കുട്ടികളില്ലാത്ത ലോകം എത്ര വിരസമായിരിക്കും. എന്നാൽ മത്സരാധിഷ്‌ഠിത സമൂഹത്തിൽ മാതാപിതാക്കളാവുകയെന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. മാറിയ ജീവിതശൈലിയും മാറുന്ന കാഴ്‌ചപ്പാടും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് പുതിയ സമവാക്യം നൽകിയിരിക്കുകയാണ്. മുമ്പത്തേ അപേക്ഷിച്ച് പേരന്‍റിംഗ് ഏറെ വെല്ലുവിളി നിറഞ്ഞതും കഠിനവുമായി തീർന്നിരിക്കുന്നു.

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ചെയർപേഴ്‌സൺ ഡോ. വസന്താ ആർ പത്രി പറയുന്നതിങ്ങനെ, “ഇന്ന് ഭൂരിഭാഗം രക്ഷിതാക്കളും ഉദ്യോഗസ്‌ഥരാണ്. സ്‌ത്രീകളിൽ ഏറെപ്പേരും ജോലിക്കു പോകുന്നുണ്ട്. കരിയറിനെ സംബന്ധിച്ച് അംബീഷ്യസുമാണവർ. കുട്ടി ചെറുതായിരിക്കുമ്പോഴും അവരെ പരിചരിക്കാൻ പോലും അമ്മമാർക്ക് സമയം കിട്ടാതെ വരുന്നു. ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗം അവർക്ക് അനിവാര്യവുമാണ്. പകൽ മുഴുവനും അവർ വീടിന് പുറത്തായിരിക്കും. ഈ സാഹചര്യത്തിൽ കുട്ടിയുടെ സംരക്ഷണത്തിനായി അവർക്ക് ഡെ കെയർ, ക്രഷ് മുതലായവയെ ആശ്രയിക്കേണ്ടി വരുന്നു.”

ഇന്ന് അണുകുടുംബം എന്ന രീതിക്കാണല്ലോ മുൻഗണന. വീട്ടിൽ കുഞ്ഞുങ്ങളെ പരിചരിക്കാനും അവരിൽ വാത്സല്യം ചൊരിയാനും മുത്തച്‌ഛനോ മുത്തശ്ശിയോ ഇളയമ്മമാരോ ഒന്നുമില്ലാതായി. ഒറ്റക്കുട്ടിയായതിനാൽ സഹോദരീസഹോദരന്മാരുടെ കൂട്ടുമില്ല. എന്നാൽ വീടിനകത്ത് ആധുനികമായ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുണ്ടാവും. ടി.വി, ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ്, ടാബ്ലറ്റ് മൊബൈൽ മുതലായവയിലാവും കുട്ടികൾ ഏറെ സമയവും ചെലവഴിക്കുക.”

സ്‌ക്രീൻ ഈസർ കുട്ടികൾ

ഇന്നത്തെ കുട്ടികളെ സ്‌ക്രീൻ ഈസർ കുട്ടികളെന്ന് വിശേഷിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കാര്യം മറ്റൊന്നുമല്ല, കുട്ടികൾ എല്ലായ്‌പ്പോഴും മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയുമായിട്ടാവും ഇടപഴകുന്നത്.

ഇക്കാലത്ത് കുട്ടികൾക്ക് കമ്പ്യൂട്ടർ ഒഴിവാക്കാനാവില്ലെന്നാണ് സ്വകാര്യസ്‌ക്കൂൾ അധ്യാപികയായ നീത പറയുന്നത്. അവരെ അതിൽ നിന്നും വിലക്കാൻ കഴിയുകയുമില്ല. പകരം അവരെ നിരീക്ഷിക്കുകയാണ് വേണ്ടത്. അവരെന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാം. ഇന്‍റർനെറ്റ് ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കാം.

അശ്ലീലം

വഴി തെറ്റുന്നതിൽ നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കാമെന്നതാണ് രക്ഷിതാക്കളെ അലട്ടുന്ന ഒരു വലിയ പ്രശ്നം. കുട്ടികൾക്ക് കമ്പ്യൂട്ടർ, മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ എപ്പോൾ പരിചയപ്പെടുത്തണം എന്നതിനെപ്പറ്റി മാതാപിതാക്കൾക്ക് യാതൊരുവിധ ധാരണയും ഇല്ലത്രേ. അതുകൊണ്ട് കമ്പ്യൂട്ടർ ഉപയോഗിച്ച് കുട്ടികൾ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ തിരിച്ചറിയാതെ പോകുന്നു. സോഷ്യൽ നെറ്റ്‍വർക്ക് സൈറ്റുകളോ അല്ലെങ്കിൽ പോൺ സൈറ്റുകളോ കുട്ടികൾ സ്വാഭാവികമായും സന്ദർശിക്കാം. കുറച്ചുനേരം കുട്ടികൾ അടങ്ങിയിരിക്കുമല്ലോയെന്നു കരുതിയാണ് മൊബൈലും മറ്റും കളിക്കാൻ നൽകുന്നത്. പക്ഷേ കുട്ടികൾ കമ്പ്യൂട്ടറിൽ എന്തെല്ലാം ചെയ്യുന്നു എന്നതിനെപ്പറ്റി പലർക്കും ഒരു ധാരണയുമുണ്ടായിരിക്കുകയില്ല.

ഒരു സർവേയനുസരിച്ച് 23 ശതമാനം രക്ഷിതാക്കളും വിശ്വസിക്കുന്നത് അവരുടെ കുട്ടികൾ സോഷ്യൽ സൈറ്റുകൾ മാത്രമേ സന്ദർശിക്കാറുള്ളു എന്നാണ്. എന്നാൽ 53 ശതമാനം കുട്ടികൾ ഇത്തരം സൈറ്റുകൾ പതിവായി സന്ദർശിക്കുന്നുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കളും കൗമാരക്കാരും അടങ്ങുന്ന 1500 പേരിൽ സീക്രട്ട് ലൈവ്‌സ് ഓഫ് ടീൻസ് നടത്തിയ സർവേയിൽ നിന്നും ഒരു വസ്‌തുത വെളിപ്പെടുകയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം കൗമാരക്കാർ ദിവസത്തിൽ പല തവണ അശ്ലീല സൈറ്റുകൾ സന്ദർശിക്കാറുണ്ടെന്ന് സമ്മതിക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കളിൽ നിന്നും സമർത്ഥമായി എങ്ങനെ മറച്ചുപിടിക്കാമെന്നതിനെപ്പറ്റി 58 ശതമാനം പേർക്ക് നല്ലവണ്ണം അറിയാമെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ.

സൈബർ ബുള്ളിംഗ്

സോഷ്യൽ സൈറ്റുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതിന്‍റെ ഫലമായി സൈബർ ബുള്ളിംഗ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മ പറയുന്നതിങ്ങനെ, “കുറേ ദിവസമായി എന്‍റെ 14 വയസ്സുള്ള മകൾക്ക് എല്ലാറ്റിനോടും വല്ലാത്തൊരു പേടി പോലെ. വീട്ടിൽ നിന്നും പുറത്തിറങ്ങാനോ കൂട്ടുകാരെ കാണാനോ കൂട്ടാക്കുന്നില്ല. ആദ്യം ഞങ്ങളത് അത്ര കാര്യമാക്കിയില്ല. പക്ഷേ ഒരു ദിവസം നീരുവച്ച അവളുടെ കണ്ണുകളും മ്ലാനമായ മുഖവും കണ്ടപ്പോൾ ഞങ്ങൾ ശരിക്കും പരിഭ്രാന്തരായി. എന്താണ് കാര്യമെന്ന് കുറേ തവണ ചോദിച്ചിട്ടും അവൾ കരയുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ഒടുവിൽ ഞങ്ങൾ അവളെ സുഹൃത്തായ മനഃശാസ്‌ത്രജ്‌ഞനെ കാണിച്ചു. അദ്ദേഹം അവളോട് ദീർഘനേരം സംസാരിച്ചശേഷമാണ് സത്യാവസ്‌ഥ അറിയുന്നത്. ആരോ ഒരാൾ അവൾക്ക് തുടർച്ചയായി അശ്ലീല മെയിൽ അയക്കുകയും ഭീഷണി മുഴക്കിക്കൊണ്ട് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയുമാണത്രേ. ഞങ്ങളുടൻ തന്നെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും മാറ്റി. കുറച്ചു നാളത്തെ കൗൺസലിംഗിനു ശേഷം അവൾ പഴയ പ്രസരിപ്പാർന്ന കുട്ടിയായി മാറി.”

ഐപിഎസ്‌ഒഎസ് (റിസർച്ച് സ്‌ഥാപനം) അടുത്തിടെ 18,000 മുതിർന്ന വ്യക്‌തികളിൽ (അതിൽ 6,500 പേർ രക്ഷിതാക്കൾ) പഠനം നടത്തുകയുണ്ടായി. റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം സൈബർ ബുള്ളിംഗ് ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലാണ് നടക്കുന്നത്. തങ്ങളുടെ കുട്ടികളും സൈബർ ബുള്ളിംഗിന് വിധേയരായിട്ടുണ്ടെന്ന് 32 ശതമാനം മാതാപിതാക്കൾ സർവേയിൽ സമ്മതിക്കുന്നു.

മൈക്രോ സോഫ്‌റ്റ് കോർപ്പറേഷൻ അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യ കഴിഞ്ഞാൽ ചൈനയും സിങ്കപ്പൂരുമാണ് സൈബർ ബുള്ളിംഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

കമ്പ്യൂട്ടറും മൊബൈലും മാത്രമല്ല മറ്റ് നേരമ്പോക്ക് ഉപാധികളായ ടിവി, സിനിമ എന്നിവയിലും അശ്ലീല ദൃശ്യങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളും കൊലപാതക കുറ്റകൃത്യ ദൃശ്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കും.

കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങൾ ഇന്ന് സാധാരണമായിരിക്കുകയാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെ ബലാത്സംഗം, മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നു. പുതിയ കണക്കുകൾ പ്രകാരം 34,000 കുട്ടി കുറ്റവാളികളാണ് പിടിക്കപ്പെട്ടത്. അതിൽ 32,000 ആൺകുട്ടികളും 2000 പെൺകുട്ടികളുമാണുള്ളത്.

എങ്ങനെ നിയന്ത്രിക്കാം

നിങ്ങളുടെ കുട്ടി പോൺ മൂവി (അശ്ലീല സിനിമ ) കാണുകയോ അശ്ലീല സൈറ്റുകൾ സന്ദർശിക്കുകയോ സൈബർ ബുള്ളിംഗിന് ഇരയാവുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ ശകാരിക്കുന്നതിന് പകരം പുതിയ കാര്യങ്ങൾ പഠിക്കാൻ അവരെ ചുമതലപ്പെടുത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും മനോരോഗവിദഗ്‌ദ്ധനെ സമീപിക്കുകയോ വേണം. അശ്ലീല വെബ് പേജുകളും പോണി വീഡിയോകളും കാണുന്നതിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിന് ഇന്‍റർനെറ്റ് ഫിൽറ്ററിംഗ് സിസ്‌റ്റം ഉപയോഗപ്പെടുത്താം. ഇന്‍റർനെറ്റ് എക്‌സ്‌പ്ലോറർ, ഓപ്പേറ, ക്രോം തുടങ്ങിയ പലതരം ബ്രൗസറുകൾ അപകടകരമായ വെബ് പേജുകൾ തുറക്കുന്നത് തടയും.

കുട്ടികൾ പുറത്തു പോയി കളിക്കുന്നതും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പണ്ട് സർവസാധാരണമായിരുന്നു. എന്നാലിന്ന് ആ സ്‌ഥിതി മാറിയിരിക്കുകയാണ്. സ്‌ക്കൂൾ വിട്ട് വീട്ടിലെത്തിയാലുടൻ അവർ കമ്പ്യൂട്ടറിന് മുന്നിലേക്കോ ടിവിയ്‌ക്ക് മുന്നിലേയ്‌ക്കോ ആവും ആദ്യം ഓടുക. സാങ്കേതിക വിദ്യയുടെ മുന്നേറ്റം വളരുന്ന കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കുട്ടികളിൽ ശാരീരികവും മാനസികവുമായ ന്യൂനതകൾ ഉണ്ടാവും. സർഗ്ഗാത്മകവും ഭാവനാത്മകവുമായ കഴിവുകളെ അത് ദോഷകരമായി ബാധിക്കും.

കുട്ടികളുമായി കൂടുതൽ നേരം ആശയ വിനിമയം നടത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരോട് മദ്യത്തെക്കുറിച്ചോ മയക്കുമരുന്നിനെക്കുറിച്ചോ സംസാരിക്കുന്നതുപോലെ സാങ്കേതിക വിദ്യയുടെ മോശം വശങ്ങളെക്കുറിച്ചും സംസാരിക്കുക. കുട്ടികളുടെ ദിനചര്യയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. അവർ മറ്റ് കുട്ടികളുമായി എത്രമാത്രം ഇടപഴകുന്നുണ്ടെന്നും എത്ര സമയം ചാറ്റിംഗും സർഫിംഗും ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുക. കുട്ടികൾക്കും ടെക്‌നോളജിക്കുമിടയിൽ സ്‌പഷ്‌ടമായ ഒരു സ്‌ക്രീൻ തീർക്കാം. ടിവിയും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതിൽ വ്യക്‌തമായ നിയന്ത്രണമേർപ്പെടുത്താം.

എങ്ങനെ നല്ല രക്ഷാകർത്താവാകാം

സ്വന്തം വീടുകളിൽ കുട്ടികൾ ജോലി ചെയ്യുന്നത് തീരെ കുറഞ്ഞിട്ടുണ്ട്. ഒപ്പം മാതാപിതാക്കൾ കുട്ടികളിൽ അമിതമായി വാത്സല്യം ചൊരിയുന്നു. മാത്രമല്ല രക്ഷിതാക്കൾ കുട്ടികളെ കർക്കശമായി നിയന്ത്രിക്കാറുമില്ല. വളരെ ജനകീയമായ പേരന്‍റിംഗ് രീതിയാണ് അവർ അവലംബിക്കുക. കഠിനമായ ശിക്ഷ നൽകുന്നതിന് പകരം കുട്ടികൾ പറയുന്നത് സശ്രദ്ധം കേൾക്കും. ഇത് നല്ലൊരു മാറ്റമാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. കുട്ടികൾക്ക് പണം കൊടുത്തും സമ്മാനങ്ങൾ നൽകിയും സ്‌നേഹിക്കരുത്. മറിച്ച് അവർക്ക് അവരുടേതായ സമയം നൽകുക.

കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾക്ക് വേണ്ടത്ര സമയമില്ലെങ്കിൽ പോലും അവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ഗുണകരമായ രീതിയിലുള്ളതാവണം. അവരുടെ ഊർജ്‌ജം ശരിയായ രീതിയിൽ വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കാം. അവരെ കറങ്ങാൻ ഒപ്പം കൊണ്ടു പോകുക. സയൻസ് മ്യൂസിയം, റെയിൽവേ മ്യൂസിയം, പ്ലാനറ്റോറിയം, മൃഗശാല, പാർക്ക് തുടങ്ങിയ സ്‌ഥലങ്ങളിൽ കുട്ടികളെ കൊണ്ടു പോകാം. ഇത്തരം കാര്യങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ ശക്‌തമായ ബന്ധം ഊട്ടിയുറപ്പിക്കും.

“കുട്ടികൾ ടിവി കാണാനിഷ്‌ടപ്പെടുന്നവരാണെങ്കിൽ അവരെ വാർത്ത കാണാനും അറിവ് പകരുന്ന ചാനലുകൾ കാണാനും പ്രോത്സാഹിപ്പിക്കുക. ഡാൻസ്, സംഗീതം, പെയിന്‍റിംഗ്, ആക്‌ടിംഗ്, ജൂഡോ, കരാട്ടേ തുടങ്ങി ഉപയോഗപ്രദമായ ക്ലാസ്സുകളിൽ അവരെ ചേർക്കാം. കുട്ടികളുടെ വ്യക്‌തിത്വം വികസിപ്പിക്കുന്നതിനൊപ്പം തെറ്റായ പ്രവൃത്തികളിലേയ്‌ക്ക് പോകാതിരിക്കാൻ അത് സഹായിക്കുകയും ചെയ്യും” ഫാമിലി കൗൺസിലർ ലേഖ പറയുന്നു.

“ധൈര്യക്കുറവുള്ള കുട്ടികളാണിപ്പോൾ. അവർ പെട്ടെന്ന് ആവേശം കൊള്ളുന്നവരാണ്. അവർക്ക് വീട്ടിൽ അതിരറ്റ് സ്‌നേഹം ലഭിക്കുന്നതിനാൽ അവരൊന്നും കേൾക്കാൻ കൂട്ടാക്കുകയില്ല. മാർക്ക് കുറഞ്ഞാലോ മത്സരങ്ങളിൽ പരാജയപ്പെട്ടാലോ വഞ്ചിക്കപ്പെട്ടാലോ അതെല്ലാം രക്ഷിതാക്കൾ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യണം. സ്വന്തം സ്വപ്‌നങ്ങളുടേയും പ്രതീക്ഷകളുടേയും ഭാരം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ പ്രതീക്ഷകളുടെ കേന്ദ്രമാകാം. എന്നാൽ അവരെ സ്വന്തം ജീവിതം നയിക്കാൻ അനുവദിക്കുക.”

പേരന്‍റിംഗ് ടിപ്‌സ്

  • ചിലപ്പോൾ കുട്ടികളെ മനസ്സിലാക്കാൻ അവരുടെ സുഹൃത്തുക്കളാകേണ്ടി വരും. അവരുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുക്കുന്നതിന് അവരുടെ പ്രായവും ശേഷിയും കണക്കിലെടുക്കണം.
  • കുട്ടികളെ ഇടയ്‌ക്ക് ശാസിക്കുന്നത് നല്ലതാണ്. എന്നാൽ സ്‌നേഹപൂർവ്വം അവരെ പറഞ്ഞ് തിരുത്തേണ്ട സാഹചര്യങ്ങളാവും അധികവും ഉണ്ടാവുക.
  • കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. അവർ എവിടെ പോകുന്നു, ആരെ കാണുന്നു, കൂട്ടുകാരുടെ മൊബൈൽ നമ്പറുകൾ എന്നീ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം.
  • ലാപ്‌ടോപ്പിന് പകരം കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. മുതിർന്നവരുടെ ശ്രദ്ധ സദാസമയവും ഉണ്ടായിരിക്കുന്നിടത്താവണം കമ്പ്യൂട്ടർ വയ്‌ക്കേണ്ടത്.
  • ഓരോ ദിവസവും കുട്ടികളെ പുതിയ വാക്കുകൾ പഠിപ്പിക്കുക. അതിന്‍റെ അർത്ഥം അവർക്കു പറഞ്ഞു കൊടുക്കുക. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ ഡിക്ഷ്ണറിയിൽ നോക്കി പുതിയ വാക്കുകളുടെ അർത്ഥം കണ്ടു പിടിക്കാൻ ആവശ്യപ്പെടാം.
  • എല്ലായ്‌പ്പോഴും കുട്ടികളെ പുകഴ്‌ത്തി ക്കൊണ്ടിരിക്കരുത്.
  • ചെറുപ്പം തുടങ്ങി സോറി, താങ്ക് യൂ മുതലായ വാക്കുകൾ പറയാൻ കുട്ടികളെ പരിശീലിപ്പിക്കാം. അതിഥികളേയും മുതിർന്നവരേയും ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കുക.
  • കുട്ടികൾ ചെയ്യുന്ന പ്രവൃത്തികളിൽ എപ്പോഴും കുറ്റം ചികഞ്ഞു പെറുക്കാൻ ശ്രമിക്കരുത്. കൂട്ടുകാർക്ക് മുന്നിൽ വച്ച് അവരെ ശാസിക്കരുത്.
  • അവരുടെ ചില വാശികളും നിർബന്ധങ്ങളും സാധിച്ചുകൊടുക്കുക.
  • സ്വന്തം കുഞ്ഞുങ്ങളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. അതവരിൽ അപകർഷതാബോധം വളർത്തും.
  • കുട്ടികളിൽ ആദ്യം മുതലെ പങ്കിടൽ ശീലം വളർത്തിക്കൊണ്ടു വരാം. കളിപ്പാട്ടമായാലും ചോക്‌ളേറ്റായാലും കൂട്ടുകാർക്കൊപ്പം പങ്കിട്ട് കളിക്കാനും കഴിക്കാനും അവരെ പഠിപ്പിക്കാം.
  • കുട്ടികളിൽ അമിത പ്രതീക്ഷ അർപ്പിക്കരുത്.
  • അവരിൽ അച്ചടക്കശീലം വളർത്തികൊണ്ടു വരിക. എന്നു വിചാരിച്ച് അവരെ കർശനമായ ചിട്ടയിൽ തളച്ചിടുകയുമരുത്.
  • കുട്ടികളുടെ മുന്നിൽ ശകാരവാക്കുകളും മോശമായ പദപ്രയോഗങ്ങളും ഉപയോഗിക്കരുത്.
  • ഏതെങ്കിലും വിശേഷാവസരങ്ങളിലോ ഫാമിലി ഗെറ്റുഗദറിലോ പോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടുക. സാമൂഹ്യബോധവും പൗരബോധവും വളരാൻ ഇതു സഹായിക്കും.
  • കുട്ടികൾക്ക് എന്തിനും ഏതിനും അമിതമായ ഇളവുകളും നൽകരുത്. അതവരെ ഉത്തരവാദിത്തമില്ലാത്തവരാക്കും. അമിതമായ സ്വാതന്ത്യ്രം നൽകരുത്. ആ സ്വാതന്ത്യ്രത്തെ അവർ ദുരുപയോഗം ചെയ്യും.
  • കുട്ടികളിൽ സ്വാശ്രയശീലം വളർത്തിക്കൊണ്ടു വരണം.

പുസ്‌തകങ്ങൾ പ്രിയകൂട്ടുകാർ

ഇന്ന് കുട്ടികളുടെ കയ്യിൽ പുസ്‌തകങ്ങൾക്ക് പകരം ലാപ്‌ടോപ്പും മൊബൈൽ ഫോണുമാണുള്ളത്. ഏതു കാര്യം അറിയാനും അവർ ഗൂഗിൾ സെർച്ച് ചെയ്യും. എന്നാൽ പുസ്‌തകങ്ങൾ വായിക്കുന്നതിലൂടെ ലഭിക്കുന്ന അറിവും ആനന്ദവും ഇന്‍റർനെറ്റിൽ നിന്ന് ലഭിക്കുകയില്ലെന്ന് രക്ഷിതാക്കൾ കുട്ടികളെ ഓർമ്മിപ്പിക്കണം.

ചെറിയ കുട്ടികൾ കഥകൾ വായിക്കുമ്പോൾ കഥയുമായി ബന്ധപ്പെട്ട് സംഭവങ്ങളേയും പരിസരത്തേയും അവർ മനസ്സു കൊണ്ട് അനുഭവിച്ചറിയുന്നു. കഥയിലെ ഓരോ ഭാഗവും വ്യത്യസ്‌തങ്ങളായ ദൃശ്യങ്ങളുടെ രൂപത്തിൽ അവരുടെ ഉപബോധ മനസ്സുമായി ബന്ധിപ്പിക്കുയാണ് ചെയ്യുന്നത്. ഇതവരുടെ സർഗ്ഗാത്മകവും ഭാവനാ പരവുമായ കഴിവുകളെ വളർത്തും. പഠിക്കുന്ന സമയത്ത് മനസ്സ് ഏകാഗ്രമാക്കുന്നതിന് ഇത് സഹായിക്കും. കാരണം ഏത് കാര്യവും വായിക്കുമ്പോഴാണ് മനസ്സിലാവുക. അതിൽ പൂർണ്ണമായശ്രദ്ധയർപ്പിക്കുക. ഇപ്രകാരമുള്ള വായന കുട്ടികളുടെ വ്യക്‌തിത്വ വികാസത്തിന് പ്രധാന പങ്ക് വഹിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

വീട്ടിൽ കുട്ടികൾക്ക് വായിക്കാവുന്ന പത്ര മാസികകൾ വരുത്തുക. അത് കുട്ടികളെകൊണ്ട് വായിപ്പിക്കണം. വായിച്ച ശേഷം അതേപ്പറ്റിയുള്ള അവരുടെ അഭിപ്രായങ്ങൾ ആരായുക. അവരോട് അതേപ്പറ്റി എഴുതാൻ ആവശ്യപ്പെടുകയും ചെയ്യാം. വായിച്ച് സ്വന്തമായ വിശകലനങ്ങളിലെത്താനും കാഴ്‌ചപ്പാടുകൾ രൂപപ്പെടുത്താനുമുള്ള വഴി കൂടിയാണ് ഇത്.

അതുപോലെ പ്രാധാനമാണ് കുട്ടികൾ സ്വന്തമായി എഴുതിയ കഥകളും കവിതകളും മത്സരങ്ങൾക്കായി അയച്ചു കൊടുക്കുന്നത്. കുട്ടികളെ അതിനായി പ്രോത്സാഹിപ്പിക്കുക. അതവരിൽ ആത്മവിശ്വാസം നിറയ്‌ക്കാം.

और कहानियां पढ़ने के लिए क्लिक करें...