നീണ്ട വർഷങ്ങളായുള്ള അമേരിക്കൻ വാസം കൊണ്ട് ഞങ്ങൾ ഏറെക്കുറെ അമേരിക്കൻ വാസികളായി മാറിയിരുന്നു. മൂന്ന് വർഷത്തിലൊരിക്കൽ അമ്മയെ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ നാട്ടിൽ പോയിരുന്നത്. കുട്ടികൾക്ക് മാതൃഭാഷ ഏറെക്കുറെ അന്യമായിരുന്നു. അവർ സംസാരിച്ചിരുന്നതും അമേരിക്കൻ ആക്‌സന്‍റിൽ തന്നെയായിരുന്നു. വേഷഭൂഷാദികളിലും പൂർണ്ണമായും അവർ അമേരിക്കക്കാരായി മാറിയിരുന്നു.
ചിലപ്പോൾ നാടിനെപ്പറ്റിയുള്ള ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ ഓടിയെത്തുമ്പോൾ, ഇവിടെ സ്‌ഥിര താമസമാക്കാനാണോ പ്ലാനെന്ന് ഭർത്താവിനോട് ആധിയോടെ ചോദിക്കുമ്പോൾ അതല്ലാതെ മറ്റ് വിഴയൊന്നുമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ ജോലിയും അങ്ങനെയുള്ളതായിരുന്നു.
പണ്ടത്തെ കാലം പോലെയായിരുന്നില്ല. നാട്ടിലെ പോലെ രാവിലെ 10 മണിക്ക് ജോലി തുടങ്ങി 5.30 ന് അവസാനിച്ച് വീട്ടിൽ സുഖമായി വിശ്രമിച്ച് ജീവിക്കാനാവില്ലല്ലോ. മാത്രവുമല്ല ഭർത്താവിന്‍റെ ഉദ്യോഗം കൊണ്ട് കുടുംബം പുലർത്താനും പണം സമ്പാദിക്കുവാനും കഴിയില്ല. എനിക്കും ഒരു ജോലി ആവശ്യമായിരുന്നു.
എന്‍റെ ഭർത്താവ് അരവിന്ദന്‍റെ അച്‌ഛനേയും അമ്മയേയും പപ്പ, മമ്മി എന്നാണ് ഞാനും വിളിച്ചിരുന്നത്. അവർ നാട്ടിലായിരുന്നു. അരവിന്ദന്‍റെ പെങ്ങൾ ആശ മുംബൈയിലായിരുന്നു താമസം. ആശയുടെ ഭർത്താവ് അവിടെ മർച്ചന്‍റ് നേവിയിലാണ്. അവർക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്.
അരവിന്ദന്‍റെ മമ്മിയും പപ്പയും നാട്ടിൽ തീർത്തും തനിച്ചായിരുന്നു താമസം. അവരുടെ പരിചരണവും സംരക്ഷണവുമൊക്കെ ആശചേച്ചിയാണ് നടത്തിയിരുന്നത്. പക്ഷേ അതൊക്കെ മമ്മിക്കും പപ്പക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. മുംബൈയിൽ നിന്നും ഇടയ്‌ക്ക് മകൾ നാട്ടിലെത്തി അവർക്കൊപ്പം ഏതാനും ദിവസം ചെലവഴിച്ചും അവരെ ആശുപത്രിയിൽ കൂട്ടി കൊണ്ടു പോയി വൈദ്യപരിശോധന നടത്തിക്കുകയുമൊക്കെ ചെയ്യുന്നത് മകൾക്കും കുടുംബത്തിനും ബുദ്ധിമുട്ട് ആകുമെന്നോർത്തായിരുന്നു അവരുടെ വിഷമം.
പക്ഷേ അവരെ ഇനി തനിച്ചാക്കുകയെന്നത് പ്രയാസകരമായിരുന്നു. പ്രായവും ഏറെയായി. അതുകൊണ്ട് ഞങ്ങൾ എപ്പോഴും പപ്പയോടും മമ്മിയോടും അമേരിക്കയിൽ ഞങ്ങൾക്കൊപ്പം വന്ന് താമസിക്കാൻ ആവശ്യപ്പെടുമായിരുന്നുവെങ്കിലും അവർക്കത് ഉൾക്കൊള്ളാനാവുമായിരുന്നില്ല.
സ്വന്തം നാടും വീടും വിട്ട് അന്യരാജ്യത്ത് കഴിയുകയെന്നത് അവർക്ക് ആലോചിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. ഞങ്ങൾ പറയുമ്പോഴൊക്കെ മമ്മിയും പപ്പയും ആ ആവശ്യം ശക്‌തിയുക്തം എതിർക്കുമായിരുന്നു.
നിങ്ങൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾ പിന്നെ ആരോട് സംസാരിക്കാനാ എന്നായിരുന്നു അവരുടെ ആധി. പക്ഷേ ആശചേച്ചി ഇടപെട്ട് പപ്പയേയും മമ്മിയേയും പറഞ്ഞ് മനസ്സിലാക്കിയതോടെ അവർ അമേരിക്കയിൽ വരാൻ തയ്യാറായി.
പപ്പയും മമ്മിയും വരാൻ തയ്യാറാണെന്ന് അറിഞ്ഞ അരവിന്ദൻ നാട്ടിലേക്ക് മടങ്ങി പപ്പയും മമ്മിയും താമസിച്ചിരുന്ന ഫ്ളാറ്റ് വിൽക്കാനുള്ള ഏർപ്പാടുകൾ നടത്തി. മമ്മിയുടേയും പപ്പയുടേയും ജീവനായിരുന്നു ആ ഫ്ളാറ്റ്. അവർ ആത്മാവിനോട് ചേർത്തു നിർത്തിയ ഒന്ന്. ആ ഫ്ളാറ്റിലെ ഓരോ വസ്‌തുവും മമ്മി സ്വന്തം കുഞ്ഞുങ്ങളെയെന്ന പോലെയാണ് പരിപാലിച്ചിരുന്നത്. പപ്പ സർവീസിൽ ഇരിക്കെ സമ്പാദിച്ച തുക കൊണ്ടും പിഎഫും ചേർത്ത് വാങ്ങിയ ഫ്ളാറ്റായിരുന്നുവത്.
എന്നാലും ഫ്ളാറ്റ് വിൽക്കുന്ന കാര്യത്തിൽ മമ്മിയ്ക്ക് ഇത്തിരി സങ്കടമായിരുന്നു. ഇത്രയും നാളും ഹൃദയത്തോട് ചേർത്തു വച്ച വീടാണ് വിൽക്കാൻ പോകുന്നത്. എങ്കിലും മമ്മി മറ്റൊരു തരത്തിൽ സന്തോഷവതിയായിരുന്നു. മകനും കൊച്ചുമക്കൾക്കുമൊപ്പം ഇനിയുള്ള കാലം ഒരുമിച്ച് കഴിയാമല്ലോ. വയസ്സു കാലത്ത് അതിലും വലുതായി മറ്റെന്താണ് വേണ്ടത്.
മമ്മിയും പപ്പയും ആശചേച്ചിയോട് യാത്ര പറഞ്ഞ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ആശചേച്ചിക്കും ആ വേർപാട് സഹിക്കാൻ ആവുമായിരുന്നില്ല. ഇനി പപ്പയേയും മമ്മിയേയും കാണണമെങ്കിൽ അമേരിക്കയിൽ പോകേണ്ടി വരുമല്ലോ. മാത്രവുമല്ല മമ്മിയും പപ്പയും അമേരിക്കയിലേക്ക് പോകുന്നതോടെ നാടുമായി ഉള്ള സകലബന്ധങ്ങളും അവസാനിക്കുകയും ചെയ്യും. ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ സങ്കടങ്ങളൊക്കെ മമ്മിയുമായാണ് പങ്കുവച്ചിരുന്നത് ഇനിയത്….
അമേരിക്കയിലെത്തിയ മമ്മിയും പപ്പയും കൊച്ചുമക്കളായ അക്ഷയേയും ആഷികയേയും കണ്ടതോടെ സകല സങ്കടവും മറന്നു. പപ്പ അവരോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ മമ്മിക്ക് അക്കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.
അമേരിക്കൻ ആക്സന്‍റിലുള്ള പല വാക്കുകളും മമ്മിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലും കുട്ടികൾക്ക് അച്ചമ്മയെ വലിയ ഇഷ്‌ടമായിരുന്നു. ഇവിടുത്തെ ജീവിത രീതിയുമായി പൊരുത്തപ്പെടാൻ മമ്മിയ്ക്ക് തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ മമ്മിക്കുവേണ്ടി ഓൺലൈനിൽ മലയാളം പ്രസിദ്ധീകരണങ്ങൾ ഓർഡർ കൊടുത്തു.
പിന്നീട് ഒരു ദിവസം ഞാൻ മമ്മിയോട് പറഞ്ഞു, “മമ്മി ഇവിടെയുള്ള ചില ഇന്ത്യൻ സ്ത്രീകൾ എല്ലാ ദിവസവും ഒത്തു ചേരാറുണ്ട്. മമ്മിയുടെ പ്രായത്തിലുള്ളവരാണ് ഏറെപ്പേരും. മമ്മി എല്ലാ ദിവസവും വൈകുന്നേരവും അവരുടെ അടുത്ത് പോകണം. അവരെ പരിചയപ്പെടുകയും ചെയ്യാം. ബോറടി മാറി കിട്ടുകയും ചെയ്യും.”
ഒരു ദിവസം ഞാൻ മമ്മിയെ കൂട്ടിക്കൊണ്ടു പോയി അവരെ ഓരോരുത്തരെ പരിചയപ്പെടുത്തി. “മമ്മി ഇത് വിനീത ആന്‍റി, ഇത് കമല, രൂപാ….” മമ്മിയെ കണ്ട് അവർ എല്ലാവരും സന്തോഷിച്ചു.
രൂപ ആന്‍റി എഴുന്നേറ്റ് വന്ന് മമ്മിയെ ചേർത്ത് പിടിച്ചു. “വെൽക്കം സിസ്‌റ്റർ. പരിചയപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. നമ്മുടെ കുടുംബത്തിലേക്ക് ഒരംഗവും കൂടിയായി. ഇനി നമ്മൾ ഈ സിസ്റ്ററെയും കൂടി വിളിക്കണം.”
അതോടെ എന്നും വൈകുന്നേരം 5 മണിയാകുമ്പോൾ മമ്മി കൂട്ടുകാരെ കാണാനായി പാർക്കിൽ പോകുന്നതു പതിവായി. അവിടെയിരുന്ന് അവർ പരസ്പരം തമാശ പറഞ്ഞും പൊട്ടിചിരിച്ചും സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പതിയെ പതിയെ ഒരു മാസം കൊണ്ട് മമ്മിയുടെ മനസ്സ് അമേരിക്കൻ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു.
പപ്പ എന്നും അതിരാവിലെ ഉണർന്ന് കൂട്ടുകാർക്കൊപ്പം പ്രഭാതസവാരി നടത്തും. ചില ദിവസങ്ങളിൽ വൈകുന്നേരവും നടക്കാൻ പോകും. ചിലപ്പോൾ ഒഴിവ് വേളകളിൽ രണ്ടുപേരും എന്തെങ്കിലും പുസ്തകങ്ങൾ വായിച്ചിരിക്കും. മമ്മി രാവിലേയും വൈകുന്നേരവും എനിക്കൊപ്പം അടുക്കള ജോലികളിൽ പങ്കുചേരും. ആ സമയത്തൊക്കെ മമ്മിയ്ക്ക് കൂട്ടുകാർ പങ്കുവച്ച എന്തെങ്കിലും കഥകളൊക്കെ ഉണ്ടാകും പറയാൻ. ചിലപ്പോൾ വലിയ തമാശകളാവും. അത്തരം തമാശകൾ പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഉച്ചത്തിൽ ചിരിക്കും.
ഒരിക്കൽ പാർക്കിൽ പോയി വന്ന മമ്മി പച്ചക്കറികൾ നുറുക്കവെ രൂപാന്‍റി പറഞ്ഞ കാര്യം അദ്ഭുതത്തോടെ എന്നോട് പറഞ്ഞു.
“മോളെ ഇന്ന് രൂപ ഒരു കാര്യം പറഞ്ഞു. ഇവിടെ എവിടെയോ ഇന്ത്യക്കാരായ ഒരു ഭാര്യയും ഭർത്താവും ഉണ്ടത്രേ. രണ്ടുപേരും ഉദ്യോഗസ്‌ഥർ. അവർക്ക് കുട്ടികളില്ല. ഭർത്താവിനാണ് പ്രോബ്ലം. അയാളുടെ ഭാര്യ ഓഫീസിലെ മറ്റൊരാളുമായി അടുപ്പത്തിലാണെന്ന്. ”
“മമ്മി ഇവിടെ ഇതെല്ലാം പതിവാ. എനിക്ക് അവരെ അറിയാം. അവർ രണ്ടുപേരും നല്ലവരാ.”
“അയ്യേ, അവർ നല്ലവരാണെന്നോ… ഭർത്താവിരിക്കെ ഭാര്യ പരപുരുഷനെ തേടി പോകുന്നത് നല്ല കാര്യമാണോ?” മമ്മി നീരസത്തോടെ പറഞ്ഞു.
ഞാനപ്പോൾ മമ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. മമ്മിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. മമ്മിയുടെ ദേഷ്യം ന്യായമായിരുന്നു. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ബന്ധങ്ങളെ അംഗീകരിച്ചു കാണാറില്ലല്ലോ? ങ്ഹാ നടന്നാൽ തന്നെ അത് വളരെ രഹസ്യമായിട്ടാവും. അഥവാ അത്തരം കേസുകൾ നാലുപേർ അറിഞ്ഞാൽ പിന്നെ പെണ്ണിനും ആണിനും മാനക്കേട് ആയിരിക്കും.
ഇന്ത്യയിൽ പണ്ടുകാലങ്ങളിൽ ദേവദാസി സമ്പദ്രായങ്ങളുണ്ടായിരുന്നു. ഉന്നത ജാതിയിൽപ്പെട്ട പുരുഷന്മാരാണ് ഇത്തരം സ്ത്രീകൾക്ക് പിന്നാലെ അക്കാലത്ത് പോയിരുന്നത്. പക്ഷേ അന്ന് അതൊക്കെ അവർക്ക് അനുവദനീയമായിരുന്നു. അവകാശമായിരുന്നു. പക്ഷേ എപ്പോഴും ഇരയാക്കപ്പെട്ടവർ താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകളായിരുന്നു.
ഇവിടെയാണെങ്കിൽ സമൂഹം ഇത്തരം ബന്ധങ്ങളെ തുറന്ന മാനസികാവസ്‌ഥയോടെയാണ് അംഗീകരിക്കുന്നത്. പക്ഷേ അക്കാര്യം മമ്മിയെ എങ്ങനെയാണ് ധരിപ്പിക്കുക. ഇക്കാര്യത്തെ ചൊല്ലി മമ്മിയുമായി തർക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ മമ്മിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് മമ്മി അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറി എടുത്തു കൊണ്ട് ഞാൻ വിഷയം മാറ്റി.
“ഇങ്ങ് താ മമ്മി, ഞാൻ ചെയ്യാം. മമ്മി റെസ്റ്റ് എടുക്ക്.”
മമ്മി പുഞ്ചിരിയോടെ എഴുന്നേറ്റ് കുട്ടികളുടെ അടുത്തു പോയി. എന്‍റെ മകൾ ആഷികയ്ക്ക് അച്ചമ്മയെ ജീവനായിരുന്നു. ഇപ്പോൾ അവരുമായി ഏറെക്കുറെ നന്നായി ആശയവിനിമയം നടത്താൻ മമ്മിക്ക് കഴിയുന്നുണ്ട്.
കുട്ടികളും മമ്മിയുമായി സംസാരിച്ച് ചില മലയാളപദങ്ങളൊക്കെ പഠിച്ചെടുത്തിരിക്കുന്നു. അവർ വന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അനുഗ്രഹമായി. വീട്ടുകാര്യങ്ങൾ മമ്മി നോക്കി നടത്തുന്നതിനാൽ എന്‍റെ പാതി ടെൻഷൻ ഒഴിഞ്ഞ് കിട്ടി.
കുറഞ്ഞ പക്ഷം കുട്ടികൾ വീട്ടിൽ സുരക്ഷിതരാണ്. അവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരായി വീട്ടിൽ ആളുണ്ടല്ലോയെന്ന ചിന്ത എന്‍റെ മനസ്സിന് വല്ലാത്ത ആശ്വാസം പകർന്നു.
ജോലിക്കഴിഞ്ഞ് തളർന്ന് ഞങ്ങൾ വീട്ടിലെത്തുന്നതും കാത്ത് മമ്മി ചൂട് ചായയും പലഹാരവും തയ്യാറാക്കി നോക്കിയിരിക്കും. ആ കാഴ്ച കാണുമ്പോൾ തന്നെ ക്ഷീണമൊക്കെ മറന്ന് മനസ്സ് സന്തോഷവും സംതൃപ്തിയും കൊണ്ട് നിറയും.
മമ്മി ഇപ്പോൾ ഇവിടവുമായി പൂർണ്ണമായും ഇഴുകിചേർന്നു കഴിഞ്ഞിരുന്നു. മാസത്തിലൊരു തവണ കൂട്ടുകാരികൾക്കൊപ്പം റെസ്റ്റോറന്‍റിൽ പോയി ഭക്ഷണം കഴിക്കും. ചില ദിവസങ്ങളിൽ അവർ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിൽ ഒത്തു കൂടും. എല്ലാവരും വീട്ടിൽ നിന്നും സ്വയം എന്തെങ്കിലും പാകം ചെയ്ത് കൊണ്ടു വന്ന് പങ്കുവച്ച് കഴിക്കും. അതുകൊണ്ട് ഏറ്റവും നന്നായി ഭക്ഷണം പാകം ചെയ്യുകയെന്ന മത്സരബുദ്ധിയും അവർക്കിടയിൽ ഉണ്ടായിരുന്നു.
മമ്മിയുടെ വേഷത്തിൽ വരെ ഉണ്ടായി മാറ്റം. സാരി മാത്രം അണിഞ്ഞിരുന്ന കക്ഷി എന്‍റെ നിർബന്ധത്തിന് വഴങ്ങി സൽവാറും കമ്മീസും അണിയാൻ തുടങ്ങി. അതിനിണങ്ങുന്ന ചെരുപ്പും പഴ്സും കൂടിയണിയുമ്പോൾ മമ്മിയുടെ സന്തോഷം കാണേണ്ടത് തന്നെയാണ്. ആ സന്തോഷത്തിലൂടെ ഞാനൊരു കാര്യം തിരിച്ചറിഞ്ഞിരുന്നു. മമ്മിയ്ക്ക് ഇപ്പോൾ അമേരിക്ക ഒരു അന്യരാജ്യമല്ല. സ്വന്തം നാടുപോലെയാണ്.
അങ്ങനെ മമ്മിയും പപ്പയും വന്നിട്ട് 3 വർഷം കഴിഞ്ഞതുപോലും അറിഞ്ഞില്ല. മമ്മി ആശചേച്ചിയെ കാണാനായി മുംബൈയിൽ പോകാൻ ആഗ്രഹിച്ചിരുന്നു. കുട്ടികൾക്ക് വെക്കേഷൻ കാലമായതു കൊണ്ട് ഞാൻ മമ്മിക്കും കുട്ടികൾക്കുമായും മുംബൈയിലേക്ക് എയർ ടിക്കറ്റ് എടുത്തു. പപ്പയ്ക്ക് ഇവിടെ എന്തോ കൂട്ടുകാരുടെ പരിപാടിയുള്ളതിനാൽ പപ്പ പോയില്ല.
മമ്മി വരുന്നതറിഞ്ഞ് ആശചേച്ചി വളരെ സന്തോഷത്തിലായി. മമ്മിയെ കണ്ടിട്ട് 3 വർഷമായില്ലേ. മമ്മിയും കുട്ടികളും അവിടെ എത്തിയതോടെ ആശചേച്ചി അവരെ കൂട്ടി ദിവസവും എവിടെയെങ്കിലും കറങ്ങാൻ പോകും. പലതരം പലഹാരങ്ങൾ ഉണ്ടാക്കി അവരെ തീറ്റിക്കുന്നതായിരുന്നു ആശചേച്ചിയുടെ ഏറ്റവും വലിയ സന്തോഷം.
ചേച്ചിയുടേയും എന്‍റെയും മക്കൾ ഒരേ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ആശചേച്ചിയുടെ ഭർത്താവ് നിശാന്ത് മർച്ചന്‍റ് നേവിയിലായതു കൊണ്ട് 6 മാസം കൂടുമ്പോഴെ വീട്ടിലെത്തിയിരുന്നുള്ളൂ. അതുകൊണ്ട് വീട്ടിലെ കാര്യവും കുട്ടികളെ വളർത്തലും അവരുടെ പഠനകാര്യങ്ങളുമൊക്കെ ആശചേച്ചി തനിച്ചാണ് നോക്കി നടത്തിയിരുന്നത്. ഇക്കാര്യത്തിൽ ആശചേച്ചിയെപ്പറ്റി നിശാന്തിന് വലിയ മതിപ്പായിരുന്നു താനും.
ഒരു ദിവസം എന്തോ ഉറക്കം വരാത്തതുകൊണ്ട് മമ്മി ലിവിംഗ് റൂമിൽ സോഫയിൽ വന്നിരുന്നു. ആ സമയം ഏതോ ഒരു ചെറുപ്പക്കാരൻ ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് മമ്മി കണ്ടു. നൈറ്റ് ഗൗണിലായിരുന്ന ചേച്ചി അയാളെ യാത്രയാക്കാൻ വാതിൽക്കൽ വരെ വന്നു. അയാൾ കൈവീശി യാത്ര പറഞ്ഞിറങ്ങി. “ഞാൻ നാളെ വരാം.” അയാൾ തിരിഞ്ഞ് നിന്ന് ഓർമ്മിപ്പിച്ചു. ചേച്ചി സന്തോഷത്തോടെ തലയാട്ടി.
“ഓകെ, ബൈ” സോഫയിൽ കിടന്നു കൊണ്ട് മമ്മി ഇതെല്ലാം കാണുകയായിരുന്ന കാര്യം ചേച്ചി അറിഞ്ഞതുമില്ല. അയാൾ പോയശേഷം ചേച്ചി ലിവിംഗ് റൂമിലെ ലൈറ്റ് ഓൺ ചെയ്‌തു. മമ്മി എഴുന്നേറ്റിരുന്നു.
“ആരാണത്? നിശാന്ത് ഇവിടെയില്ലാത്തപ്പോൾ അയാൾ വന്നത് ശരിയല്ലല്ലോ? മാത്രവുമല്ല നിനക്ക് പ്രായമായ രണ്ട് പെൺമക്കളുമില്ലേ?” “മമ്മി അത് സാരമില്ലാ, മമ്മീക്കൊന്നും മനസ്സിലാവില്ല.” ചേച്ചി പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.
ചേച്ചിയുടെ നിസാരഭാവം മമ്മിയെ വല്ലാതെ ചൊടിപ്പിച്ചു. “ഇല്ല എനിക്ക് മനസ്സിലാവില്ല? ബുദ്ധിയില്ലാത്തവളല്ലേ ഞാൻ. നീയെന്താ ഇങ്ങനെ.” ഇത്രയും പറഞ്ഞശേഷം മുറിയിലെത്തിയ മമ്മി അരവിന്ദനെ വിളിച്ച് സകല കാര്യവും പറഞ്ഞു.
മമ്മി പറയുന്നതു കേട്ട് ഒരു നിമിഷം അരവിന്ദൻ പകച്ചു പോയി. കുറച്ച് കഴിഞ്ഞ് അരവിന്ദൻ മമ്മിയെ ആശ്വസിപ്പിച്ചു. “മമ്മി, മമ്മി ആശയോട് ഒന്നും പറയണ്ടാ. ഞാൻ അവളോട് സാവകാശം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം.”
പിറ്റേന്ന് രാവിലത്തെ ഫ്ളൈറ്റിൽ തന്നെ ഞാനും അരവിന്ദനും മുംബൈയിലെത്തി. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ആശചേച്ചിയാകെ ഭയന്നു പോയി. പിറ്റേ ദിവസം വീട്ടിൽ കുട്ടികളും മമ്മിയും ഇല്ലാത്ത സമയം നോക്കി അരവിന്ദൻ ആശചേച്ചിയോടായി ഇതേപ്പറ്റി സംസാരിച്ചു. ഇനി ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ആശചേച്ചി ഞെട്ടിപ്പിക്കുന്ന ആ സത്യം തുറന്നു പറഞ്ഞു. ഞാനും അരവിന്ദനും നിശ്ശബ്ദം അത് കേട്ടുകൊണ്ടിരുന്നു.
“ചേട്ടാ, ചേട്ടനറിയാമല്ലോ ഞാനും നിശാന്തും പരസ്‌പരം സമ്മതത്തോടെയാണ് വിവാഹിതരായത്. നിശാന്ത് മർച്ചന്‍റ് നേവിയിലായതു കൊണ്ട് 6 മാസം കൂടുമ്പോഴല്ലേ വീട്ടിൽ വരിക. പക്ഷേ ഈ 6 മാസക്കാലം നിശാന്തിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ട്.
വീട്ടിൽ വന്നാൽ എന്നെ വെറുപ്പോടെയാ കാണുന്നത്. ബെഡ്റൂമിൽ പോലും ഞങ്ങൾ അപരിചിതരാണ്. വീട്ടിലെ കാര്യങ്ങൾക്ക് പണം തരുന്നുണ്ട്. ശരിയാണ്. അതൊക്കെ മക്കളെ ഓർത്തിട്ട് മാത്രമാണ്. ഞാൻ നിശാന്തിനോട് എന്തെങ്കിലും പറഞ്ഞാൽ തന്നെ നിശാന്ത് ഉടനടി പറയും നീ തീർത്തും ഫ്രീയാണ്. വേണമെങ്കിൽ ഡിവോഴ്സ് ചെയ്യാം. നീയും ആരെയെങ്കിലും പ്രേമിച്ചോ. പക്ഷേ ഇക്കാര്യമൊന്നും പുറത്തറിയരുത് എന്ന്. കാരണം സമൂഹത്തിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരാണല്ലോ.
ഇനി ചേട്ടൻ പറ ഞാൻ പ്രായ പൂർത്തിയായ ഈ പിള്ളേരേയും കൊണ്ട് എവിടെ പോകാനാ. ഡിവോഴ്സ് ചെയ്യാനും പറ്റില്ലല്ലോ. എനിക്ക് സ്നേഹം വേണം എന്താ പുരുഷൻ മാത്രം ശരീരത്തിന്‍റെ ദാഹം അറിഞ്ഞാൽ മതിയോ, സ്ത്രീകൾക്കെന്താ അതറിയാൻ പാടില്ലേ?” ആശചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആശചേച്ചി വീണ്ടും സംസാരിച്ചു തുടങ്ങി.
“ഇവിടെ അടുത്ത് ഒരു സ്ത്രീയുമായി നിശാന്തിന് ബന്ധമുണ്ട്. ഇക്കാര്യം ആ സ്ത്രീയുടെ ഭർത്താവിനും അറിയാം. ആ സ്ത്രീയുടെ ഭർത്താവാണ് കഴിഞ്ഞ രാത്രി ഇവിടെ വന്നത്. അയാളും ഞാനും തമ്മിലുള്ള അടുപ്പം നിശാന്തിനും അറിയാം. നിശാന്തിനും അയാളുടെ ഭാര്യക്കും ഇക്കാര്യത്തിൽ ഒരു എതിർപ്പുമില്ല. ഇക്കാര്യം വീടിന് പുറത്തറിയരുതെന്ന് മാത്രമേ നിശാന്ത് എന്നോട് പറഞ്ഞിട്ടുള്ളൂ.” ആശചേച്ചി പറഞ്ഞത് കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടിത്തരിച്ചിരുന്നു പോയി. ചേച്ചിയോട് എന്ത് പറയണമെന്നറിയാത്ത അവസ്‌ഥയിലായിരുന്നു ഞങ്ങൾ. ഒടുവിൽ സമചിത്തത വീണ്ടെടുത്ത് ഞാൻ ചേച്ചിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ചേച്ചി, വിഷമിക്കാതെ ഞങ്ങൾക്ക് ആലോചിക്കാൻ കുറച്ച് സമയം തരണം.”
അതിനു ശേഷം ഞങ്ങൾ രണ്ടുപേരും ആശചേച്ചിയുടെ മുറിയിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഞങ്ങൾ തനിച്ചായ നേരത്ത് അരവിന്ദൻ എന്നോടായി പറഞ്ഞു. “നീ പറഞ്ഞത് ശരിയാ. പക്ഷേ മമ്മിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കും? മമ്മി ഒരിക്കലും ആശയോട് ക്ഷമിക്കില്ല.”
ഞാൻ മനസ്സിൽ ചേച്ചി പറഞ്ഞതോർത്തു. സത്യത്തിൽ ഇക്കാര്യത്തിൽ ചേച്ചി തെറ്റുകാരിയേ അല്ല. പക്ഷേ നമ്മുടെ സമൂഹം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കില്ലല്ലോ. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ രഹസ്യമായി നടക്കുകയും ചെയ്യും.
ചേച്ചിക്കും നിശാന്തിനും മാത്രമല്ല അവരുടെ അയൽക്കാരായ ദമ്പതികൾക്കും ഇതേ പ്രശ്നമാണ്. അതു കൊണ്ടാണല്ലോ അവരുടെ ഭർത്താവ് ചേച്ചിയുടെ അടുത്ത് വരുന്നത്. ഭാര്യയ്ക്ക് അതിൽ യാതൊരു എതിർപ്പുമില്ല. ഇതുപോലെ എത്രയെത്ര ബന്ധങ്ങൾ ഈ സമൂഹത്തിലുണ്ടാകും.”
ചേച്ചിയുടെ മാനസികാവസ്‌ഥ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അരവിന്ദന് കഴിഞ്ഞെങ്കിലും അമ്മയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് ഓർത്തായിരുന്നു അരവിന്ദന്‍റെ ആധി അത്രയും.
എങ്ങനെയൊക്കെയോ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷം ഞങ്ങൾ അമ്മയേയും കുട്ടികളേയും കൂട്ടി അമേരിക്കയിലേക്ക് മടങ്ങി. പിന്നീട് നിശാന്ത് ഷിപ്പിൽ നിന്നും അവധിയ്ക്ക് വരുന്നതനുസരിച്ച് മമ്മിയേയും കൂട്ടി ഞങ്ങൾ വീണ്ടും മുംബൈയിൽ എത്തി.
നിശാന്തുമായി ഇതേപ്പറ്റി അരവിന്ദൻ സംസാരിച്ചപ്പോൾ നിശാന്ത് തെല്ലും കൂസലില്ലാതെ ആ ബന്ധത്തെ അനുകൂലിച്ച് സംസാരിച്ചു. “അരവിന്ദാ, നിങ്ങൾ ഇത്രയും നാളും അമേരിക്കയിലായിരുന്നില്ലേ? എന്നിട്ടും നിങ്ങൾ ഇത്തരം കാര്യങ്ങളെ തെറ്റായാണോ കാണുന്നത്? എന്‍റെ ബന്ധങ്ങളെക്കുറിച്ച് ആശയ്ക്ക് അറിയാം. മാത്രവുമല്ല ആശയ്ക്കും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ ഞാൻ പൂർണ്ണമായ സ്വാതന്ത്യ്രം കൊടുത്തിട്ടുണ്ട്. അവൾക്കും ആരുമായിട്ടും ബന്ധമുണ്ടാക്കാം. അതുകൊണ്ട് നമ്മുടെ കുടുംബത്തിന് യാതൊരു ദോഷമുണ്ടാകാൻ പാടില്ല. അത്രയേയുളളൂ. അരവിന്ദൻ എഡ്യുക്കേറ്റഡ് അല്ലേ. നിങ്ങൾ ഇതൊന്നും അത്ര കാര്യമായി എടുക്കാൻ പാടില്ല.”
നിശ്ശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്ന അരവിന്ദൻ ഒടുവിൽ പറഞ്ഞു. “നിശാന്ത് നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ മമ്മിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും?” ഞാൻ മമ്മിയോട് പറയാം. പക്ഷേ ഇപ്പോൾ രാത്രി ഏറെ വൈകിയിരിക്കുന്നു.
പിറ്റേന്ന് പ്രാതൽ കഴിച്ച ശേഷം നിശാന്ത് മമ്മിയുടെ മുറിയിൽ ചെന്ന് അടുത്തിരുന്നു. “മമ്മി എനിക്കറിയാം മമ്മിക്ക് എന്നോടും ആശയോടും കടുത്ത ദേഷ്യമുണ്ടെന്ന്. അത് ന്യായവുമാണ്. മമ്മിക്ക് അറിയാമല്ലോ വീട്ടുകാർ പരസ്‌പരം തീരുമാനിച്ചുറപ്പിച്ചതനുസരിച്ചാണ് ഞങ്ങൾ വിവാഹിതരായത്. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമുണ്ടായിരുന്നില്ല. ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചെങ്കിലും എന്തോ ഒരു കുറവുണ്ടായിരുന്നു. ആ കുറവ് നികത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞാൻ ജോലി സംബന്ധമായി 6 മാസം കപ്പലിലായിരിക്കുമല്ലോ. ആശ അടുത്തില്ലാത്ത ആ സമയത്ത് ഞാനെന്ത് ചെയ്യാനാ? ഞാൻ ആശയ്ക്ക് പൂർണ്ണമായ സ്വാതന്ത്യ്രം കൊടുത്തിട്ടുണ്ട്. ആശയുടെ അടുത്ത് അയാൾ വരുന്നുണ്ടെങ്കിൽ അതിലെന്ത് തെറ്റാണുളളത്?”
പക്ഷേ അതൊന്നും അംഗീകരിക്കാനാവാതെ മമ്മി ജനാലയിലൂടെ നിർവികാരയായി പുറത്തേക്ക് നോക്കിയിരുന്നു. മമ്മിയുടെ ഇരിപ്പു കണ്ടതോടെ താൻ പറഞ്ഞ കാര്യങ്ങളൊന്നും മമ്മിയ്ക്ക് ഇഷ്‌ടമായില്ലെന്ന് നിശാന്തിനും മനസ്സിലായി.
ഒടുവിൽ അയാൾ മമ്മിയുടെ കൈ തന്‍റെ കൈകളിലെടുത്തു, “മമ്മി, മമ്മിയ്ക്ക് ഇതൊന്നും ഇഷ്‌ടമായില്ലെന്ന് എനിക്ക് മനസ്സിലായി. മമ്മിയുടെ വിഷമവും എനിക്ക് മനസ്സിലായി. ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോൾ മാത്രമല്ലല്ലോ പണ്ടും നടന്നിട്ടില്ലേ. ഞാനും ആശയും ഇക്കാര്യത്തിൽ സന്തുഷ്ടരാണെങ്കിൽ പിന്നെ മറ്റുള്ളവർക്കെന്താ പ്രോബ്ലം?”
നിശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും മമ്മി ഒരക്ഷരം മിണ്ടാതെ ഒരെയിരുപ്പ് ഇരുന്നു. കിടക്കയ്ക്ക് ഒരു കോണിലായി തല കുനിച്ച് ആശചേച്ചി ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. നിശാന്ത് അടുത്തു ചെന്ന് ആശയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. “ആശേ നീ കരയാതെ, പ്ലീസ്. ഇക്കാര്യത്തിൽ നീ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇനിയുള്ള കാലവും നിനക്ക് സ്വന്തമിഷ്‌ടമനുസരിച്ച് ജീവിക്കാം.”
എന്നാൽ മമ്മി അപ്പോഴും നിശ്ശബ്ദത തുടർന്നു. മമ്മിക്ക് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് ആ മുഖ ഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.
എന്നാൽ നിശാന്തും ആശയും പരസ്‌പരം നോക്കി പുഞ്ചിരിക്കുന്നത് കണ്ടതോടെ ഞങ്ങളുടെ മനസ്സും കുളിരണിഞ്ഞു. ആ സമയം മമ്മി പതിയെ ആശയുടെ നേർക്ക് തിരിഞ്ഞു. “മോളെ ഞാൻ നിന്നെ കുറെ കുറ്റപ്പെടുത്തി. എന്നോട് ക്ഷമിക്കുക.”
നിശാന്ത് പറഞ്ഞത് മമ്മിയ്ക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിലും നിസ്സഹായയായ ആ അമ്മയ്ക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടേണ്ടി വന്നു എന്ന് ആ വാക്കുകളിൽ നിന്നും വ്യക്‌തമായിരുന്നു.
രംഗം തണുപ്പിക്കാനായി അരവിന്ദൻ ഉത്സാഹത്തോടെ ചാടിയെണീറ്റ് പറഞ്ഞു. “ആശേ എനിക്ക് നല്ല വിശപ്പുണ്ട്, ഇന്ന് നമുക്ക് പുറത്തു നിന്ന് ഫുഡ് ഓർഡർ ചെയ്യാം? എന്താ?” എന്താണ് ഓർഡർ ചെയ്യേണ്ടതെന്ന് ചോദിച്ചു കൊണ്ട് എല്ലാവരും മമ്മിയ്ക്ക് ചുറ്റും കൂടി.
അന്തരീക്ഷമൊന്ന് ആറി തണുത്തു. ആശചേച്ചിയും നിശാന്തും സ്വന്തം മുറിയിലേക്ക് പോയി. ഞങ്ങൾ തിരികെ അമേരിക്കയ്‌ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. തിരികെ അമേരിക്കയിലെത്തിയ മമ്മിക്കിപ്പോൾ കൂട്ടുകാർ പറയുന്ന കാര്യങ്ങളൊന്നും തന്നെ വിചിത്രമായി തോന്നാതെയായി. മാത്രവുമല്ല അമേരിക്കയെ കുറ്റപ്പെടുത്തുന്നത് തന്നെ മമ്മി നിർത്തി കളഞ്ഞു. മമ്മിയിലുണ്ടായ മാറ്റം ശ്രദ്ധിച്ചാവണം ഒരിക്കൽ മക്കൾ പറയുകയുണ്ടായി, “മോം, ഗ്രാന്മാ ഇപ്പോൾ കുറേ ചേഞ്ചായല്ലോ.”