“അൺബിലീവബിൾ…” ഉർവ്വശി അദ്ഭുതം കൂറിയമിഴികളോടെ ഗൗതമനേയും രേണുവിനേയും മാറി മാറി നോക്കി. “നിങ്ങൾ നേരത്തേ പരിചയക്കാരായിരുന്നുവല്ലേ. എന്നിട്ടെന്തേ ഒളിച്ചുവച്ചു?”
അവൾക്ക് എന്തു മറുപടി നൽകണമെന്നറിയാതെ രേണു ഗൗതമനെ നോക്കി.
“മോളേ.. ഞങ്ങൾ ചിലത് ഒളിച്ചുവച്ചു. അത് ശരിയാണ്. എല്ലാം വിശദമായി പിന്നീട് പറയാം. പക്ഷേ ഇക്കാര്യങ്ങളൊന്നും നീ ഉമയോടും ഉമേഷിനോടും ചൽക്കാലം പറയരുത്.” ഗൗതമൻ പറഞ്ഞു.
“പപ്പാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…”
“ഞങ്ങൾ കോളേജ്മേറ്റ്സായിരുന്നു. വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതസാഹചര്യങ്ങൾ അതിനുള്ള ഭാഗ്യം നൽകിയില്ല.” ഗൗതമൻ ഇടർച്ചയോടെ പറഞ്ഞു.
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രേണുവിനെ ഉർവവ്ശി കൂട്ടിക്കൊണ്ടു പോയി. മുറിയിൽ ചെന്നപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു.
“മമ്മീ.. എന്താ ഉണ്ടായത് മമ്മീ നിങ്ങളുടെ ജീവിതത്തിൽ…”
“സാധാരണ പ്രണയങ്ങൾക്കു സംഭവിക്കുന്നതൊക്കെ തന്ന. എല്ലാറ്റിനും കാരണം ഞാനായിരുന്നു മോളേ… അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല.” രേണു കൂടുതലൊന്നും പറയാൻ തയ്യാറായില്ല.
“പക്ഷേ, ഉമ ഒരിക്കലും ഇക്കാര്യം അറിയരുത്. മറ്റൊന്നുമല്ല. ആ സാധുവിനത് താങ്ങാനാവുമോ എന്നാണെന്‍റെ പേടി…” രേണു ഉർവ്വശിയെ വീണ്ടും ഓർമ്മിപ്പിച്ചു.
“പ്രോമിസ്…” രേണുവിന്‍റെ ഇരുതോളിലും പിടിച്ച് ഉർവ്വശി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
അമ്മയുടെ ജീവിതത്തിൽ നടക്കാതെ പോയ കാര്യമാണ് അപ്രതീക്ഷിതമായി തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. ഉർവ്വശിക്ക് അദ്ഭുതം തോന്നി. അവൾ ഉമേഷിനെ ആദ്യമായി കണ്ടുമുട്ടിയ ദിനത്തെക്കുറിച്ച് ആലോചിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗാണ് ഉമേഷിന്‍റെ ഇഷ്ട വിഷയം. ഉർവ്വശിയുടേത് ബയോടെക്നോളജിയും കോളേജിലെ ഒരു സെമിനാറിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഉമേഷിനെ ഉർവ്വശി പരിചയപ്പെടുന്നത്. ഇന്ത്യാക്കാരയതുകൊണ്ടുള്ള ഒരു കൺസിഡറേഷൻ ആയിരുന്നു ആദ്യം രണ്ടുപേർക്കും. പിന്നീടത് പ്രണയമായി മാറിയതാണ്.
ഉർവ്വശി ആലോചിച്ചിരിക്കുന്നതു കണ്ടപ്പോൾ രേണു അവളെ വിളിച്ചു, “മോളേ, ഒരുങ്ങ് ഫ്ളൈറ്റിനുള്ള സമയമാകുന്നു.” അവർ വേഗം ഒരുങ്ങി താഴേക്കു വന്നപ്പോഴേക്കും ഉമ ലഞ്ച് തയ്യാറാക്കി കഴിഞ്ഞിരുന്നു. പിന്നെ കുറേ പായ്ക്കറ്റുകൾ റെഡിയാക്കി അവൾ രേണുവിനെ ഏൽപിച്ചു. അച്ചാർ മുതൽ രസഗുള വരെയുള്ള സാധനങ്ങൾ…
ഉമയുടെ നിർബന്ധത്തിനു വഴങ്ങി 11 മണിക്കു തന്നെ ലഞ്ച് കഴിച്ച ശേഷം രേണുവും ഉർവ്വശിയും നേരെ എയർപോർട്ടിലേക്ക് പോയി. ഉമേഷാണ് അവരെ കൊണ്ടുവിട്ടത്. കാലിഫോർണിയയ്ക്കുള്ള ഡയറക്ട് ഫ്ളൈറ്റാണ്. വിമാനത്താവളത്തിലിറങ്ങി ഒരു മണിക്കൂർ ബസിൽ പോകണം. സൈൻഹോജയിലെത്താൻ.
മാസങ്ങൾ കടന്നു പോയത് എത്ര വേഗമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രണ്ടുവട്ടം കൂടി ഉർവ്വശിയുടെ വീട്ടിൽ ഗൗതമനുമ കുടുംബവും പോയി. മെയ്മാസത്തിൽ വിവാഹം നടത്താനാണ് തീരുമാനം. അതിനു മുമ്പായി സൈൻഹോജയിലെ വീടും കാലിഫോർണിയയിലെ ഷോപ്പും വിൽക്കാനുള്ള നടപടികൾ രേണു ആരംഭിച്ചിരുന്നു. ഗൗതമൻ മുന്നോട്ടുവച്ച ഒരു നിബന്ധന അതായിരുന്നുവല്ലോ. വിവാഹശേഷം രേണുവും വിജയും വാഷിംഗ്ടണിലേക്കു താമസം മാറ്റുകയാണെന്നറിഞ്ഞപ്പോൾ ഉമയ്ക്ക് വളരെ സന്തോഷമായി.
യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ വിജയിന് അഡ്മിഷൻ ശരിയായി. താമസിയാതെ രേണു വടക്കൻ വിർജീനിയയിൽ ഒരു സ്റ്റോർ വാങ്ങുകയും ചെയ്തു. തന്‍റെ ബിസിനസ് തുടരനായിരുന്നു രേണുവിന്‍റെ തീരുമാനം. ഉമേഷിന്‍റെയും ഉർവ്വശിയുടേയും പരീക്ഷ കഴിഞ്ഞിട്ടാണ് വിവാഹം നടത്തിയത്. വാഷിംഗ്ടണിൽ ഏറ്റവും മികച്ച ഹാൾ തന്നെയാണ് ഗൗതമൻ വിവാഹത്തിന് തെരഞ്ഞെടുത്തത്.
ഗൗതമൻ വലിയ സന്തോഷത്തിലായിരുന്നു. സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ച ബന്ധം മക്കളായിട്ട് സഫലമാക്കിയിരിക്കുന്നു. ഇനി മനസ്സിന് റിലാക്സ് ചെയ്യാം. കുത്തിനോവിക്കുന്ന ഭൂതകാല ചിനതകളില്ലാതെ. ചെറുപ്പത്തിന്‍റെ അവിവേക ചിന്തകളിൽ പെട്ട് പാകപ്പെടാതെ പോയ ഒരു ബന്ധം െന്നു കരുതി എല്ലാം തള്ളിക്കളയാൻ ഗൗതമന് ആവുമായിരുന്നില്ല. മനസ്സിന്‍റെ അഗാധ തലങ്ങളിലെവിടെയോ താഴിട്ടുപൂട്ടിയ ഒരു അറയ്ക്കുള്ളിലായിരുന്നു ഭൂതകാലം. മഞ്ഞിൽ തല കുമ്പിട്ട് നിൽക്കുന്ന തത്വചിന്തകരെപ്പോലെ തോന്നിക്കുന്ന സൈപ്രസ് മരങ്ങളെ നോക്കിയിരിക്കുമ്പോൾ ഭൂതകാലത്തിന്‍റെ വാതായനങ്ങൾ മാന്ത്രികസ്പർശത്താലെന്ന പോലെ തുറക്കപ്പെടും.
തകർന്ന പ്രണയവും അനാഥത്വവും സമ്മാനിച്ച തീവ്രദുഃഖത്തിൽ നിന്ന് തനിക്ക് മോചനം നൽകിയത് ഈ മരങ്ങളാണോ? ഗൗതമൻ ആലോചിച്ചു. സെമിത്തേരികളിൽ കൂടുതലായി കാണപ്പെടുന്ന ഈ മനോഹരമായ വൃക്ഷങ്ങളെക്കുറിച്ചുള്ള കഥകൾ പറഞ്ഞുതന്നത് യു.എസ്കാരനായ ആൻഡ്രു റെഫിയാണ്.
ഗ്രീക്ക് ദേവതയായ അപ്പോളോയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മനുഷ്യനായ സൈഫാരിസ്. തന്‍റെ സ്നേഹസൂചകമായി ഒരു ആൺമാനിനെ അപ്പോളോ സൈഫാരിസിന് സമ്മാനിച്ചു. പക്ഷേ സൈഫാരിസിന്‍റെ കയ്യബദ്ധത്താൽ ആ മാൻ കൊല്ലപ്പെട്ടു. ദുഃഖിതനായ സൈഫാരിസ് ജീവിതത്തിൽ നിന്ന് മോചനം ആവശ്യപ്പെട്ടപ്പോൾ അപ്പോളോ അവനെ സൈപ്രസ് മരമാക്കി വേർപാടിന്‍റെ ദുഃഖപ്രതീകമാക്കുകയായിരുന്നുവത്രേ. ഈ കഥ കൂടി കേട്ടതോടെ സൈപ്രസ് മരങ്ങളെ നോക്കിയിരുന്നും തലോടിയും ദിവസങ്ങൾ തള്ളിനീക്കുമായിരുന്നു. വിവാഹശേഷമാണ് ആ പതിവിൽ മാറ്റം ഉണ്ടായത്. എങ്കിലും തണുത്തുറഞ്ഞ പ്രഭാതത്തിൽ ഉമ കനത്ത ഉറക്കത്തിലാഴ്ന്നു കിടക്കുമ്പോൾ താനെത്രയോ വട്ടം ജനൽക്കാഴ്ചകളിലൂടെ മനസ്സിനെ തുറന്നു വിട്ടിരിക്കുന്നു.
രേണുവിനെ വീണ്ടും കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയില്ല. അവൾക്കെന്തു സംഭവിച്ചുവെന്ന് അറിയണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അമ്മയുടെ മരണത്തിന് തന്‍റെ പ്രണയം കാരണമായല്ലോ എന്ന കുറ്റബോധം ആഗ്രഹങ്ങളെ വേരോടെ നുള്ളിക്കളഞ്ഞു. രേണുവിന്‍റെ അച്ഛന്‍റെ കടുംപിടുത്തം അമ്മയെ ഏറെ വേദനിപ്പിച്ചിരുന്നല്ലോ… കല്യാണത്തിന് അവളുടെ അച്ഛൻ വന്നില്ല. ഇന്ത്യയിലാണ് അദ്ദേഹം. സുഖമില്ലാത്തതിനാലാണ് വരാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്.
പഠനം കഴിഞ്ഞ് ഒരു ജോലിക്കുള്ള ശ്രമത്തിലാണ് ഉമേഷ്. അയാൾ അവിടെയും ഇവിടെയുമൊക്കെ ജോലി തേടി നടന്നുവെങ്കിലും ഒന്നും ശരിയായില്ല. കുടുംബത്തിന് സ്വന്തമായൊരു ബിസിനസ്സ് ഉണ്ട്. അത് നോക്കി നടത്താൻ അച്ഛനെ സഹായിച്ചാൽ പോരേ. പിന്നെന്തിനാണ് മറ്റൊരു ജോലി എന്ന് ഗൗതമന്‍റെ ചില സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി. “ അവന് താൽപര്യമുണ്ടെങ്കിൽ ഇങ്ങോട്ടു പറയട്ടെ.” ഗൗതമന്‍റെ മറുപടി അങ്ങനെയായിരുന്നു. ഉദ്ദേശിക്കുന്നത്ര നല്ല ജോലി കിട്ടുകയില്ലെന്ന് തോന്നിയിട്ടോയെന്തോ ഉമേഷ് ഒരു ദിവസം അവിചാരിതമായി ഗൗതമനോട് പറഞ്ഞു.
“പപ്പാ, നമ്മുടെ കമ്പനിയിൽ തന്നെ ഞാനും ജോയിൻ ചെയ്യട്ടെ.”
“ഓകെ, നിനക്ക് താൽപര്യമുണ്ടെങ്കിൽ അങ്ങനെയാവട്ടെ….”
ഉർവ്വശി അതു കേട്ടുകൊണ്ട് സമീപം തന്നെയിരിക്കുന്നുണ്ടായിരുന്നു.
“പപ്പാ, തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനും ഒന്ന് ചോദിച്ചോട്ടെ?” ഉർവ്വശി സങ്കോചത്തോടെ പറഞ്ഞു.
ഗൗതമൻ അവളെ ചോദ്യഭാവത്തിൽ നോക്കി.
“എനിക്കും നമ്മുടെ കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്.”
ഗൗതമൻ പുഞ്ചിരിയോടെ പറഞ്ഞു. “ഓകെ… കം ആന്‍റ് വർക്ക്. നിങ്ങൾ കമ്പനിയുടെ കാര്യങ്ങൾ ഭംഗിയായി നടത്തിയാൽ എനിക്ക് അൽപം വിശ്രമമെടുക്കാമല്ലോ…”
പിറ്റേന്ന് മുതൽ ഇരുവരും ഓഫീസിൽ പതിവായി വന്നു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമായ ധാരണയുണ്ടാക്കിയെടുത്തു. ഉമേഷ് നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഉർവ്വശിക്ക് ഉമേഷിനേക്കാൾ മികവുണ്ടെന്ന് ഗൗതമന് മനസ്സിലായി.
മാസങ്ങൾ കടന്നുപോയി. ഇപ്പോൾ ഗൗതമന് ഉമയോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം ലഭിക്കുന്നുണ്ട്. കാണാൻ കിട്ടുന്നില്ലെന്ന അവളുടെ പരിഭവവും പരാതിയും കുറഞ്ഞു. ഒരുമിച്ചുള്ള യാത്രകളാണ് പല്പ്പോഴും ഇരുവരും പ്ലാൻ ചെയ്യുന്നത്. ചിലപ്പോൾ ഉമേഷും ഉർവ്വശിയും ഒപ്പം കൂടും. സന്തോഷകരമായ ദിവസങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് മറ്റൊരു സന്തോഷവാർത്തയുമായി ഒരു ദിനം ഉമ ഫോൺ ചെയ്തത്. ഗൗതമൻ ആ സമയം ഔദ്യോഗിക ടൂറിലായിരുന്നു. ഉർവ്വശി അമ്മയാകാൻ പോകുന്നുവെന്ന വിവരം. അക്കാര്യം അറിയിക്കുമ്പോൾ ഉമ വളരെ ആവേശത്തിലാണെന്നു തോന്നി. നാളെ ടൂർ കഴിഞ്ഞെത്തിയിട്ട് കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞ് ഗൗതമൻ ഫോൺ വെച്ചു. പിറ്റേന്ന് വീട്ടിലെത്തുമ്പോൾ ഉർവ്വശിയുടെ നാണത്തിൽ വിടർന്ന മുഖം കണ്ട് ഗൗതമൻ പുഞ്ചിരിച്ചു.
“ഉർവ്വശി, എന്‍റെ ആഗ്രഹം പറയട്ടെ…”
“പറയൂ പപ്പാ…”
“കഴിഞ്ഞ ഏഴ് തലമുറകളായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടികളില്ല. ഇപ്രാവശ്യം ഞങ്ങൾക്ക് ഒരു പെൺകുട്ടി മതി.”
അവൾ മറുപടി പറയാതെ വിടർന്ന ചിരിയോടെ ഗൗതമന്‍റെ സമീപം വന്നിരുന്നു.
അടുക്കളയിൽ ഉമ എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഉമ ഗൗതമനെ ഓർമ്മിപ്പിച്ചു. “ചേച്ചിയുടെ മകന്‍റെ വിവാഹമാണ് അടുത്ത മാസം അവിടെ അൽപം നേരത്തേ പോകണമെന്ന് ആഗ്രഹമുണ്ട്. മോളേ, നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ നാട്ടിൽ പോയി വരാം….”
ശരിയാണ്. ഗൗതമൻ ആലോചിച്ചു. ഉമ ഇന്ത്യയിൽ പോയിട്ട് വർഷങ്ങളായി. അവൾക്ക് ഒരു ചെയ്ഞ്ചാകട്ടെ.
“ഉർവ്വശിക്ക് ഒരു പ്രയാസവുമില്ലാതെ ഞാൻ നോക്കികൊള്ളാം. ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവളുടെ അമ്മ ഇന്നാട്ടിൽ തന്നെയുണ്ടല്ലോ… താൻ ധൈര്യമായി പോയിട്ടുവാ… വിവാഹദിവസം ഞാനുമെത്താം.” ഗൗതമൻ പ്രോത്സാഹിപ്പിച്ചു.
ഉമ രണ്ടു ദിവസത്തിനകം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് പുറപ്പെട്ടു.
(തുടരും)