ചിലർക്ക് ഷോപ്പിംഗ് ഒരു ഹരമാണ്. ഹോബി എന്താണ് എന്നു ചോദിച്ചാൽ ഉത്തരം ദാ വന്നു. ഷോപ്പിംഗ്! ചിലർക്ക് ടെൻഷൻ വന്നാൽ അത് മറക്കാനുള്ള മാർഗ്ഗമാണ് ഷോപ്പിംഗ്. ഇങ്ങനെ ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനുമായി നിർലോഭം പണം ചെലവഴിക്കുന്നവരുണ്ട്. എന്നാൽ ചിലരാകട്ടെ, അറുത്ത കൈയ്‌ക്ക് ഉപ്പു തേയ്‌ക്കാത്ത അറുപിശുക്കന്മാരെപ്പോലെ വില കുറഞ്ഞ സാധനങ്ങൾക്കു പിന്നാലെ പോകും. ഫ്രീ എന്നു കേട്ടാൽ ചിലർ ചാടി വീഴും. യഥാർത്ഥത്തിൽ ഷോപ്പിംഗ് രസകരമായ അനുഭവമാണ്. അതിന്‍റെ ഫൺ കൂട്ടുന്ന മറ്റൊരു രസകരവും ആദായകരവുമായ സംഗതിയാണ് ബാർഗെയിനിംഗ് അഥവാ വിലപേശൽ.

എന്നാൽ ഒരു നിശ്ചിത പരിധിക്കുള്ളിൽ നിന്നുള്ള വിലപേശലേ നമുക്കു ശീലമുള്ളൂ. സൂപ്പർ മാർക്കറ്റ്, മാൾ ട്രെന്‍റുകളും, എംആർപി ലേബലും മാത്രമാണോ ബാർഗെയിനിംഗിൽ നിന്ന് നമ്മെ അകറ്റി നിർത്തുന്നത്. വില കുറച്ചു തരണമെന്ന് ചോദിക്കുന്നത് കുറച്ചിലല്ലേ എന്ന ചിന്ത, അതായത് നാണക്കേട് ഓർത്താണ് പലരും വിലപേശലിന് തുനിയാത്തത്. ഇവിടെ റെഡി ക്യാഷ് കൊടുത്ത് സാധനം വാങ്ങുന്നയാൾ മറ്റൊരു നാട്ടിൽ ചെന്നാൽ ബാർഗെയിനിംഗ് ചെയ്യും!

വിലപേശൽ അല്‌പം സമയം കളയുന്ന ഏർപ്പാടാണ്. വേണ്ടത്ര സമയവും, ഷോപ്പിംഗ് ആസ്വദിക്കാനുള്ള മനസ്സും ആരോഗ്യമുള്ള ശരീരവുമുണ്ടെങ്കിൽ നിങ്ങൾക്ക് സുഖമായി ബാർഗെയിൻ ചെയ്യാം!

വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ ഏകദേശ ധാരണ, വിലയടക്കം മുൻകൂട്ടി മനസ്സിലാക്കി വച്ചാൽ ഷോപ്പിംഗും വിലപേശലും കുശാലാക്കാം. വലിയ തിരക്കുള്ള കടകളിലും അമിതമായ ശബ്‌ദഘോഷങ്ങളുമുള്ള ഷോപ്പിംഗ് സെന്‍ററുകളിലും വിലപേശൽ എളുപ്പമാകില്ല. കടക്കാരൻ പ്രകോപിച്ചാൽ പോലും ക്ഷമ കൈവിടാതിരിക്കുക. വാങ്ങാനുദ്ദേശിക്കുന്ന ഇഷ്‌ടമുള്ള സാധനം കണ്ടാലും, ആ ഇഷ്‌ടം പുറത്തു പ്രകടിപ്പിക്കാതെ ഇതിന്‍റെ ഡിസ്‌കൗണ്ട് എത്ര കിട്ടും എന്നു ചോദിക്കാൻ ശീലിച്ചു നോക്കൂ. വിലപേശാൻ തയ്യാറായിട്ടാണ് പോകുന്നതെങ്കിൽ കയ്യിൽ ചില്ലറ കരുതേണ്ടത് അനിവാര്യമാണ്. വിലപേശി കുറച്ച പണം, വലിയ നോട്ടു കാണുമ്പോൾ ചില്ലറയില്ലെന്ന പേരിൽ കളയാതിരിക്കാമല്ലോ?

ചിലർ സമ്മർദ്ദങ്ങളും ടെൻഷനും ഉള്ള സമയത്ത്, അതു കുറയ്‌ക്കാനെന്ന രീതിയിലും ഷോപ്പിംഗ് ചെയ്യും. ഇത്തരം അവസരങ്ങൾ ഒരിക്കലും വിലപേശലിനുള്ള മൂഡ് നിങ്ങൾക്ക് നൽകിയെന്നും വരില്ല. എന്തായാലും ഇനി ഷോപ്പിംഗ് ചെയ്യാൻ പോകുമ്പോൾ ഒന്നു ബാർഗെയിൻ ചെയ്‌തു നോക്കൂ…

കച്ചവട തന്ത്രങ്ങളില്ലാത്ത സാധാരണ വ്യക്‌തിയാണോ നിങ്ങൾ? എങ്കിൽ ഒരു തമാശയായി മാത്രം വിലപേശലിനെ കാണുക. പോവുമ്പോൾ ഒരു കാര്യം മറക്കാതിരിക്കുക. ആവശ്യത്തിനു ഭക്ഷണം കഴിച്ചു ഊർജ്‌ജം സംഭരിച്ചു മാത്രം ഷോപ്പിംഗിനിറങ്ങുക. ഇനി റിലാക്‌സ് ചെയ്‌ത് വിലപേശുക… കീശയിൽ അല്‌പം മണി കിലുക്കം…

ഷോപ്പിംഗിലേയും വിലപേശലിലേയും അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് അഭിനേത്രിയും ഫാഷൻ ഡിസൈനറുമായ ഊർമ്മിള ഉണ്ണി, ആൾ ഇന്ത്യാ റേഡിയോ ആർ.ജെ. നീനു എം സുനിൽ, നോക്കിയ സൊലൂഷൻസ് സ്‌പെഷ്യലിസ്‌റ്റ് രതീഷ് സി.ആർ, ചിത്രകാരിയും വീട്ടമ്മയുമായ അനിതാ മോഹൻ എന്നിവർ.

ഊർമ്മിള ഉണ്ണി- ചലച്ചിത്രതാരം, ഫാഷൻ ഡിസൈനർ

വിലപേശി സാധനങ്ങൾ വാങ്ങാൻ സത്യം പറഞ്ഞാൽ എനിക്കു താൽപര്യമില്ല. എന്തുകൊണ്ടാണെന്നു വച്ചാൽ, അതു നമ്മുടെ സമയം മെനക്കെടുത്തുന്ന പരിപാടിയാണ് എന്ന് എനിക്കു തോന്നാറുണ്ട്. കേരളത്തിൽ പൊതുവേ ബാർഗെയിനിംഗ് കുറവാണ്. എന്നാൽ കേരളം വിട്ടാൽ പ്രത്യേകിച്ച് ബാംഗ്ലൂരിലൊക്കെ ചെന്നാൽ കാണണം, എന്തൊരു ബാർഗെയിനിംഗ് ആണ് അവിടെ നടക്കുന്നത്. വിലപേശൽ ഉണ്ടാകും എന്നുറപ്പുള്ളതിനാൽ ഇവിടെയെല്ലാം കുറച്ചെങ്കിലും സത്യസന്ധമായ വില രേഖപ്പെടുത്തുമോ ഇവർ? നന്നായി വിലപേശി, വില കുറച്ച് വാങ്ങിക്കാൻ കഴിയുന്നതിൽ ചിലർക്ക് വലിയ മിടുക്കുണ്ട്. എനിക്കതിനു കഴിയാറില്ല. പക്ഷേ അതിൽ എനിക്ക് വിഷമമില്ല അഭിമാനമേയുള്ളൂ.

എന്‍റെ ഷോപ്പിംഗ് രീതികളിലൂടെയാണ് ഞാൻ പണം നഷ്‌ടപ്പെടാതെ നോക്കുന്നത്. എവിടെ ഷോപ്പിംഗിനു പോയാലും തനിച്ചു പോകുന്നതാണ് എനിക്കിഷ്‌ടം. രാവിലെ പോയാൽ വൈകുന്നേരം വരെ ഷോപ്പിംഗ് ചെയ്യും. എനിക്ക് പൂർണ്ണമായും തൃപ്‌തിയായ സാധനമാണെങ്കിൽ കൂടിയും, കൂടെയൊരാൾ ഉണ്ടെങ്കിൽ എതിർ അഭിപ്രായം പറഞ്ഞേക്കാം. ഫാഷൻ ഡിസൈനിംഗ് ചെയ്യുന്നതുകൊണ്ട് എനിക്ക് മിക്‌സ് ആന്‍റ് മാച്ച് സ്‌റ്റൈൽ ആണ് കൂടുതലിഷ്‌ടം. ഇത് കൂടുതൽ ലാഭകരവുമാണ്.

എന്‍റെ സാരികൾക്കു പോലും മിക്‌സ് ആന്‍റ് മാച്ച് ആണ്. പലതിനും പല്ലു വർക്കു പോലും ഉണ്ടാവില്ല. മിക്ക സാരികളുടേയും വില നിശ്ചയിക്കുന്നത് അതിന്‍റെ പല്ലുവർക്ക് ആണ്. കല്ല്യാണ സാരി പ്രത്യേകിച്ചും. ഈ പല്ലു എന്നിട്ട് എന്തു ചെയ്യും. നന്നായി പിൻകുത്തി മടക്കി വയ്‌ക്കും. എങ്കിൽ പിന്നെ പല്ലുവർക്ക് കുറഞ്ഞത് എടുത്ത് പണം ലാഭിച്ചുകൂടെ?

വസ്‌ത്രങ്ങളെടുക്കുമ്പോൾ ഇങ്ങനെ പലതും ശ്രദ്ധിച്ചാൽ ഷോപ്പിംഗ് ലാഭകരമാകും. ഫാഷൻ രംഗത്ത് കേരളത്തിന്‍റെ സ്വന്തം നിറക്കൂട്ട് ആണ് ക്രീം- കസവ് കോമ്പിനേഷൻ. മനുഷ്യനെ ഇത്രയേറെ ഹരം പിടിപ്പിക്കുന്ന ഒരു കളർ കോമ്പിനേഷൻ വേറെയില്ല.

നീനു എം. സുനിൽ – ആർ.ജെ, ആൾ ഇന്ത്യാ റേഡിയോ

ബാംഗ്ലൂരിലെ കോമേഴ്‌സ്യൽ സ്‌ട്രീറ്റുകളിൽ വിലപേശി ധാരാളം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ 200 രൂപയ്‌ക്ക് കിട്ടുന്ന സാധനം, ബാംഗ്ലൂരിൽ നേർ പകുതിക്ക് കിട്ടുമെന്നാണ് അനുഭവം. വിലപേശണമെന്നു മാത്രം. 200 രൂപ പറയുന്ന സാധനത്തിന് അതിന്‍റെ പകുതി വില പോലും ഉണ്ടാവുകയില്ലെന്ന മുൻധാരണ വേണം. വിലപേശി സാധനങ്ങൾ വാങ്ങുന്ന രീതിയോട് കേരളത്തിൽ പലർക്കും മടിയാണ്.

റീട്ടെയിൽ ഷോപ്പിൽ നിന്ന് വാങ്ങുന്ന ക്വാളിറ്റി സ്‌റ്റഫ് ഒരു പക്ഷേ നമുക്ക് സ്‌ട്രീറ്റ് വെണ്ടേഴ്‌സിൽ നിന്ന് കിട്ടണമെന്നില്ല. എങ്കിലും ശ്രദ്ധിച്ചുവാങ്ങിയാൽ വളരെ ലാഭകരമാണ് ബാർഗെയിനിംഗ്. വലിയ ഷോറൂമുകളിൽ വിലപേശൽ നടക്കില്ല എന്നാണ് പൊതുവെ പറയുക. എന്നാൽ എംആർപി എന്നാൽ മാക്‌സിമം റീട്ടെയിൽ പ്രൈസ് ആണ്. ഒരു സാധനത്തിന് ഇടാവുന്ന പരമാവധി വിലയാണത്. അതിൽ കുറച്ചു താഴ്‌ത്തി തന്നതുകൊണ്ട് ഒരു നഷ്‌ടവും കച്ചവടക്കാരനുണ്ടാവുന്നില്ല. പച്ചക്കറി പോലും വിലപേശി വാങ്ങുന്ന സംസ്‌കാരം കേരളത്തിനു പുറത്ത് എവിടെയും കാണാം. പക്ഷേ നമ്മൾ എന്തും റെഡി ക്യാഷ്/കാർഡ് കൊടുത്ത് പർച്ചേസ് ചെയ്യുന്നതാണ് അഭിമാനകരം എന്നു കരുതുന്നു.

രതീഷ് സി.ആർ, നോക്കിയ സൊല്യൂഷൻസ് സ്‌പെഷ്യലിസ്‌റ്റ്, കൊച്ചി

പരമാവധി ഡിസ്‌കൗണ്ട് ലഭിക്കണം എന്ന ആഗ്രഹത്തോടെയാണ് ഒരു ഉപഭോക്‌താവ് കടയിൽ എത്തുന്നത്. പത്രങ്ങളിലും ടിവികളിലും വരുന്ന പരസ്യങ്ങൾ ആ മോഹം ശക്‌തിപ്പെടുത്തുന്നു. കേരളത്തിന്‍റെ കാര്യമെടുത്താൽ, മൊബൈലിന്‍റെ ഹബ്ബ് ആണ് എറണാകുളം. ഇവിടെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ നല്ല മൊബൈലൊക്കെ കിട്ടുന്നതെന്ന ചിന്ത ജനത്തിനുണ്ട്. ഒരു മൂന്ന് വർഷം മുമ്പു വരെ 10000 രൂപ വരെ വിലയ്‌ക്ക് ഒരു ഫോൺ എന്നു കരുതി വാങ്ങാൻ വരുന്നതായിരുന്നു ട്രെന്‍റ്. എന്നാൽ ഇപ്പോഴത്തെ തലമുറ മൊബൈൽ വാങ്ങാൻ വരുന്നത് പ്രത്യേകിച്ച് അതിലെ സൗകര്യങ്ങൾ, വില ഇതൊക്കെ മുൻകൂട്ടി മനസ്സിലാക്കിയാണ്. ഇങ്ങനെ വരുന്നവരെ സംബന്ധിച്ച് ന്യായമായ വിലയ്‌ക്ക് സാധനം വാങ്ങാൻ കഴിയുമെന്നുറപ്പാണ്.

ഓൺലൈൻ ഷോപ്പിംഗ് സാധാരണമായതോടെ നമ്മുടെ പൊതുവിപണിയിൽ, ബാർഗെയിനിംഗിന് അല്‌പം ഉണർവുണ്ട്. ഓൺലൈൻ മാർക്കറ്റിൽ പല വസ്‌തുക്കൾക്കും വില കുറവായിരിക്കും. ആ വിലനിലവാരം കാണുന്നവർ വിലപേശുക പതിവാണ്.

ഇന്നത്തെ കസ്‌റ്റമറിന് പ്രൊഡക്‌ടിനെക്കുറിച്ച് നല്ല ധാരണയുണ്ട് എന്ന് മനസ്സിലാക്കി വേണം ഇടപെടാൻ. രണ്ട് വർഷം മുമ്പ് പ്രധാനമായും അഞ്ച് കമ്പനികളുടെ മൊബൈൽ ഫോണുകൾ (അങ്ങനെ പലതും) ആയിരുന്നു മാർക്കറ്റ് വാണിരുന്നത്. ഇപ്പോൾ 50 ലേറെ കമ്പനികൾ മാർക്കറ്റിലുള്ളതും ബാർഗെയിനിംഗ് ട്രെന്‍റ് വർദ്ധിപ്പിക്കുന്നുണ്ട്.

പ്രോഡക്‌ട് വാങ്ങുമ്പോൾ ബ്രാന്‍റ് തീർച്ചയായും ശ്രദ്ധിക്കണം. ബിൽ സൂക്ഷിച്ചു വയ്‌ക്കുന്നത് നല്ലതാണ്. ഇതുണ്ടെങ്കിൽ അതേ പ്രൊഡക്‌ട് വിൽക്കാൻ ശ്രമിക്കുമ്പോൾ വില ശക്‌തമായി ബാർഗെയ്‌ൻ ചെയ്യാം. പൊതുവെ നമുക്ക് ബാർഗെയിനിംഗ് ശീലമില്ല. എല്ലാം വാങ്ങിക്കഴിയുമ്പോൾ എന്തെങ്കിലും കുറയുമോ എന്ന് ഒരു ഭംഗിവാക്ക് ചോദിച്ചാലായി. വലിയ കമ്പനികൾക്ക് ധാരാളം ഡീലർ ഓഫറുകളുണ്ട്. അത് കസ്‌റ്റമർമാർക്ക് കൊടുക്കാൻ ചിലരെങ്കിലും തയ്യാറാകും. ഫ്രീ ഓഫറുകളാണ് കസ്‌റ്റമേഴ്‌സിനെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ഇത്തരം ഓഫറുകൾ ഉള്ളപ്പോൾ വിലപേശൽ അസാധ്യമാണ്. പണപ്പെരുപ്പ സമയത്തു അത്യാവശ്യമല്ലാത്ത സാമഗ്രികൾ വാങ്ങാതിരിക്കുക. വളരെ ആവശ്യമില്ലാത്ത ഒരു സാധനം മണിവാല്യു കുറഞ്ഞിരിക്കുമ്പോൾ വാങ്ങാതിരിക്കുക.

എക്‌സ്‌ചേഞ്ച് ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതും ലാഭകരമായ ഷോപ്പിംഗ് തന്ത്രമാണ്. ഷോപ്പിംഗ് പരമാവധി റെഡി ക്യാഷ് കൊണ്ടു ചെയ്യുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ കമ്പനികൾക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കാൻ കഴിഞ്ഞെന്നു വരില്ല. ബാർഗെയിനിംഗ് എന്ന ലക്ഷ്യത്തോടെ പോകുമ്പോൾ കാർഡ് വേണ്ട, പണം തന്നെ കരുതുക. വാങ്ങാനുദ്ദേശിക്കുന്ന പ്രൊഡക്‌റ്റിനെക്കുറിച്ച് പരമാവധി വിവരം ശേഖരിക്കുക. കഴിയുമെങ്കിൽ മറ്റ് രണ്ട് കടകളിൽ കൂടി വില മുൻകൂട്ടി ചോദിച്ചറിയുക. യഥാർത്ഥത്തിൽ മാളുകളിലാണ് ബാർഗെയിനിംഗ് നടത്താൻ കഴിയുന്ന പ്രധാന ഇടം. ഏറ്റവും നന്നായി ഡിസ്‌കൗണ്ട് ചെയ്യാൻ കഴിയുന്നതും അവർക്കാണ്. പക്ഷേ സൂപ്പർമാർക്കറ്റുകളും മാളുകളും അതിനുള്ള വേദിയാകാറില്ല എന്നുമാത്രം.

അനിതാ മോഹൻ, ചിത്രകാരി, ജ്വല്ലറി ഡിസൈനർ, ശ്രീവത്സം ആർട്സ് ആന്‍റ് ക്രാഫ്റ്റ്, കൊല്ലം

വെറുതെ വീട്ടിലിരുന്ന് ബോറടിച്ചപ്പോഴാണ് ഞാൻ ജ്വല്ലറി മേക്കിംഗ് പഠിക്കാൻ പോയത്. ആ സമയത്ത് ആഭരണങ്ങൾ ഉണ്ടാക്കി പഠിക്കാനായി ഞാൻ 100 ക്രിസ്‌റ്റലുകൾ വാങ്ങി. കൊല്ലത്തു തന്നെയുള്ള ഒരു കടയിൽ നിന്നാണ് വാങ്ങിയത്. ഒരു ക്രിസ്‌റ്റലിന് 4 രൂപ. അങ്ങനെ 400 രൂപ അവർ ഈടാക്കി. കുറച്ചു നാൾ കഴിഞ്ഞ് കൊല്ലത്തു തന്നെ വേറൊരു കടയിൽ കയറിയപ്പോൾ അതേ ക്രിസ്‌റ്റൽ ഒന്നിന് രണ്ടു രൂപ. പിന്നീട് വളരെ കുറഞ്ഞ വിലയിൽ എറണാകുളത്ത് ഹോൾ സെയിൽ മാർക്കറ്റുകളിൽ ഇത്തരം സാധനങ്ങൾ ലഭിക്കുമെന്നറിഞ്ഞു. അങ്ങനെ ബ്രോഡ്വേയിലെ ഒരു കടയിൽ ചെന്നപ്പോഴാണ് അന്തം വിട്ടു പോയത്. 100 ക്രിസ്‌റ്റലിന് 90 രൂപ. ആദ്യത്തെ കടക്കാർ ശരിക്കും പറ്റിക്കുകയായിരുന്നു. അവരെത്ര കൊള്ളലാഭം ആണ് ഈടാക്കിയത്. ഇപ്പോൾ ഇത്തരം ഷോപ്പിംഗിനു പോകുമ്പോൾ ഞാൻ വിലപേശാറുണ്ട്. സ്‌ഥിരമായിട്ടെടുക്കുന്ന കടകളിൽ അവർ വില അഡ്‌ജസ്‌റ്റ് ചെയ്‌തു തരും.

വസ്‌ത്രങ്ങൾ വാങ്ങുമ്പോഴും ഞാൻ ഷോപ്പിംഗ് ലാഭകരമാക്കാൻ ശ്രമിക്കാറുണ്ട്. കടയിൽ 10000 രൂപ വില വരുന്ന സാരിക്ക് യഥാർത്ഥത്തിൽ അതിന്‍റെ പകുതി വില പോലും ആവില്ല. വ്യത്യസ്‌തങ്ങളായ പല പീസുകൾ വാങ്ങി ചേരുന്ന വിധത്തിൽ കൂട്ടിച്ചേർത്ത് അടിച്ചെടുത്തതാണ് പല ഡിസൈനർ സാരികളും. അല്‌പം ഫാഷൻ സെൻസുണ്ടെങ്കിൽ ഡിസൈനർ സാരികൾ സ്വയം ചെയ്യാം, പണം ലാഭിക്കുകയും ചെയ്യാം. ഷോപ്പിംഗ് ചെയ്യാൻ പോകുന്ന ദിവസം മറ്റു കാര്യങ്ങൾക്കു വേണ്ടി സമയം മാറ്റിവച്ചാൽ ഷോപ്പിംഗ് കൃത്യമായി ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. പരമാവധി റിലാക്സ് ആയി മാത്രം ഷോപ്പിംഗ് ചെയ്യുക.

और कहानियां पढ़ने के लिए क्लिक करें...