ആരോഗ്യവും സൗന്ദര്യവും ഉള്ള ശരീരം ആരും ആഗ്രഹിക്കുമല്ലോ. ഇങ്ങനെയുള്ള ശരീരം ലഭിക്കുന്നതിനായി ഓരോരുത്തരും ഓരോരോ വഴികളാണ് സ്വീകരിക്കുന്നത്. തടികുറയ്‌ക്കാനും അഴകളവുള്ള ശരീരം നിലനിർത്താനും ജിംനേഷ്യത്തിൽ പോകുന്നവരും ഹെൽത്ത് ക്ലബിൽ മെമ്പർഷിപ്പ് എടുത്തവരും സ്ലിമ്മിംഗ് സെന്‍റർ സന്ദർശിക്കാറുമുണ്ട്. ശരീരം കാത്തു സൂക്ഷിക്കുന്നതിൽ പുരുഷന്മാരും സ്‌ത്രീകളും നേരെ വച്ചു പിടിക്കുന്നത് ഹെൽത്ത് ക്ലബിലേക്കാവും. പക്ഷേ ഇത്തരം വ്യായാമ കേന്ദ്രങ്ങൾ സുരക്ഷിതമാണോ? ശാസ്‌ത്രീയമായ പരിശീലനം പലയിടങ്ങളിലും നൽകുന്നില്ല എന്നതാണ് വാസ്‌തവം. ഒരാളുടെ ശരീരപ്രകൃതിയും ആരോഗ്യസ്‌ഥിതിയും കണക്കിലെടുത്താവണം വ്യായാമത്തിന്‍റെ തോതും ഏതുതരം വ്യായാമമാണ് അനുയോജ്യമെന്നും നിശ്ചയിക്കേണ്ടത്. എല്ലാ ഹെൽത്ത് ക്ലബിലും മറ്റും ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
തടിയനങ്ങാതെ ശരീരം വഷളായ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ജിംനേഷ്യത്തിലെ യന്ത്രങ്ങൾ ഗുണം ചെയ്‌തേക്കാമെങ്കിലും, ആളുകളുടെ ഇടയിൽ ഫിറ്റ്‌നസ്സ് ട്രെന്‍റായതോടെ, മുക്കിലും മൂലയിലും ഹെൽത്ത് ക്ലബുകളും സ്ലിം സെന്‍ററുകളും മുളപൊട്ടിയിരിക്കുന്നു. ഫിറ്റ്നസിനെപ്പറ്റി മീഡിയ വ്യാപകമായ പ്രചാരണം നടത്തുന്നതും വ്യായാമ കേന്ദ്രങ്ങൾ വളർന്നു വരാൻ ഇടയാക്കിയിട്ടുണ്ട്. പല ഫിറ്റ്‌നസ്സ് സെന്‍ററുകളിലും തടി നന്നാക്കാൻ പ്രോട്ടീൻ പൗഡറുകളും മറ്റ് ഗുളികകളും നൽകുന്നുണ്ടത്രേ. ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണിവ. ജിംനേഷ്യങ്ങളിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. വ്യാജ മരുന്നുകളാണ് പലയിടങ്ങളിലും വിതരണം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രലോഭനം ഉണ്ടാക്കുന്ന പരസ്യം കണ്ടിട്ടോ അയൽക്കാരന്‍റെ ഉപദേശം സ്വീകരിച്ചിട്ടോ ഒക്കെയാണ് സ്‌ത്രീകളും പുരുഷന്മാരും തടി മെച്ചപ്പെടുത്താൻ ഫിറ്റ്‌നസ്/ ജിംനേഷ്യത്തിൽ പോകുന്നത്. ആധുനിക മെഷീനുകളുടെ സഹായത്തോടെ ശരീരത്തിന്‍റെ അഴകളവ് മെച്ചപ്പെടുത്താമെന്ന വ്യാമോഹത്തിലാണ് അവിടെ ചേരുന്നത്. ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം കൊണ്ട് ചിലർ കമനീയമായ മേനി ഉണ്ടാക്കിയെടുക്കുമെങ്കിലും ഭാവിയിൽ അത് ദോഷകരമായി തീരാറുണ്ട്. തുടക്കത്തിലെ 3- 4 മാസം വലിയ ഉത്സാഹമായിരിക്കും. പിന്നെ മടിപിടിച്ച് ഉപകരണത്തിന്‍റെ ഉപയോഗം കുറയ്‌ക്കുന്നു. അതിന്‍റെ ഫലമായി ശരീരം മുമ്പെത്തേക്കാൾ തടിവയ്‌ക്കും. പൊണ്ണത്തടിയായി തീരുന്ന വിപരീത ഫലം.
ഫലം കുറവ്, പരിക്ക് കൂടുതൽ
മുമ്പ് പല ബ്യൂട്ടിപാർലറുകളിലും തടി കുറയ്‌ക്കാനുള്ള ചില ഉപകരണങ്ങളും (സ്ലിമ്മിംഗ് ഗാഡ്‌ജറ്റുകൾ) ഉണ്ടായിരുന്നു. പക്ഷേ ജനങ്ങൾക്ക് അതിൽ താൽപര്യം കുറഞ്ഞതോടെ അതെല്ലാം അപ്രത്യക്ഷമായി. ഉപയോഗിച്ചിട്ടും ഫലം കിട്ടാത്തതിനാലാണ് പലരും അതിൽ നിന്ന് പിന്തിരിഞ്ഞത്. ഉപയോഗിച്ച മിക്കവർക്കും വിപരീത ഫലമാണ് ലഭിച്ചതും. അശാസ്‌ത്രീയമായ ഉപകരണവും അതിന്‍റെ തെറ്റായ പ്രയോഗവുമാണ് ഇതിനിടയാക്കിയത്.
ഹെൽത്ത് ക്ലബുകളിലെ വലിയ മുറിക്കുള്ളിൽ വിവിധതരം ഉപകരണങ്ങൾ നിരനിരയായി വച്ചിട്ടുണ്ടാവും. അവിടെ സ്‌ത്രീകളും പുരുഷന്മാരും വിവിധ ഉപകരണങ്ങൾ ഉപയോഗിക്കും. ഒരേ സമയം വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടുവിക്കുന്ന അശുദ്ധ വായുവും ആരോഗ്യത്തിന് ഹാനികരമാണ്. ഈ കാര്യം പക്ഷേ പലർക്കും അറിയില്ല. സത്യത്തിൽ ഇത്തരം ഉപകരണങ്ങൾ ഓപ്പൺ എയറിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. പക്ഷേ ജിംനേഷ്യം എപ്പോഴും അടച്ച മുറിയിലാവുമല്ലോ പ്രവർത്തിക്കുന്നത്.





