മികച്ചൊരു രക്ഷാകർത്താവിനെ രൂപപ്പെടുത്തുന്നത് അവരുടെ പ്രവൃത്തി മാത്രമല്ല അത് നടപ്പിലാക്കാനുള്ള അവരുടെ ശക്തമായ താൽപര്യം കൂടിയാണ്. കുട്ടികളുടെ ക്ഷേമം മുൻനിർത്തി തീരുമാനമെടുക്കാൻ ശ്രമിക്കുന്നവരാണ് മികച്ച പേരന്‍റ് എന്ന് പറയാം.

എല്ലാം തികഞ്ഞ ഒരു രക്ഷാകർത്താവ് നൂറുശതമാനം പെർഫക്റ്റ് ആകണമെന്നില്ല. ഒരു കുട്ടിയും പെർഫക്റ്റല്ല. ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യുമ്പോൾ ഈയൊരു യാഥാർത്ഥ്യം ഉൾക്കൊണ്ടു വേണം മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യാൻ. മികച്ച പേരന്‍റിംഗ് എന്നത് പൂർണ്ണത കൈവരിക്കലല്ല. എന്നുവച്ച് അതിനുവേണ്ടി പ്രവർത്തിക്കാതിരിക്കുക എന്നർത്ഥവുമില്ല. രക്ഷാകർത്താക്കൾ സ്വയം ഉയർന്ന നിലവാരം പുലർത്തുക. അതുപോലെ കുട്ടികൾക്ക് മികച്ച റോൾ മോഡലാവുക.

എങ്ങനെ മികച്ചൊരു പേരന്‍റാകാം, അതിനുള്ള ചില വഴികളിതാ:-

മികച്ച പേരന്‍റിംഗ് സ്കില്ലുകൾ:

പരിശീലിക്കുകയെന്നുള്ളതാണ് ആദ്യ ചുവട്. മോശം സ്കില്ലുകൾ ഒഴിവാക്കുക, അവയിൽ പലതും അത്രയെളുപ്പമുള്ളതാകണമെന്നില്ല. മാത്രവുമല്ല അവയെല്ലാം തന്നെ പ്രാവർത്തികമാകണമെന്നുമില്ല. എന്നാൽ അതിൽ ചിലത് ഫോളോ ചെയ്താൽ തന്നെ പേരന്‍റിംഗിന്‍റെ ശരിയായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പുവരുത്താം.

നല്ലൊരു റോൾ മോഡലാവുക

മികച്ച പേരന്‍റാവുമ്പോൾ തന്നെ നിങ്ങൾ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച് തുടങ്ങിയെന്ന് തന്നെ പറയാം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം കുട്ടികൾ ചെയ്തിരിക്കണമെന്ന് ശഠിക്കരുത്. മറിച്ച് നിങ്ങളത് ചെയ്ത് കാട്ടികൊടുക്കുക.

മാതാപിതാക്കൾ ചെയ്യുന്നതെന്തും കുഞ്ഞുങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾ എന്ത് ചെയ്യണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുക അത് നിങ്ങൾ ചെയ്ത് കാട്ടികൊടുക്കുക. കുട്ടികളെ സ്നേഹിക്കുക, പ്രവർത്തിയിലൂടെ ബഹുമാനിക്കുക. അവരുടെ മുന്നിൽ പോസിറ്റീവായ മനോഭാവവും സ്വഭാവവും പ്രദർശിപ്പിക്കുക. കുട്ടികളുടെ വികാരങ്ങളെ സഹാനുഭൂതിയോടെ സമീപിക്കുക.

കുട്ടികളെ സ്നേഹിക്കുക പ്രവർത്തിയിലൂടെ കാട്ടി കൊടുക്കുക

കുഞ്ഞുങ്ങളെ വാനോളം അല്ലെങ്കിലും അതിനുമപ്പുറം പരിധികളില്ലാതെ സ്നേഹിക്കുകയെന്നതിൽപ്പരം മറ്റൊന്നുമില്ല സ്നേഹിച്ചതുകൊണ്ട് അവർ വഷളായി പോവുകയുമില്ല. പക്ഷെ അവരോട് സ്നേഹം കാട്ടുന്നത് ഏത് രീതിയിലാണെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ആവശ്യമാണ് – അതായത് സമ്മാനങ്ങൾ, വസ്തുക്കൾ നൽകി കൊണ്ട്, ഓവർ പ്രൊട്ടക്ഷൻ, സൗമ്യഭാവം, കുറഞ്ഞ പ്രതീക്ഷ എന്നിവയാണവ. യഥാർത്ഥ സ്നേഹത്തിന്‍റെ സ്‌ഥാനത്ത് ഇത്തരം കാര്യങ്ങൾ സ്ഥാനം പിടിച്ചാൽ കുട്ടികൾ വഷളായി പോകും.അവരുടെ കാര്യങ്ങൾ നിത്യവും ഗൗരവപൂർവ്വം ശ്രവിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക, അവരെ ആശ്ലേഷിക്കുക എന്നിവ പോലെ വളരെയെളുപ്പമാണ് അവരെ സ്നേഹിക്കുകയെന്നത്.

അവരോട് ഇത്തരത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ ഓക്സിടോസിൻ പോലെയുള്ള ഫീൽഗുഡ് ഹോർമോണുകൾ രൂപപ്പെടും. ഇത്തരം ന്യൂറോ കെമിക്കലുകൾ രക്ഷാകർത്താക്കളിൽ ശാന്തവും സ്വച്ഛവുമായ മാനസികാവസ്‌ഥ സൃഷ്ടിക്കും. ഒപ്പം ഊഷ്മളമായ മാനസികാവസ്‌ഥയും സംതൃപ്തിയും സൃഷ്ടിക്കപ്പെടും. ഇതിൽ നിന്നും കുഞ്ഞുങ്ങൾ സമ്പൂർണ്ണമായ ശക്തിയാർജ്ജിക്കും.

അനുകമ്പയും ഉറച്ച പോസിറ്റിവിറ്റിയുമുള്ള പേരന്‍റിംഗ്

കുഞ്ഞുങ്ങൾക്ക് പോസീറ്റിവായ അനുഭവങ്ങൾ പകർന്നു നൽകാം. അവർക്ക് അത്തരമനുഭവങ്ങൾ അറിയാനുള്ള അവസരങ്ങൾ നൽകാം. കുട്ടികൾക്കൊപ്പം മാരത്തൺ ഓട്ടത്തിന് പങ്കാളിയാവുക. കുട്ടികളെയും കൂട്ടി പാർക്കിലും മറ്റും പോവുക. നേരമ്പോക്കുകളിലും ഗെയിമുകളിലും അവർക്കൊപ്പം ചേരുക, പൊട്ടിച്ചിരിക്കുക. പ്രശ്നങ്ങൾക്ക് ഒരുമിച്ചിരുന്ന് പരിഹാരം കാണുക.

ഇത്തരം പോസിറ്റീവായ അനുഭവങ്ങൾ കുട്ടിയുടെ മസ്തിഷ്കത്തിൽ ശരിയായ കണക്ഷൻ സൃഷ്ടിക്കുമെന്ന് മാത്രമല്ല മാതാപിതാക്കളെപ്പറ്റിയുള്ള നല്ല ഓർമ്മകൾ അവരുടെ മനസിൽ അവശേഷിപ്പിക്കാൻ സഹായിക്കും.

ശിക്ഷാ നടപടികൾ വേണ്ട

എന്താണ് ശരി എന്താണ് തെറ്റ് എന്നുള്ളത് കുട്ടികളെ പഠിപ്പിക്കുക. നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പരിധികൾ നിശ്ചയിക്കുന്നതും അവ സ്‌ഥിരതയുള്ളതായിരിക്കുന്നതും കുട്ടികളിൽ അച്ചടക്കബോധം വളർത്താൻ അനിവാര്യങ്ങളാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് മുൻതൂക്കം നൽകുക. അവർ തെറ്റ് ചെയ്‌തതിന് പിന്നിലുള്ള കാരണമറിയുക. എടുത്തു ചാട്ടം ഹൃസ്വമായ ആശ്വാസമെ ഉണ്ടാക്കൂ. ആ സമയത്ത് അത് രക്ഷിതാക്കൾക്ക് ഏറ്റവുമാവശ്യമാകാം.

എന്നാൽ ഇത് കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ കാര്യമില്ല. ഏത് പ്രശ്നത്തിനും വയലൻസിലൂടെ പരിഹാരം കണ്ടെത്താം എന്ന മാതൃകയാണ് രക്ഷിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നതിലൂടെ കാട്ടികൊടുക്കുന്നത്. അത്തരത്തിൽ മാതാപിതാക്കളിൽ നിന്നും കഠിനമായ ശിക്ഷകൾ ഏറ്റുവാങ്ങുന്ന കുട്ടികൾ മറ്റ് കുട്ടികളോട് കലഹിക്കാനും ദേഹോപദ്രവം ഏൽപ്പിക്കാനും സാധ്യതയേറെയാണ്. അതുപോലെ അവർ ഉപയോഗിക്കുന്ന വാക്കുകളും മോശമാകാം.

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ സ്വർഗ്ഗമാവുക

ആവശ്യമുള്ളപ്പോൾ ഏത് സമയത്തും മാതാപിതാക്കൾ ഒപ്പമുണ്ടാകുമെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുക. കുട്ടികളെ വ്യക്‌തികളായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. സങ്കടം വരുമ്പോൾ കുട്ടികൾക്ക് ഓടിയെത്താനുള്ള ആശ്വാസ തണലാകണം മാതാപിതാക്കൾ.

കുട്ടികളോട് സംസാരിക്കുക

ആശയവിനിമയത്തിന്‍റെ പ്രാധാന്യം ഭൂരിഭാഗം മാതാപിതാക്കൾക്കും അറിയാവുന്ന ഒന്നാണ്. കുട്ടികളോട് സംസാരിക്കുക. അവർക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കുക. കുട്ടികളുമായി തുറന്ന ആശയവിനിമയം സാധ്യമാക്കുന്നതിലൂടെ അവരുമായി മികച്ചയൊരു ബന്ധം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെയായാൽ എന്ത് പ്രശ്നമുണ്ടായാലും അവർ മാതാപിതാക്കളെ അറിയിക്കാൻ മുതിരും.

എന്നാൽ ആശയവിനിമയത്തിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. അവന്‍റെ /അവളുടെ മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളുമായി മികച്ച കോർഡിനേഷന് ആശയവിനിമയത്തിലൂടെ മാതാപിതാക്കൾ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യമുള്ള ശരീരത്തിന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങൾ കോർഡിനേറ്റ് ചെയ്യുകയും പ്രവർത്തിക്കുകയും വേണം.

മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങൾ സംയോജിച്ച് സമാധാനപൂർണ്ണമായി പ്രവർത്തിക്കുന്നു. അതായത് ദേഷ്യം, വെറുപ്പ്, വിദ്വേഷം എന്നീ വികാരങ്ങൾ കുറയുകയും സഹകരണ മനോഭാവത്തോടെയുള്ള സ്വഭാവം പ്രദർശിപ്പിക്കുകയും മികച്ച മാനസികാവസ്‌ഥ രൂപപ്പെടുകയും ചെയ്യുന്നു. അത്തരം അവസ്‌ഥ സംജാതമാകുന്നതിന് മാതാപിതാക്കൾ അവരുമായി മികച്ച ആശയവിനിമയം സൃഷ്ടിക്കുകയാണ് വേണ്ടത്. അവരുടെ വേദനകളെ മനസിലാക്കുക. അവരുടെ പ്രശ്നങ്ങൾക്ക് മാതാപിതാക്കൾ പരിഹാരം കണ്ടെത്തി നൽകണമെന്നില്ല. മാത്രവുമല്ല അതിനുള്ള ഉത്തരങ്ങൾ മാതാപിതാക്കൾ കണ്ടെത്തേണ്ടതുമില്ല. ആശയവിനിമയത്തിലൂടെ അതിനുള്ള പരിഹാരങ്ങൾ അവർ സ്വയം കണ്ടുപിടിച്ചു കൊള്ളും.

സ്വന്തം ബാല്യകാലം പ്രതിഫലിപ്പിക്കുക

സ്വന്തം മാതാപിതാക്കളിൽ നിന്നും വ്യത്യസ്തരാകണമെന്ന് ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ് ഭൂരിഭാഗം രക്ഷിതാക്കളും സന്തുഷ്ടി നിറഞ്ഞ ബാല്യകാലമുണ്ടായിരുന്നവർ പോലും സ്വന്തം മാതാപിതാക്കളേക്കാൾ ചില മേഖലകളിൽ വ്യത്യസ്തത പുലർത്താമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ, വായ തുറന്നാൽ തങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണോ സംസാരിച്ചിരുന്നത് അപ്രകാരമാവും സ്വന്തം കുട്ടികളോട് ഇത്തരം മാതാപിതാക്കൾ സംസാരിക്കുക. അതായത് സ്വന്തം ബാല്യകാലത്തെ തന്നെയാണ് നാം കുട്ടികളിലും പ്രതിഫലിപ്പിക്കുന്നതെന്ന് സാരം. അതുകൊണ്ട് എവിടെ, ഏതെല്ലാം കാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടതെന്നതിനെപ്പറ്റി കുറിപ്പ് എഴുതി വയ്ക്കുക. അതെങ്ങനെയാണ് മാറ്റേണ്ടതെന്നും എഴുതി വയ്ക്കാം. ഇക്കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ പരിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിലൂടെ കാര്യങ്ങൾ എളുപ്പമാകും. തുടക്കത്തിൽ വിജയകരമാകണമെന്നില്ല. ശ്രമം ഉപേക്ഷിക്കരുത്. പരിശ്രമിക്കുക. നിരന്തരമായ പരിശ്രമത്തിലൂടെ കുട്ടികളെ വളർത്തുന്ന രീതികളിൽ കാതലായ മാറ്റം കൊണ്ടുവരാൻ സാധിക്കും.

സ്വന്തം കാര്യത്തിലും ശ്രദ്ധ നൽകാം

സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ നൽകണം. ദാമ്പത്യ ജീവിതം ശക്തിപ്പെടുത്താൻ ക്വാളിറ്റി ടൈം വിനിയോഗിക്കാം. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന രക്ഷിതാക്കൾ പരസ്പരം കലഹിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. സ്വന്തം കാര്യത്തിന് മാത്രമായുള്ള സമയം ഓരോ രക്ഷിതാവിനും ആവശ്യമാണ്. മനസിനെ റിജുവനേറ്റ് ചെയ്യാൻ സെൽഫ് കെയർ ആവശ്യമാണ്.

വ്യക്‌തമായ കാഴ്ചപ്പാട് ഉണ്ടാവുക

ഏത് രക്ഷിതാവിനേയും പോലെ കുട്ടികൾ മികച്ച വ്യക്‌തികളാവണമെന്നും സഹജീവികളോട് അനുഭാവപൂർവ്വം പെരുമാറണം.

വിദ്യാഭ്യാസ കാര്യങ്ങളിൽ മികവു പുലർത്തണമെന്നും നല്ല ജീവിതം അവർക്ക് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു വേണ്ടി നിങ്ങൾ എത്രസമയം ചെലവഴിക്കുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ടെന്ന് ചിന്തിക്കുക.

നിങ്ങൾ അവർക്ക് അധീശത്വ മനോഭാവം പുലർത്തുന്നതിന് അവരോട് കാർക്കശ്യ സ്വഭാവത്തോടെ പെരുമാറുന്നുണ്ടോയെന്ന് ചിന്തിക്കുക. കുട്ടികളുടെ കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തുന്ന വേളയിൽ നിരാശ തോന്നി പിന്മാറുന്നതിന് പകരമായി അവന്‍റെ അവളുടെ മികച്ച വളർച്ചയ്ക്ക് വേണ്ടിയുള്ള അവസരങ്ങളെപ്പറ്റി പഠിച്ച് നെഗറ്റീവായ അനുഭവങ്ങളെ ഇല്ലാതാക്കാം. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മികച്ച പേരന്‍റിംഗ് നല്ലൊരു ചുവടു വയ്പാണ് നടത്തുന്നതെന്ന് ഓർക്കുക.

ശാസ്ത്രീയമായ വശങ്ങൾ സ്വായത്തമാക്കുക

കുട്ടികളിൽ മികച്ച വ്യക്‌തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ തേടാം. പേരന്‍റിംഗ് ടെക്നിക്കുകൾ, പരിശീലനങ്ങൾ, രീതികൾ എന്നിവയൊക്കെ നിരന്തരമായ ഗവേഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടതും തൽഫലമായി മികച്ച രീതികൾ രൂപപ്പെടുത്തിയെടുത്തിട്ടുമുള്ളതാണ്.

ഓരോ കുട്ടിയും വ്യത്യസ്തമാണ്. അതിനാൽ അവരെ മികച്ച രീതിയിൽ വളർത്തി കൊണ്ടുവരാൻ വ്യത്യസ്തവും ഫലവത്തായതുമായ പേരന്‍റിംഗ് രീതികൾ ഉണ്ട്. സ്വന്തം കുട്ടിയുടെ സ്വഭാവ-പെരുമാറ്റ രീതികൾക്കനുസൃതമായി അത്തരം പേരന്‍റിംഗ് രീതികൾ കണ്ടെത്താവുന്നതാണ്.

और कहानियां पढ़ने के लिए क्लिक करें...