അന്തരീക്ഷത്തിൽ ഓസോൺ പാളി വർഷം ചെല്ലുന്തോറും ദുർബലമാവുകയും കൂടുതൽ ഹാനികരമായ സൂര്യകിരണങ്ങൾ ഭൂമിയിൽ നേരിട്ട് പതിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മിക്ക ഭാഗങ്ങളിലും അപകടകരമാം വിധം അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നതായി അടുത്ത കാലത്ത് നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ വടക്കൻ സംസ്ഥാനങ്ങളിലെ വേനൽക്കാലത്തെ സ്ഥിരം പ്രതിഭാസമായ സൂര്യാഘാതം ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും റിപ്പോർട്ടു ചെയ്‌തു വരുന്നുണ്ട്.
സൂര്യാഘാതം അഥവാ സൺബേൺ ത്വക്കിന് വരുത്തുന്ന ദോഷം വളരെ ഏറെയാണ്. തുടർച്ചയായി കടുത്ത വെയിൽ ഏൽക്കുന്നതിലൂടെയാണ് സൂര്യാഘാതം ഉണ്ടാകുന്നത്. ചർമ്മം ഇളം ചുവപ്പു നിറമാവുക, നേരിയ വേദന അനുഭവപ്പെടുക, വിങ്ങുക, ചുട്ടു നീറ്റുന്നതു പോലെ തോന്നുക എന്നിവയാണ് സാധാരണയായി കണ്ടു വരുന്ന ഇതിന്‍റെ ലക്ഷണങ്ങൾ.
6 മുതൽ 48 മണിക്കൂർ വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ സൂര്യാഘാതം സംഭവിക്കാം. ഏതു തരത്തിലുള്ള ചർമ്മവും ഇതിന് വിധേയമാകാം. ശരീരത്തിലെ പ്രൊട്ടക്ടീവ് പിഗ്മെൻറായ മെലാനിന്‍റെ അളവിൽ ഉണ്ടാകുന്ന കുറവ് ത്വക്കിന്‍റെ സ്വഭാവിക പ്രതിരോധശേഷിയിലും കുറവുണ്ടാക്കുന്നു. ജനിതക തകരാറുകളോ ജീവിക്കുന്ന ചുറ്റുപാടോ ഇതിന് കാരണമാകാം. വെളുത്ത നിറമുള്ളവരിൽ മെലാനിന്‍റെ അളവ് കുറവായതു കൊണ്ട് ഇരുണ്ട നിറമുള്ളവരെ അപേക്ഷിച്ച് ഇവരിൽ സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.
സൂര്യാഘാതം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ താനെ മാറുമെന്നാണ് പലരുടെയും ധാരണ. ഈ ധാരണ ചർമ്മത്തിന് അപരിഹാര്യമായ ദോഷം വരുത്താനേ സഹായിക്കൂ. സൂര്യാഘാതം ഏൽക്കുന്ന ശരീരഭാഗത്ത് ചർമ്മത്തിന്‍റെ സ്വാഭാവിക സംവേദനശേഷി കുറയാനും നിറ വ്യത്യാസം സംഭവിക്കാനും ഇടയുണ്ട്. ചർമ്മം കരുവാളിക്കുന്നതിനും ചൊറിഞ്ഞു പൊട്ടുന്നതിനും ഇത് ഇടവരുത്താറുണ്ട്. അതുകൊണ്ടു തന്നെ യഥാസമയം ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
സൂര്യാഘാതം ഏറ്റാൽ ചെയ്യേണ്ടത്
- സൂര്യാഘാതം സംഭവിച്ച ശരീരഭാഗത്ത് അലോവേര അല്ലെങ്കിൽ കലാമിൻ ചേർന്ന ലോഷൻ പുരട്ടുക.
- ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനായി പാലിൽ സമാസമം വെള്ളം ചേർത്ത് പുരട്ടുക.
- അര ടീസ്പൂൺ ബേക്കിംഗ് സോഡ ഇളം ചൂടുള്ള വെള്ളത്തിൽ ചേർത്ത് പുരട്ടുക. ഇത് ചർമ്മത്തിന് കുളിർമ നൽകുന്ന മോയ്ചറൈസർ പോലെ പ്രവർത്തിക്കുന്നു.
- സൂര്യാഘാതം ഏറ്റ ഭാഗത്ത് വെള്ളരിക്കയുടെ കഷണം കൊണ്ട് തടവുക. വിങ്ങലും ചുട്ടു നീറ്റലും കുറയാൻ ഒരു പരിധി വരെ ഇത് സഹായിക്കും.
- വെയിലിൽ നിന്നും വീടിന് അകത്ത് എത്തുമ്പോൾ ചർമ്മത്തിലെ വിയർപ്പു കണങ്ങൾ ടവ്വൽ കൊണ്ട് മൃദുവായി ഒപ്പി എടുക്കുക.
- ചർമ്മത്തിൽ വേദന തോന്നുന്നുണ്ടെങ്കിൽ മുട്ടയുടെ മഞ്ഞക്കരു നേരിയ തോതിൽ വളരെ മൃദുവായി പുരട്ടുക.
- ഒരു കപ്പ് ഓട്സ് ഇളം ചൂട് വെള്ളത്തിൽ ചേർത്ത് 15- 20 മിനുട്ട് വച്ച ശേഷം പുരട്ടുക. ഇത് ത്വക്കിന് ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ
- വേനൽക്കാലത്ത് പുറത്ത് ഇറങ്ങുമ്പോൾ കുട ചൂടുകയോ തലയിൽ തൊപ്പിയോ സ്കാർഫോ ധരിക്കുകയോ ചെയ്യുക.
- ശരീരഭാഗങ്ങൾ പരമാവധി മറയുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക.
- വേനൽക്കാലത്ത് സാധാരണ കുടിക്കുന്നതിലും കൂടുതൽ വെള്ളം കുടിക്കുന്നത് സൂര്യാഘാതം തടയുന്നതിന് ഏറെ ഫലപ്രദമാണ്.
- അൾട്രാ വയലറ്റ് രശ്മികൾ പതിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സൺസ്ക്രീൻ ലോഷൻ പുരട്ടാം.
- കണ്ണുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ വെയിലിൽ ഇറങ്ങുന്ന സമയത്ത് സൺഗ്ലാസ് ധരിക്കുക.