പറഞ്ഞാലും പറഞ്ഞാലും തീരില്ല കല്ല്യാണ വിശേഷങ്ങൾ. പെണ്ണുകാണൽ ചടങ്ങ് തുടങ്ങി വിവാഹം വരെ കയ്‌പും മധുരവും നിറഞ്ഞ ധാരാളം അനുഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടാവും. അതിൽ ചിലത് നമ്മെ കുടുകുടെ ചിരിപ്പിക്കും. കല്ല്യാണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ധാരാളം വിശേഷങ്ങൾ ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാകാം. മിക്കതും പെണ്ണ് കാണൽ ചടങ്ങുമായി ബന്ധപ്പെട്ടുള്ള അമളികളും രസകരമായ അനുഭവങ്ങളുമാകും. അത്തരം ചില പെണ്ണുകാണൽ വിശേഷങ്ങളിലേക്ക്…
സുഹൃത്ത് വന്ന് കണ്ടപ്പോൾ…
യാദൃച്‌ഛികമായി ഫേസ്ബുക്കിൽ മൊട്ടിട്ട സൗഹൃദമായിരുന്നു മുംബൈ മലയാളി നിത മേനോന്‍റേയും ചേർത്തല സ്വദേശി അനിൽ മേനോന്‍റേയും. ഓൺലൈൻ ചാറ്റിംഗിലൂടെ പരസ്‌പരം വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പങ്കുവച്ച് ആ സൗഹൃദമങ്ങ് മല പോലെ വളർന്നു. ഐ ടി ഉദ്യോഗസ്‌ഥയായ നിതയ്‌ക്കും ബിസിനസ്സുകാരനായ അനിലിനും അതേക്കുറിച്ചോർക്കുമ്പോൾ ഇന്നും ചിരിപൊട്ടും. പക്ഷേ ആ സൗഹൃദത്തിന് പെട്ടെന്നൊരു ദിവസം ഒരു ട്വിസ്‌റ്റ് സംഭവിച്ചു.
“ഞങ്ങൾ രണ്ടു പേരുടേയും വീട്ടിൽ വിവാഹാലോചനകൾ നടന്നു വരുന്ന സമയമായിരുന്നു അപ്പോൾ. ഒരു ദുബായിക്കാരനുമായി എന്‍റെ വിവാഹം വീട്ടുകാർ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഞാനീക്കാര്യം അനിലിനോട് പറഞ്ഞു. പക്ഷേ അനിലിന്‍റെ പ്രതികരണം മറ്റൊന്നായിരുന്നു. എനിക്കിഷ്‌ടമാണ് നിന്നെ, കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു അനിലിന്‍റെ അപ്പോഴത്തെ മറുപടി.
അപ്രതീക്ഷിതമായിരുന്നു ആ മറുപടി. എങ്കിലും എന്‍റെ മനസ് അങ്ങനെയൊന്ന് കേൾക്കാൻ കൊതിച്ചിരുന്നുവെന്ന് വേണം പറയാൻ. വാസ്‌തവത്തിൽ എന്‍റെ ഉള്ളിലും അങ്ങനെയൊരു ഇഷ്‌ടം ഉറഞ്ഞുകൂടിയിരുന്നുവെങ്കിലും അത് പ്രണയമായിരുന്നോയെന്ന് തിരിച്ചറിയാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് യെസ് എന്ന് സമ്മതം മൂളാൻ എനിക്ക് അധികനേരമൊന്നും വേണ്ടി വന്നില്ല.
പിന്നെ അടുത്ത ദൗത്യം വീട്ടിൽ ഇക്കാര്യം അവതരിപ്പിക്കലായിരുന്നു. വീട്ടുകാർക്കാണെങ്കിൽ ദുബായിക്കാരനിലാണ് താൽപര്യം മുഴുവനും. പക്ഷേ ഞാനുണ്ടോ വിടുന്നു. വീട്ടുകാരെ സോപ്പിട്ട് സോപ്പിട്ട് ഇക്കാര്യം വളരെ വിജയകരമായി സമ്മതിപ്പിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ട്.
ചെറുക്കനും കൂട്ടരും ആചാരമനുസരിച്ച് പെണ്ണ് കാണാൻ വരണം!
അനിലും ഇളയ സഹോദരനും കൂടി ഒരു സുപ്രഭാതത്തിൽ നിതയുടെ മുംബൈയിലുള്ള വീട്ടിൽ പെണ്ണ് കാണാനെത്തി. തുടക്കം ഗംഭീരം, എന്‍റെ മാതാപിതാക്കളോടും ബന്ധുക്കളോടും വളരെ ഗൗരവത്തോടെയാണ് അനിൽ സംസാരിച്ചത്. വെയിറ്റ് കൂട്ടാൻ അൽപം ജാഡയും. ആള് ഇങ്ങനെയല്ലല്ലോ ഇതെന്ത് കഥയെന്ന് ഞാൻ വണ്ടറടിച്ചു പോയി. പക്ഷേ എന്‍റെ ബന്ധുക്കളുടെ കൂട്ടത്തിൽ എന്‍റെ അച്‌ഛനും അമ്മയും ആരാണെന്ന് കക്ഷി തിരിച്ചറിഞ്ഞില്ലെന്നതാണ് മറ്റൊരു രസം. അത് ഞാൻ പിന്നീട് പരിചയപ്പെടുത്തുമ്പോഴാണ് പുള്ളിയ്ക്കു മനസ്സിലായത്.
ചടങ്ങിൽ ഞങ്ങൾ ചെറുക്കനും കൂട്ടർക്കുമായി ചില സ്വീറ്റ്‌സ് കരുതിയിരുന്നു. എന്‍റെ ബന്ധുക്കളുടെ മുന്നിൽ വലിയ ഗൗരവത്തിലിരിക്കുന്ന അനിൽ ഇടയ്‌ക്കിടെ പലഹാരപാത്രത്തിലേക്ക് ഒളികണ്ണിട്ടു നോക്കി. പലഹാരമെടുത്ത് കഴിക്കാൻ രണ്ടുപേരും പരസ്‌പരം തോണ്ടുകയും മാന്തുകയും ചെയ്യുന്നുണ്ടായിരുന്നു.
അനിലിനും അനുജനും പലഹാരമെടുത്ത് കഴിക്കണമെന്നുണ്ടായിരുന്നത്രേ.
പക്ഷേ വെയിറ്റ് കളയരുതല്ലോ! അതുകൊണ്ട് ആത്മസംയമനം പാലിച്ചിരുന്നുവെന്ന് പിന്നീട് കല്ല്യാണം കഴിഞ്ഞപ്പോൾ കക്ഷി പറഞ്ഞു. ഇക്കഥ കേട്ട് ഞാനന്ന് ഒത്തിരി ചിരിച്ചു.
പെണ്ണ് കാണൽ ചടങ്ങിനിടെ ഞങ്ങൾക്ക് തനിച്ച് സംസാരിക്കാനുള്ള അവസരവും ഉണ്ടായി. ഭയങ്കര സന്തോഷത്തോടെ ഞങ്ങൾ ഒഴിഞ്ഞ ഒരു സ്‌പേസിലേക്ക് മാറി. അനിലിനോട് ഇരിക്കാൻ പറയും മുമ്പേ തിടുക്കപ്പെട്ട് ഞാനൊരു കസേരയിൽ ചാടിക്കയറി ഇരുന്നു.
അനിലിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു. “ഇങ്ങനെയാണോ ചെയ്യേണ്ടത്”
അടുത്ത ക്ഷണം എന്‍റെ മുഖമാകെ വിളറി. ഞാൻ സോറി പറഞ്ഞതോടെ പുള്ളി ഗൗരവമൊക്കെ കളഞ്ഞ് ചിരിക്കാൻ തുടങ്ങി. അപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത്.
ഇന്ന് – കല്ല്യാണം കഴിഞ്ഞിട്ടിപ്പോൾ അഞ്ച് വർഷമാകുന്നു. അനിൽ വളരെ കെയറിംഗും ലവിംഗുമാണ്. മുമ്പത്തെ ഗൗരവമൊന്നുമില്ല. ആളൊരു സ്‌നേഹ സമ്പന്നൻ. ചിലപ്പോൾ ഞാൻ പോലും പ്രതീക്ഷിക്കാത്ത ഗിഫ്‌റ്റുകൾ തന്ന് അനിൽ എന്നെ ഞെട്ടിച്ചു കളയും.
മതിൽ ചാടിയ കഥ
പെരിന്തൽമണ്ണയിലൊരു പെണ്ണിനെ കാണാൻ പോയ കഥ എന്നാണ് എന്‍റെ ആദ്യ പെണ്ണുകാണൽ ചടങ്ങിനെ നാട്ടിലെ എന്‍റെ കൂട്ടുകാർ കളിയായി പേരിട്ടിരിക്കുന്നത്. കുവൈറ്റിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്‌ഥനായ ഗിരീഷിനുണ്ടായ ഒരു അനുഭവമിതാ.
“പെരിന്തൽമണ്ണയിൽ പെണ്ണ് കാണാൻ പോയതായിരുന്നു ഞാനും ബന്ധുക്കളും. ചേർത്തലയിൽ നിന്നും ദീർഘദൂരം യാത്ര ചെയ്‌തതിനാൽ എല്ലാവരും തളർന്നവശരായിരുന്നു. എങ്കിലും അതൊന്നും വകവയ്‌ക്കാതെ ക്ഷീണമൊക്കെ തട്ടിക്കുടഞ്ഞ് ഇടയ്‌ക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഫ്രഷായി നേരെ പെണ്ണിന്‍റെ വീട്ടിലേക്ക് വച്ചുപിടിച്ചു. കൂടെക്കൂടെ വീട്ടുകാരെ വിളിച്ച് വഴി ചോദിച്ച് അടയാളങ്ങൾ മനസ്സിലാക്കി പെണ്ണിന്‍റെ വീട്ടിലേക്ക്.
വഴിയിൽ കണ്ടവരോടും ചോയിച്ചോയിച്ച് പോയി ചെന്നപ്പോഴതാ വീടിന്‍റെ ഗേറ്റ് ലോക്ക് ചെയ്‌തിരിക്കുന്നു. പെൺവീട്ടുകാർ പൊതുവെ ഗേറ്റ് ലോക്ക് ചെയ്‌തിടാറുണ്ട്. ആവശ്യമുള്ളപ്പോൾ തുറക്കും അതാണ് പതിവ്, ഞങ്ങൾ ചെന്നയുടനെ ഗൃഹനാഥനും (പെണ്ണിന്‍റെ അച്‌ഛൻ) പെണ്ണിന്‍റെ അമ്മാവന്മാർ എന്നു തോന്നിക്കുന്ന തല നരച്ച ചില മദ്ധ്യവയസ്‌കരും വലിയൊരു ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്‌തു.
ഞങ്ങൾ ഗെയിറ്റിന് പുറത്തു നിന്നും വെളുക്കെ ചിരിച്ചു. അടുത്ത ക്ഷണം ഗൃഹനാഥൻ പൂട്ട് തുറക്കാനുള്ള ശ്രമമായി. എന്ത് ചെയ്‌തിട്ടും ങ്‌ഹേ… പൂട്ട് തുറക്കുന്ന ലക്ഷണമേയില്ല. ഗൃഹനാഥൻ വല്ലാതെ വിയർത്തു. കീ… മാറിപ്പോയോയെന്ന സംശയവും ഇടയ്‌ക്ക് ഗൃഹനാഥനുണ്ടായി. ഇല്ല… എന്ന ഉറപ്പോടെ എല്ലാവരും മാറിമാറി ശ്രമം തുടർന്നു. ഈ സമയമത്രയും ഗെയിറ്റ് തുറക്കുന്നതും പ്രതീക്ഷിച്ച് ഞങ്ങൾ അപ്പുറത്ത് അറ്റൻഷനായി നിന്നു.
ഉള്ളിൽ ഊറി വന്ന ചിരി ഞാൻ തടഞ്ഞു നിർത്തി. നോ… രക്ഷ! ഗൃഹനാഥൻ ജാള്യത മറച്ചു പിടിച്ചുകൊണ്ട് ചുറ്റുമുള്ളവരുടെ മുഖങ്ങളിലേക്ക് ഒളികണ്ണിട്ട് നോക്കി. എല്ലാവരുടേയും മുഖത്ത് അതേ വികാരം.
പോരാട്ടത്തിൽ തോറ്റ യോദ്ധാവിനെപ്പോലെ ഗൃഹനാഥൻ ഒരു ഉപായം കണ്ടെത്തി, “ഇങ്ങള് മതില് ചാടിക്കോളിൻ” നിർദ്ദേശം കേട്ട് ആദ്യം ഞങ്ങളൊന്ന് അമ്പരന്നു. എന്തായാലും പെണ്ണിനെ കാണാൻ ഇത്രയും ദൂരം വന്നതല്ലേ… എന്തും വരട്ടെ മതിലെങ്കിൽ മതിൽ! എന്ന വികാരത്തോടെ ഞങ്ങൾ ഓരോരുത്തരായി മതിൽ ചാടി കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു… പെണ്ണ് കണ്ടു. പക്ഷേ പൊരുത്തമില്ലാത്തതിനാൽ ആ കല്ല്യാണം നടന്നില്ലെന്നത് വേറൊരു കഥ.
ഒടുവിൽ മതിലൊന്നും ചാടാതെ സ്വന്തം നാട്ടിൽ നിന്നു തന്നെ ഞാനൊരു പെണ്ണുകെട്ടി. പക്ഷേ അവളെ ഞാൻ പെണ്ണ് കണ്ടത് വെബ്‌ക്യാം വഴിയാണെന്ന് മാത്രം. വീടിന്‍റെ മതിൽ ചാടി കാമുകന്മാർ കാമുകിമാരെ സന്ദർശിക്കാറുണ്ടെങ്കിലും മതിൽ ചാടി പെണ്ണ് കണ്ട ലോകത്തെ ഏറ്റവും ആദ്യത്തെ സംഭവം എന്‍റേതാകാം. ഓർക്കുമ്പോൾ ഇപ്പോഴും ചിരിയും നാണവും തോന്നാറുണ്ട്.