അംജത് അലിഖാൻ തന്‍റെ മാന്ത്രിക സരോദിൽ വിരൽ തൊടുമ്പോൾ ആ ലോകം നാം അനുഭവിച്ചറിയും. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും പ്രഗത്ഭനായ സരോദ് സംഗീതജ്‌ഞനായ അംജത് അലി ഖാന് കൊച്ചിയിലേക്കുള്ള യാത്രകൾ സ്വന്തം വീട്ടിലേക്കുള്ള വരവ് പോലെ ആഹ്ലാദകരമാണ്. മക്കളായ അമാനും അയനുമൊപ്പം അദ്ദേഹം കൊച്ചിയിൽ സന്ദർശനം നടത്താറുണ്ട്...

കൊച്ചിയെ അത്രയേറെ ഇഷ്‌ടമാണോ?

യെസ്... ഐ ലവ് കൊച്ചി. ഞാനും ഈ സുന്ദരമായ കൊച്ചിയുടെ പൗരൻ ആകാൻ ആഗ്രഹിക്കുകയാണ്. എന്നോട് എന്‍റെ സുഹൃത്തുക്കൾ യാത്ര പോകാൻ ഒരു സ്‌ഥലം നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ ആദ്യം പറയുക കേരളം എന്നാണ്, പിന്നെ രാജസ്‌ഥാനും. കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവരാണ്. ഇവിടത്തെ സാക്ഷരതയും കലാസാംസ്‌കാരിക സമ്പന്നതയും കുലീനമായ പെരുമാറ്റവും എനിക്ക് വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. സ്വന്തം തറവാട്ടിലേക്ക് വരുന്നതുപോലെ തോന്നും കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചിയിൽ എത്തുമ്പോൾ.

ദക്ഷിണേന്ത്യയിൽ ഒരു സംഗീത അക്കാദമി ഞാൻ തുടങ്ങുന്നുണ്ടെങ്കിൽ അത് കേരളത്തിലായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. കേരളവുമായി  എന്നെ ബന്ധിപ്പിച്ച, ഞാൻ കണ്ട ഏറ്റവും മഹാനായ പാട്ടുകാരനാണ് ദക്ഷിണാമൂർത്തി സ്വാമി. സംഗീതത്തിന്‍റെ കാര്യത്തിൽ ദക്ഷിണേന്ത്യ ചൂസി ആണ്. അവർ എല്ലാവരുടേയും സംഗീതം കേൾക്കാൻ തയ്യാറായെന്നു വരില്ല. സംഗീതം എമ്പാടും പങ്കുവയ്‌ക്കുകയാണ് എന്‍റെ ജീവിത ലക്ഷ്യം.. ഗുരുവിന്‍റെ വസതിയിൽ, അദ്ദേഹത്തെ പരിചരിച്ച് ഒരു ജോലിക്കാരനെപ്പോലെ കഴിഞ്ഞുകൂടി അറിവു സമ്പാദിച്ച ഒരു തലമുറയുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായം എനിക്കിഷ്‌ടമാണ്. 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷമാണ് പഠനം ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയത്.

ഒരു സംഗീതജ്‌ഞന് സംഗീതമാണ് ഫസ്‌റ്റ് ലവ്. എങ്കിലും അതു കഴിഞ്ഞാൽ താങ്കൾ ഏറ്റവും വിലമതിക്കുന്നതെന്താണ്?

ഒരു സംഗീതജ്‌ഞന്‍റെ ഏറ്റവും വലിയ ബാങ്ക് ബാലൻസ് എന്താണെന്നോ? ആസ്വാദകർ നൽകുന്ന സ്‌നേഹവും അനുഗ്രഹവും. അതാണ് എന്‍റെ മോട്ടിവേഷന്‍റെ ആത്മാവ്. നാം പാടുമ്പോൾ എല്ലാം മറന്ന് കേട്ടിരിക്കുന്ന ആസ്വാദകർ, അവരാണെന്‍റെ സമ്പത്ത്. ഈ പരിപാടി എങ്ങനെയും കഴിഞ്ഞെങ്കിലെന്നു കരുതി കൂടെക്കൂടെ വാച്ച് നോക്കുന്നവർക്കു മുന്നിലിരുന്ന് പാടേണ്ടി വന്നിട്ടില്ല. കലാലോകം ഏറെ സ്‌നേഹം എനിക്ക് തന്നിട്ടുണ്ട്. അതനുഭവിക്കാനുള്ള ഭാഗ്യവും ലഭിച്ചു!

മക്കൾക്കൊപ്പമാണല്ലോ ഇപ്പോൾ കൂടുതൽ കച്ചേരികൾ ചെയ്യുന്നത്?

എന്നെ സംഗീതം പഠിപ്പിച്ചത് എന്‍റെ അച്‌ഛൻ ഹാഫിസ് അലി ഖാൻ ആണ്. ആറാം വയസ്സിൽ ഞാൻ സരോദ് വായിക്കാൻ തുടങ്ങി. പത്താം വയസ്സു മുതൽ അച്‌ഛന്‍റെ കച്ചേരിക്ക് തംബുരു വായിക്കുമായിരുന്നു. അച്‌ഛനിൽ നിന്നാണ് സ്‌റ്റേജിലെങ്ങനെ ഇരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെ പഠിച്ചത്. സംഗീതമാണ് എന്‍റെ ധനം. അതാണ് എനിക്ക് മക്കൾക്കു നൽകാനുള്ള സ്വത്ത്. എന്‍റെ മക്കൾ അമാനും അയാനുമൊപ്പം പെർഫോം ചെയ്യുന്നതാണ് എനിക്ക് ഏറ്റവും ഇഷ്‌ടം.

ഇത് പോപ്പുലർ മ്യൂസിക്കിന്‍റെ കാലമല്ലേ?

സ്വരത്തെ ഈശ്വരനായി കാണുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ. ശബ്‌ദത്തിന്‍റെ ലോകമാണ് ഏറ്റവും മനോഹരം. നമുക്ക് രണ്ടുതരം ലോകമുണ്ട്. ഒന്ന് ശബ്‌ദത്തിന്‍റേതാണ്. മറ്റൊന്ന് വാക്കുകളുടെ. ശബ്‌ദത്തിന്‍റെ ലോകം മനസ്സിലാക്കാൻ കുറച്ചുപേർക്കേ കഴിയൂ. എന്നാൽ ഇന്ന് ഭരിക്കുന്നത് വാക്കുകളുടെ ലോകമാണ്. ഇപ്പറഞ്ഞ സംഗീതത്തിന്‍റെ കാര്യത്തിലും ശരിയാണ്. ഹം തും എക് കമരേ മേം ബന്ദ് ഹോ എന്ന് പാടുമ്പോഴും അത് വാക്കുകളിലൂടെയാണ് നാം കേൾക്കുന്നത്. വരികളൊന്നുമില്ലാത്ത സംഗീതം, അതാണ് സംഗീതത്തിലെ ശുദ്ധരൂപം. ക്ലാസിക്കലും പോപ്പുലർ മ്യൂസിക്കും തമ്മിൽ അടിസ്‌ഥാനപരമായി വ്യത്യാസമില്ല. സംഗീതം എപ്പോഴും സംഗീതം ആണ്. സംഗീതത്തിലൂടെയാണ് ഞാൻ നിറവും ഗന്ധവും സൗന്ദര്യവും അറിയുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...