മനുഷ്യനെന്ന പോലെ മൃഗങ്ങൾക്കും അതിജീവനം പരമ പ്രധാനമാണ്. അതുപോലെ പ്രധാനമാണ് അവയെ ജീവിക്കാൻ അനുവദിക്കുന്നതും. വടി ഓങ്ങുകയോ, ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ മൃഗങ്ങൾ ജീവ രക്ഷാർത്ഥം ഓടി രക്ഷപ്പെടുന്നതു കണ്ടിട്ടില്ലേ? ദുർഘട സാഹചര്യങ്ങളോട് പൊരുതി ജീവൻ നിലനിർത്താനാണിവ ശ്രമിക്കുന്നത്. എന്നാൽ ഇതിന്‍റെ നേർവിപരീതാവസ്‌ഥയാണ് ആത്മഹത്യ. വിഷാദാവസ്‌ഥയിലോ ഒരു ദുർഘട നിമിഷത്തിലോ തോന്നിപ്പോകുന്ന വികാരമാണിത്. സാഹചര്യങ്ങൾക്ക് വശംവദരായി പക്ഷിമൃഗാദികളും ആത്മഹത്യ ചെയ്യാറുണ്ടെന്ന കാര്യം നമ്മിൽ എത്രപേർക്കറിയാം.
ആത്മഹത്യ എന്തുകൊണ്ട്?
ആനക്കൊട്ടിലിലിട്ട കുട്ടിയാന ചരിഞ്ഞു. കാട്ടിൽ നിന്നും പിടികൂടിയ പുള്ളിപ്പുലി കൂട്ടിൽ തലതല്ലി ചത്തു. മാധ്യമങ്ങളിൽ ഇടയ്‌ക്കെങ്കിലും ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നത് കണ്ടിരിക്കുമല്ലോ? സ്വന്തം ആവാസ വ്യവസ്‌ഥയിൽ നിന്നും ഒരു പറിച്ചു നടൽ അവയ്‌ക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നതാണ് ഇതിൽ നിന്നും വ്യക്‌തമാവുന്നത്. വനാന്തരങ്ങളിൽ സ്വച്‌ഛന്ദം വിഹരിക്കുന്ന വന്യജീവികളെ ബന്ധനസ്‌ഥരാക്കുമ്പോൾ അവയ്‌ക്കുണ്ടാവുന്ന നിരാശ പറഞ്ഞറിയിക്കാൻ കഴിയില്ല.
മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികളും കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ട്. തന്നെക്കാൾ ശക്‌തനായ ശത്രുവിനോട് പൊരുതി കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ ഇവ ശ്രമിക്കാറുണ്ട്. പലപ്പോഴും ഈ മൽപ്പിടിത്തത്തിനിടയിൽ ഇവയ്‌ക്ക് സ്വന്തം ജീവൻ ത്യജിക്കേണ്ടിയും വരും.
സ്വയം ഇല്ലാതാകലിനു പിന്നിൽ
വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ്. മംഗോളിയയിൽ കുറെ ആടുകളെ അറവുശാലയിലേയ്‌ക്ക് കൊണ്ടു പോവുകയായിരുന്നു. അപ്രതീക്ഷിതമായി സകലമാന ആടുകളും നദിയിലേക്കെടുത്തു ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ആടുകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവ മുങ്ങാൻ വ്യഗ്രത കാട്ടുകയായിരുന്നു. അവസാനം മരണം വന്നു തൊടുന്നതു വരെ അവർ ഈ ശ്രമം തുടർന്നു കൊണ്ടിരുന്നു.
2009-ൽ സ്വിറ്റ്‌സർലാന്‍റിലും വിചിത്രമായ ഒരു ആത്മഹത്യ അരങ്ങേറി. മൂന്നു ദിവസങ്ങളുടെ അന്തരത്തിൽ ഇരുപത്തിയെട്ടോളം പശുക്കളാണ് കുന്നിൻ ചെരുവിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കാണിവ ഈ ശ്രമത്തിനു മുതിർന്നതെന്നതും വിചിത്രമാണ്.
അസമിലെ ജട്ടിങ്കാ എന്ന പ്രദേശത്ത് വർഷാവർഷം വ്യത്യസ്‌തയിനം പക്ഷികളും കുരുവികളും ഒരിടത്ത് വന്നണയാറുണ്ട്. മുടങ്ങാതെ എല്ലാ വർഷവും സ്വയം ഒരു ഇല്ലാതാകലിനാണ് ഇവയെത്തുന്നതത്രേ. അസ്സാം ടൂറിസം വകുപ്പ് ഈ പ്രതിഭാസം കാണാൻ ടൂറിസ്‌റ്റുകളെ വെബ്‌സൈറ്റിലൂടെ സ്വാഗതം ചെയ്യാറുണ്ട്.
വെറുതെയല്ല ഈ ആത്മഹത്യ
മനുഷ്യരെ പോലെ തന്നെയാണ് മൃഗങ്ങളും. പല കാരണങ്ങളുടെ ചുവടു പിടിച്ചാണ് അവയും ആത്മഹത്യയ്‌ക്ക് തുനിയുന്നത്. യജമാനന്‍റെ മരണ ശേഷം വളർത്തുനായ വിഷമമടക്കാനാവാതെ പട്ടിണി കിടന്നു ജീവൻ വെടിഞ്ഞ കഥകൾ അനവധിയുണ്ട്, പുതിയ നായ്‌ക്കളെ വീട്ടിൽ കൊണ്ടുവരുന്നതിൽ നിരാശ തോന്നി എത്രയെത്ര വൃദ്ധനായ്‌ക്കളാണ് ജീവൻ വെടിയാറുള്ളത്. കടുത്ത വിഷാദവും ചഞ്ചലമായ മാനസികാവസ്‌ഥയുമാണ് അവയെ ഇങ്ങനെ ചിന്തിപ്പിക്കുന്ന തെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.
സ്‌കോട്ട്‌ലാന്‍റിലെ ഡബർട്ടിലുള്ള ഓവർടൺ ബ്രിഡ്‌ജിനെ ഡോഗ് സൂയിസൈഡ് ബ്രിഡ്‌ജ് എന്നും വിശേഷിപ്പിക്കാറുണ്ട്. 1950 മുതൽ ഇന്നുവരെ ഏതാണ്ട് അമ്പതിലധികം നായ്‌ക്കളാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തതത്രേ! 2011ൽ സംഖ്യ ഗണ്യമായി വർദ്ധിക്കുകയും ചെയ്‌തു.
ടാർസിയർ കാഴ്‌ചയ്‌ക്ക് തനി കുരങ്ങനെന്നേ തോന്നൂ. ഇവയെ മൃഗശാലയിൽ വളർത്തുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല. കൂട്ടിലടച്ചാൽ ആധി മൂത്ത് ഇവ സ്വയം പരിക്കേൽപ്പിക്കുകയും മരണം കൈവരിക്കുകയും ചെയ്യും!
ആപൽകരമായ ഘട്ടങ്ങളിലോ വിഷമകരമായ സ്‌ഥിതിയിലോ തേൾ സ്വയം പരിക്കേൽപ്പിക്കാറുണ്ട്. വിഷക്കൊമ്പുകൾകൊണ്ട് സ്വന്തം ശരീരത്തിൽ വിഷം കുത്തി വച്ച് ആത്മഹത്യ ചെയ്യുന്നു.
തിമിംഗലം സമുദ്രതീരത്ത് വന്നടിയുന്നതു ഇതുപോലെ ആത്മഹത്യാ പ്രവണതയുടെ പരിണത ഫലമായാണ്. വഴിതെറ്റുന്നതു മൂലമാണിതു സംഭവിക്കുന്നതെന്നു വാദിക്കുന്നവരുമുണ്ട്. പ്രകൃതിക്ഷോഭങ്ങളുടെ പരിണത ഫലമാണിതെന്നും മറ്റൊരു അഭിപ്രായമുണ്ട്.
അസ്സാമിലെ ജട്ടിങ്കയിൽ പക്ഷികൾക്ക് കൂട്ട മരണം സംഭവിക്കുന്നത് വഴി തെറ്റുന്നതു മൂലമാണെന്നാണ് പറയുന്നത്. എന്നാൽ എല്ലാ വർഷവും ഒരേ സ്‌ഥലത്ത് ഇതെന്തു കൊണ്ടാവും സംഭവിക്കുന്നത്?
അവ്യക്‌തം… അജ്‌ഞാതം…
ലെമിങ്‌സി (എലി പോലുള്ള ചെറു ജീവി) ന്‍റെ സംഖ്യ അസാധാരണമാം വിധം വർദ്ധിക്കാൻ തുടങ്ങിയതോടെ അവ പുതിയ വാസസ്‌ഥലം തിരഞ്ഞ് അലയാൻ തുടങ്ങി. ഈ തിരച്ചിലിനും തിരക്കിനുമിടയിൽ ആയിരക്കണക്കിനു ലെമിംഗ്‌സ് വെള്ളത്തിൽ മുങ്ങി താണു. ഇത് ആത്മഹത്യയല്ല, മറിച്ച് പുതിയ വാസസ്‌ഥലം തിരയുന്നതിനിടയിലുണ്ടായ ദുരന്തമാണെന്നാണ് വിദഗ്‌ദ്ധ മതം. കരയിൽ ജീവിക്കുന്ന ചെറു ജീവികളാണിവ. വിവേകശാലികൾ എന്നു വിശേഷിപ്പിക്കുന്ന ഈ ചെറു ജീവികൾ വെള്ളവും കരയും തമ്മിലുള്ള അന്തരം എന്തു കൊണ്ടാവും കാണാതെ പോയത് എന്നത് വിചിത്രം തന്നെ.
2006ൽ ലക്ഷക്കണക്കിനു തേനീച്ചകൾ കൂട് വിട്ട് പറന്നുപോയി. പിന്നീടൊരിക്കലും മടങ്ങി വന്നതുമില്ല. അണുബാധ, പോഷകാഹാരക്കുറവ്, സെൽഫോൺ റേഡിയേഷൻ, കീടനാശിനിയുടെ അമിതോപയോഗം എന്നീ കാരണങ്ങളാവാം ഇവയ്‌ക്കു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്‌തമല്ല.
വൈകാരിക അടുപ്പം
സിംബാബ്‌വേയിലെ ഒരു വന്യജീവി സംരക്ഷിത മേഖലയിൽ വിശന്നുവലഞ്ഞ രണ്ടു സിംഹങ്ങൾ ഒരു കാട്ടു പന്നിയ്‌ക്ക് പിന്നാലെ പാഞ്ഞു. പന്നി ഗുഹയിൽ അഭയം തേടി. കൂട്ടത്തിൽ ഒരു സിംഹം ഗുഹയ്‌ക്ക കത്തു കയറാൻ ശ്രമം നടത്തി. പക്ഷേ കുടുങ്ങുകയാണുണ്ടായത്. ഒപ്പമുണ്ടായിരുന്ന സിംഹം അതിനെ രക്ഷിക്കാൻ ആവതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അത് വേദനയടക്കാനാവാതെ അലറുകയായിരുന്നു. അവസാനം ആ സിംഹം ചത്തൊടുങ്ങി. ഇതിനൊപ്പമുണ്ടായിരുന്ന സിംഹവും ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ജീവൻ വെടിഞ്ഞു. ഒരു പക്ഷേ കൂട്ടാളിക്ക് സംഭവിച്ച ദുരന്തം താങ്ങാനാവാതെ മാളത്തിനരികിൽ ദിവസങ്ങളോളം വിശന്നു കിടന്നു മരിച്ചതാവാം.
ലഖ്‌നൗവിൽ നടന്നൊരു സംഭവമാണിത്, ഇവിടുത്തെ മൃഗശാലയിൽ വാർദ്ധക്യം ബാധിച്ച ആനകളിലൊന്ന് അപ്രതീക്ഷിതമായി ചരിഞ്ഞു. ഇവർക്കൊപ്പമുണ്ടായുന്ന പിടിയാന തീറ്റ പോലും ഉപേക്ഷിച്ചു. ചരിഞ്ഞ ആനയുടെ ദത്തുപുത്രിയായിരുന്നത്രേ ഈ ആന! ഇതിനെ നിർബന്ധിച്ച് ഭക്ഷണം നൽകാൻ നടത്തിയ ശ്രമങ്ങൾ പിന്നീട് വിജയിച്ചതുമില്ല. അല്‌പ ദിവസങ്ങൾക്കുള്ളിൽ പട്ടിണി കിടന്ന് ആന ചരിഞ്ഞു. കുരങ്ങു മുതൽ ജിറാഫ് വരെ മൃഗശാലയിലെ മൃഗങ്ങൾ ഇങ്ങനെ വിചിത്രമായി പെരുമാറാറുണ്ട്.
ഏകദേശം 40 വർഷങ്ങൾക്കു മുമ്പ് റിച്ചാർഡ് ദ ബെറി ഫ്‌ളിപ്പർ എന്ന ടിവി സീരിയലിൽ കാഫി എന്ന ഡോൾഫിൻ ആത്മഹത്യ ചെയ്യുന്ന ദൃശ്യം കണ്ടു. ഈയൊരു സംഭവം റിച്ചാർഡിനെ വല്ലാതെ സ്വാധീനിച്ചു. ഡോൾഫിൻ ട്രെയിനറിൽ നിന്നും പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനായി പൊരുതുന്ന മനുഷ്യനായി അദ്ദേഹം മാറി. ഓസ്‌ക്കാർ പുരസ്‌കാരം നേടിയ സിനിമ ദി കോവ് ജപ്പാനിലെ ഡോൾഫിൻ മീറ്റ് വ്യവസായത്തിന്‍റെ കഥ പറയുന്നതാണ്. റിച്ചാർഡും ഈ ചിത്രത്തിൽ അഭിനയിച്ച് ഒരൊറ്റ രാത്രി കൊണ്ട് സെലിബ്രിറ്റിയായി തീർന്നു.
“ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനും മാത്രം ഈ സസ്‌തനിയ്‌ക്ക് ബുദ്ധിയുണ്ടോയെന്ന് നമ്മിൽ ചിലരെങ്കിലും ചിന്തിക്കുമായിരിക്കും. ഒരു തരത്തിൽ മനുഷ്യനെ പോലെയോ അതിനേക്കാൾ ഏറെയോ ചിന്തിക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. അപകടം മണത്തറിയുന്ന നിമിഷം മുതൽ ഇവ ശ്വാസമെടുക്കൽ അവസാനിപ്പിക്കും” റിച്ചാർഡ് പറയുന്നു.
മനുഷ്യ നിർമ്മിതമായ ഈ ലോകം അത്രകണ്ട് മടുത്തിട്ടാവണം പൂച്ചകൾ, പാമ്പ്, താറാവ്, പെലിക്കൺ പക്ഷി മുതൽ ചെറുകീടങ്ങൾ വരെ ആത്മഹത്യയുടെ പാത പിന്തുടരുന്നത്. പക്ഷിമൃഗാദികളും ഈ പ്രകൃതിയുടെയും ഭാഗമാണെന്ന് മനസ്സിലാക്കണം. അവയ്‌ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. ഇവയും ഭൂമിയുടെ അവകാശികളാണ്.