വെള്ളിത്തിരയിൽ ഹൃത്വിക് റോഷൻ എന്ന നക്ഷത്രം ഉദിച്ചിട്ട് 40 ഓളം വർഷമായി. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഹൃത്വിക് കാട്ടിയ ധൈര്യം പ്രേഷകർ രണ്ടു കയ്യും നീട്ടിയാണ് എപ്പോഴും സ്വീകരിച്ചത്. അമാനുഷിക കഥാപാത്രങ്ങളിലൂടെ കുട്ടികളുടെയും മുതിർന്നവരുടേയും പ്രത്യേക ഇഷ്‌ടം നേടിയെടുക്കാനും ഈ താരരാജകുമാരന് കഴിഞ്ഞിട്ടുണ്ട്. ഏതാനും നാളുൾക്കു മുമ്പ് ബ്രെയിൻ സർജറിയ്‌ക്ക് വിധേയനായ താരത്തിനും കുടുംബത്തിനും പിന്തുണയുമായി ആത്മവിശ്വാസം പകരാൻ ആയിരങ്ങളാണ് ഫേസ്ബുക്ക് കൂട്ടായ്‌മയിൽ എത്തിയത്.
അതിനിടെ സൂപ്പർ ഹീറോ ആയി അഭിനയിച്ച കൃഷ്-3 റിലീസായി. ഒരൊറ്റ ദിവസം കൊണ്ട് 35.91 കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്. കൃഷ്-3 സർവ്വകാല റെക്കോർഡുകൾ തകർത്ത സമയത്തും ഈ വിജയത്തിന്‍റെ ശില്‌പിയായ അച്‌ഛനാണ് ഹൃത്വിക് ക്രഡിറ്റ് നൽകിയത്. കുട്ടികളുടേയും മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്നവരുടേയും സൂപ്പർ ഹീറോ ഹൃത്വിക് റോഷൻ സംസാരിക്കുന്നു…
ബ്രെയിൻ സർജറി കഴിഞ്ഞു വന്ന ഉടനെ നിങ്ങൾ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും സജീവമായിരുന്നല്ലോ…?
ആശുപത്രി വാസകാലത്ത് എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മനസ്സ് കാണിച്ച ആരാധകരുടെ സ്‌നേഹം ഞാൻ അറിഞ്ഞത് സോഷ്യൽ നെറ്റ് വർക്കിലൂടെയാണ്. ഈ മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അവർ പ്രകടിപ്പിച്ച സ്‌നേഹം എനിക്ക് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. എന്‍റെ സ്‌നേഹവും നന്ദിയും അവരെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും സജീവമായത്. എന്‍റെ തിരിച്ചു വരവിൽ അവർ സന്തോഷിക്കുന്നത് ഞാൻ അടുത്തു കണ്ടു.
ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴുള്ള മാനസികാവസ്‌ഥ എന്തായിരുന്നു..?
എന്‍റെ ഉള്ളിലെ ശക്‌തി പതിന്മടങ്ങ് വർദ്ധിച്ചതായി തോന്നി, ഇതിനു മുമ്പ് എനിക്ക് ഒരിക്കലും ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ആശുപത്രി കിടക്കയിൽ വച്ച് എനിക്ക് ഒരു കാര്യം കൂടി ബോധ്യമായി. ഒരു മനുഷ്യന് വലിയ പ്രശ്നങ്ങൾ വരുമ്പോഴാണ് അയാൾക്ക് താൻ ആന്തരികമായി എത്ര ശക്‌തരാണെന്ന് തെളിയിക്കാനുള്ള സുവർണ്ണാവസരം ലഭിക്കുന്നത്. ഇതിനു മുമ്പ് ജീവിതത്തിലൊരിക്കലും ഞാൻ ഇത്രമാത്രം ആത്മവിശ്വാസത്തോടെ, ഊർജ്‌ജസ്വലതയോടെ ഒരു പുലർകാലത്തിലേക്കും ഉറക്കമെഴുന്നേറ്റിട്ടില്ല. അന്നത്തെ വികാരങ്ങള്‍ വാക്കുകളിൽ കൂടി വർണ്ണിക്കാനാവില്ല.
കൃഷ് വൻ വിജയമായിരുന്നല്ലോ. അതിന്‍റെ ആത്മവിശ്വാസത്തിലാണോ കൃഷ്-3 നിർമ്മിച്ചത്…?
കൃഷിന്‍റെ ബ്രാന്‍റ് വാല്യു മുന്നോട്ട് കൊണ്ടുപോകാനുള്ള ഉദ്ദേശ്യം തീർച്ചയായും അതിന്‍റെ പിന്നിലുണ്ടായിരുന്നു. തിരക്കഥ തയ്യാറായപ്പോൾ തന്നെ ഇതൊരു നല്ല ചിത്രം ആകും എന്ന് കരുതിയിരുന്നു. പക്ഷേ ഇത് സാക്ഷാത്ക്കരിക്കാൻ ആവുമോ എന്ന് ആശങ്കയുണ്ടായിരുന്നു. 2010 ൽ നിർമ്മാണം തുടങ്ങി 2013 പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. അതിനിടയിൽ സിനിമയുടെ ടെക്‌നിക് അദ്‌ഭുതാവഹമായി മാറുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അതുതന്നെ സംഭവിച്ചു. അയൺ മാൻ, സൂപ്പർ മാൻ, അവേഞ്ചർ തുടങ്ങിയ സിനിമകൾ ഇറങ്ങി. ഇത്തരത്തിലുള്ള ചിത്രങ്ങൾ വരും എന്ന് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ അന്നു തന്നെ 10 കൊല്ലം മുന്നോട്ട് ചിന്തിച്ചാണ് കാര്യങ്ങൾ നീക്കിയത്. ഇതെല്ലാമായിരുന്നു കൃഷ്-3 തുടങ്ങുമ്പോൾ നടനായ എന്‍റെ മനസ്സിലും സംവിധായകനായ എന്‍റെ അച്‌ഛന്‍റെ മനസ്സിലും ഉണ്ടായിരുന്നത്. വെല്ലുവിളികളിൽ നിന്ന് പിൻമാറാൻ ഞാനും അച്‌ഛനും ഒരുക്കമല്ലായിരുന്നു. ഞങ്ങൾ റിസ്‌ക് എടുത്തു. ഒരു ചെറിയ സിനിമയാണ് എടുത്തിരുന്നതെങ്കിൽ ഞങ്ങൾക്ക് ഇന്ന് കിട്ടുന്ന അഭിനന്ദനവും സ്‌നേഹവും ലഭിക്കില്ലായിരുന്നു. സൂപ്പർ ഹീറോകൾ ഒളിച്ചോടുന്നവരല്ലല്ലോ! (ചിരിക്കുന്നു).
ഹോളിവുഡ് സിനിമയെ വെല്ലുന്ന ടെക്‌നിക്കാണ് ഉപയോഗിച്ചിരിക്കുന്നത്..?
ശരിയാണ്. ഞങ്ങൾ നല്ല പണി എടുത്തിട്ടുണ്ട്. കൃഷ്-3 യുടെ നിർമ്മാണത്തിൽ വിദേശ ടെക്‌നീഷ്യന്മാരുടെ സഹായം തേടിയിട്ടില്ല. കൃഷ്-3 100% സ്വദേശി സിനിമയാണ്. വിഎഫ്‌എക്‌സും സ്‌പെഷ്യൽ ഇഫക്‌ട്‌സും ഇവിടെയാണ് ചെയ്‌തത്. അത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഇതിന്‍റെ ക്രൂ മുഴുവനും ഇന്ത്യക്കാർ മാത്രമായിരുന്നു.
കൃഷ്-3 യിലെ വില്ലനായത് വിവേക് ഓബ്‌റോയ് ആണ്. ആ വേഷവും നിങ്ങൾ ചെയ്യാൻ ആഗ്രഹിച്ചതായി കേട്ടിരുന്നു..?
ആ വേഷം വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനാലാണ് ഞാനത് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. പക്ഷേ എന്‍റെ അച്‌ഛൻ സമ്മതിച്ചില്ല. അദ്ദേഹത്തിന്‍റെ മനസ്സിൽ വിവേക് ആയിരുന്നു. ഒരു നടന്‍റെ ഇച്‌ഛാശക്‌തി കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. പക്ഷേ അച്‌ഛൻ പറഞ്ഞത് ഞാൻ മൂന്നു റോൾ ഇപ്പോൾ തന്നെ ചെയ്യുന്നുണ്ടല്ലോ. ഇനി നാലാമത്തെതും ചെയ്‌താൽ സിനിമയിൽ പിന്നെ വേറെയാരും ഉണ്ടാവില്ല എന്നാണ്! സിനിമയിൽ വിവേകിന്‍റെ പ്രകടനം കണ്ടപ്പോൾ എനിക്ക് മനസ്സിലായി, എനിക്കതു പോലെ ആ കഥാപാത്രത്തോട് നീതി ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്ന്. ഗംഭീരമാണ് വിവേകിന്‍റെ പ്രകടനം.
കഥാ ചർച്ചയ്‌ക്കിടയിലും ഷൂട്ടിംഗിനിടയിലും ഞാൻ ഇതുപോലെ ഓരോ നിർദ്ദേശങ്ങളുമായി അച്‌ഛനെ സമീപിക്കുമായിരുന്നു. അതെല്ലാം അദ്ദേഹം ഗൗരവത്തോടു കൂടി ശ്രദ്ധിക്കും. എന്നിട്ട് പറയും “നിന്‍റെ ഐഡിയ നല്ല ഒന്നാന്തരം മണ്ടത്തരമാണ്” (ചിരിക്കുന്നു).
കൃഷിലെ സൂപ്പർ ഹീറോ ആകാൻ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു…?
ഒരേ സിനിമയിൽ രണ്ട് എക്‌സ്‌ടീമിലുള്ള രണ്ടു റോളുകൾ മാറി മാറി അഭിനയിക്കുക. രാത്രി മരങ്ങൾക്കും കുന്നുകൾക്കും മുകളിലൂടെ മുഖംമൂടി ധരിച്ചു പറക്കുന്ന കൃഷായിട്ട്, പിന്നെ ഏഴ് കൊല്ലം മുമ്പ് കോയി മിൽ ഗയയിൽ അവതരിപ്പിച്ച രോഹിത് എന്ന ചെറുപ്പക്കാരനായിട്ടും. ശരിക്കും ചലഞ്ച് ആയിരുന്നു അതെല്ലാം. ഞാൻ ഏത് മാനസികാവസ്‌ഥയിലാണെന്നു പിടികിട്ടാത്ത അവസ്‌ഥ. ഇതിനിടയിൽ കാരവാനിലെത്തി വിശ്രമിക്കുമ്പോൾ ഹൃത്വിക്കായിട്ടും മാറണം! മുഖംമൂടി വച്ചിട്ട് മുംബൈയിലെ ചൂടിൽ, ഫിലിം സിറ്റിക്കകത്ത് ഷൂട്ട് ചെയ്യാൻ വലിയ പാടായിരുന്നു. 5 മണിക്കൂറാണ് മേക്കപ്പിനായി ഓരോ ദിവസവും വേണ്ടി വന്നത്. ഹെവി മേക്കപ്പിട്ടതിനാൽ മുഖത്ത് ഇമോഷൻസ് വരുത്താൻ പ്രയാസപ്പെട്ടിരുന്നു. സ്‌റ്റണ്ടും ധാരാളം ഉണ്ടായിരുന്നു.
പക്ഷേ ഇതെല്ലാം ഞാൻ ആസ്വദിച്ചു.
അച്‌ഛന്‍റെ സംവിധാനത്തിലാണല്ലോ കൂടുതൽ തിളങ്ങുന്നത്…?
അച്‌ഛൻ കഴിവിന്‍റെ പരമാവധി എനിക്കായി നൽകുന്നതു കൊണ്ടാവാം അത്. നൽകുന്നതാണല്ലോ നമുക്ക് ഇരട്ടിയായി തിരിച്ചു കിട്ടുക. അതൊരു പ്രകൃതി നിയമമാണ്.
കൃഷിൽ കുട്ടികൾക്ക് ബാന്‍റ് വിതരണം ചെയ്യുന്ന സീനുണ്ട്. ആരുടെ ഐഡിയ ആണിത്…?
അച്‌ഛന്‍റെ. കൃഷ് നന്മയുടെ പ്രതീകമാണ്. നല്ല കാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്നതാണ്. എനിക്കും ഇഷ്‌ടപ്പെട്ട രംഗമാണത്.
ആക്ഷൻ ചിത്രങ്ങൾ ഇന്ത്യയിൽ ചിത്രീകരിക്കുമ്പോൾ വേണ്ടത്ര സുരക്ഷ ലഭിക്കാറുണ്ടോ…?
ഇന്ത്യക്കാർ ആക്ഷൻ ചിത്രങ്ങൾ എടുക്കുന്നത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തിയാണ്. ആക്ഷൻ ഷൂട്ട് ഇവിടെയും സേഫാണ്. നമ്മുടെ സ്‌റ്റണ്ട് ഡയറക്‌ടർമാർ ലോകനിലവാരത്തിലുള്ളവരാണ്. വിദേശ ചിത്രങ്ങൾക്കു വരെ അവർ സ്‌റ്റണ്ട് ചെയ്യുന്നുണ്ട്. എനിക്ക് സുരക്ഷിതത്വത്തെക്കുറിച്ച് ഇതുവരെ പരാതിപ്പെടേണ്ടി വന്നിട്ടില്ല. പക്ഷേ നടന്‍റെ പരിമിതികൾ അയാൾ തന്നെ മനസ്സിലാക്കി പ്രവർത്തിക്കണം. മസ്ലിനിൽ ഞാൻ ബാംഗ് ബാംഗ് എന്ന ചിത്രത്തിന്‍റെ സ്‌റ്റണ്ട് സീനെടുത്തപ്പോൾ എന്‍റെ തലയിൽ ഒരുപാട് പരിക്കുകൾ പറ്റിയിട്ടുണ്ട്. തലവേദന വന്നു. പക്ഷേ ആ പേരും പറഞ്ഞ് ഞാൻ ഷൂട്ടിംഗ് നിർത്താനൊന്നും പറഞ്ഞില്ല. ഷൂട്ടിംഗ് നിർത്തിയാലുണ്ടാവുന്ന നഷ്‌ടത്തെക്കുറിച്ചാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.
വിദേശത്താണ് ഷൂട്ടിംഗ്. ഒരുപാട് കാശ് ചിലവാക്കിയാണ് ചിത്രീകരണം. അതിന്‍റെ താളം തെറ്റിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
നടന്‍റെ ശരീരമാണ് പ്രധാനം എന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. അപകടമുണ്ടാവുമ്പോൾ ചിത്രീകരണം നിർത്താൻ പറയാനുള്ള ശക്‌തി കലാകാരനുണ്ടാവണം. ഇന്നാണെങ്കിൽ സ്‌റ്റണ്ട് ചെയ്‌ത് പരിക്കുണ്ടായാൽ ഷൂട്ടിംഗ് നിർത്തി വയ്‌ക്കാൻ ഞാൻ പറഞ്ഞേനെ.
കുട്ടികളുടെ സൂപ്പർ ഹീറോ ആണ് ഹൃത്വിക്. ഹൃത്വികിന്‍റെ സൂപ്പർ ഹീറോ ആരാണ്?
രാകേഷ് റോഷനാണ് എന്‍റെ സൂപ്പർ ഹീറോ! എന്‍റെ മക്കളായ ഹൃദാനും ഹ്വറേഹാനും കൃഷിനെ ഇഷ്‌ടമാണ്. അവരുടേയും സൂപ്പർ ഹീറോ ഞാനാണ്. അവരെ ഉപദേശിക്കാൻ ഞാനില്ല. സ്വയം ഉദാഹരണമായി മക്കളുടെ മുന്നിൽ നിൽക്കാനാണ് എനിക്കിഷ്‌ടം.