വെള്ളയും വയലറ്റും നിറമുളള ഓർക്കിഡ് പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ച വേദിയിൽ നിന്ന് ചന്ദനത്തിരിയുടെ മനം മയക്കുന്ന ഗന്ധം. മീന അത് ആസ്വദിച്ചു. മനസ് ആഹ്ലാദഭരിതമായിരിക്കുമ്പോൾ സുഗന്ധത്തിന് കൂടതൽ ഗന്ധമുണ്ടെന്ന് തോന്നുന്നത് സ്വാഭാവികമാണല്ലോ.

വരാൻ പോകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചോർത്ത് പുളകിതമായ മനസോടെ മീന നിന്നു.

“ഹലോ മീന, ഈ പീകോക്ക് ബ്ലൂ സാരിയിൽ തന്നെ കാണാൻ നല്ല ചന്തമുണ്ടെടോ.” സഹപ്രവർത്തകയായ രാജി ഓടിവന്ന് കൈപിടിച്ചു മൊത്തത്തിൽ സൂക്ഷ്‌മനിരീക്ഷണം നടത്തി. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു.

“ഹും… ബോസ് കാണേണ്ട താമസമേയുളളൂ. പുളളി വീണുപോകുമെന്ന് ഉറപ്പാ…” അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ കുസൃതി ശ്രദ്ധിച്ചുവെങ്കിലും, അക്കാര്യം കൂടുതൽ സംസാരിക്കാനുളള സന്ദർഭമായിരുന്നില്ലല്ലോ അത്.

ഓഫീസിൽ എല്ലാവർക്കും അറിയാം, അശോക് സാറിന് മീനയോടുളള താല്‌പര്യം. അദ്ദേഹത്തിന് തന്നോട് ഇഷ്‌ടമുണ്ടെന്ന തിരിച്ചറിവ് സന്തോഷം പകരുന്നതായിരുന്നെങ്കിലും അത്തരമൊരു പെരുമാറ്റം മീനയിൽ നിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല.

അദ്ദേഹവുമായി ഒരു ബന്ധം സ്‌ഥാപിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടായിരുന്നില്ല മീന.

“രാജി, വരൂ… ഇപ്പോൾ ഇതൊക്കെ സംസാരിക്കാനുളള മൂഡിലല്ല ഞാൻ. നീ ഈ ഫ്‌ളീറ്റ് ഒന്നു ശരിയാക്ക്. അല്‌പം ഇറക്കം കുറഞ്ഞെന്നു തോന്നുന്നു.”

സാരി ഒന്നു കൂടി ഭംഗിയാക്കിയ ശേഷം മീന ഹാളിലേക്ക് നടന്നു. ഈ വർഷത്തെ മികച്ച തൊഴിലാളിക്കുളള അവാർഡ് സ്വീകരിക്കാൻ പോകുകയാണ് മീന.

ബെസ്‌റ്റ് വർക്കർ! അവൾ അവിശ്വസനീയതയോടെ കൈയിലിരുന്ന ക്ഷണക്കത്തിലെ വരികളിലൂടെ കണ്ണോടിച്ചു. ഈ പ്രായത്തിൽ ഇത്തരം ഒരു അവാർഡ് കിട്ടുമെന്ന് പത്തുവർഷം മുമ്പ് എന്നല്ല ഒരു മാസം മുമ്പ് പോലും ചിന്തിച്ചിട്ടേയില്ല.

ജീവിതം കൺമുന്നിൽ നടക്കുന്ന ഒരു ചലച്ചിത്രം പോലെയാണ് തോന്നിയിട്ടുള്ളത്. അത് കൗതുകത്തോടെ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകയാണോ താൻ!

ഹാളിന്‍റെ ഭിത്തിയിൽ പിടിപ്പിച്ച നീളൻ കണ്ണാടിയിൽ തന്‍റെ പ്രതിബിംബം കണ്ടപ്പോൾ ഒരു നിമിഷം നോക്കി. 47 വയസായി. പക്ഷേ അത്രയും പ്രായം തനിക്കു തോന്നുന്നില്ല എന്ന് മീനയ്‌ക്കും അറിയാം. 35 വയസ് അത്രയേ തോന്നൂവെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്.

“മാഡം…” ആരോ വിളിക്കുന്നതു കേട്ട് അവൾ തിരിഞ്ഞു നോക്കി. തന്‍റെ ജൂനിയർ ആയ സതീഷ് ആണ്. വേദിയിലേക്ക് കയറും മുമ്പ് സദസിൽ ഒരുക്കിയ ഇരിപ്പിടത്തിലേക്ക് സതീഷ് ക്ഷണിച്ചു. മീന പുഞ്ചിരിയോടെ അവിടെ ചെന്നിരുന്നു. ചെറിയ ഹാൾ ആണ്, സ്‌റ്റാഫുകൾ വന്നു തുടങ്ങിക്കഴിഞ്ഞു. പുറത്തു നിന്നും ഏതാനും അതിഥികൾ ഉണ്ട്.

അവൾ വാച്ചിൽ നോക്കി. മുൻനിരയിലായി രണ്ട് സീറ്റുകൾ റിസർവ് ചെയ്‌തിട്ടുണ്ട്. ഒന്ന് മകനു വേണ്ടിയാണ്. അനിരുദ്ധ് ഇപ്പോൾ വിളിച്ചതേയുളളൂ.

10 മിനിട്ടിനകം അവൻ വന്നേക്കും. അടുത്ത സീറ്റ് സോഹനു വേണ്ടിയാണ്. തന്‍റെ മുൻ ഭർത്താവ് അതേ… മുൻ ഭർത്താവ്. അങ്ങനെ ചിന്തിച്ചപ്പോൾ സ്വയം ഒരു അനൗചിത്വം തോന്നാതിരുന്നില്ല. സോഹനുമായി വേർപിരിഞ്ഞിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. മീനയുടെ മനസ് സ്വയമറിയാതെ പഴയകാലത്തിലേക്ക് പറന്നുപോയി. തീർത്തും അവിചാരിതമായ ഒരു സന്ദർഭത്തിൽ സോഹൻ നിർലജ്‌ജം നടത്തിയ ആ വെളിപ്പെടുത്തൽ. അതിനെ തുടർന്നുണ്ടായതാണ് എല്ലാം. അയാൾ രേഖയുമായി പ്രണയത്തിലായിരുന്നത്രേ…

“ഞാൻ നിന്നെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷേ പഴയതുപോലെ സ്‌നേഹിക്കാനാവില്ല.” എന്നാണ് അന്ന് സോഹൻ പറഞ്ഞത്. കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ഒരു സംശയവും അതുവരെ സോഹനെക്കുറിച്ച് തനിക്കുണ്ടായിരുന്നില്ലല്ലോ.

വിവാഹം കഴിഞ്ഞിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുപോലൊരു സാഹചര്യം സ്വപ്‌നത്തിൽ പോലുമില്ലായിരുന്നു. പുസ്‌തകങ്ങളിലും സിനിമകളിലും കണ്ടിട്ടുളളത് തന്‍റെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നു.

സോഹന്‍റെ വെളിപ്പെടുത്തൽ അമ്പരപ്പോടെ കേട്ടപ്പോൾ പ്രതികരിക്കാൻ പോലും താൻ മറന്നുപോയോ. “എന്താണ് പറഞ്ഞത്. തമാശയല്ലല്ലോ…” താൻ ഇങ്ങനെയാണ് ആദ്യം പ്രതികരിച്ചതെന്ന് മീന ഓർമ്മിച്ചു. അപ്പോൾ സോഹൻ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ തയ്യാറായി.

“എനിക്ക് സങ്കടമുണ്ട്. പക്ഷേ സത്യമാണ് ഞാൻ പറഞ്ഞത്. എനിക്ക് രേഖയെ വിവാഹം ചെയ്‌തേ പറ്റൂ. അതാണ് സാഹചര്യം.. ഞാൻ…” അയാൾ പറയാൻ തുടങ്ങി. പക്ഷേ ബാക്കിയൊന്നും താൻ കേട്ടില്ലെന്നതാണ് സത്യം.

മനസിൽ ഒരു ചുഴലിക്കാറ്റ് മണൽത്തരികളും കരിയിലകളും പടർത്തി ഉയർന്നുപൊങ്ങുന്നതു മാത്രമേ അറിഞ്ഞുളളൂ. രേഖ. അവർ തന്‍റെ പഴയ അയൽക്കാരിയാണ്. മുമ്പ് താമസിച്ച ഫ്‌ളാറ്റിൽ ഏറ്റവും നല്ല സൗഹൃദം എന്ന് തെറ്റിദ്ധരിച്ചത് ഈ രേഖയുടേതായിരുന്നു.

തന്‍റേതെന്ന് മാത്രം ചിന്തിച്ചു നടന്ന സോഹൻ. തൊട്ടു മുന്നിൽ നിൽക്കുന്നയാൾ ഒറ്റനിമിഷം കൊണ്ട് അപരിചിതനായതു പോലെ. ഇതുവരെ കാണാത്ത കേൾക്കാത്ത ഒരാൾ… ഒരു അനുരഞ്‌ജന ചർച്ചയ്‌ക്കോ, പുനർചിന്തയ്‌ക്കോ അവൾ അയാളെ പ്രേരിപ്പിച്ചില്ല. എത്രയും വേഗം പിരിയാൻ മാത്രം അവൾ ആഗ്രഹിച്ചു.

മൊബൈലിലെ വൈബ്രേഷൻ മീനയുടെ ചിന്തകൾ മുറിച്ചു കളഞ്ഞു. ഫോണിൽ സോഹൻ!

അയാൾ വാതിൽക്കൽ എത്തിയിട്ടുണ്ട്. മീനു വേഗം പുറത്തേക്ക് ചെന്ന് പുഞ്ചിരിയോടെ സ്വീകരിച്ചു. “ഹലോ… താങ്ക്‌സ്…ഒരു ഷോർട്ട് നോട്ടീസിൽ വന്നല്ലോ…”

“നിനക്കുവേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് ഇതു മാത്രമാണല്ലോ. സോ. അതുസാരമില്ല, ഇക്കഴിഞ്ഞ വർഷങ്ങളത്രയും നീ എന്നോട് ഒന്നും ആവശ്യപ്പെട്ടതുമില്ല.” സോഹന്‍റെ ശബ്‌ദം ഒട്ടും വിറച്ചിട്ടില്ല, പക്ഷേ അതിന് പരിഭവത്തിന്‍റെ മങ്ങൽ ഉണ്ടായിരുന്നുവെന്ന് തോന്നി.

പഴയതുപോലെ സുന്ദരൻ ആണ് സോഹൻ ഇപ്പോഴും. പ്രായം ആ സൗന്ദര്യത്തിന് അല്‌പം കൂടി പ്രൗഢി സമ്മാനിച്ചതേയുളളൂ എന്ന് തോന്നി മീനയ്‌ക്ക്. ഒരിക്കൽ താനെത്ര മാത്രം സ്‌നേഹിച്ചിരുന്ന മുഖമാണിത്.

“കൺഗ്രാചുലേഷൻസ്… നിനക്ക് അവാർഡ് കിട്ടുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.” അയാൾ തുടർന്നു. സോഹൻ യഥാർത്ഥത്തിൽ ആത്മാർത്ഥമായിത്തന്നെയാണോ അത് പറഞ്ഞത്?

അയാളേയും കൂട്ടി ഹാളിനകത്തേക്ക് കടക്കുമ്പോൾ അവളുടെ മനസ് പിന്നെയും എങ്ങോട്ടോ പറന്നുപോയി.

വർഷങ്ങൾക്കപ്പുറത്തേയ്‌ക്ക്.

സോഹന്‍റെ വേർപിരിയൽ ഉണ്ടാക്കിയ മാനസികമായ പിരിമുറുക്കങ്ങളെ മറികടക്കാൻ തുടക്കത്തിൽ ഞാൻ വളരെ പ്രയാസപ്പെട്ടു. പക്ഷേ മറ്റുളളവർക്കു മുന്നിൽ കരഞ്ഞും വിളിച്ചും സ്വന്തം ദൗർബല്യങ്ങൾ പ്രകടിപ്പിക്കാൻ ഒട്ടും ആഗ്രഹിച്ചിട്ടില്ല. തന്‍റെ ദുഃഖമല്ല, മകന്‍റെ ഭാവിയാണ് പ്രധാനം.

അനിരുദ്ധന് അപ്പോൾ 10 വയസ്സേയുളളൂ. അവിചാരിതമായ സംഭവവികാസങ്ങളിൽ പകച്ചുനിന്ന തന്‍റെ അച്‌ഛനമ്മമാരോട് മീന പറഞ്ഞു. “ഇതെന്‍റെ ജീവിതത്തിന്‍റെ അന്ത്യമല്ല, ജീവിതത്തിലെ ഒരു അധ്യായം അടഞ്ഞുവെന്നേയുള്ളൂ. ഇനിയുളളത് എന്‍റെ മകനുവേണ്ടിയാണ്. അതുകൊണ്ട് സങ്കടപ്പെടാതിരിക്കൂ.”

വിവാഹമോചന നടപടികൾ വളരെ ലളിതമായി കടന്നുപോയി. കൂടുതൽ വിചാരണകൾക്ക് നിന്ന് കൊടുക്കേണ്ടി വന്നില്ല. പരസ്‌പരം സമ്മതിച്ചുകൊണ്ടുളള വിവാഹമോചനം ആയതിനാൽ സോഹൻ, അനിരുദ്ധനെ വിട്ടുകിട്ടാൻ ശ്രമിച്ചില്ല.

വിവാഹമോചനം നേടിയതുകൊണ്ട് സോഹൻ, അനിരുദ്ധന്‍റെ അച്‌ഛനല്ലാതായി മാറുന്നില്ലല്ലോ. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും കാണാനുളള സമ്മതം ഒരു കോടതിയും പറയാതെ തന്നെ മീന കൊടുത്തു. പക്ഷേ കുട്ടിയെ കാണാൻ വരുന്നതിനു മുമ്പ് അറിയിക്കണം. ഇതു മാത്രമായിരുന്നു മീനയുടെ ആവശ്യം.

അച്‌ഛനും അമ്മയും വേർപിരിഞ്ഞു എന്ന സത്യം ആ പത്തുവയസ്സുകാരൻ അസാമാന്യമായ വിവേകത്തോടെയാണ് ഉൾക്കൊണ്ടത്. ഏതാനും ചില ചോദ്യങ്ങൾ അവൻ അച്‌ഛനോടും അമ്മയോടും ചോദിച്ചു. അത്രമാത്രം. മറുപടിയിൽ അവൻ തൃപ്‌തനായിട്ടുണ്ടാകണം.

കണ്ടാൽ കടിച്ചു കീറാൻ നിൽക്കുന്ന സിംഹങ്ങളെപ്പോലെ ഒരിക്കലും അച്‌ഛനമ്മമാരെ കാണാത്തതുകൊണ്ട് അവൻ വളരെയധികം ആശങ്കപ്പെട്ടില്ല എന്നതാണ് വാസ്‌തവം. മുതിർന്നവർ കരുതുന്നതിനേക്കാൾ കൂടുതൽ പക്വതയും വിവേകവും ഉളളവരാണ് ഇന്നത്തെ കുഞ്ഞുങ്ങൾ.

സ്വന്തം ജീവിതം, അതു തന്‍റെ മാത്രമല്ലല്ലോ, തന്‍റേയും അനിരുദ്ധിന്‍റേയും ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നുളളതായിരുന്നു ഏറ്റവും പ്രഥമമായ കാര്യം.

12 വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ വിവാഹശേഷം തന്‍റെ കരിയർ കുടുംബജീവിതത്തിനുവേണ്ടി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ 37 വയസായി. ഈ പ്രായത്തിൽ നല്ലൊരു ജോലി, അതും ഇത്രയും നാളത്തെ ഇടവേളയ്‌ക്കുശേഷം കണ്ടെത്തുക എന്നത് അല്‌പം ബുദ്ധിമുട്ടുളള കാര്യമായിരുന്നു.

പുതിയ ജനറേഷനുമായിട്ടാണ് താൻ ജോലിക്കുവേണ്ടി മത്സരിക്കേണ്ടത്. അവരുടെ പുത്തൻ ആശയങ്ങളും ഉത്സാഹവുമായിട്ടാണ് പൊരുത്തപ്പെടേണ്ടത്. മനസിലെ പ്രയാസങ്ങൾ നിമിത്തം മീനയ്‌ക്ക് അപ്പോൾ ഉള്ളതിലേറെ പ്രായം തോന്നിച്ചിരുന്നു.

“മോളേ, സ്വന്തം കഴിവിൽ വിശ്വസിക്കൂ. കുഞ്ഞിന്‍റെ കാര്യമോർത്ത് നീ പ്രയാസപ്പെടേണ്ട. അവന്‍റെ പഠനകാര്യങ്ങൾക്ക് യാതൊരു തടസ്സവും വരാതെ ഞങ്ങൾ നോക്കാം. നീ ഒരു ജോലി കണ്ടുപിടിക്കൂ. അച്‌ഛൻ അങ്ങനെ പറഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നി. അച്‌ഛനും അമ്മയും തന്ന പിന്തുണ വളരെ വലുതായിരുന്നു.

തുടക്കത്തിൽ ഒരു പാർട്ട്‌ടൈം ജോലിയാണ് കിട്ടിയത്. അതുകൊണ്ട് അനിരുദ്ധന്‍റെ കാര്യങ്ങൾ തുടർന്നും ശ്രദ്ധിക്കാൻ കഴിഞ്ഞു. പിന്നീടത് മുഴുവൻ സമയമായി പ്രമോട്ട് ചെയ്‌തു. കഠിനാദ്ധ്വാനത്തിനു ലഭിച്ച ആദ്യസമ്മാനം!

ഇപ്പോഴും തന്നെ ചിന്തിപ്പിക്കുന്ന ഒരു കാര്യമുണ്ട്. തന്‍റെയും സോഹന്‍റെയും പ്രണയവിവാഹമായിരുന്നു. വളരെ പെർഫെ്‌ക്‌ട് ആയ വിവാഹം. ജാതകപ്പൊരുത്തവും മനപ്പൊരുത്തവും കുടുംബപ്പൊരുത്തവും ഉളള വിവാഹം. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

വഴിത്തിരിവ് ഒരിക്കലും പ്രതീക്ഷിച്ചതേയില്ല. യഥാർത്ഥത്തിൽ ഇത് കാലം കരുതിവച്ച വഴിത്തിരിവാണ്. അവിടെ നിന്ന് പുതിയൊരു മീന പിറവിയെടുത്തു. അത് അനിവാര്യമായിരുന്നു. ഇപ്പോൾ കിട്ടുന്ന ഈ അവാർഡ് 10 വർഷത്തെ തന്‍റെ കഠിനാദ്ധ്വാനത്തിനുള്ള സമ്മാനമാണ്.

മൊബൈലിന്‍റെ വൈബ്രേറ്റിംഗ് മോഡ് ആണ് മീനയെ വീണ്ടും ചിന്തയിൽ നിന്ന് ഉണർത്തിയത്. അനിരുദ്ധ് ആണ്. അവൻ വേദിക്കു പുറത്ത് എത്തിയിട്ടുണ്ട്. മീനയ്‌ക്ക് ചിരി വന്നു. എവിടെയും പറഞ്ഞതിലും 10 മിനിട്ട് വൈകിയേ അവനെത്തൂ. മീനയെ കണ്ടയുടനെ അവൻ ഓടിവന്നു. “ഹായ് അമ്മേ, സോറി. ഞാനല്‌പം വൈകി. ഹൊ! എന്തൊരു തിരക്കാണ് റോഡിൽ…”

“ഇറ്റ്‌സ് ഒ.കെ. പരിപാടി തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇടതുവശത്തെ സെക്കന്‍റ് റോയിൽ നിന്‍റെ സീറ്റുണ്ട്. നിനക്ക് ഇഷ്‌ടപ്പെട്ട ഫസ്‌റ്റ് സൈഡ്‌സീറ്റ്.”

“ഓ… അമ്മേ, ഡാർലിംഗ്… താങ്ക്സ്. ഞാൻ ഇവിടെയൊക്കെ ഉണ്ടാകും. അമ്മ മീറ്റിംഗിൽ ശ്രദ്ധിച്ചോളൂ.”

ചടങ്ങ് തുടങ്ങുകയാണ്. വേദിയിലേക്ക് മീന പ്രവേശിക്കും മുമ്പ് അനിരുദ്ധ് വളരെ സ്‌നേഹത്തോടെ അവളെ ആലിംഗനം ചെയ്‌തു. അവൻ സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോഴാണ് വലതുവശത്തെ സീറ്റിലുളള ആളെ ശ്രദ്ധിച്ചത്. സോഹൻ. അനിരുദ്ധ് അദ്‌ഭുതത്തോടെ മീനയെ നോക്കി. “അമ്മേ, ഇദ്ദേഹമെന്താ ഇവിടെ?” അനിരുദ്ധ് മീനയുടെ ചെവിയിൽ മന്ത്രിച്ചു.

അവൾ തലകുലുക്കി ചെറിയൊരു പുഞ്ചിരിയോടെ അവന്‍റെ തോളത്തുതട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല. സോഹനു നേരെ സന്തോഷ സൂചകമായ ഒരു ചിരിചിരിച്ചുകൊണ്ട് അനിരുദ്ധ് തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നു.

ആ സമയത്താണ് മീനയുടെ ബോസ് അശോക് അങ്ങോട്ട് കടന്നു വന്നത്. ഒരു ജന്‍റിൽമാൻ എല്ലാ രീതിയിലും. നേവിബ്ലൂ കോട്ടിൽ അദ്ദേഹത്തിന് വളരെ ആകർഷകത്വം തോന്നി. മീനയ്‌ക്ക് തന്‍റെ കരിയറിൽ മുന്നേറാൻ അശോക് നല്‌കിയ പ്രോത്സാഹനം അളവറ്റതാണ്. മതിപ്പോടെ മീനയെ നോക്കിക്കൊണ്ട് അശോക് അനിരുദ്ധനോട് പറഞ്ഞു.

“ഹായ്, അനിരുദ്ധ്… ഹൗ ആർ യു? അവധിക്കാലം ആഘോഷിക്കുകയാണോ കൂട്ടുകാർക്കൊപ്പം?” മീനയെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു.

“മീന, ഇന്ന് നിങ്ങൾ രണ്ടുപേരെയും വൈകിട്ട് ഡിന്നറിന് ക്ഷണിക്കുകയാണ്. വരുമല്ലോ? അല്ലേ…” അനിരുദ്ധനോ, മീനയോ മറുപടി പറയും മുമ്പേ, വേദിയിലേക്ക് അശോകിനെ ക്ഷണിക്കുന്നതായ അറിയിപ്പ് വന്നു. അദ്ദേഹം മറുപടിക്ക് കാക്കാതെ പെട്ടെന്ന് തന്നെ വേദിയിലേക്ക് നടന്നു.

അശോക് വിഭാര്യനാണ്. ഏകമകൾ വിവാഹിതയായി ലണ്ടനിലാണ് താമസം. വർഷത്തിലൊരിക്കൽ മകൾ നാട്ടിൽ വരും. ആ സമയത്ത് ഓഫീസും സന്ദർശിക്കും. മീനയ്‌ക്ക് അങ്ങനെ പരിചയമുണ്ട് അശോകിന്‍റെ കുടുംബത്തെ.

ജീവിതത്തിലെ ഇത്തരം അപൂർവ്വ ഘട്ടങ്ങളിൽ പലതും മനസിലേക്കു വരിക സ്വാഭാവികം. ഭൂതകാലത്തിന്‍റെ തിരയിളക്കത്തിൽ മെല്ലെ ചാഞ്ചാടി ഒഴുകുമ്പോഴും, അവളുടെ മനസിൽ ദുഃഖം തോന്നിയതേയില്ല. കണ്ണുകളിൽ നീർപൊടിഞ്ഞിട്ടില്ല, ഹൃദയത്തിൽ കയ്‌പുരസം രുചിച്ചതുമില്ല. എല്ലാം തൊട്ടുമുന്നിലെ തിരശീലയിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ മാത്രം, അത് സ്വന്തം ജീവിതമേയല്ല.

ഓരോ അനുഭവങ്ങളും അവളെ കടുത്ത യാഥാർത്ഥ്യങ്ങളെ സമചിത്തതയോടെ നേരിടാൻ പഠിപ്പിച്ചു. ഇപ്പോൾ കഴിഞ്ഞുപോയ കാലത്തെക്കുറിച്ചോർത്ത് സങ്കടപ്പെടാറില്ല മീന.

ഇപ്പോഴത്തെ ജീവിതവും താൻ ഇഷ്‌ടപ്പെടുന്നുണ്ട്. ഒരുപക്ഷേ പണ്ടത്തേതിലും. ഇതിന് സോഹനും ഉത്തരവാദിയാണ്, അറിയാതെ ആണെങ്കിലും. ജീവിതത്തെ ഒറ്റയ്‌ക്കു നേരിടാൻ പ്രേരിപ്പിച്ചത് സോഹന്‍റെ തീരുമാനമാണ്. ആ തണലിൽ കഴിഞ്ഞപ്പോൾ സ്വന്തം കഴിവുകളെക്കുറിച്ച് താൻ ബോധവതിയായിരുന്നില്ല. ഇപ്പോൾ വലിയ രൂപാന്തരമാണ് സംഭവിച്ചത്. ഒരു വൻമാറ്റം.

ഇപ്പോൾ സോഹൻ തന്‍റെ തൊട്ടടുത്തിരിക്കുമ്പോഴും ഒട്ടും അടുപ്പം തോന്നാതെ, എന്നാൽ ഒട്ടും വെറുപ്പില്ലാതെ ഇങ്ങനെ പെരുമാറാൻ കഴിയുന്നത് മനസിൽ ഒട്ടും കാലുഷ്യമില്ലാത്തു കൊണ്ടാണ്. അതുകൊണ്ടാണ് ഈ ചടങ്ങിലേക്ക് സോഹനെ ക്ഷണിച്ചത്. അനിരുദ്ധ് അതെങ്ങനെ ഉൾക്കൊള്ളും എന്നറിയില്ല.

സദസിൽ നിന്ന് പെട്ടെന്ന് ഉയർന്ന കയ്യടിയാണ് മീനയെ വീണ്ടും വർത്തമാനകാലത്തിലേക്ക് കൊണ്ടുവന്നത്. തന്‍റെ പേര് വിളിച്ചിരിക്കുന്നു. മീന ആത്മവിശ്വാസത്തോടെ വേദിയിലേക്ക് നടന്നു. അവളുടെ മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. ആദ്യത്തെ സ്‌കൂൾ പ്രൈസ് വാങ്ങാൻ കയറിയ ആ ചെറിയ പെൺകുട്ടിയുടെ അതേ മനസാണല്ലോ ഇപ്പോഴും തനിക്കെന്ന് മീന ഓർമ്മിച്ചു.

അശോക് അവൾക്ക് മനോഹരമായ ഒരു ട്രോഫി സമ്മാനിച്ചു. ഹാൾ പ്രകമ്പനം കൊണ്ട കരഘോഷത്തിനിടയിൽ അശോകിന്‍റെ കൈയിൽ നിന്ന് മൈക്ക് സ്വീകരിച്ച് മീന സദസിനെ നോക്കി കൈകൂപ്പി. അവൾ അനിരുദ്ധിനെ ശ്രദ്ധിച്ചു. അഭിമാനം കൊണ്ട് തിളങ്ങി നിൽക്കുകയാണ് അവന്‍റെ മുഖം… തന്‍റെ പ്രിയപ്പെട്ട മകൻ…

മീന ആദ്യം നന്ദി പറഞ്ഞത് അശോകിനും തന്‍റെ സഹപ്രവർത്തകർക്കുമാണ്.

“ഈ ഒരു നേട്ടം, ഈ ആദരവ് ഇതെല്ലാം എനിക്കു ലഭിച്ചതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു, പ്രത്യേകിച്ച് എന്‍റെ ബോസ് മിസ്‌റ്റർ അശോക്, എന്‍റെ സഹപ്രവർത്തകർ, ഇവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും ഈ നേട്ടത്തിന് അർഹയാവുകയില്ല.

വർഷങ്ങൾ നീണ്ട എന്‍റെ സഹനങ്ങളെക്കുറിച്ച് ഈ അവസരത്തിൽ ഞാൻ ഓർത്തുപോവുകയാണ്. അത് ഞാൻ ഈ വേദിയിൽ പങ്കുവയ്‌ക്കാൻ ആഗ്രഹിക്കുന്നു. ജീവിതപ്രതിസന്ധികളിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ. ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. അതിനിടയിൽ ഉണ്ടാകുന്ന വെല്ലുവിളികളെ പോസിറ്റീവ് ആയി സമീപിക്കണം.”

അവൾ ഒരു നിമിഷം നിർത്തി, ചുറ്റും വീക്ഷിച്ചു. അപ്പോൾ എല്ലാ കണ്ണുകളും തന്നിലാണ് എന്ന് മീന അറിഞ്ഞു. സന്തോഷം കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടയ്‌ക്കാതെ അവൾ തുടർന്നു. സ്വയം വെല്ലുവിളിക്കൂ, സ്വന്തം കഴിവുകളോട്.

ഒരിക്കലും നിങ്ങൾ ശ്രമിച്ചിട്ടില്ലാത്ത തലങ്ങളിലേക്ക്. പിന്നെ സ്വയം ബഹുമാനിക്കാൻ ശീലിക്കുക, സ്വന്തം കഴിവുകളെ അംഗീകരിക്കുക. ഇത്രയും ചെയ്‌താൽ ജീവിതം നിങ്ങളുടെ ആഗ്രഹത്തിനൊത്തു നീങ്ങും. ഞാൻ എന്‍റെ കരിയർ തുടങ്ങുമ്പോൾ എന്‍റെ വഴി നിറയെ പ്രശ്നങ്ങളായിരുന്നു. പക്ഷേ ഓരോ പ്രശ്നങ്ങൾക്കു മുന്നിലും, ആത്മാവിനെ ശക്‌തമായി പിടിച്ചുനിൽക്കാൻ ഞാൻ പഠിച്ചു. അതാണെനിക്ക് മുന്നോട്ട് പോകാനുളള ഈ ഊർജ്‌ജം നല്‌കിയത്.

എന്‍റെ സുഹൃത്തുക്കളേ, സ്വന്തം ഷെല്ലിൽ നിന്ന് പുറത്തുവരാൻ നിങ്ങളും ശ്രമിക്കണം. ചിലപ്പോഴൊക്കെ ജീവിതത്തിന്‍റെ ഏറ്റവും ഇരുളടഞ്ഞ ഘട്ടത്തിൽ നിന്നാണ് ഏറ്റവും തിളക്കമുള്ള പ്രതീക്ഷയുടെ പ്രകാശം തെളിഞ്ഞു വരിക. ഓരോ ദിവസവും ഓരോ ചെറുജീവിതമാണ്, അത് ജീവിക്കാതെ വിട്ടാൽ എന്നേക്കുമായി അപ്രത്യക്ഷമാകുമെന്ന് ഞാൻ മനസ്സിലാക്കി. സോ… താങ്ക്‌യു… ആൾ ഓഫ് യു…! അവൾ പുഞ്ചിരിയോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒരു വലിയ കരഘോഷം കാത്തിരിപ്പുണ്ടായിരുന്നു. ട്രോഫി നെഞ്ചോട് ചേർത്ത് പിടിച്ച് പടികളിറങ്ങുമ്പോൾ, ഒരു വസന്തം തനിക്കൊപ്പം പൂത്തുനിൽക്കുന്നതു പോലെ മീനയ്‌ക്കു തോന്നി.

തന്‍റെ പാദങ്ങൾക്കു ചുറ്റും പനിറത്തിൽ പൂക്കളും പൂമ്പാറ്റകളുമായി വസന്തം…

അഭിനന്ദനങ്ങളുടെ പൂമഴയ്‌ക്കു താഴെ അനിരുദ്ധ് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.

“കൺഗ്രാറ്റ്‌സ് മാ… യു ഡിസർവ് ഇറ്റ്. ഇനി ഒരു കാര്യം കൂടിയുണ്ട്. അശോക് സാറിന്‍റെ ഇൻവിറ്റേഷൻ മറക്കണ്ട. അമ്മ പോകണം. അദ്ദേഹം നല്ല മനുഷ്യനാണ്. അമ്മയെ ഒരുപാട് ഇഷ്‌ടമാണ്. ഇന്നൊരു ദിവസത്തേക്കെങ്കിലും അദ്ദേഹത്തിന്‍റെയൊപ്പം റിലാക്‌സ് ചെയ്യൂ. എന്നെക്കുറിച്ചോർത്ത് ടെൻഷൻ വേണ്ട. ഞാൻ വീട്ടിലുണ്ടാകും. അമ്മ ഡിന്നർ കഴിഞ്ഞിട്ട് വന്നാൽ മതി. അശോകിനെ നോക്കി ചിരിച്ചുകൊണ്ട് അനിരുദ്ധ് ഹാളിലെ ഫുഡ് കൗണ്ടറിലേക്ക് നടന്നു.

എന്‍റെ മകൻ…! പറയാതെ എന്‍റെ മനം അവൻ കണ്ടു. അതിശയിച്ചു നിൽക്കുമ്പോൾ അശോകിന്‍റെ സ്വരം, സോ… ഷാൽ… വീ…?

മീന പുഞ്ചിരിയോടെ തലകുലുക്കി. ഇപ്പോൾ അവൾ വീണ്ടും അതിശയിച്ചു. ജീവിതത്തിന്‍റെ ഈ നിമിഷം തന്നെ എങ്ങോട്ടാണ് നയിക്കുന്നത്?

और कहानियां पढ़ने के लिए क्लिक करें...