തൃശൂരിലെ സെന്‍റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയാണ് ബ്രാ മാതൃകയിലുള്ള ഉപകരണം കണ്ടെത്തിയത്. മലബാർ കാൻസർ സെന്‍ററാണ് ഈ പ്രോജക്ടിൽ സീ- മാറ്റിന്‍റെ മെഡിക്കൽ പാർട്ണർ. സീ- മാറ്റിലെ ശാസ്ത്രഞ്ജ ഡോ. എ. സീമയുടെ നേതൃത്വത്തിലുള്ള സയന്‍റിഫിക് ടീമാണ് ഉപകരണത്തിന്‍റെ പിറവിക്കു പിന്നിലെ ബുദ്ധി കേന്ദ്രം. ഈ കണ്ടുപിടുത്തതിന് ഡോ. സീമയ്ക്ക് നാരി ശക്തി പുരസ്കാരവും ലഭിച്ചു.

സവിശേഷതകൾ

  • ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഉപയോഗിക്കാം.
  • റേഡിയേഷൻ പ്രശ്നങ്ങൾ ഇല്ല.
  • മാമോഗ്രാം ചെയ്യുമ്പോൾ ഉള്ള വേദനയില്ല.
  • സ്വകാര്യത ഉറപ്പാക്കാം. ഈ ഡിവൈസിനു മുകളിൽ വസ്ത്രം ധരിക്കാം.
  • മാമോഗ്രാം പരിശോധനയെക്കാൾ വളരെ കുറഞ്ഞ ചെലവ്.
  • രോഗസാധ്യത ഉള്ളവർക്ക് തുടർ പരിശോധനയും ചികിത്സയും അതിവേഗം ലഭ്യമാക്കാം.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ഭയപ്പെടുത്തുന്ന രോഗമാണ് സ്തനാർബുദം. ഇന്ത്യയിൽ ലക്ഷത്തിൽ നൂറുപേർക്ക് കാൻസർ കണ്ടെത്തുന്നു എന്നാണ് ഐസിഎംആർന്‍റെ റിപ്പോർട്ട്. 2021 ൽ 182000 പുതിയ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2030 ഓടെ ഈ കണക്ക് 250000 ആയി ഉയർന്നേക്കാം. കേരളത്തിലും സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസർ സ്തനാർബുദം തന്നെയാണ്.

വളരെ നേരത്തെ കണ്ടുപിടിച്ചാൽ ഭൂരിപക്ഷം ആൾക്കാരിലും ചെറിയ ചികിത്സകൾ കൊണ്ട് പരിപൂർണ്ണമായി രോഗം ഭേദപ്പെടുത്തുവാനും സാധിക്കും. പക്ഷേ, നല്ലൊരു ശതമാനം ആൾക്കാർ നമ്മുടെ കേരളത്തിൽ പോലും, മൂന്നോ നാലോ സ്റ്റേജിൽ ആയിരിക്കും ചികിത്സയ്ക്ക് എത്തുക. അപ്പോൾ, ചികിത്സാ ചെലവ് കൂടുക മാത്രമല്ല, രോഗശമന നിരക്ക് വളരെ കുറയുകയും ചെയ്യും. അതിനാൽ ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളിലും ആഫ്രിക്കയെ പോലെയുള്ള അവികസിത രാജ്യങ്ങളിലും ലക്ഷക്കണക്കിന് സ്ത്രീകളെ ബ്രസ്റ്റ് കാൻസറിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്, ഒരേയൊരു മാർഗ്ഗം നേരത്തെയുള്ള രോഗനിർണ്ണയവും കൃത്യമായ ചികിത്സയും തന്നെയാണ്. വിവിധതരത്തിലുള്ള മാമോഗ്രാഫി ആണ് ബ്രെസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുവാൻ പൊതുവേ നാം ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഈ സെന്‍ററുകളിൽ ഭൂരിപക്ഷവും നഗരങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. അതിനാൽ, സാധാരണ ജനങ്ങൾക്ക് നേരത്തെയുള്ള ബ്രെസ്റ്റ് കാൻസർ രോഗനിർണയം പൊതുവേ അപ്രാപ്യമാണ്. ഇന്ത്യയിലെ കോടി കണക്കിനുള്ള ഗ്രാമീണരുടെയും ഗിരിവർഗ്ഗക്കാരുടെയും അവസ്‌ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പൊതുവെ, 50 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് കാൻസർ സാധ്യത കൂടുതൽ കണ്ടുവരുന്നത്. കേരളത്തിൽ 35 വയസ്സിനു മുകളിലും ഈ രോഗം കണ്ടുവരുന്നുണ്ട്. ഇതിന്‍റെ കാരണം വ്യക്‌തമല്ല. ഒരു പക്ഷെ സാധാരണയായി ഈ പ്രായത്തിലുള്ള സ്ത്രീകൾ കാൻസർ സ്ക്രീനിങ്ങിന് വിധേയരാകാത്തതാകാം കാരണം. അതിനാൽ 30- 40 ഇടയിൽ സ്തനാർബുദം കണ്ടുപിടിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടു പോകുന്നു. ഈ അവസരത്തിൽ, മലബാർ കാൻസർ സെന്‍റർ, സീ- മാറ്റിന്‍റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത “സ്പോർട്സ് ബ്രാ”, ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്ന കാര്യത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നുള്ളതിൽ സംശയമില്ല.

സാധാരണ കോശങ്ങളെ അപേക്ഷിച്ച് കാൻസർ കോശങ്ങളിൽ രാസ-ജൈവ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നുണ്ട്. ഇതിൽ നിന്നും ഉണ്ടാവുന്ന താപ ഊർജ്ജത്തെ ബ്രായിലുള്ള സെൻസേഴ്സ് കണ്ടുപിടിക്കുന്നു. അവയെ സോഫ്റ്റ്വെയർ മുഖേന അപഗ്രഥിച്ച് സ്തനത്തിൽ ഉള്ള മുഴകളെ, വളരെ നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അങ്ങനെ കണ്ടെത്തുന്ന മാറ്റങ്ങളെ, കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും രോഗനിർണയത്തിന് ആവശ്യമായ മറ്റ് ശാസ്ത്രീയമായ പരിശോധനകൾ ചെയ്യുന്നതിനും സാധിക്കും. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ മാമോഗ്രാം, എംആർഐ, ബയോപ്സി എന്നി തുടർ പരിശോധനകൾ വേണമെങ്കിൽ നടത്താവുന്നതാണ്.

ഈ ബ്രായുടെ പ്രത്യേകതകൾ എന്താണെന്ന് നോക്കാം. ഏത് ആരോഗ്യപ്രവർത്തകർക്കും, കൂടാതെ സ്ത്രീകൾക്ക് തന്നെയും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. വ്യക്‌തികളുടെ വീട്ടിൽ തന്നെ ഇത് പരിശോധനയ്ക്ക് ഉപയോഗിക്കാം. 15 തൊട്ട് 30 മിനിറ്റ് വരെ ഈ ബ്രാ സ്ത്രീ ധരിച്ചാൽ മതിയാവും. പീരിയഡ്സ് കഴിഞ്ഞിട്ടുള്ള ഒരാഴ്ചയ്ക്കകത്താണ് പരിശോധനയ്ക്ക് വിധേയമാകേണ്ടത്. പനിയോ സ്തനത്തിൽ നീർവീഴ്ചയൊ ഉള്ളപ്പോൾ ടെസ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഈ ഉപകരണത്തിൽ റേഡിയേഷൻ ഉപയോഗിക്കുന്നില്ലാത്തതു കൊണ്ട് പ്രായം കുറഞ്ഞ സ്ത്രീകളിൽ (40 വയസിൽ താഴെയുള്ളവർ) ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുന്നതിന് ഒട്ടും ഭയക്കേണ്ട ആവശ്യമില്ല. സ്വകാര്യതയുടെ കാര്യത്തിലും വിഷമിക്കേണ്ട. വളരെ ലളിതമായ ഈ സ്പോട്സ് ബ്രായ്ക്കു വിലയും വളരെ കുറവാണ്.

മലബാർ കാൻസർ സെന്‍ററിന് “US Patent” കിട്ടിയത് നമുക്ക് വളരെ അഭിമാനിക്കാവുന്ന കാര്യമാണ്. വാണിജ്യ അടിസ്‌ഥാനത്തിൽ ഉത്പാദിപ്പിക്കാൻ പോകുന്നത് ഇന്ത്യാ- ജപ്പാൻ സംയുക്ത സംരംഭമായ മുറാട്ട മെഷീനറിയാണ്. ഈ വർഷം ഇത് വിപണിയിൽ എത്തുമെന്ന് എംസിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ആഗോളതലത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളെ ബ്രെസ്റ്റ് കാൻസറിൽ നിന്നും രക്ഷിക്കുന്നതിന് ഈ സ്പോട്സ് ബ്രാക്കു കഴിയും.

और कहानियां पढ़ने के लिए क्लिक करें...