ഈവനിംഗ് പാർട്ടിയിൽ ഒരു മാന്ത്രികന്‍റെ കയ്യടക്കത്തോടെ ബോട്ടിലുകൾ അന്തരീക്ഷത്തിലെറിഞ്ഞ് അമ്മാനമാടിക്കൊണ്ട് പാർട്ടി ടെണ്ടർ സന്ദീപ് അതിഥികളെ രസിപ്പിക്കുകയാണ്. അടുത്ത ക്ഷണം വേഗതയാർന്ന ചലനങ്ങൾ കൊണ്ട് ബോട്ടിലുകൾ പരസ്‌പരം കൈകളിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി. ബോട്ടിലുകൾ അന്തരീക്ഷത്തിൽ പാറിപ്പറക്കുന്നതുപോലെ… കൃത്യമായ ചലനങ്ങളും വേഗതയും…
ബോട്ടിലുകൾ അതിദ്രുതം വട്ടത്തിലും ലംബമായും ചലിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു കലാകാരന്‍റെ വൈദഗ്‌ദ്ധ്യത്തോടെ രണ്ടും മൂന്നും ഡ്രിങ്കുകൾ മനോഹരമായ ചില്ലു ഗ്ലാസ്സുകളിലേക്ക് പതഞ്ഞൊഴുകി അതിഥികളുടെ മുന്നിലേക്ക് അണിനിരന്നു… അവിചാരിതമായി ഒരു മാജിക് കണ്ടതുപോലെ ചുറ്റുമുള്ള മുഖങ്ങളിൽ വിസ്‌മയം വിരിയുന്നതുകണ്ട് സന്ദീപ് പുഞ്ചിരിപൊഴിച്ചു.
ഇതാണ് ഫ്ളെയർ ടെണ്ടിംഗ് അതിഥികളെ എന്‍റർടെയിൻ ചെയ്യുന്ന രീതിയാണിത്. ബോട്ടിലുകൾ ഉപയോഗിച്ച് വിസ്‌മയിപ്പിക്കുന്ന വേഗതയോടെ അവതരിപ്പിക്കുന്ന ചെപ്പടിവിദ്യകളെന്ന് ഇതിനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം. പണ്ട് രണ്ടും മൂന്നും മച്ചിങ്ങ കൊണ്ട് അതിവേഗം അമ്മാനമാടി രസിക്കുന്നതുപോലെ ബോട്ടിലുകൾ ഭദ്രമായി മാറിയും മറിഞ്ഞും കൈകളിൽ സുരക്ഷിതമായി എത്തിച്ചേരുന്ന ഈ ജാലവിദ്യ ഇനി കൊച്ചിയിലും ട്രെന്‍റാണ്. കേരളത്തിന് പുറത്തുള്ള വൻകിട മെട്രോനഗരങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്ന ഫ്ളെയർ ടെണ്ടിംഗ് കൊച്ചിയിലും ലഹരിയായി പടരുമെന്നാണ് ഫ്ളെയർ ടെണ്ടിംഗിൽ പരിശീലനം നൽകുന്ന ഐഎഫ്എം (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫ്‌ളെയർ ആന്‍റ് മിക്‌സോളജി) ഡയറക്‌ടർ രാഹുൽ എൻ.കെ പറയുന്നത്.
“ഗ്ലാമറസ് പ്രൊഫഷനാണെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. വളരെ ഉയർന്ന പ്രതിഫലവും ആനുകൂല്യങ്ങളും ഈ രംഗത്തെ ഏറെ തിളക്കമുള്ളതാക്കുന്നു. കേരളത്തിന് പുറത്തും വിദേശങ്ങളിലും അവസരങ്ങളേറെയുണ്ട്. കേരളത്തിൽ ഫ്ളെയർ ടെണ്ടിംഗ് അത്ര പോപ്പുലര്‍ ആയിട്ടില്ലെങ്കിലും അധികം താമസിയാതെ തന്നെ ഇതും കേരളീയരുടെ ജീവിതത്തിന്‍റെ ഭാഗമായി മാറും” രാഹുൽ പറയുന്നു..
ചെറുപ്പക്കാരുടെ ഹരം
ഫ്ളെയർ ടെണ്ടിംഗ് എന്ന കൗതുകകരമായ കോഴ്‌സിന് പുറമെ മോളിക്യൂലാർ മിക്‌സോളജി, സൊമലിയർ ട്രെയിനിംഗ് ബാർ ആന്‍റ് ബിവറേജ് മാനേജുമെന്‍റ്, ബാർ ആന്‍റ് മെനു എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്‌സ് തുടങ്ങിയവയിലും പരിശീലനം നൽകുന്നുണ്ട് ഐഎഫ്‌എം.
ഫ്‌ളെയർ ടെണ്ടിംഗ് എന്ന പ്രൊഫഷനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഐഎഫ്എമ്മിൽ പരിശീലനത്തിനെത്തുന്നത്. ഈ രംഗം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന വിശ്വാസത്തെ തച്ചുടച്ചുകൊണ്ട് ഏതാനും പെൺകുട്ടികളും ഇവർക്കൊപ്പം ട്രെയിനിംഗ് നടത്തുന്നുവെന്നത് മറ്റൊരു മഹാദ്‌ഭുതം. ഇവിടുത്തെ വിദ്യാർത്ഥികളായ ചാക്കോയും അഖിലേഷും സന്ദീപും വിഷ്‌ണുവും ജിലുവും ആദിയും സൂസനുമെല്ലാം ഭാവിയിൽ ഈ രംഗത്ത് പ്രവർത്തിക്കാനുള്ള ഉറച്ച വിശ്വാസത്തിലാണ്. “മുമ്പ് ഫ്ളെയർ ടെണ്ടിംഗിനെ ക്കുറിച്ച് ധാരാളം വീഡിയോസ് കണ്ടിരുന്നു.
അതു കണ്ടപ്പോഴാണ് ഫ്ളെയർ ടെണ്ടിംഗ് പഠിക്കണമെന്ന തോന്നൽ ശക്‌തമായത്. മാത്രവുമല്ല രാഹുലിനെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. രാഹുൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്ന കാര്യം അറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ താൽപര്യം തോന്നി. വീട്ടിലെല്ലാവരും എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാൻ ഫ്ളെയർ പഠിക്കാൻ ചേരുകയായിരുന്നു” സൂസൻ പറയുന്നു.
ഭാവിയിൽ ഹോട്ടൽ ഇൻഡസ്ട്രിയിൽ ഇതൊരു മികച്ച പ്രൊഫഷനാക്കാനുള്ള തീരുമാനത്തിലാണ് സൂസൻ. പുരുഷന്മാർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാവുന്ന മറ്റേത് തൊഴിൽ മേഖലയേയും പോലെ സുരക്ഷിതമായ തൊഴിൽ രംഗമായി ഫ്‌ളെയർ ടെണ്ടിംഗ് മാറിയിരിക്കുന്നുവെന്ന് പറയാം.
ഫ്ളെയർ ടെണ്ടിംഗിന്‍റെ ചരിത്രം
ഫ്‌ളെയർ ടെണ്ടിംഗിനും രസകരമായ ഒരു ചരിത്രമുണ്ട്. ആദ്യത്തെ ഫ്‌ളെയർ ടെണ്ടർ ജെറി തോമസാണെന്നാണ് രേഖകൾ പറയുന്നത്. ചൂട് വെള്ളവും തീ പകർന്ന വിസ്‌കിയുമായി യോജിപ്പിച്ച് ജെറി തോമസ് ആദ്യമായി ബ്ലൂബ്ലേസറെന്ന ഒറിജിനൽ കോക്ക്‌ടെയിൽ തന്നെ തയ്യാറാക്കിയത്രേ. ഇന്ത്യയിലിത് 1994-ൽ ആണത്രെ കടൽ കടന്നെത്തുന്നത്.
1970-80 കളിൽ ഫ്‌ളെയർ ബാർടെണ്ടിംഗ് സൗത്ത് ഈസ്‌റ്റ് ഏഷ്യയിലാണ് തുടക്കം കുറിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതല്ല യൂറോപ്യൻ സമൂഹത്തിലെ മുൻ നിരക്കാരെ ആഹ്ലാദിപ്പിക്കാനായി ഡ്രിങ്ക്‌സ് ഒരുക്കുന്ന വേളയിൽ പ്രദർശിപ്പിച്ചിരുന്ന ചില വിദ്യകളാണ് പിൽക്കാലത്ത് ഫ്‌ളെയർ ടെണ്ടിംഗ് എന്ന ഓമനപ്പേരിൽ ഉരുത്തിരിഞ്ഞതെന്ന അഭിപ്രായവും ഉണ്ട്. സംഗതി എന്തുതന്നെയായാലും കേരളത്തിലിത് തരംഗമാവുമെന്ന വിശ്വാസത്തിലാണ് സന്ദീപും കൂട്ടരും.
സ്വയം ചെയ്‌ത് പരിശീലിച്ചാണ് രാഹുൽ ഈ രംഗത്തെത്തുന്നത്. ഇന്ത്യയിലേയും കേരളത്തിലേയും മിക്ക ഹോട്ടലുകളിലേയും ബാർടെണ്ടർമാർക്ക് രാഹുൽ പരിശീലനം നൽകി വരുന്നുണ്ട്. അടുത്തുതന്നെ തിരുവനന്തപുരത്തും ഐഎംഎഫിന്‍റെ പരിശീലനകേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ.
ഇതൊരു ശാസ്‌ത്രശാഖ
ബാർടെണ്ടിംഗും ഒരു ശാസ്‌ത്രശാഖയാണെന്ന പക്ഷക്കാരനാണ് രാഹുൽ. കാരണം ശരീരത്തിന്‍റെ ഊഷ്‌മാവിനോട് പ്രതികരിക്കുന്ന രീതിയിൽ പലവിധ ഡ്രിങ്കുകൾ മിക്‌സ് ചെയ്യുന്നതിന് പിന്നിൽ സയൻസ് അല്ലാതെ മറ്റെന്താണെന്നാണ് രാഹുൽ ചോദിക്കുന്നത്. ഒപ്പമത് നാവിന് പുതിയ രുചിയും അനുഭൂതിയും പകരുന്നു. ഇങ്ങനെ ഓരോ പ്രത്യേക രുചികൾ ക്രിയേറ്റ് ചെയ്യുന്നതിന് പിന്നിൽ ശാസ്‌ത്ര രഹസ്യങ്ങൾ തന്നെയാണെന്ന് രാഹുൽ പറയുന്നു.
ബോട്ടിലുകൾ അന്തരീക്ഷത്തിലെറിഞ്ഞ് അമ്മാനമാടുക മാത്രമല്ല അതിഥികളുടെ സാന്നിധ്യത്തിൽ ഡ്രിങ്കുകൾ മനോഹരമായി മിക്സ് ചെയ്യുന്നതും ഫ്‌ളെയർ ടെണ്ടേഴ്‌സിന്‍റെ മിടുക്കിനേയും സാമർത്ഥ്യത്തെയും എടുത്തുകാട്ടുന്നു.
“ബോട്ടിലുകൾ എറിഞ്ഞ് ജാലവിദ്യ കാട്ടുന്ന ജോക്കർമാരല്ല ഫ്‌ളെയർ ടെണ്ടർമാർ. മറിച്ച് എന്‍റർടെയ്‌നർമാരും പെർഫോമർമാരുമാണെന്ന് പരിശീലനത്തിനെത്തുന്ന കുട്ടികളെ ഞാൻ ഓർമ്മപ്പെടുത്താറുണ്ട്” രാഹുൽ.
പരിശീലനം ഈസി
താല്‌പര്യവും അർപ്പണമനോഭാവവുമുളള ആർക്കും ഫ്‌ളെയർ ടെണ്ടിംഗിൽ പരിശീലനം നേടാം. പക്ഷേ ഇതിൽ അല്‌പം വൈദഗ്‌ദ്ധ്യം വേണ്ടേയെന്ന ചോദ്യത്തിന് ഒന്നുമറിയാത്തതാണ് നല്ലതെന്ന് രാഹുൽ ചിരിയോടെ പറയും. ഇക്കാര്യത്തിൽ ഒട്ടും മുൻപരിചയമില്ലാത്തവർ എളുപ്പം പഠിച്ചെടുക്കുമത്രേ! ഇന്ന് ഇന്ത്യയിലുള്ള ഫ്‌ളെയർ ടെണ്ടർമാരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. ഇതൊരു ശക്‌തമായ തൊഴിൽ മേഖലയായി മാറുകയാണെന്നതിന്‍റെ സൂചനയാണിത്.
ട്രെയിനിംഗിൽ ഫ്‌ളെയർ സ്‌റ്റെപ്പുകൾക്കൊപ്പം ബിവറേജസിൽ അഗാധമായ അറിവും കരസ്‌ഥമാക്കുകയെന്നതാണ് ഒരു ടെണ്ടറിന്‍റെ പ്ലസ് പോയിന്‍റ്. ഏത് ഭക്ഷണത്തോടൊപ്പം ഏത് ഡ്രിങ്ക് കഴിക്കണം, ഏതെല്ലാം ഡ്രിങ്ക്‌സ് ഏതെല്ലാം അളവിൽ ചേർത്ത് ടേസ്‌റ്റി കോക്ക്‌ടെയിൽ തയ്യാറാക്കാം തുടങ്ങി ഏറ്റവും ലേറ്റസ്‌റ്റായി ഇറങ്ങുന്ന ഡ്രിങ്കിനെപ്പറ്റി വരെ ബാർടെണ്ടർമാർ പഠിച്ചിരിക്കണമെന്നതാണ് അടിസ്‌ഥാനതത്വം.