ഇന്നിപ്പോൾ പല വെറൈറ്റിയിലുള്ള ഫ്‌ളോറിംഗ് ഉൽപന്നങ്ങൾ വിപണിയിലുണ്ട്. ഇവയിൽ ഏതു തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമാണ് പലരേയും അലട്ടുന്നത്. ദീർഘ നാൾ നിലനിൽക്കുന്നതും മാറുന്ന ട്രെൻഡിനു ചേരുന്ന തരത്തിലുള്ളതുമായ ഫ്‌ളോറിംഗ് ആണ് അഭികാമ്യം. ഫ്‌ളോറിംഗ് അകത്തളങ്ങൾക്ക് അഴകും ആകർഷണീയതയും നൽകുന്നതാവണം. കാർപറ്റ്, വുഡ്, വിനൈൽ, ലാമിനേറ്റഡ്, ടൈൽസ്, മാർബിൾ, ബാംബൂ, കോർക്ക് എന്നിങ്ങനെ വിവിധ തരം ഫ്‌ളോറിംഗുകൾ ഇന്ന് വിപണിയിൽ തരംഗം തീർക്കുകയാണ്…
ഫ്‌ളോറും സ്‌റ്റൈലാക്കാം
നിലം ഭംഗി വരുത്താൻ റെഡ് ഓക്‌സൈഡ് ഇട്ടിരുന്ന കാലം കഴിഞ്ഞു. പിന്നീട് മൊസൈക്ക്, മാർബിൾ ഇവ ആയിരുന്നു ട്രെന്‍റ്. ഗ്രാനൈറ്റ് ഫ്‌ളോറിംഗും ഇപ്പോൾ ഡിമാന്‍റ് കുറഞ്ഞു വരികയാണ്. വിട്രിഫൈഡ് ടൈൽസ് പ്രചാരം വർദ്ധിക്കാൻ തുടങ്ങിയതോടെ സിറാമിക് ടൈൽസ് ഔട്ട് ഡേറ്റഡുമായി.
വുഡൻ, ലാമിനേറ്റഡ് ഫ്‌ളോറിംഗ് ആണ് ലേറ്റസ്‌റ്റ് ട്രെന്‍റ്. ഇത് അനായാസം ഫിക്‌സ് ചെയ്യാനാവും. കാലതാമസമെടുക്കാതെ വീട് അലങ്കോലമാക്കാതെ 4-5 ദിവസത്തിനകം തന്നെ ഫ്‌ളോറിംഗ് കംപ്ലീറ്റ് ചെയ്യാനാവും. ഇന്‍റർ ലോക്കിംഗ് ടെക്‌നിക്കാണ് ഉപയോഗിക്കുന്നതെന്നതിനാൽ ഇത് എളുപ്പം ഫിറ്റ് ചെയ്യാനും ഇളക്കി നീക്കാനും സാധിക്കും. കാലാവസ്‌ഥയെ അതിജീവിക്കാനുള്ള ശേഷി, പ്രൗഢി, ഈട്, സ്വാഭാവിക ഭംഗി, പഴമയുടെ പ്രതിഛായ എന്നീ ഘടകങ്ങൾ വുഡൻ ഫ്‌ളോറിംഗിനെ കൂടുതൽ മികവുറ്റതാക്കുന്നു. മാത്രമല്ല ഇത് ഇക്കോ ഫ്രണ്ട്‌ലിയുമാണ്.
വുഡൻ ഫ്‌ളോറിംഗ് ചെയ്‌താൽ വലുപ്പം തോന്നിക്കും. ഇൻസുലേറ്റിംഗ് കപ്പാസിറ്റിയുണ്ടെന്നതിനാൽ ദീർഘനാൾ കേടു കൂടാതിരിക്കുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വെറും 3-4 മണിക്കൂറിനുള്ളിൽ ഫിക്‌സ് ചെയ്യാമെന്നതും മറ്റൊരു സവിശേഷതയാണ്. ടംഗ് ആന്‍റ് ഗ്രൂപ്പ് ടെക്‌നിക്ക്, പശ, ആണി എന്നിവയുടെ സഹായത്തോടെ പിടിപ്പിക്കാൻ സാധിക്കും.
ഹാർഡ് വുഡ് ഫ്‌ളോറിംഗ്
ഹാർഡ് വുഡ് ഫ്‌ളോറിംഗിൽ ഫൈൻ പ്രോസസ്‌ഡ് വുഡ് ആണ് ഉപയോഗിക്കുന്നതെന്നതിനാൽ ഇതിനു പ്രത്യേക തിളക്കമായിരിക്കും. റിയൽ വുഡാണ് ഉപയോഗിക്കുന്നതെന്നതാണ് ഇതിനു കാരണം. മുറിയിൽ പൊടിയും അഴുക്കും ഇല്ലാതിരിക്കാൻ ഹാർഡ് വുഡ് ഫ്‌ളോറിംഗ് നല്ല ഉപാധിയാണ്. ഇതിന്‍റെ ആകർഷകമായ ഒട്ടനവധി പാറ്റേണുകൾ വിപണിയിലുണ്ട്. മുറിയ്‌ക്ക് അനുയോജ്യമായ ഡിസൈനുകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നു മാത്രം. തേക്ക്, റോസ് വുഡ് എന്നിവയ്‌ക്ക് പുറമെ വിദേശ വെറൈറ്റികളുമുണ്ട്.
തീയിലും ചൂളയിലും ഉണക്കിയാണ് തടിയുടെ ഈർപ്പം ഇല്ലാതാക്കുന്നത്. പാടുകൾ വീഴാതിരിക്കാൻ പുറത്ത് പോളിഷ് ആണ് തെരഞ്ഞെടുക്കുന്നത്. സാധാരണയായി ലൈറ്റ് പീച്ച്/ഡാർക്ക് വാൾനട്ട് നിറമാകും നൽകുന്നത്. വുഡിന്‍റെ കനം അനുസരിച്ചാവും വില നിർണ്ണയിക്കുക. ഒരു സ്‌ക്വയർ ഫീറ്റിന് 250 രൂപ എന്നതാണ് കണക്ക്. ഇത് 18 മില്ലി മീറ്റർ കനത്തിൽ ലഭിക്കും. സൈസ് സാധാരണയായി 5×36 ഇഞ്ച് ആയിരിക്കും. നിറങ്ങളെ അടിസ്‌ഥാനപ്പെടുത്തിയും വില നിർണ്ണയിക്കപ്പെടാറുണ്ട്.
ലാമിനേറ്റഡ് വുഡൻ ഫ്‌ളോറിംഗ്
കാഴ്‌ചയ്‌ക്ക് ഹാർഡ്‌വുഡ് പോലെ തോന്നുമെങ്കിലും കംപ്രസ്സ്‌ഡ് ഫൈബർ നിർമ്മിതമാണിത്. മോയ്‌സ്‌ചർ, കെമിക്കൽ, സ്‌റ്റെയിൻ, സ്‌ക്രാച്ച് പ്രൂഫ് ആണെന്നതിനാൽ ഹാർഡ് വുഡ്, പർക്വയറ്റ് എന്നിവയെ അപേക്ഷിച്ച് ലാമിനേറ്റഡ് വുഡൻ ഫ്‌ളോറിംഗ് കൂടുതൽ പ്രിയങ്കരമാകുന്നു. സ്‌ട്രിപ്‌സ് ആയി ലഭിക്കുമെന്നതിനാൽ അനായാസം ഫിക്‌സ് ചെയ്യാനാവും. കേടായാലും പുതിയത് ഫിക്‌സ് ചെയ്യാം. നിറം മങ്ങില്ല, പാടുകൾ വീഴില്ല, ചൂടും തണുപ്പും ഏൽക്കുകയുമില്ല. ന്യായ വിലയാണ്. പാദ സംബന്ധമായ അസ്വസ്‌ഥതകൾ അലട്ടുന്നവർക്ക് ഈ ഫ്‌ളോറിംഗ് ഏറെ ഗുണകരമാണ്.
എളുപ്പം ഫിക്‌സ് ചെയ്യാനാവുമെന്നതിനാൽ വീടുകളിലാണ് ഇവ അധികമായും ഉപയോഗിക്കുന്നത്. ബെഡ്‌റൂം ഫളോറിംഗിനു 2 മണിക്കൂർ മതി. 8 മില്ലിമീറ്റർ കനമായിരിക്കും. ഈ ഫ്‌ളോറിംഗിലൂടെ വീടിനു ആർട്ടിസ്‌റ്റ് ടച്ച് കൈവരും. സ്‌ക്വയർ ഫീറ്റിന് 35 രൂപ മുതൽ 200 വരെയാണ് വില. വെറൈറ്റി, ബ്രാന്‍റ് എന്നിവ അനുസരിച്ചാണ് വില നിർണ്ണയിക്കപ്പെടുന്നത്.
പർക്വയറ്റ്
പർക്വയറ്റ് ഫ്‌ളോറിംഗിനു നാച്വറൽ വുഡ് ആണ് ഉപയോഗിക്കുന്നത്. ഇത് ടൈൽസ് രൂപത്തിലും ലഭ്യമാണ്. വിവിധ ഷേയ്‌ഡിലുള്ള വുഡിന്‍റെ നേർത്ത കഷണങ്ങൾ യോജിപ്പിച്ചാണ് ടൈലുകൾ തയ്യാറാക്കുന്നത്. ഇതിന്‍റെ ആകർഷകമായ പാറ്റേണുകൾ തയ്യാറാക്കുന്നതിന് വിവിധ തരത്തിലുള്ള ഗ്രെൻ വുഡാണ് ഉപയോഗിക്കുന്നത്. പൂർണ്ണമായും പർക്വയറ്റ് ഫ്‌ളോറിംഗല്ല പ്ലാൻ ചെയ്യുന്നതെങ്കിൽ ടൈലുകളിൽ ഇടയ്‌ക്കിടയ്‌ക്കായി ഇവ ഫിക്‌സ് ചെയ്യാവുന്നതാണ്. ഇവയിൽ അധികവും ബാസ്‌ക്കറ്റ്, ബ്രിക്ക് സ്‌റ്റൈൽ ഡിസൈനുകളോടു കൂടിയവയായിരിക്കും. സ്‌ക്വയർ ഫീറ്റിന് വില 65 മുതൽ 700 വരെയാണ്. വിരിക്കാൻ സമയം
അധികമാവുമെന്നതും പോളിഷിംഗ് വേണ്ടി വരുമെന്നതും ഇതിനോടുള്ള പ്രിയം കുറയാൻ കാരണമാകുന്നു.
കണ്ടംപററി ലുക്ക്
ലാമിനേറ്റഡ് വുഡൻ ഫ്‌ളോറിംഗ് ചെറിയ ബജറ്റിൽ ഒതുങ്ങുമെന്നു മാത്രമല്ല ഫ്‌ളോറിംഗിന് കണ്ടംപററി, റിച്ച് ലുക്ക് നൽകും. “ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഫ്‌ളോർ ഫിക്‌സ് ചെയ്യാം. വുഡൻ ഫ്‌ളോറിംഗ് വീടിനു ഫ്രഷ് ലുക്ക് പകരും. ഇത് ഒരു കടലാസ് ഷീറ്റ് പോലെയാണ് വിപണിയിലെത്തുന്നത്. ഇന്‍റർലോക്ക് അറേഞ്ച്‌മെന്‍റിലാണ് ഫിക്‌സ് ചെയ്യുന്നത്. എന്നാൽ ഫിക്‌സ് ചെയ്യുന്നതിനു മുമ്പായി ഇതിന്‍റെ ഗുണവും പുരട്ടുന്ന പേസ്‌റ്റിന്‍റെ കട്ടിയും പരിശോധിക്കേണ്ടതുണ്ട്.”
ക്ലാസിക്ക് ഡെക്കോർ
ലാമിനേറ്റഡ് ഫ്‌ളോറിംഗും വുഡൻ ഫ്‌ളോറിംഗും ഒന്നാണ് എന്ന് പൊതുവെ ധാരണയുണ്ട്. എന്നാൽ ഇവ തീർത്തും ഭിന്നമാണ്. ഹാർഡ് വുഡ് ഫ്‌ളോറിംഗ് വീടിനു റിച്ച് ലുക്ക് നൽകും. ഇതിനു വില അൽപം കൂടുതലാണെന്നു മാത്രമല്ല മെയിന്‍റനൻസിൽ കാര്യമായ ശ്രദ്ധ നൽകേണ്ടതുമുണ്ട്. ഈടുറ്റതാണെന്നതിനാൽ ഇടയ്‌ക്ക് മാറ്റേണ്ടിയും വരില്ല. പേർഷ്യൻ റഗ്ഗ് ഫർ റഗ്ഗിനു ചേരുന്ന പല വെറൈറ്റിയിലുള്ള വുഡ് ഉണ്ട്. വുഡൻ ഫ്‌ളോറിംഗ് മുറിയ്‌ക്ക് നല്ല വലുപ്പവും ആകർഷണീയതയും നൽകും. ഇപ്പോൾ രണ്ടോ അതിലധികമോ നിറങ്ങൾ മിക്‌സ് ചെയ്‌ത് കസ്‌റ്റമേഴ്‌സിന് 10 വർഷത്തെ വാറന്‍റി നൽകുന്നുണ്ട്.
വുഡൻ പോളിഷിംഗ് റിയൽ വുഡൻ ഫ്‌ളോറിംഗിനു ചേരും. പക്ഷേ ലാമിനേറ്റഡ് വുഡിനു ചേരുകയില്ല. നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം.