ദേവകിയമ്മയുടെ വീട്ടുമുറ്റത്ത് ഒരിക്കൽ കൂടി വലിയൊരു വിവാഹപ്പന്തൽ ഉയർന്നു. ദേവകിയമ്മയ്‌ക്ക് രണ്ട് ആൺ മക്കളാണ്. വരുണും സൂരജും. ആറുവർഷങ്ങൾക്കു മുമ്പായിരുന്നു വരുണിന്‍റെ വിവാഹം. പഴയ ചിട്ടവട്ടങ്ങളിലും ആചാരങ്ങളിലും അതിയായി വിശ്വസിച്ചിരുന്ന ദേവകിയമ്മ ഇളയമകന്‍റെ വിവാഹത്തിന്‍റെ ചടങ്ങുകളിലും യാതൊരു കുറവും വരുത്തിയില്ല. “വരനും വധുവും തമ്മിൽ നല്ല ചേർച്ച” വിവാഹത്തിനെത്തിയവർ പറഞ്ഞു.
ശരിയാണ്, വിദ്യാഭ്യാസം കൊണ്ടും കുടുംബമഹിമ കൊണ്ടും കീർത്തന സൂരജിനു നന്നായിണങ്ങും. സൂരജിനെ ഭർത്താവായി കിട്ടിയതിൽ കീർത്തനയ്‌ക്കും അതിയായ സന്തോഷം തോന്നി. എന്നാൽ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ റെയിൽപാളങ്ങൾ പോലെ വേറിട്ട ചിന്താഗതിയാണ് തങ്ങളുടേതെന്ന് അധികം വൈകാതെ കീർത്തന മനസ്സിലാക്കുകയായിരുന്നു.
തീർത്തും മോഡേൺ കുടുംബ പശ്ചാത്തലമായിരുന്നു കീർത്തനയുടേത്. എൻജിനീയർ ആയിരുന്നിട്ടു കൂടി അന്ധവിശ്വാസങ്ങളുടെ നിഴൽ പറ്റുന്ന പ്രകൃതമായിരുന്നു സൂരജിന്‍റേത്.
വിവാഹ ശേഷം സൂരജിനൊപ്പം ആദ്യമായി പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുകയായിരുന്നു കീർത്തന. ഇതുകണ്ട് ഏടത്തി തിടുക്കത്തിൽ അവർക്കരികിലെത്തി.
“കീർത്തനേ, ഇതെങ്ങോട്ടാ… ആദ്യം പൂജാരി വന്നു സമയം ഗണിച്ചു പറയട്ടെ, എന്നിട്ട് കുറച്ചു ചടങ്ങുകളൊക്കെയുണ്ട്… അതൊക്കെ കഴിഞ്ഞാലേ നവവധുവിനു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റൂ.”
പൂജ… പൂജാരി എന്നു കേൾക്കേണ്ട താമസം സൂരജ് ഔട്ടിംഗ് പ്രോഗ്രാം ക്യാൻസൽ ചെയ്തു. ഇതാണ് കീർത്തനയെ ഏറെ വിഷമിപ്പിച്ചത്.
എന്നും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവങ്ങൾ അരങ്ങേറും. പലതും എതിർക്കണമെന്ന് കീർത്തനയ്‌ക്ക് തോന്നാറുണ്ടെങ്കിലും നവവധുവെന്ന ചിന്ത അവളെ പിന്തിരിപ്പിച്ചു. ഒന്നു തുമ്മിയാൽ പോലും പൂജാരിയെ വിളിച്ചുവരുത്തുന്ന പ്രകൃതമായിരുന്നു ദേവകിയമ്മയുടേത്. മറ്റു കുടുംബാംഗങ്ങളും പൂജാരിയുടെ വാക്കിനു വലിയ വില കൽപ്പിച്ചിരുന്നു. ഇവരൊക്കെ ഭക്‌തരിൽ നിന്നും എത്രമാത്രം പണം പിടുങ്ങുന്നുണ്ടാവും…! കീർത്തനയുടെ മനസ്സൊന്നു പിടഞ്ഞു.
ദിവസങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ബാല്യം മുതൽക്കു തന്നെ അന്ധവിശ്വാസം സൂരജിന്‍റെ മനസ്സിനെ കീഴ്‌പ്പെടുത്തിയിരുന്നു. കീർത്തനയുടെ ഉപദേശങ്ങൾ വെറും പാഴ്‌വാക്കുകളായി.
അതിനിടയ്‌ക്ക് കീർത്തന അമ്മയാകാൻ പോവുന്നുവെന്ന വാർത്ത വീട്ടിൽ സന്തോഷം നിറച്ചു. ദേവകിയമ്മയാകട്ടെ ക്ഷേത്രങ്ങൾ കയറിയിറങ്ങി വഴിപാടുകൾ നടത്തി. കുടുംബ ജ്യോത്സ്യനും പൂജാരിയുമായ നാരായണസ്വാമി ഇതു കേൾക്കേണ്ട താമസം ഗ്രന്ഥങ്ങളും പുസ്‌തകക്കെട്ടുകളുമായി അവിടേയ്‌ക്കു പാഞ്ഞെത്തി.
സുഭിക്ഷമായി ഭക്ഷണം കഴിച്ച് കുമ്പയും തടവി നാരായണസ്വാമി ദേവകിയമ്മയോടായി പറഞ്ഞു. “മരുമകളുടെ കാര്യത്തിൽ ഇനി പ്രത്യേകം ശ്രദ്ധ വേണ്ടിവരും. അടുത്ത ഒൻപതു മാസം മുഹൂർത്തം നോക്കിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നു പറയണം. പിന്നെ ദോഷമുണ്ടാവാതിരിക്കാൻ പരിഹാരക്രിയകൾ ചെയ്യേണ്ടി വരും.”
എന്തായാലും ഇനിയുള്ള ഒരു വർഷം ധനദ്രവ്യത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. പൂജാരി ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.
“വീട്ടിൽ ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു. ഈ സന്തോഷം എന്നുമിങ്ങനെ നിൽക്കണം. അതിന് ഒരു ഹോമം നടത്തണം.”
“ഹോമവും കാര്യങ്ങളും എങ്ങനെയാവണമെന്നു പറഞ്ഞാൽ മതി.” ദേവകിയമ്മ ഭവ്യതയോടെ കൈ കൂപ്പി നിന്നു.
“ഏതാണ്ട് അയ്യായിരം രൂപയെങ്കിലും ചെലവു വരും. ഹോമത്തിനു ആവശ്യമായ പൂജാ സാമഗ്രികൾ വാങ്ങേണ്ടി വരും. സഹായത്തിനു 4 ബ്രാഹ്‌മണരെങ്കിലും കാണും.” പൂജാരി പറഞ്ഞു.
ദേവകിയമ്മ പണമെടുത്തു കൊടുത്തു. “എല്ലാം അങ്ങു തന്നെ ഭംഗിയായി നടത്തിത്തരണം.”
“വിഷമിക്കേണ്ട, എല്ലാം നന്നായി വരും” ദക്ഷിണ എണ്ണി തിട്ടപ്പെടുത്തി പൂജാരി അവിടെ നിന്നും മടങ്ങി.
ഇതൊക്കെ കണ്ട് കീർത്തനയ്‌ക്ക് വല്ലാത്ത വിഷമം തോന്നി. വരുംവരായ്‌കകളെക്കുറിച്ച് ചിന്തിച്ചു നിൽക്കാതെ ധൈര്യം സംഭരിച്ച് കീർത്തന ദേവകിയുടെ അരികിലെത്തി.
“അമ്മേ, അമ്മയിപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. പൂജയും ഹോമവുമൊക്കെ വെറും അന്ധവിശ്വാസമാണ്. പണം പിടുങ്ങാനുള്ള പൂജാരിയുടെ ഓരോരാ സൂത്രങ്ങളാണിത്.”
“ഗുരു നിന്ദ” ദേവകിയുടെ മുഖം ചുവന്നു.
“മോളേ, നീ പരിഷ്‌കാരിയും പുതുതലമുറക്കാരിയുമൊക്കെയാണ്. സമ്മതിച്ചു. ഞാനും ഒരുപാട് ലോകം കണ്ടതാണ്. ഇനി മേലാൽ ഈ വക കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരണ്ട.” ദേവകിയമ്മ കണിശമായി പറഞ്ഞു.
കീർത്തന തൽക്കാലം മൗനമവലംബിച്ചു. അമ്മായിയമ്മയെന്നല്ല ആ വീട്ടിലെ ഒരംഗവും തന്‍റെ ഉപദേശം കേൾക്കാൻ കൂട്ടാക്കില്ലെന്ന് അവൾക്ക് ഉറപ്പായി.
അടുത്ത ആഴ്‌ച 4 ബ്രാഹ്‌മണരേയും കൂട്ടി വീട്ടിലെത്തി. ദേവകിയമ്മ ആദരപൂർവ്വം അവരുടെ കാൽതൊട്ടു വന്ദിച്ചു. അകത്തേക്ക് ആനയിച്ചു. പിന്നീട് കുടുംബാംഗങ്ങൾ ഓരോരുത്തരായി മുന്നോട്ടു വന്നു.
“സ്വാമി, ഹോമം നടത്തിയാൽ ദോഷങ്ങളൊക്കെ മാറുമല്ലോ ഇല്ലേ?” ദേവകിയമ്മ ഇടറിയ സ്വരത്തിൽ ചോദിച്ചു.
“എല്ലാം മംഗളമായി ഭവിക്കും” നാരായണസ്വാമി ധ്യാനനിമഗ്നനായിരുന്നു. സൂരജിനൊപ്പം കീർത്തനയ്‌ക്കും പൂജാകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. ഒക്കെ വെറും തട്ടിപ്പാണെന്നറിഞ്ഞു കൊണ്ടും കീർത്തനയ്‌ക്ക് നിസ്സഹായയായി ഹോമക്കളത്തിലിരിക്കേണ്ടി വന്നു. കുടുംബാംഗങ്ങളുടെ മനസ്സിൽ നിഴൽ വീഴ്‌ത്തിയ അന്ധവിശ്വാസം തന്നെയും ചുറ്റിവരിയുന്നതായി കീർത്തനയ്‌ക്ക് തോന്നി.
ഹോമം സമംഗളമായി പര്യവസാനിച്ചു. പൂജാരിയും കൂട്ടരും മൃഷ്‌ടാന്ന ഭോജനം കഴിച്ച് ദാനദക്ഷിണയും വാങ്ങി മടങ്ങി. അന്നുരാത്രി കീർത്തന സൂരജിനോട് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞു.
“എനിക്ക് അദ്ഭുതം തോന്നുന്നു, സൂരജ് ഇപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. ഹോമം, പൂജയെന്നൊക്കെ പറഞ്ഞ് പണവും സമയവും പാഴാക്കുന്നതു മണ്ടത്തരമാണ്. കുഞ്ഞിന്‍റെ ആരോഗ്യ സ്‌ഥിതിയെക്കുറിച്ച് മന്ത്രവും തന്ത്രവുമായി നടക്കുന്ന പൂജാരിക്കല്ല ഡോക്‌ടർമാർക്കല്ലേ കൃത്യമായി പറയാൻ സാധിക്കൂ. ഗ്രഹനില തെറ്റിച്ചു പറഞ്ഞ് ഉപജീവനം കഴിക്കലാണ് ഇവരുടെ പ്രധാന തൊഴിൽ.”
“കീർത്തന, നീ എല്ലാവരേയും വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും വീട്ടുകാരും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അത് നിന്‍റെ നന്മയെ കരുതി മാത്രമാണെന്നോർക്കണം. ഏതു കാര്യവും പൂജാരിയോടു ചോദിച്ചിട്ടു മാത്രമാണ് ഇവിടെ ചെയ്യാറുള്ളത്. നീ ഒന്നിലും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്.” സൂരജിനു ദേഷ്യം വന്നു.
ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ഒക്കെ നിസ്സഹായതയോടെ നോക്കിക്കാണാൻ മാത്രമേ കീർത്തനയ്‌ക്ക് സാധിച്ചുള്ളൂ. ഓകെ, കുഴപ്പമൊന്നുമില്ല. ചെക്കപ്പിനു ശേഷം ഡോ.സരിതയുടെ വാക്കുകൾ മാത്രമാണ് അവൾക്ക് ആശ്വാസം പകർന്നു നൽകിയത്.
രണ്ടു മാസങ്ങൾക്കു ശേഷം ഒരു ഉച്ച സമയത്ത് ഡോർബെൽ മുഴങ്ങി. ദേവകിയമ്മ വാതിൽ തുറന്നു. രാമനാമം എഴുതിയ വസ്‌ത്രം ധരിച്ച് നെറ്റിയിൽ വലിയ ചന്ദനക്കുറിയും അണിഞ്ഞ് വലിയൊരു ഗ്രന്ഥവുമായി ഒരു പൂജാരി മുന്നിൽ. അകത്തേയ്‌ക്കു കടക്കാൻ ആകാംക്ഷയോടെ നിൽക്കുന്ന പൂജാരിയെ കണ്ട് ദേവകിയമ്മ കൈ കൂപ്പി.
“സ്വാമി, അങ്ങാരാണ്? എനിക്ക് അങ്ങയെ മുമ്പു കണ്ട പരിചയമില്ലല്ലോ?” ദേവകിയമ്മ ഭവ്യതയോടെ ചോദിച്ചു.
“ആപത്ത്, മഹാ ആപത്ത്, ഞാൻ ഈ ഭവനത്തിനു മുന്നിലൂടെ കടന്നു പോവുകയായിരുന്നു. ഈ വീട്ടിൽ ഒരു പുതിയ അതിഥി വരാൻ പോകുന്നു. ശരിയല്ലേ? ഗ്രഹങ്ങളൊക്കെ സ്‌ഥാനം തെറ്റി നിൽക്കുകയാണല്ലോ?” പൂജാരി ഒരു നിമിഷം മൗനമവലംബിച്ചു.
“പക്ഷേ, സ്വാമി…”
ദേവകിയമ്മയുടെ സംസാരം വകവയ്‌ക്കാതെ പൂജാരി തുടർന്നു. “മകളേ, കൂടുതലായൊന്നും പറയണ്ട. വിശ്വനാഥ ശാസ്‌ത്രികൾ എന്നു കേട്ടിട്ടുണ്ടോ?” പൂജാരി സ്വയം പരിചയപ്പെടുത്തി.
“എന്‍റെ പ്രവചനം വ്യർത്ഥമാവാറില്ല. നിങ്ങളുടെയൊക്കെ നന്മയെ കരുതി മാത്രമാണ് ഞാനിതൊക്കെ പറയുന്നത്.”
“അങ്ങു പറയുമ്പോലെ…” ദേവകിയമ്മയ്‌ക്ക് കൂടുതലൊന്നും പറയാൻ ധൈര്യം തോന്നിയില്ല.
ഇനിയിപ്പോ മുമ്പ് നടന്ന ചടങ്ങുകളൊക്കെ ആവർത്തിക്കും. കീർത്തന അസ്വസ്‌ഥയായി. ഇങ്ങനെയൊക്കെയാണെങ്കിൽ പൂജ, വഴിപാടെന്നൊക്കെ പറഞ്ഞ് ഏതൊരു വഴിപോക്കർക്കും ഇവിടെ വന്ന് പണം വസൂലാക്കാമല്ലോ? കീർത്തനയെന്തോ അഭിപ്രായം പറയാനൊരുങ്ങുന്നതു കണ്ട് ദേവകിയമ്മ അവളെ രൂക്ഷമായൊന്നു നോക്കി.
“കീർത്തനേ… പൂജാരിക്ക് കഴിക്കാനെന്തെങ്കിലും എടുത്തോളൂ.”
കീർത്തന അകത്തേക്കു നടന്നു. പൂജാരി പഞ്ചാംഗം തുറന്ന് ഗ്രഹനില ഗണിക്കുവാൻ തുടങ്ങി.
“മരുമകൾക്കിതു നാലാം മാസമാണ് ശരിയല്ലേ? ഏതാണ് രാശി?” അയാൾ ദേവകിയമ്മയുടെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി.
“തുലാം രാശി…” ദേവകിയമ്മ മറുപടി നൽകി.
“ദോഷമുള്ള രാശിയാണ്. അമ്മയ്‌ക്കും കുഞ്ഞിനും കുഴപ്പമൊന്നുമുണ്ടാവാതിരിക്കണമെങ്കിൽ പരിഹാരക്രിയ ചെയ്‌തേ തീരൂ.”
“ദക്ഷിണ വച്ചോളൂ, നാം തന്നെ ഉപായം പറഞ്ഞുതരാം.” പൂജാരി ധ്യാനമഗ്നനായി. ഭക്ഷണം കഴിച്ച ശേഷം 1,100 രൂപ ദക്ഷിണയും വാങ്ങിയാണ് പൂജാരി മടങ്ങിയത്.
വൈകിട്ട് സൂരജ് വീട്ടിലെത്തിയപ്പോൾ നടന്നതൊക്കെ അറിഞ്ഞ് സന്തോഷിക്കുകയായിരുന്നു. “വന്നതാരുമാവട്ടെ നമ്മുടെ വീടിന്‍റെ നന്മയെക്കരുതിയാണല്ലോ…” അന്ധവിശ്വാസങ്ങളിൽ കുരുങ്ങിയ സൂരജിനെ ഇനിയും പറഞ്ഞു മനസ്സിലാക്കുക വ്യർത്ഥമാണെന്ന് കീർത്തനയ്‌ക്ക് മനസ്സിലായി.
ദിവസങ്ങൾ പിന്നിട്ടു. മുമ്പൊരിക്കൽ യാദൃച്‌ഛികമായി വീട്ടിലേക്കു കയറി വന്ന പൂജാരി മറ്റാരുമായിരുന്നില്ല. നാരായണസ്വാമിയുടെ ശിഷ്യനായ വിശ്വനാഥ ശാസ്‌ത്രികളായിരുന്നു. ദേവകിയമ്മയേയും കുടുംബാംഗങ്ങളേയും കുറിച്ച് നേരത്തേ തന്നെ എല്ലാം മനസ്സിലാക്കി വച്ചിരുന്നു.
പൂജയൊക്കെ ഭംഗിയായി നടന്നല്ലോ. ഇനിയൊന്നും പേടിക്കാനില്ല… ദേവകിയമ്മ ആശ്വാസം കൊണ്ടു.
ഒരു ദിവസം പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിക്കുകയായിരുന്നു കീർത്തന. ഡ്രോയിംഗ് റൂമിൽ നാരായണസ്വാമിയുടെ ഉറക്കെയുള്ള സംസാരം കേൾക്കാമായിരുന്നു. പൂജകൾ ഇനിയും ആവർത്തിക്കുമോ? കീർത്തനയ്‌ക്ക് ആശങ്ക തോന്നി.
കീർത്തനയ്‌ക്കിത് 9-ാം മാസമായിരുന്നു. ദേവകിയമ്മ ആളെ അയച്ച് നാരായണസ്വാമിയെ വിളിപ്പിക്കുകയായിരുന്നു. അവരുടെ സംസാരം കേട്ട് കീർത്തന ഒരു നിമിഷം പകച്ചിരുന്നു. ഇങ്ങനെയുണ്ടോ അന്ധവിശ്വാസം? ദേവകിയമ്മ കീർത്തനയുടെ ജാതകം പൂജാരിക്കു നൽകി.
“സ്വാമി, ദീർഘായുസോടു കൂടിയ തേജസ്വിയായ കുഞ്ഞ് ഏതു ശുഭമുഹൂർത്തത്തിലാണ് ജനിക്കുക?”
പൂജാരി ജാതകം നോക്കി ഗണിക്കുവാൻ തുടങ്ങി. കീർത്തനയുടെ അന്ധാളിപ്പ് അപ്പോഴും വിട്ടുമാറിയിരുന്നില്ല.
“ഹൊ! ഇതെന്ത് അന്യായമാണ്…”
ഒരു കുഞ്ഞിന്‍റെ ജനനം സ്വാഭാവികമായി നടക്കേണ്ട കാര്യമാണ്. എന്നാൽ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നിഴൽ വീഴ്‌ത്തി വിദ്യാസമ്പന്നരെ പോലും പറ്റിക്കുന്ന പൂജാരികളുടെ തന്ത്രം അപാരം തന്നെ.
ഇനിയെങ്കിലും ഈ അന്ധവിശ്വാസങ്ങൾക്ക് ഒരറുതി വരുത്തണം. അവൾ ഉറപ്പിച്ചു. കീർത്തനയ്‌ക്കൊരു ഉപായം തോന്നി. ഉദ്യമത്തിൽ താൻ വിജയിക്കണമെങ്കിൽ ഡോ. സരിതയുടെ സഹായ സഹകരണം കൂടിയേ തീരൂ…
രണ്ടു ദിവസത്തിനു ശേഷം കീർത്തന ഡോ. സരിതയുടെ അരികിൽ ചെക്കപ്പിനു ചെന്നു. ശുഭസമയം നോക്കി കുഞ്ഞ് ജനിച്ചാൽ മതിയെന്ന അമ്മായിയമ്മയുടേയും പൂജാരിയുടേയും പ്ലാനിംഗിനെക്കുറിച്ച് ഡോക്‌ടറെ ധരിപ്പിച്ചു.
കീർത്തന പറഞ്ഞതത്രയും ഡോ.സരിത സശ്രദ്ധം കേട്ടു. “കീർത്തന ഒന്നു കൊണ്ടും വിഷമിക്കേണ്ട, ഞാൻ കീർത്തനയ്‌ക്കൊപ്പമുണ്ട്.” ഡോക്‌ടർ പറഞ്ഞു.
തന്‍റെ കുഞ്ഞ് അന്ധവിശ്വാസങ്ങൾക്ക് ബലിയാടാവില്ലല്ലോ. ഒരു നെടുവീർപ്പോടെ കീർത്തന കാബിനിൽ നിന്നു പുറത്തേക്കിറങ്ങി.
9-ാം മാസത്തിനു ശേഷം പൂജാരി പറഞ്ഞ ശുഭമുഹൂർത്തത്തിനു മുമ്പ് ദേവകിയമ്മ കീർത്തനയേയും കൂട്ടി നേഴ്‌സിംഗ് ഹോമിലെത്തി. ഡോ.സരിത കീർത്തനയെ പരിശോധിച്ചു. “രക്‌തസമ്മർദ്ദം കൂടുതലാണല്ലോ. ഇവരെ ഉടനെ അഡ്‌മിറ്റ് ചെയ്യേണ്ടി വരും…”
“പക്ഷേ, ഡോക്‌ടർ… നാളെ ഒരു ശുഭമുഹൂർത്തമുണ്ട്.
കുഞ്ഞ് നാളെ തന്നെ ജനിച്ചിരുന്നുവെങ്കിൽ ഡോക്‌ടർ ചോദിക്കുന്ന പണം തരാം.” ഡോക്‌ടർ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ദേവകിയമ്മ ഇടയ്‌ക്കു കയറി പറഞ്ഞു.
“നിങ്ങൾ അനാവശ്യമായി വാശി പിടിക്കരുത്. രക്‌തസമ്മർദ്ദം കൂടുതലുള്ളപ്പോൾ ഓപ്പറേഷൻ ശരിയാവില്ല. ആദ്യം പേഷ്യന്‍റിന്‍റെ ആരോഗ്യനില ശരിയാവട്ടെ. എനിക്ക് പണമൊന്നും വേണ്ട. കീർത്തനയുടേയും കുഞ്ഞിന്‍റേയും ജീവന് ആപത്തൊന്നും വരരുതേ എന്നു മാത്രം നിങ്ങളിപ്പോൾ ചിന്തിച്ചാൽ മതി.” ഡോ. സരിത കടുപ്പിച്ചു പറഞ്ഞു.
ദേവകിയമ്മ ഉദാസീനയായി. കുടുംബാംഗങ്ങൾ ഓരോരുത്തരായി നേഴ്‌സിംഗ് ഹോമിൽ എത്തിത്തുടങ്ങിയിരുന്നു. ശുഭ മുഹൂർത്തത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലായിരുന്നു ഓരോരുത്തരും. കീർത്തനയുടെ ആരോഗ്യനില മോശമാണെന്നറിഞ്ഞ് അവർ നിശബ്‌ദരായി.
ഡോ. സരിതയുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണ് അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ താൻ വിജയിക്കുന്നത്. കീർത്തന ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.
ദേവകിയമ്മ തിടുക്കപ്പെട്ട് നാരായണസ്വാമിയുടെ അരികിലെത്തി. മരുമകളുടെ ആരോഗ്യ വിവരം ധരിപ്പിച്ചു. നാരായണ സ്വാമി കവടി നിരത്തി ഒരാഴ്‌ചയ്‌ക്കു ശേഷം നല്ലൊരു മുഹൂർത്തമുണ്ടെന്നു പറഞ്ഞ് 501 രൂപ ദക്ഷിണയായി വാങ്ങി. ദേവകിയമ്മയ്‌ക്കപ്പോഴാണ് ജീവൻ നേരെ വീണത്. ഇനി ഒരാഴ്ചയ്‌ക്കു ശേഷമാണല്ലെ?
രണ്ടു ദിവസത്തിനു ശേഷം കീർത്തന ആരോഗ്യമുള്ള നല്ലൊരു ആൺകുഞ്ഞിനു ജന്മം നൽകി. പേരക്കുട്ടിയെ കണ്ട് ദേവകിയമ്മയും ബന്ധുക്കളും സന്തോഷിച്ചു. എന്നാൽ ശുഭമുഹൂർത്തത്തിലല്ലല്ലോ ജനിച്ചതെന്നോർത്തപ്പോൾ അവർക്ക് ആശങ്ക തോന്നാതിരുന്നില്ല. അതിനിടയ്‌ക്ക് ഡോ. സരിത അവിടെയെത്തി.
“ഡോക്‌ടർ… പൂജാരി ഒരാഴ്ചയ്‌ക്കു ശേഷമാണ് ശുഭമുഹൂർത്തം പറഞ്ഞിരുന്നത്. പക്ഷേ, കുഞ്ഞ് ഇന്നു തന്നെ ജനിച്ചല്ലോ. കുഞ്ഞ് ആരോഗ്യവാനാണോ, ഡോക്‌ടർ ഒന്നു ശരിക്കു പരിശോധിക്കൂ… ഞാൻ പൂജാരിയെ വിളിപ്പിക്കാം.” ദേവകിയമ്മയുടെ മുഖത്ത് ആശങ്ക നിഴലിച്ചു.
“അമ്മ വെറുതേ ടെൻഷനടിക്കണ്ട. സ്വാഭാവിക ജനനമാണ് കുഞ്ഞിന്‍റേയും അമ്മയുടേയും ആരോഗ്യത്തിനു നല്ലത്. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. ഇനിയൊരു സത്യം കൂടി വെളിപ്പെടുത്തട്ടെ. ഞാനും കീർത്തനയും ചേർന്നു തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് കാര്യങ്ങൾ നടന്നത്. കീർത്തനയ്‌ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലായിരുന്നു. പൂജാരി പറഞ്ഞ മുഹൂർത്തത്തിൽ ഓപ്പറേഷൻ വഴി കുഞ്ഞു ജനിക്കുന്നത് കീർത്തനയ്‌ക്ക് ഒട്ടും താല്‌പര്യമില്ലായിരുന്നു. നിങ്ങളുടെയെല്ലാം മനസ്സിൽ കരിനിഴൽ വീഴ്ത്തിയ അന്ധവിശ്വാസം തുടച്ചു കളയാൻ ഇതല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നു.
ഒരു ഓപ്പറേഷനും പൂജാവിധിയും കൂടാതെ ആരോഗ്യമുള്ള നല്ല കുഞ്ഞിനു കീർത്തന ജന്മം നൽകിയില്ലേ? ശുഭം അശുഭം എന്നൊന്നില്ല. ഇതൊക്കെ പൂജാരികൾ വളർത്തുന്ന അന്ധവിശ്വാസങ്ങളാണ്.” ഡോക്‌ടർ പറഞ്ഞതു കേട്ട് സകലരും ഒരു നിമിഷം തരിച്ചു നിന്നു. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാൻ ഇതോടെ അവർ എല്ലാവരും ശീലിച്ചു.