പുരുഷനെ മാത്രം ബാധിക്കുന്ന അസുഖമാണോ ഹൃദ്രോഗം? അല്ലേയല്ല. ഹാർട്ട് അറ്റാക്കും മറ്റ് കാർഡിയോ വാസ്കുലാർ രോഗങ്ങളും സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. സ്ത്രികളെ ബാധിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ മരണത്തിനു വരെ കാരണമാകുന്നു.

ഹൃദ്രോഗസാധ്യത കൂടിയതിനാൽ സ്ത്രീകൾ സ്വന്തം ആരോഗ്യകാര്യങ്ങളിൽ നിഷ്കർഷത പുലർത്താൻ പുലർത്താൻ തുടങ്ങിയിട്ടുണ്ട്. പുരുഷനെ അപേക്ഷിച്ച് പൊതുവേ സ്ത്രീകളിൽ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാകുന്നത്. പക്ഷേ, പുരുഷന്മാരിൽ ഉണ്ടാവുന്നതുപോലെ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളിലും ഉണ്ടാവും.

പ്രധാന കാരണങ്ങൾ

പുകവലി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, പാരമ്പര്യം, പ്രായം തുടങ്ങിയ കാര്യങ്ങളാണ് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നത്. ഇത് കൂടാതെ ആർത്തവവിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.

ഹാർട്ട് അറ്റാക്കിന്‍റെ ചരിത്രം

സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ തുടർന്ന് രക്ഷപെടാനുള്ള സാധ്യത കുറവാണ്. ഇതിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഹൃദയത്തിന്‍റേയും രക്തവാഹിനിക്കുഴലുകളുടേയും വലിപ്പം വളരെ കുറഞ്ഞിരിക്കുന്നതാണ് ഇതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു ഹാർട്ട് അറ്റാക്കിനെ നേരിട്ട സ്ത്രീകൾക്ക് അടുത്ത അറ്റാക്കിനെ നേരിടാനുള്ള ക്ഷമത വളരെ കുറവായിരിക്കും. ആദ്യ അറ്റാക്കിനെ അതിജീവിച്ച 40 വയസ്സായവരോ അല്ലെങ്കിൽ അതിലും കൂടുതൽ പ്രായമുള്ളവരോ ആയ സ്ത്രീകളിൽ 43 ശതമാനവും 5 വർഷത്തിനുള്ളിൽ അടുത്ത അറ്റാക്കിനോ ഹൃദയ സംബന്ധമായ മറ്റ് അസുഖങ്ങൾക്കോ ഇരയാവുന്നു.

കൊളസ്ട്രോളിന്‍റെ ആധിക്യം

രക്തത്തിൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നതാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. രക്തത്തിലെ അധിക കൊളസ്ട്രോൾ ധമനികളുടെ ഉള്ളിലുള്ള പാളിയിൽ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. 55 കഴിഞ്ഞ സ്ത്രീകളിൽ പുരുഷനെ അപേക്ഷിച്ച് കൊളസ്ട്രോൾ നില ഉയരാനുള്ള സാധ്യതയേറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. എൽഡിഎൽ (low density lipo protein) കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) കാരണമാണ് ഹൃദ്രോഗം ഉണ്ടാവുന്നത്. എന്നാൽ എച്ച്ഡിഎൽ (high density lipo protein) കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ) ഹൃദ്രോഗസാധ്യതയെ കുറയ്ക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം

ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗമുണ്ടാകാനുള്ള ഒരു കാരണം. അമിത ശരീരഭാരമുള്ള സ്ത്രീകളിൽ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും രക്തസമ്മർദ്ദം ഉണ്ടെങ്കിൽ, ഗർഭിണികൾ, ചില പ്രത്യേക ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ, ആർത്തവവിരാമത്തിനോടടുത്തവർ എന്നിവരെല്ലാം ഉയർന്ന രക്തസമ്മർദ്ദത്തിന് ഇരയാകാൻ സാധ്യതയുള്ളവരാണ്.

വ്യായാമമില്ലായ്മ

ആക്റ്റീവായീരിക്കുകയെന്നതാണ് മികച്ച ആരോഗ്യത്തിന്‍റെ രഹസ്യം. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ശാരീരികമായ ആക്റ്റിവിറ്റികളിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് വ്യായാമത്തിലൊന്നും ഏർപ്പെടാത്തവരിലാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗസാധ്യത കണ്ടുവരുന്നത്. അതുകൊണ്ടാണ് അമിത ഭാരമുള്ളവരിൽ ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും പ്രമേഹവും ഹൃദ്രോഗവുമുണ്ടാകുന്നത്.

പ്രമേഹവും

പ്രമേഹരോഗികൾക്ക് ഹൃദ്രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ബ്ലഡ് ഷുഗർ നില അമിതമാകുന്നതോടെ ധമനികൾ സങ്കോചിച്ച് ഹൃദ്രോഗസാധ്യത കൂടുന്നു. ആർത്തവ വിരാമത്തിനു മുമ്പുള്ള പ്രകൃതിയുടെ പ്രത്യേക സംരക്ഷണം പ്രമേഹബാധിതരായ സ്ത്രീകൾക്ക് നഷ്ടപ്പെടുന്നതും രോഗത്തിലേയ്ക്ക് നയിക്കും.

ടെൻഷൻ

ജീവിതശൈലിയുലുണ്ടായ മാറ്റങ്ങൾ സ്ത്രീകളിൽ ടെൻഷനും പിരിമുറുക്കവും ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ഉദ്യോഗസ്ഥകൾക്ക് വീട്ടമ്മമാരേക്കാൾ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പറയുന്നത്. കൂടുതൽ സ്ട്രെസ്സുള്ള ജോലിയും ഉത്തരവാദിത്തവും ഹൃദ്രോഗസാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കും. മാത്രമല്ല അതിരു കടന്ന സ്ട്രെസ്സ് രക്തസമ്മർദ്ദം അമിതമാകുന്നതിന് കാരണമാവുകയും ചെയ്യും.

ഹൃദ്രോഗം നാല് തരം

സ്ത്രീകളിലും പുരുഷന്മാരിലും പലതരം ഹൃദ്രോഗങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ നാല് പ്രധാന രോഗങ്ങൾ താഴെപ്പറയുന്നു.

കൊറോണറി ആർട്ടറി ഡിസീസ്

കൊറോണറി ആർട്ടറി രോഗമാണ് ഹാർട്ട് അറ്റാക്കിന്‍റെ പ്രധാന കാരണം. ഹൃദയത്തിലെ പേശികൾക്ക് ആവശ്യമായ അളവിൽ രക്തവും ഓക്സിജനും ലഭിക്കാത്തതുമൂലമാണ് ഇതുണ്ടാവുന്നത്. ഹൃദയത്തിൽ രക്തമെത്തിക്കുന്ന ധമനികളുടെ ആന്തരികപാളികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് (കൊളസ്ട്രോൾ) ഇതിന് കാരണം. അതിന്‍റെ ഫലമായി ധമനികൾ സങ്കോചിക്കുന്നു. കൊറോണറി ആർട്ടറി രോഗം മൂലം നെഞ്ചിൽ കടുത്ത വേദനയോ ഹാർട്ട് അറ്റാക്കോ ഉണ്ടാവാം. മരണസാധ്യതയുണ്ടാവാം.

വാൽവുലാർ ഹാർട്ട് ഫെയിലർ

ഹൃദയത്തിലെ വാൽവുകളെ ബാധിക്കുന്ന രോഗമാണിത്. മിക്കവാറും ആർട്ടിക് വാൽവ് സങ്കോചിക്കുകയോ (സ്റ്റൈനോസിസ്) പിന്നീട് ഇതിൽ സ്രവമുണ്ടാവുകയോ ചെയ്യാം. വാൽവ് സ്റ്റൈനോസിസ് പൊതുവേ റ്യൂമാറ്റിക് ഹാർട്ട് ഡിസീസ് മൂലമാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ ശസ്ത്രക്രിയ ചെയ്ത് വാൽവ് മാറ്റി വെയ്ക്കേണ്ടതായി വരാം.

കൺജസ്റ്റിസ് ഹാർട്ട് ഫെയിലർ

ഹൃദയത്തിന്‍റെ അറകളിലൂടെ ഒഴുകുന്ന രക്തത്തിന്‍റെ അളവ് അസ്ഥിരപ്പെടുന്ന സ്ഥിതിവിശേഷമാണിത്. ഹാർട്ട് ഫെയിലാകാൻ പല കാരണങ്ങളുണ്ട്. കൊറോണറി ഹാർട്ട് ഡിസീസ്, ഹൃദയപേശികൾ ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം അനിയന്ത്രിതമായി തുടരുക തുടങ്ങിയ കാരണങ്ങളാൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകാതെ തന്നെ ഹാർട്ട് ഫെയിലാകാം. ഹാർട്ട് വാൽവിലുണ്ടാകുന്ന രോഗങ്ങളും വൈറൽ ഇൻഫെക്ഷനും ഹൃദയ പേശികളെ ദുർബലപ്പെടുത്താം.

കാർഡിയോ മയോപ്പതി

ഹൃദയം വേണ്ടവിധം പ്രവർത്തിക്കാത്ത സാഹചര്യമാണിത്. മൂന്നുതരം കാർഡിയോ മയോപ്പതിയുണ്ട്. ഡയലേറ്റഡ്, ഹൈപ്പർ ട്രോഫിക്, റെസ്ട്രിക്റ്റീവ്. ഇവയെല്ലാം ഹൃദയ പേശികളെ സ്വാധീനിക്കുന്നതു മൂലം പലപ്പോഴും രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്‍റെ ശേഷിയെ ചുരുക്കുന്നു.

കൊറോണറി ഹാർട്ട് ഡിസീസും വാൽവുലാർ ഹാർട്ട് ഡിസീസും കാർഡിയോ മയോപ്പതിക്കുള്ള പ്രധാന കാരണങ്ങളാണ്. രോഗി ഏതുതരം കാർഡിയോ മയോപ്പതി രോഗത്തിന് അടിമയാണെന്നതിനെ അനുസരിച്ചിരിക്കും അതിനുള്ള ചികിത്സയും. ചികിത്സയുടെ ഭാഗമായി മരുന്ന നൽകുമെങ്കിലും ശസ്ത്രക്രിയയിലൂടെ ചില പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാത്തപക്ഷം ഹൃദയം തന്നെ മാറ്റി വെക്കേണ്ടത്ര ഗുരുതരമാവും അവസ്ഥ.

എരിഥിമിയ

ഹൃദയം അനിയന്ത്രിതമായി മിടിക്കുന്ന അവസ്ഥയാണിത്. അൽപം അപകടകാരിയാണ് എരിഥിമിയ. പരിഭ്രമം, ഉറക്കക്ഷീണം, ബോധക്ഷയം, കണ്ണുകളിൽ ഇരുട്ട് കയറുക, നെഞ്ചുവേദന, ശ്വാസഗതി മാറുക എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്.

ഹൃദയാഘാത ലക്ഷണങ്ങൾ

പുരുഷന്മാരിലേതിനേക്കാൾ തികച്ചും വ്യത്യസ്തമാണ് സ്ത്രീകളിലെ ഹൃദയഘാത ലക്ഷണങ്ങൾ. എങ്കിലും ചില ലക്ഷണങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും പൊതുവായി കാണാം.

  • നെഞ്ചിൽ കടുത്ത വേദനയോ സമ്മർദ്ദമോ ഉണ്ടാവുക.
  • ശ്വാസംമുട്ടൽ, വിയർക്കൽ
  • നെഞ്ച് വരിഞ്ഞു മുറുകുക.
  • ചുമൽ, കഴുത്ത്, തുടങ്ങി കൈകളിലേക്കു വരെ വേദന പടരുക.
  • നെഞ്ചെരിച്ചിൽ അഥവാ ദഹനക്കേട് മൂലം ഛർദ്ദിയുണ്ടാവുക.
  • പെട്ടെന്ന് ഉറക്കം വരിക അല്ലെങ്കിൽ കുറച്ചു നേരത്തേക്ക് ബോധം മറയുക.

സ്ത്രീകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ

  • ദഹനമില്ലായ്മ അല്ലെങ്കിൽ ഗ്യാസിന്‍റേതു പോലെയുള്ള വേദന
  • ഉറക്കക്ഷീണം അല്ലെങ്കിൽ ഛർദ്ദി.
  • അകാരണമായി ക്ഷീണമനുഭവപ്പെടുക.
  • ചുമലുകൾക്കിടയിൽ വേദന.
  • നെഞ്ചിൽ അടിക്കടി അസ്വസ്ഥത.
  • എന്തോ അപകടം സംഭവിക്കാൻ പോകുന്നുവെന്ന തോന്നലുണ്ടാവുക.

ഈ ഘട്ടത്തിൽ വിദഗ്ധമായ വൈദ്യപരിശോധനയയ്ക്ക് വിധേയരാവുക. ബ്ലഡ് ഷുഗർ എന്നിവ പരിശോധിച്ച് അറിയണം. കൂടാതെ ഇലക്ട്രോകാർഡിയോഗ്രാഫി, ആൻജിയോഗ്രാഫി തുടങ്ങിയ വിശദമായ പരിശോധനകളും നടത്തേണ്ടി വരും. ഹൃദയസംബന്ധമായ പ്രവർത്തനങ്ങളെ വിലയിരുത്താനാണിത്.

और कहानियां पढ़ने के लिए क्लिक करें...