കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ചയുടനെ ഞാൻ വാതിലിലെ കർട്ടൻ വലിച്ചിട്ടു. ഇന്നിനി ഒരു രോഗിയേയും പരിശോധിക്കാൻ കഴിയില്ല. വീതിയേറിയ ഫ്രെയിമുള്ള കണ്ണടയൂരി മേശപ്പുറത്ത് വച്ച ശേഷം കഴുത്തിൽ തൂക്കിയിട്ടിരുന്ന സ്റ്റെതസ്കോപ്പെടുത്ത് സൈഡ് ടേബിളിൽ ഭദ്രമായി വച്ചു. അതിനുശേഷം തളർച്ചയോടെ കസേരയിലിരുന്നു. ഇന്ന് ഇതെന്‍റെ മൂന്നാമത്തെ കേസായിരുന്നു. രണ്ട് കേസുകളിൽ സിസേറിയൻ അത്യാവശ്യമായിരുന്നു. പക്ഷേ മൂന്നാമത്തെ കേസിൽ നോർമൽ ഡെലിവറിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ രോഗിക്ക് പ്രസവവേദന സഹിക്കാൻ കഴിയില്ലത്രേ. അതുകൊണ്ട് ഒടുവിൽ അവരേയും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു.

ക്ഷീണമൊന്ന് അകലും മുമ്പ് ഉടനെ ഡോറിൽ ആരോ മുട്ടി. ഞാനുടനെ കണ്ണടയെടുത്ത് അണിഞ്ഞു.

“പ്ലീസ് കമിൻ.”

“ഡോക്ടർ പ്ലീസ്… എന്‍റെ ഭാര്യയെയൊന്ന് നോക്കൂ. അവൾക്ക് തീരെ വയ്യ. വേദന സഹിക്കാൻ പറ്റുന്നില്ല.” കർട്ടന് പിന്നിൽ നിന്നും ചിലമ്പിച്ച ഒരു പുരുഷ ശബ്ദം.

ഞാനയാളെ അകത്തേക്കു വിളിച്ചു, “നോക്കൂ, എന്‍റെ ഡ്യൂട്ടി ടൈം കഴിഞ്ഞിരിക്കുകയാണ്. അവിടെ വേറെയും ഡോക്ടർമാരുണ്ടല്ലോ. ഡോക്ടർ മാലതിയും ഉടൻ എത്തും. നിങ്ങൾ അവരോട് പറയൂ.”

“ഡോക്ടർ പ്ലീസ്, എനിക്ക് ഡോക്ടറിൽ പൂർണ്ണ വിശ്വാസമാണ്. ഡോക്ടർക്ക് അവളെ രക്ഷിക്കാനാവും. ഡോക്ടറുടെ കൈകളിൽ എന്‍റെ ഭാര്യയുടെ ജീവൻ സുരക്ഷിതമായിരിക്കും. അവളുടെ സ്‌ഥിതി മോശമാണ്. പ്ലീസ് എന്തെങ്കിലും ചെയ്യൂ.” അയാൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു. ഞാൻ ഉടൻ തന്നെ സ്റ്റെത്തുമെടുത്ത് കാഷ്വാൽറ്റിയിലേക്ക് നടന്നു. എനിക്ക് അയാളുടെ അവസ്‌ഥയിൽ അലിവു തോന്നി. അയാളുടെ ഭാര്യയെ വിശദമായി പരിശോധിച്ച ശേഷം ഞാൻ അടുത്തുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിന് ചില നിർദ്ദേശങ്ങൾ നൽകി.

പുറത്ത് അയാൾ ആകാംക്ഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അയാൾ ഓടി വന്നു. “ഡോക്ടർ… ഇനി എന്താണ് ചെയ്യേണ്ടത്?”

“അല്പം കോംപ്ലിക്കേഷനുണ്ട്. നിങ്ങളുടെ കൈയിൽ അവരുടെ പഴയ ടെസ്റ്റ് റിപ്പോർട്ടുകളുണ്ടോ?”

“ഉണ്ട് ഡോക്ടർ.” ബഹുമാനപുരസ്സരം അയാൾ കൈവശം കരുതിയിരുന്ന ഫയൽ എനിക്കുനേരെ നീട്ടി. ഞാൻ അവ ഓരോന്നും വളരെ ശ്രദ്ധയോടെ പരിശോധിച്ചു.

“എന്‍റെ നിഗമനം ശരിയായിരുന്നു. കുഞ്ഞിന്‍റെ അംബ്ലിക്കൽ കോർഡ് ചുറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം ശരിയായി കേൾക്കാനും കഴിയുന്നില്ല. സോ വി മസ്റ്റ് ഡു ദി ഓപ്പറേഷൻ ഇമ്മീഡിയറ്റ്ലി. ബെറ്റർ നോട്ട് ടു ബി ലേറ്റ്.”

“ഡോക്ടർ പ്ലീസ്… എന്ത് ചെയ്താലും വേണ്ടില്ല. അവളെ രക്ഷിക്കണം. എനിക്ക് അത്രയ്ക്കും ജിവനാണവൾ.” അയാൾ എന്‍റെ കൈകളിൽ പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.

“വി വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്. നിങ്ങൾ ധൈര്യം കൈവെടിയാതിരിക്കൂ. സമാധാനിക്കൂ.” അയാളെ ആശ്വസിപ്പിച്ച ശേഷം ഞാൻ പതിയെ നടന്നു.

“മനോജ് വാസുദേവ്” പിറകിൽ നഴ്സിന്‍റെ ഉച്ചത്തിലുള്ള വിളിയുയർന്നു. ഒരു നിമിഷം എന്‍റെ കാലുകളുടെ വേഗത കുറഞ്ഞു.

“ഞാനാണ്” എന്ന് പറഞ്ഞുകൊണ്ട് അയാൾ നഴ്സിന്‍റെ അടുത്തേക്ക് ഓടി.

“നിങ്ങൾ ഈ ഫോം ഫിൽ ചെയ്ത ശേഷം കൗണ്ടറിൽ ക്യാഷ് അടച്ചോളൂ.” നഴ്സിന്‍റെ ശബ്ദമുയർന്നു.

തിരിഞ്ഞു നിന്ന് അയാളെ ഞാൻ ഒരു നിമിഷം സൂക്ഷിച്ചു നോക്കി. കുറച്ചു മുമ്പ് എന്‍റെ മുന്നിൽ ദയനീയതയോടെ നിന്ന വ്യക്‌തിയാണോ അത്. ആ പേര് കേട്ടതോടെ ഞാൻ അടിമുടി വിറച്ചു. ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന പേര്. ഈ പേര് എവിടെയെങ്കിലും വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോഴൊക്കെ ഞാൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു. ഞാനയാളെത്തന്നെ സൂക്ഷിച്ചു നോക്കി. മനോജ് എന്ന് പേര് എത്രയോ പേർക്കുണ്ടാവാം. പക്ഷേ മനോജ് വാസുദേവ് എന്ന പേര് എണ്ണപ്പെട്ടവർക്കല്ലേ കാണൂ. പറ്റെ വെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയും മുഖത്ത് അങ്ങിങ്ങായി വളർന്നിരിക്കുന്ന കുറ്റിരോമങ്ങളും മനസ്സിൽ നിന്നും മാറ്റിവച്ച് അയാളുടെ രൂപം എങ്ങനെയായിരിക്കുമെന്ന് ഞാനോർത്തു നോക്കി.

എന്‍റെ മനസ്സിൽ മറഞ്ഞു കിടന്ന വിരൂപമായ രൂപവും ഈ മുഖവും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും പോലെ മാച്ച് ചെയ്‌തു. എന്‍റെ മനസ്സിൽ വേദന കത്തിപ്പടർന്നു.

ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കാനായി ഞാനെന്‍റെ ക്യാബിനിലെത്തി. നഴ്സിനെ ഫോൺ ചെയ്ത് അയാളോട് കൺസൾട്ടിംഗ് റൂമിൽ വരാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് അയാൾ ഫോമുമായി ഓടിക്കിതച്ചെത്തി. ഫോമിന് പിന്നിൽ സ്വന്തം അഡ്രസ്സും വിദ്യാഭ്യാസ യോഗ്യതകളും പഠിച്ച വർഷവും സ്‌ഥലവും മറ്റും എഴുതാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

അയാൾ ഒരു നിമിഷം എന്നെ പകച്ചു നോക്കി. “ഡോക്ടർ, എന്‍റെ ഭാര്യയ്ക്കല്ലേ ഓപ്പറേഷൻ… പിന്നെന്തിനാണ് എന്‍റെ ഡീറ്റേയിൽസ്.”

“പറഞ്ഞത് ചെയ്യൂ” ഞാൻ ഇടയ്ക്കു കയറി പറഞ്ഞു. “ഇവിടെ ഇതൊക്കെ വേണം.”

അയാൾ ഫോമുമായി പുറത്തു പോയി ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ എഴുതി.

കുറച്ച് കഴിഞ്ഞ് അയാൾ ഡോറിൽ വീണ്ടും മുട്ടി. ഞാൻ അറ്റൻഡറെ അയച്ച് അയാളുടെ കൈയിൽ നിന്നും ഫോം വാങ്ങിപ്പിച്ചു. അതിനുശേഷം അയാളോട് പുറത്തു കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. അയാൾ ഫോമിൽ എഴുതിയ വിവരങ്ങളത്രയും വായിച്ചതോടെ എന്‍റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. എന്‍റെ മനസ്സ് കടൽ പോലെ പ്രക്ഷുബ്ധമായി. ഈ ഓപ്പറേഷൻ ഏറ്റെടുക്കണോ വേണ്ടയോ എന്നറിയാതെ എന്‍റെ മനസ്സ് ചഞ്ചലപ്പെട്ടു.

മെഡിക്കൽ എത്തിക്സ് എന്തുമായ്ക്കൊള്ളട്ടെ, ഡോക്ടർ മാനസികമായി അസ്വസ്ഥയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വ്യക്‌തിപരമായ കാരണത്താൽ താല്പര്യമില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യാൻ പാടില്ല. ഈ ഫോം മനോജിന്‍റെ മുഖത്ത് വലിച്ചെറിഞ്ഞ് ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെന്ന് പറയാനാണ് മനസ്സപ്പോൾ കൊതിച്ചത്. പക്ഷേ അങ്ങനെ ചെയ്യുന്നത് എന്‍റെ ജോലിയുടെയും മര്യാദയുടെയും ഭാഗമല്ലല്ലോ. ഞാൻ ആ ഫോം തിരികെയേല്പിച്ച് ബാക്കിയുള്ള ഔപചാരികതകൾ നിറവേറ്റാൻ അയാളോട് ആവശ്യപ്പെട്ടു.

കുറച്ചു കഴിഞ്ഞ് ഞാൻ ബാഗുമെടുത്ത് ആശുപത്രിക്ക് പിന്നിലുള്ള ക്വാർട്ടേഴ്സിലേക്ക് നടന്നു. ബെഡ്റൂമിൽ കയറി വേഷം പോലും മാറാതെ ഏറെനേരം കട്ടിലിൽ കിടന്നു. വേലക്കാരി ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് എടുത്തു വച്ചിരുന്നു. എന്നാൽ മനസ്സ് അസ്വസ്ഥത കൊണ്ട് നീറി പുകഞ്ഞതിനാൽ എനിക്കൊന്നിനും ഒരു മൂഡ് തോന്നിയില്ല. എന്‍റെ വേദനകൾ പങ്കുവയ്ക്കാൻ ഇന്നെനിക്ക് ആരുമില്ല. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളിൽ ഞാൻ എടുത്തെറിയപ്പെട്ടു.

10 വർഷം. ആരുടേയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ആ കാലയളവ് പര്യാപ്തമാണ്. ആ 10 വർഷം എന്നെ മറ്റൊരാളാക്കി മാറ്റുമായിരുന്നില്ലേ… അതിന് കാരണക്കാരൻ അയാളല്ലേ… അയാൾ മാത്രം.

അന്ന് ഞാൻ കേന്ദ്രീയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശക്തമായ ലക്ഷ്യങ്ങളും മോഹങ്ങളുമുള്ള ഒരു വിദ്യാർത്ഥിനി. സ്കൂളിൽ ആനുവൽഡേ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുന്ന സമയം. പലപ്പോഴും പരിപാടികളുടെ റിഹേഴ്സൽ വൈകുന്നേരങ്ങളിലായതിനാൽ വീട്ടിൽ വളരെ വൈകിയേ എത്തിയിരുന്നുള്ളൂ. സ്കൂളിനും വീടിനുമിടയിലുള്ള വഴി വിജനമായതിനാൽ ഞങ്ങൾ മൂന്നുനാല് കൂട്ടുകാരികൾ ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

അന്നും പതിവു പോലെ റിഹേഴ്സൽ കഴിഞ്ഞ് കൂട്ടുകാരികളേയും കാത്ത് നിൽക്കുമ്പോഴാണ് ഞങ്ങളുടെ ബാച്ച്മേറ്റായ അവൻ  എന്‍റെയടുത്ത് വന്നു നിന്നത്.

“ആരെയോ വെയ്റ്റ് ചെയ്യുകയാണെന്നു തോന്നുന്നു?” അവൻ പുഞ്ചിരിച്ചു.

ഞാൻ പതിയെ തലയാട്ടി. നേരം വൈകുന്നതിന്‍റെ അസ്വസ്ഥതയായിരുന്നു അപ്പോൾ എന്‍റെ മനസ്സ് മുഴുവനും. കൂട്ടുകാരികൾ വരുന്നതും നോക്കി നിന്നതിനാൽ അവന്‍റെ സാന്നിധ്യം എന്നെ വീർപ്പു മുട്ടിച്ചു.

എന്നിട്ടും അവൻ അവിടെത്തന്നെ നിലയുറപ്പിച്ചു. എന്നെത്തന്നെ നോക്കി നിന്നു. അല്പം കഴിഞ്ഞ് അവൻ വീണ്ടും പറഞ്ഞു, “എത്രനേരം വെയ്റ്റ് ചെയ്യും, വാ നിന്നെ ഞാൻ ബൈക്കിൽ ഡ്രോപ് ചെയ്യാം. ഞാനും ആ വഴിക്കല്ലേ, വാ…”

മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു. “ഞാൻ വരാം.”

അപ്പോഴേക്കും കൂട്ടുകാരികൾ എന്‍റെയടുത്തേക്ക് ഓടി വന്നു. അവൻ ഉടനെ തന്നെ അവിടെ നിന്നു പോയി. എന്‍റെ പരുങ്ങൽ കണ്ടിട്ടാകണം. കൂട്ടുകാരികൾ പരസ്പരം കണ്ണിറുക്കി കൊണ്ട് എന്നെ കളിയാക്കി.

“ആള് വലിയ ഹാൻഡ്സം ആണല്ലോടീ… നിന്‍റെ ബോയ്ഫ്രണ്ടാ?”

“ഒന്ന് പോടീ, ഞാനവനെ അറിയത്തു പോലുമില്ല, അവൻ കൊണ്ടുവിടാമെന്ന്…”

“ആദ്യമാദ്യം ഇങ്ങനെയാ തുടങ്ങുന്നത്. അവനാരാണെന്ന് അറിയാമോ?”

“ഞാൻ എന്തിനറിയണം.” എനിക്ക് ദേഷ്യം വന്നു.

“എന്നാലും പറയട്ടെ… അവൻ വൈസ് പ്രിൻസിപ്പാളിന്‍റെ മകനാ. മനോജ് വാസുദേവ് എന്നാ പേര്. ആള് കൊള്ളാം. അല്ലേടീ?”

എനിക്കവരോട് ദേഷ്യം തോന്നി. “ഒന്ന് നിർത്ത്, ഞാൻ തന്നെ പൊയ്ക്കോളാം.”

“അവന്‍റെ കൂടെയോ…” കൂട്ടുകാരികളിലൊരുവൾ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

ആ സംഭവത്തിനു ശേഷം ഞാൻ എപ്പോഴും കൂട്ടുകാരികളുടെ നിഴൽ പറ്റി നടക്കാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. കൂട്ടം തെറ്റാതെ നടക്കുന്ന ആട്ടിൻ കുട്ടിയെപ്പോലെ. അതുകൊണ്ട് അവന് എന്‍റെയടുത്ത് വന്ന് സംസാരിക്കാൻ കഴിയാതെയായി.

ആനുവൽഡേ ഫംഗ്ഷൻ കഴിഞ്ഞയുടനെ അവൻ ഒരു പൂച്ചെണ്ടുമായി എന്‍റെയരികിൽ ഓടിയെത്തി. അവനെ കണ്ടതോടെ എന്‍റെ മുഖത്തെ സന്തോഷമെല്ലാം മാഞ്ഞുപോയി. കൂട്ടുകാരികളിലൊരുവൾ പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തി, “എടീ നിന്‍റെ റോമിയോ നിനക്ക് തരാൻ പൂച്ചെണ്ടുമായാണല്ലോ വന്നിരിക്കുന്നത്.”

“ഒന്ന് പോടീ,” എന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

പുഞ്ചിരിച്ചു കൊണ്ട് അടുത്തെത്തിയ അവൻ എനിക്കു നേരെ പൂച്ചെണ്ട് നീട്ടി. “കുട്ടിയുടെ നല്ല പെർഫോമൻസിനു വേണ്ടി കുട്ടിക്കും കൂട്ടുകാർക്കും ഞാനൊരു ട്രീറ്റ് തരുന്നുണ്ട്.”

ഞാൻ അവന്‍റെ മുഖത്തു പോലും നോക്കാതെ മനസ്സില്ലാമനസ്സോടെ പൂച്ചെണ്ട് വാങ്ങി ക്ലാസ്റൂമിലേക്ക് നടന്നു. പിന്നീട് ആരും കാണാതെ പൂച്ചെണ്ട് ദൂരെയെറിഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. അവൻ എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തി എന്‍റെയടുത്ത് വരുന്നത് പതിവാക്കി. ചില സാഹചര്യങ്ങളിൽ അവൻ മോശപ്പെട്ട എന്തോ ചേഷ്ടകൾ കാട്ടി. മറ്റു ചിലപ്പോൾ ഗൂഢമായ മന്ദസ്മിതം അവന്‍റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൻ അവസരം കിട്ടുമ്പോഴൊക്കെ ചോദിച്ചു, “എന്നാ ട്രീറ്റിന് വരുന്നത്?”

അതൊക്കെ കണ്ട് അസ്വസ്ഥമായ മനസ്സോടെ ഞാൻ നടന്നു. അവനെ കാണുന്നതേ എനിക്ക് ഭയമായിരുന്നു. പക്ഷേ… ഒരിക്കൽ അവൻ എനിക്കൊരു കത്തയച്ചു. അതിപ്രകാരമായിരുന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണ്. എന്‍റെ മനസ്സ് മുഴുവനും നീയാണ്. ട്രീറ്റെന്ന് പറഞ്ഞത് വെറുതെയായിരുന്നു. നിന്നെ തനിച്ചു കണ്ട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്. നിനക്കും എന്നെ ഇഷ്ടമാണെന്ന് അറിയാം. പെൺകുട്ടികൾ പൊതുവെ പ്രണയം തുറന്നു പറയുകയില്ലല്ലോ. ഒരു തവണയെങ്കിലും നമുക്ക് തനിച്ച് സംസാരിക്കണം. അല്ലെങ്കിൽ എനിക്ക് എക്സാം എഴുതാൻ കഴിയില്ല. ആ സുവർണ്ണാവസരത്തിന് കാത്തിരിക്കുകയാണ് ഞാൻ. റിപ്ലൈ ഉടൻ തരണം.”

എനിക്കവന്‍റെ ധൈര്യവും ആത്മവിശ്വാസവും കണ്ടിട്ട് അരിശം വന്നു. പ്രിൻസിപ്പാളിനെ കണ്ട് ഇക്കാര്യം പരാതിപ്പെട്ടാലോയെന്നു വരെ ആലോചിച്ചതാണ്. പക്ഷേ അതുകൊണ്ട് പ്രശ്നം കൂടുതൽ വഷളായാലോ എന്നു വിചാരിച്ചതിനാൽ ഞാനതിന് മുതിർന്നില്ല. അവന് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ എനിക്കോ…

അതിന് രണ്ട് ദിവസത്തിനു ശേഷം അവൻ ചില കൂട്ടുകാരേയും കൂട്ടി സ്കൂൾ ഗെയ്റ്റിന് സമീപത്തായി നിലയുറപ്പിച്ചു. അവനെ കണ്ട മാത്രയിൽ ഞാൻ അസ്വസ്ഥയായി. പക്ഷേ ആ ഗെയ്റ്റിലൂടെ വേണം എനിക്ക് പുറത്തു കടക്കാൻ. എന്നെ കണ്ടയുടനെ അവൻ എനിക്കൊപ്പം നടന്നു, “നീ എനിക്ക് മറുപടി തന്നില്ലല്ലോ?”

അവന്‍റെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. ഞാൻ പേഴ്സ് തുറന്ന് അവന്‍റെ കത്തെടുത്ത് പിച്ചിച്ചീന്തി അവന്‍റെ മുഖത്തെറിഞ്ഞു.

“ഇതാ നിന്‍റെ മറുപടി. ഇനിയെന്നെ ശല്യം ചെയ്യരുത്. ഞാനിത് പ്രിൻസിപ്പാളിന് കംപ്ലയിന്‍റ് ചെയ്യും.” ഞാൻ ദേഷ്യത്തോടെ മുന്നോട്ട് നടന്നു.

ഒരു ദിവസം ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അവൻ എന്‍റെ പിന്നാലെ വന്നു.

നേരം ഇരുട്ടാൻ ഇനി കുറച്ചു സമയം മാത്രം. അവനെ കണ്ടമാത്രയിൽ ഞാൻ കോപം കൊണ്ട് വിറച്ചു.

“ഞാൻ നിന്നോട് സോറി പറയാൻ വന്നതാ. പ്ലീസ് ഞാൻ പറയുന്നത് കേൾക്കണം. ഇനി ഞാനൊരിക്കലും അങ്ങനെ പെരുമാറുകയില്ല.”

അവന്‍റെ വാക്കുകൾ കേട്ട് ഞാൻ നിന്നു. ഞാനവനെ ഉറ്റുനോക്കി. പെട്ടെന്ന് അവന്‍റെ ഭാവം മാറി. “നിനക്ക് നിന്‍റെ സൗന്ദര്യത്തിൽ വലിയ അഹങ്കാരമാണല്ലേ. ഇതാ ഒരു സമ്മാനം.” എന്നു പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ കരുതിയിരുന്ന ആസിഡ് കുപ്പി എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിമറഞ്ഞു.

അപ്രതീക്ഷിതമായിരുന്നു ആക്രമണം. എന്‍റെ മുഖവും കൈകളും പൊള്ളി. വേദന കൊണ്ട് നിലവിളിച്ച ഞാൻ ബോധരഹിതയായി നിലത്തു വീണു.

പിന്നീട്… കണ്ണു തുറന്നപ്പോൾ ഞാൻ ഏതോ ആശുപത്രിയിലെ വാർഡിലായിരുന്നു. എന്‍റെ മുഖവും ശരീരത്തിലെ പല ഭാഗങ്ങളും പൂർണ്ണമായും പൊള്ളിയിരുന്നു. ആ യാഥാർത്ഥ്യം ഞാൻ വലിയൊരു ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. ആരും തിരിച്ചറിയാത്തവണ്ണം മുഖം മാറിയിരുന്നു. വേദന കൊണ്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല.

ഈ സംഭവത്തിനു ശേഷം എനിക്ക് ആ വർഷം പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. പൂർണ്ണമായും ഇരുട്ടറയിൽ അടയ്ക്കപ്പെട്ട അവസ്‌ഥ. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഞാൻ ഭയപ്പെട്ടു. പപ്പയും അമ്മയും എന്‍റെ അവസ്‌ഥ കണ്ട് കരഞ്ഞു കൊണ്ടിരുന്നു. ഒരു പക്ഷേ അനിശ്ചിതമായ എന്‍റെ ഭാവിയെ ഓർത്തായിരുന്നു അവർ ഏറെ സങ്കടപ്പെട്ടിരിക്കുക.

എങ്കിലും അവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. പ്ലാസ്റ്റിക് സർജറി വഴി എന്‍റെ മുഖസൗന്ദര്യം വീണ്ടെടുക്കാൻ അവർ പണം വാരിക്കോരി ചെലവഴിച്ചു. എല്ലാം ശരിയായെങ്കിലും മനസ്സിനേറ്റ മുറിവ് ഒരു പാടായി അവശേഷിച്ചു. എന്‍റെ മുഖം മാറിയിരുന്നു. പുരികക്കൊടിയിലേയും കൺപോളയിലേയും രോമങ്ങൾ വളർന്നില്ല.

പപ്പായുടെ ആഗ്രഹപ്രകാരം ഞാനാ നഗരം വിട്ടു. അമ്മാവിയുടെ കൂടെ താമസിച്ച് പിറ്റേ വർഷം 12-ാം ക്ലാസ് പരീക്ഷയെഴുതി. ഒരുതരം അജ്ഞാതവാസമായിരുന്നു അത്.

സ്ത്രീയുടെ സൗന്ദര്യമത്രയും കണ്ണുകളിലാണ് തെളിഞ്ഞു നിൽക്കുന്നത്. പക്ഷേ എിക്കതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എന്‍റെ മുന്നിൽ ഒരേയൊരു ചോയിസ് മാത്രമാണുണ്ടായിരുന്നത്.

വിവാഹമെന്നത് ഒരു സങ്കല്പം മാത്രമായിരിക്കും എനിക്കിനി. അതുകൊണ്ട് എങ്ങനേയും പഠിച്ച് സ്വന്തം ഐഡന്‍റിറ്റിയുണ്ടാക്കുക. കളിക്കാനും ചിരിക്കാനും എന്നേ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ഒരു മരപ്പാവ, ചുറ്റുമുള്ള നിറപ്പകിട്ടുകളൊന്നും ഞാൻ മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കിൽ എന്‍റെ മനസ്സിന് അതെല്ലാം അന്യമായിക്കഴിഞ്ഞിരുന്നു.

എന്‍റെ അവസ്‌ഥ അറിയാനോ, എന്‍റെ വിഷമങ്ങൾ അറിയാനോ ആർക്കും സമയമുണ്ടായിരുന്നില്ല. ജീവിതം എനിക്കൊരു വെല്ലുവിളിയായി. സ്വന്തമായ ഒരു അസ്തിത്വം ഉണ്ടാക്കിയെടുക്കാനാണ് ഞാൻ എംബിബിഎസ് ചെയ്‌തത്. ഈ നഗരത്തിലെ പേരു കേട്ട ഡോക്ടറായത്. ജീവിതത്തിന്‍റെ ദിശയെ കാലമെപ്പോൾ മാറ്റിമറിക്കുമെന്ന് പറയാനാവില്ല.

മഴവില്ലു പോലെ ഭംഗിയാർന്ന പുരികക്കൊടികൾ, വിടർന്ന കണ്ണുകൾ, കറുത്തിരുണ്ട് കേശഭാരം, വാക്സിംഗ് ചെയ്ത് മിനുക്കിയ കൈകൾ, കവിളിണയിലെ ചെഞ്ചായം, കാതുകളിൽ തൂങ്ങുന്ന ലോലാക്കുകൾ, കണ്മഷിയെഴുതി കറുപ്പിച്ച കണ്ണുകൾ തുടങ്ങി മനോഹരങ്ങളായ പദങ്ങൾ എനിക്ക് നിർജീവങ്ങളായ യാഥാർത്ഥ്യങ്ങൾ മാത്രമായിരുന്നു.

വസ്ത്രങ്ങൾ കൊണ്ട് ശരീരഭാഗങ്ങളെ മറയ്ക്കാനാവും. പക്ഷേ ഈ മുഖവും മനസ്സും… ഇന്നും ആ വേദനയെ പേറുന്ന…

നീളൻ ബ്ലൗസ് അണിഞ്ഞാണ് കൈകളിലെ പൊള്ളലിനെ മറച്ചത്. വീതിയേറിയ കണ്ണട ഫ്രെയിമിനുള്ളിൽ മുഖത്തെ ഒട്ടുമുക്കാൽ വൈരൂപ്യവും മറഞ്ഞു കിടന്നു, ഉള്ളിലെ വേദനയെ മറയ്ക്കാനായി പ്രൊഫഷനെ മാത്രം സ്നേഹിച്ചവൾ…

ഏകാന്തതയെ മാത്രം ഇഷ്ടപ്പെടാൻ നിർബന്ധിക്കപ്പെട്ട ജീവിതം. പരമാവധി മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാനായിരുന്നു എനിക്കിഷ്ടം. അതെനിക്ക് ഒരു ഒളിച്ചോട്ടമായിരുന്നു.

വാതിലിലെ മുട്ട് കേട്ടതോടെ ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. 4 മണിയായിരിക്കുന്നു. ഓപ്പറേഷന് സമയമായി. ആസിഡ് വീണ് പൊള്ളലേറ്റിട്ട് 10 വർഷമായെങ്കിലും ഇന്നത് കഠിന വേദനയായി മനസ്സിനെ ചുറ്റിപ്പിണയുകയായിരുന്നു. നിസ്സംഗമായ മനസ്സോടെ ഞാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. കടുത്ത തലവേദന. മുന്നോട്ടുള്ള ഓരോ ചുവടുവയ്പും എനിക്ക് ഭാരമുള്ളതായിരുന്നു.

വേദനകളെ മനസ്സിൽ നിന്നും ആട്ടിപ്പായിക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ട് ഞാൻ നിശബ്ദയായി സ്വന്തം കൺസൾട്ടിംഗ് റൂമിലെത്തി. ഇന്നെനിക്ക് ആരേയും പരിശോധിക്കാൻ വയ്യ. റൂമിലെത്തിയ ഉടൻ തന്നെ ഡോ. മാലതിയുടെ ഫോൺ വന്നു. മനോജിന്‍റെ ഭാര്യയുടെ കേസിൽ കുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂവത്രേ. ലേബർ റൂമിനും ഓപ്പറേഷൻ തീയറ്ററിനും തൊട്ടടുത്തായിരുന്നു എന്‍റെ കൺസൾട്ടിംഗ് റൂം. അതുകൊണ്ട് കോറിഡോറിൽ മനോജിന്‍റെയും ബന്ധുക്കളുടേയും അടക്കിപ്പിടിച്ച കരച്ചിലുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഈ കേസ് ഞാനാണ് അറ്റൻഡ് ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ അയാളെന്നെ തിരിച്ചറിയുമായിരുന്നു. മാത്രമല്ല, ഭാര്യയുടെ മരണത്തിന് ഞാൻ ഉത്തരവാദിയാണെന്ന് അയാൾ ആരോപിക്കുകയും ചെയ്തേനേ.

ഈ കേസ് ഏറ്റെടുക്കാതിരുന്നത് എത്ര നന്നായെന്ന് ഞാനോർത്തു. അല്ലായിരുന്നെങ്കിൽ എനിക്ക് എന്നോടു തന്നെ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞ് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ മനോജ് വാസുദേവ് എന്‍റെ മുറിയിലെത്തി. അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഞാൻ സൂക്ഷിച്ചു നോക്കി.

“എനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ കേസ് ഡോക്ടർ തന്നെ അറ്റൻഡ് ചെയ്യണമെന്ന് ഞാൻ പറഞ്ഞത്. ഡോക്ടർക്ക് താല്പര്യമില്ലായിരുന്നുവെങ്കിൽ പിന്നെന്തിനാ എന്ന ആശ്വസിപ്പിച്ചത്. നിങ്ങളെന്നെ ചതിക്കുകയായിരുന്നു, എനിക്കറിയാം. എനിക്ക് നിങ്ങളോട് വെറുപ്പു തോന്നുന്നു ഡോക്ടർ.” എന്നു പറഞ്ഞുകൊണ്ട് അയാൾ കൊടുങ്കാറ്റ് കണക്കേ പുറത്തേക്ക് പോയി.

ഞാൻ പറയുന്ന ന്യായങ്ങളൊന്നും ആ സമയത്ത് വിലപ്പോകില്ല. അയാളുടെ വാക്കുകൾ മുള്ളുകളായി എന്‍റെയുള്ളിൽ തറഞ്ഞു. എനിക്ക് വേണമെങ്കിൽ അയാളുടെ വാക്കുകൾക്ക് മറുപടി നൽകാമായിരുന്നു. പക്ഷേ സ്വന്തം പദവിയുടെ മഹത്വത്തെ ഓർത്ത് മൗനം പാലിക്കുകയായിരുന്നു ഞാൻ.

കഴിഞ്ഞു പോയ സംഭവം പോലെ ഇതും ഞാൻ മറക്കാൻ ആഗ്രഹിച്ചിരിക്കെ അയാൾ ഒരു ദിവസം നിനച്ചിരിക്കാതെ എന്നെ കാണാനായി വന്നു. വന്നപാടെ അയാൾ നിശബ്ദനായി എന്‍റെ മുന്നിലുള്ള കസേരയിൽ ഇരുന്നു. കണ്ണുകളിൽ ദയനീയഭാവം, “ഡോക്ടർ, അന്നത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഭാര്യയുടെ മരണവിവരമറിഞ്ഞപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഭാര്യയുടെ ഓർമ്മയ്ക്കായി ഞാൻ ഒരു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിക്കു വേണ്ടി നൽകാൻ ആഗ്രഹിക്കുകയാണ്.” എന്ന് പറഞ്ഞ ശേഷം അയാൾ നിശബ്ദനായി. ഞാൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നുമെഴുന്നേറ്റു പോയി.

മനോജ് ആശുപത്രിയിൽ വരുമ്പോഴൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി എന്നെ കാണാൻ ശ്രമിച്ചിരുന്നു. പലപ്പോഴും ഞാൻ എന്തെങ്കിലും തിരക്ക് അഭിനയിച്ച് അയാളുടെ സാന്നിധ്യം ഒഴിവാക്കാൻ നോക്കും. വർത്തമാനത്തിനിടെ അയാൾ പലപ്പോഴും അയാളുടെ ഭാര്യയെക്കുറിച്ച് സംസാരിച്ചു. ഞാൻ ഈ കേസ് ഏറ്റെടുത്തിരുന്നുവെങ്കിൽ അയാളുടെ ഭാര്യ രക്ഷപ്പെടുമായിരുന്നുവെന്ന് അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ കുളി കഴിഞ്ഞ് വെയിലത്ത് ഇരുന്ന് മുടി ഉണക്കിക്കൊണ്ടിരിക്കെ മനോജ് ഗെയ്റ്റ് കടന്നു വരുന്നത് കണ്ട് ഞാൻ പകച്ചു നിന്നു. പൊടുന്നനെ അടുത്തു കിടന്ന ഷാൾ എടുത്ത് ഞാൻ ശരീരമാസകലം പുതയ്ക്കാൻ ശ്രമിച്ചു. അയാൾ സമ്മാനിച്ച മുറിവ് അയാളെ കാണിക്കാനും മറയ്ക്കാനും ഞാൻ ഒരുപോലെ ആഗ്രഹിച്ചിരുന്നു. പക്ഷേ…

അയാൾ പതിയെ എന്‍റെയരികിലെത്തി. “ഡോക്ടർ…?”

“നിങ്ങളോ?” ഞാനയാളെ അഭിമുഖീകരിക്കാതിരിക്കാൻ ശ്രമിച്ചു. അയാളെ കണ്ടപ്പോൾ മനസ്സിൽ വെറുപ്പ് കുമിഞ്ഞു കൂടി.

“ഡോക്ടർ…” അയാൾ എനിക്കഭിമുഖമായി ഇരുന്നു കൊണ്ട് പറഞ്ഞു. “നാളെ എന്‍റെ മൂത്ത മകളുടെ ജന്മദിനമാണ്. അതുകൊണ്ട് ഡോക്ടർ നാളെ എന്‍റെ വീട്ടിൽ വരണം.” പറഞ്ഞു കൊണ്ട് അയാൾ തന്‍റെ പോക്കറ്റിൽ കിടന്ന വിസിറ്റിംഗ് കാർഡ് എടുത്ത് ടീപ്പോയിൽ വച്ചു.

മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിൽ ഞാനത് അപ്പോഴേ നിരാകരിക്കുമായിരുന്നു. പക്ഷേ അയാളെന്‍റെ താമസസ്‌ഥലത്ത് വന്ന സ്‌ഥിതിക്ക്… എങ്കിലും ഞാൻ വിനയപ്പുരസ്സരം പറഞ്ഞു, “താങ്ക്യൂ, ഞാൻ ഫംഗ്ഷനിലൊന്നും പങ്കെടുക്കാറില്ല.”

“എന്താ ഡോക്ടർ? അസൗകര്യം വല്ലതും? അമ്മയില്ലാത്ത കുഞ്ഞല്ലേ അവൾ. ഡോക്ടറെ കാണുമ്പോൾ അവൾക്ക് സന്തോഷമാകും.”

ഞാനയാളെത്തന്നെ ഒരുനിമിഷം നോക്കി നിന്നു.

“നിങ്ങൾക്ക് താല്പര്യം തോന്നുന്ന വിധത്തിൽ ഞാനെന്‍റെ തീരുമാനങ്ങൾ മാറ്റണം അല്ലേ,” എന്‍റെ ശബ്ദം കനത്തു. “നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഞാൻ പ്രവർത്തിക്കണം. അല്ലെങ്കിൽ നിങ്ങൾ എന്തും പ്രവർത്തിച്ചു കളയും… ആരോടും…”

“ഡോക്ടർ, ഞാൻ അതല്ല ഉദ്ദേശിച്ചത്. ഡോക്ടർക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട, പക്ഷേ ഡോക്ടറെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.”

“ബഹുമാനം…” ഇതുവരെയുണ്ടായിരുന്ന സകല നിയന്ത്രണവും ഭേദിച്ചു കൊണ്ട് എന്‍റെ ശബ്ദമുയർന്നു. “നിങ്ങളെന്നാണ് ബഹുമാനിക്കാൻ പഠിച്ചത്. ബഹുമാനമെന്താണെന്ന് നിങ്ങൾക്കറിയാമോ? 10 വർഷം മുമ്പ് ഒരിക്കൽ നിങ്ങൾ എന്നെ ബഹുമാനിച്ചതിന്‍റെ ഫലമാ ഇക്കാണുന്നത്.” എന്നു പറഞ്ഞുകൊണ്ട് ഞാനെന്‍റെ ഷോൾ മാറ്റി.

അയാൾ ഒരു നിമിഷം സ്തബ്ധനായി നിന്നു.

“ഡോക്ടർ, നിങ്ങൾ ഓപ്പറേഷന് വിസമ്മതിച്ച ദിവസം തന്നെ ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അന്ന് ദേഷ്യപ്പെട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ വീട്ടിൽ ചെന്ന് ആലോചിച്ചപ്പോഴാണ് ഡോക്ടർ ചെയ്തതാണ് ശരിയെന്ന് എനിക്ക് ബോധ്യമായത്. എന്‍റെ ഭാര്യയുടെ മരണം എനിക്ക് കടുത്ത ആഘാതമായിരുന്നു. പക്ഷേ അതിലും വലിയ വേദനയായിരുന്നു ഡോക്ടറെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായത്. അതുകൊണ്ടാണ് മനഃപൂർവ്വം ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ഡോക്ടറെ കാണാൻ ഇടയ്ക്കിടെ വന്നത്.”

“ഞാൻ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണ്. അന്ന് എന്‍റെ കൈയും പൊള്ളിയിരുന്നു. ആ വർഷം പരീക്ഷ എഴുതാനും കഴിഞ്ഞില്ല. പോലീസ് കേസും കാര്യങ്ങളുമായി… ഞാൻ ആ സംഭവത്തിൽ ശരിക്കും വേദനിച്ചിരുന്നു. നിങ്ങൾ എത്രമാത്രം വേദനയനുഭവിച്ചിരിക്കണമെന്ന് ഞാൻ ഊഹിച്ചു. ഞാൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ എത്തിയപ്പോഴേക്കും നിങ്ങൾ എവിടേക്കോ പോയി. അതിനു ശേഷം എന്‍റെ ശ്രദ്ധ മുഴുവനും പഠനത്തിലായിരുന്നു. ഞാനിന്ന് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡയറക്ടറാണ്. സുഖസൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഞാനിന്ന് തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.” വാക്കുകൾ മുഴുമിപ്പിക്കും മുമ്പേ അയാൾ തേങ്ങിക്കരയാൻ തുടങ്ങി. ഞാൻ കല്ലുപോലെ മരവിച്ചു നിന്നു.

“ഞാൻ ചെയ്ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഡോക്ടർ, നിങ്ങൾ അനുഭവിച്ച എല്ലാ വേദനയ്ക്കും പകരമായി ഞാൻ നിങ്ങളെ സ്വീകരിക്കാൻ ആഗ്രഹിക്കുകയാണ്… എന്‍റെ ജീവിതത്തിലേക്ക്.. ഡോക്ടർക്ക് സമ്മതമാണെങ്കിൽ…” അയാൾ തെല്ലൊരു സങ്കോചത്തോടെ എന്നെ നോക്കി.

എന്‍റെ മുഖത്ത് വെറുപ്പ് പടർന്നു. പേശികൾ വലിഞ്ഞു മുറുകി… “എനിക്ക് വേണ്ടതെല്ലാം നിങ്ങൾക്ക് തരാൻ കഴിഞ്ഞേക്കാം… പക്ഷേ ഞാനേറെ സ്വപ്നം കണ്ടു നടന്ന… എന്‍റെ കഴിഞ്ഞു പോയ ദിവസങ്ങളെ മടക്കിത്തരാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾ കാരണം എന്‍റെ അസ്തിത്വം, സൗന്ദര്യം… എല്ലാം എല്ലാം നഷ്ടമായില്ലേ… ഉരുകിയുരുകി ജീവിക്കാൻ വിധിക്കപ്പെട്ടില്ലേ… എന്‍റെ സ്‌ഥാനത്ത് നിങ്ങളായിരുന്നുവെങ്കിലോ?”

ഇക്കാലമത്രയും കെട്ടിനിർത്തിയ എന്‍റെ സങ്കടം മലവെള്ളപ്പാച്ചിൽ കണക്കേ കണ്ണീരായ് ഒഴുകി… അവസാനിക്കാത്ത ഒഴുക്കു പോലെ അത് പ്രവഹിച്ചു കൊണ്ടിരുന്നു… ഇടറിയ ചുവടുവയ്പുകളോടെ അയാൾ നടന്നകലുന്നത് കണ്ണുനീർ മറയ്ക്കുള്ളിൽ ഞാൻ അറിഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...