ആരാ ഇത്ര വെളുപ്പിന്? രമേഷ് ഒന്ന് നോക്കൂന്നേ, ആരാണെന്ന്? എനിക്ക് ഉറക്കം വന്നിട്ട് വയ്യാ, കോളിംഗ് ബെൽ നിർത്താതെ അടിക്കുന്നതു കേട്ട് മായ ഭർത്താവിനോടു പറഞ്ഞു.

“അയ്യോ ഇതാര് റീനയോ?” വാതിൽ തുറന്ന രമേഷ് പാമ്പിന്‍റെ മേൽ അറിയാതെ ചവിട്ടിയതു പോലെ ഞെട്ടി. റീനയുടെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. “അകത്തേക്കു വരൂ റീനാ, ഞാനിപ്പോൾ മായയെ വിളിക്കാം.” രമേഷ് പരിഭ്രമത്തോടെ പറഞ്ഞു.

“ആരാ രമേഷ്?” എന്നു ചോദിച്ച് മായ തിരിഞ്ഞു കിടന്നു. “നിന്‍റെ ആത്മമിത്രം റീന വന്നിട്ടുണ്ട്. ചെന്നു നോക്ക്, രാവിലെ തന്നെ ഞെട്ടാനുള്ള വകുപ്പ് കിട്ടും.”

“റീനയോ? അതും ഇത്ര രാവിലെ?” മായ ചാടിയെഴുന്നേറ്റു.

“നിനക്കെന്തു പറ്റിയെടീ?”

പൊട്ടിക്കരച്ചിലായിരുന്നു മറുപടി. “നീ ഇതു നോക്ക്. നീ എന്നോടു പറയാറില്ലേ ഭർത്താവിനോടൊപ്പം അഡ്ജസ്റ്റ് ചെയ്ത് പോകണമെന്ന്. അയാളെന്നെ നിർദ്ദയം തല്ലിച്ചതച്ചതു കണ്ടില്ലേ? ഞാനവിടെ നിന്ന് ഓടിപ്പോന്നില്ലായിരുന്നെങ്കിൽ അയാളെന്നെ കൊന്നേനേ. ഇനിയും എനിക്കിത് സഹിക്കാൻ വയ്യ മായേ.” അവൾ കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു.

മായ രക്തം മുഴുവൻ തുടച്ചു മാറ്റി. മുറിവിന് നല്ല ആഴമുണ്ട്. “ഇങ്ങനെ തല്ലിച്ചതയ്ക്കാനും മാത്രം എന്താ ശരിക്കും സംഭവിച്ചത്?” മായ ചോദിച്ചു.

“ജോണിക്ക് അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ദേഷ്യം വന്നാൽ പിന്നെ എന്തും ചെയ്യും. നീ നോക്കിക്കോ, ഇങ്ങനെ പോയാൽ എന്‍റെ മരണം അയാളുടെ കൈ കൊണ്ടു തന്നെയായിരിക്കും.”

“എന്താ സംഭവിച്ചതെന്നു പറയൂ.”

“ഒന്നുമില്ലെടീ, ഞാൻ രാത്രിയിൽ പാലെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നു. രാവിലെ ജോണിയെഴുന്നേറ്റ് അടുക്കളയിൽ ചെന്നപ്പോൾ അതവിടെ ഇരിക്കുന്നതു കണ്ടു. അങ്ങനെ തുടങ്ങിയ വഴക്കാണ്.”

“ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ, ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാതിരിക്കണമെന്ന്? രണ്ടും കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ.” മായ നിരാശയോടെ പറഞ്ഞു.

“ഞാനും ഒരു മനുഷ്യസ്ത്രീയല്ലേ, സഹിക്കുന്നതിനും ഒരു പരിധിയില്ലേ?”

“ശരി, ശരി നീ വിശ്രമിക്ക്. ഞാൻ വേഗം പ്രാതലിനെന്തെങ്കിലും ഉണ്ടാക്കാം. എനിക്ക് ഓഫീസിൽ പോകാനുള്ളതാ. പിള്ളേർക്കിന്ന് പരീക്ഷ തുടങ്ങുകയാണ്.” ക്ലോക്കിൽ നോക്കിക്കൊണ്ട് മായ എഴുന്നേറ്റു.

“നീ ഇന്നെന്നെ ഇട്ടിട്ടു പോകല്ലേ മായേ, നീ ഇല്ലാത്തപ്പോൾ ജോണി വന്നാലെന്താ ചെയ്ക?”

“ഇന്നെനിക്ക് ലീവ് കിട്ടില്ലടീ. ഒത്തിരി തിരക്കുണ്ട്. തന്നെയുമല്ല, നീ വീട്ടിലേക്ക് തിരിച്ചു പോയേ പറ്റൂ.”

“നീ എല്ലാ പ്രാവശ്യവും എന്നെയിങ്ങനെ സമാധാനിപ്പിച്ച് വീട്ടിൽ വിടും. ഇത്തവണ ഞാൻ പോവില്ല. നീ എന്‍റെ അച്‌ഛനൊന്ന് ഫോൺ ചെയ്താൽ മതി, എന്നെ വന്ന് കൂട്ടീട്ട് പൊയ്ക്കോളും.”

രമേഷിനുള്ള ചായയുമായി മായ ചെന്നപ്പോൾ അയാൾ അർത്ഥം വച്ചു ചിരിച്ചു. “ഞാനെന്തു ചെയ്യാനാണ്, രമേഷ് തന്നെ പറയ്. ഈയൊരവസ്ഥയിൽ അവൾ വീട്ടിൽ കയറി വരുമ്പോൾ ഇറക്കി വിടുന്നതെങ്ങനെയാ?”

“അയ്യോ! നീയങ്ങനെ മഹാപരാധമൊന്നും ചെയ്യേണ്ട. നിന്‍റേം കൂടി വീടാണിത്. നിന്‍റെ പ്രിയ കൂട്ടുകാരിയാണ്. പക്ഷേ അവളുടെ പ്രശ്നങ്ങൾക്കെല്ലാം നീ തന്നെ പരിഹാരമുണ്ടാക്കണമെന്നത് ഇത്തിരി കടന്ന കയ്യല്ലേ? അവളുടെ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കാൻ നമ്മളെത്ര ശ്രമിച്ചതാ?”

“അങ്ങനെ പറഞ്ഞാൽ മനസ്സിലാവുന്നയാളായാൽ പിന്നെ എന്തെങ്കിലും കുഴപ്പമുണ്ടാവുമായിരുന്നോ?”

“ഏതായാലും നമ്മുടെ വീട്ടിൽ ഇത്തരം നാടകങ്ങൾ അരങ്ങേറുന്നതിനോട് എനിക്ക് യോജിപ്പില്ല. കുഞ്ഞുങ്ങൾ വളരുന്ന വീടാണിത്.” രമേഷ് തന്‍റെ അന്തിമ തീരുമാനം അറിയിച്ചു.

“ഞാൻ നിങ്ങളുടെ കാല് പിടിക്കാം. ഇങ്ങനെ കിടന്ന് ഒച്ചയെടുക്കാതെ. റീന കേട്ടാൽ എന്തു വിചാരിക്കും?”

“നീ കണ്ണുതുറന്ന് നോക്കടീ. എല്ലാവരും പ്രശ്നങ്ങൾ സ്വയമാണ് സോൾവ് ചെയ്യുന്നത്. എത്ര ക്രൂരമായാണ് ജോൺസൺ റീനയെ തല്ലിയത്. ശരിക്കും പോലീസിൽ പരാതിപ്പെടേണ്ടതല്ലേ? അച്‌ഛനമ്മമാരെ അറിയിച്ച് ആ വഴി നീങ്ങാൻ അവളോട് പറയ്. ഇപ്പോ നീ ഇവിടില്ലായിരുന്നെങ്കിൽ ആരുടെ തോളിൽ തലവച്ച് കരയുമായിരുന്നി പ്രിയ സ്നേഹിത?” രമേഷിന്‍റെ രോഷം തീർന്നില്ല.

ഓഫീസിൽ പോകുന്ന വഴിക്ക് മായ റീനയെക്കുറിച്ച് മാത്രമാണ് ഓർത്തു കൊണ്ടിരുന്നത്. വിവാഹം കഴിഞ്ഞ് റീന ഭർത്താവിനോടൊപ്പം മായയുടെ ഹൗസിംഗ് കോളനിയിൽ തന്നെ താമസിക്കാനെത്തിയപ്പോൾ എത്ര സന്തോഷിച്ചതാണ്?

മൂന്നു ദിവസം കഴിഞ്ഞു. ജോൺസൺ റീനയെ വിളിക്കുകയോ കൊണ്ടുപോകുവാൻ വരികയോ ചെയ്‌തില്ല. റീനയൊട്ട് പോകാൻ ഉത്സാഹം കാണിച്ചതുമില്ല. രമേഷിനും മായയ്ക്കുമിടയിൽ ഉരസലുകൾ ഉണ്ടാകുവാൻ ഇതു കാരണമായി. കുട്ടികളും ആകെ വിഷമിച്ചു.

“ഞാൻ റീനയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്.” രമേഷ് പറഞ്ഞു.

“എന്തായിത് രമേഷ്? റീനയോട് ചോദിക്കാതെയാണോ ഓരോന്ന് ചെയ്യുന്നത്?” മായയ്ക്ക് പേടിയായി.

“പിന്നേ അവളോട് ചോദിച്ചിട്ട് വേണ്ടേ, എനിക്കെന്തെങ്കിലും ചെയ്യാൻ? കെട്ടിയോനുമായി വഴക്കിട്ട് ഇവിടെയെത്തീട്ട് മൂന്നു ദിവസമായി. അവൻ സുഖിച്ചു വീട്ടിലിരുപ്പാണ്. എനിക്കിതിൽ കൂടുതൽ സഹിക്കാനാവില്ല.”

“എന്നോടൊന്ന് ആലോചിക്കാമായിരുന്നില്ലേ? ഈ വീട്ടിൽ എനിക്കും ചില അധികാരങ്ങളൊക്കെയുണ്ട്.”

“അതു ശരി, എങ്കിൽ ഞാൻ അധികാരം ഉപയോഗിച്ച് എന്‍റെ കൂട്ടുകാരൻ ഗോപിയെ ഇവിടെ കൊണ്ടു വന്നു താമസിപ്പിക്കട്ടെ?” രമേഷ് ആക്ഷേപ സ്വരത്തിൽ ചോദിച്ചു.

“ആ മുഴുക്കുടിയൻ ഗോപിയെയോ?”

“അവനെത്തന്നെ.”

“ഞാനവനെ ഈ പടിക്കകത്തു കയറ്റില്ല.”

“അതെന്താ ഇവിടെ എനിക്ക് അധികാരമൊന്നുമില്ലേ?” രമേഷ് പുഞ്ചിരിച്ചു.

“നീ പറയുന്നതു മനസ്സിലാക്ക് മായേ, റീന അവളുടെ വീട്ടിൽ നിന്നും തീക്കൊള്ളിയുമായി വന്ന് നമ്മുടെ വീടിന് തീയിടാൻ നോക്കുകയാ. ചെന്ന് നോക്ക്, നിന്‍റെ പുന്നാര കൂട്ടുകാരി കുട്ടികളുടെ കൂടെയിരുന്ന് ടിവി കാണുകയാണ്. നീ രാപകലില്ലാതെ കിടന്നു കഷ്ടപ്പെടുന്നതു കണ്ടാലും അവൾ എന്തെങ്കിലും കൈ സഹായം ചെയ്യാറുണ്ടോ?

“അവളെ വെറുതെ വിട്ടേക്ക്. താമസിയാതെ തിരിച്ചു പൊയ്ക്കോളും.” മായ അടുക്കളയിലേക്ക് പോയി. റീന ടി.വി. കാണുന്നതിൽ തന്നെ മുഴുകി. അവൾക്കുള്ള ഭക്ഷണം അവിടെ കൊണ്ടു കൊടുത്ത ശേഷം രമേഷും മായയും കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു. മായ കതകു തുറന്ന് അതിഥിയെ അകത്തേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ആരാണെന്ന് എനിക്കങ്ങോട്ട്…”

“പറയാം, അതിനു മുമ്പ് റീനചേച്ചിയെ ഒന്നു വിളിക്കാമോ?” വന്ന സ്ത്രീ പറഞ്ഞു.

“അയ്യോ, ജ്യോതിയായിരുന്നോ? ജോൺസന്‍റെ പെങ്ങൾ? അകത്തേക്കു വാ. റീന ഇവിടുണ്ട്. ടി.വി. കാണുകയാണ്.” മായയ്ക്ക് സന്തോഷമായി.

“റീനാ, ഇതാരാണെന്ന് നോക്കിയേ!”

“ഓ! നീയായിരുന്നോ? ഞാൻ ചത്തോ അതോ ജീവൻ ബാക്കിയുണ്ടോയെന്നറിയാൻ പൊന്നാങ്ങള അയച്ചതായിരിക്കും.” റീന വെറുപ്പോടെ മുഖം തിരിച്ചു.

“ഇതെന്താ ചേച്ചീ, ഇങ്ങനെ പറയുന്നത് ഞാൻ ചേച്ചിയെ കൂട്ടിക്കൊണ്ടു പോകുവാൻ വന്നതാ. ദേഷ്യം വന്നാൽ വീട്ടിൽ നിന്നിറങ്ങിപ്പോകുകയാണോ വേണ്ടത്?”

“എന്നെ കൊണ്ടു പോകുവാൻ നീ വന്നതെന്തിനാ, നിന്‍റെ പുന്നാര ആങ്ങളയില്ലേ അവിടെ, അയാളല്ലോ നിന്നെ ഇങ്ങോട്ടയച്ചത്?”

“ജ്യോതി പറയുന്നത് ശരിയല്ലേ റീനേ, ദേഷ്യം മനുഷ്യർക്ക് നന്നല്ല.” മായ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

“ജ്യോതീ, നിന്‍റെ ഇച്ചായനോട് ചെന്ന് പറഞ്ഞേക്ക്, റീന ഈ വീട് വിട്ടിറങ്ങുന്ന പ്രശ്നമേയില്ലെന്ന്. ഞാനിനി എന്‍റെ വീട്ടിലേയ്ക്കാ പോകുന്നത്. നിന്‍റെ ഇച്ചായൻ എന്നെ തല്ലിച്ചതച്ചത് നോക്ക്,” റീന നെറ്റിയിലെ മുറിവ് തടവിക്കൊണ്ടു പറഞ്ഞു.

“ഇച്ചായനിപ്പോ നല്ല വിഷമം ഉണ്ട്. ചേച്ചിയെ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ചതാണെന്നാ ഇച്ചായൻ പറഞ്ഞത്.”

“ഭിത്തിയിലിടിച്ചതല്ല. എന്‍റെ തല പിടിച്ച് ഇടിപ്പിച്ചതാ.” അവൾ ആക്രോശിച്ചു.

“ചേച്ചീ വരുന്നില്ലെങ്കിൽ പിന്നെ, ഞാനിറങ്ങുകയാണ്. ഇനിയും തീരുമാനിക്കാൻ സമയമുണ്ട്.”

“ജ്യോതീ, ചായ കുടിച്ചിട്ട് പോകാം.” മായ പറഞ്ഞു.

“പിന്നീടാവട്ടെ മായേച്ചി. ഞാൻ വലിയ കാര്യത്തോടെ റീനചേച്ചിയെ കൊണ്ടു പോകാൻ വന്നതാ.” അവൾ നിരാശയായി ഇറങ്ങിപ്പോയി. ഇതൊക്കെ കണ്ട് രമേഷിന്‍റെ രോഷം വർദ്ധിച്ചിരുന്നു.

അടുത്ത ദിവസം രാവിലെ റീനയുടെ മാതാപിതാക്കളെത്തി. “മോളേ, നീയിങ്ങനെ തുടങ്ങാതെ. ജോണിയുടെ അടുത്തേക്ക് തിരിച്ചു ചെല്ല്. എന്‍റെ മോളെ വെറുതെ തല്ലിച്ചതച്ചതെന്തിനാണെന്ന് അവനോട് ഞാൻ ചോദിക്കുന്നുണ്ട്.” അമ്മ അവളെ സന്തോഷിപ്പിക്കാനെന്നോണം പറഞ്ഞു.

“ഞാനെവിടേയും പോകുന്നില്ലമ്മച്ചീ. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനീ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി എല്ലാം അവസാനിപ്പിച്ചോളാം. എന്നെ വീട്ടിൽ കൊണ്ടുപോകില്ലെങ്കിൽ അതങ്ങു നേരെ പറഞ്ഞാൽ പോരേ?” അവൾ നാടകീയമായി പറഞ്ഞതുകേട്ട് രമേഷും മായയും ഒരുപോലെ സ്തംഭിച്ചു.

“ശരി, ഞങ്ങളിനി ഒന്നും പറയുന്നില്ല. അവിടെ ചെന്ന് നിന്‍റെ സാധനങ്ങളൊക്കെ തിരിച്ചെടുത്തോളൂ. പോകാം.”

“എനിക്കവരുടെ ഒന്നും വേണ്ട. എനിക്ക് പഠിപ്പും വിവരവും സ്വന്തം കാലിൽ നിൽക്കുവാനുള്ള കഴിവും ഉണ്ട്. നിങ്ങളെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കത്തില്ല.” റീനയുടെ വാക്കുകളിൽ ധിക്കാരച്ചുവയായിരുന്നു.

മായയ്ക്കും റീനയുടെ വാക്കുകൾ അസഹനീയമായി തോന്നി. അവൾക്ക് സ്വന്തം കാര്യം മാത്രമാണ് നോട്ടം. സ്വന്തം കുടുംബത്തിനും കൂട്ടുകാരിയുടെ കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ടിട്ടും അവൾക്കൊരു കുലുക്കവുമില്ല.

റീനയും മാതാപിതാക്കളും ഇറങ്ങാൻ തുടങ്ങിയപ്പോൾ ജ്യോതിയും ഭർത്താവും അവരുടെ ചില ബന്ധുക്കളും അവിടെയെത്തി.

“ഇനിയെന്താ വേണ്ടത്?” റീന പുച്ഛത്തോടെ ചോദിച്ചു.

“എന്‍റെ ഇച്ചായൻ ഒരു വക്കീൽ നോട്ടീസ് ചേച്ചിക്കു തരാനായി തന്നു വിട്ടിട്ടുണ്ട്. ചേച്ചി അതിലൊരു ഒപ്പിടണം. എന്നെന്നേയ്ക്കുമായി പോവുകയാണെങ്കിൽ ഈ ബന്ധമിങ്ങനെ തുടരുന്നതിൽ അർത്ഥമില്ലല്ലോ?” ജ്യോതി പേപ്പറുകൾ അവളുടെ നേർക്ക് നീട്ടി. “ഞാൻ പറഞ്ഞില്ലേ, ജോണിക്ക് വിവാഹമോചനമാണ് താല്പര്യമെന്ന്. തിരിച്ചു സ്വന്തം വീട്ടിലേക്കു പോവാൻ എന്നോടു പറഞ്ഞതിവളാ, ഈ മായ! ഇവൾ ഭർത്താവിനോട് പറഞ്ഞ് എന്‍റെ അച്ഛനമ്മമാരെ വരുത്തിച്ചു. ഇവരാ ഇതിനുത്തരവാദികൾ,” അവൾ പുലമ്പി കരയാൻ തുടങ്ങി.

“ഇതു നല്ല കഥ! ഞാനങ്ങനെ സ്വപ്നത്തിൽ കൂടി കരുതിയിട്ടില്ല.” മായ ഇതുകേട്ട് നടുങ്ങി.

“നീ അങ്ങനിപ്പോ പുണ്യാളത്തി ചമയണ്ട. കഴിഞ്ഞ ദിവസം ജ്യോതി ഇവിടെ വന്നപ്പോൾ, ചായ കുടിച്ചിട്ട് പോയാൽപ്പോരേ എന്നു ചോദിച്ച് നീ അവളെ മയക്കാൻ നോക്കിയില്ലേടീ?” റീനയ്ക്ക് സമനില തെറ്റിയിരുന്നു.

“ഇനിയതൊക്കെ പറഞ്ഞിട്ടെന്തിനാ? ഇതിലൊന്ന് ഒപ്പിട്ടാൽ മാത്രം മതി. ഇഷ്ടമല്ലാത്ത ബന്ധത്തിൽ നിന്നും എന്നെന്നേയ്ക്കുമായി മോചനം ലഭിക്കും.” ജ്യോതി വീണ്ടും പറഞ്ഞു.

“ഇപ്പോത്തന്നെ ഇടാം ഒപ്പ്.” പല്ലുഞെരിച്ചുകൊണ്ട് റീന ആ പേപ്പറുകളെല്ലാം വലിച്ചു കീറി.

“നിന്‍റെ ഇച്ചായന്‍റെ അഹങ്കാരം തീർക്കാൻ നല്ലൊരു പാഠം പഠിപ്പിക്കുന്നുണ്ട് ഞാൻ. ജോണിയത് ജീവിതകാലം മുഴുവൻ ഓർത്തിരിക്കും.” അവൾ വെളിച്ചപ്പാട് കണക്കെ ഇറങ്ങിപ്പോയി. പിറകെ ജ്യോതിയും ബാക്കിയുള്ളവരും. വാതിൽ അടച്ചശേഷം മായ കട്ടിലിലേയ്ക്ക് വീണു കരഞ്ഞു. രമേഷ് ചിരിച്ചു കൊണ്ട് അടുത്തു വന്ന് അവളെ പതിയെ തലോടി.

और कहानियां पढ़ने के लिए क्लिक करें...