ഒറ്റക്കുട്ടിയാണെങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്ന് പണ്ടുള്ളവർ പറയാറുണ്ട്. സ്നേഹവും സൽസ്വഭാവവും ഉള്ളവരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കണമെന്നേ അതിനർത്ഥമുള്ളൂ. ന്യൂക്ലിയർ ഫാമിലി യുഗത്തിലും ആ പഴഞ്ചൊല്ല് ഏറെ പ്രസക്‌തമാണ്. ഒറ്റക്കുട്ടികളിൽ മിക്കവരും സ്വാർത്ഥ മനോഭാവമുള്ളവരായിരിക്കുമെന്ന് മാത്രമല്ല, സഹോദരീ സഹോദരന്മാരില്ലാത്തതിനാൽ മിക്കവരിലും മത്സരബുദ്ധിയും കുറവായിരിക്കും.

മറ്റൊരു പ്രധാന കാര്യം, സഹോദരങ്ങളുള്ള കുട്ടികളെ അപേക്ഷിച്ച് ഒറ്റക്കുട്ടി 50 ശതമാനം അധികം വണ്ണമുള്ളവരായിരിക്കുമത്രേ. ഇത്തരം കുട്ടികൾ വീട്ടിൽ നിന്നും പുറത്തു പോയി കളിക്കുന്നത് വളരെ കുറവായിരിക്കും. ടി.വി, കാണാനാവും അവർ ഏറെ സമയവും ചെലവഴിക്കുക. ഭക്ഷണ കാര്യങ്ങളിലും ഇവർ തന്നിഷ്‌ടം പുലർത്തും. ഇത്തരം കാരണങ്ങൾ കുട്ടികൾക്ക് വണ്ണമുണ്ടാകാനുള്ള സാധ്യതയൊരുക്കുന്നു.

ന്യൂക്ലിയർ കുടുംബം

ചെലവേറിയ ജീവിത സാഹചര്യവും മാറുന്ന ജിവിത ശൈലിയും സാമൂഹിക ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടൂകുടുംബത്തിന്‍റെ സ്‌ഥാനത്ത് ന്യൂക്ലിയർ കുടുംബം സ്‌ഥാനം പിടിച്ചതും നിർണ്ണായകമാണ്. അത്തരം കുടുംബ സാഹചര്യത്തിലെ ഗൃഹനാഥന്മാർ ഇരട്ട ഉത്തരവാദിത്തം വഹിക്കുന്നവരായിരിക്കും.

അത് ഒറ്റക്കുട്ടി എന്ന ചിന്തയിലേക്ക് ദമ്പതികളെ നയിക്കുകയാണ് പതിവ്. അടുത്തിടെ ഇന്ത്യയിലെ ഒരു മാട്രിമോണിയൽ സൈറ്റായ ശാദി.കോം ഒരു പഠനം നടത്തുകയുണ്ടായി. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ഒന്നലധികം കുട്ടികളെ ഇഷ്‌ടപ്പെടുന്നുണ്ടോ എന്നതിനെപ്പറ്റിയായിരുന്നു പഠനം. പുരുഷന്മാരിൽ 62 ശതമാനവും സ്‌ത്രീകളിൽ 38 ശതമാനവും ഒന്നിലധികം കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ വസ്‌തുതയുണ്ട്. പ്രണയിച്ച് വിവാഹിതരായിട്ടുള്ളവരിൽ മിക്കവരും ഒറ്റക്കുട്ടി മതിയെന്ന് ആഗ്രഹിക്കുന്നവരാണത്രേ. എന്നാൽ അറേഞ്ച്‌ഡ് വിവാഹിതർ ഒന്നിലധികം കുട്ടികളെയും ആഗ്രഹിക്കുന്നു.

കാഴ്‌ചപ്പാടിലുള്ള മാറ്റം

ചെലവേറിയ ജീവിത സാഹചര്യവും കൂട്ടുകുടുംബത്തിന്‍റെ തകർച്ചയുമൊക്കെ ആളുകളുടെ കാഴ്‌ചപ്പാടിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഓരോരുത്തരും വളരെ ആലോചിച്ചാണ് കുട്ടികൾ എത്ര വേണമെന്ന് തീരുമാനിക്കുന്നത് തന്നെ. വീട്ടിൽ വേണ്ടത്ര കുടുംബാംഗങ്ങൾ ഇല്ലാത്തതും ഒരു പ്രധാന കാരണമാണ്. ഏറെ വൈകിയുള്ള വിവാഹവും കുട്ടികളുടെ എണ്ണം കുറയ്‌ക്കുന്നു.

കുഞ്ഞുങ്ങൾ വേണമെന്ന് പങ്കാളികളിലൊരാൾ ആഗ്രഹിക്കുമ്പോൾ മറ്റേയാൾക്ക് കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനുമായിരിക്കും ഏറെ താൽപര്യം. ഇത്തരം വീടുകളിൽ ഒറ്റക്കുട്ടി മാത്രമാവും ഉണ്ടാവുക.

മാതാപിതാക്കളുടെ സകല പ്രതീക്ഷകളും ആ കുട്ടികളിലായിരിക്കും. എല്ലാം എന്‍റേതു മാത്രമെന്ന ചിന്തയിലാവും ഇത്തരം കുട്ടികൾ വളരുക. ഈ മനോഭാവം അവരെ സ്വാർത്ഥരാക്കാം. മാതാപിതാക്കൾ ചെറുപ്പം തുടങ്ങി കുട്ടികളിൽ നല്ല ശീലവും സ്വഭാവഗുണങ്ങളും വളർത്തി കൊണ്ടു വരികയാണെങ്കിൽ ഇത്തരം സങ്കുചിത മനോഭാവത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാനാവും.

ഒറ്റക്കുട്ടി മാത്രമുള്ള മാതാപിതാക്കൾ കുട്ടികളെ ബന്ധുക്കൾക്കൊപ്പമോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഇടപഴകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. സ്വന്തം വസ്‌തുക്കൾ മറ്റുള്ളവർക്ക് പങ്കിട്ട് നൽകാൻ കുട്ടികളെ പ്രേരിപ്പിക്കണം. ഒരിക്കലും ഏകാന്തതയിലേക്ക് തള്ളിവിടരുത്. മുതിർന്ന സഹോദരീ സഹോദരന്മാരുള്ള കുട്ടികൾ വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കാറുണ്ട്. സഹോദരങ്ങൾ ഓരോ കാര്യവും ചെയ്യുന്നത് അവർ കണ്ട് മനസ്സിലാക്കി പ്രവർത്തിക്കും. എന്നാൽ ഒറ്റക്കുട്ടികളുടെ സ്‌ഥിതി അതല്ല. അവർ ഇക്കാര്യത്തിൽ മാതാപിതാക്കളെയാണ് മാതൃകയാക്കുക. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ് വേണ്ടത്. അവർക്കൊപ്പം കളിക്കുകയും നല്ല ശീലങ്ങൾ പകർന്നു നൽകുകയും വേണം.

മിഥ്യയും യാഥാർത്ഥ്യവും

ഒറ്റക്കുട്ടികളെല്ലാവരും സ്വാർത്ഥമനോഭാവമുള്ളവരും വാശിക്കാരും തന്നിഷ്‌ടക്കാരുമാണെന്ന് തീർത്തും പറയാനാവില്ല. കുട്ടികളെ വളർത്തിയത് എങ്ങനെയെന്നത് ഇക്കാര്യത്തിൽ നിർണ്ണായകമാണ്. മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധൻ, ഐസക്ക് ന്യൂട്ടൺ, ഇന്ദിരാഗാന്ധി എന്നിവർ അതിന് ഉദാഹരണങ്ങളാണ്. ഇവരെല്ലാവരും തന്നെ ഒറ്റക്കുട്ടികളായിരുന്നു. രാജ്യസേവനത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്‌തികളാണവർ. ആദ്യം മുതലെ ഇടപഴകി ജീവിക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തിക്കൊണ്ടുവരണം.

ചിലകാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികളോട് സഹൃദമനോഭാവത്തോടെ പെരുമാറുക. വീട്ടിൽ അവർ തനിച്ചിരിക്കാനുള്ള അവസരം ഉണ്ടാകരുത്. സമയം കിട്ടുമ്പോഴൊക്കെ കുട്ടികൾക്കൊപ്പം സമയം  ചെലവഴിക്കുക. അവർക്ക് നല്ല പുസ്‌തകങ്ങൾ വാങ്ങി നൽകുക. കുട്ടികൾക്ക് അവരുടേതായ സ്‌പേ സ് നല്‌കുക. ആവശ്യത്തിലധികം അവരുടെ ജീവിതത്തിൽ കൈകടത്തരുത്. സഹോദരീ സഹോദരന്മാരില്ലെന്ന് കുട്ടി പരാതി പറയുകയാണെങ്കിൽ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ മക്കളെ സ്വന്തം സഹോദരങ്ങളാണെന്ന് ധരിപ്പിക്കാം.

സ്‌ക്കൂളിൽ സഹപാഠിക്കൾക്കൊപ്പവും വീട്ടിൽ ബന്ധുക്കളുടെയുടെ കുട്ടികൾക്കൊപ്പവും ഇടപഴകാൻ അവരെ അനുവദിക്കാം. സ്വന്തം വസ്‌തുക്കൾ ഷെയർ ചെയ്യാനും നല്ല പെരുമാറ്റം കാഴ്‌ചവെയ്‌ക്കാനുമുള്ള ശീലം അവരിൽ വളർത്തിക്കൊണ്ടുവരാം. കുട്ടികളിൽ അമിത സമ്മർദ്ദം നൽകരുത്. ഒറ്റക്കുട്ടിയായതിനാൽ അവർ എല്ലാ രംഗങ്ങളിലും മിടുക്കരാവണമെന്ന വാശി വേണ്ട.

സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുകയും അവന്‍റെയോ/അവളുടെയോ സന്തോഷത്തെ മാനിക്കുകയും ചെയ്യുന്നതോടൊപ്പം അവരെ അനുസരണയോടെ വളരാനും പരിശീലിപ്പിക്കണം. എന്നാൽ കുട്ടി തെറ്റായ കാര്യത്തിനു വേണ്ടി വാശിപിടിക്കുകയാണെങ്കിൽ അത് മുളയിലെ നുള്ളിക്കളയണം. സ്വന്തം കുഞ്ഞുങ്ങളിൽ നന്മകളും ജീവിത മൂല്യങ്ങളും വളർത്തിയെടുക്കണം. ഏത് കാര്യത്തേയും പോസിറ്റീവായി സമീപിക്കുന്നതിനുള്ള മനോഭാവം അവരിൽ വളർത്തുക.

കുട്ടികൾ മാതാപിതാക്കൾക്ക് ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളാവും. എന്നാൽ കുഞ്ഞുങ്ങൾ ഏറ്റവും പ്രിയപ്പെട്ടവരായതിനാൽ മാതാപിതാക്കൾ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യുമെന്ന ധാരണ അവരിൽ ഉണ്ടാകാതെ സൂക്ഷിക്കണം. കുട്ടികളെ സാധാരണ ജീവിതശൈലി നയിക്കാൻ പ്രേരിപ്പിക്കുക. അവർ അഹങ്കാരികളോ അനുസരണയില്ലാത്തവരോ ആകാൻ അനുവദിക്കരുത്. തെറ്റായ പ്രവൃത്തി ചെയ്യുകയോ അനുസരണക്കേട് കാട്ടുകയോ ചെയ്‌താൽ അതിനവരെ ശകാരിക്കുകയോ ചെറിയ ശിക്ഷ നൽകുകയോ ആവാം.

കുട്ടികളെ ലാളിച്ച് വഷളാക്കാതെ സ്വന്തം ജോലികൾ തനിയെ ചെയ്യാൻ ചെറുപ്പം മുതലെ അവരെ ശീലിപ്പിക്കുക. വീട്ടു ജോലികൾ ചെയ്യുമ്പോൾ അവരുടെ സഹായം കൂടി ആവശ്യപ്പെടുക. കുറച്ചു കഴിയുന്നതോടെ മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ അവർ സഹായം ചെയ്യാൻ മുതിരും. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ ഏറെ സമയം ലഭിക്കുകയും ചെയ്യും.

और कहानियां पढ़ने के लिए क्लिक करें...