മകളോ മകനോ വിവാഹ പ്രായമെത്തിയാൽ അച്‌ഛനമ്മമാർ കല്ല്യാണാലോചനകൾ തുടങ്ങുകയായി. വരന്‍റേയും വധുവിന്‍റേയും കുടുംബ പരിസ്‌ഥിതി, ജോലി, സ്വഭാവം, വ്യക്‌തിത്വം, സാമ്പത്തിക നിലപാട്, രണ്ട് കുടുംബങ്ങളും തമ്മിലുള്ള ചേർച്ച എന്നിങ്ങനെ ഒട്ടേറെ വസ്‌തുതകൾ കണക്കിലെടുത്തുകൊണ്ടാണ് നാം വിവാഹ ബന്ധങ്ങൾ ഉറപ്പിക്കുന്നത്. പക്ഷേ വധൂവരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്പൊരുത്തം കൂടി നോക്കേണ്ടത് വളരെ അത്യാവശ്യമാണ്.
കല്ല്യാണം കഴിക്കാതെ യുവതീയുവാക്കൾ ഒന്നിച്ചു താമസിക്കുക (live in relationship), വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം (premarital sex), മദ്യപാനവും പുകവലിയും ലഹരി പദാർത്ഥ സേവനവും പോലുള്ള ദുശീലങ്ങൾ എന്നിവ ആധുനിക ജീവിതശൈലിയുടെ ഒരു ഭാഗമായിത്തീർന്നിരിക്കുകയാണല്ലോ. ഇത്തരം ജീവിതശൈലി കൊണ്ട് വിവിധ രോഗങ്ങൾ ഉണ്ടാവുകയും (എയ്‌ഡ്‌സ്, ലൈംഗിക രോഗങ്ങൾ തുടങ്ങിയവ) അവ ഭാവി ജീവിത പങ്കാളിയിൽ നിന്നും മറച്ചു പിടിക്കുകയും ചെയ്‌താൽ പിന്നീട് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാം. ഹൃദ്രോഗവും എയ്‌ഡ്‌സ് പോലുള്ള രോഗങ്ങളും മരണത്തിനിടയാക്കാം. ചിലതരം ജനിതക രോഗങ്ങളും കുടുംബപാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങളും കുട്ടികളിലും ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് വിവാഹത്തിനു തയ്യാറെടുക്കുന്നതിനു മുമ്പ് വധൂവരന്മാരുടെ ആരോഗ്യ പരിശോധനകൾ നടത്തണം.
എന്താണ് വിവാഹത്തിനു മുമ്പുള്ള ആരോഗ്യ പരിശോധന
ജനിതകമായി ലഭിക്കുന്ന രോഗങ്ങൾ, കുടുബത്തിൽ നിന്നും പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങൾ, പങ്കാളിയിലേക്ക് പകരാനിടയുള്ള ലൈംഗിക രോഗങ്ങൾ. രക്‌തഗ്രൂപ്പുകളുടെ പൊരുത്തക്കേട്, പ്രമേഹം, വൃക്കയുടെ രോഗങ്ങൾ, വന്ധ്യത, ലൈംഗിക ശേഷിക്കുറവ്, മന്ദബുദ്ധി, അപസ്‌മാരം, മാനസിക രോഗങ്ങൾ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളും പ്രശ്നങ്ങളും ഭാവിയിൽ ദാമ്പത്യ ജീവിതത്തെ ബാധിക്കാനും ഒരുപക്ഷേ വിവാഹ മോചനം വരെയെത്താനുമിടയുണ്ട്.
വരനോ വധുവിനോ ഇത്തരം രോഗങ്ങളുണ്ടോ എന്നു മുൻകൂട്ടി കണ്ടുപിടിക്കാനാണ് ആരോഗ്യ പരിശോധന നടത്തുന്നത്. ഇതിനെപ്പറ്റി വിഷമിക്കേണ്ട കാര്യമില്ല, ഇൻഷുറൻസിൽ ചേരുന്നതിനു മുമ്പും വിദേശ യാത്രയ്‌ക്കു മുമ്പും ജോലികളിൽ ചേരുന്നതിനു മുമ്പും പോലീസിലോ സൈന്യത്തിലോ ചേരുന്നതിനു മുമ്പും മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് സാധാരണയാണല്ലോ. അതുപോലെ വിജയകരമായ ദാമ്പത്യബന്ധം നിലനിൽക്കാൻ വിവാഹപൂർവ്വമായ ആരോഗ്യപരിശോധന (premarital screening) ഉപകാരപ്രദമാണ്.
എപ്പോഴാണ് പരിശോധന നടത്തേണ്ടത്?
പ്രായപൂർത്തിയെത്തിയ സ്‌ത്രീപുരുഷന്മാർക്ക് ഏതു സമയവും ആരോഗ്യപരിശോധനകൾ നടത്താവുന്നതാണ്. കല്ല്യാണത്തിന് 6 മാസം മുമ്പ് നടത്തുന്നതാണ് നല്ലത്. പരിശോധനയിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമോ രോഗമോ കണ്ടുപിടിക്കപ്പെട്ടാൽ അവ നിസ്സാരമായ ശസ്‌ത്രക്രിയയോ മരുന്നോ മനശാസ്‌ത്രപരമായ കൗൺസിലിങ്ങോ കൊണ്ട് ഭേദമാക്കാവുന്നവയാണ്. ഉദാ: ലൈംഗികശേഷിക്കുറവ്, ഹെർണിയ, അടഞ്ഞു നിൽക്കുന്ന കന്യാചർമ്മം തുടങ്ങിയവ ഗൗരവമേറിയ പ്രശ്നങ്ങളാണെങ്കിൽ വിവാഹം വേണ്ടെന്നു വയ്‌ക്കുകയും ചെയ്യാം.
പരിശോധനകൾ: പൊതുവെ താഴെപ്പറയുന്ന പരിശോധനകളാണ് നടത്തുന്നത്
പുരുഷന്മാർക്ക് : പൂർണ്ണമായ രക്‌ത പരിശോധന (complete heamogram), രക്‌തഗ്രൂപ്പുകളും ആർ.എച്ച് ഘടകവും (blood grouping & RH typing), രക്‌തത്തിലെ പഞ്ചസാര അളക്കാനുള്ള പരിശോധനകൾ, ലൈംഗികമായി പകരാനിടയുള്ള രോഗങ്ങളെ തിരിച്ചറിയാനുള്ള പരിശോധനകൾ(VDRL, HIV, Hbs Ag), മൂത്ര പരിശോധന ( urine routine - വൃക്ക രോഗങ്ങളും മൂത്രനാളി, മൂത്രസഞ്ചി എന്നിവയിലെ രോഗങ്ങളും മനസ്സിലാക്കാൻ), യൂറോളജിസ്‌റ്റ് നടത്തുന്ന ശുക്ല പരിശോധന (semen analysis).