ഇക്കഴിഞ്ഞ ദിവസം ഒരു അച്ഛൻ തന്‍റെ ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയ വാർത്ത പുറത്തു വന്നത്… മാസങ്ങൾക്ക് മുൻപ് ഉണ്ടായി സമാനമായ മറ്റൊരു കൊലപാതകം…

ഏലക്കാടുകൾക്കു നടുവിലെ വാടക വീട്… അവിടെ പകൽ സമയത്തും ഇരുൾ പടർന്നു കിടന്നു. രാത്രിയായാൽ വീടിനുള്ളിൽ നിന്ന് ഒരു കുട്ടിയുടെ കരച്ചിൽ ഇടയ്‌ക്കിടെ ഉയരും. പിന്നെ പതിയെപ്പതിയെ അവൻ തളർന്ന് ഉറങ്ങും, ഇരുട്ടിനോടൊപ്പം. ആ കുട്ടിയുടെ നിലവിളി കേൾക്കാൻ സമീപവാസികളായി ആരും ഇല്ലായിരുന്നു.

സ്വന്തം പിതാവിന്‍റേയും രണ്ടാനമ്മയുടേയും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരൻ ഷെഫീക്കിന്‍റെ കഥയാണിത്. ലോകമറിയുമ്പോൾ തലയിലും ശരീരത്തിലും മാരക പരിക്കുകൾ ഏറ്റ് അവൻ മൃതപ്രായനായിരുന്നു. കാലുകൾ അടിയേറ്റ് ഒടിഞ്ഞ നിലയിലും. സ്‌ത്രീപീഡനക്കഥകൾ കേട്ട് മരവിച്ച പൊതുസമൂഹത്തിന്‍റെ മനസ്സിലേക്ക് രക്ഷിതാക്കൾ ക്രൂരമായി പീഡിപ്പിക്കുന്ന കുട്ടികളുടെ ദൈന്യതയും വന്നു നിറയുകയാണ്.

വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ

സംസ്‌ഥാനത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇരട്ടിയിലധികമായി ഉയർന്നു കഴിഞ്ഞുവെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കേരളത്തേക്കാൾ കുറവാണെന്ന് കാണാം. കേരളത്തിൽ 1600 കേസ് ഉള്ളപ്പോൾ തമിഴ്‌നാട്ടിൽ ഇത് 925 ഉം കർണാടകയിൽ 334 ഉം ആണ്.

രക്ഷിതാക്കൾ പീഡിപ്പിക്കുന്നു

അച്‌ഛനമ്മമാരാൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ വ്യാപകമാണ്. അവ കണ്ടെത്താനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും കഴിയുന്നില്ല. ഭാര്യയ്‌ക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന അകൽച്ചയാണ് പലപ്പോഴും കുട്ടികളെ പീഡിപ്പിക്കാൻ ഇടയാക്കുന്നത്. ഇതു കൂടാതെ വ്യക്‌തികളുടെ വികലമായ മാനസികാവസ്‌ഥയും കാരണമാണ്. കുട്ടികളെ വില്‌പന നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ട്. ശക്‌തമായ പല നിയമങ്ങളും നിലവിലുണ്ടെങ്കിലും പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിയാത്ത നിസ്സഹായാവസ്‌ഥയിലായിരിക്കും. ഇടുക്കി ജില്ലയിൽ ഒരു വർഷത്തിൽ കൊല്ലപ്പെട്ടത് നാലു കുട്ടികളാണ്.

ഉറങ്ങിക്കിടന്നിരുന്ന ദേവി എന്ന കുട്ടിയെ മുത്തശ്ശി തീ കൊടുത്തതിനാൽ മരണമടഞ്ഞതും അടുത്തിടെയാണ്. വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ കിടന്നുറങ്ങിയ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് മരണ മടഞ്ഞിരുന്നു. പീരുമേട്ടിലെ തോട്ടം തൊഴിലാളിയായ സത്യയെ കഴിഞ്ഞ ജൂലൈയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഇങ്ങനെ സംഭവങ്ങൾ ഒട്ടനവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതാ സമിതികൾ

കുട്ടികൾക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും പീഡനങ്ങളും തടയാൻ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ രൂപവൽക്കരിക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പു മന്ത്രി പറഞ്ഞിരുന്നു. വീടുകളിൽ നടക്കുന്ന പീഡനങ്ങൾ ഗുരുതരമാകുമ്പോഴാകും പലപ്പോഴും പുറംലോകം അറിയുന്നത്. ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ വീടുകളിൽ മോണിറ്ററിംഗ് നടത്തുകയാണ് ചെയ്യുക.

ജാഗ്രതാസമിതികളിൽ പഞ്ചായത്തംഗം, സംഘടനാ ഭാരവാഹികൾ, സിവിൽ പോലീസ് ഓഫീസർമാർ, സ്‌കൂൾ അധികൃതർ, കുടുംബശ്രീ, സിഡിഎസ് പ്രവർത്തകർ, അംഗൻവാടി അദ്ധ്യാപകർ എന്നിവരെ ഉൾപ്പെടുത്താനാണ് തീരുമാനം. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവർ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാണോയെന്ന് തിരിച്ചറിയാനും സ്‌കൂളുകളിൽ അദ്ധ്യാപകർ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ശിശുക്ഷേമ സമിതികളുടെ പ്രവർത്തനവും ശക്‌തമാക്കും.

കുട്ടികളുടെ സംരക്ഷണം

സംസ്‌ഥാനത്ത് കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ പറയുന്നു. “ബോധവത്ക്കരണത്തിലൂടെ മാത്രമേ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയാനും സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാനും കഴിയുകയുള്ളൂ. നിയമത്തിന്‍റെ പഴുതുകളിലൂടെ കുറ്റവാളികളെ രക്ഷിക്കാൻ ആരെയും അനുവദിക്കരുത്.”

ആറു വയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തർജ്‌ജനം എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് വന്നത് അടുത്തിടെയാണ്. കോഴിക്കോട് ഈസ്‌റ്റ് ഹിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു അദിതി.

മദ്യലഹരിയിലായിരുന്ന പിതാവ് പതിനാറുകാരിയായ മകളുടെ കൈ തല്ലിയൊടിച്ചത് അടുത്തിടെയാണ്. രാത്രിയിൽ മദ്യപിച്ച് വന്ന വിജയൻ ഭാര്യയെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മകളെ കമ്പുകൊണ്ട് അടിക്കുകയായിരുന്നു. പഠിക്കാത്തതിന്‍റെ പേരിൽ അച്‌ഛൻ മകളുടെ കാൽ പൊള്ളിച്ച സംഭവവുമുണ്ട്. തൊടുപുഴ ഗേൾസ് ഹൈസ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഉണ്ണിമായയാണ് പൊള്ളലേറ്റ് ആശുപത്രിയിലായത്.

ദാമ്പത്യബന്ധത്തിലെ തകർച്ച

ദാമ്പത്യ ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമ്പോഴും വിവാഹമോചനം നടക്കുമ്പോഴും അതിന്‍റെ ഇരകളായിത്തീരുന്നത് കുട്ടികളാണ്. പുനർവിവാഹം ചെയ്‌ത് അച്‌ഛനും അമ്മ യും വേർപിരിയുമ്പോൾ ആദ്യബന്ധത്തിലെ കുട്ടികൾ ഒറ്റപ്പെടുകയാണ് പതിവ്. “മാതാപിതാക്കളിലെ പേഴ്സണാലറ്റി ഡിസോർഡർ ഇതിന് പ്രധാന കാരണമാണ്. മെന്‍റൽ ഇഷ്യൂസ് ഓഫ് പേരന്‍റ്സ് ഇതിൽ നിർണായക ഘടകമാണ്. രണ്ടാമത്തെ വിവാഹത്തിലൂടെ കടന്നുവരുന്ന സ്ത്രീയുടെ ഇഷ്ടങ്ങൾ ഇവിടെ സ്വാധീനം ചെലുത്തുന്നു. അതോടൊപ്പം ആദ്യഭാര്യയോടുള്ള അടക്കാനാവാത്ത ദേഷ്യവും കുട്ടിയോട് പ്രകടിപ്പിക്കാൻ ഇരുവരും തയ്യാറാവുന്നു.

രണ്ടാനമ്മ കുട്ടിയെ ഉപദ്രവിച്ചാലും ഭർത്താവ് അതിനെ സപ്പോർട്ട് ചെയ്യുകയാണ് പതിവ്. ആദ്യഭാര്യയിലുള്ള കുട്ടിയോട് ഭർത്താവ് വത്സല്യം പ്രകടിപ്പിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാറില്ല. ഇതാണ് പലപ്പോഴും കുട്ടികളെ പീഡിപ്പിക്കാൻ കാരണമാവുന്നത്. ഇത്തരം പീഡനങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. ഈ അവസ്ഥയിൽ കുട്ടികൾ വളരെ അധികം മാനസികമായി തളരുന്നു. ഇത് അവരെ വ്യക്‌തിവൈകല്യത്തിലേക്കും വിഷാദരോഗത്തിലേക്കും നയിക്കും. പിന്നീട് ഇവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ കൗൺസിലിംഗും വേണ്ടി വരും.” ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. വിപിൻ വി. റോൾഡന്‍റ് പറയുന്നു.

നിയമനിർമ്മാണം വരുന്നു

കുട്ടികൾക്കെതിരെ അനിയന്ത്രിതമായ രീതിയിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ഇതിനാവശ്യമായ നടപടികൾ ശുപാർശ ചെയ്യാനാണ് ഉത്തരവ്. ജാഗ്രതാ സമിതികൾ, അംഗൻവാടി ജീവനക്കാർ, സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ കുട്ടികൾക്കുമേലുള്ള അതിക്രമങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

മന:ശാസ്‌ത്രജ്‌ഞന്‍റെ സഹായം ആവശ്യമായ കുട്ടികളെ പ്രിൻസിപ്പൽമാരും സ്‌കൂൾ അധികൃതരും കണ്ടെത്തുകയും അവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകുകയും വേണം. ഇതിനാവശ്യമായ തുക ഇന്‍റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീമിൽ നിന്നു ലഭ്യമാക്കും. സംശയകരമായ സാഹചര്യത്തിൽ ആശുപത്രികളിലെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുത്താനും നിർദ്ദേശം ഉണ്ട്.

നിയമങ്ങൾ

  • പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്യൽ ഒഫൻസ് ആക്‌ട് 2012 പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയോ പീഡനശ്രമം നടത്തുകയോ ചെയ്‌താൽ 3-7 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കും.
  • ലൈംഗിക പീഡനശ്രമം മറച്ചു വയ ക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെ യ്‌താൽ ആറുമാസം വരെ തടവ് ലഭിക്കും.
  • ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് 2000 (കെയർ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌താൽ ആറുമാസം വരെ തടവ്.
  • കുട്ടികളെ പൂർണ്ണമായി ഉപേക്ഷിക്കുകയോ, അതിനു ശ്രമിക്കുകയോ ചെയ്‌താൽ ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കും. കുട്ടികളെ കഠിനമായി ദേഹോപദ്രവം ഏല്‌പിച്ചാൽ 10 വർഷം വരെ ജീവപര്യന്തം തടവു ശിക്ഷ.
  • പ്രൊഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് ആക്‌ട് 2006, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയോ പെൺകുട്ടിയെയോ വിവാഹം കഴിക്കുകയോ കഴിപ്പിച്ച് അയയ്ക്കുകയോ, കൂട്ടുനിൽക്കുകയോ ചെയ്‌താൽ 24 വർഷം വരെ തടവും ഒരു ലക്ഷം രൂപാ പിഴയും.
  • ചൈൽഡ് ലേബർ (പ്രൊഹിബിഷൻ ആന്‍റ് റെഗുലേഷൻസ്) ആക്‌ട് 1986, 14 വയസ്സിൽ താഴെയുള്ള കുട്ടികളെ നിർബന്ധിച്ച് ബാലവേല ചെയ്യിക്കുന്നതിനു മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവും പതിനായിരം രൂപ പിഴയും.
  • പ്രീനേറ്റൽ ഡയഗ്‌നോസ്‌റ്റിക്‌സ് ടെക്‌നിക്‌സ് (പ്രൊഹിബിഷൻ ഓഫ് സെക്‌സ്) ആക്‌ട് 1994, ഗർഭാവസ്‌ഥയിൽ കുട്ടികളുടെ ലിംഗനിർണ്ണയം നിരോധിക്കുന്നതിനാണിത്. ഇതിനു സഹായിക്കുന്നവർക്ക് മൂന്നു വർഷം വരെ കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ ലഭിക്കും. ഡോക്‌ടർമാരുടെ മെഡിക്കൽ ലൈസൻസ് അഞ്ചു വർഷത്തേക്ക് റദ്ദാക്കാനും നിയമമുണ്ട്.
  • കൊലപാതക ശ്രമം, കൊലപാതകം, കൊലപാതകത്തിൽ കലാശിക്കുന്ന കുറ്റകൃത്യങ്ങൾ ഇവയ്ക്ക് പരമാവധി ശിക്ഷ വധശിക്ഷയാണ്. (ഐപിസി 302) കൊലപാതകത്തിലേക്കു നയിക്കുന്ന ഉപദ്രവങ്ങൾ കൊലപാതക ശ്രമമായി കണക്കാക്കി 10 വർഷം വരെ കഠിന തടവ് (ഐ പി സി 307) ലഭിക്കും.

പരാതിപ്പെടുന്നതിന്

  • കുട്ടികളെ പീഡിപ്പിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാവുന്നതാണ്. ചൈൽഡ് ലൈൻ കേന്ദ്രങ്ങളിൽ 24 മണിക്കൂറും വിവരം നൽകാം. 1098 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
  • അടുത്തുള്ള പോലീസ് സ്‌റ്റേഷനിലും പരാതി നൽകാവുന്നതാണ്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് നടപടികൾ സ്വീകരിക്കും.
और कहानियां पढ़ने के लिए क्लिक करें...