എന്താണ് നിങ്ങളുടെ ജീവിതത്തിന്‍റെ ലക്ഷ്യം എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഉണ്ടാകും ഉറപ്പായും ഒരു പ്രത്യേക ലക്ഷ്യം. എങ്കിലും പൊതുവേ പറഞ്ഞാൽ നമ്മളേറ്റവും കൂടുതൽ ആഗ്രഹിക്കുന്ന 3 കാര്യങ്ങൾ ഇവയാണ്. സന്തോഷം, സമാധാനം, സ്വാതന്ത്യ്രം… അതേ! ഹാപ്പിനസ്സിലേക്കുള്ള ചില സഞ്ചാരവഴികളാണ് ചലച്ചിത്ര പ്രവർത്തകയും എഴുത്തുകാരിയുമായ അനു ചന്ദ്ര നമ്മളോട് പങ്കുവയ്ക്കുന്നത്.

കേൾക്കാം കുഞ്ഞ് വലിയ സന്തോഷങ്ങൾ!

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടക്കുന്ന പോലെയാണ് ചില സന്തോഷങ്ങൾ. അതിന്‍റെ വ്യാപ്തി തിരിച്ചറിയണമെങ്കിൽ ആഴത്തിലേറെ വേദനിക്കണം. അത്തരം വേദനകളിൽ നിന്നും സന്തോഷത്തിലേക്കുള്ള പടികയറ്റത്തിനു കുതിപ്പൽപ്പം കൂടും. എന്ന് വച്ചാൽ സന്തോഷത്തിലേക്കുള്ള കുതിപ്പ് ഒറ്റയടിക്കായിരിക്കും സംഭവിക്കുക. വിജയവും ആത്മസംതൃപ്തിയും അതിലുമപ്പുറമായിരിക്കുകയും ചെയ്യും. അത്തരം ചില സന്തോഷങ്ങളെ കുറിച്ചാണ് ഞാൻ എഴുതാനിഷ്ടപ്പെടുന്നത്. ഞാൻ കണ്ട ചുറ്റുപാടിലും, അടുത്തറിഞ്ഞ മനുഷ്യരിലുമുള്ള ചില ഉള്ളു തൊട്ട സന്തോഷങ്ങളുടെ കഥ. യഥാർത്ഥ പേര് വയ്ക്കാൻ പറ്റാത്ത ചില മനുഷ്യരുടെ ജീവിതം ഞാൻ പേരില്ലാത്ത ചില കഥകളായി പങ്ക് വയ്ക്കാം. പേരില്ലെങ്കിലും ആ കഥകൾക്കെല്ലാം സന്തോഷത്തിന്‍റെ മധുരം കൂടുതലായിരിക്കും എന്നെനിക്കുറപ്പുണ്ട്.

കഴിഞ്ഞ മാസമാണ് രമ്യ എന്നെ വിളിച്ചത്. ഹംപിയിലേക്ക് പോകാൻ തീരുമാനമെടുത്തിരുന്ന അവളുടെ സോളോ ട്രിപ്പ് മാറ്റി വച്ചെന്ന വാർത്ത തികഞ്ഞ വേദനയോടെയാണ് അവളെന്നോട് പറഞ്ഞത്.

ഞാൻ പറഞ്ഞു. ചെയ്യരുത് ആ യാത്ര മുടക്കരുത്.

കാമുകനിഷ്ടമില്ലാത്ത ആ യാത്ര അവന്‍റെ നിർദ്ദേശമനുസരിച്ച് മാറ്റി വയ്ക്കുന്നു എന്നവൾ പറഞ്ഞപ്പോൾ അതിലെ യുക്തിരാഹിത്യം ചിന്തിച്ചത് കൊണ്ടാണ് ഞാനവളോടങ്ങനെ പറഞ്ഞത്. കാരണം എനിക്കുറപ്പുണ്ട് നമ്മുടെ ഇഷ്ടങ്ങളെ കൂട്ടുപിടിക്കാൻ പറ്റുന്ന പങ്കാളിയോടൊപ്പം മാത്രമേ ജീവിതകാലം മുഴുവൻ യഥാർത്ഥ സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന്. ഇഷ്ടങ്ങളോടുള്ള ത്യാഗം ചെയ്യലാവരുത് ഒരിക്കലും ഒരു പ്രണയവും ഒരു സന്തോഷവും.

സ്വന്തം ഇഷ്ടങ്ങൾ പണയം വച്ച് ആത്മാഭിമാനം പണയം വച്ച് സന്തോഷം കണ്ടെത്താൻ ഇറങ്ങി തിരിച്ചാൽ എത്രകാലമതിന് സാധിക്കും. ആ സന്തോഷത്തിന്‍റെ പരിധി എത്രത്തോളം കുറവായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് രമ്യയോട് കാര്യം പറഞ്ഞു ബോധിപ്പിക്കാൻ ഞാൻ ശ്രമിച്ചു. അവൾക്കത് എത്രമാത്രം ഉൾക്കൊള്ളാൻ സാധിക്കുമെന്നെനിക്കുറപ്പില്ലായിരുന്നു. എന്നാൽ അവൾ എന്നെ അദ്ഭുതപ്പെടുത്തി. അവൾ ഹംപിയും ധനുഷ്കോടിയും പോണ്ടിച്ചേരിയെല്ലാം ഒറ്റയ്ക്ക് യാത്ര പോയി തിരിച്ചു വന്നു. തന്‍റെ ആഗ്രഹങ്ങളെ വിലക്കിയ കാമുകന്‍റെ മുഖത്ത് നോക്കി ഭംഗിയായി ഒന്ന് ചിരിക്കുകയും ചെയ്‌തു. ഒരു വേദനയിൽ നിന്ന് തുടങ്ങിയ യാത്രയായതു കൊണ്ടായിരിക്കാം യാത്രകളെ കുറിച്ചുള്ള അവളുടെ വിവരണം വളരെ ഹൃദ്യമായി എനിക്ക് അനുഭവപ്പെട്ടു. അത് കേട്ടപ്പോൾ ഞാൻ എന്‍റെ ഹോസ്റ്റൽ സഹവാസിയായിരുന്ന നുസ്രത്തിനെ ഓർത്തു. 17-ാം വയസ്സിലാണ് ഞാനാദ്യമായി നുസ്രത്തിനെ കാണുന്നത്. അന്നവൾക്ക് 16 വയസ്സ് പ്രായം. കാഴ്ചയിൽ സുന്ദരി, ഭർത്താവ് ഗൾഫിലാണ്.

ഈ നിസ്കാര പായ എവിടെയാ വിരിക്കുക?

എന്നും ചോദിച്ചു ചുരുട്ടി പിടിച്ച ഒരു നിസ്കാരപ്പായുമായിട്ടാണ് അവളാദ്യമായി ഹോസ്റ്റൽ മുറിയിലേക്ക് വരുന്നത്. പടച്ചോൻ കഴിഞ്ഞാൽ പിന്നെ അവളുടെ ദൈവം അവളുടെ ഭർത്താവാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലായി. പത്താം ക്ലാസ്സ് കഴിഞ്ഞു ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിക്കുന്നു. വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. ഉപ്പക്ക് ഗൾഫിൽ വച്ച് കാൻസർ വന്നതാണ്. മരിക്കുമെന്ന് ഉറപ്പായപ്പോൾ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒറ്റമകളെ ഓർത്തുള്ള ഉപ്പയുടെ വിഷമത്തിൽ പങ്കുചേർന്നു കൊണ്ടാണ് കൂടെ തൊഴിൽ ചെയ്തിരുന്ന നാസർ മകളെ വിവാഹം കഴിക്കാൻ തയ്യാറായത്. നയാ പൈസ സ്ത്രീധനം വാങ്ങാതെ അയാൾ അവളെ വിവാഹം കഴിച്ചു. മകളുടെ വിവാഹത്തോടെ ഉപ്പയും മരിച്ചു. കല്യാണ പുതുമോടിയും ഹണിമൂണും കഴിഞ്ഞ് ഗൾഫിൽ പോയ നാസർ ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിക്കാനാണ് അവളെ ഹോസ്റ്റലിൽ ചേർത്തത്. പക്ഷേ പെട്ടെന്നൊരു ദിവസം അയാളുടെ ഫോൺ വിളി നിലച്ചു. മാസാമാസം അവളുടെ പേരിൽ വന്നിരുന്ന പണം നിലച്ചു. സംഗതി അയാൾ കയ്യൊഴിയുകയാണെന്ന യാഥാർത്ഥ്യം അവളും മനസ്സിലാക്കി. നിങ്ങൾ പോയാൽ എനിക്ക് ആരും ഉണ്ടാകില്ല എന്നും പറഞ്ഞായിരുന്നു അവൾ കരഞ്ഞതത്രയും. ഷവറിന്‍റെ ചുവട്ടിൽ പോയി നിന്ന് തലവഴി ഒഴിഞ്ഞിറങ്ങുന്ന വെള്ളത്തിലൂടെ കണ്ണുനീർ കലർത്തി കരഞ്ഞ ആ പെൺകുട്ടിയെ ഞാൻ മറക്കില്ല. അതിനു ശേഷം അവളുടെ പഠനം നിന്നു. തുടർച്ചിലവിനായി അവൾ ജോലിക്ക് പോയി തുടങ്ങി. സ്വന്തം വീട്ടുകാരും കൈയൊഴിഞ്ഞു. ഭർത്താവ് ഒഴിവാക്കിയ വരുമാനമില്ലാത്ത ഒരു പെൺകുട്ടിയെ ആര് ഏറ്റെടുക്കാനാണ്? നിസ്കാര പായ വിരിക്കാനുള്ള ആ ഇടം ചോദിച്ച പെൺകുട്ടി വേദനകൾക്കിടയിൽ ഒടുവിൽ നിസ്കാരപ്പായ തുറക്കാൻ മറന്നു പോയി എന്നാണ് എന്‍റെ ഓർമ്മ.

പക്ഷേ അതിനുശേഷവും അവളിലേക്ക് മറ്റൊരു പ്രണയം കടന്നുവന്നു. അവളുടെ അവസ്‌ഥകൾ മനസ്സിലാക്കി അവൻ വിവാഹം കഴിച്ചു. ആരംഭശൂരത്വം കഴിഞ്ഞപ്പോൾ അവളോടുള്ള അവന്‍റെ സ്നേഹവും കുറഞ്ഞു. എട്ടു വർഷങ്ങൾക്ക് ശേഷം ഈ അടുത്ത കാലത്ത് ഞാനവളെ കണ്ടിരുന്നു. ഒരു വലിയ അദ്ഭുതം എന്താണെന്ന് വച്ചാൽ ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കാൻ പറ്റാതെ ജോലിക്ക് പോയി തുടങ്ങിയ ഒരു പെൺകുട്ടിയെയായിരുന്നു എട്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ കണ്ടിരുന്നത്. പക്ഷേ ജോലി ചെയ്ത്, സമയം കിട്ടുമ്പോഴെല്ലാം പഠിച്ച് അവളിന്ന് സ്വന്തമായി പിജി നേടിയിരിക്കുന്നു. അതിലും വലിയ അദ്ഭുതം അവളിന്ന് ഒരു പ്രൈവറ്റ് കോളേജിലെ അധ്യാപികയാണെന്നതാണ്. പക്ഷെ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് മറ്റൊന്നാണ്. അവൾ രണ്ടാമത്തെ ഭർത്താവിനെ സ്വമേധയാ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഡൈവോഴ്സ് കേസ് നടക്കുന്നു. അതിന് അവൾ മറുപടി പറയുന്നത് ഇങ്ങനെയാണ്.

ഫിനാൻഷ്യൽ ഇൻഡിപെൻഡൻസി വന്നു കഴിഞ്ഞാൽ ഒരാളുടെയും അവഗണനയെ സഹിച്ചു അവരുടെ കാൽചുവട്ടിൽ അധികകാലം നിൽക്കാൻ കഴിയില്ല.

സ്വന്തമായി വരുമാനം ഉള്ളതു കൊണ്ടായിരിക്കും ഇന്ന് അവൾ അവളുടെ വീട്ടിൽ അധികപ്പറ്റല്ല. രണ്ടാമത്തെ വിവാഹത്തിൽ അവർക്ക് ജനിച്ച കുഞ്ഞും ആ വീട്ടിൽ അധികപ്പറ്റല്ല. സന്തോഷങ്ങൾക്കായി അവൾ യാത്രകൾ ചെയ്യുന്നു, ഇഷ്ടപ്പെട്ട ഉടുപ്പുകൾ വാങ്ങുന്നു, ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങുന്നു. കാരണം അവളിന്ന് ഫിനാൻഷ്യലി ഇൻഡിപെൻഡ് ആണ്. അവളുടെ സന്തോഷത്തിന്‍റെ താക്കോൽ അവളുടെ കൈകളിൽ തന്നെയാണ്. അത് മറ്റൊരാളിലല്ല എന്ന് അവൾക്കുമറിയാം.

അവളുടെ സന്തോഷത്തിന്‍റെ താക്കോൽ അങ്ങനെയാണെങ്കിൽ, എന്‍റെ ചേച്ചിയെ കുറിച്ച് ഞാൻ ചിന്തിക്കുന്നത് മറ്റൊരു തരത്തിലാണ്. അവളൊരു നഴ്സാണ്. 8, 9 വർഷമായി രോഗികളെ കണ്ടു അവരുടെ കരച്ചിലുകളും വേദനകളും കണ്ടു അവരിൽ ഒരാളായി പോയ ദൈവത്തിന്‍റെ സ്വന്തം മാലാഖ. ജോലി കൊടുക്കുന്ന സ്ട്രെസ്സും, രോഗികളുടെ വേദനകൾ സ്വയം ഏറ്റെടുക്കുന്ന തൊഴിലും കാരണം വീർപ്പുമുട്ടുന്ന അവസ്‌ഥയാണ് പലപ്പോഴും. അതിനിടയിൽ അവൾ അവളുടെ സന്തോഷം കണ്ടെത്തുന്നത് ഇൻസ്റ്റഗ്രാം റീൽസ് വഴിയാണ്. നിരന്തരം റീൽസുകൾ ചെയ്യുന്നു. അഭിനയിക്കുന്നു. സ്വന്തം കഴിവുകളെ ആളുകൾ അംഗീകരിക്കുമ്പോൾ അതിൽ നിന്നും സന്തോഷം കണ്ടെത്തുന്നു. പക്ഷേ സന്തോഷങ്ങളുടെ കഥകൾ സ്ത്രീകൾക്ക് മാത്രമുള്ളതല്ലല്ലോ. ഇത്തരത്തിൽ തങ്ങളെ അംഗീകരിക്കുന്നയിടത്ത് ആനന്ദം കണ്ടെത്തുന്ന പുരുഷന്മാരും നിരവധിയാണ്.

എന്നാൽ ഗോകുൽ എന്ന എന്‍റെ സുഹൃത്തിനാണെങ്കിൽ ജീവിതത്തിൽ ഒന്നിനോടും താല്പര്യമില്ല. എപ്പോഴും തനിച്ചിരിക്കുന്ന പ്രകൃതമാണ്. വിഷാദമെന്നാണ് പറയുന്നത്. കുറെ യാത്ര പോകാൻ നിർബന്ധിച്ചു. സിനിമകൾ കാണാൻ നിർബന്ധിച്ചു. വായിക്കാനും എഴുതാനും ആൾക്കൂട്ടത്തിലേക്ക് ഇറങ്ങാനും വരെ നിർബന്ധിച്ചു നോക്കി. പക്ഷേ അവനതിനൊന്നും കഴിയുന്നില്ല. അങ്ങനെയാണ് ഞാനവനെ എന്‍റെ അടുത്ത പരിചയത്തിലുള്ള ഒരു സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. ചില വിഷാദങ്ങൾക്കും ചില വിഷമങ്ങൾക്കും കൃത്യമായ കാരണം കണ്ടെത്തി കഴിഞ്ഞാൽ മാറ്റമുണ്ടാകും. അവന്‍റെ വിഷാദം ഇല്ലാതാകുവാനും സന്തോഷത്തിലേക്ക് എത്തിച്ചേരാനും അവന് ചികിത്സ ആവശ്യമായിരുന്നു. ജീവിതത്തിലെ പഴയകാല പ്രശ്നങ്ങളിൽ നിന്നും പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ് ഡിസോഡറായിരുന്നു അവന് പിടിപെട്ടത്. ഗോകുലിന്‍റെ അവസ്‌ഥ ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരിക എന്നെ തന്നെയാണ്.

ഏതാണ്ട് മൂന്ന് വർഷത്തോളം കാലം ഞാൻ കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്നു. ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ചെയ്യുന്ന ഒരു പ്രവർത്തിയിലും സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല. എന്തിനുവേണ്ടി ജീവിക്കുന്നു, ആർക്കുവേണ്ടി ജീവിക്കുന്നു എന്ന് പോലും ഉറപ്പില്ല. ജനിച്ചു പോയതു കൊണ്ട് എങ്ങനെയെങ്കിലും ജീവിച്ചു തീർത്തു മരിക്കുക എന്നുള്ളത് മാത്രമായി ലക്ഷ്യം. എന്നിട്ടും ഒരു ദിവസം എനിക്ക് വീടുവിട്ടിറങ്ങേണ്ടി വന്നു. ആരും ഇറക്കി വിട്ടതല്ല. എന്‍റെ മനോനില അത്രയേറെ തകരാറിലായി കഴിഞ്ഞിരുന്നു. മരിക്കണമെന്നുണ്ട്. പക്ഷേ അതിനുള്ള ധൈര്യമില്ല. എന്നാൽ പിന്നെ നാടുവിടാമെന്നായി ചിന്ത. എന്നെ അറിയാത്ത, എന്നെ ആരും തിരിച്ചറിയാത്ത ഏതെങ്കിലും നാട്ടിൽ പോയി ഒളിച്ചു ജീവിക്കുക. പദ്ധതി മനസ്സിൽ തയ്യാറാക്കി പെരുമ്പാവൂർ ബസ് സ്റ്റാൻഡിലിരിക്കുമ്പോൾ ഞാൻ നിർത്താതെ പൊട്ടിക്കരഞ്ഞു. എന്‍റെ സന്തോഷങ്ങൾ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനി തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പില്ല. ആ ഇരിപ്പിലാണ് അടുത്ത സുഹൃത്ത് വിളിക്കുന്നത്. ഞാൻ നാട് വിടുന്നു എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു നിനക്ക് ആവശ്യം ഒരു ചികിത്സയാണെന്ന്. അവൻ നിർദ്ദേശിച്ച മനഃശാസ്ത്രജ്ഞനെ ഞാൻ സമീപിച്ചു. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സൗബിൻ സാഹിർ ചെയ്ത കഥാപാത്രം മനഃശാസ്ത്രജ്ഞന്‍റെ മുമ്പിൽ മനസ്സ് തുറക്കുന്നത് പോലെയായിരുന്നു ഞാനുമപ്പോൾ.

നമ്മളിൽ എന്താണ് സംഭവിക്കുന്നത്, നമ്മളുടെ സന്തോഷങ്ങൾ എവിടെയാണ് നഷ്ടപ്പെടുന്നത്, അവ എങ്ങനെ തിരിച്ചു പിടിക്കാം തുടങ്ങി കളഞ്ഞു പോയ സന്തോഷത്തിന്‍റെ താക്കോൽ കണ്ടെത്തി തരാൻ വരെ ഒരു മനഃശാസ്ത്രജ്ഞന് വളരെ എളുപ്പമാണ്. അദ്ദേഹം പറഞ്ഞു, ഇഷ്ടമുള്ളത് എന്താണോ അതു ചെയ്യുവാൻ. ആ വാക്കുകൾ ഞാൻ ഏറ്റെടുത്തു. ഞാൻ എന്‍റെ ഇഷ്ടങ്ങൾ കണ്ടെത്തി. വായിച്ചും എഴുതിയും യാത്രകൾ ചെയ്‌തുമാണ് ഞാനിപ്പോൾ ഞാനാകുന്നത്. എന്‍റെ സന്തോഷത്തിലേക്ക് ഇറങ്ങി തിരിച്ചപ്പോൾ എനിക്ക് മുമ്പിലുള്ള അവസരങ്ങൾ പോലും വിശാലമാണ്.

ഞങ്ങളുടെ നാട്ടിലെ ദിവ്യ ചേച്ചിയുടെ ഭർത്താവ് ഒരു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പെട്ടെന്നുള്ള ഭർത്താവിന്‍റെ വിയോഗത്തിൽ തനിച്ചായത് ചേച്ചി മാത്രമല്ല, അവരുടെ രണ്ട് മക്കൾ കൂടിയായിരുന്നു. ഭർത്താവിന്‍റെ ഓർമ്മകൾ നിലനിർത്തുവാനാണോ എന്നറിയില്ല, ചേച്ചി മക്കളെ നോക്കുവാനായി തെങ്ങുകയറ്റം തന്നെ തൊഴിലായി ഏറ്റെടുത്തു. ഭർത്താവിന്‍റെ വിയോഗം സൃഷ്ടിച്ച വലിയൊരു വേദനയിൽ നിന്നാണ് അവർ അത്തരത്തിൽ ഒരു തീരുമാനത്തിലെത്തുന്നത്. അത് സ്ത്രീകൾ ചെയ്യുന്ന തൊഴിലല്ല എന്ന പേരിൽ പലരും ചേച്ചിയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. ആത്യന്തികമായി ദിവ്യ ചേച്ചി അവർക്കിഷ്ടപ്പെട്ട തൊഴിൽ ചെയ്യുന്നു എന്നതാണ് വാസ്തവം. തെങ്ങുകയറ്റ യന്ത്രവുമായി അവർ വീടുകൾ തോറും കയറി വരുമാനം കണ്ടെത്തുന്നു. ഭർത്താവിന്‍റെ ഓർമ്മകളെ തന്നിലൂടെ നിലനിർത്താൻ ശ്രമിക്കുന്നു. ഇത് സ്ത്രീകൾക്ക് സാധ്യമല്ല എന്ന് പറയുന്ന ഒരു തൊഴിലാണ് അവർ അവരുടെ സന്തോഷങ്ങൾക്കായി ഏറ്റെടുത്ത് ചെയ്തു സ്വയം മറ്റുള്ളവർക്ക് മുമ്പിൽ മാതൃകയായി മാറുന്നത്.

ഞാൻ ചിന്തിക്കാറുണ്ട് വീടുകളിൽ അടഞ്ഞു കൂടുന്ന സ്ത്രീകൾ എത്രയേറെ സന്തോഷത്തോടെയാണ് ചിലപ്പോഴൊക്കെ തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായി മാറാറുള്ളതെന്ന്. വീടുകൾക്കുള്ളിൽ ചാക്രികമായി പോകുന്ന ജീവിതവും ഒരു കഷ്ടതയാണ്. അവരെ സംബന്ധിച്ചിടത്തോളം അതും ഒരു വേദനയാണ്. അത്തരം സ്ത്രീകൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ അക്കൗണ്ടിൽ വന്നെത്തുന്ന പണം പോലും നൽകുന്ന ആശ്വാസവും പ്രതീക്ഷയും അതിലുപരി സന്തോഷവും എത്രമാത്രം വലുതായിരിക്കും. പ്രതീക്ഷകൾ കെട്ട് പോകുന്ന നേരത്ത് ആയിരിക്കും ഇത്തരത്തിൽ ചില സന്തോഷങ്ങൾ അവരിൽ വന്നു കയറുന്നത്. ചിലപ്പോഴൊക്കെയും സാമ്പത്തികവും സന്തോഷം നൽകുന്നു. സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ള അവസരങ്ങളിലൂടെയാണ് അവനവനിലേക്ക് കൂടുതൽ കടന്നു ചെല്ലാൻ പറ്റുക.

ഇത്തരത്തിൽ ഓരോ മനുഷ്യർക്കും ഓരോ കഥകളുണ്ട്. ചുറ്റും നടക്കുന്ന പറഞ്ഞാലും എണ്ണിയാലും തീരാത്ത അത്രയും കഥകൾ. ഓരോ കഥയിലെയും കഥാപാത്രങ്ങളുടെ സന്തോഷത്തിന്‍റെ താക്കോൽ അവരുടെ കൈയിലാണെന്ന് മാത്രം. അതിനകത്തുള്ള സന്തോഷം എന്നു പറയുന്നത് അവർ എങ്ങനെ ജീവിതത്തെ നോക്കി കാണുന്നു എന്നതാണ്. സന്തോഷമെന്നാൽ എപ്പോഴുമുള്ള കളിയും ചിരിയുമെന്നല്ല അർത്ഥം. സമാധാനവും സംതൃപ്തിയും സുഖവികാരങ്ങളുടെ സമൃദ്ധമായ അനുഭവപ്പെടലുമാണ്. ചുരുക്കിപ്പറഞ്ഞ അവനവനിലെ ആഴത്തിലുള്ള അനുഭവമാണ് സന്തോഷം. ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് കടക്കുന്നതു പോലെ!!

और कहानियां पढ़ने के लिए क्लिक करें...