വിറ്റാമിൻ ഡി എന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ്. എന്നാൽ വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മറ്റ് വിറ്റാമിനുകൾ പോലെ ഭക്ഷണത്തിൽ നിന്ന് മാത്രമല്ല വിറ്റാമിൻ ഡി ലഭിക്കുക, സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. സൂര്യരശ്മികൾ നമ്മുടെ ത്വക്കിന്‍റെ അടിയിലെ കൊഴുപ്പു പാളികളിൽ പതിക്കുന്നതിന്‍റെ ഫലമായി നടക്കുന്ന ചില രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

പല കാരണങ്ങൾ കൊണ്ട് നമുക്ക് വേണ്ട അളവിൽ വിറ്റാമിൻ ഡി ലഭിക്കണമെന്നില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്താം. ഇത് ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും ഉറപ്പിനും കാത്സ്യം ആവശ്യമാണ്. എന്നാൽ, ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുകയാണ് വിറ്റാമിൻ ഡി ചെയ്യുന്നത്.

അതായത് നമ്മൾ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമില്ല. വിറ്റാമിൻ ഡി ഇല്ലെങ്കിൽ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല.

കാത്സ്യക്കുറവു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ

കാത്സ്യക്കുറവ് മൂലം കുട്ടികളിൽ റിക്കറ്റ്സ് എന്ന രോഗമുണ്ടാകുന്നു. പേശീ വലിവ്, പേശി വേദന, ഉയരക്കുറവ്, തൂക്കക്കുറവ്, കാലുകൾക്ക് വളവ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബുദ്ധി വികാസം ഉണ്ടാകാനുള്ള താമസം, പൊക്കിൾ പുറമേക്ക് തള്ളി വരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ക്ഷീണം, പേശിവേദന, കോച്ചിപ്പിടുത്തം, എല്ലു സംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാത്സ്യക്കുറവു മൂലം ഉണ്ടാവാം.

സൂര്യപ്രകാശം ഏൽക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ രീതിയിൽ വിറ്റാമിൻ ഡി ലഭ്യമാക്കുന്നതിന് തടസ്സമാകുന്ന ചില കാരണങ്ങളുണ്ട്. ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും മുറിയിൽ ചെലവഴിക്കേണ്ടി വരുന്നവരെ സംബന്ധിച്ചു ഈ പ്രശ്നം ഉണ്ടാകാം. അതുകൊണ്ടാണ് അവർക്കു ഭക്ഷണത്തിൽ നിന്നോ സപ്ലിമെന്‍റുകളിൽ നിന്നോ വിറ്റാമിൻ ഡി ലഭ്യമാക്കേണ്ടി വരുന്നത്.

വിറ്റാമിൻ ഡി കുറയുന്നതിന് കാരണങ്ങൾ

പൊതുവെ മിക്കവരും വെയിൽ കൊള്ളുന്നത് വളരെ കുറവാണ്. കുട്ടികളാകട്ടെ പുറത്തു പോയി കളിക്കുന്നത് കുറവായിരിക്കുന്നു. പണ്ട് കുട്ടികൾ ചാടി കളിക്കുകയും മറ്റും ചെയ്യുമായിരുന്നു. ഇന്ന് കാലം മാറി വീടിനകത്തിരുന്നുള്ള കളികളിലാണ് കുട്ടികൾ അധികവും ഏർപ്പെടുന്നത്. വെയിലും കാറ്റുമൊക്കെ കൊള്ളുന്നത് കുറഞ്ഞു.

എങ്ങനെ പരിഹരിക്കാം

ജീവിത രീതിയിൽ ശരിയായ മാറ്റങ്ങൾ കൊണ്ട് വരുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ പറ്റും. രാവിലെയും വൈകുന്നേരവും വെയിൽ കൊള്ളുക, പോഷക സമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക, വ്യായാമം എന്നിവയൊക്കെ ചികിത്സയുടെ ഭാഗമാക്കാം. അമിതമായ കാത്സ്യക്കുറവ് പരിഹരിക്കാൻ ചിലപ്പോൾ കുത്തിവയ്പ്പ് എടുക്കേണ്ടി വരാം. മരുന്നും കഴിക്കേണ്ടി വരാം. എന്നിരുന്നാലും ജീവിത രീതിയിൽ ശരിയായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

ഭക്ഷണവും സൂര്യപ്രകാശവും കൂടാതെ നിങ്ങൾക്ക് ഒരു വിറ്റാമിൻ ഡി സപ്ലിമെന്‍റ് ആവശ്യമുണ്ടോ എന്നത് വൈദ്യ പരിശോധനയിലൂടെ കണ്ടെത്തേണ്ടത് ആവശ്യമാണ്.

വിറ്റാമിൻ ഡി കൂടുതലുള്ള 7 ആരോഗ്യകരമായ ഭക്ഷണങ്ങൾ

 ചെമ്പല്ലി (സാൽമൺ)

ചെമ്പല്ലി വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്. വൈൽഡ് സാൽമണിൽ സാധാരണയായി വളർത്തുന്ന സാൽമണിനേക്കാൾ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ രണ്ടും വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ്. ഫാം സാൽമണിൽ ഏകദേശം 66 ശതമാനം വിറ്റാമിൻ ഡിയും വൈൽഡ് സാൽമണിൽ 160 ശതമാനം വരെ അടങ്ങിയിരിക്കും.

മത്തി

ലോകമെമ്പാടുമുള്ളവർ കഴിക്കുന്ന ഒരു മത്സ്യമാണ് മത്തി. വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടം കൂടിയാണ് ഈ മത്സ്യം.

മീനെണ്ണ

മീനെണ്ണ ഓയിൽ ഒരു ജനപ്രിയ സപ്ലിമെന്‍റാണ്. മത്സ്യം ഇഷ്ടമല്ലാത്തവർക്ക് മീനെണ്ണ (കോഡ് ലിവർ ഓയിൽ) കഴിക്കുന്നത് പോഷകങ്ങൾ ലഭിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ്.

ഇത് വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്. ഒരു ടീസ്പൂണിൽ ഏകദേശം 450 ഐയു (4.9 മില്ലി) ഉണ്ടാകാം. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണിത്. മീനെണ്ണയിൽ വിറ്റാമിൻ എ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ, മീനെണ്ണയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഹൃദയാരോഗ്യത്തിന് ആവശ്യമായ ഒരു ഘടകമാണ്. ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യും.

മുട്ടയുടെ മഞ്ഞക്കരു

മത്സ്യം മാത്രമല്ല വിറ്റാമിൻ ഡിയുടെ ഉറവിടം. മുട്ടയും മറ്റൊരു നല്ല സ്രോതസ്സാണ്. അതുപോലെ തന്നെ അതിശയകരമായ പോഷകങ്ങളുടെ കലവറ കൂടിയാണ്.

മുട്ടയിലെ പ്രോട്ടീനിന്‍റെ ഭൂരിഭാഗവും വെള്ളയിലും കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മഞ്ഞക്കരുവിലും കാണപ്പെടുന്നു.

പശുവിൻ പാൽ

കാത്സ്യം, ഫോസ്ഫറസ്, റൈബോ ഫ്ളാവിൻ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ സ്വാഭാവിക ഉറവിടമാണ് പശുവിൻ പാൽ.

1 കപ്പ് ഫോർട്ടി ഫൈഡ് പശുവിൻ പാലിൽ 115 ഐയു വിറ്റാമിൻ ഡി (237 മില്ലി) അല്ലെങ്കിൽ വിറ്റാമിൻ ഡിയുടെ 15 ശതമാനം അടങ്ങിയിരിക്കുന്നു.

സോയ പാൽ

വിറ്റാമിൻ ഡി മിക്കവാറും മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ മാത്രം കാണപ്പെടുന്നതിനാൽ സസ്യാഹാരികൾക്ക് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുകയെന്നത് പ്രയാസകരമാണ്. ഇക്കാരണത്താൽ സോയ മിൽക്ക് പോലെയുള്ള സസ്യാധിഷ്ഠിത പാലിൽ പശുവിൻ പാലിലൊന്നപോലെ തന്നെ വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.

ഓറഞ്ച് ജ്യൂസ്

ലോകമെമ്പാടുമുള്ള 65 ശതമാനം ആളുകളും ലാക്ടോസ് അലർജിയായിട്ടുള്ളവരാണ്. ഇക്കാരണത്താൽ, ചില കമ്പനികൾ ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ ഡിയും കാത്സ്യം പോലുള്ള മറ്റ് പോഷകങ്ങളും ഉൾപ്പെടുത്താറുണ്ട്. പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു കപ്പ് (237 മില്ലി) ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വിറ്റാമിൻ ഡിയ്ക്കൊപ്പം മറ്റു പോഷകങ്ങളുടെ അഭാവവും ഇല്ലാതാക്കും. എന്നിരുന്നാലും ഓറഞ്ച് ജ്യൂസ് എല്ലാവർക്കും ഒരു മികച്ച ഓപ്ഷനല്ല. അസിഡിറ്റി ഉള്ളവർ ഇത് ഒഴിവാക്കാം.

പ്രമേഹബാധിതരാണെങ്കിൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനയുണ്ടാകാൻ ഓറഞ്ച് ജ്യൂസ് കാരണമാകാം. എന്നാൽ ലോ ബ്ലഡ് ഷുഗറിന് ഇത് മികച്ചതാണ്. ധാന്യങ്ങൾ, കൂൺ, മീൻ മുട്ട എന്നിവയെല്ലാം തന്നെ വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങളാണ്.

और कहानियां पढ़ने के लिए क्लिक करें...