ജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ ശ്രീമതിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ട്. അതെനിക്കൊരു സൂചനയാണ്. താമസിയാതെ ഒരു പേമാരി പെയ്യും. അസുഖകരമായ എന്തോ ഒന്ന് ശ്രവിക്കേണ്ടി വരുമെന്നു സാരം. ഇത്തവണയും ആ ധാരണ തെറ്റിയില്ല.
“മമ്മി വന്നിട്ടുണ്ട്.” പാൽപായസം കുടിച്ച തൃപ്തിയോടെ അവൾ പറഞ്ഞു. ഇടിത്തീ വീണ പോലെ ഞാനതു കേട്ടു നിന്നു.
ഒഹ്! അപ്പോ അതാണ് കാര്യം. അവളുടെ മമ്മി, എന്‍റെ അമ്മിയഅമ്മ സ്ഥലത്ത് ലാന്‍റ് ചെയ്തിട്ടുണ്ട്. യുദ്ധം മുന്നിൽ കണ്ട സൈനികന്‍റേതു പോലെ ഞാൻ മനസ്സിനെ ദൃഢപ്പെടുത്തി.
“പിന്നെ…. ആരൊക്കെ വന്നിട്ടുണ്ട്.” മുഖത്ത് കൃത്രിമ പുഞ്ചിരി വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“മമ്മി മാത്രമേ വന്നിട്ടുള്ളൂ” ശ്രീമതി മുമ്പെങ്ങും ചിണുങ്ങി കണ്ടിട്ടില്ല.
“പക്ഷേ ലഗ്ഗേജ് ഒരുപാടു കാണുന്നുണ്ടല്ലോ. സത്യം പറയ്, കൂടെ വേറെ ആരാ ഉള്ളത്.” മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ലഗ്ഗേജിലേക്ക് ഞാൻ അലക്ഷ്യമായൊന്നു നോക്കി.
“നിങ്ങളാണെ സത്യം. മമ്മി ഒറ്റയ്ക്കേയുള്ളൂ.” നിന്നെ സമ്മതിക്കണം. സത്യമിടുമ്പോഴും എന്നെ തന്നെ ബലിയാടാക്കി വേണം ഇല്ലേ. നുണയാണ് പറയുന്നതെങ്കിൽ എന്‍റെ തലയല്ലേ തെറിക്കൂ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ഞങ്ങളുടെ സംസാരം കേട്ടാവണം മുറിയിൽ നിന്നാരോ ഇറങ്ങി വന്നു. വീണ്ടും മുറിയിലേക്ക് മടങ്ങി പോവുന്നതു കണ്ട് ഞാൻ തൊല്ലൊരു പരിഭവത്തോടെ ശ്രീമതിയെ നോക്കി.
“ഓഹോ, നിന്‍റെ മമ്മി മാത്രമേ വന്നിട്ടുള്ളുവെന്ന് എന്നോടു നുണ പറഞ്ഞതാണല്ലേ.”
“അല്ല ഞാൻ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്.” ശ്രീമതി എന്നെ തുറിച്ചു നോക്കി. ഞങ്ങളുടെ ഈ തർക്കത്തിനിടയിൽ പെട്ടെന്ന് അമ്മായിഅമ്മ ഒരു പൊതിയുമായി പുറത്തേക്കു വന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് അവരെനിക്ക് നൽകി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവർ പണ്ടത്തേതിലും ചെറുപ്പമായിരിക്കുന്നുവെന്നു മാത്രമല്ല വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെ വല്ലാത്ത മാറ്റം വന്നിരിക്കുന്നു.
“അല്ല, എനിക്ക് മനസ്സിലായില്ല. ക്ഷമിക്കണം.” ഇതുതന്നെയാണ് താനും പ്രതീക്ഷിച്ചത് എന്ന മട്ടിൽ അമ്മായിഅമ്മയും വെളുക്കെ ചിരിച്ചു.
എന്തു സംസാരിക്കണമെന്നറിയാതെ പരുങ്ങി നിൽക്കുന്ന എന്നെ കണ്ട് ശ്രീമതി പെട്ടെന്ന് തന്നെ ടേബിളിൽ പ്രാതൽ വിഭവങ്ങൾ നിരത്തി.
“നോ… നോ… ഇതൊന്നും വേണ്ട. ഞാൻ ഇപ്പോൾ കലോറി കോൺഷ്യസ്സാണ്. ഈ എണ്ണ വിഭവങ്ങളൊന്നും എനിക്ക് വേണ്ട. എനിക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും മാത്രം മതി.”
“അല്ല, എന്താ ഇതിന്‍റെയൊക്കെ അർത്ഥം?” ശ്രീമതിയോടു തനിച്ചു സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ചോദിക്കാനൊരുങ്ങിയതാണ്. എന്‍റെ മുഖഭാവം വായിച്ചറിഞ്ഞാവണം ശ്രീമതി എന്നോടു ചോദിച്ചു.
“അല്ല. നിങ്ങൾക്കെന്തൊക്കെയാണ് അറിയേണ്ടത്?”
“നിന്‍റെ മമ്മിയെ കണ്ടിട്ട് ഒട്ടും മനസ്സിലായില്ല. ഇത്രയ്ക്കങ്ങ് മാറാൻ…” എന്‍റെ ചോദ്യങ്ങളും ആശങ്ക നിറഞ്ഞ മുഖവും കണ്ട് അവൾ പൊട്ടിച്ചിരിച്ചു.
“എന്‍റെ പപ്പ എത്ര കണിശസ്വഭാവക്കാരനായിരുന്നുവെന്ന കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ. അടങ്ങിയൊതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു മമ്മിയുടേത്. വീട്ടുജോലികൾ ചെയ്യുക. ഭക്ഷണമുണ്ടാക്കുക, അമ്മായിഅച്ഛനേയും അമ്മായിഅമ്മയേയും ശുശ്രൂഷിക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക എല്ലാവരും ഉറങ്ങിയ ശേഷം ഉറങ്ങാൻ പോവുക എന്നു വേണ്ട എന്തെല്ലാം ചിട്ടവട്ടങ്ങളായിരുന്നു വീട്ടിൽ.
“എന്നാൽ അമ്മയുടെ വീട്ടുകാർ ശരിക്കും മോഡേണാണ്. കലാപരമായ അഭിരുചികളുള്ളവർ. അമ്മയ്ക്കും നൃത്തത്തിൽ നല്ല ക്രേസ്സാണ്. പക്ഷേ പപ്പയുടെ വീട്ടിൽ വന്നതോടെ ഇതിനും ഒരു ഫുൾസ്റ്റോപ്പ് വീണു. മമ്മി കേവലമൊരു മൺപ്രതിമ പോലെയായി തീർന്നു. മനസ്സിനിഷ്ടമില്ലാത്തത് എന്തൊക്കെയോ സഹിച്ച് ഇങ്ങനെ ജീവിക്കുന്നു.”
“പപ്പയുടെ മരണശേഷമാണ് മമ്മിയൊന്നു ഫ്രീയായതു തന്നെ. പിന്നീട് മമ്മിയെ തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിർത്താൻ പപ്പയുടെ വീട്ടുകാർ നടത്തിയ ശ്രമവും വിജയിച്ചില്ല.
“ഞങ്ങളെയൊക്കെ വിവാഹം കഴിപ്പിച്ചയച്ചു. അപ്പോഴേക്കും മമ്മിയ്ക്ക് പ്രായമൊരുപാടായി.”
“ഇത്രയും നാൾ ഞാൻ മറ്റുളള്ളവർക്കുവേണ്ടി ജീവിച്ചു. ഇനിയുള്ള ദിവസങ്ങളെങ്കിലും എനിക്കുവേണ്ടി ജീവിക്കണം. അതിപ്പോ മറ്റുള്ളവരെ സംബന്ധിച്ച് നല്ലതോ മോശമോ അവട്ടെ.” ഒരു ദിവസം മമ്മി ഇതേപ്പറ്റി അഭിപ്രായം ചോദിച്ചു.
“അതിനെന്താ മമ്മി. മമ്മിയ്ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമല്ലോ.” ഞാനും പറഞ്ഞു.
ഞാൻ പറഞ്ഞതു തെറ്റാണോ ചേട്ടാ? ഉത്തരം മുട്ടിക്കുന്ന ചോദ്യശരം അവൾ എനിക്ക് നേരെ തൊടുത്തുവിട്ടു.
“ഇല്ലേയില്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അധികാരം എല്ലാവർക്കുമുണ്ട്.”
എന്‍റെ മറുപടി നന്നേ ബോധിച്ചതു കൊണ്ടാവണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാരറ്റ് ഹൽവ ഉണ്ടാക്കാൻ അവൾ അടുക്കളയിലേക്കോടി.
കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതം കേട്ടുകൊണ്ടാണ് ഞാൻ പിറ്റേന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. അമ്മായി അമ്മ സംഗീതത്തിന്‍റെ താളത്തിനൊപ്പം വ്യായാമം ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പതറി നിൽക്കുമ്പോൾ ശ്രീമതി എന്‍റെ അടുത്തെത്തി ചെവിയിൽ മന്ത്രിച്ചു.
“മമ്മിയെക്കണ്ടോ? ശരിക്കും ക്യൂട്ടാ ഇല്ലേ?”
“നിനക്കും അതുപോലെ എക്സർസൈസ് ചെയ്തുകൂടെ?”
“ഷട്ട് അപ്പ്?”
“എന്താ?”
“അത് എക്സർസൈസല്ല ഏയ്റോബിക്സാണ്.”
ഒരു പിറുപിറുപ്പോടെ അവൾ അകത്തേക്കു പോയി. അമ്മായിഅമ്മ വന്നതിൽ പിന്നെ ഡൈനിംഗ് ടേബിളിൽ എന്നും വിവിധതരം ഡ്രൈ ഫ്രൂട്ട്സും കാണാൻ തുടങ്ങി. ഇവളുടെ മമ്മി ഇവിടെ എത്ര ദിവസം കാണുമോ എന്തോ?
ഒരാഴ്ച നിന്നാൽ എന്‍റെ ബജറ്റ് അവതാളത്തിലായതുതന്നെ.
വെറും 10 ദിവസം കൊണ്ട് ഒരു മാസത്തെ ബജറ്റാണ് തകിടം മറിഞ്ഞത്. ഒരു ഗ്യാസ് സിലണ്ടറിന്‍റെ സ്ഥാനത്ത് രണ്ടെണ്ണം വേണ്ടി വന്നു. ദിവസം ചെല്ലുന്തോറും എന്‍റെ മുഖം അളിഞ്ഞ ഓറഞ്ച് മാതിരി ചുളുങ്ങി വന്നു. അമ്മായിഅമ്മയുടേതാകട്ടെ വിടർന്ന റോസാപ്പൂ മാതിരിയും!
ഒരു ദിവസം പത്രത്താളുകൾ മറിയ്ക്കുന്നതിനിടയ്ക്ക് ഞാനൊന്നു ഞെട്ടി. ഒരു നിലവിളിയോടെ ഞാൻ അമ്മായി അമ്മയുടെ മുറി ലക്ഷ്യമാക്കി ഓടി ഭ്രാന്തുപിടിച്ചുള്ള എന്‍റെ ഓട്ടവും നിലവിളിയും കേട്ട് യുദ്ധക്കളത്തിലെ സൈനികനെ പോലെ ശ്രീമതിയും എനിക്കു പിന്നാലെ പാഞ്ഞെത്തി.
അമ്മായിഅമ്മ കണ്ണുകൾ അടച്ച് ധ്യാനമഗ്നയായിരിക്കുകയാണ്. “മമ്മിച്ചി” അമ്മായിഅമ്മയെ സംബോധന ചെയ്യണ്ടേ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നതിനാൽ എന്താണ് വിളിക്കേണ്ടതെന്ന വെപ്രാളത്തിൽ വിളിച്ചുപോയതാണ്.
അവർ സാവകാശം കണ്ണ് തുറന്നു. ബുദ്ധഭഗവാന്‍റെ മുഖത്തെ ചെറുപുഞ്ചിരി നിറഞ്ഞ മുഖഭാവം.
“എന്താ..മോനെ”
ആശ്ചര്യവും സന്തോഷവും അടക്കാനാവാതെ ഞാൻ കൈവശമുണ്ടായിരുന്ന പത്രം അവർക്ക് നൽകി. ആദ്യപേജിൽ അമ്മായി അമ്മ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന ചിത്രം. ഒരു ചെറിയ അഭിമുഖവും.
“മമ്മി എന്താത്” ശ്രീമതിയ്ക്കും ആശ്ചര്യം.
“മോളെ, നീയൊന്നടങ്ങ്. സുഖവും ദു:ഖവും ഒരുപോലെ സ്വീകരിക്കണം.”
“പക്ഷേ മമ്മി ഈ സമ്മാനം?”
“ങും… ഒരു മത്സരമുണ്ടായിരുന്നു.”
“പ്രായമായ സ്ത്രീകൾ ഏയ്റോബിക്സ്, വ്യായാമം, നൃത്തം, യോഗ എന്നിവയിലൂടെ പ്രായത്തെ എങ്ങനെ കടിഞ്ഞാണിടുന്നു എന്നു തെളിയിക്കാനുള്ള ഒരു കോംപറ്റീഷൻ. സെലക്ഷൻ കിട്ടിയില്ലെങ്കിൽ നിങ്ങൾ എന്നെ പരിഹസിക്കുമല്ലോ എന്നു കരുതി പറയാതിരുന്നതാണ്. രഹസ്യമായാണ് ഞാൻ ഫോം പൂരിപ്പിച്ചത്. ഈ പട്ടണത്തിൽ വച്ചായിരുന്നു മത്സരം. അതുകൊണ്ട് വന്നതാണ്.”
“കൂട്ടത്തിൽ എനിക്കായിരുന്നു പ്രായക്കൂടുതൽ എന്നിരുന്നാലും മത്സരത്തിൽ ഫസ്റ്റാവാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ട്.” അമ്മായിഅമ്മ ഒരു ലക്ഷത്തിന്‍റെ ചെക്ക് എന്‍റെ നേരെ നീട്ടി.
“ഈ പണം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ എനിക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തു തന്നിട്ടുണ്ട്. അതിനുള്ള ചെറിയ സമ്മാനമാണിതെന്നു കൂട്ടിയാൽ മതി.”
അമ്മായിഅമ്മ സ്നേഹത്തോടെ ഞങ്ങളെ ആശിർവദിച്ചു. “വേണ്ട മമ്മി ഇതു മമ്മി തന്നെ കയ്യിൽ വച്ചോ. മമ്മിയ്ക്കെന്തെങ്കിലും ഉപകരിക്കും.” ശ്രീമതി പണം തിരികെ നൽകാനൊരുങ്ങി.
“ഇത്രയും നല്ല മരുമകനും മകളുമൊക്കെയുള്ള എനിക്കെന്തിനാ ഇത്രയധികം പണം. നിങ്ങളാണെന്‍റെ ധനം. ഞാനിന്നു വൈകിട്ടു തന്നെ മടങ്ങും. എനിക്കുള്ള ടിക്കറ്റും കൺഫേം ആയിട്ടുണ്ട്.” അമ്മായിഅമ്മ പറഞ്ഞു.
സത്യം പറയാമല്ലോ. അമ്മായിഅമ്മ മടങ്ങി പോവുന്നുവെന്നു കേട്ട് ഇത് ആദ്യമായിട്ടാണ് എന്‍റെ മനസ്സ് വേദനിച്ചത്. അമ്മായിഅമ്മയാണെങ്കിൽ ഇതുപോലെയാവണം.