ഫോണിൽ കിളിനാദം. ഒരു ചന്ദ്രനാണ്. തുണിക്കടയിൽ മാനേജരായി ജോലിക്കു പോകുന്ന ഭാര്യയെ സംശയം. കാമുകനുണ്ടെന്ന്. അക്കാര്യത്തിൽ അയാൾക്ക് വിശ്വസനീയമായ സ്ഥിരീകരണം വേണം. അതിനു ശേഷം അയാൾക്കു ചില കാര്യങ്ങൾ നടപ്പിലാക്കാനുണ്ടെത്ര! തത്ക്കാലം ഇപ്പോൾ എന്‍റെ ഉറക്കം കെടുത്തുന്ന പ്രശ്നത്തിനൊരു പോംവഴി ലഭിക്കട്ടെ. എന്നിട്ടേ മറ്റു കേസുകൾ ഏറ്റെടുക്കുന്നുള്ളൂ. അതുകൊണ്ട് ചന്ദ്രന്‍റെ കേസ് പിന്നീട്. അതിനിടക്ക് അയാൾക്ക് തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കാൻ സർവ്വേശ്വരൻ ക്ഷമ നല്കട്ടെ.
മാഡത്തെ വിളിച്ച് ഡോക്ടറെ ഒന്നു കണ്ട് സംസാരിക്കാൻ കഴിയുമോ എന്നാരാഞ്ഞു. അഞ്ചു മിനിറ്റിനകം വിവരം പറയാമെന്ന് അവർ അറിയിച്ചു. തുടർന്ന് ഇന്ന് ഏഴര മണിക്ക് ഡോക്ടറെ കണ്ടു സംസാരിക്കാനായി അനുവാദം നല്കി. അദ്ദേഹത്തിന്‍റെ ക്ലിനിക്കിന്‍റെ ലൊക്കേഷനും പെട്ടന്നു തന്നെ സന്ദേശമായിക്കിട്ടി. എട്ടു കിലോ മീറ്റർ ദൂരമുണ്ട്. വെറുതെ ബീച്ച് റോഡിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ടെന്ന് പരിശോധിച്ചു. അവിടുന്ന് അഞ്ചര കിലോമീറ്റർ ദൂരമുണ്ട്. കേക്കു വണ്ടി തയ്യാറാണ്.
ഡോക്ടറെ കാണാൻ ഇനിയും സമയം ഉണ്ട്. ആ സമയം എന്തെങ്കിലും കഴിക്കാനായി വിനിയോഗിക്കാമെന്നു തീരുമാനിച്ചു. ഡച്ച് വിഭവങ്ങൾ ലഭിക്കുന്ന കഫേയിൽ ഇന്നത്തെ സ്പെഷ്യൽ വിഭവം എന്തായിരിക്കുമെന്ന് നിനച്ചു റോഡ് മുറിച്ചു കടക്കവേ എന്നെ കാത്തുനിന്നെന്നവണ്ണം ഒരു കറുത്ത ബൈക്ക് മുന്നോട്ടു വന്നു. ആറാമിന്ദ്രിയം പ്രവർത്തിച്ചു എന്ന് പറയുന്നതാവും ശരി. ഒരു നിമിഷം പിറകിലേക്ക് വെട്ടിതിരിഞ്ഞു. അമ്പെയ്തു വിട്ട മട്ടിൽ ആ വലിയ വണ്ടി പാഞ്ഞു പോയി. ആ തിരിച്ചിലിൽ കാലൊന്ന് ഇടറി. റോഡിൽ ഒന്നിരുന്നു പോയി. എങ്കിലും പെട്ടെന്നു തന്നെ എഴുന്നേറ്റു നിൽക്കാനായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ബൈക്കിന്‍റെ നമ്പർ നോട്ടു ചെയ്യാൻ കൂടി കഴിഞ്ഞില്ല. ഏതായാലും ഇതപകടമാണ്.
ഈ കേസ് ഏറ്റെടുത്തതിൽ പിന്നെ രണ്ടാമത്തെ അനുഭവമാണ്. ഈ കേസുമായി ബന്ധമുണ്ടോ എന്നത് നിശ്ചയിക്കാനായില്ല. ഏറെ സാധ്യത കാമുകിയുമായി ബന്ധപ്പെട്ട വിഷയമായിരിക്കും. ആ പ്രണയിനിയെ ഞാൻ രക്ഷിച്ചെടുത്തത് ഒരു ക്വട്ടേഷൻ തൊഴിലുകാരനിൽ നിന്നാണ്. അവന്‍റെ തൊഴിലിതാണെന്ന് ഞാൻ അവൾക്ക് കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുത്തു.
അപകടം മനസ്സിലാക്കിയ അവൾ പതുക്കെ അവനെ ഒഴിവാക്കാൻ തുടങ്ങിക്കാണണം. ഒഴിവാക്കാൻ കഴിയാത്ത ഒരവസ്ഥയിൽ അവൾ വഴിയോ അല്ലെങ്കിൽ എങ്ങിനെയോ ഞാനാണ് ഈ വിവരം തന്നതെന്ന് അവൻ അറിഞ്ഞിരിക്കാം. അവന് തന്നോടുള്ള പകയാണ് ഈ കാണുന്നത്. സ്ത്രീകളെ പഴി പറഞ്ഞിട്ട് പ്രയോജനമില്ല. ഇത്തരം പരിപാടികളുടെ കൂമ്പൊടിക്കാൻ പോലീസിനെത്തന്നെ സമീപിക്കേണ്ടി വരും.
സമയം കളയാതെ ഓഫീസിൽ ചെന്ന് വിശദമായ ഒരു പരാതി എഴുതിത്തയ്യാറാക്കി. രണ്ടു കോപ്പിയെടുത്ത് കേക്കു വണ്ടിയിൽ യാത്ര ചെയ്ത് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ക്വട്ടേഷൻ പയ്യനെ ഒന്നു ചെറുതായി കൈകാര്യം ചെയ്താൽ പിന്നെയവൻ ഒതുങ്ങിക്കോളും.
പ്രതീക്ഷിച്ചതിലും വളരെ പ്രായമുള്ള ഡോക്ടർ സാമുവേൽ. മേഘം പോലെ വെളുത്ത സമൃദ്ധമായ തലമുടി. തികഞ്ഞ സാത്വിക മുഖം. ജീവിതാനുഭവങ്ങൾ ഏറെ ഉള്ള ഒരാളെന്ന് തോന്നും. ക്ലിനിക്കിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. എങ്കിലും ഞാൻ വന്ന വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ അപ്പോൾ നോക്കിക്കൊണ്ടിരുന്ന രോഗിക്കു ശേഷം വന്നു കൊള്ളാൻ അറിയിച്ചു. ഇദ്ദേഹത്തെപ്പറ്റി പണ്ടെങ്ങോ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിശോധനക്കായി വന്നിട്ടില്ല. സാധാരണ പ്രായമായ ആളുകളാണ് ഇദ്ദേഹത്തെ തേടി വരാറുള്ളത്.
അടുത്തിരുന്ന ആളോട് ഡോക്ടറെക്കുറിച്ചുള്ള അഭിപ്രായവും ഡോക്ടർ ഫീ എങ്ങനെയെന്നും ചോദിച്ചു. വളരെ കുറഞ്ഞ ഫീസിൽ മികച്ച സേവനം നല്കുന്ന വ്യക്തിയെന്നാണ് അയാൾ പറഞ്ഞത്. തെല്ലിട കഴിഞ്ഞ് ഡോക്ടർ വിളിക്കുന്നതായി ഒരു സ്ത്രീ വന്നറിയിച്ചു. നേരത്തെ വാതിൽപ്പാളിയിലൂടെ അദ്ദേഹത്തെ ഒരു നോക്ക് കണ്ടിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വിസിറ്റർ ചെയറിൽ ഇരുന്നു. സ്വയം പരിചയപ്പെടുത്തി. ഒപ്പം മാഡത്തെക്കുറിച്ചും സൂചിപ്പിച്ചു. അവരോടുള്ള ആദരവും സ്നേഹവും അയാളുടെ മുഖത്ത് പ്രകടമായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ വിലപ്പെട്ട സമയം കളയാൻ നിന്നില്ല. നേരെ വിഷയത്തിലേക്ക് കടന്നു.
“ഡോക്ടർ ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. താങ്കളുടെ ഏറെ സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ നേരെ വിഷയത്തിലേക്ക് കടക്കുകയാണ്. എലവത്തിങ്കൽ തറവാട്ടിലെ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ മരണത്തെക്കുറിച്ച് അല്പം വിശദമായി അറിയാൻ ആഗ്രഹമുണ്ട്. മരണം സ്ഥിരീകരിച്ചത് താങ്കളാണെന്ന് മാഡം പറഞ്ഞിരുന്നു.”
ഞാൻ ഒന്നു നിർത്തി ഡോക്ടറുടെ പ്രതികരണത്തിനായി തെല്ലിട കാത്തു.
ഡോക്ടർ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ അഗാധമായ കണ്ണുകൾ എന്‍റെ മുഖം വായിക്കുകയാണെന്നു എനിക്ക് മനസിലായി. തുടർന്ന് ഡോക്ടർ അല്പനേരം ചിന്തയിലാണ്ടു. എന്നിട്ട് പറഞ്ഞു തുടങ്ങി.
“മി. സാം. എന്‍റെ സമയനഷ്ടത്തെക്കുറിച്ച് വേവലാതി വേണ്ട. മാഗി എന്നെ വിളിച്ചിരുന്നു. അവരുടെ സംശയങ്ങൾ ദുരീകരിക്കാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് എന്‍റെ പൂർണ്ണമായ പിന്തുണയും സഹകരണവും ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ എനിക്കറിയാവുന്ന വസ്തുതകൾ ഞാൻ വിശദമായിത്തന്നെ പറയാം.”
“എലവുത്തിങ്കൽ ഫാമിലിയുമായി എനിക്ക് ചെറുപ്രായം തൊട്ടേ അടുപ്പമുണ്ട്. ജോണിന്‍റെ അപ്പൻ എലവുത്തിങ്കൽ ലൂയിസ് കോശിയും ഞാനും ഒരുമിച്ച് പഠിച്ചവരായിരുന്നു. പഠനശേഷം ലൂയീസ് പാരമ്പര്യമായി ചെയ്തു കൊണ്ടിരുന്ന ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു. ബിസിനസ്സുകാരനായ അദ്ദേഹം പള്ളിക്കും, അനാഥാലയങ്ങൾക്കും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൈയയച്ച് സഹായം ചെയ്തിരുന്നു.
എനിക്കും ഒരിക്കലും മറക്കാനാവാത്ത കടപ്പാടുകൾ അദ്ദേഹത്തോടുണ്ട്. ഞങ്ങളുടെ കുടുംബം വലിയ സാമ്പത്തിക ശേഷി ഉള്ളവരായിരുന്നില്ല. അപ്പോൾത്തന്നെ താങ്കൾക്ക് ഊഹിക്കാമല്ലോ കടപ്പാടുകൾ എന്തുകൊണ്ടാണെന്ന്? ഞാൻ വന്നവഴി മറക്കുന്നവനല്ല. ഞാൻ ഒരു ഡോക്ടറായി ഇവിടെ ഇരിക്കുന്നതിന്‍റെ കാരണവും കാരുണ്യവാനായ അദ്ദേഹത്തിന്‍റെ സഹായം ഒന്നുകൊണ്ടു മാത്രമാണെന്ന് ഞാൻ അഭിമാനത്തോടെത്തന്നെയാണ് പറയുന്നത്. ലൂയീസിന്‍റെ അമ്മ! ഇത്രയേറെ ദയാലുവായ സ്ത്രീയെ ഞാനിന്നുവരെ കണ്ടിട്ടില്ല. ലൂയീസിനൊപ്പം ഒരു മകനായിത്തന്നെയായിരുന്നു എന്നെയും അവർ കണ്ടിരുന്നത്. ആ വീട്ടിൽത്തന്നെയായിരുന്നു ഞാൻ എപ്പോഴും.”
ഡോക്ടറുടെ മുഖം കണ്ടപ്പോൾ ആ പഴയകാല ഓർമ്മകൾ അനുഭവിക്കുന്നതു പോലെ തോന്നി. തെല്ലിട കഴിഞ്ഞു അദ്ദേഹം തുടർന്നു.
“പണ്ട് ചെറിയ കുട്ടികളായിരുന്നപ്പോൾ ലൂയിസിന്‍റെ നാലു പിള്ളേർക്കും എന്തസുഖം വന്നാലും എന്‍റടുത്താ വന്ന് പരിശോധിക്കാറ്. ലൂയീസിന്‍റെ മൂത്തമകൻ ജോൺ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നാട്ടിൽ വന്ന് താമസിക്കാൻ പോകുന്നെന്ന് അറിഞ്ഞു. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അദ്ദേഹത്തെ കാണാൻ തരപ്പെട്ടില്ല. ഇനിയാ സംഭവം ഞാൻ പറയാം.
ഈ ക്ലിനിക്ക് വൈകുന്നേരമേ പ്രവർത്തിക്കാറുള്ളൂ. രാവിലെ ഞാൻ ഫ്രീയാണ്. പരിശോധനയ്ക്ക് ഇരിക്കാറില്ല. ഇക്കഴിഞ്ഞ പത്താം തീയതി രാവിലെ മിസിസ് ജോൺ എന്നെ ഫോൺ വിളിച്ച് കരഞ്ഞുകൊണ്ട് ജോണിനെന്തോ പറ്റിയതായി പറഞ്ഞു. ഞാനുടനെ കാറുമെടുത്ത് ഇറങ്ങി. അവിടെ ചെല്ലുമ്പോൾ വീടിനു മുകൾ നിലയിൽ ജോൺ കട്ടിലിൽ കിടക്കുന്നു. ആ കിടപ്പു തന്നെ ഒരു പന്തികേട് പിടിച്ചതായിരുന്നു.
ഞാനുടനെ പരിശോധിച്ചപ്പോൾ മരണം നടന്നിട്ട് ഒന്നര മണിക്കൂറിലധികം ആയതായി അറിയാൻ കഴിഞ്ഞു. ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ് മുഖത്തും പേശികളിലുമെല്ലാം കണ്ടത്. ആ വിവരം മിസിസ് ജോണിനെ ധരിപ്പിച്ചു. തലേന്ന് ജോൺ കലശലായി നെഞ്ചു തടവുന്നതായി കണ്ടെന്ന് അവരും പറഞ്ഞു. ആ വിവരം അപ്പോൾത്തന്നെ തന്നെ അറിയാക്കാഞ്ഞതെന്തെന്ന് ചോദിച്ച് ഞാൻ ഞാൻ അവരോടു കയർത്തു സംസാരിച്ചു. അവരാകെ കരച്ചിലും ബഹളവുമായി. തുടർന്ന് ഞാൻ ഈ വിവരം കുടുംബത്തിലെ മറ്റു അംഗങ്ങളെ അറിയിക്കാനായി പോകുകയായിരുന്നു.” ഡോക്ടർ പറഞ്ഞു നിർത്തി.
“ശരി. നന്ദി. പിന്നെ ലൂയീസിന്‍റെ മരണം എങ്ങനെയാണ് സംഭവിച്ചത്?” ഞാൻ ചോദിച്ചു.
ഡോക്ടർ അല്പനേരം മൗനിയായി. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഡോക്ടറിൽ തിരതല്ലുന്ന പോലെ തോന്നി. കണ്ഠമിടറിക്കൊണ്ട് അയാൾ പറഞ്ഞു.
“പത്തു നാല്പതു കൊല്ലം മുൻപത്തെ കാര്യങ്ങളാണ്. കൂപ്പ് ലേലത്തിനു പോകുന്ന പതിവുണ്ട് ലൂയീസിന്. പല ബിസിനസ്സുകളിൽ ഒന്നായിരുന്നു അതും. ഒരിക്കൽ ലേലത്തിനു പങ്കെടുക്കുമ്പോൾ കുഴഞ്ഞു വീഴുക ആയിരുന്നു. ഒരു ദിവസം കഴിഞ്ഞാ ബോഡി നാട്ടിലെത്തിയത്. ലേലവുമായി ബന്ധപ്പെട്ട് ചില ശത്രുതാ മനോഭാവമുള്ള കൂട്ടരുണ്ടായിരുന്നു. അവരിൽ ചിലർ അപായപ്പെടുത്തിയതാണെന്ന് ചില കോണുകളിൽ നിന്നു സംശയം ഉയർന്നിരുന്നു. നിജസ്ഥിതിക്കായി പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതും അതിനു വേണ്ട സഹായങ്ങൾ ചെയ്തതും ഞാനായിരുന്നു. അതിൽ നിന്നും തെളിഞ്ഞത് ഹാർട്ട് അറ്റാക്ക് ആണെന്നാണ്.”
ലൂയീസിന്‍റെ മരണവുമായി ബന്ധപ്പെട്ട വേദനാനിർഭരമായ ആ സംഭവങ്ങൾ ഡോക്ടർ ഉൾക്കണ്ണാൽ കാണുന്ന പോലെ തോന്നി. വല്ലാത്തൊരു മുഖഭാവത്തോടെ അയാൾ കണ്ണുകൾ തെല്ലിട ഇറുക്കിയടച്ചു. മിഴി തുറന്നപ്പോൾ രണ്ടിറ്റ് കണ്ണീരടർന്നു വീണു. മുറിയിലെ ചുവരിൽ പഴയ ഫോട്ടോകൾ പതിച്ചു വച്ചിരുന്നു . കറുപ്പും വെളുപ്പും ഇടകലർന്ന ഫോട്ടോകൾ. അവയിലൊരെണ്ണം ലൂയിസിന്‍റെതായിരിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു.
പല ചോദ്യങ്ങളും മനസ്സിൽ തികട്ടിവന്നെങ്കിലും വൈകാരികമായി തീർത്തും പരിക്ഷീണിതനായ അദ്ദേഹത്തോട് ഒന്നും തന്നെ ചോദിക്കാൻ തോന്നിയില്ല. അദ്ദേഹത്തോട് സോറി പറഞ്ഞു. സാരമില്ല എന്ന ആശ്വാസവാക്കിൽ മനസ്സു തണുത്ത് ഡോക്ടറോട് നന്ദി പറഞ്ഞു കൊണ്ട് ക്ലിനിക്കിന് പുറത്തിറങ്ങി. അപ്പോൾ അവിടെ രോഗികളെ കാത്തിരിക്കുന്നതായി കണ്ടില്ല. നേരത്തെ കണ്ട സ്ത്രീ അവിടെയിരുന്ന് രജിസ്റ്റർ പരിശോധിക്കുന്നതു കണ്ടു.
ബോഗൻ വില്ല പടർത്തിയ ഗേറ്റുചാരി റോഡിലേക്കിറങ്ങുമ്പോൾ നിറം മാറിത്തുടങ്ങിയ സന്ധ്യ ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. നീളൻ കഴുത്തുള്ള ഒരു കൂട്ടം പക്ഷികൾ ധനുസ്സിൽ നിന്നും എയ്തുവിട്ട അസ്ത്രം പോലെ തിരക്കുപിടിച്ച് പറന്നു പോകുന്നതു കണ്ടു. ഡച്ച് കഫേയിലെ ഇന്നത്തെ സ്പെഷ്യൽ എല്ലാം തീർന്നു കാണണം. ഇനി എത്രയും വേഗം വീടു പറ്റുക തന്നെ.
ലൂയീസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ കാണിച്ച ശുഷ്കാന്തി ജോണിന്‍റെ കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല? ഈയൊരു ചോദ്യം ചോദിക്കാനായി തികട്ടി വന്നതായിരുന്നു. കുടുംബ ഡോക്ടറായ സാമുവൽ ഡോക്ടർ പരിശോധിച്ചു ഉറപ്പുപറഞ്ഞ സ്ഥിതിക്ക് ആരും തന്നെ പോസ്റ്റുമോർട്ടത്തിന്‍റെ ആവശ്യകത പ്രകടിപ്പിച്ചു കാണില്ല. അല്ലാതെ മറ്റൊരു കാരണവും പറയാനില്ല.
ഇനി എന്തെങ്കിലും തരത്തിലുള്ള പ്രോഗ്രസ്സ് തോമാച്ചനിലൂടെയേ സാധ്യമാകൂ. അതിനായി നാളെ തോമാച്ചനെ ഓഫീസിലോട്ട് വിളിപ്പിക്കാം. എലവുത്തിങ്കൽ തറവാട്ടിൽ നിന്നും ചൂണ്ടിയ കുറച്ചു വസ്തുക്കൾ തോമാച്ചനെ ഏൽപ്പിക്കണം. അത് ലാബിൽ പരിശോധിക്കേണ്ടതാണ്. അതിലെ ഫലം നെഗറ്റീവ് എങ്കിൽ മറ്റൊന്നും ആലോചിക്കണ്ട അപ്പോൾത്തന്നെ കേസുമടക്കി ഗുഡ് ബൈ പറയാം. പോസിറ്റീവ് എങ്കിൽ, അതിന് അഞ്ചു ശതമാനം മാത്രം സാധ്യതയേ ഉള്ളൂ എങ്കിൽ കഥ മാറും. അതൊരു ആസൂത്രിത കൊലപാതകത്തിലേക്ക് വഴിമാറും.