അംബര ചുംബികളായ കെട്ടിടങ്ങൾ, വൃത്തിയുള്ള വീചികൾ, ഷോപ്പിംഗ് മാളുകൾ, എങ്ങോട്ടെന്നില്ലാതെ തിരക്കുപിടിച്ചോടുന്ന ആളുകൾ ഇവരിൽ നല്ലൊരു ഭാഗവും ചൈനീസ് ഭാഷ സംസാരിക്കുന്നവർ. ലോകത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഹോങ്കോങ് നഗര ജീവിതത്തിന്‍റെ കാഴ്‌ചകളാണിത്. മോഡേൺ കോസ്‌മോ പോളിറ്റൻ മുഖഛായയാണ് നഗരത്തിനെങ്കിലും ആവാസ വ്യവസ്‌ഥയ്‌ക്ക് കോട്ടം വരുത്താത്ത പ്രകൃതി ഭംഗിയും കൈമുതലായുണ്ട്.

ചരിത്ര ഭൂമിശാസ്‌ത്രപരമായ ഒട്ടനവധി സവിശേഷതകൾ കൂടിയുള്ള നഗരമാണിത്. ഹോങ്കോങ് എന്ന വാക്കിനർത്ഥം സുഗന്ധ തുറമുഖം  എന്നാണ്. പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത്, ചൈന കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണിത്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ് 1997ൽ ചൈനയ്‌ക്ക് തിരികെ കിട്ടി. ഹോങ്കോങ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണ പ്രദേശമാണിത്. ചൈനയും ബ്രിട്ടനും സംയുക്‌തമായി നടപ്പിലാക്കിയ പ്രഖ്യാപനം അനുസരിച്ച് 2047 വരെ ഹോങ്കോങിന് സ്വയം ഭരണാവകാശം ഉണ്ടാകും.

ഒറ്റ രാജ്യം രണ്ടു വ്യവസ്‌ഥ സമ്പ്രദായമനുസരിച്ച് ഹോങ്കോങ് സ്വന്തം നിയമവ്യവസ്‌ഥ, നാണയം, കസ്‌റ്റംസ് നയം, സാംസ്‌ക്കാരിക കായിക നയം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തുന്നു. കാന്‍റോണീസ്, ചൈനീസ്, ഇംഗ്ലീഷ് എന്നിവയാണ് ഹോങ്കോങിലെ ഔദ്യോഗിക ഭാഷകൾ. ഭൂരിപക്ഷം ജനങ്ങളും ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്. വലിയ ഷോപ്പുകളിലും ഷോറൂമുകളിലും ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരുമുണ്ട്.

കറൻസി : ഹോങ്കോങ് ഡോളറും അമേരിക്കൻ ഡോളറുമാണ് പ്രധാനമായും വിനിമയത്തിന് ഉപയോഗിക്കുന്നത്. ആകാശം തൊടാനായി മത്സരിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, ഏറ്റവും നീളമേറിയ എസ്‌കലേറ്റർ, ബുദ്ധന്‍റെ വെങ്കലപ്രതിമ (ടിയാൻ ടാൻ ബുദ്ധ) വിസ്‌മയ കാഴ്‌ചകളുടെ ഒരു മഹാനഗരം തന്നെയാണ് ഹോങ്‌കാങ്.

ഓഷ്യൻ പാർക്ക്, ഹോങ്കോങ് സിഡ്‌നി ലാന്‍റd, വിക്‌ടോറിയ പീക്ക്, റിപ്പിൾസ് ബേ, ടെമ്പിൾ സ്‌ട്രീറ്റ്, നൈറ്റ് മാർക്കറ്റ്, തായ് ഒ ഫിഷിംഗ് വില്ലേജ്, ലാൻടാവൂ ഐലന്‍റ്… കാഴ്‌ചകൾ കാണാൻ ഇനിയുമേറെയുണ്ട്.

പ്രകൃതിദൃശ്യങ്ങളും ആധുനിക വിനോദോപാധികളും അമ്യൂസ്മെന്‍റ് പാർക്കുകളും ഹോങ്കോങിനെ മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാക്കുന്നു.

എബർസീൻ ഫിഷിംഗ് വില്ലേജ്

ഒരു ഫംളോട്ടിംഗ് വില്ലേജാണിത്. ചുറ്റുമുള്ള കാഴ്ചകൾ കൺകുളിർക്കേ കാണണമെങ്കിൽ ഒരു ബോട്ടുയാത്ര തരപ്പെടുത്തിയാൽ മതി. മോട്ടോറിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ വാടകയ്ക്ക് ലഭിക്കും. ബോട്ടിൽ ചെറു വിൽപ്പനശാലകളും സജ്‌ജീകരിച്ചിട്ടുണ്ട്. ഹോങ്കോങിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയുന്നതിനും ഈ യാത്ര അവസരമൊരുക്കും.

റിപ്പൾസ് ബേ ബീച്ച്

ബ്രിട്ടീഷ് നാവിക കപ്പൽ, എച്ച്.എം. എസ്സ് റിപ്പൾസിനെ അനുസ്മരിപ്പിക്കുന്ന പേരാണ് ബീച്ചിനും നൽകിയിരിക്കുന്നത്. ദൈർഘ്യമേറിയ കടൽത്തീരം, തിളക്കമുള്ള വെളുത്ത മണൽത്തരികൾ, സ്വച്ഛവും ശാന്തവുമായ അന്തരീക്ഷം എന്നിവയാണ് റിപ്പൾസ് ബേ ബീച്ചിനെ ടൂറിസ്റ്റുകളുടെ പ്രിയ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നത്.

വിക്ടോറിയ പാർക്ക്

സമുദ്രതലത്തിൽ നിന്നും 1,503 അടി ഉയരത്തിലാണ് ഈ പ്രദേശം. ഇവിടെ നിന്നും നോക്കിയാൽ നഗര ഭംഗി മുഴുവനും കാണാനാവും. സമുദ്രവും കോൺക്രീറ്റ് സൗധങ്ങളും ടൂറിസ്റ്റുകൾക്ക് അദ്ഭുതം പകരുന്ന കാഴ്ചകളാണ്.

ഡിസ്നിലാന്‍റ്

ലോകത്തിലെ 6 ഡിസ്നിലാന്‍റ് പാർക്കുകളിൽ ഒരെണ്ണം ഹോങ്കോങിലാണ് സ്ഥിതി ചെയ്യുന്നത്. ലാൻറാവു ദ്വീപിലുള്ള ഒരു തീം പാർക്കാണിത്.

ഡിസ്നി ഇൻ സ്റ്റാർസ്, ഡിസ്നി ഓൺ പരേഡ് എന്നിങ്ങനെ ഫയർവർക്ക് ഷോയും ഇവിടെ അരങ്ങേറാറുണ്ട്. ചൈനീസ് ന്യൂ ഇയറും ക്രിസ്തുമസും ഹാലോവിനും ഇവിടെ ഗംഭീരമായി ആഘോഷിക്കാറുണ്ട്.

ഓഷ്യൻ പാർക്ക്

ഏഷ്യയിലെ പ്രശസ്തമായ തീം പാർക്കുകളിലൊന്നാണിത്. കിലോ മീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ ഒരു തീം പാർക്കാണിത്.

72 മീറ്റർ ഉയരമുള്ള ഓഷ്യൻ പാർക്ക് ടവറിൽ നിന്ന് നോക്കിയാൽ ദക്ഷിണ ചൈനയിലെ സമുദ്രത്തിന്‍റെ അതിമനോഹര ദൃശ്യം കാണാനാവും. ലോലാന്‍റ്, ഹെഡ് ലാന്‍റ് എന്നിങ്ങനെ പാർക്ക് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പാർക്കിന്‍റെ ഗ്രാണ്ട് ലെവലാണ് ലോ ലാന്‍റ്. ബേഡ് തിയറ്റർ, കിഡ്സ് വേൾഡ് സി ലോയൻ ഗ്രാന്‍റ് പിക്സ് (ചെറുകാറുകളുടെ റേസിംഗ്) ഡോൾഫിൻ കളികൾ എന്നിങ്ങനെയുള്ള വിനോദോപാധികളില്‍ ഏർപ്പെടാനാവും. കേബിൾ കാർ വഴി ഹെഡ് ലാന്‍റിലെത്തി ചേരാം. മുകളിൽ നിന്നുള്ള നഗരക്കാഴ്ചകൾ അതി മനോഹരമാണ്.

ഹെഡ്ലാന്‍റിൽ സീ ഡെല്ലി, ഷാർക്ക് ഫിഷുകളുടെ കരവിരുതും കാണാനാവും. ദ ഏവിസ് രസകരമായ റൈഡാണ്. 60 മീറ്റർ ഉയരത്തിൽ നിന്നുമുള്ള ഫ്രീ ഫാൾ രോമാഞ്ചകരമായ ഒരനുഭവമായിരിക്കും. ദ ഡ്രാഗൺ ഉത്സാഹമുണർത്തുന്ന റൈഡ് എക്സ്പീരിയൻസായിരിക്കും. ഒരു ദിവസം മുഴുവനും കറങ്ങി നടന്ന് ആസ്വദിക്കാവുന്നത്രയും വിനോദങ്ങളാണ് ഓഷ്യൻ പാർക്കിൽ  ഒരുക്കിയിരിക്കുന്നത്.

സിംഫണി ഓഫ് ലൈറ്റ്സ്

വിക്ടോറിയ ഹാർബർ ലൈനിൽ സിംഫണി ഓഫ് ലൈറ്റ്സ് എന്ന പേരിൽ ടൂറിസ്റ്റുകൾക്കായി ഒരു ലൈറ്റ് ആന്‍റ് സൗണ്ട് ഷോ നടത്തുന്നുണ്ട്. വൈദ്യുത ദീപങ്ങളുടെ ഈ ഷോ ഒരിക്കലും നഷ്‌ടപ്പെടുത്തരുത്. 33 കെട്ടിടങ്ങളെ പങ്കെടുപ്പിക്കുന്ന ഒരു സിങ്‌ക്രോണൈസ്ഡ് ഷോയാണിത്. വേൾഡ്സ് ലാർജസ്റ്റ് പെർമെനെന്‍റ് ലൈറ്റ് ആന്‍റ് സൗണ്ട് എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ, ആരെയും അദ്ഭുതപ്പെടുത്തുന്ന ഷോയാണിത്.

വർണ്ണ വൈവിദ്ധ്യമുള്ള വൈദ്യുത ദീപങ്ങൾ, ലേസർ കിരണങ്ങൾ, സർച്ച് ലൈറ്റുകൾ എന്നിവ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കുന്നു. ദൃശ്യങ്ങൾക്കൊപ്പം സംഗീതത്തിന്‍റെ താളം കൂടിയാകുമ്പോൾ കാഴ്ചകൾക്ക് കൊഴുപ്പേകും. ഇതിൽ പ്രധാനമായും 5 തീമാണ് പ്രദർശിപ്പിക്കപ്പെടുന്നത്. (അവേക്‌നിംഗ്, എനർജി, ഹെറിറ്റേജ്, പാർട്ട്നർഷിപ്പ്, സെലബ്രേഷൻ) ചില പ്രത്യേക ആഘോഷാവസരങ്ങളിൽ പരിപാടിയ്ക്ക് കൂടുതൽ നിറച്ചാർത്തേകാൻ ഹാർബറിന്‍റെ മദ്ധ്യഭാഗത്തു നിന്നും പ്രത്യേക പ്രകാശ സംവിധാനമൊരുക്കുന്നുണ്ട്. ഹാർബർ ക്രൂസിൽ നിന്നും വിക്ടോറിയ ഹാർബറിനു ഇരുവശത്തുമായി തീർത്ത ഗ്യാലറിയിൽ നിന്നും ഈ കാഴ്ചകളത്രയും കാണാനാവും.

യാത്രാമാർഗ്ഗം

ഹോങ്കോങിലേക്ക് വിമാന സർവ്വീസ് എപ്പോഴും ലഭ്യമാണ്. എന്നാൽ ഹോങ്കോങിലേക്ക് മാത്രമായി ടൂർ പാക്കേജ് ഒരുക്കുന്ന കമ്പനികൾ വിരളമാണ്. ഹോങ്കോങിലേക്ക് പ്രത്യേകമായി ടൂർ പ്ലാൻ ചെയ്യുന്നുവെങ്കിൽ ഭക്ഷണത്തിനും താമസത്തിനുമായി ഏകദേശം 50,000 രൂപ ചെലവ് വരും. പ്രത്യേക സീസണുകളിൽ എയർ ലൈൻസ് ടിക്കറ്റിൽ ഇളവ് നൽകാറുണ്ട്. ഹോങ്കോങ് മക്കാവു ടൂർ ഒന്നിച്ചു പ്ലാൻ ചെയ്യുന്നതാണ് ലാഭകരം.

ഷോപ്പിംഗ്

ഷോപ്പിംഗ് ഒന്നും ചെയ്യാതെ ഹോങ്കോങ് സന്ദർശിച്ചു മടങ്ങുക അസാദ്ധ്യം തന്നെ. ഇലക്ട്രോണിക്സ് ഐറ്റംസ്, പലതരം ഷോപീസുകൾ, ക്യൂരിയോസ് എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ ഇവിടെ ലഭിക്കും. ചൈനീസ് ഐറ്റംസ് വിലക്കുറവിൽ നൽകുന്ന വഴി വാണിഭക്കാരും ഹോങ്കോങിൽ ധാരാളമുണ്ട്. ഹോങ്കോങിലേക്ക് ഒരു ട്രിപ്പ് പോകുന്നോ….

और कहानियां पढ़ने के लिए क्लिक करें...