സ്ത്രീത്വത്തിന്‍റെയും മാതൃത്വത്തിന്‍റെയും പ്രതീകമാണ് സ്തനങ്ങൾ. കുഞ്ഞിനെ പാലൂട്ടുകയെന്ന മുഖ്യ ധർമ്മത്തിനൊപ്പം അതിന് സൗന്ദര്യ, ലൈംഗിക ആകർഷകത്വമെന്ന ജൈവധർമ്മം കൂടിയുണ്ട്. ശരീരത്തിലെ മറ്റേതൊരു അവയവത്തെ പോലെയും സ്തനങ്ങളുടെ സംരക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കല്ലിപ്പ്, തടിപ്പ്, മുഴകൾ എന്നുവേണ്ട സ്തനങ്ങളിൽ പ്രകടമാകുന്ന മാറ്റങ്ങൾ പോലും വിദഗ്ദ്ധ പരിശോധനയിലൂടെ അപകടമില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാൽ സ്തനങ്ങളിലുണ്ടാവുന്ന ചെറിയ വ്യതിയാനം പോലും സ്തനാർബുദത്തിന്‍റേതാണെന്ന് തെറ്റിദ്ധരിക്കയുമരുത്.
ചുരുക്കം ചിലരെ ബാധിക്കുന്ന ഒരു മാരകരോഗമായിരുന്നു മുമ്പ് സ്തനാർബുദം. എന്നാലിപ്പോഴാകട്ടെ വളരെ വ്യാപകമായി കാണുന്ന ഒരു സാധാരണ രോഗമായി അത് മാറിക്കഴിഞ്ഞു. ക്യാൻസറുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും സ്തനാർബുദം തന്നെ. 15-20 വർഷങ്ങൾക്കുമുമ്പ് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള അറിവ് പരിമിതമായിരുന്നു. അതിനാൽ ക്യാൻസർ മൂലം ജീവഹാനിയുണ്ടാവുന്നവരുടെ എണ്ണവും കൂടുതലായിരുന്നു. എന്നാൽ മുമ്പത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ രോഗത്തെക്കുറിച്ച് മികച്ച അവബോധവും ഉണ്ടായിട്ടുണ്ട്. കൂടാതെ ഇതിന് കൃത്യമായ പരിശോധനകളും നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഭൂരിഭാഗം സ്തനാർബുദവും ഇന്ന് ഭേദമാക്കാനാവുന്നുണ്ട്.
ഘടന
കൊഴുപ്പടങ്ങിയ തന്തുക്കളാൽ നിർമ്മിതമായ പാൽ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണ് സ്തനങ്ങൾ. മുന്തിരിക്കുലകൾ കണക്കെ കാണപ്പെടുന്ന ഈ ഗ്രന്ഥികൾ ഓരോ സ്തനത്തിലും 15-25 വരെയാണുള്ളത്. ഇതിൽ ഗർഭകാലത്തുതന്നെ മുലപ്പാൽ ഉൽപാദനപ്രക്രിയയും തുടങ്ങും. കുഞ്ഞുണ്ടായ ശേഷം ഗ്രന്ഥികളോടു ചേർന്നുള്ള നാളികളിലൂടെ മുലപ്പാൽ ഊട്ടുമ്പോൾ പുറത്തേക്കു വരും.
നിപ്പിളിനു ചുറ്റുമുള്ള ഭാഗത്താണ് മോണ്ട്ഗോമറി ഗ്രന്ഥികളുള്ളത്. മുലയൂട്ടുന്ന അവസരത്തിൽ എണ്ണമയമുള്ള പദാർത്ഥം നിർഗമിക്കുന്നതിലൂടെയാണ് സ്തനാരോഗ്യം നിലനിൽക്കുന്നത്. സാധാരണയായി സ്തനങ്ങളിൽ നീരുവരാറുണ്ട്. ഇത് പല കാരണങ്ങൾ മൂലമുണ്ടാവാം. ഇതിൽ അപകടകരമായവയും അല്ലാത്തവയും ഉണ്ട്. സ്തനത്തിലെ അണുബാധ, മുറിവ്, മുഴകൾ, ക്യാൻസർ എന്നിവ കാരണവും ഇതുണ്ടാവാം.
അണുബാധ
മുലയൂട്ടുന്ന അമ്മമാരിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. ഈ അവസ്ഥയെ മെസ്റ്റെറ്റിസ് എന്ന് വിശേഷിപ്പിക്കുന്നു. നിപ്പിളിനോട് ചേർന്നുള്ള ഭാഗം മൃദുവാണെന്നതിനാൽ മുലയൂട്ടുന്നവരിൽ ഈ ഭാഗത്ത് നേരിയ വരകളോ മുറിവുകളോ ഉണ്ടാവാം. ഇതിലൂടെ ബാക്‌ടീരിയ പ്രവേശിക്കുന്നതിനുള്ള സാദ്ധ്യതയേറെയാണ്.
ബാക്‌ടീരിയയുടെ സാന്നിദ്ധ്യം മൂലം ഈ ഭാഗം ചുവന്നു തടിക്കുകയോ കുരുക്കൾ പ്രത്യക്ഷപ്പെടുകയോ ചെയ്യാം. ഇൻഫക്ഷനുണ്ടായി രണ്ട് മൂന്ന് ദിവസങ്ങൾക്കകം തന്നെ നേരിയ നീരനുഭവപ്പെടാം.
മുറിവ്
വീഴ്ചയോ മുറിവോ ഉണ്ടായാലും തന്തുക്കളിലെ രക്‌തകോശങ്ങൾക്ക് ക്ഷതമുണ്ടാവാം. ഇതിലൂടെ രക്‌തപ്രവാഹം തടസ്സപ്പെട്ട് രക്‌തം കട്ടപിടിക്കാൻ ഇടയാക്കും. ഫാറ്റ് നെക്രോസിസ് എന്ന ഈ അവസ്ഥയിലും നീര് ഉണ്ടാകാം. ഇത് ആന്‍റിബയോട്ടിക് മരുന്ന് കഴിച്ച് സുഖപ്പെടുത്താനാവുമെങ്കിലും ഡോക്ടറുടെ വിദഗ്ദ്ധ ഉപദേശം ആരായുന്നത് നല്ലതാണ്.
ക്യാൻസർ അല്ലാത്ത മുഴകൾ
സ്തനാർബുദത്തിന്‍റെ സാധാരണ ലക്ഷണം സ്തനത്തിലുണ്ടാവുന്ന മുഴയാണ്. എന്നാൽ എല്ലാ മുഴകളും ക്യാൻസറാവണമെന്നില്ല. ഈ മുഴകൾ ശരീരത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നില്ല.
ഫൈബ്രോ ഡെനോമസ്സ്: ഈ മുഴകൾ പൊതുവേ വേദനാരഹിതവും മൃദുവുമായിരിക്കും. 30-35നുമിടയ്ക്കുള്ള സ്ത്രീകളിലാണ് പൊതുവേ ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നത്.
വെള്ളം നിറഞ്ഞ മുഴകൾ: മാസമുറയോടടുത്ത് വലുതാവുകയും പിന്നീട് ചെറുതാവുകയും ചെയ്യുന്ന മൃദുവായ മുഴകളാണിത്. സ്തനത്തിലെ ചില ചെറു കോശങ്ങളുടെ വളർച്ച മൂലം ദ്രവം നിറയുന്നുവെന്നതിനാലും ഇരു സ്തനങ്ങളിലും നീരുണ്ടാവാം.
ഫൈബ്രോസിസ്റ്റിക്ക് ചേയ്ഞ്ച്: വളരെ സെൻസിറ്റീവായ ശരീരാവയവമാണ് സ്തനങ്ങളെന്നതിനാൽ ഈ ഭാഗത്ത് ഹോർമോൺ വ്യതിയാനങ്ങളും ദ്രുതഗതിയിലാവും നടക്കുന്നത്. വേദനാജനകമായ അവസ്ഥയാണിതെങ്കിലും ആശങ്കപ്പെടേണ്ടതില്ല.
സ്തനാർബുദ ലക്ഷണങ്ങൾ
- സ്തനത്തിൽ തടിപ്പോ മുഴയോ ഉണ്ടാകുന്നത്.
- സ്തനത്തിൽ നിന്നും രക്‌തമയമുള്ള സ്രവമുണ്ടാകുന്നത്.
- വേദനയില്ലാത്ത സ്തന മുഴകൾ. എന്നാൽ 6 ശതമാനം മുഴകൾ വേദനാജനകമാവാം.
- സ്തനത്തിന്‍റെ മൃദുലതയിലുള്ള വ്യത്യാസം.
- കക്ഷത്തിൽ തടിപ്പ്.
- കയ്യിൽ അകാരണമായി നീര്.
- മുലക്കണ്ണ് ഉള്ളിലേക്ക് വലിയൽ.
- ഒരു സ്തനത്തിനു മറ്റേതിനെ അപേക്ഷിച്ച് വലിപ്പം കൂടുകയോ
ഒരെണ്ണം കൂടുതൽ തൂങ്ങി നിൽക്കുകയോ ചെയ്യുന്നത്.
ജനിതക കാരണങ്ങൾ
കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ വരും തലമുറക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രായമേറുന്നതിനനുസരിച്ച് രോഗ സാദ്ധ്യതയുമേറാം. പാരമ്പര്യ കാരണങ്ങൾ കൊണ്ട് സ്തനാർബുദം വരുന്നതിനു പിന്നിലെ ജനിതക ഘടകങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പാരമ്പര്യമായുണ്ടാവുന്ന സ്തനാർബുദങ്ങൾക്കു പിന്നിലുള്ള ബിആർസിഎ1,2 എന്നീ ജീനുകളെ തിരിച്ചറിയാനും അവയുള്ളവരിൽ രോഗ സാദ്ധ്യത മുൻകൂട്ടി കണ്ടെത്താനും കഴിയും.
റേഡിയോ തെറാപ്പി
മറ്റേതെങ്കിലും തരത്തിലുള്ള ചികിത്സയ്ക്കായി ബ്രെസ്റ്റിൽ റേഡിയോ തെറാപ്പി ട്രീറ്റ്മെന്‍റ് എടുത്തിട്ടുണ്ടെങ്കിൽ സ്തനാർബുദ സാദ്ധ്യതയേറും.
പരിശോധനയിലെ അന്തരം
മുമ്പ് നടത്തിയ ബയോപ്സി പരിശോധനകളുടെയും തുടർന്ന് നടത്തിയ സ്തന പരിശോധനയുടേയും ഫലത്തിൽ കാര്യമായ അന്തരമുണ്ടാവുക. ഈയൊരവസ്ഥയിൽ കഴിവതും വേഗം ഡോക്ടറുടെ സഹായമാരായാം.
ഡക്റ്റൽ കാർസിനോമാ ഇൻ സിതു
കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച. ചിലപ്പോൾ പാൽ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികൾ വരെ ചുരുങ്ങും. ഇത് സ്തനാർബുദത്തിന്‍റെ തുടക്കമായി കരുതാം. ഇതിൽ ആശങ്കപ്പെടേണ്ടതില്ല. കൃത്യമായ ചികിത്സ ലഭ്യമാണ്.
ലോബുലർ കാർസിനോമാ ഇൻ സിതു
പാൽ ഉൽപാദിപ്പിക്കുന്ന നാളികളിൽ ക്രമാതീതമായി തന്തുക്കൾ പ്രവേശിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാവുന്നത്. ഇത് ഡിസിഐഎസ്നോളം അപകടകാരിയല്ല. എന്നിരുന്നാലും ചികിത്സ തേടാതിരിക്കുന്നത് ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
പ്രോലിഫ്രേഷൻ ഡിസീസ്
കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെങ്കിൽ കൂടി ഭാവിയിൽ ക്യാൻസർ വരാനുള്ള സാദ്ധ്യതയെ സൂചിപ്പിക്കുന്നതാണിത്. സാധാരണവും അസാധാരണവുമായ കോശങ്ങളുടെ അനിയന്ത്രിതമായ വർദ്ധനവുമൂലമാണ് ഈ സ്ഥിതി സംജാതമാവുന്നത്.
സ്വയം പരിശോധന
എല്ലാമാസവും ആർത്തവത്തിനുശേഷം ഏതെങ്കിലുമൊരു ദിവസം സ്വയം പരിശോധിക്കുക. ആർത്തവ സമയത്തോ അതിനുമുമ്പോ പരിശോധിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്. കാരണം ആർത്തവ സമയത്തുണ്ടാവുന്ന ഹോർമോൺ വ്യതിയാനം കാരണം ചില സ്ത്രീകളിൽ നീർക്കെട്ടുണ്ടാകാറുണ്ട്. ഇത് മുഴയായി തെറ്റിദ്ധരിക്കാം.
ഇടതു സ്തനം പരിശോധിക്കാൻ വലതു കയ്യും വലതു സ്തനം പരിശോധിക്കാൻ ഇടതുകയ്യും ഉപയോഗിക്കാം. ഇടതു സ്തനം പരിശോധിക്കുന്നതിനു ഇടതു കൈ ഉയർത്തി തലയുടെ പിറകിൽ വയ്ക്കുക. വലതുകയ്യിലെ പെരുവിരൽ ഒഴികെയുള്ള നാലുവിരലുകളുടെ ഉൾവശം കൊണ്ട് വൃത്താകൃതിയിൽ സ്തനങ്ങളിൽ ഓടിച്ചുനോക്കുക. കക്ഷഭാഗവും പരിശോധിക്കണം. ഇതേപോലെ വലതു സ്തനവും പരിശോധിക്കണം.
മുലഞെട്ടിൽ അമർത്തി എന്തെങ്കിലും സ്രവം വരുന്നുണ്ടോയെന്നു നോക്കുക. ഇതിനു പുറമേ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
മുമ്പ് കണ്ടിരുന്നതിനേക്കാൾ സ്തനത്തിൽ കൂടുതലായി ഞരമ്പുകൾ തെളിഞ്ഞു കാണുക, സ്തനങ്ങളുടെ വലിപ്പത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാവുക, എതെങ്കിലും ഭാഗത്ത് പ്രകടമായ കല്ലിപ്പ്, മുലക്കണ്ണിന്‍റെ ആകൃതിയിലും നിറത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ ഇവ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും ഡോക്‌ടറെ കാണണം.
സ്വയം സ്തന പരിശോധന പൂർണ്ണമായും ശാസ്ത്രീയമാകണമെന്നില്ല
ഏറ്റവും സുരക്ഷിതം ക്ലിനിക്കൽ പരിശോധനയാണ്.മാമോഗ്രാം ടെസ്റ്റ്സ്തനാർബുദ നിർണയത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന സർവ്വ സാധാരണമായ ഒരു എക്സറേ പരിശോധനയാണ് മാമോഗ്രാം.
തീവ്രത കുറഞ്ഞ എക്സറേ കിരണങ്ങൾ ഉപയോഗിച്ച് സ്തന പേശികളിൽ സൂക്ഷ്മ പരിശോധന നടത്തുകയാണ് ഇതിൽ ചെയ്യുന്നത്. തൊട്ടുനോക്കിയാൽ അറിയാൻ കഴിയാത്ത മാറ്റങ്ങൾ പോലും ഈ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും. 30 വയസ്സ് പിന്നിട്ട സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. രോഗസാദ്ധ്യതയില്ല എന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പരിശോധന എന്ന നിലയിൽ കരുതിയാൽ മതി. ചിലരിൽ കാത്സ്യത്തിന്‍റെ ചെറു നിക്ഷേപങ്ങൾ നിരുപദ്രവമെന്നു തോന്നാമെങ്കിലും പിന്നീടത് ക്യാൻസറായി മാറിയെന്നു വരാം.
സ്തനങ്ങളിൽ ഒരു മുഴ കണ്ടാലുടൻ ക്യാൻസർ എന്നു തീരുമാനിക്കുകയില്ല. ബയോപ്സി പോലുള്ള വിശദ പരിശോധനകൾക്ക് ശേഷമേ ക്യാൻസറാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്താനാവൂ.
ബയോപ്സി: രോഗിയ്ക്ക് ചെറിയ മയക്കം നൽകിയശേഷം സ്തനങ്ങളിൽ മുഴയുള്ള ഭാഗത്തു നിന്നു കോശമെടുത്ത് പരിശോധന നടത്തുന്ന രീതിയാണിത്. ട്രൂകട്ട് ബയോപ്സി നീഡിൽ ഉപയോഗിച്ചാണ് കോശങ്ങൾ എടുക്കുന്നത്.
അൾട്രാ സൗണ്ട്: മൃദുവായ മുഴകൾ, കല്ലിച്ച മുഴകൾ തമ്മിലുള്ള വ്യത്യാസമറിയുന്നതിനു ഉത്തമമായ രീതിയാണിത്.
എം.ആർ.ഐ സ്കാനിംഗ്: റേഡിയോ മാഗ്നറ്റിക് കിരണങ്ങൾ ഉപയോഗിച്ച് ശരീരത്തിന്‍റെ ആന്തരിക അവയവങ്ങളുടെ ചിത്രമെടുക്കുന്ന രീതിക്ക് ഇപ്പോൾ പ്രചാരമേറുകയാണ്. ക്യാൻസർ ബാധയുള്ള ഭാഗത്ത് രക്‌തസഞ്ചാരം അധികമായിരിക്കും. ശരീരത്തിന്‍റെ ഏതുഭാഗത്താണ് ക്യാൻസർ എന്ന് എളുപ്പം തിരിച്ചറിയാം.
നീര്/ മുഴകൾക്കുള്ള ട്രീറ്റ്മെന്‍റ്
- മുലയൂട്ടുന്ന അമ്മമാരിൽ സ്തനങ്ങളിൽ നീരുണ്ടാവുന്നതു സാധാരണമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മസാജിംഗിലൂടെയോ, ചൂടുപിടിച്ചോ, മരുന്നുകൾ ഉപയോഗിച്ചോ രോഗം ഭേദമാക്കാനാവും.
- സ്തനചർമ്മത്തിൽ വിട്ടുമാറാത്ത അണുബാധയുണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക. സാധാരണ ആന്‍റിബയോട്ടിക്ക് മരുന്ന് കൊണ്ട് രോഗം ഭേദപ്പെടാം. സ്വയം ചികിത്സ അരുത്.
- വിദഗ്ദ്ധ പരിശോധനകൾക്കുശേഷം ക്യാൻസറാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടാം. കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഹോർമോൺ തെറാപ്പി എന്നിവയ്ക്കു പുറമേ മുഴയുടെ വലിപ്പം, അവസ്ഥ എന്നിവ കണക്കിലെടുത്ത് സർജറിയും നിർദ്ദേശിക്കാറുണ്ട്.
ധാരണ
കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ക്യാൻസറില്ലെന്നതിനാൽ തനിക്കും ക്യാൻസർ വരാൻ സാദ്ധ്യതയില്ലെന്ന് കരുതരുത്. എന്നാൽ ക്യാൻസർ ബാധിച്ച 80 ശതമാനം സ്ത്രീകളും ക്യാൻസർ ബാധയുടെ കുടുംബപശ്ചാത്തലമുള്ളവരായിരുന്നില്ല. അതിനാൽ ഈ ധാരണ വെച്ചു പുലർത്താതെ സംശയം തോന്നുന്ന പക്ഷം ഡോക്ടറെ കാണുക.
- 30-40 വയസ്സുള്ളവരിലും ചെറുപ്പക്കാർക്കുമൊന്നും ക്യാൻസർ വരില്ല എന്ന ഒരു ധാരണയുണ്ട്. എന്നാൽ ഒരു സർവ്വേ റിപ്പോർട്ട് അനുസരിച്ച് 25 ശതമാനം ബ്രെസ്റ്റ് ക്യാൻസർ കേസുകളും 40-45നും ഇടയ്ക്ക് പ്രായമുള്ളവരിലാണ് കണ്ടിരുന്നത്.
- മാമോഗ്രാം ടെസ്റ്റ് വേദനാജനകമാണെന്നു ഭയപ്പെടുന്നവരുമുണ്ട്. പക്ഷേ വാസ്തവമിതല്ല. ഇതിൽ രോഗിയ്ക്ക് സഹിക്കാവുന്നത്ര സമ്മർദ്ദമേ നൽകുന്നുള്ളൂ.
- സ്വയം ആരോഗ്യവതിയാണെന്ന ധാരണയിൽ പലപ്പോഴും സ്ത്രീകൾ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാറുണ്ട്. ചിട്ടയായ ദിനചര്യകളാലോ ഭക്ഷണത്താലോ ക്യാൻസർ രോഗം ചെറുക്കാനാവില്ല. ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ആവശ്യമായ പരിശോധന നടത്തി ചികിത്സ തേടണം.