നമ്മളെ ഇത്രയധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഭൂമിയെ നമ്മളെന്തുകൊണ്ടാണ് സ്‌നേഹിക്കാത്തത്, എന്ന് ഒരു അഞ്ചു വയസ്സുകാരൻ ചോദിച്ചാൽ അതിന് കൃത്യമായി മറുപടി പറയുക അസാധ്യമായിരിക്കും. ഒരു പക്ഷേ ആ ചോദ്യം നമ്മളെ കുറ്റബോധമുള്ളവരാക്കിയേക്കാം. ദുർലഭമായിക്കൊണ്ടിരിക്കുന്ന ജലത്തെക്കുറിച്ചോ ഭൂമിയിലേക്ക് പുറന്തള്ളുന്ന മാലിന്യ കൂമ്പാരത്തെക്കുറിച്ചോ അതിന്‍റെ അപകടത്തെക്കുറിച്ചോ മനുഷ്യൻ ചിന്തിക്കാറേയില്ല.
നമ്മുടെ ജീവിതരീതിയും ശീലങ്ങളുമൊക്കെ ഒരു പ്രത്യേക സംസ്‌കാരത്തെയാണ് വളർത്തിയിരിക്കുന്നത്. വരും നാളുകളിൽ നമ്മുടെ പരിസ്‌ഥിതിയെ അത് ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യും. എവിടെയും ഡിസ്‌പോസിബിൾ കൾച്ചറാണ്. ഉപയോഗ ശേഷം വസ്‌തുക്കൾ കൃത്യമായി സംസ്‌ക്കരിക്കാതെ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്രവണത. ഈയൊരു ശീലം ഭൂമിയെ എത്രമാത്രം മലീമസമാക്കിയിരുന്നു.
കുട്ടികൾക്കിടയിൽ ജങ്ക് ഫുഡിനോടുള്ള താൽപര്യം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതശൈലിയിൽ ഇത് അനിവാര്യമാണെന്ന തോന്നലിലാണ് നമ്മളിത് കഴിക്കുക. ഒപ്പം കുട്ടികളെയും ഈ ഭക്ഷ്യ വസ്‌തുക്കൾ കഴിക്കാൻ നമ്മൾ ശീലിപ്പിക്കുകയും ചെയ്യും.
ജങ്ക് ഫുഡ് തയ്യാറാക്കാനും പ്രകൃതിദത്തമായ വിഭവങ്ങൾ ആവശ്യമാണ്. നമ്മുടെ ഈ ഭക്ഷണശീലത്തിൽ അല്‌പമൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ ആരോഗ്യം മെച്ചപ്പെടുകയും പരിസ്‌ഥിതി സുരക്ഷിതമായി ഇരിക്കുകയും ചെയ്യും.
ജീവിതം സന്തുലിതമായിരിക്കുകയെന്നത് പ്രധാനമാണ്. പരിസ്‌ഥിതിക്ക് ദോഷമുണ്ടാകാതെ ജീവിക്കുകയെന്ന തത്വം ഓരോരുത്തരും പ്രാവർത്തികമാക്കണം. ഒപ്പം പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലി കുട്ടികളെ പരിശീലിപ്പിക്കുകയും വേണം.
പ്രകൃതി മനുഷ്യന് ഉപകാരപ്രദമാകുന്നതുപോലെ തിരിച്ചും പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി നാം മാതൃകാപരമായി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. പ്രകൃതിയ്‌ക്ക് ദോഷം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തിക്കൊണ്ടു വരണം. ലെതർ ബാഗ്, ചെരിപ്പ്, പോളിത്തീൻ കവർ, പ്ലാസ്‌റ്റിക് മുതലായവയ്‌ക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലിയായവ കുട്ടികൾ തന്നെ തെരഞ്ഞെടുക്കട്ടെ. റീ സൈക്കിൾ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശീലിക്കുക.
കളിയിലൂടെ ബോധവൽക്കരണം
കുട്ടികളിൽ ബഹുഭൂരിഭാഗവും വീഡിയോ ഗെയിംസ് കളിക്കാനിഷ്‌ടപ്പെടുന്നവരാണ്. വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ബാല്യകാലം ചെലവിടുന്നവരാണ് പുതുതലമുറ. ചുറ്റിനും നടക്കുന്ന മാറ്റങ്ങളൊന്നും അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഔട്ട്‌ഡോർ ഗെയിംസ് വിരളമെന്ന് പറയാം. ഓടിയും ചാടിയുമുള്ള കളികളൊന്നുമില്ലാതെ പ്രകൃതിയിലെ മാറ്റങ്ങളൊന്നുമറിയാതെ കടന്നു പോകുന്ന ബാല്യം.
മുറ്റത്തെ പൂവിനേയും പൂതുമ്പികളേയും അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യണം എന്നായിട്ടുണ്ട്. അതിരാവിലെ സ്‌കൂളിലേക്കും അവിടെ നിന്നും ട്യൂഷൻ ക്ലാസ്സിലേക്കും പായുന്ന കുട്ടികൾ വീടണയുന്നത് ഇരുട്ടുപരന്നു തുടങ്ങുമ്പോഴാവും. ഇതിനിടയിൽ വീണുകിട്ടുന്ന ഒഴിവ്‌വേളകളിൽ ടിവിയ്‌ക്കും കമ്പ്യൂട്ടറിനും മുന്നിൽ ചടഞ്ഞുകൂടാനാവും അവർ ഇഷ്‌ടപ്പെടുക. കൂട്ടു കൂടാനും ഓടിക്കളിക്കാനും തോട്ടിലെ വെള്ളത്തിൽ കടലാസ് തോണി ഒഴുക്കിക്കളിക്കാനും കിളികളെ നിരീക്ഷിക്കാനും അവർക്ക് എവിടെയാണ് സമയം.
പുസ്‌തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനേക്കാൾ ശക്‌തമാണ് നിരീക്ഷണത്തിലൂടെയുള്ള വിജ്‌ഞാനസമ്പാദനം. പ്രകൃതിയിലെ മാറ്റങ്ങളേയും ജൈവവൈവിധ്യത്തേയും ജീവജാലങ്ങളേയും മഴയേയും കാറ്റിനേയുമൊക്കെ കണ്ടും അറിഞ്ഞുമാണ് കുട്ടികൾ വളരേണ്ടത്. അതവരുടെ സ്വഭാവരൂപീകരണത്തിനും സാമൂഹിക അവബോധത്തിനും ശക്‌തമായ അടിത്തറ പാകും. ക്ലാസ്സിൽ നിന്നെന്നപോലെ അമൂല്യമായ അറിവും വിനോദവുമാണ് കുട്ടികൾ ഈ ലൈവ് ക്ലാസ്സുകളിൽ നിന്നും സ്വായത്തമാക്കുക. പ്രകൃതിയെ കരുതലോടെ കാണാനുള്ള പ്രേരണയാണ് അവർക്കതിൽ നിന്ന് ലഭിക്കുക. ചിലപ്പോൾ ഇത്തരം നിരീക്ഷണങ്ങൾ കുട്ടികളെ പുതിയ ആശയങ്ങളിലേക്ക് നയിച്ചേക്കാം. പരിസ്‌ഥിതിയെ സംരക്ഷിക്കാൻ അവർ സ്വന്തമായി നേച്ചർ ക്ലബ്ബുകൾ രൂപീകരിച്ചെന്നും വരും. സ്വന്തം പരിസരങ്ങളിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനും ഉള്ളവയെ സംരക്ഷിക്കാനും അവർ കൂടുതൽ ജാഗ്രത പുലർത്താം.
ആരെങ്കിലും അലക്ഷ്യമായി പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാലോ മരം മുറിക്കാൻ മുതിർന്നാലോ അല്ലെങ്കിൽ പ്രകൃതിയ്‌ക്ക് ദോഷമുണ്ടാക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്‌താലോ കുട്ടികളുടെ ഗ്രീൻ ബ്രിഗേഡ് ഉടൻ അലർട്ടായെന്നു വരും. ക്രമേണ അവർ പരിസ്‌ഥിതിയുടെ സ്വന്തം കാവൽക്കാരായി മാറാം. അതുകൊണ്ട് കുട്ടികളെ മുറിയിൽ അടച്ചിടാതെ പ്രകൃതിയിലേക്ക് തുറന്നു വിടുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്… പൂവിനേയും പുൽനാമ്പിനേയും മഴയേയും കാറ്റിനേയും വെയിലിനെയും അവരും അറിയട്ടെ. ആവോളം ആസ്വദിക്കട്ടെ.
മാതൃകയാവുക, നയിക്കുക
പരിസ്‌ഥിതി പച്ചപ്പ് നിറഞ്ഞതാക്കുകയെന്നത് ചില്ലറക്കാര്യമൊന്നുമല്ല. പ്രകൃതി സംരക്ഷണത്തിനു വേണ്ടി ചില്ലറ പ്രയാസങ്ങൾ നേരിടേണ്ടി വരാം. അത്തരം വെല്ലുവിളികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക. മരം നടാൻ പ്രേരിപ്പിക്കുക.
ജീവൻ അമൂല്യമാണ്
അമിതോപയോഗം മൂലം പ്രകൃതി സ്രോതസുകളായ ജലം, എണ്ണ എന്നിവയുടെ ലഭ്യതയിൽ വളരെ കുറവുണ്ടായിരിക്കുകയാണ്. പ്രകൃതിവിഭവങ്ങളായ ഇവയുടെ സംരക്ഷണത്തിന് മനുഷ്യൻ സ്വയം ജാഗരൂകനാവുകയാണ് വേണ്ടത്. ഒപ്പം കുഞ്ഞുങ്ങളേയും ഇക്കാര്യത്തിൽ ജാഗ്രതയുള്ളവരാക്കണം.
ഭൂമിയിലെ ഓരോ ജീവനും അമൂല്യമാണ്. ഈ ഭൂമിയിലുള്ള സകല ചെടികളും വൃക്ഷങ്ങളും മൃഗങ്ങളും മറ്റും നമ്മുടെ മിത്രങ്ങളും കൂടെപ്പിറപ്പുകളുമാണ്. അതിനാൽ അവയെ യാതൊരുവിധത്തിലും ഉപദ്രവിക്കരുതെന്നുമുള്ള ധാരണ പുതിയ തലമുറയിൽ വളർത്തിക്കൊണ്ടു വരികയാണ് വേണ്ടത്. മനുഷ്യനെന്ന പോലെ ഭൂമിയിലെ സകല ജന്തുജാലങ്ങൾക്കും തുല്യമായ അവകാശവും അധികാരവുമുണ്ട്. അത് തിരിച്ചറിയുമ്പോഴാണ് മുതിർന്നവരും കുട്ടികളും ഭൂമിയുടെ സ്വന്തം സംരക്ഷകരാവുക.
ഭൂമിയെ സ്‌നേഹിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. എങ്കിലേ അവർ സ്വപ്‌നസുന്ദരമായ പരിസ്‌ഥിതിയുടെ വക്‌താക്കളാവൂ… ചില നന്മനിറഞ്ഞ പ്രവൃത്തിയിലൂടെ പരസ്‌ഥിതിയെ സംരക്ഷിക്കാൻ അവർ മുന്നോട്ടു വരൂ…
- ബാറ്ററി വഴി പ്രവർത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്കായി വാങ്ങുമ്പോൾ റീച്ചാർജബിൾ ബാറ്ററി ഉള്ളത് വാങ്ങുക. ഇത് ഇക്കോ ഫ്രണ്ട്‌ലിയാണ്.
- കുട്ടികൾ വളർന്നു തുടങ്ങുമ്പോൾ അവരെ സൈക്കിൾ റൈഡിംഗ്, ബസ്/ ട്രെയിൻ യാത്ര എന്നിവ പരിശീലിപ്പിക്കാം. സ്‌കൂൾ ബസ്സിലല്ലാതെ കാറിൽ കുട്ടികളെ അയയ്‌ക്കരുത്.
- പക്ഷികളെ ഓമനിക്കാനായി വളർത്തരുത്. അവയെ അവയുടേതായ ആവാസവ്യവസ്‌ഥയിൽ ജീവിക്കാൻ അനുവദിക്കുന്നതാണ് നല്ലത്. അവയെ അതിരുകളില്ലാത്ത ആകാശത്ത് സ്വതന്ത്രമായി പറക്കാൻ അനുവദിക്കുക. വീട്ടിൽ നായയേയോ പൂച്ചയേയോ വളർത്തുന്നുണ്ടെങ്കിൽ അവയുടെ മേൽനോട്ടം പൂർണ്ണമായും കുട്ടികൾ ഏറ്റെടുക്കട്ടെ.
- ജലം ദുർവിനിയോഗം ചെയ്യാതെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കുട്ടികളെ പരിശീലിപ്പിക്കുക. വാട്ടർ ബോട്ടിലിൽ ബാക്കി വരുന്ന വെള്ളം ബാൽക്കണിയിലെയോ പൂന്തോട്ടത്തിലേയോ ചെടികൾ നനയ്‌ക്കാൻ ഉപയോഗിക്കുക.
- വീടിനകവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ഉപയോഗശൂന്യമായ വസ്‌തുക്കൾ വീട്ടിനകത്തും പരിസരത്തും വലിച്ചെറിയാൻ കുട്ടികളെ അനുവദിക്കരുത്. പ്ലാസ്‌റ്റിക് മാലിന്യങ്ങളും അല്ലാത്തതുമായ മാലിന്യങ്ങൾ വെവ്വേറെ ബാസ്‌ക്കറ്റുകളിലായി നിക്ഷേപിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. സ്‌കൂളിലും മറ്റ് പൊതുയിടങ്ങളിലും കുട്ടികൾ ഈ നല്ല ശീലം മാതൃകയാക്കട്ടെ.
- പഠിക്കുകയെന്നതും ഇക്കോഫ്രണ്ട്‌ലിയായ ആക്‌റ്റിവിറ്റിയാണെന്ന് കുട്ടികളെ ധരിപ്പിക്കുക. പരിസ്‌ഥിതി സംരക്ഷണത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് നല്‌കാം.