട്ടാണ്. ഒരു നല്ല നിർമ്മാതാവിന്‍റെ പിൻബലമുള്ള ആർക്കും സംവിധായകനാകാമെന്ന് ജോഫിൽ സമർത്ഥിച്ചു.

അയാൾ പറയുന്നതെല്ലാം അംഗീകരിച്ചു കൊണ്ട് ഞാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പറയുന്നതിനനുസരിച്ച് മൂളിക്കൊടുത്താൽ മാത്രം മതി. പറഞ്ഞു കൊണ്ടേ ഇരിക്കുന്നയാളാണ് ഭാവി മെഗാ താരമാകാൻ പോകുന്ന ജോഫിൻ എന്ന് വ്യക്തമായി. എന്‍റെ ശാരീരിക പ്രകൃതം കണ്ട് അഭിനയമോഹിയല്ല എന്നയാൾ ഉറപ്പിച്ചു. അയാളുടെ കണ്ടെത്തൽ ഞാനൊരു തിരക്കഥാകൃത്താണെന്നാണ്. എന്‍റെ അയഞ്ഞ ജുബയും പോക്കറ്റിലെ ഫൗണ്ടൻ പേനയും കൈയ്യിൽ കരുതിയിരുന്ന ഡയറിയും ആ വിശ്വാസത്തെ ബലപ്പെടുത്തി. ഞാനും ആ വിശ്വാസത്തെ ഹനിക്കാൻ പോയില്ല. ഒരു ദുരുഹമായ കഥയെക്കുറിച്ചുള്ള ചർച്ചയല്ലേ നടന്നത്! കഥകളുടെ കെട്ടഴിക്കുന്ന തിരക്കഥാകൃത്തായിത്തന്നെ എന്നെ വിലയിരുത്തുന്നതിൽ സന്തോഷമേ ഉള്ളൂ.

നിശ്ശബ്ദമായ രാത്രി. പകലിന്‍റെ തിരക്കെല്ലാം കെട്ടടങ്ങി ശാന്തമായിരിക്കുന്നു. എല്ലാം ശമിച്ചൊടുങ്ങുന്ന രാത്രി. പുതിയ തിരക്കുകളിലേക്ക് പ്രവേശിക്കുവാൻ എടുക്കുന്ന ഇടവേള. ഈ സമയത്തൊരു സഞ്ചാരം പഴയ ഓർമകളിൽ ഇല്ല. തീർത്തും വിജനമായ വഴിത്താരകൾ.

വഴിവിളക്കുകളുടെ നേർത്തുമഞ്ഞച്ച പ്രകാശം. അതിനു ചുറ്റും വട്ടമിട്ടു പറന്ന് ഒടുവിൽ ചിറകുകൾ കൊഴിഞ്ഞ് നിലം പറ്റുന്ന ഇയാംപാറ്റകൾ. ആ വഴിവിളക്കുകൾ ഒരു പ്രതീകമാണ്. പ്രശസ്തിയുടേയും പണക്കൊഴുപ്പിന്‍റെയും സിനിമയെന്ന വെള്ളി വെളിച്ചം കണ്ട് സർവ്വതും ത്യജിച്ച് ആ വെളിച്ചത്തിന്‍റെ പ്രഭ പറ്റാൻ വരുന്ന ഇയാംപാറ്റകൾ. എന്നിട്ട് ചിറകുകൾ കൊഴിഞ്ഞ് തുടർന്ന് പറക്കാൻ മാർഗ്ഗമില്ലാതെ വിളക്കു കാലിൽ വന്നടിയുന്ന ഈയാംപാറ്റകൾ. അതു കണ്ടിട്ടും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു പറ്റം പറ്റമായി ആർത്തു വരുന്ന പുതിയ ഈയാംപാറ്റക്കൂട്ടങ്ങൾ. ഇതൊക്കെയല്ലേ സിനിമയെന്ന മായികക്കാഴ്ചയുടെ പിന്നിലെ യഥാർത്ഥ്യങ്ങൾ?

“സാർ ഇതല്ലേ സാർ പറഞ്ഞ റസ്‌റ്റോറന്‍റ്? ഇതിനടുത്തല്ലേ ഓഫീസ്? ജോഫിന്‍റെ ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്നു.

“അതെ ഇവിടെത്തന്നെ. ഞാൻ ഇവിടെ ഇറങ്ങാം.”

കാറു റസ്റ്റോറന്‍റിന്‍റെ മുന്നിൽ ചെന്നു നിന്നു. ഞാനിറങ്ങി ജോഫിനോട് നന്ദി പറഞ്ഞ് പോകാനൊരുങ്ങുമ്പോൾ അയാൾ പുറകിൽ നിന്നും വിളിച്ചു”

“സാർ ഒരു കാര്യമുണ്ട്. ദത്തൻ സാർ പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്ന സംവിധായകനാണ്. പിന്നെ സാറു ശ്രദ്ധിച്ചിട്ടില്ലേ. നല്ല കഥകളൊന്നും ഇന്നത്തെ മലയാള സിനിമയിൽ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. പണ്ടൊക്കെ നല്ല ജീവിതഗന്ധിയായ കഥകളുണ്ടായിരുന്നു. അത്തരം കഥകളെഴുതുന്നവർക്കു വംശനാശം വന്നുപോയി.

ഇന്നത്തെ മെഗാതാരങ്ങളുടെ അടിത്തറയും അത്തരം പ്രമേയങ്ങളായിരുന്നു. അവരിന്നതു ബോധപൂർവം മറക്കുന്നു. ദത്തൻ സാർ കഴിവ് മാത്രം പരിഗണിക്കുന്ന ആളാണ്. നല്ല കഥക്കും തിരക്കഥക്കും ഇന്നത്തെ മലയാള സിനിമ ലോകത്ത് ആവശ്യക്കാരുണ്ട്. സാറിന്‍റെ കഥ സിനിമയാകുമെങ്കിൽ എന്നെ പരിഗണിക്കണം. ഞാൻ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കുകയൊന്നും ചെയ്യില്ല. എനിക്കു യോജിച്ച കഥാപാത്രങ്ങളുണ്ടെങ്കിൽ മാത്രം എനിക്കവസരം തരണം. ഞാൻ ഇടയ്ക്ക് താങ്കളെക്കുറിച്ച് ദത്തൻ സാറിനെ ഓർമ്മിപ്പിച്ചോളാം.”

അതും പറഞ്ഞ് അയാൾ ഒരു തുണ്ടുകടലാസിൽ ഫോൺ നമ്പർ നീട്ടി. ഞാനതു വാങ്ങി അയാൾ കാൺകെ ഫോണിൽ സേവു ചെയ്തു. തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ജോഫിൻ പറഞ്ഞു.

“സാർ പിന്നെയൊരു സന്തോഷമുണ്ട്. എനിക്ക് നല്ലൊരു വേഷം തരാമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ട്. ഉപനായകന്‍റെ വേഷം. ദത്തൻ സാറിന്‍റെ പടമല്ല വേറൊരു പടം. വെറും വാക്കല്ല. മുൻകൂർ തുക കിട്ടിക്കഴിഞ്ഞു.”

നിറഞ്ഞ ചിരിയോടെ ലോകം വെട്ടിപ്പിടിച്ചവനെപ്പോലെ നിൽക്കുന്ന ജോഫിന്‍റെ കൈ പിടിച്ചുകുലുക്കി അഭിനന്ദനങ്ങൾ അറിയിച്ചു. നന്ദി പറഞ്ഞയാൾ കാറിൽ കയറി പോകുന്നത് അല്പനേരം നോക്കി നിന്നു.

തല തിരിയുന്നുണ്ട്. ഒന്നു കിടന്നാൽ മതി. ഓഫീസു തുറന്ന് സോഫ ഒരു താത്കാലിക മെത്തയാക്കി കിടന്നു. അപ്പോഴാണ് അവിടെങ്ങും കേക്കിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം പ്രസരിച്ചത്. പതുപതുത്ത മാർദ്ദവമുള്ള കേക്കിന്‍റെ ഗന്ധം! കണ്ണുകൾ ഇറുക്കിയടച്ചു. ഇടക്കെപ്പോഴോ ഒരാംബുലൻസ്‌ സൈറൺ മുഴക്കി പോകുന്നതിന്‍റെ അപശബ്ദം ചെവിയിൽ തുളച്ചു കയറി. അതിന്‍റെ അലയൊലികൾ അകന്നകന്നു ശമിക്കുമ്പോഴേക്കും ഒരിളം കാറ്റുപോലെ നിദ്ര വന്നു തഴുകിത്തലോടിയിരുന്നു. ഉറക്കം. മരണം ദു:ഖകരമാണ്. താത്കാലികമായ മരണമാണ് ഉറക്കമെങ്കിലും അതെന്തൊരു അനുഗ്രഹമാണ്!

और कहानियां पढ़ने के लिए क्लिक करें...