ഇന്ത്യൻ ജനത സ്‌റ്റാർ പവർ എന്താണെന്ന് അറിഞ്ഞത് അമിതാബ് ബച്ചന്‍റെ താരോദയത്തോടെയാണ്. 51 വർഷമായി ഈ സൂപ്പർതാരം ഇന്ത്യൻ സിനിമയെ നയിക്കുന്നു. തന്‍റെ ബംഗ്ലാവായ ജത്സയുടെ പിറകിൽ സ്‌ഥിതി ചെയ്യുന്ന ജനക് എന്ന ഓഫീസിൽ വച്ചാണ് അമിതാബ്‌ജി കാണാമെന്നേറ്റത്. ജനകിന്‍റെ ചുറ്റിലും മരങ്ങളാണ്. മറ്റൊരു ഭാഗത്ത് ചിത്രങ്ങൾ. അതിൽ പലതും സ്‌മൃതി ചിത്രങ്ങളാണ്. ആരാധകർ സമ്മാനിച്ചതും ആ കൂട്ടത്തിലുണ്ട്.

വെള്ള കുർത്തയും പൈജാമയും അണിഞ്ഞ് വൈകുന്നേരം കൃത്യം 5 മണിയ്‌ക്ക് തന്നെ അമിതാബ്‌ജി എത്തി. ലോകം മുഴുവൻ ആരാധകരുള്ള മനുഷ്യൻ, ജനകിന്‍റെ പച്ചമരത്തണലിൽ ഇരുന്ന് വാചാലനായി. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും…

ഇന്ത്യ എന്നാൽ ഇന്ദിര എന്ന മുദ്രാവാക്യം പോലെ ഇന്ത്യൻ സിനിമയെന്നാൽ അമിതാബ് ബച്ചൻ എന്ന് പറയാറുണ്ട്..

അങ്ങനെ ഒരിക്കലും പറയരുത്, എഴുതരുത്. 100 വർഷത്തിനു മേല്‍ ചരിത്ര പാരമ്പര്യമുള്ള പ്രസ്‌ഥാനമാണ് ഇന്ത്യൻ സിനിമ. ഒരുപാട് ആളുകളുടെ സന്തോഷവും ദു:ഖവും പരിശ്രമങ്ങളും സഹനവുമാണത്. അതിൽ വളരെ ചെറിയ റോളേ എനിക്കുള്ളൂ. ഇന്ത്യൻ സിനിമയുടെ 100 വർഷം ആഘോഷിക്കാനായി ബോളിവുഡ് കാര്യമായി ഒന്നും ചെയ്യാത്തതിൽ എനിക്ക് പരിഭവമുണ്ട്. ചെന്നൈയിൽ സൗത്ത് ഇന്ത്യൻ താരങ്ങൾ ജയലളിതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് എനിക്കത് ശരിയ്‌ക്കും ബോധ്യമായത്. ഇന്ത്യൻ സിനിമയെ ആദരിക്കുന്ന ചടങ്ങായിരുന്നു അത്.

കോന്‍ ബനേഗ ക്രോർപതി എന്ന പ്രോഗ്രാം അനുഭവം?

രാവിലെ 11 മണി മുതൽ രാത്രി 7-8 മണി വരെ ഗോരെഗാവിലെ ഫിലിം സിറ്റിയിലെ സെറ്റിൽ വിശ്രമമില്ലാത്ത ഷൂട്ടിംഗ് ആണ് ഓർമ്മ വരുന്നത്. പ്രേക്ഷകർ നല്ല ടി.ആർ.പി റേറ്റാണ് നൽകുന്നത്. അവരുടേയും അതിൽ പങ്കെടുത്തവരുടേയും സ്‌നേഹം ഞാനിന്നും അനുഭവിക്കുന്നു.

ഹോട്ട് സീറ്റിലിരുന്ന സ്‌ത്രീ മത്സരാർത്ഥികളിൽ പലരും നിങ്ങൾ ഹോട്ടാണെന്നും ഇപ്പോഴും ഹാന്‍റ്സമാണെന്നും പലപ്പോഴും പറഞ്ഞിരുന്നു… ചിലർ നിങ്ങളുടെ വീട്ടിൽ താമസിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അനുഭവങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

കെബിസിയിൽ പങ്കെടുക്കാൻ വന്നവരെയെല്ലാം എന്‍റെ വീട്ടിൽ വന്ന അതിഥികളെപ്പോലെയാണ് ഞാൻ കണ്ടത്. ആതിഥ്യ മര്യാദയോടെയാണ് ഞാനവരോട് പെരുമാറിയതും. അവർക്ക് കംഫർട്ടബിളാവുന്ന അവസ്‌ഥ സൃഷ്‌ടിക്കേണ്ടത് എന്‍റെ കടമയാണ്. വീട്ടിലെത്തിയ അതിഥികൾ സ്‌നേഹത്തോടെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഷിയേണ്ട കാര്യമില്ലല്ലോ? ഏതൊരു മനുഷ്യനെപ്പോലെയും അഭിനന്ദനങ്ങൾ കേൾക്കാൻ എനിക്കും ഇഷ്‌ടമാണ്. പക്ഷേ ചിലപ്പോഴെങ്കിലും അത് എമ്പാരസിംഗ് ആണ്. ഇതെല്ലാം ആ പരിപാടിയുടെ രസങ്ങൾ ആയിട്ടാണ് ഞാൻ എടുത്തത്.

പിന്നെ ഇന്ത്യയെക്കുറിച്ച് ഞാൻ എത്രമാത്രം അജ്‌ഞനാണെന്ന് എനിക്ക് പിടികിട്ടിയത് ഈ പരിപാടി അവതരിപ്പിക്കുമ്പോഴാണ്. ഹോട്ട് സീറ്റിലെത്തുന്ന മത്സരാർത്ഥികളുടെ ഗ്രാമത്തെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. ചിലർക്ക് സ്വന്തം വീടുപോലും ഇല്ലായിരുന്നു. ചിലർ കടം വാങ്ങിയാണ് ജീവിതം തള്ളി നീക്കിയിരുന്നത്, കുട്ടികളെ പഠിപ്പിച്ചിരുന്നത്. സമൂഹം ഒറ്റപ്പെടുത്തിയവരും ഉണ്ടായിരുന്നു. ഉച്ചനീചത്വങ്ങൾ അനുഭവിക്കുന്നവരും ആ കൂട്ടത്തിലുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

ദാരിദ്യ്രം നമുക്ക് മനസ്സിലാക്കാം. പക്ഷേ സമൂഹം ഒറ്റപ്പെടുത്തുന്നതും ആവശ്യത്തിനു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഇല്ലാത്തതും കുടിവെള്ളം ലഭിക്കാത്തതും ആരുടെ പിടിപ്പുകേടു കൊണ്ടാണ്? ഒരു കാര്യത്തിൽ എനിക്ക് ആഹ്ലാദമുണ്ട്. വിജയികൾക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് അവരുടെ ജീവിതത്തിന് അർത്ഥം ലഭിച്ചിട്ടുണ്ട്. സ്വപ്‌നങ്ങൾ സഫലമാക്കാൻ അതുപകാരപ്പെട്ടിട്ടുണ്ട്. ഒരുപാട് കാലം അദ്ധ്വാനിച്ച് നേടിയെടുക്കാൻ പറ്റുന്നത് ഒരു മത്സരം വിജയിച്ചതോടെ സാധ്യമായല്ലോ. അത് അവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയതിൽ ഞാൻ സന്തോഷിക്കുന്നു.

രാജ്യത്തുടനീളം സ്‌ത്രീകൾ അപമാനിക്കപ്പെടുന്നു, ഡൽഹിയിലെ മാനഭംഗം പോലുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ്….

ലോക ജനസംഖ്യയുടെ 50% സ്‌ത്രീകളാണ്. അവർക്ക് അർഹിക്കുന്ന ബഹുമാനം നൽകണം. അധികാരങ്ങൾ നൽകണം. അവരാഗ്രഹിക്കുന്ന ജീവിതം ജീവിക്കുവാൻ സമൂഹം അവരെ അനുവദിക്കാത്തതെന്താണ്? കെബിസിയിൽ വന്ന ചില വനിതകളുടെ കല്ല്യാണം, സ്‌ത്രീധനം കൊടുക്കാനില്ലാത്തതു കൊണ്ട് മുടങ്ങിയിരിക്കുകയായിരുന്നു. ഇന്നും ആൺകുട്ടികളെ പഠിപ്പിക്കാനാണ് മാതാപിതാക്കൾ മുൻകൈയെടുക്കുന്നത്. പെൺകുട്ടികൾ വീട്ടിൽ ഒതുങ്ങി കഴിയേണ്ടവരാണെന്നാണ് ധാരണ.

വൻ നഗരങ്ങളിൽ  സ്വന്തം കരിയർ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം സ്‌ത്രീകൾക്കുണ്ട്. പക്ഷേ ഗ്രാമങ്ങളിൽ അവരുടെ കാര്യം മഹാകഷ്‌ടമാണ്. കെബിസി ഹോസ്‌റ്റ് ചെയ്‌തപ്പോൾ എനിക്ക് നേരിട്ടറിയാൻ കഴിഞ്ഞ കാര്യങ്ങളാണിതെല്ലാം. ഈ അവസ്‌ഥ മാറണം. 100-150 വർഷങ്ങൾക്കു മുമ്പ് നമ്മുടെ നാട്ടിൽ സതി ഉണ്ടായിരുന്നു. ബാലവിവാഹം വ്യാപകമായിരുന്നു. ഭർത്താവ് മരിച്ചാൽ സ്‌ത്രീ തല മുണ്ഡനം ചെയ്‌ത് നടക്കണം, ഇന്ന് അതിനെല്ലാം അറുതി വന്നിട്ടുണ്ട്. അതുപോലെ മാറ്റങ്ങൾ വരാൻ സമയം എടുത്തേയ്‌ക്കാം. സ്‌ത്രീകൾ എല്ലാ അർത്ഥത്തിലും സ്വതന്ത്രരാവുന്ന കാലം ഞാൻ സ്വപ്‌നം കാണുന്നു.

സ്‌ത്രീകൾ സ്വന്തം സുരക്ഷയ്‌ക്കായി എന്തു നടപടി സ്വീകരിക്കണമെന്നാണ് താങ്കൾ പറയുന്നത്?

ആദ്യം സമൂഹമാണ് ഉണരേണ്ടത്. അതിനുള്ള ശ്രമങ്ങൾ വേണം. ബോധവൽക്കരണം വേണം. സ്‌ത്രീകൾ സ്വന്തം സുരക്ഷയ്‌ക്കായി ജാഗരൂകരായിരിക്കണം. ജൂഡോ, കരാട്ടേ തുടങ്ങിയവ സ്‌കൂൾ സിലബസിന്‍റെ ഭാഗമാക്കിയാൽ സ്‌ത്രീകളുടെ അടുത്ത തലമുറയ്‌ക്ക് സ്വയം രക്ഷയ്‌ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല. അതിനേക്കാൾ ഉപരി ചീത്ത ആണുങ്ങളെ നിലയ്‌ക്കു നിർത്തുകയാണ് വേണ്ടത്. സർക്കാറിന്‍റെ ഭാഗത്തു നിന്നും കർശന നടപടിയും വേണം.

ബോളിവുഡിൽ അഞ്ച് പതിറ്റാണ്ടായി താങ്കൾ ഉണ്ട്, സജീവമായി തന്നെ. ഇവിടുത്തെ മാറ്റങ്ങൾ എങ്ങനെ കാണുന്നു…

ഹിന്ദി സിനിമയെപ്പറ്റി പറയുകയാണെങ്കിൽ, നിങ്ങൾക്കറിയാമല്ലോ… നമ്മുടേത് ഹോളിവുഡിനെ കിടപിടിക്കുന്ന നിർമ്മാണ ശൈലിയാണ്. ടെക്‌നിക്കലായി നാം ഏറെ മുന്നേറിക്കഴിഞ്ഞു. 3 ഡി, അനിമേഷൻ, ഗ്രാഫിക്‌സ് എന്നിവയിലെല്ലാം നാം മിടുക്ക് തെളിയിച്ചു കഴിഞ്ഞു. എല്ലാ ഗണത്തിലും പെട്ട സിനിമകൾ നാം നിർമ്മിക്കുന്നുണ്ട്. ലോക നിലവാരമുള്ള നടീ നടന്മാരും ടെക്‌നീഷ്യന്മാരുമാണ് നമുക്കുള്ളത്. പക്ഷേ ഒരു വലിയ മാറ്റം വന്നത് ഈ മേഖലയിൽ ഉണ്ടായ സ്‌ത്രീ മുന്നേറ്റമാണ്.

1969ലാണ് ഞാൻ അഭിനയം തുടങ്ങിയത്. 51 വർഷമായി ജോലി ചെയ്യുകയാണ്. എന്‍റെ തുടക്കക്കാലത്ത് ഷൂട്ടിംഗ് സെറ്റിൽ രണ്ടോ മൂന്നോ സ്‌തീകളെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഒന്ന് ഹീറോയിനായിരിക്കും മറ്റൊന്ന് അവരുടെ അമ്മ റോൾ ചെയ്യുന്ന നടി. ഇങ്ങനെ രണ്ടു സ്‌ത്രീകളെ മാത്രമേ കാണാൻ കഴിയൂ. ഇന്നതല്ല സ്‌ഥിതി. ടെക്‌നീഷ്യന്മാരിൽ പലരും സ്‌ത്രീകളാണ്. ഡയറക്‌ടർ, കൊറിയോഗ്രാഫർ, ക്യാമറാ വുമൺ, സ്‌റ്റണ്ട് മാസ്‌റ്റർ, ആർട്ട് ഡയറക്‌ടർ എന്നു വേണ്ട സിനിമയുടെ സകല ഡിപ്പാർട്ട്‌മെന്‍റിലും സ്‌ത്രീകളുണ്ട്. ഇതൊരു വലിയ മാറ്റമാണ്. സിനിമയിൽ മാത്രമല്ല ബാങ്കിംഗ്, കോർപ്പറേഷൻ മേഖലകളിലും ആരോഗ്യ രംഗത്തും സ്‌ത്രീകൾ തിളങ്ങുന്നുണ്ട്.

സ്‌ത്രീകൾ പഴയ തലമുറയിൽപ്പെട്ടവരായാലും പുതിയ തലമുറയിൽപ്പെട്ടവരായാലും അവരുടെ സംഭാവനകൾ അതുല്യമാണ്. അവരുടെ പടയോട്ടം തുടരുക തന്നെ ചെയ്യും. മുമ്പ് പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങൾ അവർക്ക് കുറവായിരുന്നു. ഇന്ന് അതല്ല സ്‌ഥിതി.

സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി നിയമം മാറ്റി പണിയണമെന്ന് തോന്നുന്നുണ്ടോ?

ആസിഡ് ആക്രമണത്തിന് ഇരയായ ഒരു യുവതി കെബിസിയിൽ പങ്കെടുത്തിരുന്നു. ഗ്രാമത്തിലെ ഒരാൾ വൈരാഗ്യം തീർത്തതാണ്. പക്ഷേ യുവതിയും യുവതിയുടെ അച്ഛനും ആത്മവിശ്വാസം കൈ വിട്ടില്ല. കേസ് കൊടുത്തു.

പക്ഷേ നാമമാത്രമായ ശിക്ഷയാണ് പ്രതിയ്ക്ക് ലഭിച്ചത്. പെൺകുട്ടിയുടെ ജീവിതം നരകതുല്യമായി, പക്ഷേ പ്രതിക്കോ… കുറഞ്ഞ ശിക്ഷ. ഇങ്ങനെ ക്രൂരകൃത്യം ചെയ്ത ഒരാളെ നിയമം വെറുതെ വിടരുത്. 5-10 രൂപയ്ക്ക് വാങ്ങാൻ കിട്ടുന്ന ആസിഡ് കൊണ്ടാണ് ഒരു സ്ത്രീയുടെ ജീവിതം തകർത്തത്. നിയമം ശക്‌തമാക്കിയേ പറ്റൂ. കുറ്റം ചെയ്തവൻ ഒരു കൂസലുമില്ലാതെ നടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സർക്കാരും കോടതിയും ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നീതി നടപ്പാക്കുന്നതിലും ക്രൈം തടയുന്നതിലും മാനുഷിക മൂല്യം വേണം. പക്ഷേ അത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുള്ളതാവരുത്.

സിസ്റ്റം ഒറ്റ രാത്രികൊണ്ട് മാറ്റിയെടുക്കാൻ കഴിയില്ലെന്ന് അറിയാം. ഇത്തരം കേസുകളിൽ ഉടനെ തീർപ്പുണ്ടാകുന്ന സംവിധാനം നടപ്പാക്കണം. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റി എഴുതേണ്ടതുണ്ട്. ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണ്. നടനും സാധാരണക്കാരനും എല്ലാം നിയമത്തിന്‍റെ മുന്നിൽ തുല്യരാണ്.

ആംഗ്രി യംഗ്‌മാന്‍റെ പരിവേഷം ഇപ്പോഴും ഉള്ളിൽ ഉണ്ടെന്ന് തോന്നുന്നു. അനീതികൾ എതിർക്കാനുള്ള ഒരു മനസ്സ്…!

ആ ഫയർ എന്‍റെ ഉള്ളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ അനീതി എതിർക്കപ്പെടേണ്ടതാണെന്ന പൗരബോധം എനിക്കുണ്ട്.

സിനിമാലോകത്ത് നിങ്ങൾ കണ്ടുമുട്ടിയ കരുത്തയായ സ്ത്രീ?

മുമ്പ് അധികം സ്ത്രീകൾ ഈ രംഗത്ത് ഉണ്ടായിരുന്നില്ല. എങ്കിലും പുരുഷാധിപത്യകാലത്ത് സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന നർഗ്ഗീസ് ദത്തും മീനാകുമാരിയും.. അവർ ചരിത്രം തിരുത്തിക്കുറിച്ചവരാണ്. ശക്‌തമായ കഥാപാത്രങ്ങൾ ചെയ്തും പ്രതിഭയുടെ ഔന്നത്യം കൊണ്ടും കലാരംഗത്തെ സഹനം കൊണ്ടും അവർ വേറിട്ടു നിൽക്കുന്നു.

ഇന്നും സിനിമയിൽ പുരുഷാധിപത്യമാണല്ലോ…

അങ്ങനെ ഉറപ്പിച്ചു പറയാനാവില്ല. നോക്കൂ, ഇപ്പോള്‍ അവാർഡുകൾ പലതും നേടുന്നത് സ്ത്രീകൾ അല്ലേ. എത്ര നല്ല ചിത്രങ്ങൾ എല്ലാം സ്ത്രീ കേന്ദ്രീകൃതമായി ഇറങ്ങിയിട്ടുണ്ട്, ഇനിയും എത്രയോ വരാനിരിക്കുന്നു.

ജീവിതത്തിൽ സ്വാധീനിച്ച സ്ത്രീ?

എന്‍റെ അമ്മ. ജീവിതത്തിൽ എന്നെ ഇൻസ്പയർ ചെയ്ത വനിത എന്‍റെ അമ്മ തേജി ബച്ചനാണ്. അവർ ധീരയും സ്നേഹ സമ്പന്നയും ആയിരുന്നു. അമ്മയുടെ സാമൂഹ്യബോധം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അച്ഛനും അങ്ങനെ തന്നെയായിരുന്നു… എന്‍റെ അമ്മ സിക്ക് സമൂഹത്തിൽ ജനിച്ചു വളർന്നവരാണ്. 1940 കാലഘട്ടത്തിൽ ജാതിഭേദവും വർണ്ണവിവേചനവും വളരെ കൂടുതലായിരുന്നു. അക്കാലത്താണ് അവർ പ്രണയിച്ച് വിവാഹിതരായത്. അന്ന് അതൊന്നും അത്ര എളപ്പമായിരുന്നില്ല. പക്ഷേ അമ്മ സമൂഹത്തിന്‍റെ തിന്മകളെ വെല്ലുവിളിച്ച് അച്ഛനെ 1942ൽ വിവാഹം കഴിച്ചു. അവർ അഭിമാനബോധത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു. ഞങ്ങളേയും ആ മൂല്യങ്ങൾ പഠിപ്പിച്ചു.

അച്ഛൻ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലേ?

ധാരാളം. അദ്ദേഹം ജാതിമത ചിന്തകൾക്ക് എതിരായിരുന്നു. സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു. സ്വന്തം ജാതി വെളിപ്പെടുത്തുന്ന സർനെയിം ഒഴിവാക്കി സ്വന്തം പേരിന്‍റെ കൂടെ ബച്ചൻ എന്ന് ചേർത്തത് അച്ഛനാണ്. അദ്ദേഹം ഭാരതീയനാണെന്ന് അറിയപ്പെടാനാണ് ആഗ്രഹിച്ചത്. അല്ലാതെ ജാതിയുടെ പേരിലല്ല. എന്‍റെ പേരിന്‍റെ കൂടെയും ബച്ചൻ ചേർക്കപ്പെട്ടത് അങ്ങനെയാണ്. എന്‍റെ വീട്ടിൽ ജനസംഖ്യാ കണക്കെടുപ്പിനുള്ള ആളുകൾ വന്നിരുന്നു. ജാതി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞ് ഞാൻ ഒരു ഭാരതീയനാണെന്നാണ്. അതിലാണ് ഞാൻ അഭിമാനിക്കുന്നത്, അല്ലാതെ ജാതിയിലല്ല. എന്‍റെ അച്ഛനിൽ നിന്ന് ഞാൻ ആർജ്‌ജിച്ച നന്മകളാണിതെല്ലാം.

ചെറുമകൾ ആരാധ്യ ഇനി സിനിമയിൽ വരുമോ?

വളരെ കുഞ്ഞാണവൾ. വലുതാവുമ്പോൾ അവൾ തീരുമാനിക്കട്ടെ. പിന്നെ അവളുടെ അച്ഛനും അമ്മയുമാണ് അതെല്ലാം പറയേണ്ടത്. ആരാധ്യ സിനിമയിൽ ഉണ്ടാവണമെന്നാണ് എന്‍റെ വ്യക്‌തിപരമായ ആഗ്രഹം. അച്ഛന്‍റെയും അമ്മയുടേയും കഴിവുകൾ അവൾക്കും കിട്ടിക്കാണുമല്ലോ. അവൾ ഇപ്പോൾ തന്നെ ഒരു ഡ്രാമാ ക്യൂൻ ആണ്.

 എപ്പോഴെങ്കിലും റിട്ടയർമെൻറിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഞാനൊരു സർക്കാർ ഓഫീസിലല്ല ജോലി ചെയ്യുന്നത്. അങ്ങനെയായിരുന്നെങ്കിൽ 58-60 വയസ്സിൽ റിട്ടയർ ചെയ്യാമായിരുന്നു. കലാകാരന്മാർക്കും ഡോക്ടർമാർക്കും വക്കീലന്മാർക്കും എഴുത്തുകാർക്കും റിട്ടയർമെൻറുണ്ടോ? ജനങ്ങൾ ഇഷ്ടപ്പെടുന്നിടത്തോളം കാലം കലാകാരൻ അവന്‍റെ ജോലി നിർത്തേണ്ട കാര്യമില്ല. പിന്നെ ആരോഗ്യം ഒരു പ്രധാന കാര്യം തന്നെയാണ്. കണ്ടില്ലേ എന്നെ. ഞാനിപ്പോഴും ചെറുപ്പമാണ്.

ആരോഗ്യ രഹസ്യം എന്താണ്?

നല്ല ഭക്ഷണം. അതും കൃത്യസമയത്ത് കഴിക്കും. പിന്നെ ജന്മനായുള്ള ശാരീരിക പ്രത്യേകതകൾ. അസുഖങ്ങൾ ഒന്നും എന്നെ തളർത്താറില്ല. ചിട്ടയായ ജീവിതം കൊണ്ടാണ് ഞാൻ രോഗങ്ങളെ നേരിടുന്നത്. വീട്ടിലെ ഭക്ഷണം, കുറച്ച് വ്യായാമം, പച്ചക്കറി വിഭവങ്ങൾ മാത്രം കഴിക്കുന്നത് എല്ലാം ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നുണ്ട്.

ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം?

ആരാധകരുടെ സ്നേഹം. അതില്ലെങ്കിൽ അമിതാബ് ബച്ചൻ ഇല്ല. നമുക്ക് സ്റ്റാർ പവർ തരുന്നത് അവരാണല്ലോ. ആ സ്നേഹം ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്‍റെ പ്രാർത്ഥന.

और कहानियां पढ़ने के लिए क्लिक करें...