വിവാഹ സീസണാകുമ്പോഴേക്കും എന്റെ ഭാര്യ അനാമികയ്ക്ക് അപൂർവ്വമായ ചുറുചുറുക്ക് ഉടലെടുക്കുമായിരുന്നു. വാതിൽക്കലുള്ള ബെൽ മുഴങ്ങുമ്പോഴേക്കും അവൾ തന്റെ കിളിനാദത്തിൽ പറയും“ നോക്കൂന്നേ, ഒരുപക്ഷേ ആരുടെയെങ്കിലും വിവാഹക്ഷണക്കത്ത് വന്നിട്ടുണ്ടാകും.”
വിവാഹ കാർഡ് കാണുമ്പോഴേ എനിക്ക് പനി വരും. ബന്ധം പറഞ്ഞു വരുമ്പോഴേക്കും ഗിഫ്റ്റ് കൊടുക്കേണ്ട ചുമതല എനിക്കായിരിക്കാം. ഗിഫ്റ്റ് മേടിക്കുന്നതിന് ഓഫീസിൽ നിന്നും ലീവെടുക്കുന്നതിനായി പലതരത്തിലുള്ള അഭ്യാസങ്ങളും നടത്തണം. പിന്നീട് സ്ഥൂല ശരീരയായ പത്നിയെ സ്കൂട്ടറിൽ ഇരുത്തി ദൂരദിക്കിലുള്ള വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് സുരക്ഷിതയായി കൊണ്ടു പോകുമ്പോഴേക്കും ഞാനാകെ വിയർത്തു കുളിക്കും. അപ്പോഴെല്ലാം അവൾക്ക് ഒരേയൊരു പല്ലവിയേയുള്ളൂ “നോക്കൂ ചേട്ടാ, നാളെ നമ്മുടെ കുട്ടികളും വലുതാകും. അവരുടെ വിവാഹവും നടക്കും. നമ്മൾ സാമൂഹിക പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ നമ്മുടെ കാര്യത്തിനാരു വരാനാണ്?”
എനിക്ക് അനാമികയുടെ സ്ത്രീ മനഃശാസ്ത്രം മനസ്സിലായി. വിവാഹം എന്നു പറയുന്നത് വീട്ടിലിരിക്കുന്ന ഭാര്യമാർക്ക് പുറത്തേക്കു കടക്കുവാനുള്ള ഒരു പഴുതാണ്. ബ്യൂട്ടിപാർലറിൽ പോയി തയ്യാറാക്കിയ തങ്ങളുടെ ശരീരസൗന്ദര്യം പ്രദർശിപ്പിക്കുവാൻ പറ്റിയ ഒരു സുവർണ്ണാവസരമാണത്.
“അവളുടെ കഴുത്തിലെ മാല നീ ശ്രദ്ധിച്ചോ, ഹോ അവരുടെ ഭർത്താവ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ എൻജിനീയറല്ലേ?” ഇത്തരത്തിലുള്ള രഹസ്യസംസാരങ്ങളും ഇവരുടെ സംഭാഷണത്തിനു കൊഴുപ്പു കൂട്ടിയിരുന്നു.
ഒരു ദിവസം അനാമിക എന്നോടു പറഞ്ഞു “ഇന്ന് ബാങ്കിലേക്ക് വരൂ, എന്റെ ലോക്കറിൽ നിന്നും ജുവലറി എടുക്കണം.”
ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു, “എന്തിനാ?”
അവൾ പറഞ്ഞു “നിങ്ങൾക്കറിയില്ലേ നാളെ വന്ദനയുടെ മകന്റെ കല്യാണമല്ലേ. ഇത് നോക്കൂ, വെഡ്ഡിംഗ് കാർഡ്.”
എന്റെ അധോഗതി! ഞാൻ ഭയം നിറഞ്ഞ കണ്ണുകൾ കൊണ്ട് സ്കൂട്ടറൊന്നു നോക്കി. എനിക്ക് അതിനോട് ദയ തോന്നി. ഈ നിർജ്ജീവവസ്തു കഴിഞ്ഞ ജന്മത്തിൽ എന്തു പാപം ചെയ്തിട്ടാണോ ഈ ജന്മത്തിൽ ഈ ആനത്തടിച്ചിയുടെ ഭാരം ചുമക്കേണ്ടി വരുന്നത്.
എന്റെ അനാമികയ്ക്ക് ഇതിനെപ്പറ്റി എന്തറിയാം. അവൾക്ക് അവളുടെ സ്വർണ്ണാഭരണങ്ങളും സാരിയും പ്രദർശിപ്പിച്ച് മിസ്സിസ്സ് 2022 എന്ന പദവിയും അഭിനന്ദനവും മാത്രം കൈപ്പറ്റിയാൽ മതി.
ഞാൻ അനാമികയോടു ചോദിച്ചു “എന്റെ അനൂ, ഈ വിവാഹ പരിപാടികളിൽ നിനക്കെന്താ ഇത്ര താൽപര്യം?”
അവൾ നാണിച്ചു കൊണ്ടു പറഞ്ഞു “വിവാഹം സ്ത്രീകൾക്ക് പ്രത്യേക അന്തസ്സ് നൽകുന്നു. ഞങ്ങളും ഒരിക്കൽ നവവധുക്കളായിരുന്നു… ഹായ്, ആ നാളുകളെവിടെപ്പോയി. അന്ന് ഞങ്ങളുടെ നടപ്പ് നിലത്തൊന്നും ഉറച്ചിരുന്നില്ല. ഇക്കാര്യവും പറഞ്ഞ് റിസപ്ഷനിൽ ചൂടേറിയ അനേകം പലഹാരങ്ങളും കഴിക്കുന്നു. ഇപ്പോൾ നിങ്ങൾ തന്നെ പറയൂ, ബിരിയാണിയും മസാലദോശയുമെല്ലാം കഴിച്ചിട്ട് എത്രയോ ദിവസങ്ങളായി.”
ഞാനെന്തു പറയാനാ. വിവാഹാഘോഷങ്ങളുടെ തിളക്കം കൂട്ടുന്നത് സുന്ദരികളായ സ്ത്രീകൾ തന്നെയാണ്. പുരുഷന്മാർ എന്തു ചെയ്യാനാ. അവിടെ പോയി എന്തു സംസാരിക്കാനാ? സംസാരിക്കുവാൻ ഏതെങ്കിലും ഗ്രൂപ്പൂ വേണ്ടേ? ഇനി ഏതെങ്കിലും പരിചയക്കാരെ കണ്ടാലും ഷേക്ക് ഹാൻഡ് ചെയ്തും ഹായ് ഹലോ പറഞ്ഞും കുട്ടികളുടെ കാര്യം ചോദിച്ചു തീർന്നു.
വന്ദനയുടെ മകന്റെ വിവാഹക്ഷണക്കത്ത് അനാമിക ഒരായിരം പ്രാവശ്യം തിരിച്ചും മറിച്ചും നോക്കി, കലണ്ടർ നോക്കി നിശ്ചയിക്കുകയായിരുന്നു. എന്നായിരിക്കും കൈകൊടുക്കൽ, മുഹൂർത്തം, റിസപ്ഷൻ. പിന്നെ വീണ്ടും വീണ്ടും എനിക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്നു. “നല്ല വലിയ ഗിഫ്റ്റ് കൊണ്ടുവരണം.”
ഞാൻ തലകുലുക്കി പറഞ്ഞു “ശരി”
ആ ദിവസം അനാമികയുടെ ഒരുക്കം കണ്ട് അവളാണോ മണവാട്ടി എന്നു തോന്നിപ്പോയി. വില കൂടിയ സിൽക്കിന്റെ നീലസാരി, പുതിയ ചെരുപ്പ്, തലമുടിയിൽ വാസനയുള്ള മുല്ലപ്പൂവിന്റെ ഹാരവും ചുണ്ടുകളിൽ ലിപ്സ്റ്റിക്കും.
ഞാൻ ഇടയ്ക്ക് മഹാറാണി അനാമികയെയും ദയാപൂർവ്വം എന്റെ സ്കൂട്ടറിനേയും മാറിമാറി നോക്കി. അഗർബത്തി കത്തിച്ച് സ്കൂട്ടറിന് ആതി ഉഴിഞ്ഞ് ഞാൻ പറഞ്ഞു “സഹോദരാ, വഴിയിൽ എന്റെ മാനം കാക്കണേ, റോഡിലെ കുഴികളെ ധൈര്യപൂർവ്വം തരണം ചെയ്യണേ.”
സ്കൂട്ടറിന് ഒരുപക്ഷെ എന്നോട് സഹതാപം തോന്നിക്കാണും. അത് ഞങ്ങളെ അപകടവും പരിക്കുകളും കൂടാതെ വിവാഹമണ്ഡപം വരെ എത്തിച്ചു.
ഞാൻ നോക്കുമ്പോൾ സ്ത്രീകൾ ഗ്രൂപ്പു ഗ്രൂപ്പായി നിന്നു സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ ബഹളം കാരണം പുരോഹിതന്റെ മന്ത്രോച്ചാരണത്തിന്റെ നേർത്ത സ്വരം മാത്രമേ കേൾക്കാമായിരുന്നുള്ളൂ. ആർക്കും വിവാഹത്തിൽ ഒരു താൽപര്യവുമില്ലായിരുന്നു.
പുരുഷന്മാർ കസേരകളിലിരിക്കുന്നതു കണ്ടാൽ കല്ലുകൊണ്ടുള്ള പ്രതിമകളുടെ പ്രദർശനമാണോ എന്ന് തോന്നിപ്പോകും. ആളുകൾ യന്ത്രം കണക്കെ വധൂവരന്മാരെ ആശംസിച്ചു കൊണ്ടും ഉപഹാരം നൽകിക്കൊണ്ടുമിരുന്നു.
അനാമിക പതുക്കെ എന്റെ ചെവിയിൽ മന്ത്രിച്ചു “തിരക്കു കാണുന്നില്ലേ, പെട്ടെന്ന് തന്നെ പ്ലേറ്റ് ചാടിപ്പിടിക്കൂ, എന്നിട്ട് ഡിന്നർ കഴിക്കാൻ തുടങ്ങൂ.” ബുഫേ സിസ്റ്റമായതിനാൽ ആളുകൾ ചാടി വീഴുകയാണ്. അവസാനമാകുമ്പോഴേക്കും ഉണക്കച്ചോറ് മാത്രമേ കിട്ടുകയുള്ളൂ എന്നും പറഞ്ഞ് അവൾ എന്റെ കൈപിടിച്ചു വലിച്ച് പന്തൽ വരെ കൊണ്ടുപോയി എന്നെക്കൊണ്ട് പ്ലേറ്റ് പിടിപ്പിച്ചു.
ഉന്തും തള്ളും കഴിഞ്ഞ് തന്റെ പ്ലേറ്റിൽ മിഠായി, ഉപ്പിലിട്ടത്, ബിരിയാണി, സാലഡ്, ഗോബി മുൻചൂരിയൻ എന്നിവ എത്രത്തോളമിടാൻ പറ്റുമോ അത്രയും കുത്തി നിറച്ചു കൊണ്ടുവന്ന് ആ ഗോസിപ്പുകാരോടൊപ്പം അനാമിക രാത്രിഭക്ഷണത്തിന്റെ ആനന്ദം നുകർന്നു കൊണ്ടിരുന്നു.
ഞാൻ അപരിചിതനെപ്പോലെ കൈയിൽ കാലി പ്ലേറ്റുമായി ഭക്ഷണം കഴിക്കുന്നവരുടെ ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അസഫലമായ പ്രയത്നത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.
അനാമികയാകട്ടെ ഓരോ വിഭവവും എക്സ്ക്യൂസ് മീ എന്നു പറഞ്ഞ് ശേഖരിക്കുകയായിരുന്നു. അവൾ മാറി മാറി ഓരോ സ്റ്റോളുകളിലേയ്ക്കും പാഞ്ഞു നടന്നു. ഡിന്നർ എന്നത് ഒരു കലയാണെന്നും എന്റെ ജീവിത പങ്കാളി വിവാഹ ക്ഷണക്കത്തുകൾ ഇത്ര വ്യാകുലതയോടെ പ്രതീക്ഷിക്കുന്നതെന്തിനെന്നും ഇപ്പോളെനിക്കു മനസ്സിലായി. പന്തൽ പതുക്കെ കാലിയായിത്തുടങ്ങി.
ഞാൻ എന്റെ സ്കൂട്ടർ സ്റ്റാർട്ടു ചെയ്തു. പിറകിലത്തെ സീറ്റിലിരുന്നു കൊണ്ട് അനു ചോദിച്ചു “നിങ്ങളൊന്നും കഴിച്ചല്ലേ?”
ഞാൻ പറഞ്ഞു “ഇല്ല”
സ്കൂട്ടർ കുറച്ചുദൂരം ഓടിയശേഷം ഇളകാൻ തുടങ്ങി “എന്താ എന്തുണ്ടായി?” അനു ചോദിച്ചു
“ഞാൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. ടയർ പഞ്ചറായി.”
രാത്രി ഒരുപാട് വൈകിയിരുന്നതു കൊണ്ട് സ്കൂട്ടർ റിപ്പയർ സെന്റർ അടച്ചിരുന്നു. ഒരു വിധത്തിൽ സ്കൂട്ടർ ഉന്തിത്തള്ളി വീട്ടിൽ എത്തിച്ചു. അനാമിക നടന്നു നടന്നു ക്ഷീണിച്ചിരുന്നു. എന്റെ സ്ഥിതി അതിലും മോശം. വീടുതുറന്നു നോക്കിയപ്പോൾ മറ്റൊരു വിവാഹക്ഷണക്കത്ത് ആരോ ഇട്ട് പോയിരിക്കുന്നതായി കണ്ടു.
അനാമിക ദുഃഖിതയായി പറഞ്ഞു “നാളെ ഓഫീസിൽ നിന്നും പോരുന്ന വഴി 500 രൂപ മണിയോർഡറായി അയയ്ക്കണം. എന്നിട്ട് പ്രത്യേകം എഴുതണം. ഞങ്ങൾക്ക് വരാൻ പറ്റില്ല എന്ന്” ഇതും പറഞ്ഞ് അവൾ കിടക്കയിൽ ചെന്നു വീണു.