സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ആ നിലയ്‌ക്ക് സ്‌ത്രീകളും പെൺകുട്ടികളും സ്വന്തം സുരക്ഷിതത്വത്തിനായി അത്യാവശ്യം ചില അഭ്യാസമുറകൾ പഠിച്ചിരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഒപ്പം സാഹചര്യത്തിനനുസരിച്ച് ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള മനസാന്നിദ്ധ്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. സ്വയരക്ഷയ്‌ക്കായി സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എന്തെല്ലാമാണ് ചെയ്യാനാവുക മാർഷ്യൽ ആർട്ട്-കരാട്ടെ ട്രെയിനർ അന്‍റോ സ്റ്റീഫന്‍ നൽകുന്ന ചില നിർദ്ദേശങ്ങളിതാ…

വിപരീതമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ എന്താണ് ചെയ്യേണ്ടത്

ഏത് സ്‌ഥലത്തായാലും സ്‌ത്രീകൾ ജാഗരൂകരായിരിക്കേണ്ടത് പ്രധാനമാണ്. ചുറ്റും ആരൊക്കെയാണുള്ളതെന്ന് മനസ്സിലാക്കണം. ചുറ്റും നടക്കുന്ന ആക്‌റ്റിവിറ്റീസുകൾ മനസ്സിലാക്കുക വഴി ഉണ്ടാകാൻ സാധ്യതയുള്ള അപകടത്തിൽ നിന്നും രക്ഷപ്പെടാനാവും.

ആരെങ്കിലും ആക്രമിക്കാൻ മുതിരുന്ന പക്ഷം സ്വയരക്ഷയ്‌ക്കായി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുക. സമയമൊട്ടും നഷ്‌ടപ്പെടുത്താതെ ബുദ്ധിപൂർവ്വം എതിരാളിയെ നേരിടാം. എതിരാളിയുടെ കഴുത്ത്, കവിൾ, മൂക്ക്, കണ്ണുകൾ, നാഭി തുടങ്ങിയ നിർണായകമായ ശരീര ഭാഗങ്ങളിൽ ശക്‌തിയായി ഇടിക്കാം.

എതിരാളിക്ക് ഈ സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കാൻ 10 മുതൽ 15 സെക്കന്‍റ് സമയം വേണ്ടി വരും. അപ്പോഴേക്കും നിങ്ങൾക്ക് അവിടെ നിന്നും ഓടി രക്ഷപ്പെടുകയോ ഒച്ച വയ്‌ക്കുകയോ ചെയ്യാം.

ഏത് ദിശയിലേക്കാണ് ഓടേണ്ടത്

ഓടുന്നതിനു മുമ്പായി ഏത് ദിശയിൽ നിന്നാണ് സഹായം ലഭിക്കാൻ സാധ്യതയെന്ന് മനസ്സിലാക്കുക. മാർക്കറ്റ്, ബസ് സ്‌റ്റോപ്പ്, മെട്രോ സ്‌റ്റേഷൻ, ആശുപത്രി, പോലീസ് സ്‌റ്റേഷൻ തുടങ്ങിയവയുള്ള ദിശയിലേക്ക് ഓടാം. ഇത്തരമിടങ്ങളിൽ നിന്നും എളുപ്പം സഹായം ലഭിക്കാം.

പെട്ടെന്നൊരു ആക്രമണമുണ്ടായാൽ എന്ത് ചെയ്യാം

ഏതെങ്കിലും ആക്രമണത്തിന് ഇരയായാലോ പ്രശ്നത്തിലകപ്പെട്ടാലോ സഹായത്തിനായി നിലവിളിക്കുക. കയ്യിലുള്ള താക്കോൽ, ബോഡി സ്‌പ്രേ തുടങ്ങിയവ ചെറിയ ആയുധങ്ങളാക്കി എതിരാളിയെ ആക്രമിക്കാൻ ഉപയോഗിക്കാം.

കണ്ണുകളിൽ സ്‌പ്രേ ചെയ്യാം. പ്രതികൂലമായ പരിതസ്‌ഥിതിയിൽ പെൺകുട്ടികൾ ഓടി രക്ഷപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടത്. ജൂഡോ, കരാട്ടേ, മാർഷ്യൽ ആർട്ട് തുടങ്ങിയവയിൽ നേരത്തെ തന്നെ പരിശീലനം സിദ്ധിച്ചിട്ടുള്ളവരാണെങ്കിലും അവസരം കിട്ടിയാൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുക. അതിനുള്ള സാഹചര്യമില്ലെങ്കിൽ മാത്രമേ എതിരാളിയെ ചെറുത്തു തോൽപിക്കാൻ ശ്രമിക്കേണ്ടതുള്ളൂ.

കയ്യിൽ സ്‌മാർട്ട് ഫോണുണ്ടെങ്കിൽ അതും കൂടി പ്രയോജനപ്പെടുത്താം. സ്വന്തം മൊബൈൽ ഫോണിൽ ഡിസേഫ് എന്ന പേരുള്ള സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്യാം. ഈ സോഫ്‌റ്റ് വെയർ സൗജന്യമാണ്. ഇത് അപ്‌ലോഡ് ചെയ്യുക വഴി റെഡ് ബട്ടൻ വരും. അതിൽ പരിചയക്കാരായ അഞ്ച് പേരുടെ നമ്പർ സേവ് ചെയ്യാം. എന്തെങ്കിലും അപകടത്തിലാവുകയോ ആരുടെയെങ്കിലും സഹായം വേണ്ടി വരികയോ ചെയ്‌താൽ ഈ ബട്ടൻ ഉടൻ അമർത്താം. ഈ ബട്ടൻ അമർത്തിയാലുടൻ നിങ്ങളുടെ സന്ദേശം അയയ്‌ക്കപ്പെടും. ഗൂഗിൾ മാപ്പിൽ വരുന്ന ലിങ്കിൽ അപകടത്തിലായ വ്യക്‌തി എവിടെയാണെന്നും ലൊക്കേഷൻ ഏതെന്നും മനസ്സിലാക്കാനാവും. ഒപ്പം കോൾ സ്വയം പോവുകയും ചെയ്യും. അതുവഴി ആ അഞ്ച് വ്യക്‌തികൾക്കും അപകടത്തിൽപെട്ട വ്യക്‌തി ഈ സമയം എവിടെയാണെന്നും സഹായം ആവശ്യമാണെന്നും മനസ്സിലാവും. എല്ലാ പെൺകുട്ടികളും സ്വന്തം മൊബൈലിൽ ഈ സോഫ്‌റ്റ് വെയർ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

മൊബൈൽ ആപ്‌സ് സ്‌ത്രീകൾക്കെങ്ങനെയാണ് സുരക്ഷിതത്വം നൽകുക

ഫൈറ്റ് ബാക്ക്, നിർഭയ, എഗയിനസ്‌റ്റ് റേപ്പ്, 6 സ്‌ക്വയർ, ഗാർഡൽ, ഓൺ വാച്ച് തുടങ്ങിയ ധാരാളം മൊബൈൽ ആപ്‌സ് സ്‌ത്രീകളുടെ സുരക്ഷിതത്വത്തിനായുണ്ട്. ഇതിൽ എമർജൻസി കോളിംഗ്, ഒറ്റ ക്ലിക്കുകൊണ്ട് ഫീഡ് ചെയ്യപ്പെട്ട നമ്പരുകളിലേക്ക് അപകട സന്ദേശം നൽകുക, പോലീസ് റൂമിലേക്കോ ഹെൽപ്പ് ലൈൻ നമ്പരിലേക്കോ അപകട വിവരം ഉടനടി എത്താനുള്ള സജ്‌ജീകരണം എന്നിങ്ങനെ ധാരാളം സൗകര്യങ്ങൾ ലഭ്യമാണ്.

മാല പൊട്ടിച്ചാൽ എന്ത് ചെയ്യണം

മാല പൊട്ടിക്കുന്ന സംഭവങ്ങൾ നടക്കുന്നതിപ്പോൾ സർവ്വ സാധാരണമാണ്. ബൈക്കിൽ വന്നാണ് മോഷ്‌ടാക്കൾ ഇത് വിദഗ്‌ദ്ധമായി ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഞൊടിയിടക്കുള്ളിൽ നടക്കുന്നതിനാൽ മോഷ്‌ടാക്കൾക്ക് എതിരെ പ്രതികരിക്കാൻ കൂടി കഴിയാതെ വരും. മോഷ്‌ടാക്കൾ മാരകമായ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയാണെങ്കിൽ അവരിൽ നിന്നും രക്ഷപ്പെടാനായി പെൺകുട്ടികൾക്ക് ആഭരണങ്ങൾ ഊരി നൽകി രക്ഷപ്പെടാം.

എന്നാൽ ഈ പരിതസ്‌ഥിതിയിൽ നിന്നും രക്ഷപ്പെടാനായി സ്‌മാർട്ട് ഫോൺ ഉപയോഗിക്കാം. മൊബൈൽ ഉപയോഗിച്ച് ഉടനടി തന്നെ മോഷ്‌ടാക്കളുടെ ഫോട്ടോയെടുക്കുക. ഒപ്പം ബൈക്കിന്‍റെ നമ്പർ പ്ലേറ്റിന്‍റെ ചിത്രവുമെടുത്ത് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാം. ഇത് കുറ്റവാളികളെ അനായാസം പിടികൂടാൻ സഹായിക്കും. മറ്റൊരു കാര്യവുമുണ്ട്, പൊതു സ്‌ഥലങ്ങളിൽ വിലയേറിയ ആഭരണങ്ങൾ അണിഞ്ഞ് പോകുമ്പോൾ അതിലേക്ക് ഒരു പ്രത്യേക ശ്രദ്ധ കൊടുക്കുക. ആഭരണങ്ങൾ ധരിക്കണമെന്നുണ്ടെങ്കിൽ ഷാളു കൊണ്ട് കഴുത്ത് മറച്ചു വയ്‌ക്കാം.

ഫോർ വീലർ ടീസിംഗിൽ നിന്നും എങ്ങനെ രക്ഷപ്പെടാം

ട്രാഫിക്കിൽ പെട്ടിരിക്കുമ്പോഴോ അല്ലെങ്കിൽ റെഡ് ലൈറ്റിൽ വണ്ടി കുടുങ്ങി കിടക്കുമ്പോഴോ മുന്നിലുള്ള വാഹനത്തിലെ ചെറുപ്പക്കാർ അശ്ലീല പദപ്രയോഗങ്ങളോ ചേഷ്‌ടകളോ കാട്ടുകയാണെങ്കിൽ പ്രതികരിക്കാതിരിക്കുന്നതാണ് ബുദ്ധി. പകരം രഹസ്യമായി അവരുടെ പടം മൊബൈലിൽ പകർത്താം. അതിനു ശേഷം പോലീസിൽ വിവരമറിയിക്കുകയോ പ്രശ്നം വിട്ടു കളയുകയോ ചെയ്യാം. അടിക്കടി ശല്യപ്പെടുത്തുകയാണെങ്കിൽ അവരെ ഒഴിവാക്കുന്നതിന് പകരം അവർക്കെതിരെ ശക്‌തമായ നടപടി കൈക്കൊള്ളാം.

ആരെങ്കിലും അസാധാരണമാം വിധം നിരീക്ഷിച്ചാൽ

പെൺകുട്ടികളെ തുറിച്ചു നോക്കുന്നത് ആൺകുട്ടികളുടെ ശീലമാണ്. ചില നോട്ടങ്ങൾ നിഷ്കളങ്കമാണെങ്കിലും മറ്റ് ചിലർ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. അതിനാൽ ഇത്തരം നോട്ടങ്ങളെ സധൈര്യം നേരിടുക. അവരുടെ കണ്ണുകളിലേക്ക് തുറിച്ച് നോക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം അവർ ഒഴിഞ്ഞു പോയ്‌ക്കൊള്ളും.

കരാട്ടെയോ മറ്റ് അഭ്യാസമുറകളോ പരിശീലിച്ചിട്ടില്ലാത്ത പെൺകുട്ടി അപകടകരമായ സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടത്

ഇത്തരം സാഹചര്യത്തിൽ പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് നല്ലത്. അഥവാ അതിന് കഴിയുന്നില്ലെങ്കിൽ തന്‍റെ കൈവശമുള്ള പേന, മൊബൈൽ എന്നിവ പെൺകുട്ടിയ്‌ക്ക് ആയുധമാക്കാം. ഇത്തരം വസ്‌തുക്കൾ കൊണ്ട് മുഖത്തോ താടിക്കോ പ്രഹരിക്കുക. നഖം വച്ച് അക്രമിയുടെ കഴുത്തിൽ  വരയുക. കൂടാതെ ചെരിപ്പും നല്ലൊരായുധമാണ്. അക്രമി ഏതാനും സെക്കന്‍റു നേരം സ്വയരക്ഷയ്‌ക്കായി ശ്രമിക്കുന്നതിനിടെ പെൺകുട്ടിയ്‌ക്ക് അടുത്തുള്ള സുരക്ഷിതസ്‌ഥാനത്തേക്ക് ഓടി രക്ഷപ്പെടാം.

സ്വയരക്ഷയ്‌ക്ക് പല അഭ്യാസ മുറകളും അറിയാവുന്ന സ്‌ത്രീകളിൽ പലർക്കും അത് തക്ക സമയത്ത് പ്രയോഗിക്കാൻ കഴിയാതെ വരികയാണെങ്കിൽ

സ്വയരക്ഷയ്‌ക്കായി പഠിച്ച മുറകൾ എപ്പോഴും ഫലവത്തായി മാറണമെന്നില്ല. ഏത് സാഹചര്യത്തിലും തന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സ്‌ത്രീകൾ എപ്പോഴും ജാഗരൂകരാവുകയാണ് വേണ്ടത്. ഒപ്പം അഭ്യാസമുറകൾ ലൈഫ് സ്‌റ്റൈലിന്‍റെ ഭാഗമാക്കുക. 2-3 ക്ലാസ്സുകൊണ്ട് അത് പഠിച്ചെടുക്കാനാവില്ല. മാത്രമല്ല, സ്വയരക്ഷ അടിയുറച്ച ആയുധമാക്കണമെങ്കിൽ അപകടങ്ങളെ കാത്തിരിക്കയല്ല വേണ്ടത്. എല്ലാ ദിവസവും അത് അഭ്യസിക്കുക. അഭ്യാസങ്ങൾ പഠിക്കാൻ തുടക്കത്തിൽ വലിയ താൽപര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുമെങ്കിലും പിന്നീടത് വേഗത്തിൽ മറന്നുപോകാം. നിരന്തരമായ പരിശീലനമാണ് വേണ്ടത്.

മറ്റൊന്ന് സ്വന്തം ബോഡിലാംഗ്വേജാണ്

അക്രമികളെ ഭയപ്പെടുത്തുന്നതോ അല്ലെങ്കിൽ തെറ്റുകൾ ചെയ്യുന്നതിന് മുമ്പായി അവരെ ചിന്തിപ്പിക്കുന്ന രീതിയിലുള്ളതോ ആയ ബോഡി ലാംഗ്വേജ് സ്‌ത്രീകൾക്കാവശ്യമാണ്. ഭൂരിഭാഗത്തിനും അതുണ്ടാവണമെന്നില്ല. ആത്മവിശ്വാസവും ധൈര്യവും തുളുമ്പുന്ന മുഖഭാവവും ശരീരഭാഷയുമായിരിക്കണം സ്‌ത്രീകളുടേത്.

സുരക്ഷിതത്വത്തിനായി സ്‌ത്രീകൾ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ ഏതെല്ലാമാണ്.

  • ഏറെക്കുറെ വിജനമായ സ്‌ഥലമാണെങ്കിൽ എന്നും ഒരേ സമയവും ഒരേ വഴിയിൽ കൂടി യാത്ര ചെയ്യുന്ന ശീലത്തിൽ മാറ്റം വരുത്തുക. പലപ്പോഴും പതിവിൽ മാറ്റം വരുത്താം.
  • പുറത്ത് ഒറ്റയ്‌ക്ക് പോകുന്ന അവസരങ്ങളിൽ അമിതമായ ആഭരണങ്ങൾ ധരിക്കാതിരിക്കുക. ചിലപ്പോൾ അത് പല പ്രശ്നങ്ങൾക്കും കാരണമാകാം.
  • വിജനമായ വഴിക്കു പകരം അൽപം തിരക്കേറിയ വഴിയിലൂടെ സഞ്ചരിക്കുക.
  • രാത്രിയിൽ ഓഫീസിൽ നിന്നും മടങ്ങുന്ന സമയത്ത് കോണിപ്പടികൾക്ക് പകരമായി ലിഫ്‌റ്റ് ഉപയോഗിക്കാം.
  • അപരിചിതരായ വ്യക്‌തികളിൽ നിന്നും ലിഫ്‌റ്റ് സ്വീകരിക്കുന്നതിന് പകരം പൊതു വാഹനങ്ങളായ ഓട്ടോറിക്ഷ, ബസ് മുതലായ ഉപയോഗപ്പെടുത്തുക.
  • ബസ് സ്‌റ്റോപ്പ് വിജനമാണെങ്കിൽ അടുത്തുള്ള ഏതെങ്കിലും കടകൾക്ക് സമീപത്തായി നിൽക്കുക.
  • ടാക്‌സിയിൽ യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ ടാക്‌സി സ്‌റ്റാന്‍റിൽ നിന്നും മാത്രം പിടിക്കുക.
  • ദീർഘ ദൂര യാത്രയ്‌ക്കായി ടാക്‌സി വിളിക്കുകയാണെങ്കിൽ ട്രാവൽ ഏജന്‍റു വഴി ടാക്‌സി ഏർപ്പാടാക്കാം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഡ്രൈവറിന്‍റെ അഡ്രസ് അനായാസം മനസ്സിലാക്കാനാവും.
  • നിങ്ങളെ ആരെങ്കിലും കാറിൽ പിന്തുരുകയാണെങ്കിൽ നിങ്ങൾ വന്ന ദിശയിലേക്ക് തന്നെ തിരിച്ച് ഓടുക. കാരണം വിപരീത ദിശയിലേക്ക് പോകുന്നതിനാൽ പിന്തുടരുന്നയാൾക്ക് നിങ്ങളെ അത്ര വേഗം ട്രേസ് ചെയ്യാനാവില്ല.
  • വിജനമായ ഇടങ്ങളിൽ വെച്ച് മൊബൈലിൽ പാട്ട് കേൾക്കരുത്. കാരണം നിങ്ങൾക്കു ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അത് തടസ്സമുണ്ടാക്കും.
  • അപരിചിതരോട് സംസാരിക്കുമ്പോൾ കൂടുതൽ സംസാരിക്കുന്നത് ഒഴിവാക്കുക. സംസാരിക്കുമ്പോൾ ആവശ്യമായ കാര്യങ്ങൾ മാത്രം പറയുക.
  • അയാൾക്ക് ഗ്രീൻ സിഗ്നൽ നൽകുന്ന രീതിയിലുള്ള പെരുമാറ്റം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്.
  • നിങ്ങൾക്കിണങ്ങുന്ന വസ്‌ത്രധാരണമാവണം. അവസരവും അന്തരീക്ഷവും മനസ്സിലാക്കി വേണം വസ്‌ത്രങ്ങൾ അണിയാൻ. വസ്‌ത്രധാരണത്തിനെതിരെ ആരും വിരലുയർത്താനുള്ള അവസരമുണ്ടാകരുത്.
  • പോലീസ് സ്‌റ്റേഷനിൽ പോകാതെ സ്‌ത്രീകൾക്ക് പരാതി നൽകാവുന്ന ഹെൽപ് ലൈൻ നമ്പർ.1090 എന്ന ഹെൽപ് ലൈൻ നമ്പരിൽ വിളിച്ച് സേവനം ഉറപ്പു വരുത്താം. വനിത ഹെൽപ് ലൈൻ നമ്പർ- 99953 99953.

പരാതിയിൽ പോലീസ് നിയമ നടപടികൾ കൈക്കൊള്ളും. സ്‌ത്രീകൾക്ക് പോലീസ് സ്‌റ്റേഷനിൽ പോകേണ്ടി വരികയില്ല.

और कहानियां पढ़ने के लिए क्लिक करें...