എങ്കിലും ആശ്വാസ വചനങ്ങൾ ചെവിക്കൊള്ളാതെ ഞാൻ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയിൽ വീണ് പൊട്ടിക്കരയുമ്പോൾ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ അത്താണിയായിരുന്നു അമ്മ… ഇന്നിപ്പോൾ നരേട്ടനില്ലാത്ത നേരത്ത് എനിക്ക് ഏറെ ആശ്വാസമാകുമായിരുന്നു അമ്മ. എന്നാൽ എന്നെ ഉപേക്ഷിച്ച് അമ്മയും കടന്നു പോകുമ്പോൾ, ഹൃദയം വല്ലാതെ പിടഞ്ഞു പോകുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അരുന്ധതി കുഴങ്ങി നിന്നു. പിന്നെ അവർ ഫോണെടുത്ത് അരുണിനെ വിളിച്ചു.

“എനിക്കിന്നു തന്നെ മടങ്ങിപ്പോകണം അരുന്ധതി. അവിടെച്ചെന്നാലുടനെ കേരളത്തിലേയ്ക്കു പുറപ്പെടണം. അരുണിനോടു പറയൂ എനിക്കു വേണ്ടി ഒരു ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യാൻ…” ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു. അരുന്ധതി അരുണിനോടു പറഞ്ഞു.

“നീ ഇപ്പോൾത്തന്നെ മടങ്ങിവരണം. നമ്മൾ മടങ്ങിപ്പോവുകയാണ്.“ മാഡത്തിന്‍റെ അമ്മ മരിച്ചു പോയി…” അപ്പോഴേയ്ക്കും സമയം ഉച്ചയോടടുത്തു. അൽപം കഴിഞ്ഞപ്പോൾ അരുണും കൂട്ടരും തിരിച്ചെത്തി. അവർ മല കയറാൻ തുടങ്ങിയതേ ഉള്ളൂ… അതുകൊണ്ടാണ് വേഗം തിരിച്ചെത്തിയത്. ഉച്ചയ്ക്ക് ഞാനൊഴിച്ച് മറ്റെല്ലാവരും ആഹാരം കഴിച്ചു. തിരിച്ചുള്ള യാത്ര അൽപം വേഗത്തിലായിരുന്നു. അരുൺ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. അവനും മാനസികമായി ഏതോ അസ്വസ്ഥതയുടെ പിടിയിലാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കവന്‍റെ കണ്ണു നിറയുന്നുണ്ടോ എന്നും സംശയം തോന്നി. പക്ഷെ ഞാനോ അരുന്ധതിയോ അവനോട് എന്തെങ്കിലും ചോദിച്ചറിയാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല.

ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പക്ഷെ രാത്രിയിലെ ഫ്ളൈറ്റിൽത്തന്നെ കേരളത്തിലേയ്ക്ക് പോകാൻ ഞാനൊരുങ്ങി. അരുൺ പറഞ്ഞു.

“പുലർച്ചെ ഒരു ഫ്ളൈറ്റുണ്ട് മാഡം. അതിനു പോകാം. രാത്രിയിൽ മാഡം ഒറ്റയ്ക്ക് നെടുമ്പാശ്ശേരിയിലെത്തിയാൽ എറണാകുളത്തേയ്ക്കുള്ള യാത്ര വിഷമമാകും.”

അരുണിന്‍റെ നിർദ്ദേശമനുസരിച്ച് പുലർച്ചെയ്ക്കുള്ള ഫ്ളൈറ്റിനു ബുക്കു ചെയ്‌തു. അരുൺ കൂടെ വരാമെന്നു പറഞ്ഞു. ഒറ്റയ്ക്കു പോകേണ്ടെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ രണ്ട് ടിക്കറ്റിന് ബുക്കു ചെയ്‌തു.

യാത്ര പുറപ്പെടുമ്പോൾ അരുന്ധതി സമാശ്വസിപ്പിച്ചു. മാഡം കരയരുത്. എന്തിനേയും നേരിടാനുള്ള ധൈര്യം നമുക്കുണ്ടാവണം. വിധിയുടെ താഢനമേറ്റ് തളർന്നു വീഴുമ്പോഴും കരയാതെ പിടിച്ചു നിൽക്കാൻ നമുക്കു കഴിയണം. പലപ്പോഴും ജീവിതം ഇങ്ങിനെയൊക്കെയാണ്. മാഡത്തെപ്പറ്റി ഞാൻ കരുതിയത് നല്ല ഉൾക്കരുത്തുള്ള ഒരു സ്ത്രീ എന്നാണ്. എന്നാലിപ്പോൾ മാഡം എന്‍റെ ധാരണകൾ തിരുത്തിയിരിക്കുന്നു.

“ശരിയാണ് അരുന്ധതി, ഒരു കാലത്ത് എനിക്ക് നല്ല ഉൾക്കരുത്തുണ്ടായിരുന്നു…” അങ്ങിനെ പറയണമെന്നു തോന്നി. പക്ഷെ ഒന്നും പറയാതെ ആ കൈപിടിച്ചമർത്തി ഞാൻ യാത്ര ചോദിച്ചു. പുലരുമ്പോൾ അരുന്ധതി വീടു പൂട്ടി താക്കോലുമായി സ്വന്തം വീട്ടിലേയ്ക്കു പോകുമെന്നു പറഞ്ഞു.

“രാമേട്ടനെ വിശ്വസിക്കാം… താക്കോൽ രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തോളൂ…” ഞാനറിയിച്ചു.

“എന്നാൽ ശരി രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തേയ്ക്കാം. മാഡം തിരികെയെത്തുമ്പോൾ വാങ്ങിക്കോളൂ…” അരുന്ധതി പറഞ്ഞു.

അരുൺ കൂടെയുള്ളപ്പോൾ ഒന്നും പേടിയ്ക്കെണ്ടെന്നും സമാശ്വസിപ്പിച്ചു.

അരുൺ വിളിച്ചു വരുത്തിയ ടാക്സിയിൽ എയ്റോ ഡ്രോമിലേയ്ക്കു യാത്ര പുറപ്പെടുമ്പോൾ മനസ്സ് സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ഈശ്വരൻ തന്നെ തനിച്ചാക്കുന്നില്ലല്ലോ എന്നോർത്ത് സമാശ്വസിച്ചു.

കൈവിട്ടു പോകുന്ന മരച്ചില്ലകൾക്കു പകരം ഈശ്വരൻ കൈനീട്ടിത്തരുന്ന മറ്റു ചില പുൽനാമ്പുകൾ… അതിലൊന്നാണ് അരുണും, അരുന്ധതിയും… ആ പുൽനാമ്പുകളിൽ പിടിച്ച് എനിക്ക് അക്കരെയെത്താം സുരക്ഷിതമായി. പ്രളയ ജലത്തിൽ മുങ്ങിപ്പോകാതെ അവർ എന്നെ കാത്തു കൊള്ളും. മനസ്സു മന്ത്രിച്ചു.

ചെക്ക് ഇൻ ചെയ്‌തു കഴിഞ്ഞ് ഡിപ്പാർച്ചർ ലോഞ്ചിലിരിക്കുമ്പോൾ കൃഷ്ണമോളെ ഫോണിൽ വിളിച്ചു. ഏറെ നേരത്തിനു ശേഷം അവളെ ഫോണിൽ കിട്ടി.

“കൃഷ്ണമോളെ… മുത്തശ്ശി ഇന്നലെ മരിച്ചു പോയി. നാളെയാണ് ക്രിമേഷൻ. നീ എത്രയും വേഗം എറണാകുളത്ത് എത്തണം. ബാംഗ്ലൂരിൽ നിന്ന് ഇന്നു പുറപ്പെട്ടാൽ ക്രിമേഷൻ സമയത്തിനു മുമ്പ് എത്താം.”

തൊണ്ടയിടർച്ചയോടെ ഞാൻ പറഞ്ഞതു കേട്ട് കൃഷ്ണമോൾ ഉറക്കച്ചടവോടെ പറഞ്ഞു.

“എന്ത്… മുത്തശ്ശി മരിച്ചുവെന്നോ… മമ്മി ഈ നേരത്ത് എന്നെ വിളിച്ച് പറഞ്ഞാലെങ്ങനെയാ? നേരത്തെ ആയിരുന്നുവെങ്കിൽ ക്രിമേഷനു മുമ്പ് എറണാകുളത്ത് എത്താമായിരുന്നു. ഇനിയിപ്പോൾ ഫ്ളൈറ്റ് ബുക്ക് ചെയ്‌ത് എപ്പോൾ എത്താനാണ്. എനിക്കാണെങ്കിൽ ലീവ് കിട്ടുമോ എന്നും അറിയില്ല. ഇന്ന് ഓഫീസിൽ ചെന്നാൽ മാത്രമേ ലീവ് കിട്ടുമോന്നറിയുകയുള്ളൂ…“ അവൾ ഉറക്കച്ചടവിന്‍റെ വിമ്മിഷ്ടത്തോടെ പറഞ്ഞു. തുടർന്നവൾ ഒരു കോട്ടുവായിട്ട് അലസ്യത്തോടെ പറഞ്ഞു” അല്ലെങ്കിൽ ഒരു മാസം മുമ്പ് മുത്തശ്ശിയെ കണ്ടതല്ലെ… അതുമതി. ഇനിയിപ്പോൾ മരിച്ച ശേഷം കണ്ടിട്ടെന്തിനാ… ഞാൻ വരുന്നില്ല. അല്ലെങ്കിലും മുത്തശ്ശിയ്ക്ക് പത്തെൺപതു വയസ്സായില്ലെ? മരിക്കേണ്ട സമയത്തു തന്നെയാ മരിച്ചത്. അതിൽ ദുഃഖിച്ചിട്ടെന്തു കാര്യം… അവൾ ഫോൺ വച്ചു.

അൽപം മുമ്പ്, തെല്ലു കുറ്റബോധത്തോടെ ചിന്തിച്ചിരുന്നു. അവളോട് നേരത്തെ പറയാതിരുന്നത് തെറ്റായിപ്പോയിയെന്ന്. എന്നാലിപ്പോൾ ആ കുറ്റബോധം അകന്നു പോയിരിക്കുന്നു. നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അവൾ ഒരു പക്ഷെ ഇങ്ങനെ തന്നെ പറയുമായിരുന്നു. അമ്മയോട് അവൾക്കുള്ള അടുപ്പം അത്രയേ ഉണ്ടായിരുന്നുള്ളൂ. കീറച്ചാക്കു പോലെ പഴയ തലമുറയെ അവഗണിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണല്ലോ അവൾ എന്നും ചിന്തിക്കാതെയിരുന്നില്ല.

ഫ്ളൈറ്റ് അൽപം ലേറ്റായിട്ടാണ് എത്തിയത്. വേഗം ലോഞ്ചിൽ നിന്നും പുറത്ത് കടന്ന് ഫ്ളൈറ്റിൽ കയറാൻ ഭാവിക്കുമ്പോൾ അരുൺ അടുത്തെത്തി. കൈയ്യിലിരുന്ന ചെറിയ ബാഗ് വാങ്ങിക്കൊണ്ടു പറഞ്ഞു.

“മാഡം കയറിക്കോളൂ… ഞാൻ ബാഗ് പിടിച്ചോളാം…” അവന്‍റെ കണ്ണുകളിൽ തങ്ങി നിന്ന സഹതാപ അല ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. “വേണ്ടാ, അരുൺ… ഇത് എനിക്കു പിടിക്കാവുന്നതേ ഉള്ളൂ…” ബാഗ് തിരികെ വാങ്ങി. സത്യത്തിൽ മനസ്സും ശരീരവും ആകെ ക്ഷീണിച്ചിരുന്നു. യാത്രാക്ഷീണത്തിനു പുറമേ, അമ്മയുടെ വേർപാട് സൃഷ്ടിച്ച മനസ്സിന്‍റെ നൊമ്പരവും, ശരീരത്തെ അവശതയിലെത്തിച്ചിരുന്നു. ഇപ്പോൾ എന്നെക്കണ്ടാൽ ഉള്ളതിലേറെ പ്രായം തോന്നിക്കുമെന്നു തോന്നി. നേരത്തെ വാഷ്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം ദർശിച്ചിരുന്നു. വാർദ്ധക്യത്തിന്‍റെ ചുളിവുകൾ നേരിയ തോതിൽ മുഖത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അമ്പതു കടന്നിട്ടും വലിയ പോറലൊന്നു മേല്ക്കാതെ നിലനിന്ന സൗന്ദര്യത്തിന് മങ്ങലേറ്റിരിക്കുന്നു. ഒന്നിനു പുറകേ ഒന്നായി കാലം നൽകിയ ഹൃദയ ആഘാതങ്ങളായിരിക്കാം സ്വന്ദര്യത്തിന് മങ്ങലേല്പിച്ചത് എന്നും ഓർത്തു.

വിമാനത്തിലെ സീറ്റിലിരിക്കുമ്പോൾ ചിന്തകൾ കാടു കയറി. പല പ്രാവശ്യം നിർബന്ധപൂർവ്വം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഒരിക്കൽ കൂടി ഞാനാ വിലക്കപ്പെട്ട ഭൂമിയിലേയ്ക്ക് യാത്രയാകുന്നു. പക്ഷെ ഇന്നിപ്പോൾ എന്നെ അവിടെ വേരുറപ്പിച്ചു നിർത്തിയിരുന്ന തായ്‍വേര് എനിക്ക് നഷ്ടമായിക്കഴിഞ്ഞു. ഒരു സാന്ത്വനം പോലെ എന്നെ തൊട്ടു തലോടിയിരുന്ന ആ കൈകൾ… പ്രതിസന്ധിയിലും എന്നെ തുണച്ചിരുന്നു. ഇന്നിപ്പോൾ താങ്ങുകൾ നഷ്ടപ്പെട്ട്, ഒടിഞ്ഞു വീഴാറായ തൂണുപോലെ ഞാൻ അബലയായിത്തീർന്നിരിക്കുന്നു.

പൂതലിച്ച മരം പോലെ ഒരിക്കൽ ഞാനും തളർന്നു വീഴും. അതോടെ ഇഹലോകത്തിലെ എല്ലാ ദുഃഖങ്ങളും, യാതനകളും എന്നിൽ നിന്നും അകന്നു പോകും. പിന്നെ അന്ധകാരത്തിന്‍റെ വലയത്തിനുള്ളിൽ ഒരു ചെറു മിന്നാമിനുങ്ങായി വെളിച്ചത്തിന്‍റെ നുറുങ്ങു വെട്ടം അവശേഷിപ്പിച്ചു കൊണ്ട് ഞാനും ലയിച്ചു ചേരും, പ്രപഞ്ചമെന്ന മഹാ സത്യത്തിൽ ഒരു ബിന്ദുവായി കേവലം ഓർമ്മയായി…

ജീവിച്ചിരിക്കുമ്പോൾ പലതും നേടിയെന്ന് അഹങ്കരിക്കുകയും തനിക്കു ചുറ്റും സ്വയം ഒരു പ്രഭാവലയം തീർക്കുകയും ചെയ്യുന്ന മനുഷ്യജന്മം ഇത്രയല്ലെ ഉള്ളൂ എന്നും ഓർക്കാതെയിരുന്നില്ല.

സ്വർഗ്ഗത്തിൽ, ദൈവത്തിന്‍റെ കണക്കു പുസ്തകത്തിൽ ഏതാനും ദിവസങ്ങളായി മാത്രം കണക്കാക്കപ്പെടുന്ന നമ്മുടെ നീണ്ട വർഷങ്ങൾ… ഒരുറുമ്പിന്‍റേതു പോലെ എത്രയോ നിസ്സാരമായി എണ്ണപ്പെട്ട വർഷങ്ങൾ കൊണ്ട് ദൈവത്തിന്‍റെ കാൽക്കൽ അടിഞ്ഞു തീരുന്ന മനുഷ്യജന്മം…

പകലത്തെ യാത്രാക്ഷീണം കൺപോളകളെ തഴുകി മയക്കമായി രൂപം പ്രാപിച്ചത് ഞാനറിയാതെയാണ്. ഏസിയുടെ സുഖകരമായ തണുപ്പിൽ എല്ലാം മറന്ന് ഗാഢനിദ്രയിലാഴുമ്പോൾ അരുൺ ഒരു മകനെപ്പോലെ സംരക്ഷണ കവചം തീർത്ത് എന്‍റെ അരികിലിരുന്നു.

മാഡം ഇറങ്ങാറായി. അരുൺ തൊട്ടുണർത്തിയപ്പോൾ ഞെട്ടി ഉണർന്ന് ചുറ്റും നോക്കി. ഞങ്ങളുടെ ഫ്ളൈറ്റ് ഒരു കഴുകനെപ്പോലെ താഴോട്ട് നിപതിച്ചു കൊണ്ടിരുന്നു. മെല്ലെ മെല്ലെ അത് റൺവേയിൽ തൊട്ടപ്പോൾ അരുൺ എന്‍റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

“മാഡം ഞാൻ കൈപിടിക്കാം. സൂക്ഷിച്ചു നടന്നോളൂ…”

മാസങ്ങളായി അവശതയിലാണ്ടു കിടന്ന ഒരു രോഗിയെപ്പോലെ ദയനീയമായിത്തീർന്നിരുന്നു എന്‍റെ സ്ഥിതിയിപ്പോൾ. അരുൺ എന്‍റെ ബാഗും മറ്റേ കൈയ്യിൽ ഒതുക്കിപ്പിടിച്ചിരുന്നു. വിമാനത്തിന്‍റെ പടികളിറങ്ങുമ്പോൾ താഴെ വീഴാതിരിക്കാൻ കൈവരികളിൽ മുറുകെപ്പിടിച്ചു. അരുൺ ഒപ്പമുണ്ടായിരുന്നത് അൽപം ആത്മവിശ്വാസം പകർന്നു.

എയ്റോ ഡ്രോമിൽ നിന്ന് ടാക്സി പിടിച്ച് വീട്ടിലേയ്ക്കു തിരിക്കുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു.

“മാഡം… തറവാട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തോളൂ… ഒരു മണിക്കൂറിനുള്ളിൽ നമ്മൾ എറണാകുളത്തെത്തും.”

ടാക്സി ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുമ്പോൾ ശബ്ദം പതറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വണ്ടി എറണാകുളത്തെത്തുമ്പോൾ വെയിൽ പരന്നു തുടങ്ങിയിരുന്നു. വേനൽ ചൂട് ശരീരത്തിനെന്നപോലെ മനസ്സിനേയും ചൂടുപിടിപ്പിച്ചു.

എറണാകുളത്തെത്തിയപ്പോൾ അരുൺ ചോദിച്ചു.

“മാഡം കുടിക്കാൻ എന്തെങ്കിലും വാങ്ങിയ്ക്കട്ടെ. വേനൽക്കാലമല്ലെ. ദാഹിക്കുന്നുണ്ടാവും. വിശപ്പും ദാഹവുമെല്ലാം കെട്ടു പോയിരുന്നു. അതിനാൽ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട അരുൺ… വേണമെങ്കിൽ അരുൺ വാങ്ങി കുടിച്ചോളൂ…” അരുൺ കാറിൽ നിന്നുമിറങ്ങി അടുത്ത കടയിലേയ്ക്കു നടന്നു. വിമാനത്തിൽ ആഹാരമുണ്ടായിരുന്നുവെങ്കിലും കഴിച്ചിരുന്നില്ല. ഇന്നലെയും മിക്കവാറും പട്ടിണിയാണ്. പെറ്റമ്മ മരിച്ചു കിടക്കുമ്പോൾ മക്കൾക്ക് ആഹാരം ഇറങ്ങുന്നതെങ്ങിനെ? ഇനി ദഹനം കഴിഞ്ഞ ശേഷമേ എന്തെങ്കിലും കഴിക്കുകയുള്ളൂ. വേണ്ടപ്പെട്ടവർ ആഹാരം കഴിച്ചാൽ ആത്മാവിന് സ്വർഗ്ഗത്തിൽ പ്രവേശനം നിഷേധിക്കുമത്രെ. ആരോ പറഞ്ഞു കേട്ടതാണ്. വേണ്ട, അമ്മ സ്വർഗ്ഗത്തിൽ തന്നെ പോകണം. അതിനുള്ള അർഹത അമ്മയ്ക്കുണ്ട്. അരുൺ ജ്യൂസ് കുടിച്ച് മയങ്ങിയെത്തിയപ്പോൾ ഞാൻ കാർ ഡ്രൈവർക്ക് വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയായിരുന്നു. വീട്ടിലെത്താൻ പത്തു പതിനഞ്ചു മിനിട്ടു കൂടി മതി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...