പുരുഷനെ മാത്രം ബാധിക്കുന്ന അസുഖമാണോ ഹൃദ്രോഗം? അല്ലേയല്ല. ഹാർട്ട് അറ്റാക്കും മറ്റ് കാർഡിയോ വാസ്കുലാർ രോഗങ്ങളും സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. സ്ത്രികളെ ബാധിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ മരണത്തിനു വരെ കാരണമാകുന്നു.
ഹൃദ്രോഗസാധ്യത കൂടിയതിനാൽ സ്ത്രീകൾ സ്വന്തം ആരോഗ്യകാര്യങ്ങളിൽ നിഷ്കർഷത പുലർത്താൻ പുലർത്താൻ തുടങ്ങിയിട്ടുണ്ട്. പുരുഷനെ അപേക്ഷിച്ച് പൊതുവേ സ്ത്രീകളിൽ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാകുന്നത്. പക്ഷേ, പുരുഷന്മാരിൽ ഉണ്ടാവുന്നതുപോലെ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളിലും ഉണ്ടാവും.
പ്രധാന കാരണങ്ങൾ
പുകവലി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, പാരമ്പര്യം, പ്രായം തുടങ്ങിയ കാര്യങ്ങളാണ് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നത്. ഇത് കൂടാതെ ആർത്തവവിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.
ഹാർട്ട് അറ്റാക്കിന്‍റെ ചരിത്രം
സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ തുടർന്ന് രക്ഷപെടാനുള്ള സാധ്യത കുറവാണ്. ഇതിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഹൃദയത്തിന്‍റേയും രക്തവാഹിനിക്കുഴലുകളുടേയും വലിപ്പം വളരെ കുറഞ്ഞിരിക്കുന്നതാണ് ഇതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു ഹാർട്ട് അറ്റാക്കിനെ നേരിട്ട സ്ത്രീകൾക്ക് അടുത്ത അറ്റാക്കിനെ നേരിടാനുള്ള ക്ഷമത വളരെ കുറവായിരിക്കും. ആദ്യ അറ്റാക്കിനെ അതിജീവിച്ച 40 വയസ്സായവരോ അല്ലെങ്കിൽ അതിലും കൂടുതൽ പ്രായമുള്ളവരോ ആയ സ്ത്രീകളിൽ 43 ശതമാനവും 5 വർഷത്തിനുള്ളിൽ അടുത്ത അറ്റാക്കിനോ ഹൃദയ സംബന്ധമായ മറ്റ് അസുഖങ്ങൾക്കോ ഇരയാവുന്നു.
കൊളസ്ട്രോളിന്‍റെ ആധിക്യം
രക്തത്തിൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നതാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. രക്തത്തിലെ അധിക കൊളസ്ട്രോൾ ധമനികളുടെ ഉള്ളിലുള്ള പാളിയിൽ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. 55 കഴിഞ്ഞ സ്ത്രീകളിൽ പുരുഷനെ അപേക്ഷിച്ച് കൊളസ്ട്രോൾ നില ഉയരാനുള്ള സാധ്യതയേറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. എൽഡിഎൽ (low density lipo protein) കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) കാരണമാണ് ഹൃദ്രോഗം ഉണ്ടാവുന്നത്. എന്നാൽ എച്ച്ഡിഎൽ (high density lipo protein) കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ) ഹൃദ്രോഗസാധ്യതയെ കുറയ്ക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം
ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗമുണ്ടാകാനുള്ള ഒരു കാരണം. അമിത ശരീരഭാരമുള്ള സ്ത്രീകളിൽ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും രക്തസമ്മർദ്ദം ഉണ്ടെങ്കിൽ, ഗർഭിണികൾ, ചില പ്രത്യേക ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ, ആർത്തവവിരാമത്തിനോടടുത്തവർ എന്നിവരെല്ലാം ഉയർന്ന രക്തസമ്മർദ്ദത്തിന് ഇരയാകാൻ സാധ്യതയുള്ളവരാണ്.
വ്യായാമമില്ലായ്മ
ആക്റ്റീവായീരിക്കുകയെന്നതാണ് മികച്ച ആരോഗ്യത്തിന്‍റെ രഹസ്യം. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ശാരീരികമായ ആക്റ്റിവിറ്റികളിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് വ്യായാമത്തിലൊന്നും ഏർപ്പെടാത്തവരിലാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗസാധ്യത കണ്ടുവരുന്നത്. അതുകൊണ്ടാണ് അമിത ഭാരമുള്ളവരിൽ ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും പ്രമേഹവും ഹൃദ്രോഗവുമുണ്ടാകുന്നത്.
പ്രമേഹവും
പ്രമേഹരോഗികൾക്ക് ഹൃദ്രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ബ്ലഡ് ഷുഗർ നില അമിതമാകുന്നതോടെ ധമനികൾ സങ്കോചിച്ച് ഹൃദ്രോഗസാധ്യത കൂടുന്നു. ആർത്തവ വിരാമത്തിനു മുമ്പുള്ള പ്രകൃതിയുടെ പ്രത്യേക സംരക്ഷണം പ്രമേഹബാധിതരായ സ്ത്രീകൾക്ക് നഷ്ടപ്പെടുന്നതും രോഗത്തിലേയ്ക്ക് നയിക്കും.