മെയിൽ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു നിഖിൽ. മൂത്ത സഹോദരൻ അഖിൽ ഏറെ നാളുകൾക്കു ശേഷം വിവാഹത്തിനു സമ്മതം മൂളിയതോടെ സൂന്ദരിയും സുശീലയും സദ്ഗുണസമ്പന്നയുമായ വധുവിനായുള്ള തിരച്ചിലിലായിരുന്നു അമ്മ ദേവികയും നിഖിലും. വിദ്യാഭ്യാസം, പ്രായം, കുടുംബമഹിമ എല്ലാം ഒത്തിണങ്ങിയ ഒരാളാവണം മരുമകളെന്ന് ദേവികയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
അഖിൽ മുംബൈയിൽ നിന്നും ഐഐടി എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ഐഐഎമ്മിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിരുന്നു. പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ പ്രശസ്തമായ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഒരു ലക്ഷം മാസവരുമാനമുള്ള ഒരു ഉദ്യോഗവും കിട്ടി.
ആകർഷകമായ വ്യക്തിത്വം. ഭവ്യമായ പെരുമാറ്റം, ഗൗരവം വിട്ടു മാറാത്ത മുഖഭാവം… ഒറ്റനോട്ടത്തിൽ തന്നെ അഖിലിനെ ആർക്കും ഇഷ്ടമാവും. നിഖിൽ ഇന്‍റർനെറ്റിലെ ഒരു മാട്രിമോണിയൽ ഏജൻസിയിൽ അഖിലിന്‍റെ പേരും രജിസ്റ്റർ ചെയ്‌തു. വിദ്യാസമ്പന്നരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും ധാരാളം വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു.
ഭാവി മരുമകളെക്കുറിച്ച് ദേവിക വലിയ സങ്കല്പങ്ങൾ വച്ചു പുലർത്തിയിരുന്നു. മരുമകളെക്കുറിച്ച് സുഹൃത്തുക്കളോടു പറയുമ്പോൾ ദേവികയ്ക്ക് നൂറു നാവായിരിക്കും. “എന്‍റെ മരുമകൾ അതീവ സൂന്ദരിയും സർവ്വഗുണസമ്പന്നയുമായിരിക്കും. എന്‍റെ മകനും ഒട്ടും മോശക്കാരനല്ലല്ലോ…” ദേവിക പറയും.
“ദേവികചേച്ചീ, കാലം മഹാമോശമാണ്. നോക്കിയും കണ്ടുമൊക്കെ മരുമകളെ സെലക്ട് ചെയ്‌താൽ മതി. വെറുതെ സൗന്ദര്യം കണ്ട് സമ്മതം മൂളല്ലേ! സ്വല്പമൊരു തൊലിവെളുപ്പുണ്ടെങ്കിൽ ഭൂലോകസുന്ദരിയെന്നാണ് ചിലരുടെയൊക്കെ ഭാവം. ഇത്തരക്കാർക്ക് മറ്റുള്ളവരെ ബഹുമാനിക്കാനോ നന്നായി പെരുമാറാനോ പോലുമറിയില്ല.” കൂട്ടുകാരികളിൽ ചിലർ ഏഷണി പറയും.
“നിങ്ങളാരും വിഷമിക്കേണ്ട, പത്തിൽ പത്തും പൊരുത്തമുള്ള പെൺകുട്ടിയെ കൊണ്ടേ അഖിലിനെ വിവാഹം കഴിപ്പിക്കൂ…
പിന്നെ സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒരു തരത്തിലുള്ള കോംപ്രമൈസിനും ഞാൻ തയ്യാറല്ല. ഇല്ലെങ്കിൽ നോക്കിക്കോ… ശരിക്കും ഒരു രാജകുമാരിയെ പോലെയിരിക്കും അവൾ.” പലപ്പോഴും കൂട്ടുകാരികളുടെ കുത്തിനോവിക്കുന്ന സംസാരത്തിനുള്ള മറുപടിയായി ദേവിക പറയും.
അപ്രതീക്ഷിതമായി ഇത്തരം കമന്‍റുകൾ കേൾക്കേണ്ടി വരുമ്പോൾ കൂട്ടുകാരി നിരുപമ ദേവികയുടെ ഭാഗം ന്യായീകരിച്ചു സംസാരിക്കും, “ദേവിക പറയുന്നതിലും കാര്യമില്ലാതില്ല. 75,000 രൂപയല്ലേ അഖിലിന്‍റെ മാസവരുമാനം. പോരാത്തതിനു സുന്ദരനും. സൽഗുണസമ്പന്നയായ ഒരു സുന്ദരി അവനു വേണ്ടി ഈ ഭൂമുഖത്ത് ജനിച്ചു കാണും. ദേവീ, നീ ഇതൊന്നും അത്ര കാര്യമാക്കിയെടുക്കേണ്ട. ഈ ലോകത്ത് നല്ല ആളുകളുമുണ്ട്. നിന്‍റെ നല്ല മനസ്സിന് അനിയോജ്യയായ നല്ലൊരു മരുമകളെത്തന്നെ നിനക്ക് കണ്ടെത്താനാകും.”
പിറ്റേന്ന് ഭർത്താവ് ചന്ദ്രശേഖറിനും മകൻ നിഖിലിനുമുള്ള ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ച ശേഷം ദേവിക സ്വസ്ഥമായി കമ്പ്യൂട്ടറിനു മുന്നിൽ വന്നിരുന്നു. നെറ്റിൽ മാട്രിമോണിയൽ കോളം ചെക്ക് ചെയ്യുന്നതിനിടയിൽ ദേവികയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
“മോനേ, നിഖിൽ… വേഗം വാ… ദാ നോക്കിയേ… ഈ പെൺകുട്ടി എന്തുകൊണ്ടും നിന്‍റെ ചേട്ടന് അനുയോജ്യയായിരിക്കും. നല്ല ഐശ്വര്യമുള്ള മുഖം. ഐഐടി ചെന്നൈയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസായതാണ്. ഐഐഎം അഹമ്മദാബാദിൽ നിന്നും എംബിഎ പഠനവും പൂർത്തിയാക്കി ഒരു കമ്പനിയിലെ ജനറൽ മാനേജരും ലക്ചററുമാണ് പാരന്‍റ്സ്നല്ല കുടുംബ പശ്ചാത്തലം. എല്ലാം കൊണ്ടും നമ്മുടെ അഖിലിന് ചേരുമെന്ന് എന്‍റെ മനസ്സു പറയുന്നു. ഇനി ഈ പെൺകുട്ടിയുടെ സ്വഭാവം അഖിലുമായി ചേർന്നു പോകുമോ എന്നു മാത്രമേ അറിയാനുള്ളൂ…” ദേവിക ഒരു നെടുവീർപ്പോടെ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖമുയർത്തി.
തന്‍റെ ആറ് ആഴ്ചകളോളം കമ്പ്യൂട്ടറിൽ തിരഞ്ഞു കൊണ്ടിരുന്ന ഭാവി മരുമകളുടെ ഫോട്ടോ കാണാൻ ചന്ദ്രശേഖറിനും തിടുക്കമായി. “നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാ. ഐശ്വര്യമുള്ള മുഖം. നമുക്ക് ഇന്നു തന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കാം. ഫാമിലി ബാക്ക്ഗ്രൗണ്ടും മറ്റു കാര്യങ്ങളും അറിയണമല്ലോ?”
“ങാ! നിങ്ങൾ പറയുന്നതിലും കാര്യമുണ്ട്. എല്ലാം ശരിയായി വരുന്നെങ്കിൽ പിന്നെ ഈ കുട്ടി തന്നെ മതി നമ്മുടെ അഖിലിന്. ഇളയച്ഛന്‍റെ മകൾ ആശയുടെ നാട്ടുകാരിയാണ് പെൺകുട്ടി. ഞാനുടനെ ആശയെ ഫോൺ വിളിച്ചറിയിക്കാം. വീടും, ചുറ്റുപാടുമൊക്കെ അന്വേഷിക്കണമല്ലോ?”
ദേവിക ഉടനെ ആശയെ ഫോൺ വിളിച്ച് വിവരം ധരിപ്പിച്ചു. പെൺകുട്ടിയുടെ പേരും, മേൽവിലാസവും മറ്റുവിവരങ്ങളും നൽകി.
മേഘ്ന ദാമോദരൻ എന്നാണ് പെൺകുട്ടിയുടെ പേര്. നല്ല സ്വഭാവം. പഠനക്കാലത്ത് പ്രണയമോ മറ്റു യാതൊരു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല.
ചന്ദ്രശേഖർ ഉടനെ തന്നെ ദാമോദരനെ വിളിച്ച് സംസാരിച്ചു. അടുത്ത ദിവസം ഒരു ത്രീസ്റ്റാർ ഹോട്ടലിൽ കൂടിക്കാഴ്ച നടത്താമെന്ന് അവർ തീരുമാനിച്ചു. കുട്ടിത്തം തുളുമ്പുന്ന മേഘ്നയുടെ മുഖം ഏവർക്കും ബോധിച്ചു. സ്വപ്നം കണ്ട കുട്ടിയെ നേരിൽ കാണുന്ന സന്തോഷമായിരുന്നു ദേവികയുടെ മുഖത്ത്. എന്തുവന്നാലും ഇവൾ തന്നെ തന്‍റെ മരുമകൾ. ദേവിക തീരുമാനിച്ചുറപ്പിച്ചു.
എന്നാൽ മേഘ്നയുമായി സംസാരിച്ചപ്പോൾ താൻ പ്രതീക്ഷിച്ച സന്തോഷവും സംതൃപ്തിയും അനുഭവപ്പെട്ടില്ല. ബുദ്ധിയും ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുന്ന വ്യക്‌തിത്വമാണ് മേഘ്നയുടേതെന്നും ജോലിയോടു തികഞ്ഞ ആത്മാർത്ഥതയുണ്ടെന്നും അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. അഖിലിനോട് കരിയർ, ഔദ്യോഗിക കാര്യങ്ങൾ എന്നിവയെക്കുറിച്ചാണ് മേഘ്ന അധികവും സംസാരിച്ചതും. കഴിഞ്ഞ ആറ് മാസമായി താനൊരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്നും തന്‍റെ ജോലിയിൽ തൃപ്തി തോന്നി കമ്പനി തനിക്ക് അടിക്കടി മൂന്നു പ്രമോഷൻ അനുവദിച്ചിവെന്നും ഉന്നത സ്ഥാനമാനങ്ങളെക്കുറിച്ചും മേഘ്ന അഭിമാനത്തോടെ സംസാരിച്ചു. അടുത്ത മാസം സ്പെഷ്യൽ ട്രെയിനിങ്ങിനായി കമ്പനി തന്നെ കാനഡയിലേക്ക് അയക്കുമെന്നും മേഘ്ന സൂചിപ്പിച്ചു.
അഖിലിന്‍റെ ഇഷ്ടാനിഷ്ടങ്ങൾ, ഹോബീസ്, കരിയർ, ജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ… മേഘ്ന ഗൗരവത്തോടെ തന്നെ ചോദിച്ചു മനസ്സിലാക്കി. യാതൊരു മടിയും കൂടാതെ അഖിൽ തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.
ഇരുവരുടേയും ചിന്താഗതി, അഭിരുചി, ഇഷ്ടാനിഷ്ടങ്ങൾ, ജീവിത സാഹചര്യങ്ങൾ എല്ലാം ഏറെ പൊരുത്തമുണ്ട്. മേഘ്നയുടെ ചുറുചുറുക്കും പെരുമാറ്റവും അഖിലിനും, അഖിലിന്‍റെ സ്മാർട്ട്നെസ് മേഘ്നയ്ക്കും ഇഷ്ടമായി.
സംസാരത്തിനിടയിൽ വിവാഹത്തിനു താൻ എതിരല്ലെന്നും രണ്ടുമൂന്നു വർഷത്തേക്ക് ജോലി രാജി വയ്ക്കാൻ തന്നെ നിർബന്ധിക്കരുതെന്നും മേഘ്ന അറിയിച്ചു. ഇക്കാര്യം വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം അഖിലിനായിരിക്കും. മേഘ്ന സൂചിപ്പിച്ചു.
“ജോലി രാജി വയ്ക്കില്ലെന്നോ… അപ്പോപ്പിന്നെ നിങ്ങൾ രണ്ടിടത്തായി താമസിക്കേണ്ടി വരില്ലേ. എന്നാൽ പിന്നെ വിവാഹം വേണ്ടിയിരുന്നില്ല. വേണ്ട, വേണ്ട നമുക്ക് ഈ വിവാഹാലോചന വേണ്ട. മേഘ്നയേക്കാൾ സുന്ദരികൾ ഈ ലോകത്തു വേറെയും കാണും.” നിരാശാഭാവം പുറത്തു കാട്ടാതെ ദേവിക പറഞ്ഞു.
“മമ്മീ, ഞാൻ മേഘ്നയെ മാത്രമേ വിവാഹം കഴിക്കൂ. എനിക്കവളുടെ നിബന്ധന സമ്മതവുമാണ്. ഇക്കാലത്ത് നല്ലൊരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. വെറും ആറ് മാസത്തിനുള്ളിൽ മൂന്ന് പ്രമോഷനല്ലേ മേഘ്നയ്ക്ക് തരപ്പെട്ടത്. ഈയൊരവസ്‌ഥയിൽ ജോലി വേണ്ടെന്നു വയ്ക്കുന്നതു മണ്ടത്തരമല്ലേ. എന്‍റെ മനസ്സിനിണങ്ങിയ… അല്ല, ഞാനാഗ്രഹിച്ച പെൺകുട്ടിയാണ് മേഘ്ന. അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ട്രെയ്റ്റ് ഫോർവേഡായ പെൺകുട്ടി. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നവളാണവൾ. ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ. പത്തുലക്ഷം രൂപയാണ് വാർഷിക വരുമാനം. എനിക്ക് ഇരുപത്തിയെട്ടു വയസ്സായി. 7 ലക്ഷം രൂപയുടെ വാർഷിക പാക്കേജേ ലഭിക്കുന്നുള്ളൂ. ആറ് മാസത്തിനുള്ളിൽ വിദേശത്തു പോകാൻ അവസരം ലഭിക്കുന്നത് അത്ര നിസ്സാര കാര്യമാണോ? ഇന്നു തന്നെ ദാമോദർ അങ്കിളിനെ വിളിച്ച് എന്‍റെ സമ്മതം അറിയിക്കണം.”
“മോനേ, നീ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കറിയാം. പക്ഷേ 2-3 വർഷത്തേയ്ക്ക് ജോലി രാജി വയ്ക്കുന്നില്ലെന്നു മേഘ്ന പറഞ്ഞതോ? അതാണെനിക്ക് മനസ്സിലാവാത്തത്. അവൾ മുംബൈയിലും നീ ദില്ലിയിലും. ദില്ലിയിൽ തന്നെയുള്ള ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ അവൾക്കും ജോലിക്ക് ശ്രമിച്ചു കൂടേ? മിടുക്കിയായിതിനാൽ ആ കമ്പനിയിലും പ്രൊമോഷൻ പെട്ടെന്ന് ശരിപ്പെടുത്താനാവും. പക്ഷേ വേണ്ട. എന്തോ എനിക്ക് ഈ ബന്ധം ശരിയാവുമെന്നു തോന്നുന്നില്ല. മോനേ, വിവാഹത്തിനു ശേഷം വേവ്വേറെ സ്‌ഥലങ്ങളിൽ താമസിക്കുക. കഷ്ടം തന്നെ… അല്ല, ഇങ്ങനെ മാറിത്താമസിക്കാനായിരുന്നുവെങ്കിൽ വിവാഹം കഴിക്കേണ്ട കാര്യമില്ലായിരുന്നല്ലോ? വേണ്ട… വേണ്ട… അറിഞ്ഞു കൊണ്ട് നീ ഒരു പൊല്ലാപ്പും തലയിലേറ്റി വയ്ക്കണ്ട. കല്യാണത്തിനു മുമ്പ് തന്നെ വിചിത്രമായി നിബന്ധനകൾ… അപ്പോൾ കല്യാണം കഴിഞ്ഞാൽ നിന്നെ വരച്ച വരയിൽ നിർത്തിലെന്ന് എന്താ ഉറപ്പ്…” ദേവിക പിറുപിറുത്തു.
“മമ്മീ, എനിക്ക് മേഘ്നയെ ഇഷ്ടമാണ്. മേഘ്ന ഇന്നലെ ഒരുപാടു കാര്യങ്ങൾ എന്നോടു തുറന്നു പറഞ്ഞിരുന്നു. ആരേയും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ക്യാരക്റ്ററല്ല എന്‍റേതെന്ന് മമ്മിക്ക് അറിയാമല്ലോ? മമ്മീ പ്ലീസ്, ഇക്കാര്യത്തിൽ തടസ്സം നിൽക്കരുത്. നീരസം കലർന്ന സ്വരത്തിൽ അഖിൽ പറഞ്ഞു.
“ആഹാ! ഇതപ്പോ നീയാണോ അവനാണോ കല്യാണം കഴിക്കാൻ പോകുന്നത്? അവന് ഇഷ്ടമാണെങ്കിൽ പിന്നെ നീ എന്തിനാ എതിർക്കുന്നത്? മോനേ, നീ വിഷമിക്കണ്ട. മിസ്‌റ്റർ ദാമോദരന്‍റെ ഫോണിലേക്ക് വിളിച്ച് ഞാൻ തന്നെ പറയാം.” ചന്ദ്രശേഖർ മകനെ ആശ്വസിപ്പിച്ചു.
ചെറിയൊരു അനിഷ്ടത്തോടെയാണെങ്കിലും ദേവികയ്ക്ക് അവരുടെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു. തൊട്ടടുത്ത മാസം തന്നെ വിവാഹം കെങ്കേമമായി നടന്നു. തങ്ങളുടെ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താനായ സന്തോഷത്തിലായിരുന്നു അഖിലും മേഘ്നയും. ഹണിമൂൺ കാലം മഞ്ഞു മൂടിയ മനോഹരമായ കാശ്മീർ താഴ്വരകളിൽ ചെലവഴിച്ചാണ് അവർ മടങ്ങിയത്.
“അറേഞ്ച്ഡ് മാര്യേജിന് എതിരായിരുന്നു ഞാൻ. പരിചയമുള്ള ആളെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നതായിരുന്നു ആഗ്രഹം. ലൗ മാര്യേജിനോടായിരുന്നു താല്പര്യം. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…” മേഘ്ന ഈ പ്രണയഗാനമാലപിച്ചപ്പോൾ അഖിൽ മറുപടി ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി.
ഹണിമൂണിനു ശേഷം ഇരുവീടുകളിലും ഓരോ ആഴ്ച ചെലവഴിച്ചു. ഇരുവരും വിവാഹാവശ്യത്തിനായി ഒരു മാസത്തോളം ലീവ് എടുത്തിരുന്നു. കണ്ണടച്ചു തുറക്കും വേഗത്തിൽ ഒരു മാസം കടന്നു പോയി. പിറ്റേന്നു മേഘ്നയ്ക്ക് മുംബൈയിലേക്കും അഖിലിന് ദില്ലിയിലേക്കും മടങ്ങേണ്ടിയിരുന്നു.
അത്താഴത്തിന് ശേഷം മേഘ്ന അഖിലിന് അരികിൽ വന്നിരുന്നു. പിറ്റേന്ന് പിരിയേണ്ടി വരുമല്ലോ എന്ന ചിന്ത ഇരുവരിലും വല്ലാത്ത ഒരു മനോവ്യഥയുളവാക്കി. എയർപോർട്ടിൽ എത്തിയപ്പോഴേക്കും മേഘ്നയുടെ കണ്ണു നിറഞ്ഞു തുളുമ്പാൻ തുടങ്ങി. “മേഘ്ന… ഇനി മുംബൈയ്ക്ക് പോകേണ്ട.” അഖിൽ ഒരു തവണയെങ്കിലും തന്നെ സ്നേഹത്തോടെ മടക്കി വിളിച്ചിരുന്നെങ്കിലെന്ന് കൊതിക്കുകയായിരുന്നു അവൾ.
മുംബൈയിൽ എത്തിയിട്ടും അമൂല്യമായതെന്തോ തനിക്കു നഷ്ടപ്പെട്ടുവെന്നതു പോലെ മേഘ്നയുടെ മനസ്സിന് കനം കൂടി. ഓഫീസ് തിരക്കുകൾ കഴിഞ്ഞ് ഫ്ളാറ്റിലെത്തിയാൽ ഇരുവരും മണിക്കൂറുകളോളം ഫോണിനു മുന്നിലായിരിക്കും. ഏറെ സെൻസിറ്റീവ് സ്വഭാവമായിരുന്നു ഇരുവരുടേതും. ഈയൊരു അകൽച്ച അവർക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.
സമയം ആർക്കും വേണ്ടി കാത്തുനിൽക്കാറില്ല. സമയത്തിന് അതിന്‍റേതായ ഒരു ഗതിയുണ്ട്. ഒരൊഴുക്കുണ്ട്. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത്. ഇക്കാലയളവിനിടയിൽ ഒപ്പം ചെലവഴിച്ചത് ചുരുക്കം ദിവസങ്ങൾ മാത്രം. ഇതിനിടയിൽ ജോലി രാജിവച്ച് ദില്ലിയിലേക്കു വരാൻ അഖിൽ ഒരിക്കൽ പോലും മേഘ്നയോട് ആവശ്യപ്പെട്ടുമില്ല. ഇപ്രകാരം ചെയ്താൽ താൻ വാക്കു പാലിക്കാത്തവനാണെന്ന് മേഘ്ന കരുതില്ലേ എന്ന പരിഭവമായിരുന്നു അഖിലിന്.
വിരഹത്തിന്‍റെ നാളുകൾ തള്ളി നീക്കുകയായിരുന്നു ഇരുവരും. മേഘ്നയ്ക്കും ജീവിതം വിരസമായി തോന്നിത്തുടങ്ങിയിരുന്നു. മുംബൈയിലെ ഫ്ളാറ്റിലെ തനിച്ചുള്ള ജീവിതം അവളിൽ മടുപ്പ് ഉളവാക്കി. ജോലി… ഉത്തരവാദിത്തങ്ങൾ… മേഘ്ന ആകെ തളർന്നു പോയി.
നാൾ കടന്നു പോകുന്തോറും മേഘ്നയിലെ മുറുമുറുപ്പും പരിഭവവും ഏറി വന്നു. പലപ്പോഴും ഓഫീസിലെ കീഴ്ജീവനക്കാരെ അകാരണമായി ശകാരിക്കാൻ തുടങ്ങി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ അഖിലിനോടു തോന്നിയ വൈകാരിക അടുപ്പം ജീവിതം യന്ത്രതുല്യമെന്നു തോന്നിച്ചു. ജോലിയോടു തോന്നിയ ഇഷ്ടവും താല്പര്യവും നാൾക്കുനാൾ കുറഞ്ഞു വന്നു. ഓഫീസ് ജോലിയും ഉത്തരവാദിത്തങ്ങളും വലിയൊരു ഭാരമായി അവൾക്കു തോന്നിത്തുടങ്ങി.
ഓഫീസിൽ സീനിയർ പോസ്റ്റിലെ രഞ്ജനയുമായി നല്ല സൗഹൃദത്തിലായിരുന്നു മേഘ്ന. പലപ്പോഴും തന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ, കുടുംബപ്രശ്നങ്ങൾ, വിഷമതകൾ ഒക്കെ രഞ്ജനയുമായി പങ്കുവയ്ക്കുമായിരുന്നു. ഒരു ദിവസം മേഘ്ന സഹപ്രവർത്തകയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ടാണ് രഞ്ജന ഓഫീസിലെത്തിയത്. മേഘ്നയുടെ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലുള്ള കാരണം രഞ്ജനയ്ക്ക് മനസ്സിലായി.
പിറ്റേ ആഴ്ചയായിരുന്നു മേഘ്നയുടേയും അഖിലിന്‍റേയും വിവാഹ വാർഷികം. ഒരു വർഷക്കാലയളവിനിടയിൽ മേഘ്നയെ കാണാൻ അഖിൽ ഒന്നോ രണ്ടോ തവണ മുംബൈയിൽ എത്തിയിരുന്നു. മേഘ്ന തനിച്ച് ദില്ലിയാത്ര ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ കാരണം തനിക്ക് അടുത്ത ആഴ്ച മുംബൈയിൽ എത്താൻ സാധിക്കില്ലെന്ന് നീരസത്തോടെ അഖിൽ അറിയിച്ചു. “മേഘ്നാ… വിവാഹവാർഷികത്തിന് മുംബൈയിലേക്കു വരാൻ സാധിക്കില്ല. നീ ഇത്തവണ ദില്ലിയിലേക്ക് വരാമോ?”
“ആഹ്… തീർച്ചയായും… ഞാൻ ഈയിടെയായി വല്ലാതെ അസ്വസ്ഥയാവുന്നുണ്ട്, ദേഷ്യപ്പെടുന്നു എന്നൊക്കെ രഞ്ജന മാഡം എന്നോടു പറഞ്ഞിരുന്നു. അല്ലെങ്കിൽ തന്നെ അവധിയെടുത്ത് കുറച്ചു ദിവസം അങ്ങോട്ടു വരാനിരിക്കുവായിരുന്നു. ഞാൻ ഇന്നു തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ പോകുവാ…” മേഘ്നയ്ക്ക് സന്തോഷമടക്കാനായില്ല.
“അല്ല, ഈ ചരിത്ര സംഭവം എങ്ങനെ ആഘോഷിക്കാനാ ഉദ്ദേശിക്കുന്നത്? ഒരു അടിപൊളി പാർട്ടി… അതോ എന്നെയും സഹിച്ച്…” അഖിൽ തമാശ സ്വരത്തിൽ പറഞ്ഞു.
“വേണ്ട അഖിൽ… പാർട്ടിയും ബഹളവുമൊന്നും വേണ്ട. ഞാനും നിങ്ങളും മാത്രം… ദില്ലിയിലുള്ള ഏതെങ്കിലും ഒരു നല്ല ഹോട്ടലിൽ… നമ്മളും നമ്മുടെ ആ പഴയ നാളുകളും ഓർമ്മകളും മാത്രം മതി…” മേഘ്ന പ്രണയാതുരയായി.
“പഴയ ഓർമ്മകളോ… അതിന് ഓർക്കാനും മാത്രമുള്ള റിലേഷനായിരുന്നോ നമ്മുടേത്. നീ മുംബൈയിലും ഞാൻ ദില്ലിയിലും.” അഖിൽ പറഞ്ഞതിന്‍റെ പൊരുൾ മേഘ്നയ്ക്ക് മനസ്സിലായി. കരിയറിന്‍റെ വളർച്ചയിൽ രണ്ടുപേരും സന്തുഷ്ടരായിരുന്നുവെങ്കിൽ വ്യക്‌തിപരമായി ഇരുവരും അസംതൃപ്തരായിരുന്നു. ജീവിതം ഞാണിന്മേൽ കളി പോലെ തോന്നി മേഘ്നയ്ക്ക്. പക്ഷേ ഈ ഒരവസ്ഥയിൽ ജോലി രാജിവച്ച് അഖിലിനോടൊപ്പം ദില്ലിയിലേക്ക് പോവുകയേ നിവൃത്തിയുള്ള. ഇത്രയും കനത്ത ശബളം ഒരുപക്ഷേ ദില്ലിയിൽ കിട്ടിയെന്നു വരില്ല. ഒരു തീരുമാനത്തിലെത്താനാകാതെ മേഘ്ന അസ്വസ്ഥയായി.
ഈ പ്രശ്നത്തിന് ഒരു ഉത്തരം കണ്ടെത്താൻ ഒരുപക്ഷേ രഞ്ജനയ്ക്ക് സാധിച്ചേക്കും. മേഘ്ന രഞ്ജനയുടെ വീട്ടിലേക്ക് തിരിച്ചു. അപ്രതീക്ഷിതമായി മേഘ്നയെ കണ്ട് രഞ്ജനയ്ക്ക് ആശ്ചര്യം തോന്നി. “ആഹ്! മേഘ്ന… വാ… ഞാനിപ്പോൾ നിന്നെക്കുറിച്ച് ആലോചിച്ചേയുള്ളൂ. പറയൂ… സുഖമാണോ? മുംബൈയിലെ ലൈഫ് മടുത്തോ?”
“രഞ്ജന മാഡം… ഞാനാകെ കൺഫ്യൂസ്ഡ് ആണ്. ഞാനിവിടേയും അഖിൽ അവിടേയും… ശരിയാവുന്നില്ല. ഓഫീസിൽ ഒരു ജോലിയും ആത്മാർത്ഥതയോടെ ചെയ്യാൻ പറ്റുന്നില്ല. അഖിലിൽ നിന്നും ഞാൻ മാറി തമാസിക്കുന്നത് നീതിയുക്തമാണോ? ഇത്രയും അധികം ശമ്പളം ഒരുപക്ഷേ എനിക്ക് ദില്ലിയിൽ കിട്ടിയെന്നു വരുമോ?” മേഘ്ന ചിന്താമഗ്നയായി.
“മേഘ്ന പറയുന്നതിലും കാര്യമുണ്ട്. ഇത്രയും ശമ്പളം ഒരുപക്ഷേ ലഭിച്ചുവെന്ന് വരില്ല. പക്ഷെ… പണം കൊണ്ടുമാത്രം സന്തോഷവും ആത്മസംതൃപ്തിയും കിട്ടിയെന്നു വരില്ല.”
“എന്‍റെ അഭിപ്രായം ഞാൻ തുറന്നു പറയാം. ആത്മസമർപ്പണവും ക്ഷമയുമാണ് ദാമ്പത്യത്തെ സുദൃഢമാക്കുക. മിടുക്കനും വിവേകശാലിയും സ്നേഹസമ്പന്നനുമായ ഭർത്താവാണ് അഖിൽ എന്ന് മേഘ്ന തന്നെ പറഞ്ഞിട്ടുണ്ടല്ലോ? മേഘ്നയുടെ ഇഷ്ടാനിഷ്ടങ്ങൾ നന്നായി അറിയുമെന്നതിനാലാണ് ജോലി രാജിവയ്ക്കാൻ നിന്നെ നിർബന്ധിക്കാത്തതും. പക്ഷേ ഈ ജീവിതത്തിൽ നിങ്ങൾ ഇരുവരും അസന്തുഷ്ടരാണ്. ദില്ലിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ, ശമ്പളത്തിൽ 10-20 ലക്ഷം രൂപ കുറഞ്ഞേക്കാം. പക്ഷേ, ഒന്നിച്ചു ജീവിക്കാൻ സാധിക്കുമല്ലോ? നിങ്ങൾ ഇങ്ങനെ വെവ്വേറെ ഇടങ്ങളിൽ താമസിക്കുന്നതു കൊണ്ടാണ് ഓഫീസ് ജോലികളിൽ ശരിക്കും ശ്രദ്ധിക്കാൻ പറ്റാത്തത്. ജോലിയിലും സാറ്റിസ്ഫൈഡ് അല്ലെങ്കിൽ പിന്നെ…”
“രഞ്ജന മാഡം, ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഇത്രയും നേരം മനസ്സിൽ തീ പോലെ എരിഞ്ഞിരുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കിട്ടിയല്ലോ? ഒരു മാസത്തെ നോട്ടീസ് നൽകി ഞാനുടനെ രാജിക്കത്ത് സമർപ്പിക്കുന്നുണ്ട്. വിവാഹവാർഷികത്തിന് എന്‍റെ രാജിക്കത്താണ് ഞാൻ അഖിലിന് സമ്മാനമായി നൽകാൻ പോകുന്നത്.
“ഗുഡ്… വെരിഗുഡ് മേഘ്നാ. നീ ബുദ്ധിശാലിയാണ്. നിനക്ക് നല്ല വിവേകവുമുണ്ട്. നീ എത്ര പെട്ടെന്നാണ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് തീരുമാനമെടുത്തത്. ഭാവിയിലും പക്വമായ തീരുമാനമെടുക്കാൻ മേഘ്നയ്ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” രഞ്ജന ഉപദേശിച്ചു.
രണ്ട് ദിവസത്തിനു ശേഷമായിരുന്നു അവരുടെ വിവാഹ വാർഷികം മേഘ്ന രാജിക്കത്ത് എഴുതി വച്ചു. ഇത്രയും നല്ലൊരു ജോലി വേണ്ടെന്നു വയ്ക്കുന്നത് ഉചിതമാണോ? മേഘ്നയുടെ മനസ്സിൽ സംഘർഷങ്ങൾ മുള പൊട്ടാൻ തുടങ്ങി. എന്നാൽ രാജിക്കത്ത് എഴുതിയ ശേഷം അവൾക്ക് വല്ലാത്തൊരു ആശ്വാസം അനുഭവപ്പെട്ടു. ഇനി എനിക്ക് അഖിലിനൊപ്പം താമസിക്കാമല്ലോ… മേഘ്ന ഹർഷപുളകിതയായി.
അഖിൽ ദില്ലി എയർപോർട്ടിൽ മേഘ്നയെ റിസീവ് ചെയ്യാൻ എത്തിയിരുന്നു. അഖിലിനെ കണ്ടപ്പോൾ മേഘ്നയുടെ സന്തോഷത്തിനതിരില്ലായിരുന്നു. തന്‍റെ തീരുമാനം ഉചിതമായെന്നവൾക്കു തോന്നി.
വിവാഹ വാർഷിക ദിവസം അഖിലിന്‍റെ കരങ്ങളിൽ ഒതുങ്ങി നിന്ന മേഘ്ന അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി.
“അഖിൽ, ഈ വിവാഹ വാർഷികത്തിന് ഞാൻ അഖിലിന് അവിസ്മരണീയമായ സമ്മാനം നൽകാൻ പോവുകയാണ്. അഖിലിന് സന്തോഷമാവും എന്ന് എനിക്കുറപ്പുണ്ട്.” മേഘ്ന കൈ വിടുവിക്കുവാൻ ശ്രമിച്ചുവെങ്കിലും അഖിൽ മേഘ്നയെ തന്നോടു ചേർത്തു പിടിച്ചു.
“വേണ്ട, വേണ്ട… നീ ഇന്നു മുഴുവനും എന്നോട് ഇങ്ങനെ ചേർന്നു നിന്നാൽ മതി. സമ്മാനമൊക്കെ പിന്നെ തന്നാൽ മതി. അത്രയ്ക്ക് നിർബന്ധമാണെങ്കിൽ എന്താണെന്ന് പറയ്… പിന്നെ ഞാനുമൊരു ഗിഫ്റ്റ് തരുന്നുണ്ട്. അതു കാണുമ്പോൾ നീ സന്തോഷം കൊണ്ട് തുള്ളിച്ചാടും. പക്ഷേ അലമാരയിലാണ് വച്ചിരിക്കുന്നത്. ഒരു മിനിറ്റ്…” അഖിൽ എഴുന്നേറ്റു.
“വേണ്ട, വേണ്ട… സ്വന്തം കാര്യം വന്നപ്പോൾ എന്തൊരു ഉത്സാഹമാ.” മേഘ്ന അഖിലിനെ മുറുകെ പിടിച്ചു. “പരസ്പരം നൽകാൻ പോകുന്ന ഉപഹാരങ്ങൾ എന്തൊക്കെയാണെന്ന് ചെവിയിൽ മന്ത്രിക്കാം.”
“സമ്മതിച്ചു…” അഖിൽ സ്നേഹത്തോടെ മേഘ്നയുടെ കണ്ണുകളിലേക്ക് നോക്കി.“ആദ്യം നീ തന്നെ സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നു പറയൂ.” അഖിൽ പറഞ്ഞു.
“എന്നാൽ കേട്ടോളൂ… ഞാൻ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചു. അഖിലിൽ നിന്നകന്നൊരു ജീവിതം എനിക്കിനി ചിന്തിക്കാനാവില്ല.” മേഘ്നയുടെ ശബ്ദമിടറി.
“ഏ…? ജോലി രാജി വെച്ചെന്നോ… വേണ്ട… വേണ്ട… നീ ഈ ജോലി രാജിവയ്ക്കണ്ട. നിനക്ക് ഈ ജോലി എത്രത്തോളം പ്രധാനമാണെന്ന് എനിക്കറിയാം. ഞാൻ മുംബൈയിലേക്ക് ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ട്. ഞാൻ ആലോചിച്ചിട്ട് ഈ ഒരൊറ്റ പോംവഴിയേയുള്ളൂ…” അഖിലിന്‍റെ മുഖത്ത് ഒരു കള്ളച്ചിരി നിറഞ്ഞു. ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ടെന്നു കേട്ട് മേഘ്ന സന്തോഷം കൊണ്ട് തുള്ളിച്ചാടി.
“സത്യമാണോ? അപ്പോ എനിക്ക് ഈ ജോലി രാജി വയ്ക്കേണ്ടി വരില്ലേ… യു ആർ റിയലി ഗ്രേറ്റ് അഖിൽ… ഈ ജോലി എന്നും എന്‍റെ സ്വപ്നമായിരുന്നു. പക്ഷേ അഖിലിനോടൊപ്പം താമസിക്കാനായി ഞാൻ പ്രിയ ജോലി പോലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഐ ലൗ യു അഖിൽ… ഐ റിയലി…” ഈ ഒരു അസുലഭ നിമിഷത്തിൽ മേഘ്ന തന്നെത്തന്നെ മറന്നു.